Tuesday, 12 April 2016

palakkad- nelliyampathy trip



ചരിത്രവും  പ്രകൃതിരമണീയതയും  ഒന്നു ചേരുന്ന പാലക്കാട്.


മലമ്പുഴ   ഡാമിന്റെ   മറുഭാഗം


പാലക്കാടിന്റെ പച്ചപ്പ്

പാലക്കാട്  കോട്ട

പോത്തുണ്ടി  ഡാം

പാലക്കാട്  റോക്ക്  ഗാര്ഡന്

സീതാര്കുണ്ഡിലേക്കുള്ള വഴി

നെല്ലിയാമ്പതിയില്  നിന്നുള്ള  കാഴ്ച

കാനായിയുടെ  യക്ഷി

യാത്രകളെ പലപ്പോഴും ആസ്വാദ്യകരമാക്കുന്നത്  യാദൃശ്ചികതകളാണ്. അത്തരം യാദൃശ്ചികതകള്‍ കൊണ്ട് സമൃദ്ധമായിരുന്നു പാലക്കാടന്‍ യാത്രയും. തീവണ്ടിയില്‍ പാലക്കാട് വഴി കടന്നുപോയിട്ടുണ്ട് എന്നല്ലാതെ പാലക്കാട് കാണാനായി പോകുന്ന ആദ്യയാത്രകൂടിയായിരുന്നു ഇത്. 11.25നുള്ള കേരള എക്സ്പ്രസ്സിലാണ്  ടിക്കറ്റ് എടുത്തിരുന്നത്. ഞങ്ങള്‍ (ഞാനും  ജയശ്രീയും ശ്രീക്കുട്ടനും) തിരുവനന്തപുരത്തുനിന്നും കയറാനും സജീവ് ,വിജയശ്രീ,ഉണ്ണിക്കുട്ടന്‍,ഉണ്ണിക്കണ്ണന്‍ എന്നിവര്‍ വര്‍ക്കലയില്‍ നിന്നു കയറാനുമാണ് തീരുമാനിച്ചിരുന്നത്. തലേദിവസത്തെ സംസാരത്തിനിടെ സെലിന്‍ പറഞ്ഞു, ഞങ്ങളുമുണ്ട് കോട്ടയം വരെ. രാവിലെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവരുടെ വിളിവന്നു. "ടിക്കറ്റ് എടുത്തുവയ്ക്കണേ, വരാന്‍ വൈകും." ടിക്കറ്റ് എടുത്തു വച്ചു. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും  യാത്രപുറപ്പെട്ടു.സെലിന്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചും തമാശകള്‍ പങ്കിട്ടും കോട്ടയമെത്തിയത് അറിഞ്ഞില്ല. അവര്‍ക്ക് ക്രിസ്തുമസ്സ് ആശംസകള്‍ നേര്‍ന്ന്  യാത്രയാക്കി  ഞങ്ങളുടെ യാത്ര തുടര്‍ന്നു. വൈകിട്ട് ഏഴുമണിക്ക്  പാലക്കാട് ജംഗ്ഷനിലെത്തി. പഴയ ഒലവക്കോട് ജംഗ്ഷന്‍. സ്റ്റേഷന്‍ പുതുക്കി പണിത് മനോഹരമാക്കിയിരിക്കുന്നു. ലിഫ്റ്റ്  സൌകര്യവും വേണ്ടവര്‍ക്ക്  ലഭ്യമാണ്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി പ്രീപെയ്ഡ്  ഓട്ടോയ്ക്കായി ബുക്ക് ചെയ്തു. പതിനഞ്ചു മിനിട്ടോളം കാത്തു. തിരുവനന്തപുരത്തേത് പോലെയല്ല, പോലീസ് ഇടപെടലില്ല. ഓട്ടോകള്‍ വരുന്നു,അവര്‍ക്കിഷ്ടമുള്ളവരെ കയറ്റുന്നു, കൂപ്പണുള്ളവരും ഇല്ലാത്തവരും ഇതില്പെടും.അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു ബോധ്യപ്പെട്ടതോടെ റോഡിലേക്കിറങ്ങി. അവിടെയും ഓട്ടോകള്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലേക്ക് വരാന്‍ തയ്യാറല്ല. തൊട്ടടുത്ത് ബസ്റ്റാന്‍റ് ആണ്,ഇഷ്ടം പോലെ ബസ്സുണ്ട് എന്ന ഒരു സഹൃദയന്‍റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ നടന്നു. എല്ലാവര്‍ക്കും വിശപ്പുണ്ട്. ഹോട്ടല്‍ അന്വേഷിച്ചുള്ള യാത്ര എത്തിയത് ക്രൌണ്‍ ഹോട്ടലിലാണ്. അവിടെ നിന്നും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. ടാക്സി ലഭിക്കുമോ എന്ന് അവരോടുതന്നെ അന്വേഷിച്ചു. കടയുടെ മുന്നില്‍ തന്നെ ടാക്സികള് നിരന്നുകിടക്കുന്നു. ഏഴുപേരെ കയറ്റാന്‍ ഇപ്പോഴും നല്ലത് അംബാസഡര്‍ തന്നെയാണ്. 250 രൂപയ്ക്ക് ഗസ്റ്റ്ഹൌസില്‍ എത്തിക്കാമെന്ന് അഷ്റഫ് സമ്മതിച്ചു. ലഗേജ് നിറച്ചു. വണ്ടി കിടക്കുന്നതിന്‍റെ തൊട്ടുപിന്നില് ഓടയാണ്. അതിന് സ്ലാബിടാന്‍ അധികാരികള്‍ക്ക് തോന്നിയിട്ടില്ല. കഷ്ടം. വണ്ടി ചെറുതായി പിറകോട്ട് നിരങ്ങിയാല്‍ ഓടിയില്‍ വീഴും എന്നതാണ് അവസ്ഥ. ഏതായാലും അപകടമില്ലാതെ വാഹനം മുന്നോട്ടെടുത്തു.
പാലക്കാട് സിവില്‍ സ്റ്റേഷനടുത്താണ് ഗസ്റ്റ്ഹൌസ് എന്നറിയാം. അഷ്റഫ് വാഹനം ഇടറോഡിലേക്ക് കയറ്റി. അവിടെ ഗസ്റ്റ്ഹൌസ് എന്ന  കൈചൂണ്ടിയും കണ്ടു. നല്ല ഇരുട്ട്. വണ്ടി കോമ്പൌണ്ടിലേക്ക് കയറ്റി. അവിടെ ലൈറ്റുമില്ല,ഒരാളിനെയും കാണാനുമില്ല. ഇതുതന്നെയോ ഗസ്റ്റ്ഹൌസ് എന്നു സംശയിച്ച് ഞാനിറങ്ങി. ബോര്‍ഡ് നോക്കുമ്പോള്‍ ജില്ല പഞ്ചായത്ത് ഓഫീസ്. അതിനടുത്ത കോമ്പൌണ്ടിലാകും ഗസ്റ്റ്ഹൌസ്,നോക്കാം എന്നു പറഞ്ഞ് ഞാനും മോനും നടന്നു. ശരിതന്നെ,അടുത്ത കോമ്പൌണ്ടിലാണ്,പക്ഷെ ഗേറ്റ് പൂട്ടിയിരിക്കുന്നു. എന്നാല്‍ ഗസ്റ്റ്ഹൌസില്‍ ലൈറ്റുമുണ്ട്. പ്രധാന ഗേറ്റ് മറുവശത്താകും എന്നൂഹിച്ചു. അങ്ങിനെ വണ്ടി ആ പാതയിലേക്കെടുത്തു. ശരിതന്നെ. പ്രധാന കവാടത്തിലൂടെ ഉള്ളില്‍ കടന്നു. റിസപ്ഷനില്‍ ആളില്ല. അകത്തെ മെസ്സില്‍ വിപിനെ കണ്ടു. ബുക്കില് എഴുതി മുറിയെടുത്തു. താഴെ അടുത്തടുത്തുള്ള മുറികളില്‍ എയര്‍കണ്ടീഷന്‍ ഇല്ല എന്നതിനാല്‍ ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമായി നല്‍കാം എന്ന് കോഴിക്കോടുകാരന്‍ വിപിന്‍ പറഞ്ഞു. അങ്ങിനെ 104,202 മുറികള്‍ എടുത്തു. വലിയ മുറികളാണ്,നല്ല സൌകര്യവും. പഴയ കാല എയര്‍കണ്ടീഷനറാണ്. റിമോട്ടില്ല. കുളിമുറിയില്‍ ഗീസറുണ്ട്. വെള്ളം ചൂടാക്കി കുളിച്ച് ഉന്മേഷം വരുത്തി. പിന്നെ ഉറക്കമായി.
രാവിലെ എട്ടുമണിക്ക് വടക്കഞ്ചേരിയില്‍ താമസിക്കുന്ന സുഹൃത്ത് കുര്യാക്കോസ് എത്തി. ടാറ്റാ ഗ്രാന്‍ഡാണ് വാഹനം. എട്ടുപേര്‍ക്ക്  സുഖമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഗ്രാന്‍ഡ്. നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിടെ ആരംഭിച്ചു. ദേശീയ പാതയില്‍ കണ്ണാടിയിലെ കാഴ്ചപ്പറമ്പില്‍ എല്‍ സി  ഫാമിലി റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. അവിടെ നിന്നുള്ള യാത്ര പാലക്കാടിന്‍റെ കാര്‍ഷിക സമൃദ്ധിയും സൌന്ദര്യവും വെളിവാക്കുന്നതായിരുന്നു. ചൂടു കൂടിയ വരണ്ട പ്രദേശം,തമിഴ് നാടിനോട് സാമ്യമുള്ള ഇടം എന്നൊക്കെയുള്ള അബദ്ധ ധാരണകള്‍ മാറ്റുന്ന കാഴ്ചകളായിരുന്നു എവിടെയും. നോക്കെത്താ ദൂരമുള്ള നെല്‍വയലുകള്‍, അവിടെ അധികം ഉയരം വയ്ക്കാത്ത  ഉമയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നതെന്ന് മികച്ച കര്‍ഷകന്‍ കൂടിയായ കുര്യാക്കോസ് പറഞ്ഞു. തേങ്കുറിശ്ശി,കയറുംകുളം,വിനയന്‍ ചാത്തനൂറ്,കുനിശ്ശേരി,ചേരാമംഗലം,കാളിയല്ലൂര്‍,നെന്മാറ വഴി നെല്ലിയാമ്പതിക്ക്. കരിമ്പനകളും തെങ്ങും കവുങ്ങും കുടപിടിക്കുന്ന നാടിന്‍റെ സൌന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ ധാരാളം കള്ളുഷാപ്പുകളും കാണാനുണ്ടായിരുന്നു. ഷാപ്പില്‍ നല്ല തിരക്കുള്ളതായും കാഴ്ചയില്‍ അനുഭവപ്പെട്ടു. നല്ല കള്ളല്ല കിട്ടുന്നതെന്ന് അറിയാമെങ്കിലും ലഹരി വേണ്ടവര്‍ അവിടെ വന്നടിയുകയാണ്.
നെന്മാറ നെല്ലിയാമ്പതി റോഡ് വളരെ ഇടുങ്ങിയതാണ്. ചില ഭാഗങ്ങളില്‍ രണ്ടു വാഹനം കടന്നുപോവുക തന്നെ പ്രയാസം. യാത്രയില് ശ്രീ നെല്ലിക്കുളം ഭഗവതിക്ഷേത്രത്തില് കയറി. നല്ലൊരു കുളവും ക്ഷേത്രത്തിനുണ്ട്. പോത്തുണ്ടി ഡാം അതിനടുത്തായിട്ടാണ്. മണ്ണുകൊണ്ടു നിര്‍മ്മിച്ചിട്ടുള്ളതാണ് പോത്തുണ്ടി ഡാം. അതിനു മുന്നിലായി ഒരു ചെറിയ പാര്‍ക്കുമുണ്ട്. പാര്‍ക്കില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി,അമ്മയും കുഞ്ഞും,മാന്‍,മീന്‍പിടുത്തക്കാരന്‍ തുടങ്ങി നിരവധി ശില്പ്പങ്ങള്‍, വിശ്രമിക്കാനുള്ള ബഞ്ചുകള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്. അനേകം പടികള്‍ ചവുട്ടി ഡാമിന് മുകളില്‍ കയറി കാഴ്ചകള്‍ കാണാന്‍ കഴിയും. മൂന്നു വശവും സ്വാഭാവിക മലയുള്ളതാണ് ഡാമിന്‍റെ പ്രത്യേകത. 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡാം ഇന്ത്യയിലെ പഴക്കമുള്ള ഡാമുകളില്‍ ഒന്നാണ്. 1971ല്‍ 23.425 ദശലക്ഷം രൂപ ചിലവഴിച്ച് ഡാം നവീകരിച്ചു. ചിറ്റൂരിലെയും ആലത്തൂരെയും 13500 ഏക്കറിലെ കൃഷിക്കും നെന്മാറ,അയിലൂര്‍,മേലാര്കോട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളവും നല്‍കുന്നത് പോത്തുണ്ടിയാണ്. ഡാമിന്‍റെ പ്രധാന ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത് കരുപ്പട്ടിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചാണ്. മീനച്ചിലാടി പുഴയ്ക്കും പാടിപ്പുഴയ്ക്കും കുറുകെയാണ് ഡാം പണിതിട്ടുള്ളത്. അയിലംപുഴയുടെ കൈവഴികളാണിവ. 107 അടി ഉയരവും 5510 അടി നീളവുമുണ്ട് ഡാമിന്. ആകെ 5,09,14,000 ക്യുബിക് മീറ്റര്‍ ജലം കൊള്ളുന്ന  ഡാമിന്‍റെ  വലത്തെ കനാലിന് 10 കിലോമീറ്ററും ഇടത്തെ കനാലിന് 8 മീറ്ററും നീളമുണ്ട്. 900 ഏക്കര്‍ പ്രദേശത്തായി ഉള്‍നാടന്‍ മത്സ്യകൃഷിയും നടക്കുന്നുണ്ട്. മൊരല്‍,മൊശി,സിലോപ്പിയ, രോഹു,ബാര്‍ബസ്,വരാല്‍,കാര്‍പ്പ്,മൃഗാള്‍,ഗോരാമി, കട്ല എന്നിവയാണ് മീന്‍കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് നിന്നും 42 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി. ഇവിടെ നിന്നും17 കിലോമീറ്റ്‍ താണ്ടിയാല്‍ നെല്ലിയാമ്പതിയായി.
നെല്ലിയാമ്പതിക്ക് പോകുന്ന വഴി  ആഴത്തിലേക്ക് ചൂണ്ടി കുര്യാക്കോസ് പറഞ്ഞു, അവിടെയാണ് ചെറുനെല്ലി ആദിവാസി കോളനി. അവിടെ സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിനായി പ്രത്യേക ഗുഹയുണ്ട്. പ്രസവമടുക്കുമ്പോള്‍ ഗര്‍ഭിണിയെയും വയറ്റാട്ടിയെയും ഗുഹയ്ക്കുള്ളിലാക്കും. പ്രസവം കഴിഞ്ഞെ മടങ്ങി വരൂ. ഭക്ഷണവും മരുന്നും വെള്ളവുമെല്ലാം അവിടെ എത്തിച്ചുകൊടുക്കും.   വാഹനം വളവുകള്‍ താണ്ടി ഓടിക്കൊണ്ടേയിരുന്നു. പത്ത് ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. പൊന്മുടിയിലും വയനാട്ടിലുമുള്ളപോലെ വളവുകളുടെ നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി. വഴിയില്‍ കാഴ്ചകള് കാണാനായി ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.തമിഴ് നാടിന്‍റെ ഭാഗങ്ങളും പാലക്കാട് ചുരവും അവിടെനിന്ന്  കാണുവാന്‍ കഴിയും. തണുത്ത കാറ്റേറ്റ് എത്ര നേരമിരുന്നാലും മുഷിവ് തോന്നില്ല. അത്തരമൊരു കാഴ്ചയ്ക്കായി ആളുകള്‍ ഇറങ്ങുന്നിടത്ത് ധാരാളം കച്ചവടക്കാരെ കാണാന്‍ കഴിഞ്ഞു. പുലയന്‍പാറക്കാരന്‍ ജബ്ബാറിന്‍റെ കടയില്‍ നിന്നും ചായയും ഓംലറ്റും കഴിച്ചു. ഉന്തുവണ്ടിയാണ്. അത് നില്‍ക്കുന്നിടത്തു നിന്നും ഒരിക്കല്‍ ഒരു ടാറ്റാ സുമോ കൊക്കയിലേക്ക് വീണ കഥ കുര്യാക്കോസ് പറഞ്ഞു. നാല് ഡോറും തുറന്ന് തെറിച്ചുവീണവര്‍ രക്ഷപെട്ടു. ബാക്കിയുണ്ടായിരുന്ന നാലുപേരുടെയും തരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അത്ര അഗാധതയിലേക്കാണ് വണ്ടി മറിഞ്ഞത്.
അയ്യപ്പന് തിട്ടിലും ഇറങ്ങി അല്പ്പസമയം ചിലവഴിച്ചു. ഒരു ചെറിയ അയ്യപ്പ ക്ഷേത്രവും അതിന് എതിര്‍വശം ഒരു പാറയുമുണ്ട്. ആ പാറയ്ക്കരുകിലുള്ള വറ്റാത്ത നീരൊഴുക്കില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള വെള്ളമെടുക്കുന്നത്. ഒരിക്കല്‍ ആ പാറപ്പുറത്ത് ഒരു പുലി വിശ്രമിക്കുന്നത് കുര്യാക്കോസ് കണ്ടിട്ടുണ്ട്. ആ പാറയില്‍ കയറി അല്പ്പനേരം ഞങ്ങളിരുന്നു. തുടര്‍ന്നുള്ള യാത്ര കൈകാട്ടിയിലേക്കായിരുന്നു. അവിടെനിന്നും പുലിയം പാറയിലേക്കും തുടര്‍ന്ന്  സീതാര്‍കുണ്ഡിലേക്കും. സീതാര്‍കുണ്ഡിലേക്കുള്ള യാത്ര ദീര്‍ഘമായതാണ്. അവിടെ എത്തിച്ചേരുക എളുപ്പമല്ല.100 മീറ്റര്‍ നീളമുള്ള വെള്ളച്ചാട്ടമാണ് സീതാര്‍കുണ്ഡ്. ഞങ്ങളും ദൂരെനിന്ന് വെള്ളച്ചാട്ടം കണ്ടുമടങ്ങുകയാണ് ചെയ്തത്. അഗാധമായ ആഴമാണ് മലയുടെ അതിരുകളില്‍. മനുഷ്യരെ പിടിച്ചു വലിക്കുന്ന ഒരാകര്‍ഷകത്വം  ആ താഴ്ചയ്ക്കുണ്ട്. ദൂരെ മുതലമട,കൊല്ലംകോട് തുടങ്ങിയ ഇടങ്ങളില്‍ മൂച്ചിത്തോട്ടങ്ങള്‍ കാണാം. മൂച്ചിത്തോട്ടമെന്നാല്‍ മാന്തോപ്പാണ്. കാട്ടുപോത്തിന്‍റെ കാല്‍പ്പാടുകള്‍ അവിടവിടെ കാണാന്‍ കഴിഞ്ഞു. അനേകം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണവിടം. കുരങ്ങന്മാരും ധാരാളം.ഫോട്ടോയ്ക്ക് പോസ്സു ചെയ്യുന്ന കുരങ്ങന്മാര്‍ രസകരമായ ഒരു കാഴ്ചയാണ്.  പോയബ്സ് ഗ്രൂപ്പിന്‍റെ തോട്ടത്തില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത്. ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നിട്ടുണ്ടാകും. 467 മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. കുറേ നാളത്തേക്ക് മനസ്സില്‍ നിന്നും മായാത്തവിധം ഇടം പിടിച്ച കാഴ്ച ആകാശത്തിലൂടെയുള്ള വേഴാമ്പലിന്‍റെ  യാത്രയായിരുന്നു. എന്തൊരു സൌന്ദര്യം,പ്രകൃതി കേരളത്തെ അനുഗ്രഹിച്ചപ്പോള്‍ വരമായി നല്‍കിയ നമ്മുടെ ദേശീയ പക്ഷി. പലപ്പോഴും മരത്തിലിരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും അത് പറക്കുന്നത് ആദ്യമായി കാണുകയായിരുന്നു.
കൃഷി വകുപ്പിന്‍റെ  ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാമിന്‍റെ കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. അതിനുശേഷം ഫാം കാണാന്‍ കയറി. സംസ്ഥാന ഹോര്‍ട്ടകള്‍ച്ചറല്‍ മിഷന്‍ ആരംഭിച്ച മാതൃകാ പൂകൃഷി യൂണിറ്റും മാതൃകാ നഴ്സറിയും ഉത്പ്പന്നങ്ങളുടെ സെയില്‍സ് കൌണ്ടറുമാണ് അവിടെയുള്ളത്. എന്നാല്‍‍ ആരംഭിച്ചത് സദുദ്ദേശത്തോടെയാകാമെങ്കിലും ഇപ്പോള്‍ എല്ലാം പേരിനു മാത്രമായി മാറിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. നാട്ടിലെ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സംഭവിച്ചിട്ടുള്ള ദുര്‍ഗ്ഗതി ഇതിനെയും ബാധിച്ചിട്ടുണ്ട്. എത്രയോ നഷ്ടം സഹിച്ചാവും ഇതിപ്പോള്‍ തുടര്‍ന്നു വരുന്നത്. ഇത്തം സ്ഥാപനങ്ങളെ ജീവനക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തമുള്ള സ്ഥാപനങ്ങളാക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലാഭകരമല്ലെങ്കില്‍ മറ്റു തരത്തില്‍ പുനരുദ്ധരിക്കേണ്ടതും അനിവാര്യമാണ്.
അവിടെനിന്നും ഞങ്ങള്‍ പോയത് ചന്ദ്രാമല എസ്റ്റേറ്റിലേക്കാണ്. അവിടെ അടുത്താണ് നൂറടിപ്പാലം. പാടഗിരി പോലീസ് സ്റ്റേഷനും എ വി ടി യുടെ  മണലാരു എസ്റ്റേറ്റും ആ ഭാഗത്തുതന്നെയാണ്. നൂറടിക്ക് സമീപമുള്ള അരുവിയില്‍ കുളിച്ച് ആ മോഹവും സാധിച്ചു.  ആയിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങളും മറ്റു കൃഷികളുമാണ് വന്‍കിട മുതലാളിമാരുടെ കൈവശമുള്ളത്. കാപ്പിയും ഏലവുമൊക്കെ കൃഷിയില്‍ ഉള്‍പ്പെടുന്നു.ഓറഞ്ച് കൃഷിയുമുണ്ട് എന്നാല്‍ പുളിപ്പ് കൂടിയ ഇനമാണ് ഇവിടെ ലഭിക്കുന്നത്. കേശവം പാറയിലും വലിയ തിരക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ മൃഗയ സിനിമയുടെ ഷൂട്ടിംഗിലൂടെ പ്രസിദ്ധമായ ഇടമാണ് കേശവം പാറ. മടക്കയാത്ര പല്ലാവൂര്‍ വഴിയായിരുന്നു. പല്ലാവൂര്‍ ദേവനാരായണനെയും അപ്പു മാരാരെയുമൊക്കെ ഓര്‍ത്തുകൊണ്ടുള്ള  യാത്ര. കൊടുവായൂരിലെ യാക്കര പുഴയും കടന്ന് രാത്രയില്‍ ഗസ്റ്റ് ഹൌസിലെത്തി. ഞാനും സജീവും കഞ്ഞിയും പയറും  മറ്റുള്ളവര്‍ ചപ്പാത്തിയും ചിക്കനും  കഴിച്ചു. ഒരു സിനിമ കാണണം എന്നെല്ലാവര്‍ക്കുമുണ്ടായിരുന്നു. പ്രധാന തീയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല. അങ്ങിനെയാണ് ബിപിഎല്‍ കൂട്ടുമുക്ക് ജീവാസില്‍  അമര്‍,അക്ബര്‍ അന്തോണി കാണാന്‍ തീരുമാനിച്ചത്. നെറ്റില്‍ നിന്നും നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് ടിക്കറ്റ് കിട്ടും എന്നുറപ്പാക്കി. 9 മണിക്ക് മുന്‍പ് തന്നെ എത്തി. എന്തോ പന്തികേട് തോന്നി. ആളുകള്‍ നന്നെ കുറവ്. ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയവരും കുറവായിരുന്നു. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് മാത്രമെയുള്ളു. 40 രൂപയാണ് നിരക്ക്. തീയറ്ററിനുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിപ്പേയി. ഒരു മുപ്പത് വര്‍ഷം മുന്‍പാകും ഇത്തരം തീയറ്ററില്‍ പടം കണ്ടിട്ടുണ്ടാവുക. തകര്‍ന്ന കസേരകള്‍, എയര്‍കണ്ടീഷനിംഗ് ഇല്ല. തീയറ്ററില്‍ ഇരുന്നു പുകവലിക്കുന്ന കാഴ്ചക്കാര്. ഒടുവില്‍ അവരെ പുറത്താക്കാന്‍ പരാതിപ്പെടേണ്ടി വന്നു. സ്ക്രീനിംഗും സൌണ്ടും നല്ലതായിരുന്നു. മെയിന്‍റനന്‍സ് നടത്തിയശേഷം നിരക്ക് വര്‍ദ്ധിപ്പിച്ച് നല്ല മേന്മയുള്ള തീയറ്ററാക്കി മാറ്റാവുന്നതാണ്. ഇല്ലെങ്കില്‍ വൈകാതെ അടച്ചുപൂട്ടേണ്ടി വരും എന്നതില്‍ സംശയമില്ല. ചിത്രം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ അന്തരീക്ഷം അനുഗുണമായില്ല എന്ന ദുഖം എല്ലാവര്‍ക്കുമുണ്ടായി.ആ രാത്രി അങ്ങിനെ അവസാനിച്ചു.
പ്രഭാതത്തില്‍ കുളിച്ച്, നടക്കാനിറങ്ങി. സിവില്‍ സ്റ്റേഷന് മുന്നിലൂടെ കോട്ട ചുറ്റി ,അവിടെയുള്ള ഹനുമാന്‍ സ്വാമിയെയും തൊഴുത് മടങ്ങി. നഗരം പൊതുവെ വൃത്തിയുള്ളതായി തോന്നി. ഇനിയും മെച്ചമാക്കാന്‍ നഗരസഭയ്ക്ക് കഴിയും. പ്രഭാത ഭക്ഷണത്തിന് കോങ്ങാട് എത്താമെന്ന് ഹരിദാസിന് വാഗ്ദാനം നല്കിയിരുന്നു. അതുകൊണ്ടുതന്നെ എട്ടരയോടെ പുറപ്പെട്ടു. ഡല്‍ഹി കേരള ഹൌസിലെ സുഹൃത്തായിരുന്നു ഹരിദാസ്. കുടുംബസമേതം കോങ്ങാട് താമസമാണ്. പുതിയ വീടുവച്ചിട്ട് കാലം കുറെയായി. എങ്കിലും ഒന്നു പോയി കാണാന്‍ കഴിഞ്ഞിരുന്നില്ല. മുണ്ടൂര്‍ വഴിയാണ് കോങ്ങാട് എത്തുക. യശോദ കല്യാണ മണ്ഡപം കഴിഞ്ഞ് ഇടത്തോട്ടുള്ള വഴിയില്‍ സംഗീതവിദ്യാലയമായ നാദലയയ്ക്കടുത്താണ് തിരുവോണം വീട്. സുഹൃത്തായ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റ് ഹരിസ്വാമി ഡിസൈന്‍ ചെയ്ത വീടാണ്. 10 സെന്‍റില്‍ നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു വീട്. ചന്ദ്രിക തയ്യാറാക്കിയ സ്വാദുള്ള ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും കൂട്ടി സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിച്ചു. ചന്ദ്രികയുടെ  കുടുംബ വീട്ടിലേക്കായിരുന്നു പിന്നീട് യാത്ര. വീടിനു മുന്നില്‍ വയലുകള്‍ നിറഞ്ഞു കിടക്കുന്നു. ദൂരെയായി പാറകളും കാണാം. പറമ്പിലുമുണ്ട് സമൃദ്ധി. തേങ്ങയൊക്കെ വീണു കിടക്കുന്ന പറമ്പ്. 200 വര്‍ഷം പഴക്കമുള്ള ഇരുനിലവീടാണ്. ഭിത്തിയും കതകുമൊക്കെ വലിയ വീതിയാലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മച്ച് തടി പാകിയതാണ്. ധാന്യപ്പുരയും അടുക്കളയോടു ചേര്‍ന്നുള്ള കിണറും ഒക്കെ പഴമ വിളിച്ചറിയിക്കുന്നു. അച്ഛന്‍ അധ്യാപകനായിരുന്നു. 86 വയസ്സ്. അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന കൂട്ടുകുടുംബം. ഒരു ചെറുമകളുടെ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ് അവിടെ. യാത്ര പറഞ്ഞിറങ്ങി ഇടവഴിയിലൂടെ പോരുമ്പോള്‍ നാടിന്‍റെ പഴമയെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സില്‍. സാമൂതിരിമാരും വള്ളുവക്കോനാതിരിയും  പാലക്കാട്ടുശ്ശേരി രാജാവും ടിപ്പു സുല്‍ത്താനും പിന്നീട് ബ്രിട്ടീഷുകാരും ഭരണം നടത്തിയിട്ടുള്ള നാട്. കൊങ്ങര്‍ എന്നു വിളിച്ചിരുന്ന തമിഴരുടെ കേരളത്തിലേക്കുള്ള പ്രവേശന ഗ്രാമം. അതുകൊണ്ടു തന്നെ കോങ്ങാട് എന്നറിയപ്പെട്ടു തുടങ്ങി. അനേകം ജന്മിമാരും കുടിയാന്മാരും വസിച്ചിരുന്ന ദേശം. നക്സലൈറ്റുകള്‍ തലവെട്ടി മാറ്റിയ കോങ്ങാട് നാരയണന്‍ കുട്ടി മേനോനെ ഓര്‍മ്മ വന്നു. മുണ്ടൂര്‍ രാവുണ്ണിയും ഭാസ്ക്കരനും ചാക്കോയും സദാശിവനും രാമനുണ്ണിയുമൊക്കെ കുട്ടിക്കാലത്ത് പേടി സ്വപ്നങ്ങളില്‍ വന്നു പോയവരാണ്. ജന്മിയല്ലായിരുന്നെങ്കിലും എപ്പോഴെങ്കിലും വീട്ടില്‍ വന്ന് തലയറുക്കുന്നവരെ സ്വപ്നം കണ്ട് പനിച്ച നാളുകള്‍. വലിയ സ്വപ്നങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവര്‍ ആരാധിച്ച മാവോയുടെ നാട് ഇന്ന് ഏകാധിപത്യവും മുതലാളിത്തവും യോജിപ്പിച്ച് ഭരണം നടത്തുന്നു. ഈ സഖാക്കളെല്ലാം നിരാശരായിരിക്കാം  ഇപ്പോള്‍.
മലമ്പുഴയാണ് അടുത്ത ലക്ഷ്യം. പാലക്കാട് നിന്നും 10 കിലോമീറ്ററാണ് ദൂരം.നല്ല ചൂടുള്ള ഉച്ച. അതുകൊണ്ടുതന്നെ ഡാമില്‍ കയറും മുന്‍പ് ഉച്ചഭക്ഷണം  ഓര്‍ഡര്‍ ചെയ്യാം എന്നു കരുതി ഒരു ഹോട്ടലിലേക്ക് കയറി. അവര്‍ക്ക് അന്ന് ഒരുപാട് തിരക്കുകള്‍ ഉണ്ടെന്നും മൂന്നു മണിക്ക് എത്തുമ്പോള്‍ ഊണുണ്ടാകും എന്നുറപ്പു പറയാന്‍ കഴിയില്ലെന്നും അറിയിച്ചു. അതോടെ ഞങ്ങള്‍ റോക്ക് ഗാര്‍ഡനിലേക്ക് കയറി. ഡിടിപിസിക്കാണ് മേല്‍നോട്ടം. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയും നിരക്ക്. ചാണ്ഡിഗഡിലെ ഗാര്‍ഡന്‍റെ മാതൃകയില്‍ അത് നിര്‍മ്മിച്ച ശില്പ്പി  നെക് ചന്ദ് സെയ്നി തന്നെയാണ്  മലമ്പുഴ റോക് ഗാര്‍ഡനും  തയ്യാറാക്കിയിട്ടുള്ളത്. പൊട്ടിയ ടൈലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങളും പ്രതിമകളുമുള്ള ഗാര്‍ഡനില്‍ തണല്‍ മരങ്ങള്‍ ഇല്ലാത്തത് ഒരു കുറവായി തോന്നി. മെയിന്‍റന്‍സ് തീരെയില്ല എന്നതും അപാകതയായി അനുഭവപ്പെട്ടു. ഇതിന്‍റെ മതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ ഉപയോഗിച്ചാണ്. കുറേക്കൂടി ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് റോക്ക് ഗാര്‍ഡന്‍.
അവിടെ നിന്നിറങ്ങി  ആനക്കല്‍ റോഡിലൂടെ യാത്ര തുടര്‍ന്നു. കാടും നാടും ഇടകലര്‍ന്ന ഇടം. ഡാമിന്‍റെ എതിര്വശത്ത് എത്തിയ ഞങ്ങള്‍ അവിടെ ഇറങ്ങി. വെള്ളത്തില്‍ ചെളിയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ കുളിച്ചില്ല. ഡാം ചുറ്റി മറുവശമെത്താം എന്നായിരുന്നു കണക്കുകൂട്ടല്‍. പോകും വഴി നല്ലൊരു അരുവി കണ്ടു. അവിടെയിറങ്ങി.ശുദ്ധമായ തണുത്ത ജലം. ഇത് മയിലാടിപ്പുഴ. ഒരു മണിക്കൂറോളം പുഴയില്‍ ചിലവഴിച്ചു. എല്ലാവിധ ക്ഷീണവുമകന്ന് ഉന്മേഷവാന്മാരായി. അവിടെ നിന്നും തുടര്‍യാത്ര കഴിയില്ലെന്നും രണ്ട് കിലോമീറ്റര്‍ ദൂരം പാറകള്‍ക്ക് മുകളിലൂടെ ഓടേണ്ടി വരുമെന്നും പറഞ്ഞതിനാല്‍ തിരികെ പോരുന്നു. വരും വഴി കോതമംഗലത്തുകാരിയുടെ കടയില്‍ കയറി ഊണുകഴിച്ചു. വളര്‍ത്തുമീനിന്‍റെ കറിയും ഉണ്ടായിരുന്നു. കുട്ടികള്‍ ദോശയും ചിക്കനും കഴിച്ചു.
 മലമ്പുഴ ജനനിബിഡമായിരുന്നു. ആദ്യം പാമ്പ് മ്യൂസിയത്തില്‍ കയറി. അവിടെ എയര്‍കണ്ടീഷന്‍ മുറികളില്‍ രാജവെമ്പാലകള്‍ വിഹരിക്കുന്നുണ്ടായിരുന്നു. മരങ്ങളില്‍ വിശ്രമിക്കുന്ന മലമ്പാമ്പും അണലി, മൂര്‍ഖന്‍,ശംഖുവരയന്‍,ചേര,കരിംചേര, പച്ചില പാമ്പ്, വിഷമില്ലാത്ത മറ്റിനം പാമ്പുകള്‍ ഒക്കെയും കാഴ്ചവസ്തുക്കളായി. വൃത്തിയായി സൂക്ഷിക്കുന്ന കേന്ദ്രം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് നിരക്ക്.അവിടെനിന്നും ഡാമിലേക്ക് നടന്നു. 25 രൂപയാണ് പ്രവേശന ഫീസ്. ഭാരതപ്പുഴയുടെ ഉപനദിയാണ്  മലമ്പുഴ.പശ്ചിമ ഘട്ട മലനിരകള്‍ക്ക്  മുന്നില്‍ കരുത്തിന്‍റെ പ്രതീകമായാണ് ഡാം നില്‍ക്കുന്നത്.തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജലസംഭരണിയാണ് മലമ്പുഴ അണക്കെട്ട്. മദ്രാസ് പ്രസിഡന്സിയുടെ ഭാഗമായിരുന്നതിനാല്‍ 1949ല്‍ മാര്‍ച്ച് 10ന് തമിഴ് നാട് പൊതുമരാമത്ത് മന്ത്രി കെ.ഭക്തവത്സലമാണ്  നിര്‍മ്മാണോത്ഘാടനം നടത്തിയത്. 1955 ഒക്ടോബര്‍ 9ന് തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പൂര്‍ത്തീകരിച്ച ഡാമിന് 145 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുണ്ട്. 236.69 ഘന അടി ജലസംഭരണശേഷിയുണ്ട് ഡാമിന്. പാലക്കാടിനും ചുറ്റുവട്ടത്തും കുടിവെള്ളമെത്തിക്കുന്നതിനു പുറമെ 42,090 ഹെക്ടര്‍ കൃഷിക്കും ഡാമിലെ ജലം ഉപയോഗിക്കുന്നു.1849 മീറ്റര്‍ കല്ലിലും 220 മീറ്റര്‍ മണ്ണിലും തീര്‍ത്ത ഡാമിന്‍റെ ഉയരം 355 അടിയാണ്.  വളരെ വിശാലമായ  പൂന്തോട്ടമാണ് മലമ്പുഴയ്ക്കുള്ളത്. അനേകം ശില്‍പ്പങ്ങളും ഫൌണ്ടനുകളും ലൈറ്റുകളും ചെടികളും കൊണ്ടു നിറഞ്ഞ പൂന്തോട്ടത്തില്‍ ദിശാബോധം നല്‍കും വിധമുള്ള ക്രമീകരണങ്ങളില്ല. പൂന്തോട്ടം വേണ്ടവിധം നോക്കുകയോ ചെടികള്‍ വെട്ടിവിടുകയോ ചെയ്യുന്നില്ല. സന്ദര്‍ശകര്‍ ഉപയോഗിച്ച പാത്രങ്ങളും അഴുക്കും തോന്നിയപോലെ വലിച്ചെറിയുന്നു. പടികള്‍ കയറി ഡാമിന് മുകളില്‍ എത്തുമ്പോള്‍ മദയാനയെപ്പോലെ ഇളകിയാടുന്ന ജലാശയം കാണാം. ഒരു മികച്ച കാഴ്ചതന്നെയാണത്. ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ നടന്നുകാണാന്‍ കഴിയും. അവിടെനിന്നിറങ്ങി നടക്കുമ്പോള്‍ കേടായ ഫൌണ്ടനുകളും കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ കെഎസ്ഇബി ചെറിയ തോതില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഒരറ്റത്തായി കാനായിയുടെ പ്രസിദ്ധമായ  യക്ഷിയെ കാണാം. കനാലിനു മുകളിലെ തൂക്കുപാലത്തിലൂടെ വേണം അവിടെയെത്താന്‍. രണ്ട് പാലങ്ങളുണ്ട്. ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി ഇറങ്ങുന്ന വിധം വണ്‍വേ ആക്കിയാല്‍ നല്ലതായിരുന്നു. യക്ഷിയും പായല്‍ പിടിച്ച് കറുത്തു. ഒന്നു മിനുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബോട്ടിംഗിനും റോപ്വേ യാത്രയ്ക്കും പോയില്ല. വലിയ തിരക്കായിരുന്നു അവിടെ. ക്രിസ്മസ്സ് ദിവസം രണ്ടുകോടിയിലേറെ വരുമാനമുണ്ടായി എന്നു പറയുന്ന മലമ്പുഴയില്‍ ആവശ്യമായ പണികള്‍ കൂടി കൃത്യമായി ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ദേശീയപാത 213ലാണ് മലമ്പുഴ നില്‍ക്കുന്നത്. മടങ്ങിയെത്തി പാലക്കാട് ടൌണില്‍ നൂര്‍ജഹാനില്‍ നിന്നും ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം. കുര്യാക്കോസ് രാത്രിയില്‍ തന്നെ മടങ്ങി. ഞങ്ങള്‍ ഉറങ്ങാനും കിടന്നു.
രാവിലെ  ഉണര്‍ന്ന് തയ്യാറായി വെറുതെ നടന്നു. വേപ്പിന്‍ചുവട് മാരിയമ്മന്‍ കോവിലില്‍ കയറി തൊഴുതു. മാരിയമ്മയും കാളിയമ്മയും കറുപ്പസ്വാമിയുമാണ് അവിടെയുള്ളത്. തിരികെ വന്ന് കാപ്പി കുടിച്ച ശേഷം തെട്ടടുത്തുള്ള കോട്ട കാണാനിറങ്ങി. സാമൂതിരിയുടെ ശാഖയില്‍പെട്ട പാലക്കാട് അച്ചന്‍ എന്ന പ്രാദേശിക ഭരണാധികാരിയുടെതായിരുന്നു ആദ്യ കോട്ട.എന്നാല്‍ പാലക്കാട് അച്ചന്‍ സാമൂതിരിയുമായി പിണങ്ങുകയും നാട് സംരക്ഷിക്കാന്‍ 1757ല്‍ ഹൈദരാലിയുടെ സഹായം തേടുകയും ചെയ്തു. പാലക്കാടിന്‍റെ പ്രാധാന്യം അറിയാവുന്ന ഹൈദര്‍ സഹായം വാഗ്ദാനം ചെയ്ത് കോട്ട സ്വന്തമാക്കി. 1766ല്‍ ഹൈദരാലിയാണ് കോട്ട പുതുക്കി പണിതത്. എന്നാല്‍ 1768ല്‍ ബ്രിട്ടീഷ് കേണല്‍ വുഡ് കോട്ട പിടിച്ചെടുത്തു.  മാസങ്ങള്‍ക്കകം ഹൈദര്‍ കോട്ട തിരിച്ചുപിടിച്ചെങ്കിലും 1783ല്‍ 11 ദിവസം നീണ്ട പോരിനൊടുവില്‍ കേണല്‍ ഫുള്ളാര്‍ട്ടന്‍റെ കൈയ്യിലായി കോട്ട. ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷുകാര്‍ കോട്ട ഉപേക്ഷിച്ചു. പിന്നീടൊരു ചെറിയ കാലം അവിടെ സാമൂതിരിപ്പട തമ്പടിച്ചു. എന്നാല്‍ 1790ല്‍ കേണല്‍ സ്റ്റുവര്‍ട്ട് കോട്ട തിരിച്ചുപിടിച്ച് പുതുക്കി പണിതു. ശ്രീരംഗ പട്ടണം തകര്‍ക്കും വരെ കോട്ടയില്‍ ശക്തമായ സൈനിക സാന്നിദ്ധ്യമുണ്ടായിരുന്നു. 19ാം നൂറ്റാണ്ടിന്‍റെ മധ്യം വരെ നിലനിന്ന സൈന്യം ക്രമേണ കുറഞ്ഞുവന്നു. 1900 തുടക്കത്തില്‍ ഇതിനെ താലൂക്കാഫീസാക്കി മാറ്റി. ഒരു കാലത്ത് കുതിരലായങ്ങളും ആനലായങ്ങളുമായിരുന്ന കോട്ടമൈതാനത്ത് ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും പ്രദര്‍ശനങ്ങളും പൊതുയോഗങ്ങളും നടക്കുന്നു. കുട്ടികള്‍ക്കുള്ള പാര്‍ക്കും രാപ്പാടി എന്ന ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഇതിന്‍റെ ഭാഗമാണ്. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കൈവശമുള്ള കോട്ടയില്‍ പ്രവേശനം സൌജന്യമാണ്. ജലം നിറഞ്ഞ വലിയ കിടങ്ങും അതിനു മുകളില്‍ പാലവും ഉള്ള കോട്ടയില്‍ പീരങ്കികള്‍ സ്ഥാപിക്കാനുള്ള ഇടങ്ങളും മറ്റും പ്രത്യേകമായുണ്ട്. ആഢ്യത്വം വിളിച്ചറിയിക്കുന്ന കോട്ടമൈതാനം ശുദ്ധവായു ലഭിക്കുന്ന ഒരിടം കൂടിയാണ്. കോട്ടയ്ക്കുള്ളില്‍ സ്പെഷ്യല്‍ സബ് ജയിലും മറ്റു ചില ഓഫീസുകളും  പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്നുകിടക്കുന്ന ചില കെട്ടിടങ്ങള്‍ ആര്‍ക്കിടെക്ച്ചറിന് പഠിക്കുന്നവര്‍ ഗവേഷണം നടത്തേണ്ടവയാണ്. പുതുക്കി പണിത് അതേ രീതിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതും നല്ലതാണ്. പുരാതന ചരിത്രത്തിന്‍റെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിയവും ശ്രദ്ധേയമാണ്. കുടക്കല്ലും നന്നങ്ങാടിയും തുടങ്ങി അനേകം ക്ഷേത്രങ്ങള്‍ സംബ്ബന്ധിച്ച അറിവും ലോകത്തിലെ മികച്ച ആര്‍ക്കയോളജിക്കല്‍ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ട് അതില്‍. കോട്ട കാണുന്നതിന് ഒരു ചെറുതുക ഈടാക്കുകയും അത് കോട്ടയും പരിസര പ്രദേശവും വൃത്തിയായി സൂക്ഷിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണെന്നു തോന്നി. ഉദ്യോഗസ്ഥര്‍ക്ക് പകരം ഇത്തരം സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ പരിശീലനം ലഭിച്ച നാട്ടുകാരാവും ഗുണപ്രദമാവുക. ആര്‍ക്കയോളജി വകുപ്പ് ഈ വിധം വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. കോട്ടയില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
ഗസ്റ്റ്ഹൌസില്‍ നിന്നും ഉച്ചയോടെ ഇറങ്ങി.ആട്ടോയില്‍ ഒലവക്കോടെത്തി. ക്രൌണ്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഗോഹട്ടി എക്സ്പ്രസ്സിലായിരുന്നു ടിക്കറ്റ്.2.40ന്‍റെ വണ്ടി 2.20ന് തന്നെയെത്തി. നിറയെ ബംഗാളികളും ആസാംകാരുമാണ്. ബോഗി നമ്പരും റിസര്‍വ്വേഷന്‍ ചാര്‍ട്ടും ഒന്നുമില്ലാത്ത ട്രെയിന്‍. ബോഗി കണ്ടുപിടിച്ച് കയറി. അവിടെ ഇരുന്നവരെ ഒഴിപ്പിച്ച് സീറ്റുപിടിച്ചു. തീരെ വൃത്തിയില്ലാത്ത ബോഗി. ടിടിഇ വന്നു. ഈ ട്രെയിന്‍ കുടുംബമായുള്ള യാത്രയ്ക്ക് നന്നല്ല എന്നുപദേശിച്ച് ടിക്കറ്റ് ചെക്കു ചെയ്തു. ഷില്ലോങ്ങില്‍ നിന്നും വരുകയായിരുന്ന പട്ടാളക്കാരന്‍ ഗിരീശന് ദേഷ്യം വന്നു. ഇവന്മാരാണ് ഇതെല്ലാം വഷളാക്കുന്നത്. 72 പേര്‍ക്കുള്ള ബോഗിയില്‍ 170 ഓളം ആളുണ്ട്. പണം വാങ്ങി ടിടിഇമാര്‍ മിണ്ടാതിരിക്കുന്നു. പോലീസും അങ്ങിനെ തന്നെ.ട്രെയിനിലെ ചായയും ഭക്ഷണവും നാള്‍ക്കുനാള്‍ മോശമാവുകയാണ്. ഒരാള്‍ക്കും ഒരു താത്പ്പര്യവുമില്ല. എവിടെയും അഴിമതിക്കറകളാണ്. അയാള്‍ പറഞ്ഞു. ഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ഈ മറുനാട്ടുകാര്‍ വളരെ മാന്യമായാണ് ഞങ്ങളോട് പെരുമാറിയത് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. സിലിഗുഡിയില്‍ നിന്നുള്ളവരും ആസാംകാരും ആടുകള്‍ കൂട്ടമായി വഴി പിരിയുന്നപോലെ ഓരോ സ്റ്റേഷനിലും ഇറങ്ങുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. കേരളം എത്ര മാറിയിരിക്കുന്നു. തൊഴിലെടുക്കാന്‍ മലയാളികള്‍ അന്യനാടുകളിലേക്ക് പോയ പഴയകാല തീവണ്ടികള്‍ ഇല്ലാതായിരിക്കുന്നു. ഇന്ന് പണിയെടുക്കാന്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന പുതിയ തീവണ്ടികളാണ് നമ്മള്‍ കാണുന്നത്. വിയര്‍ക്കാതെ ഉണ്ണുന്ന നമുക്കായി വിയര്‍പ്പൊഴുക്കുന്നവര്‍. കേരളം വരെ വളരെ കൃത്യമായി ഓടിയെത്തിയ ട്രെയിന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. ദീര്‍ഘമായ യാത്ര അവസാനിപ്പിച്ച് ആട്ടോയില്‍ വീട്ടിലെത്തുമ്പോള്‍ രാത്രി 12 മണിയായിരുന്നു. അധികം വൈകാതെ സ്വപ്നങ്ങളുടെ കണ്ണാടിയിലേക്ക് മനസ്സ് മയങ്ങിവീണു. കണ്ണിനു മുന്നില് പാലക്കാടന്‍ കാഴ്ചകളുടെ വൈവിധ്യം മാത്രം ബാക്കിയായി.   





No comments:

Post a Comment