Tuesday, 27 October 2015

Story- Chalikkunna chithram

കഥ
ചലിക്കുന്ന ചിത്രം
 “ഒരു ചലിക്കുന്ന വസ്തുവിനും ചിത്രത്തിനുമിടയിലുള്ള  അകലം എത്ര നേര്‍ത്തതാണെന്ന് നിനക്കറിയാമോ?” ,വരച്ചുകൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ  രേവ ചോദിച്ചു. എന്നിട്ട് അവള്‍ എന്നെ നോക്കി ഇങ്ങനെ തുടര്‍ന്നു.
ഒരു പക്ഷെ ,വേര്‍തിരിക്കാന്‍ കഴിയാത്തത്ര അടുത്ത്. ക്യാമറയിലൂടെ നമ്മള്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ അതിന് ചലനമുണ്ട്.എന്നാല്‍ അത് ക്യാമറയില്‍  പകര്‍ത്തപ്പെടുന്നതോടെ  ചിത്രമായി തീരുന്നു, അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
രേവ ഇങ്ങനെയാണ്.അവള്‍ പറയുന്നതിലെല്ലാം ഒരു ദാര്‍ശനികഭാവമുണ്ടാകും.നോക്കൂ,മുകുന്ദാ, ഞാനും നീയുമെല്ലാം ഒരര്‍ത്ഥത്തില്‍ ചിത്രങ്ങളാകേണ്ടവരല്ലെ.നിന്‍റെ അച്ഛന്‍ എന്നെ തോളിലേറ്റി ആനകളിച്ചിരുന്നത് ഞാനോര്‍ക്കാറുണ്ട്.ഇപ്പൊ അദ്ദേഹം ഒരു ചിത്രമായി ഈ ഭിത്തിയില്‍ തൂങ്ങുന്നു. വലിയ സദസ്സുകളെ സംഗീതം കൊണ്ട് കോരിത്തരിപ്പിച്ച എന്‍റെ അച്ഛനും ഒരു നിശബ്ദ ചിത്രമായില്ലെ.
ഞാന്‍ അവളെ നോക്കി  ചിരിച്ചു.അവള്‍ക്ക് തുടര്‍ന്ന് സംസാരിക്കാന്‍ മറുപടിയുടെ അകമ്പടിയൊന്നും ആവശ്യമായിരുന്നില്ല.കേള്‍ക്കാന്‍ ഒരു സാന്നിദ്ധ്യം വേണമെന്നെ ഉണ്ടായിരുന്നുള്ളു. എടാ,നിനക്കറിയാമോ,ഒരു പെന്‍സിലിന്‍റെ കൂര്‍പ്പിച്ച അഗ്രം ഒരു കാഴ്ചയെ ഇല്ലാതാക്കാനും സുഖം പകരുന്ന കാഴ്ച നല്കാനും ഉപയോഗപ്പെടുത്താവുന്നതാണ്.ഈ ബ്രഷും അതുപോലെതന്നെയാണ്.നോക്കൂ,ഈ ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കാനും ദാഇങ്ങനെ തോന്നിയപോലെ ബ്രഷോടിച്ച് വികൃതമാക്കാനും അതിന് കഴിയും,അവള്‍ വരച്ചുവച്ചിരുന്ന ചിത്രത്തില്‍ ചായം മുക്കിയ ബ്രഷോടിച്ച് ആ ചിത്രത്തെ നശിപ്പിച്ചു. എന്‍റെ  മുഖം വിവര്‍ണ്ണമാകുന്നത്  അവള്‍ കണ്ടു.അതവളെ  സന്തോഷവതിയാക്കി.അവള്‍ ഉറക്കെ ചിരിച്ചു.
ബുദ്ദൂസ്,നിസ്സാരകാര്യങ്ങള്‍ക്ക്  ഇങ്ങനെ ടെന്‍ഷനാകാമോ?,അവള്‍ ബ്രഷിന്‍റെ കൈപ്പിടി എന്‍റെ നെഞ്ചിലമര്‍ത്തി. എന്നിട്ട് പതുക്കെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഞങ്ങളുടെ ചലനങ്ങള്‍ പതുക്കെ ഇല്ലാതായി.ഒരു ചിത്രം പോലെ ചലനമറ്റു നിന്ന എന്നെ  അവള്‍ കുലുക്കി  വിളിച്ചു. ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കൈകള്‍ അയച്ച് മാറിനിന്നശേഷം  എയര്‍കണ്ടീഷനര്‍  ചലിപ്പിച്ചു.
സോറി മുകുന്ദന്‍,ഞാന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.എന്തുചെയ്യാം,ഞാന്‍ ഇങ്ങനെയായിപ്പോയി. അവളുടെ ക്ഷമാപണം  എന്നിലെ അസ്വസ്ഥതയെ കുടഞ്ഞുകളഞ്ഞു.
ഇറ്റ്സ് ആള്‍ റൈറ്റ് രേവ, വരൂ,നമുക്കൊന്ന് പുറത്തുപോയി വരാം,ഞാന്‍ പറഞ്ഞു. അവള്‍ ഒരു കുട്ടിയെപോലെ  അനുസരണ ശീലയായി. ഞങ്ങള്‍ കടപ്പുറത്തേക്ക്  പോയി. വലതുകൈകൊണ്ട് മണല്‍വാരി ഇടതുകൈയ്യിലേക്കിട്ട് രണ്ടുകൈയ്യും കൂട്ടിത്തിരുമ്മി അവളത് എന്‍റെ മുഖത്ത് തേച്ചു. ആ കുസൃതി ഞാന്‍ ആസ്വദിച്ചു.
മുകുന്ദന്‍,സത്യം പറയൂ,എന്നെ വിവാഹം കഴിച്ചത് ശരിക്കും അബദ്ധമായി  എന്ന് നിനക്ക് തോന്നാറില്ലെ
മനസ്സിലുള്ളത് മുഖത്ത് വരാതിരിക്കാന്‍ പണിപ്പെട്ട് ഞാന്‍ പറഞ്ഞു, ഏയ്, എന്തായിത്.ഐ ആം എ ലക്കി മാന്‍ രേവ, നിന്നെപ്പോലൊരു ഫേമസ് ആര്‍ട്ടിസ്റ്റിന്‍റെ  സാന്നിധ്യം തന്നെ ....,അവള്‍ വിരലുകൊണ്ട്  ചുണ്ടിനെ  തടഞ്ഞു. വേണ്ട മുകുന്ദന്‍,ഭംഗി വാക്കുകള്‍ വേണ്ട.ഞങ്ങള്‍ കലാകാരികള്‍ക്ക് ഈ നാട്യം പെട്ടെന്ന് മനസ്സിലാകും. മുകുന്ദന്‍റെ ഈ മുഖഭാവം ഞാനൊരു ക്യാന്‍വാസിലാക്കിയാല്‍  ഒരു സാധാരണക്കാരന്‍  പോലും പറയും ഇയാള് കള്ളം പറയുകയാണെന്ന്. ഞങ്ങള്‍ക്കിടയില്‍ മൌനം  കനത്തു. ഞങ്ങള്‍ സമാന്തരമായി നടക്കുകയായിരുന്നു. ചിന്തയും അങ്ങിനെതന്നെ.
മുകുന്ദന്‍,മൂന്നുപേര്‍ മാത്രമുള്ള ആ കട്ടമരത്തിന്‍റെ  യാത്ര കണ്ടോ.ഇത്തരമൊരു ചിത്രം ഞാന്‍ വരച്ചിട്ടുണ്ട്.  കട്ടമരത്തില്‍ ഒരാള്‍ തനിച്ചായിരുന്നെന്നു മാത്രം. ഈ കടല്‍ക്കരയില്‍ നിന്നാണ്  ഞാനാ ചിത്രം വരച്ചത്. ചിത്രം വരച്ചുതീരും വരെയും ആ കട്ടമരവും മീന്‍പിടുത്തക്കാരനും  ചലിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രഷിന്‍റെ അവസാന മിനുക്കുകൂടി കഴിഞ്ഞതോടെ  അത് കടലില്‍ അപ്രത്യക്ഷമായി. ഞാന്‍ നേരത്തെ സൂചിപ്പിച്ചില്ലെ,അതുപോലെ,ആ ചലനം ഒരു നിശബ്ദ ചിത്രമായി  കാന്‍വാസിലേക്ക് ആവാഹിക്കപ്പെട്ടു. ഞാന്‍ ശരിക്കും ഷോക്ക്ഡായിപ്പോയി. ഇവിടെ നിന്ന് ഞാന്‍ അലറിക്കരഞ്ഞു. എന്‍റെ വിഹ്വലതകള്‍ ആരറിയാന്‍. ഒരാളും എന്നെ ശ്രദ്ധിച്ചില്ല. ഒടുവില്‍ ഞാന്‍ ഈ കരയില്‍ കമിഴ്ന്നടിച്ചു കിടന്നു. തിരകള്‍ വന്നെന്നെ തഴുകി ആശ്വസിപ്പിച്ചു. ഇരുട്ടു വീണുകിടന്ന  ഈ കടല്‍ത്തീരത്തുനിന്നും അച്ഛന്‍ എന്നെയും എന്‍റെ ചിത്രത്തെയും  എടുത്തുകൊണ്ടുപോയി. അപ്പോള്‍ ചലനമുള്ള ഞാനും  ചലിക്കാത്ത എന്‍റെ ചിത്രവും ഏതാണ്ട് ഒരേ അവസ്ഥയിലായിരുന്നു.

എനിക്ക് അവളുടെ മുഖത്ത് നോക്കാന്‍ പേടിതോന്നി.ആരാണിവള്‍? സ്വപ്നങ്ങളാണോ ഇവള്‍ പറയുന്നത്, അതോ യഥാതഥമായ  ചില കാഴ്ചകളോ  . ഇവളുടെ ഭാവത്തില്‍ ചില അസ്വഭാവികതകള്‍ ഇല്ലെ? ഇങ്ങനെ  ചില ചിന്തകളില്‍ മുഴുകവെ അവളുടെ ചോദ്യം എനിക്കുനേരെ വന്നു.മുകുന്ദന് പേടി തോന്നുന്നുണ്ടോ എന്‍റെ ഭ്രാന്തുകള്‍ കേട്ടിട്ട്,അവള്‍ ഗൌരവത്തിലായിരുന്നു.
ഏയ്,ഇല്ല,വണ്ടിയിലേക്ക് കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.
മുകുന്ദന്‍ വീണ്ടും കളവ് പറയുകയാണെന്ന് എനിക്കറിയാം.എങ്കിലും എനിക്കൊന്നും മറക്കാനും മറയ്ക്കാനും വയ്യ മുകുന്ദാ.നമുക്ക് ഈ വസ്ത്രങ്ങള്‍ പോലെ ഒരു മറ ആവശ്യമില്ലല്ലോ. ഉണ്ടെന്ന്  മുകുന്ദന് തോന്നുന്നുണ്ടോ? വീണ്ടും എന്‍റെ മുഖം വിളറുന്നത് അവളറിഞ്ഞു.
മുകുന്ദാ,വണ്ടി നിര്‍ത്തൂ,ഞാന്‍ നിനക്കൊരു ഐസ്ക്രീം വാങ്ങിത്തരാന്‍ പോവുകയാണ്.നിന്‍റെ ഉള്ളൊന്നു തണുക്കട്ടെ.
ഞാന്‍ വണ്ടി നിര്‍ത്തി.അവള്‍ ഉത്സാഹഭരിതയായ ഒരു കുട്ടിയെപോലെ ചാടിയിറങ്ങി ഐസ്ക്രീംകാരന്‍റെ കൈയ്യില്‍ നിന്നും രണ്ട് കോര്‍നെറ്റോ ഐസ്ക്രീം വാങ്ങി.ഒന്ന് എനിക്ക് തന്നശേഷം അവള്‍ ഐസ്ക്രീം ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സ് ദൂരെ എവിടെയോ ആയിരുന്നു. നാളെ ജോലിസ്ഥലത്തേക്ക്  മടങ്ങിപ്പോകണം.ആറുമാസം കഴിഞ്ഞേ വീണ്ടും വരവുണ്ടാകൂ. രേവയോടൊപ്പം കഴിയുന്ന ദിനങ്ങള്‍ തീവ്രങ്ങളാണ്.സ്നേഹവും തീവ്രമാണ്.അവളുടെ അസാധാരണ രീതികളും അങ്ങിനെതന്നെ. ഒരു ചിത്രം വരയ്ക്കുന്ന അതേ ശ്രദ്ധയോടെയാണ് അവള്‍ ഭക്ഷണം വിളമ്പുന്നതും വസ്ത്രങ്ങള്‍ വാങ്ങി നല്കുന്നതും കിടപ്പറയില്‍ പെരുമാറുന്നതുമെല്ലാം.ഒരു കലാകാരിയുടെ വിരല്‍ സ്പര്‍ശം എന്തിലും ഏതിലുമുണ്ട്. എങ്കിലും ഭയപ്പെടുത്തുന്ന ചില രീതികള്‍,അസാധാരണമായവ. ജ്യേഷ്ടന്‍ പറഞ്ഞത് ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്,ചിത്രകാരിയാണ്, സാധാരണ ഒരു പെണ്‍കുട്ടിയെപോലെ ഒതുക്കമുണ്ടാകില്ല മുകുന്ദാ,നിനക്കതൊക്കെ താങ്ങാന്‍ കഴിയുമോ?
രേവയെ പ്രണയിക്കും മുന്‍പേ അവളുടെ ചിത്രങ്ങളെയാണല്ലോ താന്‍ പ്രണയിച്ചത്. അവയിലെ കടും നിറങ്ങള്‍,പിടിച്ചു വലിക്കുന്ന കാന്തികശക്തി.അത് ചിത്രത്തേക്കാള്‍ എത്രയധികമാണ് ചിത്രകാരിയില്‍ എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.
സ്ത്രീ പുരുഷ ബന്ധം ദൃഢവും തീവ്രവുമാകണമെങ്കില്‍ അവര്‍ തമ്മില്‍ അപൂര്‍വ്വമായെ കാണാവൂ.ആറുമാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ അതുപോലെ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം, വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്‍പാണ് രേവ അത്തരമൊരു പ്രസ്താവന നടത്തിയത്. ലണ്ടനില്‍ നിന്നും ബാംഗ്ളൂരിലേക്ക് ഒരു മാറ്റത്തിന് ഏറെ സാധ്യതയുള്ള സമയമായിരുന്നു അത്. ഞാന്‍ അതിനുള്ള അപേക്ഷയും കൊടുത്തിരുന്നു. നീ ഒരു ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടേക്ക് വന്നാല്‍ ആറുമാസത്തിനുള്ളില്‍ നമ്മുടെ ബന്ധം അവസാനിച്ചേക്കാം.ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം നീണ്ടുനിന്നേക്കാനും മതി.ഇടയ്ക്കൊക്കെ മാത്രം തമ്മില്‍ കാണുമ്പോള്‍ എന്ത് രസാ, എത്ര ഡീപ്പാ ആ നിമിഷങ്ങള്‍, കാണാന്‍ ആര്‍ത്തിയുണ്ടാകും,ഒന്നു കെട്ടിപ്പിടിക്കാന്‍,ചുംബിക്കാന്‍.. ,അതൊക്കെ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ചിരിച്ചു.വാട്ടര്‍ കളറില്‍ വരച്ച ചിത്രവും ഓയിലില്‍ ചെയ്ത പെയിന്‍റിംഗും തമ്മിലുള്ള വ്യത്യാസം ഞാന്‍ പറയാതെ തന്നെ നിനക്ക് മനസ്സിലാകുമല്ലൊ, -ല്ലെ - മുകുന്ദാ", ഉദാസീനമായി അങ്ങിനെ പറഞ്ഞുകൊണ്ട് അവള്‍ ചിത്രരചന തുടര്‍ന്നു.
രേവയുടെ ചിന്താരീതികള്‍ക്ക് മുന്നില്‍ താനൊരു ശിശുവാകുന്നപോലെ എനിക്ക് പലപ്പോഴും തോന്നാറുണ്ട്.ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അത് സംഭവിച്ചതാണ്.അവളുടെ ഊര്‍ജ്ജത്തിന്‍റെ തീവ്രത അത്രയ്ക്കുണ്ട്. ഒരു പക്ഷെ എല്ലാ കലാകാരന്മാര്‍ക്കും അതുണ്ടാകാം.
നീ എന്താടാ ഓര്‍ത്തു നില്ക്കുന്നെ,അത് കഴിച്ചു തീര്‍ക്ക്,നമുക്ക് പോകണ്ടെ.ഈ നില്പ്പുകണ്ടാല്‍ നീയും ഒരു ചിത്രമായി തീര്‍ന്നോ എന്ന് സംശയിച്ചു പോകും”, അവള്‍ വേണ്ടതിലേറെ കുനിഞ്ഞ് സ്വന്തം തുടയില്‍ കൈകള്‍ അടിച്ചും തല വശങ്ങളിലേക്ക് ചരിച്ചും ഉറക്കെയുറക്കെ ചിരിച്ചു. ഞാനും ഒന്നു മന്ദഹസിച്ച് വേഗം തന്നെ ഐസ്ക്രീം കഴിച്ചുതീര്‍ത്ത് കൈകള്‍ പരസ്പ്പരം ചേര്‍ത്തമര്‍ത്തി. അപ്പോഴേക്കും അവള്‍ ചിരി നിര്‍ത്തിയിരുന്നു. അവളുടെ തീ പാറുന്ന നോട്ടം എവിടേക്കാണെന്ന് ഞാന്‍ ശ്രദ്ധിച്ചു. മുന്നിലെ മൂടലില്‍ ആ ഐസ്ക്രീം കച്ചവടക്കാരന്‍ ഇല്ലാതാകുന്നത് ഞാനറിഞ്ഞു. ഞാന്‍ വേഗം വണ്ടിയില്‍ കയറി, അവളും.തിരിഞ്ഞു നോക്കാതെ വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷവും അവളോടെന്തെങ്കിലും ചോദിക്കാനോ ആ മുഖത്ത് നോക്കാനോ എനിക്ക് ഭയമായിരുന്നു. ഞാന്‍ വേഗം ഉറങ്ങാന്‍ പോയി. അവള്‍ ആ രാത്രി ഉറങ്ങിയില്ലെന്ന് അടുത്ത ദിവസം മനസ്സിലായി. മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്ന ഒരു മനുഷ്യന്‍റെ ചിത്രം കാന്‍വാസില്‍  പൂര്‍ത്തിയാക്കപ്പെട്ടിരുന്നു. ആ ഒരു പകല്‍ മുഴുവന്‍ രേവ ഉറക്കമായിരുന്നു.
ഒരു കരാറുകാരന്‍ ഉറപ്പിച്ച ഉടമ്പടിയിലെന്ന പോലെ ആറുമാസം കൂടുമ്പോഴുള്ള എന്‍റെ മടങ്ങിവരവുകള്‍ തുടര്‍ന്നുവന്നു. ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളും ഞെട്ടലുകളും സമ്മാനിച്ചുകൊണ്ടിരുന്നു.അതൊക്കെയും ചലിക്കുന്ന വസ്തുവിനും ചിത്രത്തിനുമിടയിലുള്ള സൂക്ഷ്മരേഖയെ കുറേക്കൂടി നേര്‍ത്തതാക്കുന്നവയായിരുന്നു.
തടാകത്തിലെ ബോട്ട്,ബൈക്ക് യാത്രക്കാരന്‍,ഒറ്റയാന്‍,ബലിതര്‍പ്പണം തുടങ്ങി അവളുടെ പുതിയ ചിത്രങ്ങളെല്ലാം തന്നെ ചലിക്കുന്ന വസ്തുവും ചിത്രവും തമ്മിലുള്ള അണുഘടനയുടെ  നേരിയ മാറ്റത്തിന്‍റെ കഥകളാണ് എന്നോടുപറഞ്ഞത്.അതൊക്കെയും മരണത്തിന് തൊട്ടുമുന്‍പുള്ള മുഹൂര്‍ത്തങ്ങളായിരുന്നു  അതല്ലെങ്കില്‍ ചിത്രമാകുന്നതിന്‍റെ ആദ്യത്തെ ബ്രഷ് പാടുകളായിരുന്നു.  ഓരോ വരവും ഓരോ മടങ്ങിപ്പോക്കും എന്നില്‍ സുഖകരമായ സ്പര്‍ശങ്ങളുടെയും അസുഖകരമായ രോദനങ്ങളുടെയും  ഗരിമകള്‍ സമ്മാനിച്ചു.മിക്കപ്പോഴും ശീതീകരിച്ച മുറിയിലിരുന്ന് ഞാന്‍ വിയര്‍ത്തു. കഴിഞ്ഞ വരവിലും കാര്യങ്ങള്‍ക്ക് പ്രത്യേക മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അവള്‍ ചിത്രം വരയ്ക്കുകയായിരുന്നു, അവളുടെ പ്രിയപ്പെട്ട മയിലിന്‍റെ ചിത്രം.
മുകുന്ദന്‍,ഒരു ചായക്കൂട്ടിലും ഒതുങ്ങാത്ത ചില നിറങ്ങളുണ്ട് പ്രകൃതിക്ക്. അവിടെയാണ് ഞങ്ങള്‍ ചിത്രകാരികള്‍ തോറ്റുപോകുന്നത്.നീ നോക്കൂ,നൂറോളം മയിലുകളെ ഞാന്‍ ഇതിനകം വരച്ചിട്ടുണ്ട്, എന്നിട്ട് ഒന്നിലെങ്കിലും  കഴുത്തിന്‍റെ ആ മനോഹര നിറം വന്നിട്ടുണ്ടോ? , എന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ അവള്‍ തുടര്‍ന്നു. ഇല്ല എന്നു മാത്രമല്ല എന്നെങ്കിലും അതിന് കഴിയുമെന്ന്  ഞാന്‍ വിശ്വസിക്കുന്നുമില്ല.,അവളുടെ നിരാശ നിറഞ്ഞ വാക്കുകളില്‍ പ്രകൃതിയോടുള്ള അടങ്ങാത്ത അസൂയയും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. അവള്‍ അപ്പോള്‍ വരച്ചുകൊണ്ടിരുന്ന മയിലിന്‍റെ ചിത്രത്തെ  നീലയും സ്വര്‍ണ്ണ നിറവും ചേര്‍ത്ത് വികൃതമാക്കി.എനിക്കത് തടയാമായിരുന്നു .പക്ഷെ അവളുടെ ശരീരത്തില്‍ നിന്നൊഴുകുന്ന ഊര്‍ജ്ജത്തിന്‍റെ തീവ്രതയില്‍ എന്‍റെ നാവും കൈകാലുകളും തളര്‍ന്നുപോയിരുന്നു. പക്ഷെ,ഇതൊക്കെയും അവളെ  സംബ്ബന്ധിച്ചിടത്തോളം ആപേക്ഷികങ്ങളായിരുന്നു.അന്നു രാത്രിയില്‍ അവള്‍ കിടക്കയില്‍ മയിലിനെപോലെ  നൃത്തമാടി ആനന്ദിച്ചു. പ്രഭാതത്തില്‍ ഒരു പുതിയ പൂവിരിയും പോലെ അവള്‍ സുന്ദരിയും സുഗന്ധിയുമായിരുന്നു.
ലണ്ടനില്‍ നടത്താന്‍ നിശ്ചയിച്ച അവളുടെ എക്സിബിഷന്‍റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്ക് സധനങ്ങള്‍ ഒതുക്കവെയാണ് രേവയുടെ ഫോണ്‍ വന്നത്. ഞാന്‍ എയര്‍പോര്‍ട്ടിലുണ്ടാവും, മറുപടി പറയും മുന്‍പ് അവള്‍ ഫോണ്‍ വച്ചു. എനിക്ക് ചിരി വന്നു. ശരിക്കും എക്സന്‍ട്രിക്കായ പെണ്‍കുട്ടി.എയര്‍പോര്‍ട്ടില്‍ വച്ച് ഒരു മര്യാദയുമില്ലാതെ അവള്‍ എന്നെ വാരിപ്പുണര്‍ന്നു. ഒരുപാട് സംസാരിച്ചു. ചിത്രങ്ങളെപ്പറ്റി,അവ പായ്ക്ക് ചെയ്ത രീതികളെപ്പറ്റി,അങ്ങിനെ പലതും. യാത്രക്കിടെ അവള്‍ പറഞ്ഞു,നമുക്ക് നാളെ മയിലാടും കുന്നിലേക്ക് പോകണം, അവിടെ ധാരാളം മയിലുകളുണ്ടെന്നു കേട്ടു. എന്‍റെ നൂറ്റിയൊന്നാമത്തെ മയില്‍ ചിത്രം  ഞാനവിടെവച്ച് വരയ്ക്കും. ഇത്തവണ അവന്‍റെ കഴുത്തിന്‍റെ നിറം  ഞാന്‍ ശരിക്കും ഒപ്പിയെടുക്കും മുകുന്ദാ. ചലിക്കുന്ന ജീവിയും ചലിക്കാത്ത ചിത്രവും തമ്മിലുള്ള അകലം ഞാനില്ലാതാക്കും ,എനിക്കുറപ്പാ.
രാത്രിയില്‍ അവള്‍ ഭയങ്കര ത്രില്ലിലായിരുന്നു. ഉറക്കത്തില്‍ പോലും അവളുടെ കൈകള്‍ ചലിക്കുന്നുണ്ടായിരുന്നു. മുഖത്ത് അസാധാരണമായ  പുഞ്ചിരിയും  കളിയാടി.

രാവിലെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മയിലാടും കുന്ന്.ഞാന്‍ സ്റ്റാന്‍റ് ഉറപ്പിക്കാനും കാന്‍വാസ് വയ്ക്കാനുമൊക്കെ സഹായിച്ചു. യൂ ആര്‍ റിയലി എ ഗുഡ് സപ്പോര്‍ട്ട്,മുകുന്ദന്‍,അവള്‍ പറഞ്ഞു. അവള്‍ ചായങ്ങള്‍ ചാലിച്ച് ബ്രഷ് കാന്‍വാസില്‍ തൊടുമ്പോഴേക്കും  കാടിനുള്ളില്‍ നിന്നും മയിലുകള്‍ പറന്നിറങ്ങി. അവള്‍ക്ക് ആവേശമായിരുന്നു.എല്ലാം മറന്നുള്ള രചന. അവളുടെ ശ്രദ്ധ മുഴുവന്‍ മയിലുകളുടെ കഴുത്തിലായിരുന്നു. അവള്‍ അടുത്തുപോയി അവയെ തൊട്ടുനോക്കുക പോലും ചെയ്തു.കാന്‍വാസില്‍ ചിത്രം പൂര്‍ത്തിയാവുകയായിരുന്നു. കഴുത്തിലെ നിറം ഏതാണ്ടതുപോലെ  എത്തിയെന്ന് പറയാം. എന്നിട്ടും രേവയ്ക്ക് സംതൃപ്തി വന്നില്ല. അവള്‍ മയിലിന്‍റെ കഴുത്തുമാത്രം നോക്കി അതിനടുത്തേക്ക് ചെന്നു. അപ്പോള്‍ ഒന്നൊഴികെ മറ്റെല്ലാ മയിലുകളും പറന്നുപോയി. അവന്‍ മാത്രം പിറകോട്ടു നടന്നു. ചലനത്തിന്‍റെ മട്ടൊന്നുമില്ലാത്തവിധം ഒരു ചിത്രം പോലെ.എനിക്ക് അത്ഭുതം തോന്നി. കാന്‍വാസ് ഏത്,ജീവിയേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരു വിഭ്രാന്തി. പക്ഷി പിറകോട്ടും അവള്‍ മുന്നോട്ടുമായി നടന്ന് കുന്നിന്‍റെ അരികിലെത്തി ഒരു നിമിഷം ഒരു ചിത്രമാകുന്നത് ഞാന്‍ കണ്ടു. എന്‍റെ ശബ്ദം പുറത്തുവരും മുന്‍പ് അവര്‍ അപ്രത്യക്ഷരായി. ഓടിച്ചെന്ന് താഴേക്ക് നോക്കാന്‍ കഴിയാത്തവിധം എന്നെ തളര്‍ച്ച ബാധിച്ചു. ഞാന്‍ കുഴഞ്ഞുവീണു. ആ കിടപ്പില്‍ ഞാന്‍ കാന്‍വാസിലേക്ക് നോക്കി. അവിടെ തിളങ്ങുന്ന കഴുത്തുള്ള മയിലിന്‍റെ  ചലനങ്ങള്‍ . വേഗത്തില്‍ ബ്രഷ് ചലിപ്പിച്ചുകൊണ്ട് രേവയും. ചിത്രത്തിനും ചലിക്കുന്ന വസ്തുവിനുമിടയിലുള്ള നേര്‍ത്ത അകലം ഇല്ലാതാകുന്നത് അവള്‍ എനിക്ക് പറഞ്ഞു തരുകയായിരുന്നു.എനിക്ക്  തലചുറ്റല്‍ അനുഭവപ്പെട്ടു. എല്ലാം അവ്യക്തമായി മാത്രം കാണുന്ന അവസ്ഥ. അപ്പോഴും അവള്‍ സമാന്തരമായി നടക്കുന്നത് എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. 

Monday, 26 October 2015

On trip to shimla and Haridwar

പഴയ ചില യാത്രകളുടെ ഓര്‍മ്മ
ഹരിദ്വാറിലേക്കുള്ള രണ്ടാം യാത്രയിലാണ്  നീല്ധാരയില്‍ പോയത്. 1998 ലാണത്. സന്ന്യാസിമാരെ അടക്കുന്ന ഇടമാണ് നീല്‍ധാര. പണക്കാരായ സന്ന്യാസിമാരെ പെട്ടിയിലും അല്ലാത്തവരെ ചാക്കില്‍ കെട്ടിയും പുഴയില്‍ താഴ്ത്തും. അഘോരി ബാബകള്‍ പലപ്പോഴും ഈ ഭാഗത്തുണ്ടാകും. അവര്‍ വിലപിടിപ്പുള്ളവയെല്ലാം എടുത്തുകൊണ്ടു പോകും. ചിലപ്പോള്‍ മനുഷ്യമാംസം  ഭക്ഷിക്കുകയും ചെയ്യും. പാവം സന്ന്യസിമാര്‍ , ചിലര്‍ നദിയില്‍ അഴുകും, മറ്റുചിലര്‍ വെയിലില്‍ കരിയും, അല്ലെങ്കില്‍ അഘോരിബാബകളുടെ ഭക്ഷണമാകും. അവിടെ നിന്നും അനേകം നിറങ്ങളിലും രൂപങ്ങളിലുമുള്ള കല്ലുകള്‍ ലഭിച്ചത് ഓര്‍ക്കുന്നു. അന്‍പത്തിയൊന്ന് പ്രതിമകളുള്ള ഒരിടത്തും അന്ന് പോയിരുന്നു, പാവന്‍ ധാം എന്നാണ് ആ ഇടത്തിന്‍റെ പേര്. ആചാര്യ ബേലാ ചണ്ഡി ക്ഷേത്രം, മന്ദിര്‍ മാതാ ലാല്‍ ദേവ്ജി ക്ഷേത്രം,വൈഷ്ണവോ ദേവി ക്ഷേത്രം എന്നിവ  സന്ദര്‍ശിച്ചിരുന്നു. അനേകം നിലകളിലുള്ള ഭാരത് മാതാ മന്ദിര്‍ കാണാനും പോയിരുന്നു. വിവിധ നിലകളിലായി ദൈവങ്ങള്‍,മഹിളകള്‍,സ്വാതന്ത്ര്യ സമര സേനാനികള്‍ ,വിവിധ സംസ്ഥാനങ്ങളെപറ്റിയുള്ള പെയിന്‍റിംഗുകള്‍ എന്നിവ കണ്ടു.കഥകളിക്ക് അവിടെ കഥക് എന്ന് എഴുതിയിരുന്നത് ഓര്‍ക്കുന്നു. പതിനൊന്ന് ലക്ഷത്തി പതിനോരായിരത്തി നൂറ്റിപതിനൊന്ന് രൂപ മുടക്കി ഒരു ഗുജറാത്തിയാണ് ആ കെട്ടിടം പണിതത്.
ഗംഗയുടെ മൂന്നു പിരിവുകളുള്ള സപ്തസരോവറിലെ കുളിയിടത്ത് സ്വസ്ഥമായി കുളിച്ചു. അവിടെ സപ്തര്‍ഷികളുടെ പ്രതിമയുണ്ട്. വിശ്വാമിത്രന്‍,ജംഭാഗന്‍,ഭരദ്വാജ്,ഗോതം,അത്രി,വശിഷ്ഠന്‍,കശ്യപന്‍ എന്നിവരുടേതാണ് ആ പ്രതിമകള്‍. ഞങ്ങളോടൊപ്പം സഹായിയായി വന്ന സ്വാമി രാംഭാരതിയെ  ഓര്‍ക്കുന്നു. തീഷ്ണതയുള്ള കണ്ണുകള്‍,നീണ്ട മൂക്ക്, പ്രസന്ന ഭാവം,ഒട്ടിയ വയര്‍ .ധ്യാനത്തിലൂടെ  ആര്‍ജ്ജിച്ച ചൈതന്യമാണത്. ഇപ്പോള്‍ എവിടെയുണ്ടാകുമോ എന്തോ?
സിംലയിലേക്കുള്ള രണ്ടാം യാത്ര  2002ലായിരുന്നു എന്നാണ് ഓര്‍മ്മ. കല്‍ക്കയില്‍ നിന്നും സിംലയിലേക്കുള്ള യാത്രയുടെ ഉന്നതങ്ങളും അഗാധതകളും മനോഹരങ്ങളാണ്. വീതികുറഞ്ഞ പാതകളിലൂടെ തീപ്പെട്ടിപോലെ ഒഴുകുന്ന തീവണ്ടി കടന്നുപോകുന്ന വഴികളെ ഇങ്ങനെ പ്രതിപാദിക്കാം. തക്സല്‍ സമുദ്ര നിരപ്പില്‍ നിന്നും 807 മീറ്റര്‍ ഉയരം, ഗുമ്മന്‍-940,കോട്ടി 1098,സൊണ്‍വാര 1334,ധരംപൂര്‍ ഹിമാചല്‍ 1469,കുമാര്‍ ഹാടി ദക്ഷല്‍ 1579,ബറോഗ് 1531,സൊലാന്‍ 1494,സാലോഗദേ 1509,കാന്താഘട്ട്,കാതിലി ഘട്ട് 1710,താരാദേവി 1844,ഗുതോഗ് 2018,സമ്മര്‍ഹില്‍,സിംല 2076, കുഫ്റി സമുദ്ര നിരപ്പില് നിന്നും 2400 മീറ്റര്‍ ഉയരം. കുഫ്റിയിലെ പ്രകൃതിക്കാഴ്ചകള് നയനാനന്ദകരമാണ്. ഓക്കും ഫറും ദേവദാരുവും ഇടകലര്‍ന്നു നല്കുന്ന സൌന്ദര്യം. കാഴ്ചയുടെ അപാരതയും പ്രകൃതിയുടെ തണുപ്പും സ്നേഹം ചൊരിയുന്ന ഇളം വെയിലും. കുങ്കുമപ്പൂവും കന്മദവും ഉണങ്ങാത്ത കായവും വില്ക്കുന്ന രാജുവിനെ പരിചയപ്പെട്ടത് ഓര്‍ക്കുന്നു. രാജുവിന്‍റെ മകന്‍റെ കൈയ്യില്‍ നിന്നും പി.ടി.ഉഷ ഇരുപത് ഗ്രാം കുങ്കുമപ്പൂവ് വാങ്ങിയത് വളരെ അഭിമാനത്തോടെ അവന്‍ പറഞ്ഞു. കുന്നു കയറാന് മടിയുള്ളവരെ യാക്കിനു മുകളില്‍ യാത്ര ചെയ്യാന് സഹായിച്ച് ഉപജീവനം കഴിക്കുകയാണ് രാജു. ഒരു യാക്കിന് അന്ന് 12,000 രൂപ വിലയുണ്ടായിരുന്നു. രാജുവിന് മൂന്ന് യാക്കുകളുണ്ട്. മാസ വരുമാനം ആറായിരം രൂപ. ഞങ്ങള്‍ താമസിച്ചത് പോസ്റ്റല്‍ ഗസ്റ്റ് ഹൌസിലായിരുന്നു. സുധാകരേട്ടനാണ് അത് ശരിയാക്കി തന്നത്. ഗസ്റ്റ് ഹൌസ് നോട്ടക്കാരന്‍ നാന്‍സിംഗ് അല്‍മോറക്കാരനാണ്. ഇപ്പോള്‍ ഉത്തരാഖണ്ടില്‍ .നൈനിത്താളും റാനിക്കേത്തും കഴിഞ്ഞു വരുന്ന സ്ഥലം. യാത്രയില്‍ ഞങ്ങളെ സഹായിച്ച ഡ്രൈവര്‍ സുരീന്ദര്‍ പാലായിരുന്നു. ടൂര്‍ ഓപ്പറേറ്റര് ഗിരീഷ് സൂദും. പരിചയപ്പെട്ട  മറ്റൊരു വ്യക്തി വിരേന്ദറാണ്.പാട്യാലക്കാരനാണ്. 34 വര്‍ഷമായി സിംലയില്‍ തുടരുന്ന വിരേന്ദര് സിംലയിലുള്ള സ്വന്തം സ്വത്ത് സംരക്ഷിക്കാനാണ് ഇവിടെ കഴിയുന്നത്. വളരെ സൌമ്യനായ മനുഷ്യന്‍. ട്രെയിനില്‍ കല്‍ക്കയിലേക്ക് പോകാന് വന്നതാണ്. ട്രെയിനിലാണെങ്കില്‍ 20 രൂപ മതി,ബസ്സിലായാല്‍ അത് 67 രൂപയാകും. ഒരു പെന്‍ഷനര്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നും വിരേന്ദര്‍ പറഞ്ഞു. കോഫി ഹൌസില്‍ കയറി മസാലദോശ കഴിച്ചു. തണുപ്പായതിനാല്‍ വേണ്ടത്ര പുളിക്കാത്ത മാവായിരുന്നു. കീരിക്കാടുകാരന് ദേവരാജനാണ് ഭക്ഷണം കൊണ്ടുവന്നു നല്കിയത്. നാലുമാസം കൂടി കഴിഞ്ഞാല്‍ പെന്‍ഷനാകും. ഏറെ കാലവും സിംലയിലാണ് കഴിഞ്ഞതെന്നും അയാള് പറഞ്ഞു.

ബ്രിട്ടീഷുകാര് സ്ഥാപിച്ച മാളിലെ പോസ്റ്റല് ഗസ്റ്റ് ഹൌസ് പ്രൌഢവും ഗംഭീരവുമായിരുന്നു. സിംലയില്‍ പതിനായിരത്തിലേറെ കാഷ്മീരികള്‍ ചുമടെടുത്തു ജീവിക്കുന്നു. അതില് മെട്രിക്കുലേഷന്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ളവരുണ്ട്. 1970ല്‍ മെട്രിക്ക് പാസ്സായ സൂദാണ് ഞങ്ങളുടെ ലഗേജ് എടുത്ത്. കാഷ്മീരില്‍ കൊള്ളയാണ് നടക്കുന്നതെന്ന് സൂദ് ഞങ്ങളോട് പറഞ്ഞു. രാഷ്ട്രീയക്കാര്‍,ഉദ്യോഗസ്ഥര്‍,പട്ടാളം എല്ലാവരും കൊള്ളയടിക്കുന്നു. നിസ്സംഗരായ നാട്ടുകാര്‍ക്ക് തൊഴിലും ജീവിത സൌകര്യവും ലഭിക്കാത്തിടത്തോളം സമാധാന ശ്രമങ്ങള്‍ പാഴ്വേലയാണ്. ഞാന്‍ കഷ്ടപ്പെട്ട് എന്‍റെ കുട്ടികളെ പഠിപ്പിക്കുന്നു.25 വര്‍ഷമായി ഇവിടെയാണ്. സീസണില് പണിയെടുക്കും,ബാക്കി സമയം നാട്ടില് പോയി കൃഷി ചെയ്യും.എന്‍റെ കുട്ടികള്ക്ക് ഒരു ജോലിക്ക് പ്രതീക്ഷയുണ്ടോ  എന്നതാണ് ചോദ്യം എന്ന് സൂദ് പറഞ്ഞു. സൂദിന്‍റെ ആഗ്രഹം  നടന്നിട്ടുണ്ടാവുമോ എന്തോ?

Sunday, 25 October 2015

On doctors and hospitals


ആശുപത്രിക്കഥകള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്  നടന്നതാണ്. സ്വകാര്യ പ്രാക്ടീസ് തകൃതിയായി നടക്കുന്ന കാലം. ഒരു സര്‍ജറി പ്രൊഫസറെ  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാക്കി. അദ്ദേഹത്തിന് യാതൊരു താത്പ്പര്യവുമില്ലാത്ത നിയമനം. ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നെ പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള എല്ലാ ആവശ്യങ്ങളും നിരാകരിക്കുക. ഓഫീസ് നടപടികളില്‍ താത്പ്പര്യം കാണിക്കാതിരിക്കുക. ഉള്ള പത്രബന്ധം ഉപയോഗിച്ച് പ്രിന്‍സിപ്പാളിനെക്കുറിച്ച്  മോശമായ വാര്‍ത്തകള്‍ വരുത്തുക. ഇങ്ങനെ പോയി പൊടിക്കൈകള്‍. ഒടുവില്‍ സംഗതി ഫലം കണ്ടു. പ്രിന്‍സിപ്പാളിനെ സസ്പെന്‍റു ചെയ്തു. അദ്ദേഹം സന്തോഷപൂര്‍വ്വം  പടിയിറങ്ങി. പിന്നെ രാവിലെ മുതല്‍ രാത്രിവരെ പ്രാക്ടീസായിരുന്നു. ഒരു പ്രമുഖ ആശുപത്രിയുമായി  ടൈ അപ്പുണ്ടാക്കി  ഓപ്പറേഷനുകള്‍ നടത്തി. വന്‍ തോതില്‍ പണമുണ്ടാക്കി. നഗരത്തിലെ പ്രധാന കേന്ദ്രത്തില്‍ ഒരു കുളത്തോടുകൂടിയ പ്ലോട്ട് വാങ്ങി വീടു വച്ചു. കുളം സ്വിമ്മിംഗ് പൂളാക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍  സസ്പെന്‍ഷന്‍ കാലത്തെ ശമ്പളത്തോടെ തിരികെ ജോലിയിലും പ്രവേശിച്ചു.ജനാധിപത്യത്തിന്‍റെ കരുത്ത്!!!!!!!!!!!!!!
പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്യുന്ന  പ്രഗത്ഭരായ ചില ഡോക്ടര്മാരുടെ  മറ്റൊരു കലാപരിപാടി ഇങ്ങനെ. വീട്ടില് കണ്‍സള്‍ട്ടിംഗിനു വരുന്ന രോഗിയ്ക്ക് ഓപ്പറേഷന്‍ വേണമെന്നുണ്ടെങ്കില്‍ അത് താന്‍ ജോലി ചെയ്യുന്നിടത്ത് ചെയ്യില്ല. മറ്റൊരിടത്താക്കും. അതിന് നല്ല കമ്മീഷനും കിട്ടും. ജോലിയിടത്തെ ശമ്പളവും സുരക്ഷിതം. എപ്പടി........
മദ്യപാനിയായ ഒരു വക്കീലിന് വയറുവേദന വന്നു. ഒരു സ്വകാര്യ  ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു. കിഡ്നിക്കാണ് തകരാറ് എന്നു ഡോക്ടര്‍. പേടിക്കാനില്ല,ഒരാഴ്ച കഴിഞ്ഞ് ഓപ്പറേഷന്‍ . അതുവരെ മരുന്നുകള്‍ കഴിക്കുക.വക്കീലിന് വിഷമമായി,പേടിയും. ഏതായാലും ഇവരറിയാതെ മറ്റൊരു ഡോക്ടറെ കൂടി കണ്ട് ഒരു സെക്കന്‍റ് ഒപ്പീനിയന്‍ എടുക്കാം എന്നു തോന്നി വക്കീലിന്. നടക്കാന് എന്ന മട്ടില്‍ പുറത്തിറങ്ങി മറ്റൊരു ഡോക്ടറെ കണ്ടു. പരിശോധനയില് ഒരു കുഴപ്പവുമില്ല എന്നു ബോദ്ധ്യപ്പെട്ടു. തിരികെ വന്ന് രാത്രിയില്‍ ഫ്ളാസ്ക്,ഷീറ്റ് തുടങ്ങി ഓരോന്നായി പുറത്തുകടത്തി സ്ഥലം വിട്ടു. വക്കീലിനോടാ കളി. വക്കീലിന്‍റെ കിഡ്നി രക്ഷപെട്ടു. ഇപ്പോള്‍ വക്കീലിന്‍റെ ഉപദേശം ഇങ്ങനെ, ഓപ്പറേഷനു മുന്‍പ് മാത്രം പോരാ സ്കാനിംഗ്, ഓപ്പറേഷന്‍  കഴിഞ്ഞും വേണം. ഇവന്മാര്‍ എന്തൊക്കെയാ അടിച്ചു മാറ്റുക എന്നാര്‍ക്കറിയാം. പിന്നല്ല,,,,,,,,,
ഓപ്പറേഷന്‍ തീയറ്ററില്‍ ഡോക്ടര്‍മാര്‍ വളരെ പ്ലസന്‍റായാണ് പെരുമാറുക. ലോക്കല്‍ അനസ്തേഷ്യയാണെങ്കില്‍ രോഗിയോട് വീട്ടുകാരുടെയും നാട്ടുകാരുടെയും കഥകള്‍ ചോദിച്ചുകൊണ്ടിരിക്കും. മേജര്‍ ഓപ്പറേഷനാണെങ്കില്‍ ലൈംഗികാവയവങ്ങള് ഉള്‍പ്പെടെയുള്ള  അവയവങ്ങളുടെ നീളം,വണ്ണം തുടങ്ങി തമാശകളും തെറിവാക്കുകളുമൊക്കെയുണ്ടാവും മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ചില അടവുകള്‍. ഒരു സൈക്കോളജിക്കല്‍ അപ്രോച്ച്. ഇവര്‍ പക്ഷെ  ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ വളരെ റഫ് ആയിരിക്കാം. വെറുതെ മരുന്നുകള്‍ നല്കുന്നവരും ദോഷകരമായ മരുന്നുകള്‍ നല്കാത്തവരുമുണ്ട് ഡോക്ടര്മാര്‍ക്കിടയില്‍. എല്ലാം വ്യക്ത്യാധിഷ്ഠിതമാണ്. ഡോക്ടര്‍ ശ്രീധരനു മുന്നില്‍ പ്രായം ചെന്നൊരമ്മ വന്നു. ഒരു പാട് പരാതികള്‍. വയറു വേദന,നട്ടെല്ലു വേദന എന്നിങ്ങനെ. പ്രായാധിക്യത്തിന്‍റെ മാനസ്സിക പിരിമുറക്കാമാണെന്നു ഡോക്ടര്‍ക്ക് മനസ്സിലായി. സാമ്പിള്‍ കിട്ടിയ ജളൂസില് അമ്മച്ചിക്ക് നല്കി. ഗ്യാസിന് ഒരു ശമനം ഉണ്ടായി കാണും. ഒരാഴ്ച കഴിഞ്ഞ് ആനന്ദത്തിലാറാടി അവര്‍ വന്നു. ആ മരുന്ന് ഒരു കുപ്പികൂടി വേണം ഡാക്കിട്ടരെ എന്നായിരുന്നു  ആവശ്യം. ഡോക്ടര്‍ വിറ്റാമിന്‍ ഗുളിക നല്കി വിട്ടു. ഇത് നന്മയുടെ വശം.
അബോര്‍ഷന്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന പിജി വിദ്യാര്‍ത്ഥികളുണ്ട്. അധികം ആളില്ലാത്ത ചില ഫ്ളോറുകളില്‍ അവര്‍ക്ക് പ്രത്യക മുറിയുണ്ട്. അവിടെ കേസ്സു നടത്തേണ്ട ആളിനെയും പ്രതിയായ വ്യക്തിയെയും വിളിക്കും. ഏതായാലും സംഭവിച്ചു. സംഗതി ശരിയാക്കിത്തരാം. ഒന്നു കണ്ണടച്ചേക്കണം. ഇതാണ്  ആവശ്യപ്പെടുക. ആദ്യം എതിര്‍ക്കും,പിന്നെ വഴങ്ങും. പ്രതിയെ ബറോട്ടയും ചിക്കനും വാങ്ങാനായി  അയയ്ക്കും. അവന്‍ വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. പാപത്തിന്‍റെ പ്രതിഫലം..........
പകല്‍ സമയം ലിഫ്റ്റ് റൂമില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പിജി വിദ്യാര്‍ത്ഥികളെ കൈയ്യോടെ പിടികൂടിയ അനുഭവവുമുണ്ട്. അവര്‍ വിവാഹിതരായി എന്നത് മറ്റൊരു കഥ. രാത്രി ഡ്യൂട്ടി നോക്കുന്ന പുരുഷ പിജി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്ന സുന്ദരികളെ സൌജന്യ മരുന്ന്,രക്തം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി സ്വകാര്യ മുറികളില്‍ വരുത്തി കീഴ്പ്പെടുത്തുന്ന രീതിയുമുണ്ട്. പ്രലോഭനം, ഡോക്ടറോടുള്ള ആരാധന എന്നിവയുടെ മുതലെടുപ്പ്*******
സര്‍ജറി പിജിക്കാര്‍ പരീക്ഷ അടുക്കുന്നതോടെ വലിയ ഭക്തരായി മാറുന്നു. ഓപ്പറേഷന് നല്ല രോഗിയെ കിട്ടാനാണ് ഈ പ്രാര്‍ത്ഥന. ഗണപതിക്ക് തേങ്ങാ ഉടയ്ക്കലുമൊക്കെ നടക്കും. രോഗിയുടെ മുഴുവന്‍ ചിലവും വിദ്യാര്‍ത്ഥി വഹിക്കും എന്നു മാത്രമല്ല, നല്ല ചികിത്സയും ലഭിക്കും എന്നൊരു ഭാഗ്യവും ഈ രോഗിക്കുണ്ട്. വിദേശത്തു നിന്നുള്ള 3 ഡോക്ടര്‍മാര്‍, 2 അന്യ സംസ്ഥാനക്കാര്‍ എന്ന വിധമാണ് എക്സാമിനര്മാര്‍ ഉണ്ടാവുക. രാവിലെ 11 മണിവരെ കാര്യങ്ങള്‍ വളരെ സീരിയസ്സായിരിക്കും. തുടര്‍ന്ന് വിദഗ്ധര്‍ ടൂറിസം കേന്ദ്രത്തിലേക്ക് പോകും . വൈന്‍ ആന്റ് ഡൈന്‍ കഴിഞ്ഞുവന്നാണ് മാര്‍ക്കിടല്‍.അതിനിടെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ സഹായത്തോടെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ടാവും. സര്‍ക്കാര്‍ വന്‍ തുക ചിലവാക്കി  പഠിപ്പിക്കുന്ന ഈ ഡോക്ടര്‍മാര്‍  ബിരുദം കിട്ടി അധികം വൈകാതെ വിദേശത്തേക്ക് പോകുന്നത് നമുക്ക് വലിയ നഷ്ടമല്ലെ എന്ന ചോദ്യവും നിലനില്ക്കുന്നു.
പഞ്ഞി,കോട്ടണ്‍ തുണികള്‍,മരുന്നുകള്‍,ഗ്ലൌസ്,മാസ്ക് തുടങ്ങി പലതും ജീവനക്കാര് വീട്ടില് കൊണ്ടുപോകും. മുറിവ് കെട്ടുന്ന തുണികൊണ്ട് കൊതുവലയുണ്ടാക്കുന്നവര്‍ വരെയുണ്ട് കൂട്ടത്തില്‍. ജനാല തുടയ്ക്കാനും മറ്റും പഞ്ഞിയാണ് പല ജീവനക്കാരും ഉപയോഗിക്കുക. വര്‍ഷാവര്‍ഷം മരുന്നുകള്‍ വെട്ടിമൂടിയാലും രോഗികള്‍ക്ക് അത് നല്കാത്തവരുമുണ്ട്. കോട്ടണ്‍ നാപ്കിനായി ഉപയോഗിക്കുന്നവരും കുറവല്ല. ഡന്‍റല്‍ സെക്ഷനില്‍ ജോലി ചെയ്യുന്നവരും ബന്ധുക്കളും ഉപയോഗിക്കുന്ന പേസ്റ്റും ബ്രഷും കോളേജില്‍ രോഗികള്‍ക്കുവേണ്ടി സൌജന്യമായി ലഭിക്കുന്നതാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
എക്സ്റേ,സ്കാന്‍ തുടങ്ങിയവ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഡോക്ടറന്മാരുടെ ബന്ധം എടുത്തു പറയേണ്ടതാണ്. കമ്മീഷന്‍ വ്യവസ്ഥയില്‍ ആവശ്യത്തിനും അനാവശ്യത്തിനും സ്കാനിംഗ് എന്നത് അപകടകരമാണ്. പ്രഭാകരന്‍ എന്ന ഡോക്ടര്‍ ചില രോഗികള്‍ക്കായി പരിശോധന നിര്‍ദ്ദേശിക്കുന്ന സ്ലിപ്പില്‍ ഒരു പ്രത്യേക അടയാളം കൊടുക്കും. അതിന്‍റെ അര്‍ത്ഥം  ഇത് പരിശോധിക്കേണ്ടതില്ല എന്നാണ്. റിസള്‍ട്ട് ഡോക്ടര്‍ക്ക് നല്കിയേക്കാം എന്നു പറഞ്ഞ് രോഗിയെ മെഷീനില് വെറുതെ കയറ്റിയിറക്കും. ഞാന്‍ നോക്കി കുഴപ്പമില്ല എന്ന് ഡോക്ടറും പറയും. ഡോക്ടര്‍ എന്നാല് ദൈവതുല്യനാണല്ലോ . പാവപ്പെട്ടവര്‍ അത് കേട്ട് സന്തോഷിക്കും. ക്രൂരതയുടെ മുഖം. പണം ക്ലിനിക്കുകാരനും ഡോക്ടറും പങ്കിട്ടെടുക്കും. ഒരു എന്‍ഡോക്രൈനോളജി സ്പെഷ്യലിസ്റ്റുണ്ട്, അദ്ദേഹം സ്വന്തം ഭാര്യയുടെ ലാബില്‍ പരിശോധന നടത്തിയാലേ പരിശോധിക്കൂ. ചാര്‍ജ്ജ്  കുറഞ്ഞത് 1500രൂപ. എന്താ മോശമാണോ?????????????
 രാജീവിന്‍റെ  ഭാര്യ ഡോക്ടറാണ്. ഡെങ്കിപ്പനി ബാധിച്ച്  സിംസില്‍ അഡ്മിറ്റായി. പ്ലേറ്റ് ലെറ്റ്സ് കുറയുന്ന അവസ്ഥ. കൌണ്ട് 25,000 ഒക്കെയായി. മരുന്നുകള്‍ കൊടുക്കുന്നു. അവര്‍ മറ്റൊരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ ഒരു നഴ്സ് അപ്രന്‍റീസോ പഠിക്കുന്ന വിദ്യര്‍ത്ഥിയോ ആവാം, ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നു. സുഹൃത്ത് മരുന്ന് എന്താണെന്നു നോക്കി, ഈ പ്രിസ്ക്രിപ്ഷന്‍ ശരിയല്ല്ലോ എന്നും പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില് അത് അടുത്ത മുറിയിലെ ഹൃദ്രോഗിക്കുള്ളതായിരുന്നു എന്നു മനസ്സിലായി. അത് എടുത്തിരുന്നെങ്കില് കൌണ്ട് കുറഞ്ഞ് ആള് തട്ടിപ്പോയേനെ. ആയുസ്സിന്‍റെ ബലം.
ജോമ്മയുടെ  അച്ഛന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. അതും സിംസില് തന്നെ. അദ്ദേഹത്തിന്‍റെ മരുമകനും ഡോക്ടറാണ്. അദ്ദേഹം പ്രിസ്ക്രിപ്ഷന്‍ നോക്കുമ്പോള്‍,ഏറ്റവും പ്രധാനപ്പെട്ട ഇന്‍ജക്ഷന്‍ കുറിച്ചിട്ടില്ല. ഹൃദ്രോഗ വിദഗ്ധനെ ഫോണില് ബന്ധപ്പെട്ടു. ഓ- വിട്ടുപോയതാണ്. ഇമ്മീഡിയറ്റായി സ്റ്റാര്‍ട്ടു ചെയ്യാന്‍ പറയൂ എന്നായിരുന്നു മറുപടി. ആള്‍ തട്ടിപ്പോയാല്  നിര്‍ഭാഗ്യം,രക്ഷപെട്ടാല് ഡോക്ടറുടെ മിടുക്ക് എന്നതാണ് അവസ്ഥ.
ഒരു ദിവസം രാജീവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കാഴ്ചയ്ക്ക് സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പ്രായം ചെന്നൊരു സ്ത്രീയും ഓട്ടോയില്‍ വന്നിറങ്ങി. ഗൈനക്കോളജിസ്റ്റായ ഭാര്യയെ കാണാനാണ് അവര്‍ എത്തിയിരിക്കുന്നത്. ഡോക്ടര് വൈകിട്ടേ എത്തൂ,നിങ്ങള്‍ പോയിട്ട് വന്നാല് മതിയെന്നു് രാജീവ് പറഞ്ഞു. ഇല്ല,ഞങ്ങള് ഇവിടിരുന്നോളാം എന്നായി അവര്‍. അദ്ദേഹം ഭക്ഷണം കഴിഞ്ഞ ശേഷം അവര്‍ക്ക് പുറത്തിരിക്കാനുള്ള അനുവാദം കൊടുക്കാന് വേലക്കാരിയോട് നിര്‍ദ്ദേശിച്ച് തിരികെ പോരുന്നു. സാധാരണ രോഗികളെക്കുറിച്ച് ചോദിക്കാറില്ലാത്ത രാജീവിന് ആ ചെറുപ്പക്കാരിയുടെ കാര്യത്തില് എന്തോ ഒരു താത്പര്യം തോന്നി. രാത്രിയില് മടങ്ങി വന്നപ്പോല്‍ ഈ രോഗിയെക്കുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞു,അത് രോഗമായിരുന്നില്ല. ജീവിതത്തിലാദ്യമായി ഒരു അബോര്ഷന്‍ ചെയ്തു കൊടുത്തു. രാജീവ് ഒന്നു ഞെട്ടി. ഒരിക്കലും അതിന് തയ്യാറാകാത്തയാളാണ് ഡോക്ടര്‍. സംശയത്തോടെ അവരെ നോക്കി. പാപമാണെങ്കിലും അവരെ തിരിച്ചയായ്ക്കാന്‍ മനസ്സനുവദിച്ചില്ല. വന്ന സ്ത്രീയുടെ ഭര്‍ത്താവ്   ഗള്‍ഫിലാണ്. അടുത്ത വീട്ടിലെ പയ്യനുമായി വേഴ്ചയുണ്ടായി. ആരെയും അറിയിക്കാന് കഴിയില്ല. അറിഞ്ഞാല്‍ ആത്മഹത്യ മാത്രമെ മാര്‍ഗ്ഗമുള്ളു. ഭര്‍ത്താവിന്‍റെ അമ്മയാണ് കൂടെ വന്നത്. കരച്ചിലും പിഴിച്ചിലുമായി. അവളുടെ മരണം ഞാന്‍ മുന്നില്‍ കണ്ടു. ദൈവത്തോട് മാപ്പപക്ഷിച്ച ശേഷം ഞാനത് ചെയ്തു കൊടുത്തു. ആ വാക്കുകളില് ഗദ്ഗദമുണ്ടായിരുന്നു. അത് നന്നായി  എന്ന് രാജീവ് ആശ്വസിപ്പിച്ചു. ഇത് മനുഷ്യത്വം,ഹൃദയ വിശാലത. ഈ രംഗത്ത് ഇതൊക്കെ എത്രപേര്‍ക്കുണ്ട്################


Saturday, 10 October 2015

Mussoori trip



മുസ്സൂറി യാത്രയുടെ  ഓര്‍മ്മ
2015 സെപ്തംബര്‍ 6. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  11.30നായിരുന്നു  ജോളി ഗ്രാന്‍റിലേക്കുള്ള  ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ചെറിയ തകരാറുകള്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മുസ്സൂറിയിലേക്കുള്ള വഴിയില്‍ മഴപെയ്താല്‍ റോഡ് ഗതാഗതം തടസ്സപ്പെടും എന്നു കേട്ടുട്ടുള്ളതിനാല്‍ സമയത്തിന് എത്തുമോ എന്നൊരു ഭയം നിലനിന്നിരുന്നു. 55 മിനിട്ട് യാത്രയാണ് ജോളി ഗ്രാന്‍റിലേക്ക്. തീരെ ചെറിയ എയര്‍പോര്‍ട്ടാണിത്. ഡറാഡൂണ്‍,മുസ്സൂറി,ഋഷികേശ്,ഹരിദ്വാര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകാന്‍ ഏറ്റവും അടുത്ത എയര്‍പോട്ടാണ് ജോളിഗ്രാന്‍റ്.യാത്രയിലുടനീളം കാഴ്ചകള്‍ കണ്ടുപോകാന്‍ കഴിയുംവിധം താണുപറക്കുന്ന വിമാനങ്ങളാണ് ഒരു പ്രത്യേകത. 1974ലാണ്  എയര്‍പോര്‍ട്ട് പണിതത്.1982മുതല്‍ 1995വരെ വായുദൂത് ലക്നൌവിലേക്കും പാന്ത്നഗറിലേക്കും സര്‍വ്വീസ് നടത്തിയിരുന്നു.  2004ല്‍ എയര്‍ ഡക്കാണാണ് ഡല്‍ഹി സര്‍വ്വീസ് ആരംഭിച്ചത്. 2007ല്‍ എയര്‍പോര്‍ട്ട് അടച്ചിട്ട്  വിപുലീകരിച്ചു. 2008ല്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു.2010ല്‍ ജറ്റ്, എയര്‍ ഇന്ത്യ എന്നിവയും 2012ല്‍  സ്പൈസ് ജറ്റും സര്‍വ്വീസ് ആരംഭിച്ചു.


ഒന്നരയ്ക്ക്  ഞങ്ങള്‍  എയര്‍പോര്‍ട്ടിലെത്തി. ടാക്സിയില്‍ തുടര്‍ യാത്ര ആരംഭിച്ചു. ഡറാഡൂണിലേക്ക് 22 കിലോമീറ്ററും മുസ്സൂറിയിലേക്ക് 60 കിലോമീറ്ററും ദൂരമുണ്ട്. ചൂടിന് കുറവില്ല. ഡറാഡൂണില്‍ നിന്നും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് മലകയറ്റമാണ്. വയനാട് ചുരം കയറും പോലെയുള്ള യാത്ര. മനോഹരമായ കാഴ്ചകള്‍. സന്ധ്യയോടെ മുസ്സൂറിയിലെത്തി. ഒരു ചെറുപട്ടണം. ഗാന്ധിചൌക്കിനെ ചുറ്റിപ്പറ്റി നില്ക്കുന്ന ,ജനവാസം കുറഞ്ഞ പ്രദേശമെന്നു പറയാം. എങ്കിലും കെംപ്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ നീണ്ടനിരകള്‍ കാണാം. അന്ന് പതിവിലധികം തിരക്കുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് വിജയികളായ മുന്നൂറോളം പേര്‍ വന്നിറങ്ങുന്നതിന്‍റെ തിരക്ക്. മിക്കവരും കാറിലാണ്. മഹര്‍ഷി വാല്മീകി മാര്‍ഗ്ഗിലൂടെ ഞങ്ങളുടെ വാഹനവും ഇഴഞ്ഞുനീങ്ങി. ഒടുവില്‍ ലാല് ബഹാദൂര്‍ ശാസ്ത്രി സിവില് സര്‍വ്വീസ് അക്കാദമിയുടെ പ്രധാന ഗേറ്റിലെത്തി. കനത്ത സെക്യൂരിറ്റിയാണ്. കാമ്പസ്സിലേക്ക് അന്യര്‍ക്ക് പ്രവേശനമില്ല. മോള്‍ കൌണ്ടറില്‍ രജിസ്ററര്‍ ചെയ്ത് വണ്ടിയില്‍ അകത്തേക്ക് പോയി. ഞങ്ങള്‍ ആശങ്കയോടെ പുറത്തുനിന്നു. ലഗേജുമൊക്കെയായി അവള്‍ എങ്ങിനെ മാനേജ് ചെയ്യും എന്നായിരുന്നു ആശങ്ക.
വണ്ടി തിരികെയെത്തി. ഞങ്ങള്‍ ഗാന്ധിചൌക്കിലേക്ക് മടങ്ങി ഹോട്ടല്‍ വിഷ്ണു പാലസ്സില്‍ മുറിയെടുത്തു. ചാറ്റല്‍ മഴയുടെ അകമ്പടിയുള്ള സന്ധ്യ. ജയശ്രീക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. മല കയറിയതിന്‍റെ അസ്വസ്ഥതയും. കുറേ കഴിഞ്ഞപ്പോള്‍ മോള് വിളിച്ചു. ഐഡൻറിറ്റി കാര്‍ഡ് ലഭിച്ചുവെന്നും മുറി കിട്ടിയെന്നുമൊക്കെ അറിഞ്ഞു. സമാധാനമായി. ജയശ്രീ ഒന്നുറങ്ങി. ശ്രീക്കുട്ടന്‍ ടീവി കണ്ടു. ഞാന്‍ പുറത്തിറങ്ങി വാഹനങ്ങളുടെ നിലയ്ക്കാത്ത ചലനം നോക്കിനിന്നു.
മുസ്സൂറിയില്‍ ആട്ടോകളില്ല,ടാക്സിയും കുറവ്. ചിലയിടങ്ങളിലേക്ക്  സൈക്കിള്‍ റിക്ഷകള്‍ പോകും. ഞങ്ങള്‍ രാത്രിയില്‍ നാലു കിലോമീറ്റര്‍ നടന്ന് അക്കാദമിയുടെ സമീപമുള്ള ഗംഗാഗേറ്റിനടുത്തുള്ള ധാബയിലെത്തി മോളെ കണ്ടു. ഗംഗാ ഗേറ്റ് അന്വേഷിച്ച് നടക്കുമ്പോള്‍ ഞങ്ങള് മലയാളം പറയുന്നത് കേട്ട് മലയാളത്തില്‍ മറുപടി പറഞ്ഞ വ്യക്തി ഞങ്ങള്‍ക്ക് ആശ്വാസമായി. അത് ശ്രീമതി. അശ്വതി ഐഎഎസായിരുന്നു. അക്കാദമിയില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിതയായിട്ട് അധികമായില്ല. ആശയുടെ കുടുംബമാണ് എന്നു പരിചയപ്പെട്ട്  യാത്ര തുടര്‍ന്നു.
ധാബയില്‍ സജു വാഹിദ്,കമല്‍ കിഷോര്‍,സരയു,ഹരി തുടങ്ങിയവരുണ്ടായിരുന്നു. ആലു പൊറോട്ട,കാപ്പി എന്നിവ കഴിച്ച് അവരോട് യാത്ര പറഞ്ഞ് പിരിഞ്ഞു. വരും വഴി തട്ടുകടയില്‍ കയറി സൂഖാറൊട്ടിയും ചിക്കനും കഴിച്ചു. മുറിയിലെത്തി ഉറങ്ങി. രാവിലെ  എഴുന്നേറ്റ് ഗാന്ധി ചൌക്കിലെത്തി. വളരെ കുറച്ച് ആളുകള്‍ മാത്രമെയുള്ളു കവലയില്‍. നല്ല ചൂട് ചായ കുടിച്ചു. കുറച്ചു റിക്ഷകള്‍ മഞ്ഞില്‍ നനഞ്ഞ് കിടപ്പുണ്ട്. കുറച്ചു സമയം റോഡിലൂടെ നടന്നു. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ കൈയ്യില്‍ ചെറിയ വടിയുണ്ട്. പട്ടികളും ധാരാളം. വടി പട്ടിയെ പേടിപ്പിക്കാനണെന്നു തോന്നുന്നു. രാവിലെ വിഷ്ണുപാലസ്സില്‍ നിന്നും കാപ്പികുടിച്ച് മടങ്ങി,ജോളി ഗ്രാന്‍റിലേക്ക്. അവിടെനിന്നും ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറി.അതില്‍ എന്‍റടുത്ത സീറ്റിലിരുന്ന ആള്‍ ഗഡ്വാള്‍ റേഞ്ചിലെ ഐജി സഞ്ജയ് ഗുഞ്ജിയാലായിരുന്നു.ഴളരെ പോസിറ്റീവായ ഒരു മനുഷ്യന്‍. ഉത്തരാഖണ്ഡില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ കുറവാണെന്നും ജീവിതം സുഖമാണെന്നും അദ്ദേഹം പറഞ്ഞു.മകള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനത്തിലാണ് എന്നു പറഞ്ഞപ്പോള്‍ ടോട്ടല്‍ സര്‍വ്വീസില്‍ ഏറ്റവും നല്ല സമയമാണിത്,നന്നായി ആസ്വദിക്കാന്‍ പറയണം എന്നദ്ദേഹം പറഞ്ഞു.
ഒരു മണിക്ക് ഡല്‍ഹിയിലെത്തിയ ഞങ്ങള്‍ക്ക് തിരുവനന്തപുരം ഫ്ളൈറ്റ് 6.55നായിരുന്നു.അത് പുറപ്പെട്ടപ്പോള്‍ 7.30ആയി. പിന്നെ കൊച്ചിയിലും വൈകി.ഒടുവില്‍ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തി














Wednesday, 7 October 2015

Journey to Mookambika temple




മൂകാംബിക യാത്ര
കൊല്ലൂരെത്തുമ്പോള്‍  ഉച്ച കഴിഞ്ഞിരുന്നു.ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രകാരം സീതാ ലോഡ്ജിലേക്ക് കയറി.മാനേജര്‍ നാഗരാജ് ഉടന്‍തന്നെ ഒന്നാം നിലയില്‍ അടുത്തടുത്തായി രണ്ട് മുറികള്‍ തന്നു. മികച്ചതൊന്നുമല്ല ,ഒരു രാത്രി തങ്ങാന്‍ ധാരാളം. പെട്ടെന്ന് കുളിച്ചിറങ്ങി.അന്നദാനത്തിനായി പുറപ്പെട്ടു. വലിയ ക്യൂവായിരുന്നു ഊണിന്. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. തൊട്ടടുത്ത് പുഴ.മഴ പെയ്ത് കലങ്ങിയ,കനല്‍ നിറമുള്ള വെള്ളവുമായി കുത്തിയൊഴുകുന്ന പുഴ. ഇതാണ് അഗ്നിതീര്‍ത്ഥം. ക്ഷേത്രമുറ്റത്ത് കാളക്കൂറ്റന്മാര്‍ നടക്കുന്ന കാഴ്ച ഭയത്തോടെ നോക്കിനിന്നു. ഹോട്ടലിലെത്തി വിശ്രമിച്ച് വീണ്ടും ക്ഷേത്രത്തിലേക്കുപോയി. ആളുകള്‍ ക്യൂ നില്ക്കാനുള്ള വളഞ്ഞു വളഞ്ഞു പോകുന്ന ,ഇരുമ്പു പൈപ്പുകള്‍ കൊണ്ടു ബലപ്പെടുത്തിയ വഴിയിലൂടെ നടക്കുമ്പോള്‍, തിരക്കില്ലാത്തിടത്ത് എന്തിനീ സംവിധാനം എന്നു ചിന്തിച്ചുപോയി. കേരളത്തില്‍ കര്‍ക്കിടബലിയുടെ നാളായിരുന്നതിനാല്‍ ആളുകളുടെ എണ്ണം കുറഞ്ഞതാണെന്ന് വൈകിട്ട് വീണ്ടും ക്ഷേത്രത്തിലെത്തിയപ്പോള്‍ മനസ്സിലായി.
ദേവിയെ കണ്ടുതൊഴുതു. ഒന്നല്ല,മൂന്നുവട്ടം.അവിടെ നിന്നും ഇറങ്ങി വെറുതെ നടന്നു.റസ്റ്റ്ഹൌസ് നില്ക്കുന്നിടത്ത് എത്തിയപ്പോള്‍ കോഴിക്കോടു നിന്നുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് അവിടെ എത്തിയത് കണ്ടു. ഇളം മഴ നല്കുന്ന സുഖം.ചെറിയ തണുപ്പ്. ദൂരെയായി ഒരു ക്ഷേത്രം കണ്ടു. പാടത്തിന്‍ നടുവിലൂടെ നടന്നുപോകാന്‍ കഴിയും. ജയശ്രീ ഒന്നു മടിച്ചുനിന്നു. അപ്പോള്‍ കോഴിക്കോട്ടുകാരന്‍ ഒരാള്‍ വന്നു. വരൂ,ഞാനും അവിടേക്കാണ്  എന്നു പറഞ്ഞു. സാധാരണയായി ഇവിടെ വരുമ്പോള്‍ അവരുടെ സത്രത്തിലാണ് താമസിക്കാറ്,ഇത്തവണ ഫോണില്‍ കിട്ടിയില്ല എന്നും അയാള്‍ പറഞ്ഞു. ഒന്നുരണ്ട് മയിലുകള്‍ അവിടവിടെ പറക്കുന്നുണ്ടായിരുന്നു. സന്ധ്യയായിട്ടില്ല. ക്ഷേത്രത്തിനു ചുറ്റും കടുത്ത നിശബ്ദത. ക്ഷേത്രം ഒരുവട്ടം ചുറ്റി ഉള്ളില്‍ പ്രവേശിച്ചു. ഒരു ശിവലിംഗം മാത്രമുള്ള ഉള്ളറയാണ് ക്ഷേത്രം.വശങ്ങളിലെ മുറികളില്‍ നിന്നും പുരുഷന്മാരായ താമസക്കാര്‍ ഇറങ്ങി വന്നു. ഒരാള്‍ വിളക്കുകത്തിച്ച് പൂക്കള്‍ അര്‍പ്പിച്ചു. പൂജയും മന്ത്രവുമില്ല. നിശബ്ദത മാത്രം. അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവത്തെ മനസ്സിലോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനാണ് ഈ രീതി അവലംബിച്ചിരിക്കുന്നതെന്ന്  ഒരന്തേവാസി പിന്നീട് പറയുകയുണ്ടായി. പാലക്കാട്ടുള്ള ഒരു സ്വാമി സ്ഥാപിച്ചതാണ് ക്ഷേത്രം. അവിടെനിന്നും ഒരിടവഴിയിലൂടെ പുറത്തിറങ്ങി നടക്കുമ്പോള്‍ പുഴയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. നേരത്തേ കണ്ടത് കലങ്ങിയൊഴുകുന്ന പുഴയാണെങ്കില്‍ ഇത് കണ്ണീരുപോലുള്ള ജലം, കാശിതീര്‍ത്ഥം.
പടവുകള്‍ ഇറങ്ങി കൈകാലുകളും മുഖവും കഴുകി. കുറേക്കൂടി മുന്നോട്ടുപോകുമ്പോള്‍ അഗ്നിതീര്‍ത്ഥവും കാശിതീര്‍ത്ഥവും ഒന്നാകുന്നു. ഇത് സൌപര്‍ണ്ണിക. പിന്നെ പരന്നുള്ള ഒഴുക്കാണ്. കാഴ്ചകള്‍ കണ്ടുനടക്കെ ഒരു വീടിനോടു ചേര്‍ന്ന് ചെറിയൊരു കട കണ്ടു. പഴയ കാലത്ത് ഉടുപ്പി  ഹോട്ടലുകളില്‍  കണ്ടിരുന്ന തരം ചെറിയ സ്റ്റീല്‍ ഗ്ലാസ്സില്‍ അവര് നല്ല ചായയിട്ടുതന്നു. അത് കുടിച്ച് അവരുമായി കുറച്ചു ലോഹ്യം പറഞ്ഞ് പിരിഞ്ഞു. വീണ്ടും ക്ഷേത്രത്തിലെത്തുമ്പോള്‍ വലിയ തിരക്കായി കഴിഞ്ഞിരുന്നു. ക്യൂവില്‍ ക്ഷമയോടെ നിന്ന് ഒരിക്കല്‍കൂടി ദേവീദര്‍ശനം.  വിവിധ ദൈവങ്ങളേയും ശങ്കരാചാര്യരെയും തൊഴുത് പുറത്തിറങ്ങി.സൌപര്‍ണ്ണികയിലെ കുളിക്കടവ് അന്വേഷിച്ച് കുറേ നടന്നു. പോകും വഴിയുള്ള കൃഷ്ണക്ഷേത്രത്തിലും നദീതീരത്തുള്ള ഗണപതി ക്ഷേത്രത്തിലും കയറി. തിരികെ വരുമ്പോള്‍ ഒരു പുസ്തകക്കടിയില്‍ കയറി.അതിന്‍റെ ഉടമ ഒരു മലയാളി സ്ത്രീയാണ്. അവരുടെ ഭര്‍ത്താവ് മൂകാംബികയില്‍ തന്നെ ആയുര്‍വ്വേദഡോക്ടറായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം നാട്ടില്‍പോകാതെ അവിടെത്തന്നെ കഴിയുകയാണ് മക്കളില്ലാത്ത ആ സ്ത്രീ. വഴിയോരങ്ങളില്‍ ഒരുപാട് വൃദ്ധരെ കണ്ടു. ക്ഷേത്രപരിസരത്ത് ജീവിതം കഴിക്കുന്നവരാണ്.
രാത്രി ഭക്ഷണം മസാലദോശയും പൂരിയുമൊക്കെയായി കഴിഞ്ഞു. ലോഡ്ജിലെത്തി ഉറങ്ങി. രാവിലെ എഴുന്നേറ്റ് സൌപര്‍ണ്ണികയിലേക്ക് പോയി. നല്ല തണുപ്പുള്ള വെള്ളം. സുഖമായി കുളിച്ചു. ക്ഷീണമെല്ലാം അകന്നു. ക്ഷേത്രത്തില്‍ പോയി. വലിയ തിരക്ക്. എങ്കിലും ഒരിക്കല്‍ കൂടി ദേവിയെ തൊഴുതു. കുട്ടികള്‍ നൃത്തവും സംഗീതവും അരങ്ങേറുന്ന ഇടത്ത് കുറച്ചുസമയം ഇരുന്നു. മോളും ഒന്നു രണ്ട് സ്റ്റെപ്പുകള്‍ വച്ചു. ഓര്‍മ്മ പുതുക്കി അനുഗ്രഹം വാങ്ങി. ഒരു മലയാളിക്കടയില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. പത്തരയോടെ ടാക്സിയില്‍ മൂകാംബിക റോഡ് സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു. പച്ചപ്പ് ആസ്വദിച്ചുള്ള യാത്ര. ബൈന്‍ദൂര്‍ അഥവാ മൂകാംബിക റോഡ് സ്റ്റേഷന്‍ ഒറ്റ പ്ലാറ്റ്ഫോമുള്ള സ്റ്റേഷനാണ്. പണികള്‍ നടന്നുവരുന്നു. റോഡ് ശരിയായിട്ടില്ല. വെള്ളക്കെട്ടിലൂടെയാണ് കാര്‍ യാത്ര. അവിടെ കാത്തിരുന്ന് മംഗലാപുരത്തേക്കുള്ള വണ്ടിയില്‍ കയറി. മംഗലാപുരം സെന്‍ട്രലില്‍ എത്തുമ്പോള്‍ വലിയ മഴ. വിശപ്പുമുണ്ട്. അവിടെനിന്നും ടാക്സിയില്‍ മംഗലപുരം ജംഗ്ഷനിലേക്ക് യാത്രപുറപ്പെട്ടു. സ്റ്റേഷനടുത്ത് കൈരളി ഹോട്ടില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം. കുറേ ദിവസം മാംസം കഴിക്കാതിരുന്ന കുട്ടികളുടെ ആവേശം അടക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കിട്ടി. അവിടെ നിന്നും മാവേലി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക്. രാവിലെ എത്തുന്ന വണ്ടി. ഒന്നുറങ്ങി എണീറ്റപ്പോള്‍ പേട്ടിയലെത്തി. അവിടെയിറങ്ങി ആട്ടോയില്‍ വീട്ടിലേക്ക്.
മാവേലി എക്സ്പ്രസ്സിലായിരുന്നു അങ്ങോട്ടുള്ള യാത്രയും. വൈകിട്ട് ഏഴിന് തിരുവനന്തപുരത്തുനിന്നും തിരിച്ചു. രാവിലെ 8.05ന് മംഗലാപുരത്തെത്തി. അവിടെ നിന്നും 8.15ന് മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ്. അതില്‍ സൂരത്കലും ഉടുപ്പിയും കുന്ദാപുരവും കഴിഞ്ഞ് 10.54ന് മൂകാംബിക സ്റ്റേഷനില്‍ എത്തേണ്ടതാണ്. പക്ഷെ വൈകി. അവിടെ നിന്നും മാരുതി ഓംമ്നിയില്‍ 600 രൂപയായിരുന്നു മൂകാംബികയ്ക്ക്. സീത ഡീലക്സ് ലോഡ്ജ് മാനേജര്‍ നാഗരാജാണ്. മൊ- 09448829017( അജിത് കുമാര്‍,ജയശ്രീ,വിജയശ്രീ,ആശ,വൈശാഖ്,ശ്രീക്കുട്ടന്‍,വൈഷ്ണവ് എന്നിവരായിരുന്നു സംഘാംഗങ്ങള്‍)