പഴയ ചില യാത്രകളുടെ ഓര്‍മ്മ
ഹരിദ്വാറിലേക്കുള്ള
രണ്ടാം യാത്രയിലാണ് നീല്ധാരയില്‍ പോയത്.
1998 ലാണത്. സന്ന്യാസിമാരെ അടക്കുന്ന ഇടമാണ് നീല്‍ധാര. പണക്കാരായ സന്ന്യാസിമാരെ
പെട്ടിയിലും അല്ലാത്തവരെ ചാക്കില്‍ കെട്ടിയും പുഴയില്‍ താഴ്ത്തും. അഘോരി ബാബകള്‍
പലപ്പോഴും ഈ ഭാഗത്തുണ്ടാകും. അവര്‍ വിലപിടിപ്പുള്ളവയെല്ലാം എടുത്തുകൊണ്ടു പോകും.
ചിലപ്പോള്‍ മനുഷ്യമാംസം ഭക്ഷിക്കുകയും
ചെയ്യും. പാവം സന്ന്യസിമാര്‍ , ചിലര്‍ നദിയില്‍ അഴുകും, മറ്റുചിലര്‍ വെയിലില്‍
കരിയും, അല്ലെങ്കില്‍ അഘോരിബാബകളുടെ ഭക്ഷണമാകും. അവിടെ നിന്നും അനേകം നിറങ്ങളിലും
രൂപങ്ങളിലുമുള്ള കല്ലുകള്‍ ലഭിച്ചത് ഓര്‍ക്കുന്നു. അന്‍പത്തിയൊന്ന് പ്രതിമകളുള്ള
ഒരിടത്തും അന്ന് പോയിരുന്നു, പാവന്‍ ധാം എന്നാണ് ആ ഇടത്തിന്‍റെ പേര്. ആചാര്യ ബേലാ
ചണ്ഡി ക്ഷേത്രം, മന്ദിര്‍ മാതാ ലാല്‍ ദേവ്ജി ക്ഷേത്രം,വൈഷ്ണവോ ദേവി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചിരുന്നു. അനേകം നിലകളിലുള്ള ഭാരത്
മാതാ മന്ദിര്‍ കാണാനും പോയിരുന്നു. വിവിധ നിലകളിലായി ദൈവങ്ങള്‍,മഹിളകള്‍,സ്വാതന്ത്ര്യ
സമര സേനാനികള്‍ ,വിവിധ സംസ്ഥാനങ്ങളെപറ്റിയുള്ള പെയിന്‍റിംഗുകള്‍ എന്നിവ
കണ്ടു.കഥകളിക്ക് അവിടെ കഥക് എന്ന് എഴുതിയിരുന്നത് ഓര്‍ക്കുന്നു. പതിനൊന്ന്
ലക്ഷത്തി പതിനോരായിരത്തി നൂറ്റിപതിനൊന്ന് രൂപ മുടക്കി ഒരു ഗുജറാത്തിയാണ് ആ
കെട്ടിടം പണിതത്.
ഗംഗയുടെ മൂന്നു
പിരിവുകളുള്ള സപ്തസരോവറിലെ കുളിയിടത്ത് സ്വസ്ഥമായി കുളിച്ചു. അവിടെ സപ്തര്‍ഷികളുടെ
പ്രതിമയുണ്ട്. വിശ്വാമിത്രന്‍,ജംഭാഗന്‍,ഭരദ്വാജ്,ഗോതം,അത്രി,വശിഷ്ഠന്‍,കശ്യപന്‍
എന്നിവരുടേതാണ് ആ പ്രതിമകള്‍. ഞങ്ങളോടൊപ്പം സഹായിയായി വന്ന സ്വാമി രാംഭാരതിയെ ഓര്‍ക്കുന്നു. തീഷ്ണതയുള്ള കണ്ണുകള്‍,നീണ്ട
മൂക്ക്, പ്രസന്ന ഭാവം,ഒട്ടിയ വയര്‍ .ധ്യാനത്തിലൂടെ ആര്‍ജ്ജിച്ച ചൈതന്യമാണത്. ഇപ്പോള്‍
എവിടെയുണ്ടാകുമോ എന്തോ?
സിംലയിലേക്കുള്ള
രണ്ടാം യാത്ര 2002ലായിരുന്നു എന്നാണ് ഓര്‍മ്മ.
കല്‍ക്കയില്‍ നിന്നും സിംലയിലേക്കുള്ള യാത്രയുടെ ഉന്നതങ്ങളും അഗാധതകളും
മനോഹരങ്ങളാണ്. വീതികുറഞ്ഞ പാതകളിലൂടെ തീപ്പെട്ടിപോലെ ഒഴുകുന്ന തീവണ്ടി കടന്നുപോകുന്ന
വഴികളെ ഇങ്ങനെ പ്രതിപാദിക്കാം. തക്സല്‍ സമുദ്ര നിരപ്പില് നിന്നും 807 മീറ്റര്‍
ഉയരം, ഗുമ്മന്‍-940,കോട്ടി 1098,സൊണ്‍വാര 1334,ധരംപൂര്‍ ഹിമാചല്‍ 1469,കുമാര്‍
ഹാടി ദക്ഷല്‍ 1579,ബറോഗ് 1531,സൊലാന്‍ 1494,സാലോഗദേ 1509,കാന്താഘട്ട്,കാതിലി ഘട്ട്
1710,താരാദേവി 1844,ഗുതോഗ് 2018,സമ്മര്‍ഹില്‍,സിംല 2076, കുഫ്റി സമുദ്ര നിരപ്പില്
നിന്നും 2400 മീറ്റര്‍ ഉയരം. കുഫ്റിയിലെ പ്രകൃതിക്കാഴ്ചകള് നയനാനന്ദകരമാണ്. ഓക്കും
ഫറും ദേവദാരുവും ഇടകലര്‍ന്നു നല്കുന്ന സൌന്ദര്യം. കാഴ്ചയുടെ അപാരതയും പ്രകൃതിയുടെ
തണുപ്പും സ്നേഹം ചൊരിയുന്ന ഇളം വെയിലും. കുങ്കുമപ്പൂവും കന്മദവും ഉണങ്ങാത്ത കായവും
വില്ക്കുന്ന രാജുവിനെ പരിചയപ്പെട്ടത് ഓര്‍ക്കുന്നു. രാജുവിന്‍റെ മകന്‍റെ കൈയ്യില്‍
നിന്നും പി.ടി.ഉഷ ഇരുപത് ഗ്രാം കുങ്കുമപ്പൂവ് വാങ്ങിയത് വളരെ അഭിമാനത്തോടെ അവന്‍
പറഞ്ഞു. കുന്നു കയറാന് മടിയുള്ളവരെ യാക്കിനു മുകളില്‍ യാത്ര ചെയ്യാന് സഹായിച്ച്
ഉപജീവനം കഴിക്കുകയാണ് രാജു. ഒരു യാക്കിന് അന്ന് 12,000 രൂപ വിലയുണ്ടായിരുന്നു.
രാജുവിന് മൂന്ന് യാക്കുകളുണ്ട്. മാസ വരുമാനം ആറായിരം രൂപ. ഞങ്ങള്‍ താമസിച്ചത്
പോസ്റ്റല്‍ ഗസ്റ്റ് ഹൌസിലായിരുന്നു. സുധാകരേട്ടനാണ് അത് ശരിയാക്കി തന്നത്. ഗസ്റ്റ്
ഹൌസ് നോട്ടക്കാരന്‍ നാന്‍സിംഗ് അല്‍മോറക്കാരനാണ്. ഇപ്പോള്‍ ഉത്തരാഖണ്ടില്‍ .നൈനിത്താളും
റാനിക്കേത്തും കഴിഞ്ഞു വരുന്ന സ്ഥലം. യാത്രയില്‍ ഞങ്ങളെ സഹായിച്ച ഡ്രൈവര്‍ സുരീന്ദര്‍
പാലായിരുന്നു. ടൂര്‍ ഓപ്പറേറ്റര് ഗിരീഷ് സൂദും. പരിചയപ്പെട്ട മറ്റൊരു വ്യക്തി വിരേന്ദറാണ്.പാട്യാലക്കാരനാണ്.
34 വര്‍ഷമായി സിംലയില്‍ തുടരുന്ന വിരേന്ദര് സിംലയിലുള്ള സ്വന്തം സ്വത്ത്
സംരക്ഷിക്കാനാണ് ഇവിടെ കഴിയുന്നത്. വളരെ സൌമ്യനായ മനുഷ്യന്‍. ട്രെയിനില്‍ കല്‍ക്കയിലേക്ക്
പോകാന് വന്നതാണ്. ട്രെയിനിലാണെങ്കില്‍ 20 രൂപ മതി,ബസ്സിലായാല്‍ അത് 67 രൂപയാകും.
ഒരു പെന്‍ഷനര്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നും വിരേന്ദര്‍ പറഞ്ഞു. കോഫി ഹൌസില്‍
കയറി മസാലദോശ കഴിച്ചു. തണുപ്പായതിനാല്‍ വേണ്ടത്ര പുളിക്കാത്ത മാവായിരുന്നു.
കീരിക്കാടുകാരന് ദേവരാജനാണ് ഭക്ഷണം കൊണ്ടുവന്നു നല്കിയത്. നാലുമാസം കൂടി കഴിഞ്ഞാല്‍
പെന്‍ഷനാകും. ഏറെ കാലവും സിംലയിലാണ് കഴിഞ്ഞതെന്നും അയാള് പറഞ്ഞു.
ബ്രിട്ടീഷുകാര്
സ്ഥാപിച്ച മാളിലെ പോസ്റ്റല് ഗസ്റ്റ് ഹൌസ് പ്രൌഢവും ഗംഭീരവുമായിരുന്നു. സിംലയില്‍
പതിനായിരത്തിലേറെ കാഷ്മീരികള്‍ ചുമടെടുത്തു ജീവിക്കുന്നു. അതില് മെട്രിക്കുലേഷന്‍
മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ളവരുണ്ട്. 1970ല്‍ മെട്രിക്ക് പാസ്സായ സൂദാണ്
ഞങ്ങളുടെ ലഗേജ് എടുത്ത്. കാഷ്മീരില്‍ കൊള്ളയാണ് നടക്കുന്നതെന്ന് സൂദ് ഞങ്ങളോട്
പറഞ്ഞു. രാഷ്ട്രീയക്കാര്‍,ഉദ്യോഗസ്ഥര്‍,പട്ടാളം എല്ലാവരും കൊള്ളയടിക്കുന്നു.
നിസ്സംഗരായ നാട്ടുകാര്‍ക്ക് തൊഴിലും ജീവിത സൌകര്യവും ലഭിക്കാത്തിടത്തോളം സമാധാന
ശ്രമങ്ങള്‍ പാഴ്വേലയാണ്. ഞാന്‍ കഷ്ടപ്പെട്ട് എന്‍റെ കുട്ടികളെ പഠിപ്പിക്കുന്നു.25
വര്‍ഷമായി ഇവിടെയാണ്. സീസണില് പണിയെടുക്കും,ബാക്കി സമയം നാട്ടില് പോയി കൃഷി
ചെയ്യും.എന്‍റെ കുട്ടികള്ക്ക് ഒരു ജോലിക്ക് പ്രതീക്ഷയുണ്ടോ എന്നതാണ് ചോദ്യം എന്ന് സൂദ് പറഞ്ഞു. സൂദിന്‍റെ
ആഗ്രഹം നടന്നിട്ടുണ്ടാവുമോ എന്തോ?
No comments:
Post a Comment