Tuesday, 27 October 2015

Story- Chalikkunna chithram

കഥ
ചലിക്കുന്ന ചിത്രം
 “ഒരു ചലിക്കുന്ന വസ്തുവിനും ചിത്രത്തിനുമിടയിലുള്ള  അകലം എത്ര നേര്‍ത്തതാണെന്ന് നിനക്കറിയാമോ?” ,വരച്ചുകൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ  രേവ ചോദിച്ചു. എന്നിട്ട് അവള്‍ എന്നെ നോക്കി ഇങ്ങനെ തുടര്‍ന്നു.
ഒരു പക്ഷെ ,വേര്‍തിരിക്കാന്‍ കഴിയാത്തത്ര അടുത്ത്. ക്യാമറയിലൂടെ നമ്മള്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ അതിന് ചലനമുണ്ട്.എന്നാല്‍ അത് ക്യാമറയില്‍  പകര്‍ത്തപ്പെടുന്നതോടെ  ചിത്രമായി തീരുന്നു, അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
രേവ ഇങ്ങനെയാണ്.അവള്‍ പറയുന്നതിലെല്ലാം ഒരു ദാര്‍ശനികഭാവമുണ്ടാകും.നോക്കൂ,മുകുന്ദാ, ഞാനും നീയുമെല്ലാം ഒരര്‍ത്ഥത്തില്‍ ചിത്രങ്ങളാകേണ്ടവരല്ലെ.നിന്‍റെ അച്ഛന്‍ എന്നെ തോളിലേറ്റി ആനകളിച്ചിരുന്നത് ഞാനോര്‍ക്കാറുണ്ട്.ഇപ്പൊ അദ്ദേഹം ഒരു ചിത്രമായി ഈ ഭിത്തിയില്‍ തൂങ്ങുന്നു. വലിയ സദസ്സുകളെ സംഗീതം കൊണ്ട് കോരിത്തരിപ്പിച്ച എന്‍റെ അച്ഛനും ഒരു നിശബ്ദ ചിത്രമായില്ലെ.
ഞാന്‍ അവളെ നോക്കി  ചിരിച്ചു.അവള്‍ക്ക് തുടര്‍ന്ന് സംസാരിക്കാന്‍ മറുപടിയുടെ അകമ്പടിയൊന്നും ആവശ്യമായിരുന്നില്ല.കേള്‍ക്കാന്‍ ഒരു സാന്നിദ്ധ്യം വേണമെന്നെ ഉണ്ടായിരുന്നുള്ളു. എടാ,നിനക്കറിയാമോ,ഒരു പെന്‍സിലിന്‍റെ കൂര്‍പ്പിച്ച അഗ്രം ഒരു കാഴ്ചയെ ഇല്ലാതാക്കാനും സുഖം പകരുന്ന കാഴ്ച നല്കാനും ഉപയോഗപ്പെടുത്താവുന്നതാണ്.ഈ ബ്രഷും അതുപോലെതന്നെയാണ്.നോക്കൂ,ഈ ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കാനും ദാഇങ്ങനെ തോന്നിയപോലെ ബ്രഷോടിച്ച് വികൃതമാക്കാനും അതിന് കഴിയും,അവള്‍ വരച്ചുവച്ചിരുന്ന ചിത്രത്തില്‍ ചായം മുക്കിയ ബ്രഷോടിച്ച് ആ ചിത്രത്തെ നശിപ്പിച്ചു. എന്‍റെ  മുഖം വിവര്‍ണ്ണമാകുന്നത്  അവള്‍ കണ്ടു.അതവളെ  സന്തോഷവതിയാക്കി.അവള്‍ ഉറക്കെ ചിരിച്ചു.
ബുദ്ദൂസ്,നിസ്സാരകാര്യങ്ങള്‍ക്ക്  ഇങ്ങനെ ടെന്‍ഷനാകാമോ?,അവള്‍ ബ്രഷിന്‍റെ കൈപ്പിടി എന്‍റെ നെഞ്ചിലമര്‍ത്തി. എന്നിട്ട് പതുക്കെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഞങ്ങളുടെ ചലനങ്ങള്‍ പതുക്കെ ഇല്ലാതായി.ഒരു ചിത്രം പോലെ ചലനമറ്റു നിന്ന എന്നെ  അവള്‍ കുലുക്കി  വിളിച്ചു. ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കൈകള്‍ അയച്ച് മാറിനിന്നശേഷം  എയര്‍കണ്ടീഷനര്‍  ചലിപ്പിച്ചു.
സോറി മുകുന്ദന്‍,ഞാന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.എന്തുചെയ്യാം,ഞാന്‍ ഇങ്ങനെയായിപ്പോയി. അവളുടെ ക്ഷമാപണം  എന്നിലെ അസ്വസ്ഥതയെ കുടഞ്ഞുകളഞ്ഞു.
ഇറ്റ്സ് ആള്‍ റൈറ്റ് രേവ, വരൂ,നമുക്കൊന്ന് പുറത്തുപോയി വരാം,ഞാന്‍ പറഞ്ഞു. അവള്‍ ഒരു കുട്ടിയെപോലെ  അനുസരണ ശീലയായി. ഞങ്ങള്‍ കടപ്പുറത്തേക്ക്  പോയി. വലതുകൈകൊണ്ട് മണല്‍വാരി ഇടതുകൈയ്യിലേക്കിട്ട് രണ്ടുകൈയ്യും കൂട്ടിത്തിരുമ്മി അവളത് എന്‍റെ മുഖത്ത് തേച്ചു. ആ കുസൃതി ഞാന്‍ ആസ്വദിച്ചു.
മുകുന്ദന്‍,സത്യം പറയൂ,എന്നെ വിവാഹം കഴിച്ചത് ശരിക്കും അബദ്ധമായി  എന്ന് നിനക്ക് തോന്നാറില്ലെ
മനസ്സിലുള്ളത് മുഖത്ത് വരാതിരിക്കാന്‍ പണിപ്പെട്ട് ഞാന്‍ പറഞ്ഞു, ഏയ്, എന്തായിത്.ഐ ആം എ ലക്കി മാന്‍ രേവ, നിന്നെപ്പോലൊരു ഫേമസ് ആര്‍ട്ടിസ്റ്റിന്‍റെ  സാന്നിധ്യം തന്നെ ....,അവള്‍ വിരലുകൊണ്ട്  ചുണ്ടിനെ  തടഞ്ഞു. വേണ്ട മുകുന്ദന്‍,ഭംഗി വാക്കുകള്‍ വേണ്ട.ഞങ്ങള്‍ കലാകാരികള്‍ക്ക് ഈ നാട്യം പെട്ടെന്ന് മനസ്സിലാകും. മുകുന്ദന്‍റെ ഈ മുഖഭാവം ഞാനൊരു ക്യാന്‍വാസിലാക്കിയാല്‍  ഒരു സാധാരണക്കാരന്‍  പോലും പറയും ഇയാള് കള്ളം പറയുകയാണെന്ന്. ഞങ്ങള്‍ക്കിടയില്‍ മൌനം  കനത്തു. ഞങ്ങള്‍ സമാന്തരമായി നടക്കുകയായിരുന്നു. ചിന്തയും അങ്ങിനെതന്നെ.
മുകുന്ദന്‍,മൂന്നുപേര്‍ മാത്രമുള്ള ആ കട്ടമരത്തിന്‍റെ  യാത്ര കണ്ടോ.ഇത്തരമൊരു ചിത്രം ഞാന്‍ വരച്ചിട്ടുണ്ട്.  കട്ടമരത്തില്‍ ഒരാള്‍ തനിച്ചായിരുന്നെന്നു മാത്രം. ഈ കടല്‍ക്കരയില്‍ നിന്നാണ്  ഞാനാ ചിത്രം വരച്ചത്. ചിത്രം വരച്ചുതീരും വരെയും ആ കട്ടമരവും മീന്‍പിടുത്തക്കാരനും  ചലിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രഷിന്‍റെ അവസാന മിനുക്കുകൂടി കഴിഞ്ഞതോടെ  അത് കടലില്‍ അപ്രത്യക്ഷമായി. ഞാന്‍ നേരത്തെ സൂചിപ്പിച്ചില്ലെ,അതുപോലെ,ആ ചലനം ഒരു നിശബ്ദ ചിത്രമായി  കാന്‍വാസിലേക്ക് ആവാഹിക്കപ്പെട്ടു. ഞാന്‍ ശരിക്കും ഷോക്ക്ഡായിപ്പോയി. ഇവിടെ നിന്ന് ഞാന്‍ അലറിക്കരഞ്ഞു. എന്‍റെ വിഹ്വലതകള്‍ ആരറിയാന്‍. ഒരാളും എന്നെ ശ്രദ്ധിച്ചില്ല. ഒടുവില്‍ ഞാന്‍ ഈ കരയില്‍ കമിഴ്ന്നടിച്ചു കിടന്നു. തിരകള്‍ വന്നെന്നെ തഴുകി ആശ്വസിപ്പിച്ചു. ഇരുട്ടു വീണുകിടന്ന  ഈ കടല്‍ത്തീരത്തുനിന്നും അച്ഛന്‍ എന്നെയും എന്‍റെ ചിത്രത്തെയും  എടുത്തുകൊണ്ടുപോയി. അപ്പോള്‍ ചലനമുള്ള ഞാനും  ചലിക്കാത്ത എന്‍റെ ചിത്രവും ഏതാണ്ട് ഒരേ അവസ്ഥയിലായിരുന്നു.

എനിക്ക് അവളുടെ മുഖത്ത് നോക്കാന്‍ പേടിതോന്നി.ആരാണിവള്‍? സ്വപ്നങ്ങളാണോ ഇവള്‍ പറയുന്നത്, അതോ യഥാതഥമായ  ചില കാഴ്ചകളോ  . ഇവളുടെ ഭാവത്തില്‍ ചില അസ്വഭാവികതകള്‍ ഇല്ലെ? ഇങ്ങനെ  ചില ചിന്തകളില്‍ മുഴുകവെ അവളുടെ ചോദ്യം എനിക്കുനേരെ വന്നു.മുകുന്ദന് പേടി തോന്നുന്നുണ്ടോ എന്‍റെ ഭ്രാന്തുകള്‍ കേട്ടിട്ട്,അവള്‍ ഗൌരവത്തിലായിരുന്നു.
ഏയ്,ഇല്ല,വണ്ടിയിലേക്ക് കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.
മുകുന്ദന്‍ വീണ്ടും കളവ് പറയുകയാണെന്ന് എനിക്കറിയാം.എങ്കിലും എനിക്കൊന്നും മറക്കാനും മറയ്ക്കാനും വയ്യ മുകുന്ദാ.നമുക്ക് ഈ വസ്ത്രങ്ങള്‍ പോലെ ഒരു മറ ആവശ്യമില്ലല്ലോ. ഉണ്ടെന്ന്  മുകുന്ദന് തോന്നുന്നുണ്ടോ? വീണ്ടും എന്‍റെ മുഖം വിളറുന്നത് അവളറിഞ്ഞു.
മുകുന്ദാ,വണ്ടി നിര്‍ത്തൂ,ഞാന്‍ നിനക്കൊരു ഐസ്ക്രീം വാങ്ങിത്തരാന്‍ പോവുകയാണ്.നിന്‍റെ ഉള്ളൊന്നു തണുക്കട്ടെ.
ഞാന്‍ വണ്ടി നിര്‍ത്തി.അവള്‍ ഉത്സാഹഭരിതയായ ഒരു കുട്ടിയെപോലെ ചാടിയിറങ്ങി ഐസ്ക്രീംകാരന്‍റെ കൈയ്യില്‍ നിന്നും രണ്ട് കോര്‍നെറ്റോ ഐസ്ക്രീം വാങ്ങി.ഒന്ന് എനിക്ക് തന്നശേഷം അവള്‍ ഐസ്ക്രീം ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സ് ദൂരെ എവിടെയോ ആയിരുന്നു. നാളെ ജോലിസ്ഥലത്തേക്ക്  മടങ്ങിപ്പോകണം.ആറുമാസം കഴിഞ്ഞേ വീണ്ടും വരവുണ്ടാകൂ. രേവയോടൊപ്പം കഴിയുന്ന ദിനങ്ങള്‍ തീവ്രങ്ങളാണ്.സ്നേഹവും തീവ്രമാണ്.അവളുടെ അസാധാരണ രീതികളും അങ്ങിനെതന്നെ. ഒരു ചിത്രം വരയ്ക്കുന്ന അതേ ശ്രദ്ധയോടെയാണ് അവള്‍ ഭക്ഷണം വിളമ്പുന്നതും വസ്ത്രങ്ങള്‍ വാങ്ങി നല്കുന്നതും കിടപ്പറയില്‍ പെരുമാറുന്നതുമെല്ലാം.ഒരു കലാകാരിയുടെ വിരല്‍ സ്പര്‍ശം എന്തിലും ഏതിലുമുണ്ട്. എങ്കിലും ഭയപ്പെടുത്തുന്ന ചില രീതികള്‍,അസാധാരണമായവ. ജ്യേഷ്ടന്‍ പറഞ്ഞത് ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്,ചിത്രകാരിയാണ്, സാധാരണ ഒരു പെണ്‍കുട്ടിയെപോലെ ഒതുക്കമുണ്ടാകില്ല മുകുന്ദാ,നിനക്കതൊക്കെ താങ്ങാന്‍ കഴിയുമോ?
രേവയെ പ്രണയിക്കും മുന്‍പേ അവളുടെ ചിത്രങ്ങളെയാണല്ലോ താന്‍ പ്രണയിച്ചത്. അവയിലെ കടും നിറങ്ങള്‍,പിടിച്ചു വലിക്കുന്ന കാന്തികശക്തി.അത് ചിത്രത്തേക്കാള്‍ എത്രയധികമാണ് ചിത്രകാരിയില്‍ എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.
സ്ത്രീ പുരുഷ ബന്ധം ദൃഢവും തീവ്രവുമാകണമെങ്കില്‍ അവര്‍ തമ്മില്‍ അപൂര്‍വ്വമായെ കാണാവൂ.ആറുമാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ അതുപോലെ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം, വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്‍പാണ് രേവ അത്തരമൊരു പ്രസ്താവന നടത്തിയത്. ലണ്ടനില്‍ നിന്നും ബാംഗ്ളൂരിലേക്ക് ഒരു മാറ്റത്തിന് ഏറെ സാധ്യതയുള്ള സമയമായിരുന്നു അത്. ഞാന്‍ അതിനുള്ള അപേക്ഷയും കൊടുത്തിരുന്നു. നീ ഒരു ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടേക്ക് വന്നാല്‍ ആറുമാസത്തിനുള്ളില്‍ നമ്മുടെ ബന്ധം അവസാനിച്ചേക്കാം.ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം നീണ്ടുനിന്നേക്കാനും മതി.ഇടയ്ക്കൊക്കെ മാത്രം തമ്മില്‍ കാണുമ്പോള്‍ എന്ത് രസാ, എത്ര ഡീപ്പാ ആ നിമിഷങ്ങള്‍, കാണാന്‍ ആര്‍ത്തിയുണ്ടാകും,ഒന്നു കെട്ടിപ്പിടിക്കാന്‍,ചുംബിക്കാന്‍.. ,അതൊക്കെ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ചിരിച്ചു.വാട്ടര്‍ കളറില്‍ വരച്ച ചിത്രവും ഓയിലില്‍ ചെയ്ത പെയിന്‍റിംഗും തമ്മിലുള്ള വ്യത്യാസം ഞാന്‍ പറയാതെ തന്നെ നിനക്ക് മനസ്സിലാകുമല്ലൊ, -ല്ലെ - മുകുന്ദാ", ഉദാസീനമായി അങ്ങിനെ പറഞ്ഞുകൊണ്ട് അവള്‍ ചിത്രരചന തുടര്‍ന്നു.
രേവയുടെ ചിന്താരീതികള്‍ക്ക് മുന്നില്‍ താനൊരു ശിശുവാകുന്നപോലെ എനിക്ക് പലപ്പോഴും തോന്നാറുണ്ട്.ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അത് സംഭവിച്ചതാണ്.അവളുടെ ഊര്‍ജ്ജത്തിന്‍റെ തീവ്രത അത്രയ്ക്കുണ്ട്. ഒരു പക്ഷെ എല്ലാ കലാകാരന്മാര്‍ക്കും അതുണ്ടാകാം.
നീ എന്താടാ ഓര്‍ത്തു നില്ക്കുന്നെ,അത് കഴിച്ചു തീര്‍ക്ക്,നമുക്ക് പോകണ്ടെ.ഈ നില്പ്പുകണ്ടാല്‍ നീയും ഒരു ചിത്രമായി തീര്‍ന്നോ എന്ന് സംശയിച്ചു പോകും”, അവള്‍ വേണ്ടതിലേറെ കുനിഞ്ഞ് സ്വന്തം തുടയില്‍ കൈകള്‍ അടിച്ചും തല വശങ്ങളിലേക്ക് ചരിച്ചും ഉറക്കെയുറക്കെ ചിരിച്ചു. ഞാനും ഒന്നു മന്ദഹസിച്ച് വേഗം തന്നെ ഐസ്ക്രീം കഴിച്ചുതീര്‍ത്ത് കൈകള്‍ പരസ്പ്പരം ചേര്‍ത്തമര്‍ത്തി. അപ്പോഴേക്കും അവള്‍ ചിരി നിര്‍ത്തിയിരുന്നു. അവളുടെ തീ പാറുന്ന നോട്ടം എവിടേക്കാണെന്ന് ഞാന്‍ ശ്രദ്ധിച്ചു. മുന്നിലെ മൂടലില്‍ ആ ഐസ്ക്രീം കച്ചവടക്കാരന്‍ ഇല്ലാതാകുന്നത് ഞാനറിഞ്ഞു. ഞാന്‍ വേഗം വണ്ടിയില്‍ കയറി, അവളും.തിരിഞ്ഞു നോക്കാതെ വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷവും അവളോടെന്തെങ്കിലും ചോദിക്കാനോ ആ മുഖത്ത് നോക്കാനോ എനിക്ക് ഭയമായിരുന്നു. ഞാന്‍ വേഗം ഉറങ്ങാന്‍ പോയി. അവള്‍ ആ രാത്രി ഉറങ്ങിയില്ലെന്ന് അടുത്ത ദിവസം മനസ്സിലായി. മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്ന ഒരു മനുഷ്യന്‍റെ ചിത്രം കാന്‍വാസില്‍  പൂര്‍ത്തിയാക്കപ്പെട്ടിരുന്നു. ആ ഒരു പകല്‍ മുഴുവന്‍ രേവ ഉറക്കമായിരുന്നു.
ഒരു കരാറുകാരന്‍ ഉറപ്പിച്ച ഉടമ്പടിയിലെന്ന പോലെ ആറുമാസം കൂടുമ്പോഴുള്ള എന്‍റെ മടങ്ങിവരവുകള്‍ തുടര്‍ന്നുവന്നു. ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളും ഞെട്ടലുകളും സമ്മാനിച്ചുകൊണ്ടിരുന്നു.അതൊക്കെയും ചലിക്കുന്ന വസ്തുവിനും ചിത്രത്തിനുമിടയിലുള്ള സൂക്ഷ്മരേഖയെ കുറേക്കൂടി നേര്‍ത്തതാക്കുന്നവയായിരുന്നു.
തടാകത്തിലെ ബോട്ട്,ബൈക്ക് യാത്രക്കാരന്‍,ഒറ്റയാന്‍,ബലിതര്‍പ്പണം തുടങ്ങി അവളുടെ പുതിയ ചിത്രങ്ങളെല്ലാം തന്നെ ചലിക്കുന്ന വസ്തുവും ചിത്രവും തമ്മിലുള്ള അണുഘടനയുടെ  നേരിയ മാറ്റത്തിന്‍റെ കഥകളാണ് എന്നോടുപറഞ്ഞത്.അതൊക്കെയും മരണത്തിന് തൊട്ടുമുന്‍പുള്ള മുഹൂര്‍ത്തങ്ങളായിരുന്നു  അതല്ലെങ്കില്‍ ചിത്രമാകുന്നതിന്‍റെ ആദ്യത്തെ ബ്രഷ് പാടുകളായിരുന്നു.  ഓരോ വരവും ഓരോ മടങ്ങിപ്പോക്കും എന്നില്‍ സുഖകരമായ സ്പര്‍ശങ്ങളുടെയും അസുഖകരമായ രോദനങ്ങളുടെയും  ഗരിമകള്‍ സമ്മാനിച്ചു.മിക്കപ്പോഴും ശീതീകരിച്ച മുറിയിലിരുന്ന് ഞാന്‍ വിയര്‍ത്തു. കഴിഞ്ഞ വരവിലും കാര്യങ്ങള്‍ക്ക് പ്രത്യേക മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അവള്‍ ചിത്രം വരയ്ക്കുകയായിരുന്നു, അവളുടെ പ്രിയപ്പെട്ട മയിലിന്‍റെ ചിത്രം.
മുകുന്ദന്‍,ഒരു ചായക്കൂട്ടിലും ഒതുങ്ങാത്ത ചില നിറങ്ങളുണ്ട് പ്രകൃതിക്ക്. അവിടെയാണ് ഞങ്ങള്‍ ചിത്രകാരികള്‍ തോറ്റുപോകുന്നത്.നീ നോക്കൂ,നൂറോളം മയിലുകളെ ഞാന്‍ ഇതിനകം വരച്ചിട്ടുണ്ട്, എന്നിട്ട് ഒന്നിലെങ്കിലും  കഴുത്തിന്‍റെ ആ മനോഹര നിറം വന്നിട്ടുണ്ടോ? , എന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ അവള്‍ തുടര്‍ന്നു. ഇല്ല എന്നു മാത്രമല്ല എന്നെങ്കിലും അതിന് കഴിയുമെന്ന്  ഞാന്‍ വിശ്വസിക്കുന്നുമില്ല.,അവളുടെ നിരാശ നിറഞ്ഞ വാക്കുകളില്‍ പ്രകൃതിയോടുള്ള അടങ്ങാത്ത അസൂയയും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. അവള്‍ അപ്പോള്‍ വരച്ചുകൊണ്ടിരുന്ന മയിലിന്‍റെ ചിത്രത്തെ  നീലയും സ്വര്‍ണ്ണ നിറവും ചേര്‍ത്ത് വികൃതമാക്കി.എനിക്കത് തടയാമായിരുന്നു .പക്ഷെ അവളുടെ ശരീരത്തില്‍ നിന്നൊഴുകുന്ന ഊര്‍ജ്ജത്തിന്‍റെ തീവ്രതയില്‍ എന്‍റെ നാവും കൈകാലുകളും തളര്‍ന്നുപോയിരുന്നു. പക്ഷെ,ഇതൊക്കെയും അവളെ  സംബ്ബന്ധിച്ചിടത്തോളം ആപേക്ഷികങ്ങളായിരുന്നു.അന്നു രാത്രിയില്‍ അവള്‍ കിടക്കയില്‍ മയിലിനെപോലെ  നൃത്തമാടി ആനന്ദിച്ചു. പ്രഭാതത്തില്‍ ഒരു പുതിയ പൂവിരിയും പോലെ അവള്‍ സുന്ദരിയും സുഗന്ധിയുമായിരുന്നു.
ലണ്ടനില്‍ നടത്താന്‍ നിശ്ചയിച്ച അവളുടെ എക്സിബിഷന്‍റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്ക് സധനങ്ങള്‍ ഒതുക്കവെയാണ് രേവയുടെ ഫോണ്‍ വന്നത്. ഞാന്‍ എയര്‍പോര്‍ട്ടിലുണ്ടാവും, മറുപടി പറയും മുന്‍പ് അവള്‍ ഫോണ്‍ വച്ചു. എനിക്ക് ചിരി വന്നു. ശരിക്കും എക്സന്‍ട്രിക്കായ പെണ്‍കുട്ടി.എയര്‍പോര്‍ട്ടില്‍ വച്ച് ഒരു മര്യാദയുമില്ലാതെ അവള്‍ എന്നെ വാരിപ്പുണര്‍ന്നു. ഒരുപാട് സംസാരിച്ചു. ചിത്രങ്ങളെപ്പറ്റി,അവ പായ്ക്ക് ചെയ്ത രീതികളെപ്പറ്റി,അങ്ങിനെ പലതും. യാത്രക്കിടെ അവള്‍ പറഞ്ഞു,നമുക്ക് നാളെ മയിലാടും കുന്നിലേക്ക് പോകണം, അവിടെ ധാരാളം മയിലുകളുണ്ടെന്നു കേട്ടു. എന്‍റെ നൂറ്റിയൊന്നാമത്തെ മയില്‍ ചിത്രം  ഞാനവിടെവച്ച് വരയ്ക്കും. ഇത്തവണ അവന്‍റെ കഴുത്തിന്‍റെ നിറം  ഞാന്‍ ശരിക്കും ഒപ്പിയെടുക്കും മുകുന്ദാ. ചലിക്കുന്ന ജീവിയും ചലിക്കാത്ത ചിത്രവും തമ്മിലുള്ള അകലം ഞാനില്ലാതാക്കും ,എനിക്കുറപ്പാ.
രാത്രിയില്‍ അവള്‍ ഭയങ്കര ത്രില്ലിലായിരുന്നു. ഉറക്കത്തില്‍ പോലും അവളുടെ കൈകള്‍ ചലിക്കുന്നുണ്ടായിരുന്നു. മുഖത്ത് അസാധാരണമായ  പുഞ്ചിരിയും  കളിയാടി.

രാവിലെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മയിലാടും കുന്ന്.ഞാന്‍ സ്റ്റാന്‍റ് ഉറപ്പിക്കാനും കാന്‍വാസ് വയ്ക്കാനുമൊക്കെ സഹായിച്ചു. യൂ ആര്‍ റിയലി എ ഗുഡ് സപ്പോര്‍ട്ട്,മുകുന്ദന്‍,അവള്‍ പറഞ്ഞു. അവള്‍ ചായങ്ങള്‍ ചാലിച്ച് ബ്രഷ് കാന്‍വാസില്‍ തൊടുമ്പോഴേക്കും  കാടിനുള്ളില്‍ നിന്നും മയിലുകള്‍ പറന്നിറങ്ങി. അവള്‍ക്ക് ആവേശമായിരുന്നു.എല്ലാം മറന്നുള്ള രചന. അവളുടെ ശ്രദ്ധ മുഴുവന്‍ മയിലുകളുടെ കഴുത്തിലായിരുന്നു. അവള്‍ അടുത്തുപോയി അവയെ തൊട്ടുനോക്കുക പോലും ചെയ്തു.കാന്‍വാസില്‍ ചിത്രം പൂര്‍ത്തിയാവുകയായിരുന്നു. കഴുത്തിലെ നിറം ഏതാണ്ടതുപോലെ  എത്തിയെന്ന് പറയാം. എന്നിട്ടും രേവയ്ക്ക് സംതൃപ്തി വന്നില്ല. അവള്‍ മയിലിന്‍റെ കഴുത്തുമാത്രം നോക്കി അതിനടുത്തേക്ക് ചെന്നു. അപ്പോള്‍ ഒന്നൊഴികെ മറ്റെല്ലാ മയിലുകളും പറന്നുപോയി. അവന്‍ മാത്രം പിറകോട്ടു നടന്നു. ചലനത്തിന്‍റെ മട്ടൊന്നുമില്ലാത്തവിധം ഒരു ചിത്രം പോലെ.എനിക്ക് അത്ഭുതം തോന്നി. കാന്‍വാസ് ഏത്,ജീവിയേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരു വിഭ്രാന്തി. പക്ഷി പിറകോട്ടും അവള്‍ മുന്നോട്ടുമായി നടന്ന് കുന്നിന്‍റെ അരികിലെത്തി ഒരു നിമിഷം ഒരു ചിത്രമാകുന്നത് ഞാന്‍ കണ്ടു. എന്‍റെ ശബ്ദം പുറത്തുവരും മുന്‍പ് അവര്‍ അപ്രത്യക്ഷരായി. ഓടിച്ചെന്ന് താഴേക്ക് നോക്കാന്‍ കഴിയാത്തവിധം എന്നെ തളര്‍ച്ച ബാധിച്ചു. ഞാന്‍ കുഴഞ്ഞുവീണു. ആ കിടപ്പില്‍ ഞാന്‍ കാന്‍വാസിലേക്ക് നോക്കി. അവിടെ തിളങ്ങുന്ന കഴുത്തുള്ള മയിലിന്‍റെ  ചലനങ്ങള്‍ . വേഗത്തില്‍ ബ്രഷ് ചലിപ്പിച്ചുകൊണ്ട് രേവയും. ചിത്രത്തിനും ചലിക്കുന്ന വസ്തുവിനുമിടയിലുള്ള നേര്‍ത്ത അകലം ഇല്ലാതാകുന്നത് അവള്‍ എനിക്ക് പറഞ്ഞു തരുകയായിരുന്നു.എനിക്ക്  തലചുറ്റല്‍ അനുഭവപ്പെട്ടു. എല്ലാം അവ്യക്തമായി മാത്രം കാണുന്ന അവസ്ഥ. അപ്പോഴും അവള്‍ സമാന്തരമായി നടക്കുന്നത് എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. 

No comments:

Post a Comment