Saturday, 10 October 2015

Mussoori trip



മുസ്സൂറി യാത്രയുടെ  ഓര്‍മ്മ
2015 സെപ്തംബര്‍ 6. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  11.30നായിരുന്നു  ജോളി ഗ്രാന്‍റിലേക്കുള്ള  ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ചെറിയ തകരാറുകള്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മുസ്സൂറിയിലേക്കുള്ള വഴിയില്‍ മഴപെയ്താല്‍ റോഡ് ഗതാഗതം തടസ്സപ്പെടും എന്നു കേട്ടുട്ടുള്ളതിനാല്‍ സമയത്തിന് എത്തുമോ എന്നൊരു ഭയം നിലനിന്നിരുന്നു. 55 മിനിട്ട് യാത്രയാണ് ജോളി ഗ്രാന്‍റിലേക്ക്. തീരെ ചെറിയ എയര്‍പോര്‍ട്ടാണിത്. ഡറാഡൂണ്‍,മുസ്സൂറി,ഋഷികേശ്,ഹരിദ്വാര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകാന്‍ ഏറ്റവും അടുത്ത എയര്‍പോട്ടാണ് ജോളിഗ്രാന്‍റ്.യാത്രയിലുടനീളം കാഴ്ചകള്‍ കണ്ടുപോകാന്‍ കഴിയുംവിധം താണുപറക്കുന്ന വിമാനങ്ങളാണ് ഒരു പ്രത്യേകത. 1974ലാണ്  എയര്‍പോര്‍ട്ട് പണിതത്.1982മുതല്‍ 1995വരെ വായുദൂത് ലക്നൌവിലേക്കും പാന്ത്നഗറിലേക്കും സര്‍വ്വീസ് നടത്തിയിരുന്നു.  2004ല്‍ എയര്‍ ഡക്കാണാണ് ഡല്‍ഹി സര്‍വ്വീസ് ആരംഭിച്ചത്. 2007ല്‍ എയര്‍പോര്‍ട്ട് അടച്ചിട്ട്  വിപുലീകരിച്ചു. 2008ല്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു.2010ല്‍ ജറ്റ്, എയര്‍ ഇന്ത്യ എന്നിവയും 2012ല്‍  സ്പൈസ് ജറ്റും സര്‍വ്വീസ് ആരംഭിച്ചു.


ഒന്നരയ്ക്ക്  ഞങ്ങള്‍  എയര്‍പോര്‍ട്ടിലെത്തി. ടാക്സിയില്‍ തുടര്‍ യാത്ര ആരംഭിച്ചു. ഡറാഡൂണിലേക്ക് 22 കിലോമീറ്ററും മുസ്സൂറിയിലേക്ക് 60 കിലോമീറ്ററും ദൂരമുണ്ട്. ചൂടിന് കുറവില്ല. ഡറാഡൂണില്‍ നിന്നും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് മലകയറ്റമാണ്. വയനാട് ചുരം കയറും പോലെയുള്ള യാത്ര. മനോഹരമായ കാഴ്ചകള്‍. സന്ധ്യയോടെ മുസ്സൂറിയിലെത്തി. ഒരു ചെറുപട്ടണം. ഗാന്ധിചൌക്കിനെ ചുറ്റിപ്പറ്റി നില്ക്കുന്ന ,ജനവാസം കുറഞ്ഞ പ്രദേശമെന്നു പറയാം. എങ്കിലും കെംപ്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങളുടെ നീണ്ടനിരകള്‍ കാണാം. അന്ന് പതിവിലധികം തിരക്കുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് വിജയികളായ മുന്നൂറോളം പേര്‍ വന്നിറങ്ങുന്നതിന്‍റെ തിരക്ക്. മിക്കവരും കാറിലാണ്. മഹര്‍ഷി വാല്മീകി മാര്‍ഗ്ഗിലൂടെ ഞങ്ങളുടെ വാഹനവും ഇഴഞ്ഞുനീങ്ങി. ഒടുവില്‍ ലാല് ബഹാദൂര്‍ ശാസ്ത്രി സിവില് സര്‍വ്വീസ് അക്കാദമിയുടെ പ്രധാന ഗേറ്റിലെത്തി. കനത്ത സെക്യൂരിറ്റിയാണ്. കാമ്പസ്സിലേക്ക് അന്യര്‍ക്ക് പ്രവേശനമില്ല. മോള്‍ കൌണ്ടറില്‍ രജിസ്ററര്‍ ചെയ്ത് വണ്ടിയില്‍ അകത്തേക്ക് പോയി. ഞങ്ങള്‍ ആശങ്കയോടെ പുറത്തുനിന്നു. ലഗേജുമൊക്കെയായി അവള്‍ എങ്ങിനെ മാനേജ് ചെയ്യും എന്നായിരുന്നു ആശങ്ക.
വണ്ടി തിരികെയെത്തി. ഞങ്ങള്‍ ഗാന്ധിചൌക്കിലേക്ക് മടങ്ങി ഹോട്ടല്‍ വിഷ്ണു പാലസ്സില്‍ മുറിയെടുത്തു. ചാറ്റല്‍ മഴയുടെ അകമ്പടിയുള്ള സന്ധ്യ. ജയശ്രീക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. മല കയറിയതിന്‍റെ അസ്വസ്ഥതയും. കുറേ കഴിഞ്ഞപ്പോള്‍ മോള് വിളിച്ചു. ഐഡൻറിറ്റി കാര്‍ഡ് ലഭിച്ചുവെന്നും മുറി കിട്ടിയെന്നുമൊക്കെ അറിഞ്ഞു. സമാധാനമായി. ജയശ്രീ ഒന്നുറങ്ങി. ശ്രീക്കുട്ടന്‍ ടീവി കണ്ടു. ഞാന്‍ പുറത്തിറങ്ങി വാഹനങ്ങളുടെ നിലയ്ക്കാത്ത ചലനം നോക്കിനിന്നു.
മുസ്സൂറിയില്‍ ആട്ടോകളില്ല,ടാക്സിയും കുറവ്. ചിലയിടങ്ങളിലേക്ക്  സൈക്കിള്‍ റിക്ഷകള്‍ പോകും. ഞങ്ങള്‍ രാത്രിയില്‍ നാലു കിലോമീറ്റര്‍ നടന്ന് അക്കാദമിയുടെ സമീപമുള്ള ഗംഗാഗേറ്റിനടുത്തുള്ള ധാബയിലെത്തി മോളെ കണ്ടു. ഗംഗാ ഗേറ്റ് അന്വേഷിച്ച് നടക്കുമ്പോള്‍ ഞങ്ങള് മലയാളം പറയുന്നത് കേട്ട് മലയാളത്തില്‍ മറുപടി പറഞ്ഞ വ്യക്തി ഞങ്ങള്‍ക്ക് ആശ്വാസമായി. അത് ശ്രീമതി. അശ്വതി ഐഎഎസായിരുന്നു. അക്കാദമിയില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിതയായിട്ട് അധികമായില്ല. ആശയുടെ കുടുംബമാണ് എന്നു പരിചയപ്പെട്ട്  യാത്ര തുടര്‍ന്നു.
ധാബയില്‍ സജു വാഹിദ്,കമല്‍ കിഷോര്‍,സരയു,ഹരി തുടങ്ങിയവരുണ്ടായിരുന്നു. ആലു പൊറോട്ട,കാപ്പി എന്നിവ കഴിച്ച് അവരോട് യാത്ര പറഞ്ഞ് പിരിഞ്ഞു. വരും വഴി തട്ടുകടയില്‍ കയറി സൂഖാറൊട്ടിയും ചിക്കനും കഴിച്ചു. മുറിയിലെത്തി ഉറങ്ങി. രാവിലെ  എഴുന്നേറ്റ് ഗാന്ധി ചൌക്കിലെത്തി. വളരെ കുറച്ച് ആളുകള്‍ മാത്രമെയുള്ളു കവലയില്‍. നല്ല ചൂട് ചായ കുടിച്ചു. കുറച്ചു റിക്ഷകള്‍ മഞ്ഞില്‍ നനഞ്ഞ് കിടപ്പുണ്ട്. കുറച്ചു സമയം റോഡിലൂടെ നടന്നു. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ കൈയ്യില്‍ ചെറിയ വടിയുണ്ട്. പട്ടികളും ധാരാളം. വടി പട്ടിയെ പേടിപ്പിക്കാനണെന്നു തോന്നുന്നു. രാവിലെ വിഷ്ണുപാലസ്സില്‍ നിന്നും കാപ്പികുടിച്ച് മടങ്ങി,ജോളി ഗ്രാന്‍റിലേക്ക്. അവിടെനിന്നും ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറി.അതില്‍ എന്‍റടുത്ത സീറ്റിലിരുന്ന ആള്‍ ഗഡ്വാള്‍ റേഞ്ചിലെ ഐജി സഞ്ജയ് ഗുഞ്ജിയാലായിരുന്നു.ഴളരെ പോസിറ്റീവായ ഒരു മനുഷ്യന്‍. ഉത്തരാഖണ്ഡില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ കുറവാണെന്നും ജീവിതം സുഖമാണെന്നും അദ്ദേഹം പറഞ്ഞു.മകള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനത്തിലാണ് എന്നു പറഞ്ഞപ്പോള്‍ ടോട്ടല്‍ സര്‍വ്വീസില്‍ ഏറ്റവും നല്ല സമയമാണിത്,നന്നായി ആസ്വദിക്കാന്‍ പറയണം എന്നദ്ദേഹം പറഞ്ഞു.
ഒരു മണിക്ക് ഡല്‍ഹിയിലെത്തിയ ഞങ്ങള്‍ക്ക് തിരുവനന്തപുരം ഫ്ളൈറ്റ് 6.55നായിരുന്നു.അത് പുറപ്പെട്ടപ്പോള്‍ 7.30ആയി. പിന്നെ കൊച്ചിയിലും വൈകി.ഒടുവില്‍ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തി














No comments:

Post a Comment