Wednesday 7 October 2015

Journey to Mookambika temple




മൂകാംബിക യാത്ര
കൊല്ലൂരെത്തുമ്പോള്‍  ഉച്ച കഴിഞ്ഞിരുന്നു.ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രകാരം സീതാ ലോഡ്ജിലേക്ക് കയറി.മാനേജര്‍ നാഗരാജ് ഉടന്‍തന്നെ ഒന്നാം നിലയില്‍ അടുത്തടുത്തായി രണ്ട് മുറികള്‍ തന്നു. മികച്ചതൊന്നുമല്ല ,ഒരു രാത്രി തങ്ങാന്‍ ധാരാളം. പെട്ടെന്ന് കുളിച്ചിറങ്ങി.അന്നദാനത്തിനായി പുറപ്പെട്ടു. വലിയ ക്യൂവായിരുന്നു ഊണിന്. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. തൊട്ടടുത്ത് പുഴ.മഴ പെയ്ത് കലങ്ങിയ,കനല്‍ നിറമുള്ള വെള്ളവുമായി കുത്തിയൊഴുകുന്ന പുഴ. ഇതാണ് അഗ്നിതീര്‍ത്ഥം. ക്ഷേത്രമുറ്റത്ത് കാളക്കൂറ്റന്മാര്‍ നടക്കുന്ന കാഴ്ച ഭയത്തോടെ നോക്കിനിന്നു. ഹോട്ടലിലെത്തി വിശ്രമിച്ച് വീണ്ടും ക്ഷേത്രത്തിലേക്കുപോയി. ആളുകള്‍ ക്യൂ നില്ക്കാനുള്ള വളഞ്ഞു വളഞ്ഞു പോകുന്ന ,ഇരുമ്പു പൈപ്പുകള്‍ കൊണ്ടു ബലപ്പെടുത്തിയ വഴിയിലൂടെ നടക്കുമ്പോള്‍, തിരക്കില്ലാത്തിടത്ത് എന്തിനീ സംവിധാനം എന്നു ചിന്തിച്ചുപോയി. കേരളത്തില്‍ കര്‍ക്കിടബലിയുടെ നാളായിരുന്നതിനാല്‍ ആളുകളുടെ എണ്ണം കുറഞ്ഞതാണെന്ന് വൈകിട്ട് വീണ്ടും ക്ഷേത്രത്തിലെത്തിയപ്പോള്‍ മനസ്സിലായി.
ദേവിയെ കണ്ടുതൊഴുതു. ഒന്നല്ല,മൂന്നുവട്ടം.അവിടെ നിന്നും ഇറങ്ങി വെറുതെ നടന്നു.റസ്റ്റ്ഹൌസ് നില്ക്കുന്നിടത്ത് എത്തിയപ്പോള്‍ കോഴിക്കോടു നിന്നുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് അവിടെ എത്തിയത് കണ്ടു. ഇളം മഴ നല്കുന്ന സുഖം.ചെറിയ തണുപ്പ്. ദൂരെയായി ഒരു ക്ഷേത്രം കണ്ടു. പാടത്തിന്‍ നടുവിലൂടെ നടന്നുപോകാന്‍ കഴിയും. ജയശ്രീ ഒന്നു മടിച്ചുനിന്നു. അപ്പോള്‍ കോഴിക്കോട്ടുകാരന്‍ ഒരാള്‍ വന്നു. വരൂ,ഞാനും അവിടേക്കാണ്  എന്നു പറഞ്ഞു. സാധാരണയായി ഇവിടെ വരുമ്പോള്‍ അവരുടെ സത്രത്തിലാണ് താമസിക്കാറ്,ഇത്തവണ ഫോണില്‍ കിട്ടിയില്ല എന്നും അയാള്‍ പറഞ്ഞു. ഒന്നുരണ്ട് മയിലുകള്‍ അവിടവിടെ പറക്കുന്നുണ്ടായിരുന്നു. സന്ധ്യയായിട്ടില്ല. ക്ഷേത്രത്തിനു ചുറ്റും കടുത്ത നിശബ്ദത. ക്ഷേത്രം ഒരുവട്ടം ചുറ്റി ഉള്ളില്‍ പ്രവേശിച്ചു. ഒരു ശിവലിംഗം മാത്രമുള്ള ഉള്ളറയാണ് ക്ഷേത്രം.വശങ്ങളിലെ മുറികളില്‍ നിന്നും പുരുഷന്മാരായ താമസക്കാര്‍ ഇറങ്ങി വന്നു. ഒരാള്‍ വിളക്കുകത്തിച്ച് പൂക്കള്‍ അര്‍പ്പിച്ചു. പൂജയും മന്ത്രവുമില്ല. നിശബ്ദത മാത്രം. അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവത്തെ മനസ്സിലോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനാണ് ഈ രീതി അവലംബിച്ചിരിക്കുന്നതെന്ന്  ഒരന്തേവാസി പിന്നീട് പറയുകയുണ്ടായി. പാലക്കാട്ടുള്ള ഒരു സ്വാമി സ്ഥാപിച്ചതാണ് ക്ഷേത്രം. അവിടെനിന്നും ഒരിടവഴിയിലൂടെ പുറത്തിറങ്ങി നടക്കുമ്പോള്‍ പുഴയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. നേരത്തേ കണ്ടത് കലങ്ങിയൊഴുകുന്ന പുഴയാണെങ്കില്‍ ഇത് കണ്ണീരുപോലുള്ള ജലം, കാശിതീര്‍ത്ഥം.
പടവുകള്‍ ഇറങ്ങി കൈകാലുകളും മുഖവും കഴുകി. കുറേക്കൂടി മുന്നോട്ടുപോകുമ്പോള്‍ അഗ്നിതീര്‍ത്ഥവും കാശിതീര്‍ത്ഥവും ഒന്നാകുന്നു. ഇത് സൌപര്‍ണ്ണിക. പിന്നെ പരന്നുള്ള ഒഴുക്കാണ്. കാഴ്ചകള്‍ കണ്ടുനടക്കെ ഒരു വീടിനോടു ചേര്‍ന്ന് ചെറിയൊരു കട കണ്ടു. പഴയ കാലത്ത് ഉടുപ്പി  ഹോട്ടലുകളില്‍  കണ്ടിരുന്ന തരം ചെറിയ സ്റ്റീല്‍ ഗ്ലാസ്സില്‍ അവര് നല്ല ചായയിട്ടുതന്നു. അത് കുടിച്ച് അവരുമായി കുറച്ചു ലോഹ്യം പറഞ്ഞ് പിരിഞ്ഞു. വീണ്ടും ക്ഷേത്രത്തിലെത്തുമ്പോള്‍ വലിയ തിരക്കായി കഴിഞ്ഞിരുന്നു. ക്യൂവില്‍ ക്ഷമയോടെ നിന്ന് ഒരിക്കല്‍കൂടി ദേവീദര്‍ശനം.  വിവിധ ദൈവങ്ങളേയും ശങ്കരാചാര്യരെയും തൊഴുത് പുറത്തിറങ്ങി.സൌപര്‍ണ്ണികയിലെ കുളിക്കടവ് അന്വേഷിച്ച് കുറേ നടന്നു. പോകും വഴിയുള്ള കൃഷ്ണക്ഷേത്രത്തിലും നദീതീരത്തുള്ള ഗണപതി ക്ഷേത്രത്തിലും കയറി. തിരികെ വരുമ്പോള്‍ ഒരു പുസ്തകക്കടിയില്‍ കയറി.അതിന്‍റെ ഉടമ ഒരു മലയാളി സ്ത്രീയാണ്. അവരുടെ ഭര്‍ത്താവ് മൂകാംബികയില്‍ തന്നെ ആയുര്‍വ്വേദഡോക്ടറായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം നാട്ടില്‍പോകാതെ അവിടെത്തന്നെ കഴിയുകയാണ് മക്കളില്ലാത്ത ആ സ്ത്രീ. വഴിയോരങ്ങളില്‍ ഒരുപാട് വൃദ്ധരെ കണ്ടു. ക്ഷേത്രപരിസരത്ത് ജീവിതം കഴിക്കുന്നവരാണ്.
രാത്രി ഭക്ഷണം മസാലദോശയും പൂരിയുമൊക്കെയായി കഴിഞ്ഞു. ലോഡ്ജിലെത്തി ഉറങ്ങി. രാവിലെ എഴുന്നേറ്റ് സൌപര്‍ണ്ണികയിലേക്ക് പോയി. നല്ല തണുപ്പുള്ള വെള്ളം. സുഖമായി കുളിച്ചു. ക്ഷീണമെല്ലാം അകന്നു. ക്ഷേത്രത്തില്‍ പോയി. വലിയ തിരക്ക്. എങ്കിലും ഒരിക്കല്‍ കൂടി ദേവിയെ തൊഴുതു. കുട്ടികള്‍ നൃത്തവും സംഗീതവും അരങ്ങേറുന്ന ഇടത്ത് കുറച്ചുസമയം ഇരുന്നു. മോളും ഒന്നു രണ്ട് സ്റ്റെപ്പുകള്‍ വച്ചു. ഓര്‍മ്മ പുതുക്കി അനുഗ്രഹം വാങ്ങി. ഒരു മലയാളിക്കടയില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. പത്തരയോടെ ടാക്സിയില്‍ മൂകാംബിക റോഡ് സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു. പച്ചപ്പ് ആസ്വദിച്ചുള്ള യാത്ര. ബൈന്‍ദൂര്‍ അഥവാ മൂകാംബിക റോഡ് സ്റ്റേഷന്‍ ഒറ്റ പ്ലാറ്റ്ഫോമുള്ള സ്റ്റേഷനാണ്. പണികള്‍ നടന്നുവരുന്നു. റോഡ് ശരിയായിട്ടില്ല. വെള്ളക്കെട്ടിലൂടെയാണ് കാര്‍ യാത്ര. അവിടെ കാത്തിരുന്ന് മംഗലാപുരത്തേക്കുള്ള വണ്ടിയില്‍ കയറി. മംഗലാപുരം സെന്‍ട്രലില്‍ എത്തുമ്പോള്‍ വലിയ മഴ. വിശപ്പുമുണ്ട്. അവിടെനിന്നും ടാക്സിയില്‍ മംഗലപുരം ജംഗ്ഷനിലേക്ക് യാത്രപുറപ്പെട്ടു. സ്റ്റേഷനടുത്ത് കൈരളി ഹോട്ടില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം. കുറേ ദിവസം മാംസം കഴിക്കാതിരുന്ന കുട്ടികളുടെ ആവേശം അടക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കിട്ടി. അവിടെ നിന്നും മാവേലി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക്. രാവിലെ എത്തുന്ന വണ്ടി. ഒന്നുറങ്ങി എണീറ്റപ്പോള്‍ പേട്ടിയലെത്തി. അവിടെയിറങ്ങി ആട്ടോയില്‍ വീട്ടിലേക്ക്.
മാവേലി എക്സ്പ്രസ്സിലായിരുന്നു അങ്ങോട്ടുള്ള യാത്രയും. വൈകിട്ട് ഏഴിന് തിരുവനന്തപുരത്തുനിന്നും തിരിച്ചു. രാവിലെ 8.05ന് മംഗലാപുരത്തെത്തി. അവിടെ നിന്നും 8.15ന് മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ്. അതില്‍ സൂരത്കലും ഉടുപ്പിയും കുന്ദാപുരവും കഴിഞ്ഞ് 10.54ന് മൂകാംബിക സ്റ്റേഷനില്‍ എത്തേണ്ടതാണ്. പക്ഷെ വൈകി. അവിടെ നിന്നും മാരുതി ഓംമ്നിയില്‍ 600 രൂപയായിരുന്നു മൂകാംബികയ്ക്ക്. സീത ഡീലക്സ് ലോഡ്ജ് മാനേജര്‍ നാഗരാജാണ്. മൊ- 09448829017( അജിത് കുമാര്‍,ജയശ്രീ,വിജയശ്രീ,ആശ,വൈശാഖ്,ശ്രീക്കുട്ടന്‍,വൈഷ്ണവ് എന്നിവരായിരുന്നു സംഘാംഗങ്ങള്‍)

No comments:

Post a Comment