Tuesday, 17 May 2022

On liquor ban and history of Kerala liquor culture

 

അല്‍പ്പം മദ്യവിചാരം

------------------------------------

ലോകത്ത്‌  ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയത്  ചൈനയിലാണ്. ബിസി 2070 -1600 കാലത്ത് വാണിരുന്ന സിയ രാജവംശത്തിലെ യു രാജാവാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ ക്വി വീണ്ടും മദ്യം നിയമവിധേയമാക്കി. മെസൊപൊട്ടാമിയയില്‍ ഭരണം നടത്തിവന്ന ഹമ്മുറാബി ബിസി 1772 ല്‍ തയ്യാറാക്കിയ നിയമത്തില്‍ ഇങ്ങനെ പറയുന്നു. "പണത്തിനായി ബിയര്‍ വില്‍ക്കാന്‍ പാടില്ല. ബാര്‍ലിക്ക് പകരമാവണം ബിയര്‍ നല്‍കുന്നത്. ബിയറിന് പകരമായി ബാര്‍ലി സ്വീകരിക്കാത്ത കച്ചവടക്കാരനെ , അല്ലെങ്കില്‍ അളവില്‍ കുറയ്ക്കുന്ന കച്ചവടക്കാരനെ , വെള്ളത്തിലേക്ക് എടുത്തെറിയണം." അതായത് ഏകദേശം മരണശിക്ഷതന്നെയായിരുന്നു വിധിച്ചിരുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ അടിമത്തം അവസാനിച്ചതോടെ പാശ്ചാത്യലോകത്തിലെ സാമൂഹ്യ സദാചാര വിചാരക്കാര്‍ ലക്ഷ്യമിട്ട പല കാര്യങ്ങളില്‍ ഒന്ന് മദ്യനിരോധനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ഭക്തിവാദികളായ പ്രൊട്ടസ്റ്റന്‍റുകള്‍ നോര്‍ഡിക് രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രതിരോധം ശക്തമാക്കി. സ്ത്രീകള്‍ക്ക് വോട്ടവകാശം വന്നതോടെ സ്ത്രീകളുടെ പിന്‍തുണ വന്‍തോതില്‍ ഇവര്‍ക്ക് കിട്ടി. 1907 മുതല്‍ 1948 വരെ കാനഡയിലെ ഒരു പ്രോവിന്‍സായ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലും ഒരു ചെറിയ കാലം മറ്റിടങ്ങളിലും നിരോധനമുണ്ടായി. 1907 മുതല്‍ 1992 വരെ ഫറോ ദ്വീപിലും നിരോധനമുണ്ടായിരുന്നു.എന്നാല്‍ 1928 മുതല്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നിയന്ത്രിത ഇറക്കുമതി അംഗീകരിച്ചിരുന്നു. 1914 മുതല്‍ 1925 വരെ റഷ്യന്‍ സാമ്രാജ്യത്തിലും സോവിയറ്റ് യൂണിയനിലും നിരോധനം നടപ്പിലാക്കിയിരുന്നു. ഐസ്ലാന്‍റില്‍ 1915 മുതല്‍ 1933 വരെ നിയന്ത്രണമുണ്ടായിരുന്നു. 1989  വരെ ബിയറിന്‍റെ നിയന്ത്രണം തുടരുകയും ചെയ്തു. 1916 മുതല്‍ 1927 വരെ നോര്‍വേയിലും നിയന്ത്രണമുണ്ടായിരുന്നു. 1919 ല്‍ ഹംഗറിയില്‍ നാല് മാസത്തേളം മദ്യം നിരോധിച്ചു. ഫിന്‍ലാന്‍റില്‍ നിരോധനം നടപ്പിലാക്കിയത് 1919 മുതല്‍ 1932 വരെയായിരുന്നു. അമേരിക്കയിലെ നിരോധനം 1920  മുതല്‍ 1933 വരെയായിരുന്നു.വടക്കേ അമേരിക്കയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ നിരോധനം പരാജയപ്പെട്ടു. മദ്യക്കടത്ത് വ്യാപകമായി. അതുമായി ബന്ധപ്പെട്ട മാഫിയ സജീവമായി. കാനഡയിലും മെക്സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും മദ്യവ്യവസായം വളര്‍ന്നു പന്തലിച്ചു. ഇവിടങ്ങള്‍ മദ്യം കഴിക്കാനെത്തുന്ന അമേരിക്കക്കാരുടെയും മദ്യം കടത്തുന്ന മാഫിയയുടെയും  താവളമായി മാറി. സാംസ്ക്കാരികമായി വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ ജാസും മറ്റും രംഗത്തെത്തിയ 1920 കളില്‍ ചിക്കാഗോ മദ്യം കഴിക്കുന്നവരെക്കൊണ്ട് കുപ്രസിദ്ധമായി. ഇരുപതുകളുടെ അവസാനവും മുപ്പതുകളുടെ ആദ്യവുമായി മദ്യനിരോധനം അവസാനിച്ചു.

 

അഫ്ഗാനിസ്ഥാനിലും സൌദിയിലും കുവൈറ്റിലും യമനിലുംപൂര്‍ണ്ണമായും ബംഗ്ലാദേശ്, ബ്രൂണെ ,ഇന്തോനേഷ്യഎന്നിവിടങ്ങളില്‍ ഭാഗികമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇറാനിലാകട്ടെ അമുസ്ലീങ്ങള്‍ക്ക് മദ്യം ഉണ്ടാക്കാം കഴിക്കാം എന്നതാണ് നിയമം. മലേഷ്യയില്‍ മദ്യം സുലഭമാണ് എന്നാല്‍ മതാചാരപ്രകാരം നിഷിദ്ധമാണ്.മാലിദ്വീപിലെ റിസോര്‍ട്ടുകളില്‍ വിദേശികള്‍ക്ക് മദ്യം കഴിക്കാം. പാകിസ്ഥാനില്‍ 1947 മുതല്‍ 1977 വരെ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല.77 ല്‍ ഭൂട്ടോ നിയന്ത്രണം കൊണ്ടുവന്നു. തുടര്‍ന്ന് അമുസ്ലീങ്ങള്‍ക്ക് മാത്രമെ മദ്യം കഴിക്കാന്‍ അനുമതിയുള്ളു.അതിന് പെര്‍മിറ്റും ഏര്‍പ്പെടുത്തി. ഇപ്പോള്‍ 180 ദശലക്ഷം ജനങ്ങളുള്ള പാകിസ്ഥാനില്‍ 60 മദ്യശാലകള്‍ മാത്രമെയുള്ളു. പെര്‍മിറ്റ് മുസ്ലീങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്ന രീതിയും അവിടെ നിലനില്‍ക്കുന്നു.ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കില്ല എന്നതാണ് നിയമം.

 

ഗുജറാത്ത്, ബീഹാര്‍,നാഗാലാന്‍റ്, മണിപ്പൂരിലെ ചിലയിടങ്ങള്‍ ,ലക്ഷദ്വീപ് എന്നിവിടങ്ങളിലും നിരോധനം നിലവിലുണ്ട്.

കേരളത്തില്‍ എഡി 80 ല്‍ വീഞ്ഞ് ഇറക്കുമതി ചെയ്തിരുന്നതായി പെരിപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 225 ല്‍ കൃഷിയിലും വാണിജ്യത്തിലുമുണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും അന്തരീക്ഷം രാജ്യമെങ്ങും പടര്‍ന്നു വീശി. നാടുനീളെ ഉത്സവങ്ങള്‍ കൊണ്ടാടി. കൂത്തരുടെയും പാണരുടെയും നൃത്തങ്ങള്‍, വാദ്യഗീതങ്ങള്‍ തുടങ്ങിയ കലാപരിപാടികളുടെ അലയൊലി ദിഗന്തങ്ങളെ മുഖരിതമാക്കി. നാടന്‍ കള്ളും വിദേശമദ്യങ്ങളും മാത്രമല്ല, സ്വര്‍ണ്ണപാത്രങ്ങളില്‍ അവ പകര്‍ന്നുകൊടുക്കുന്ന മദാലസകളായ തരുണീമണികളുടെ മതിമയക്കുന്ന നടനവിശേഷങ്ങളും രാജകീയ സദസുകളെ ലഹരി പിടിപ്പിച്ചു.

 

ഉഴവര്‍(കൃഷിക്കാര്‍),ചാന്‍റോര്‍(മദ്യഹാരകന്മാര്‍), വണിക്കുകള്‍(വ്യാപാരികള്‍) എന്നിവരില്‍ നിന്നൊരു സമ്പന്ന വര്‍ഗ്ഗം ഉയര്‍ന്നുവന്നു. പൊന്‍വളകളണിഞ്ഞ ഉഴവ യുവതികള്‍ ,തഴയുട അണിഞ്ഞ് കള്ളുകുടിച്ച് , കൂട്ടുകൂടി പാട്ടുപാടി വയലുകളില്‍ പറവകളെ ആട്ടിയോടിക്കുന്ന ദൃശ്യം സംഘം കൃതികളിലുണ്ട്.

ഉഴവരെപോലെയോ അവരേക്കാള്‍ അല്‍പ്പം കൂടുതലോ ആയ സ്ഥാനം മദ്യഹാരകന്മാര്‍ക്കുണ്ടായിരുന്നു. മദ്യഹാരകന്മാരെ സൂചിപ്പിക്കുന്ന ചാന്‍റോര്‍ എന്ന പദത്തിന് മാന്യന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു. സുഖസമ്പൂര്‍ണ്ണമായ ജീവിതത്തിന്‍റെ അപരിത്യാജ്യമായ ഭാഗമായിരുന്നു കള്ളുകുടി. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്നു. രാജകീയ സല്‍ക്കാരങ്ങളില്‍ കള്ള് ഒരു നിര്‍ബ്ബന്ധപാനീയമായിരുന്നു. ഈ സാഹചര്യത്തില്‍, കള്ള് ഉത്പ്പാദിപ്പിക്കുന്നവര്‍ സമ്പന്നരും സമൂഹത്തില്‍ മാന്യരുമായി തീര്‍ന്നതില്‍ അത്ഭുതമില്ല.

 

മദ്യോല്‍പ്പാദകരുടെ സംരക്ഷകരായിരുന്നു അന്നത്തെ രാജാക്കന്മാര്‍.ചാന്‍റോന്‍ മെയ്മ്മറൈ(കള്ളുണ്ടാക്കുന്നവരുടെ സംരക്ഷകാ) എന്നാണ് ചേരരാജാക്കന്മാരെ കവികള്‍ സംബോധന ചെയ്തിരുന്നത്. കള്ളുവില്‍പ്പനയ്ക്ക് പ്രത്യേക ശാലകള്‍ കെട്ടിയുണ്ടാക്കി വേര്‍തിരിച്ചറിയാന്‍ കൊടിനാട്ടിയിരുന്നു. ആനക്കൊമ്പും കാട്ടുപശുക്കളുടെ മാംസവും വാങ്ങി പകരം വാറ്റുകള്ള് കൊടുത്ത് ധനികരായിതീര്‍ന്ന മദ്യഹാരകന്മാരെ പറ്റി പതിറ്റുപ്പത്തില്‍ പരാമര്‍ശമുണ്ട്. സമ്പന്ന വിഭാഗത്തിന്‍റെ ജീവിതം സുഖസമ്പൂര്‍ണ്ണമായിരുന്നു. ഇറച്ചി ചേര്‍ത്ത് പാകപ്പെടുത്തിയ ഊന്‍ചോറും നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും സുഭിക്ഷമായി കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു.

 

 ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്‍റെ വടിവുള്ള ചക്കചുളകള്‍ തിന്നും മുളംകുഴലുകളില്‍ അടച്ചുവച്ച് മത്തുപിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ലയിച്ച് ആരവാരവത്തോടെ വാഴുന്നതായി പതിറ്റുപ്പത്തില്‍ പറഞ്ഞിരുന്നു. മുന്നീര്‍ എന്ന പ്രത്യേക പാനീയവും അവര്‍ തയ്യാറാക്കിയിരുന്നു. പനങ്കുരുന്നു നീരും ഇളനീരും കരിമ്പിന്‍ ചാറും ചേര്‍ത്തുണ്ടാക്കിയ വിശേഷപ്പെട്ട പാനീയമായിരുന്നു അത്. രാജകീയ സദസുകളില്‍ വിദേശമദ്യം ഉപയോഗിച്ചിരുന്നു. യവനന്മാര്‍ നല്ല കുപ്പിയില്‍ കൊണ്ടുവന്ന കുളിര്‍മയും നറുമണമുള്ള മധു മനോഹരമായ വളയണിഞ്ഞ യുവതികള്‍ പൊന്‍പാത്രങ്ങളില്‍ രാജാക്കന്മാര്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു.

 

ഭൂമിയോ ഉപകരണങ്ങളോ ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലായിട്ടുള്ളവരായിരുന്നു വിനൈഞര്‍(തൊഴിലാളികള്‍) കള്ളുകുടിയരായ വിനൈഞര്‍ വിശാലമായ പുല്‍ത്തകിടികളില്‍ കന്നുമേയ്ക്കുകയും വിളഞ്ഞു നില്‍ക്കുന്ന വയലുകളില്‍ കതിര്‍മണികള്‍ കൊയ്യുകയും ചെയ്തിരുന്നു എന്നും പതിറ്റുപ്പത്തില്‍ പറയുന്നു.

 

ചാന്‍റോര്‍ പിന്നീട് ഈഴവ സമുദായത്തില്‍ ലയിച്ചു ചേര്‍ന്നു കേരളത്തിലെ ബുദ്ധമതം അവസാനകാലം താന്ത്രിക ബുദ്ധമതമായി മാറി. മാംസവും മദ്യസേവയും ഭോഗലാലസതയും നിര്‍വ്വാണമാര്‍ഗ്ഗങ്ങളായി ഇവര്‍ കണ്ടു. ഈ ഹീനയാന സ്വഭാവമാണ് കള്ളും ചാരായവും നിവേദിച്ചുകൊണ്ടും ജന്തുബലി നടത്തിയും ചാത്തനെയും ചാമുണ്ഡിയേയും പൂജിക്കുന്ന രീതിയിലെത്തിച്ചേര്‍ന്നത്. ഗുരുദേവനാണ് ഇതിന് മാറ്റം വരുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും താരന്മ്യേന ഉയര്‍ന്ന സാമൂഹിക പദവി ലഭിച്ചതിന് പുറമെ സാമ്പത്തികമായി ഉയരാനുമുള്ള സാഹചര്യങ്ങള്‍ തുറന്നു കിട്ടുകയും ചെയ്തു. സഞ്ചാര സ്വാതന്ത്യവും പൊതുസ്ഥലങ്ങളില്‍ പ്രവേശനവും നിഷേധിക്കപ്പെട്ട ഈഴവരുടെ ഉള്ള അവര്‍ണ്ണ സമുദായക്കാര്‍ക്ക് വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ സൌകര്യമുണ്ടായിരുന്നില്ല.

 

ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും നായന്മാരും ഇക്കാര്യത്തില്‍ വിമുഖരായിരുന്നു. അതിനാല്‍ രാജ്യത്തെ വാണിജ്യം മുഴുവന്‍ മുസ്ലീങ്ങള്‍,കൃസ്ത്യാനികള്‍, ജൂതര്‍,കൊങ്ങിണികള്‍ തുടങ്ങിയവരുടെ കൈകളിലമര്‍ന്നു. പുതിയൊരു മുതലാളി വര്‍ഗ്ഗം വളര്‍ന്നുവരുവാന്‍ തുടങ്ങിയപ്പോള്‍ അത് സ്വാഭാവികമായും മേല്‍പ്പറഞ്ഞ വണിക വിഭാഗങ്ങളില്‍ നിന്നായി. മദ്യവ്യാപാരം മാത്രമാണ് അന്നത്തെ ഈഴവ-തീയ സമുദായം കുത്തകയാക്കിയ ഏക കച്ചവടം.അതിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.

 

 

 

Thursday, 21 April 2022

KSEB chairman B.Asok is the real left

 

 
 അശോകാണ് ശരിയായ ഇടതുപക്ഷം

 കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്  സംസ്ഥാന സര്‍ക്കാരിന്റെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത് 2011 ലാണ്. അന്നു മുതലെ കമ്പനി നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ 2021-22 ല്‍ 600 കോടി ലാഭം നേടി കമ്പനിയുടെ ചിട്ടവട്ടങ്ങളിലേക്ക് വന്നു. ഇങ്ങനെ ആയിത്തീരരുത് , എന്നും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഉപഭോക്താക്കളെ നന്നായി പിഴിയുന്ന ഒരു സംവിധാനവും കെടുകാര്യസ്ഥതയും തോന്ന്യാസങ്ങളും നടക്കുന്ന ഒരിടമായിത്തന്നെ തുടരണം എന്ന അപൂര്‍വ്വം ചിലരുടെ അജണ്ടയില്‍ പിറന്ന സമരാഭാസമാണ് ഇപ്പോള്‍ വൈദ്യുതി ഭവന് മുന്നില്‍ നടക്കുന്നത്. സസ്‌പെന്‍ഷനും സ്ഥലംമാറ്റവുമൊക്കെ മറയാക്കിയുള്ള ഒരു ചൂതുകളി. കോടിക്കണക്കിന് രൂപയുടെ പര്‍ച്ചേയ്‌സുകള്‍ മാസവും നടക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും കൃത്യമായി പകിടി കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് അത് പെട്ടെന്നില്ലാതെയാകുന്നതിലെ മാനസിക പിരിമുറക്കമാകാം ഈ സമരത്തിന് കാരണം.

  സമരം നടത്തുന്നവരുടെ അജണ്ട കൃത്യമായി അറിയുന്നൊരാള്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാകണം. അവിടെ കുറേക്കാലം മന്ത്രിയായിരുന്ന അദ്ദേഹത്തിന് കാര്യങ്ങള്‍ മാറ്റാരേക്കാളും നന്നായി അറിയാം എന്നത് സത്യം. സിപിഎമ്മിനെ സംബ്ബന്ധിച്ചിടത്തോളം ഇപ്പോള്‍ ടേയ്ഡ് യൂണിയന്‍ നേതാക്കളും സംഘടനാ നേതാക്കളും കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെയാണ്. ഇവരെ പിടിച്ചുകെട്ടിയല്ലാതെ ഭരണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരിക്കുന്നവരെ 'ക്ഷ,റ 'വരപ്പിക്കാന്‍ ഈ ഭൂതങ്ങള്‍ ഉപകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യജമാനനെ അനുസരിക്കാന്‍ തയ്യാറാകാത്ത വിധം വളര്‍ന്നു വലുതായിരിക്കയാണ് ഈ ഭൂതങ്ങള്‍. ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ പിണറായിക്കു കഴിഞ്ഞു. വലിയ തലവേദനയാണ് കെഎസ്ആര്‍ടിസി. അവിടെ ബിജു പ്രഭാകറെ വച്ചു പരീക്ഷിച്ചു. വേണ്ടത്ര വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരത്തില്‍ നോക്കിയാല്‍ മറ്റൊരു തലവേദനയാണ് കെഎസ്ഇബി. അവിടെ 'വെട്ടൊന്ന് തുണ്ടം രണ്ട് 'എന്ന സമീപനമുള്ള അശോകിനെ പരീക്ഷിച്ചത് വെറുതെയാവില്ല. തികഞ്ഞ കര്‍ഷകനായ മന്ത്രിക്ക് ഇക്കാര്യത്തില്‍ ചെയര്‍മാനും ബോര്‍ഡിനും ഒപ്പം നില്‍ക്കുക എന്ന ജോലി മാത്രമെയുള്ളു.

 ചെയര്‍മാന്‍ അശോക് മാതൃഭൂമി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയ ഒരു കാര്യം ഗൗരവമുള്ളതാണ്. രണ്ടോ മൂന്നോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഭരണസൗകര്യാര്‍ത്ഥം സ്ഥലം മാറ്റിയതാണ് സമരത്തിന് കാരണം. സ്ഥലം മാറ്റത്തിന് കാരണം അപമര്യാദയായ പെരുമാറ്റവും. സമരം ചെയ്യുന്നവര്‍ തൊഴിലാളികളല്ല, അവരെ മാനേജ് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ക്കുതന്നെ ജാള്യത ഉണ്ടാക്കുന്നതും നാണം തോന്നേണ്ടതുമായ കാര്യങ്ങളാണ് താനും. ദിവസ ശമ്പളം 5000 മുതല്‍ പതിനായിരം വരെയുള്ള ഈ ഉദ്യോഗസ്ഥര്‍ സമരം ചെയ്യുന്ന ദിവസങ്ങളില്‍ ശമ്പളവും അനുവദിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എത്രമാത്രം തരംതാണുപോകുന്നു ഈ ഉദ്യോഗസ്ഥര്‍ എന്നാലോചിക്കുന്നത് നല്ലതാകും. നിരുത്തരവാദപരമായി സമരം ചെയ്യുന്ന ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന സാധാരണ ജീവനക്കാര്‍ക്ക് വരും കാലങ്ങളില്‍ തരിമ്പെങ്കിലും ബഹുമാനം ഇവരോടുണ്ടാകുമോ ?  

  സംഘടന നേതാക്കളുടെ തോന്ന്യാസ സമരത്തിന് കൂട്ടുനില്‍ക്കുന്ന ഭൂരിപക്ഷവും പറയുന്നത് സമരം അനാവശ്യമാണ്, ഞങ്ങള്‍ നേതാക്കളെ ഭയന്നിട്ടാണ് ഒപ്പം നില്‍ക്കുന്നത് എന്നാണ്. സംഘടന നേതാവിന്റെ അരഗന്‍സിനെകുറിച്ചും രണ്ടഭിപ്രായമില്ല. അപ്പോള്‍ കെഎസ്ഇബിയിലെ ഓഫീസര്‍മാര്‍ ആദ്യം ചെയ്യേണ്ടത് ഭയത്തില്‍ നിന്നും മുക്തരാവുക എന്നതാണ്. അതിന് കഴിയുന്നതോടെ അവര്‍ നട്ടെല്ലുളള മനുഷ്യരായി മാറും . ഒരിക്കല്‍ മാത്രം എടുക്കേണ്ട തീരുമാനമാണത്. അതോടെ നടുവ് നിവര്‍ത്തി നടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പിന്നീടൊരിക്കലും  അഭിമാനമില്ലാത്തവിധം  നട്ടെല്ലില്ലാത്തവരായി ജീവിക്കേണ്ടി വരില്ല. അശോകിനെ നോക്കൂ, സുരേഷിന്റെ തോളിലൊക്കെ കൈയ്യിട്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞും പലതിന്റെയും പങ്കുകള്‍ സ്വീകരിച്ചും സുഖമായി ജീവിച്ചുകൂടെ.സ്വന്തം കമ്പനിയല്ല, കുടുംബസ്വത്തല്ല, സ്ഥിരമായ സീറ്റുപോലുമല്ല. മുഖ്യമന്ത്രി നാളെ മുതല്‍ താന്‍ അങ്ങോട്ടുപോകണ്ട എന്നു പറഞ്ഞാല്‍ തീരുന്നൊരു കസേര. എന്നിട്ടും എന്താണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും നേരിന്റെ നേര്‍ക്ക് ചങ്കുറപ്പോടെ നില്‍ക്കുന്നത്, അത് ആ നട്ടെല്ലിന്റെ ഒരു ശക്തിയാണ്.

ഈ ചൂതുകളിയില്‍ നമുക്ക് വെറും കാഴ്ചക്കാരായി നില്‍ക്കണ്ട , കമ്പനിയുടെ ഉപഭോക്താക്കളായ നമുക്ക് ബോര്‍ഡിനൊപ്പവും ചെയര്‍മാനൊപ്പവും മന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പവും നില്‍ക്കാം. ശരിയായ ഇടതുപക്ഷ സമീപനവും അതാണല്ലൊ, നേരിനൊപ്പം നമുക്കും പങ്കുചേരാം. ധിക്കാരവും ധാര്‍ഷ്ട്യവുമുള്ളവരെ പിരിച്ചുവിട്ട് മാതൃക കാട്ടാന്‍ ഇടത് സര്‍ക്കാരിന് കഴിയട്ടെ. അതോടെ വാട്ടര്‍ അതോറിറ്റിയും കെഎസ്ആര്‍ടിസിയും മറ്റ് പല വെള്ളാനകളും നന്നാവും എന്നുറപ്പ്.  



Sunday, 17 April 2022

Sharmaji Namkeen- Rishi kapoor's last movie -very impressive acting

 

ശര്‍മ്മാജി നംകീന്‍ - റിഷി കപൂറിന്റെ  അവസാന സിനിമ

      സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേരളത്തില്‍ പെന്‍ഷന്‍ പ്രായം 56 ആണ്. മറ്റിടങ്ങളില്‍ അന്‍പത്തിയെട്ട്-അറുപത്  എന്നിങ്ങനെയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ 58-60 എന്ന നിലയില്‍ ഇത് സംഭവിക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍,മുതലാളിമാര്‍ ഇവരൊക്കെ അവര്‍ ആഗ്രഹിക്കുമ്പോഴാണ് റിട്ടയര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സിപിഎമ്മിലെപോലെ 75 എന്നൊക്കെ സീലിംഗ് വയ്ക്കും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ റിട്ടയര്‍മെന്റ് ,ജോലിചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന സമയത്താണ് എന്നു കേട്ടിട്ടുണ്ട്, ശരിയാണോ എന്നറിയില്ല. ഏതായാലും വക്കീലിനും ഡോക്ടര്‍ക്കും അതങ്ങിനെയാണ് എന്നത് സത്യം.

    ഇവിടെ ഇത് പറയാന്‍ കാരണം റിഷി കപൂറിന്റെ അവസാന ചിത്രമായ ശര്‍മ്മാജി നംകീന്‍ (ശര്‍മ്മാജിയുടെ സ്വാദിഷ്ട ലഘുഭക്ഷണം എന്ന് വിവര്‍ത്തനം)ആണ്. റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചുമക്കളെ നോക്കുക തുടങ്ങിയ ആക്ടിവിറ്റികള്‍ ഉണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല( ഇത് സ്വന്തം അനുഭവം) എന്നാല്‍ പലരുടെയും സ്ഥിതി അതല്ല. സമയം പോകില്ല. എത്ര നേരം പത്രം വായിക്കും? എത്ര നേരം ടിവി കാണും? എത്ര നേരം സോഷ്യല്‍ മീഡിയയില്‍ എഴുത്തും വായനയും കാഴ്ചയും കേള്‍വിയും നടക്കും. മടുക്കില്ലെ. പിന്നെ കുറച്ചു നടത്തം, സമപ്രായക്കാരുമായി സൊറ പറച്ചില്‍. എന്നാല്‍, പലതും ചെയ്യണം എന്നാഗ്രഹിക്കുന്നവരുണ്ട്. ആ കൂട്ടത്തിലാണ് റിഷി കപൂര്‍ അഭിനയിക്കുന്ന ബ്രിജ് ഗോപാല്‍ ശര്‍മ്മ എന്ന കഥാപാത്രം. സങ്കടത്തോടെയാണ് അദ്ദേഹം മിക്‌സി നിര്‍മ്മാണ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നത്.വിഭാര്യനായ ശര്‍മ്മയ്ക്ക്  രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ക്കുള്ള ഭക്ഷണമുണ്ടാക്കലാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി. പാചകം ശര്‍മ്മയുടെ ഇഷ്ടവിനോദമാണ്. മൂത്തയാള്‍ ജോലിക്കും ഇളയവന്‍ കോളേജിലും പോകുന്നതോടെ വീട് ശൂന്യമാകും. ഒറ്റപ്പെടല്‍ വലിയ പ്രശ്‌നമാണ്.

       പാചകം പ്രൊഫഷണലായി ചെയ്യാം എന്നു വിചാരിക്കുമ്പോള്‍ മൂത്തമകന്‍ അതിനെ എതിര്‍ത്തു. എങ്കിലും അവനറിയാതെ,ചില വീടുകളിലെ ചെറു പാര്‍ട്ടികള്‍ ശര്‍മ്മാജി നടത്തിക്കൊടുക്കുന്നു. മകന്‍ സന്ദീപ് ശര്‍മ്മയ്ക്ക് ഒരു പ്രണയമുണ്ട്. അവള്‍ അവരേക്കാള്‍ സമ്പന്നയുമാണ്. മകന് പുതിയ ഫഌറ്റ് വാങ്ങി കുറച്ചുകൂടി മെച്ചപ്പെട്ട ഇടത്തേക്ക് മാറണം. അവന്‍ അച്ഛനോട് പറയാതെ ഫഌറ്റിന് അഡ്വാന്‍സ് നല്‍കുന്നു. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റുകാരന്‍ അവനെ ചതിക്കുന്നു. അവന്‍ റിയല്‍ എസ്റ്റേറ്റുകാരനെ കാണാനെത്തുമ്പോള്‍  സെക്യൂരിറ്റി ജീവനക്കാരുമായി അടിപിടിയുണ്ടായി പോലീസ് സ്‌റ്റേഷനിലാകുന്നു. വിവരം അറിഞ്ഞ് ശര്‍മ്മാജിയും ശര്‍മ്മയുടെ ഫാന്‍സായ സ്ത്രീ സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനില്‍ എത്തുന്നു. അവരെയും പോലീസ് തടഞ്ഞുവയ്ക്കുകയാണ്. ഒടുവില്‍ ശര്‍മ്മയുടെ സുഹൃത്തായ വീണ മന്‍ചന്ദയുടെ സഹോദരി ഭര്‍ത്താവ് മേയര്‍ റോബി (അയാളും ശര്‍മ്മയുടെ ഫാന്‍ ആണ്) സ്റ്റേഷനില്‍ വന്ന് എല്ലാവരേയും മോചിപ്പിക്കുകയും ഫഌറ്റ് ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.

         പല പ്രമുഖരുടെയും ബലഹീനതയാണല്ലൊ നല്ല ഭക്ഷണം. മേയറുടെ ആ ബലഹീനതയാണ് ശര്‍മ്മാജിക്ക് ഗുണമായത്. ഈ സംഭവത്തോടെ മക്കളും അച്ഛന്റെ ആരാധകരായി മാറുകയാണ്.

  നല്ലൊരു ഫീല്‍ഗുഡ് മൂവിയാണ് ശര്‍മ്മാജി നംകീന്‍. വയസുകാലത്തും വളരെ ക്യൂട്ടായിരിക്കുന്ന റിഷി കപൂറാണ് സിനിമയുടെ ആത്മാവ്. എന്നാല്‍ ചിത്രം മുഴുവന്‍ ഷൂട്ടു ചെയ്യും മുന്നെ അദ്ദേഹം മരിച്ചുപോയി. ബാക്കി രംഗങ്ങളില്‍ പകരം അഭിനയിച്ചത് പരേഷ് റാവലാണ്. അദ്ദേഹം മികച്ച അഭിനേതാവാണെങ്കിലും റിഷി കപൂറിന് പകരമാകുന്നില്ല എന്നതൊരു പോരായ്മയാണ്. ജൂഹി ചൗള,സുഹൈല്‍ നയ്യാര്‍,ഇഷ തല്‍വാര്‍,സതീഷ് കൗശിക് തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. ഹിതേഷ് ഭാട്ടിയയും സുപ്രതീക് സെന്നും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയില്‍ ഹിതേഷ് ഭാട്ടിയയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമറ്റോഗ്രഫി പിയൂഷ് പുട്ടിയും എഡിറ്റിംഗ് ബോധാദിത്യ ബാനര്‍ജിയും സംഗീതം സ്‌നേഹ കന്‍വല്‍ക്കറും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്❤

Friday, 15 April 2022

Naradan- A malayalam movie which tells on dirt in visual journalism

 


 നാരദന്‍

 ഹിന്ദു പുരാണങ്ങളിലെ വാര്‍ത്താ പ്രചാരകനാണ് നാരദന്‍. വെറും വാര്‍ത്ത പറയലല്ല അദ്ദേഹത്തിന്റെ രീതി. ഒരാള്‍ പറഞ്ഞത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മറ്റൊരാളില്‍ എത്തിക്കുക, അവര്‍ തമ്മില്‍ പകയുണ്ടെങ്കില്‍ അത് വളര്‍ത്തി പരസ്പ്പര പോരാട്ടമാക്കി മാറ്റുക, അതുകണ്ട് ആസ്വദിക്കുക, ഒക്കെയാണ് ഇഷ്ടന്റെ വിനോദം. എഴുത്തിലൂടെയല്ല, നാവിലൂടെയായിരുന്നു ഈ വാര്‍ത്ത പ്രചരണം എന്നതിനാല്‍ ഇന്നത്തെ വിഷ്വല്‍ മീഡിയയുമായി നാരദനെ ഉപമിക്കുന്നതില്‍ തെറ്റില്ല. നിത്യവും എന്തുമാത്രം നെഗറ്റീവ് ചിന്തകളാണ് സമൂഹത്തിലേക്ക് വാര്‍ത്തചാനലുകള്‍ പ്രസരിപ്പിക്കുന്നത്. വാര്‍ത്ത കണ്ടാല്‍ മനസും ശരീരവും രോഗാതുരമാകും, കണ്ടില്ലെങ്കില്‍ കൂടുതല്‍ പ്രസരിപ്പുണ്ടാകും എന്നതാണ് അവസ്ഥ.

  ആര്‍.ഉണ്ണി എഴുതി ആഷിക് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന സിനിമ പറയുന്നതും ഇത്തരം അഴുക്കുചാലുകളുടെ കഥയാണ്. വിവധ ചാനലുകളുടെ ഉള്ളിലും പുറത്തുമായി നടക്കുന്ന കുറേ ചീത്തകാര്യങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളും വ്യക്തികേന്ദ്രീകൃത വിഷയങ്ങളും ജേര്‍ണലിസ്റ്റുകളുടെ ഈഗോയും കച്ചവടതാത്പ്പര്യമുള്ള ചാനല്‍ ഉടമകളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ന് ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകളും ഒടിഞ്ഞുവീണു എന്നും ജുഡീഷ്യറി മാത്രമാണ് അഭയം എന്നുമുള്ള സാധാരണ ജനതയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

  മുന്‍കാല ആഷിക് അബു ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍, അദ്ദേഹത്തിന്റെ മോശം ചിത്രങ്ങളുടെ കൂട്ടത്തിലെ നാരദനെ ഉള്‍പ്പെടുത്താന്‍ കഴിയൂ. ആര്‍.ഉണ്ണിയുടെ തിരക്കഥയ്ക്ക് ജീവനില്ലാതെ പോയതാണ് സംവിധായകന് തിരിച്ചടിയായത്. പല ചാനലുകളിലെ അനുഭവങ്ങളുടെ കൂട്ടുചേരലില്‍ ചിത്രം ഒരവിയല്‍ പരുവത്തിലായിപ്പോയി. ടൊവിനോ തോമസും അന്ന ബന്നും ഷറഫുദീനും ജോയ് മാത്യുവും വിജയരാഘവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും രഘുനാഥ് പലേരിയും ഇന്ദ്രന്‍സും രണ്‍ഞ്ജി പണിക്കരും ഉള്‍പ്പെട്ട ഒരു വലിയ താരനിരയുണ്ട് ചിത്രത്തില്‍.

ജാഫര്‍ സാദിക്ക് സിനിമറ്റോഗ്രഫിയും സാജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കാണുന്നതുകൊണ്ട് വലിയ നഷ്ടമൊന്നുമില്ലാത്ത ചിത്രം എന്നു പറയാം✌