Wednesday, 23 December 2020

sugatha kumari teacher

 


 സുഗതകുമാരി ടീച്ചറും നടക്കാതെപോയ പദ്ധതികളും

 ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരിക്കുമ്പോഴാണ് അവിടെ വീഡിയോ പ്രൊഡക്ഷന്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന പ്രസിദ്ധ സംവിധായകന്‍ ആര്‍.ശരത് സുഗതകുമാരി ടീച്ചറെ കുറിച്ച് പിആര്‍ഡിക്കുവേണ്ടി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനെ കുറിച്ച് എന്നോട് സംസാരിച്ചത്.2015 ലാണ് സംഭവം നടക്കുന്നത്. പ്രശസ്തരായ പലരെയും കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച പിആര്‍ഡി, ടീച്ചറെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടില്ല എന്ന് അപ്പോഴാണ് അത്ഭുതത്തോടെയും വിഷമത്തോടെയും ഓര്‍ത്തത്. അജിത് സ്‌ക്രിപ്റ്റ് തയ്യാറാക്കണം, നമ്മുടെ പാനലിലുള്ള ഒരാള്‍ക്ക് സംവിധാനച്ചുമതല നല്‍കാം എന്നും ശരത് പറഞ്ഞു. വര്‍ഷങ്ങളായുള്ള അടുപ്പം മൂലം ടീച്ചറെ കണ്ട് വിവരം പറയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു സമയം ആലോചിച്ചിരുന്ന ശേഷം ടീച്ചര്‍ പറഞ്ഞു, ' എനിക്ക് നല്ല ആരോഗ്യമുള്ളപ്പോള്‍ നിങ്ങളുടെ വകുപ്പിന് ഇത് തോന്നിയില്ലല്ലോ. അങ്ങിനെയെങ്കില്‍ സൈലന്റ് വാലിയിലും ആറന്മുളയിലുമൊക്കെ പോകാമായിരുന്നു. ഏതായാലും അജിത് സ്‌ക്രിപ്റ്റ് ചെയ്യൂ, എന്നിട്ട് തീരുമാനിക്കാം. '

 ഒരാഴ്ച പകല്‍ മുഴുവന്‍ ടീച്ചര്‍ക്കൊപ്പം സമയം ചിലവഴിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, അഭയയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഇടപെടലുകള്‍, എഴുത്ത്, ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, വിതുര പെണ്‍കുട്ടിയെ സംരക്ഷിച്ചതും അതിന് കിട്ടിയ പഴികളും, ചില പ്രമുഖര്‍ ആ കുട്ടിയോട് കാട്ടിയ ക്രൂരമായ സമീപനം അങ്ങിനെ 10 മണിക്കൂര്‍ പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍. ചിലതൊക്കെ എഴുതാനുള്ളതല്ല, അജിത് അറിഞ്ഞിരിക്കാനാണ് എന്നു പറയുമായിരുന്നു. 26 മിനിട്ടുള്ള ഡോക്യുമെന്ററിയിലേക്ക് ഇതിനെ എത്തിക്കുക വലിയ ശ്രമമായിരുന്നു. സ്‌ക്രിപ്റ്റ് പലവട്ടം വായിച്ചും തിരുത്തിയും ഒടുവില്‍ കവിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഡോക്യുമെന്ററിയാക്കി അതിനെ മാറ്റി. ' ആക്ടിവിസ്റ്റ് ആയതിനാല്‍ എന്നിലെ കവിയെ കേരളം വേണ്ടത്ര പരിഗണിച്ചിട്ടില്ല, ഒരു കവിയായി ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്', ടീച്ചര്‍ പറഞ്ഞു.

 സ്‌ക്രിപ്റ്റില്‍ പൂര്‍ണ്ണ സംതൃപ്തി വന്നശേഷമാണ് പിആര്‍ഡിയുടെ അപ്രൂവല്‍ കമ്മറ്റിക്ക് സമര്‍പ്പിച്ചത്. സമിതിയുടെ അംഗീകാരം ലഭിച്ചു, ഉത്തരവും ഇറങ്ങി. ഇതിനകം ഞാന്‍ റിട്ടയര്‍ ചെയ്തു. പിന്നീടറിയുന്നത് സംവിധാനച്ചുമതല വകുപ്പിലെ ആഡീഷണല്‍ ഡയറക്ടര്‍ കെ.സന്തോഷ് കുമാര്‍ ഏറ്റെടുത്തു എന്നായിരുന്നു. കുറച്ചു ഷൂട്ടിംഗും നടന്നു. പിന്നീട് ഡോക്യുമെന്ററി എന്നത് മാറ്റി ഡോക്യുമെന്റേഷന്‍ എന്നാക്കി. ഒടുവില്‍ എന്തു സംഭവിച്ചു എന്നറിയില്ല. വ്യക്തിപരമായി എനിക്കത് വലിയ നഷ്ടമായി. പിന്നീട് കണ്ടപ്പോഴൊക്കെ ടീച്ചര്‍ ചോദിച്ചു' അജിത്, എന്തായി ഡോക്യുമെന്ററി, ഞാന്‍ ജീവിച്ചിരിക്കെ നിങ്ങടെ വകുപ്പ് അത് പുറത്തിറക്കുമോ? '. മറുപടി പറയാന്‍ കഴിയാതെ ഞാന്‍ അന്നൊക്കെ വിഷമിക്കുകയും ചെയ്തു.

 മറ്റൊന്ന് വിക്ടേഴ്‌സ് ചാനലിലെ പ്രൊഡ്യൂസര്‍ സന്തോഷ്.പി.ഡിയും ഞാനും ചേര്‍ന്ന് തീരുമാനിച്ച സിനിമയായിരുന്നു. അഭയയില്‍ എത്തിയ ഒരു അന്തേവാസിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ തയ്യാറാക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ കഥ നേരത്തെ മറ്റൊരാള്‍ക്ക് സിനിമയാക്കാന്‍ നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സിനിമ ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി അയാളോട് ചോദിക്കട്ടെ, എന്നിട്ട് മറുപടി പറയാം എന്നായി ടീച്ചര്‍. അടുത്ത ദിവസം പറഞ്ഞതിങ്ങനെ' അയാള്‍ അത് നിര്‍മ്മിക്കും എന്നുതന്നെയാണ് പറയുന്നത്. നമുക്ക് കുറച്ചു സമയം കൂടി കൊടുക്കാം. നിങ്ങള്‍ വോറൊന്നു നോക്കൂ. '.ടീച്ചറിന്റെ പോരാട്ടങ്ങളെ ആസ്പദമാക്കി ഒരു ചിത്രം എന്നതായിരുന്നു പിന്നീട് ഞങ്ങളുടെ ലക്ഷ്യം. വിഷയം അവതരിപ്പിച്ചപ്പോഴെ ടീച്ചര്‍ പറഞ്ഞ,' അതുവേണ്ട, ഞാന്‍ നായികാസ്ഥാനത്തുവരുന്ന ഒരു ചിത്രം വേണ്ട'.

 ഒടുവില്‍ ഒരു ടെലിഫിലിമിലേക്ക് ഞങ്ങള്‍ ഒതുങ്ങി. മകന്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഒരമ്മയെ അഭയയില്‍ എത്തിച്ച സംഭവം സ്‌ക്രിപ്റ്റാക്കിയെങ്കിലും ഫിലിമായില്ല. സാമ്പത്തികം തന്നെയാകാം കാരണം. ആ സ്‌ക്രിപ്റ്റ്  സന്തോഷ്.പി.ഡിയുടെ കൈയ്യിലുണ്ടാകും. ഇത്തരം ഓര്‍മ്മകള്‍ ബാക്കിയാക്കി ടീച്ചര്‍ യാത്രയായി.' ഞാനുറങ്ങട്ടേ, വന്നുവന്നെന്നെയലട്ടായ്വിന്‍,പ്രേമമേ,വാത്സല്യമേ,ദു:ഖമേ,മരണമേ' എന്നു ചൊല്ലി.

 മരിക്കാത്ത ഓര്‍മ്മകള്‍, അതിനെ നമുക്ക്  ഒപ്പം കൊണ്ടുനടക്കാം. !!

Monday, 7 December 2020

Farm laws and political ethic

 



 രാഷ്ട്രീയക്കാര്‍ -വല്ലാത്ത ചങ്ങായികള്‍ തന്നെ

 ഇന്ന് രാത്രിയിലെ NDTV Fact check കണ്ടതോടെ  അത് ഉറപ്പായി. രാഷ്ട്രീയക്കാര്‍ വല്ലാത്ത ചങ്ങായികള്‍ തന്നെ. ഇവരുടെ വാക്കുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ പമ്പരവിഢികളും. വിഷ്വലുകള്‍ കള്ളം പറയില്ല എന്നതിനാല്‍ ഇതാരുടെയും അജണ്ടയാണ് എന്നും പറയാന്‍ കഴിയില്ല. യുപിഎ ഭരണകാലത്ത് ബിജെപിക്കുവേണ്ടി സുഷ്മ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും സംസാരിക്കുകയാണ് പാര്‍ലമെന്റില്‍. എപിഎംസിയും മണ്ഡികളും കര്‍ഷകരെ കൊള്ളയടിക്കുന്നതിനാല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനാണ് യുപിഎ ശ്രമം. ബിജെപി നേതാക്കള്‍ പറയുന്നത് വാള്‍മാട്ട്, TESCO തുടങ്ങിയ super middle men- നെ സഹായിക്കാനാണ് യുപിഎ ശ്രമിക്കുന്നത് എന്നാണ്. കര്‍ഷകര്‍ക്കും കുടുംബമുണ്ട്, അവരെ പട്ടിണിയിലാക്കരുത് എന്നൊക്കെയാണ് പറയുന്നത്. വല്ലാത്ത കര്‍ഷക സ്‌നേഹം.(ഇവര്‍ രണ്ടുപേരും ജീവിച്ചിരിപ്പില്ല എങ്കിലും വാക്കുകള്‍ ജീവിക്കുന്നു) പവാറുമായുള്ള walk in interview ആണ് മറ്റൊന്ന്. അദ്ദേഹവും പറയുന്നത് എപിഎംസിയും മണ്ഡിയും കര്‍ഷകദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നത്. സ്വകാര്യ വത്ക്കരണം വന്നാലെ കര്‍ഷകരെ ഇടനിലക്കാരായ പാരസൈറ്റുകളില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ എന്നാണ്. ഇതിനെ അനുകൂലിച്ച് ഇപ്പോള്‍ സമരം ചെയ്യുന്ന ചില കര്‍ഷക നേതാക്കളുടെ അഭിപ്രായവും വരുന്നുണ്ട്.

  കര്‍ഷകരില്‍ നിന്നും minimum support price-ല്‍ purchase നടത്തിയിട്ട് bank account- ലേക്ക് direct payment നടത്താതെ മണ്ഡിയിലെ ഇടനിലക്കാരെ സഹായിച്ച  പഞ്ചാബ് സര്‍ക്കാരിനെ രാം വിലാസ് പസ്വാന്‍ താക്കീത് ചെയ്തത് The tribune റിപ്പോര്‍ട്ട് ചെയ്തിരുന്നു. Political funding ചെയ്യുന്ന ഇടനിലക്കാര്‍ക്ക് benefit നല്‍കുന്ന arhtiyas എടുത്തുകളയണമെന്നും The tribune 2019 ല്‍ ആവശ്യപ്പെട്ടിരുന്നു. Punjab Agriculture Produce Market Act 1961 പ്രകാരം മണ്ഡിയിലെ ഇടനിലക്കാരുടെ കമ്മീഷന്‍ 2.5 ശതമാനമാണ്. അതും 1998 മുതല്‍. ഏജന്റന്മാര്‍ തന്നെയാണ് money lnders-ം. കര്‍ഷകരുടെ blank cheques-ം pass book-ം വാങ്ങിവച്ചാണ് 12 to 24 ശതമാനം compound interest-ല്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. ഇത്തരത്തില്‍ arhtiyas(ഇടനിലക്കാര്‍ക്ക് ) കര്‍ഷകര്‍ കൊടുത്തുതീര്‍ക്കാനുള്ളത് 20000 കോടിക്കു മുകളിലാണ്. ഈ ഇടനിലക്കാരെ ഒഴിവാക്കി farmgate- ല്‍ നിന്നും സാധനങ്ങള്‍ നേരിട്ടു വാങ്ങിയാല്‍ ഉത്പ്പാദകനും ഉപഭോക്താവിനും ഗുണമാകും. ഈ arhtiyas സംവിധാനം പഞ്ചാബില്‍ മാത്രമല്ല ഹരിയാനയിലുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണല്ലൊ ,പസ്വാന്‍ ഹരിയാന സര്‍ക്കാരിനെയും കര്‍ഷകരെ ഈ കൊളളക്കാരില്‍ നിന്നും രക്ഷിക്കാന്‍ ഉപദേശിക്കണം എന്നും Tribune എഴുതി. 2019 ലാണിത്. പസ്വാന്‍ ഇന്നില്ല ,അദ്ദേഹം ഹരിയാന സര്‍ക്കാരിനെ ഉപദേശിച്ചോ എന്നും അറിയില്ല. എന്നാല്‍ സമരക്കാര്‍ പഞ്ചാബ് -ഹരിയാന ദേശക്കാരാണ് എന്നത് ആകസ്മികമാകണമെന്നില്ല ?

Saturday, 5 December 2020

Antimicrobial Resistance(AMR)

 
 ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (AMR)

  പനി,തലവേദന,ജലദോഷം,വയറുവേദന തുടങ്ങി എന്തിനും ഏതിനും മരുന്നു വാങ്ങി കഴിക്കുന്ന നമ്മള്‍ അറിയേണ്ട ചിലതുണ്ട്. Atul Bagai,Head,UN Environment programme , Country office,India പറയുന്നത് ഇങ്ങിനെ. കോവിഡ് മഹാമാരിയേക്കാള്‍ ഭീകരമായ  അവസ്ഥ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍(AMR). ഇവ നിത്യേന എന്നവണ്ണം വര്‍ദ്ധിക്കുകയാണ്. മനുഷ്യന് സാധാരണയായുണ്ടാകുന്ന 35% രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കള്‍ ഇത്തരത്തില്‍ പ്രതിരോധ ശേഷി നേടിയിരിക്കുന്നു എന്നത് ശാസ്ത്രസമൂഹത്തെ ഭയപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള antibiotics,antivirals,antiparasitics,antifungals എന്നിവയ്ക്ക് ഈ സൂക്ഷ്മജീവികളെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ലോകത്ത് ഒരു വര്‍ഷം ഏഴുലക്ഷത്തോളം ആളുകള്‍ മരിക്കുന്നു എന്നാണ് UN കണക്കുകള്‍ വ്യക്തമാക്കുന്നത്. Second line-third line antibiotics-നെ പോലും പ്രതിരോധിക്കാന്‍ കഴിവുനേടിയ pathogens- ന്റെ എണ്ണം 2005-നും 2030 നും ഇടയില്‍ ഇരട്ടിയാകും എന്നും കണക്കാക്കുന്നു.

 ലോകത്തില്‍ ഏറ്റവുമധികം ആന്റിബയോട്ടിക്‌സ് കഴിക്കുന്ന ഇന്ത്യയാണ് വലിയ ഭീഷണി നേരിടുന്നത്. ശരീരത്തില്‍ AMR സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ (sepsis) വര്‍ഷം തോറും 58,000 കുട്ടികള്‍ ഇന്ത്യയില്‍ പിറവിയിലേ മരിക്കുന്നു എന്നാണ് The Lancet പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇതിലും എത്രയോ കൂടുതലാകും അംഗവൈകല്യത്തോടെ ജീവിക്കുന്നവര്‍. Antimicrobial agents- നെ പ്രതിരോധിക്കാന്‍ സൂക്ഷ്മജീവികള്‍ക്ക് പ്രകൃതി നല്‍കുന്ന ഒരു കഴിവുണ്ട്. എന്നാല്‍ അതിനെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് മനുഷ്യന്‍ ചെയ്യുന്നത്. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടി അധികമായി ഉപയോഗിക്കുന്നതും അനാവശ്യമായി ഉപയോഗിക്കുന്നതുമായ antimicrobials സൂക്ഷ്മജിവികളുടെ resistance process-നെ ശക്തിപ്പെടുത്തുന്നു. നമ്മള്‍ കഴിക്കുന്നതും ജീവികള്‍ക്ക് കൊടുക്കുന്നതുമായ ആന്റിബയോട്ടിക് മരുന്നുകളില്‍ 80% ദഹിക്കാതെ പുറത്തുപോവുകയാണ്. ഇതോടൊപ്പം പ്രതിരോധശേഷി നേടിയ ബാക്ടീരിയകളും ഉണ്ടാവും. ഇത് മലിനജലത്തിലൂടെ ഒഴുകി പ്രകൃതിയിലെത്തുന്നു. waste water treatment സംവിധാനത്തിലൂടെ മുഴുവന്‍ ആന്റിബയോട്ടിക്കിനെയും പ്രതിരോധശക്തി നേടിയ ബാക്ടീരിയയെയും നശിപ്പിക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ 37% മലിനജലം മാത്രമാണ് treat ചെയ്യുന്നത്. ബാക്കിയുള്ളവ വിവിധ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു മരുന്നു കമ്പനിയുടെ ഇത്തരം ഒഴുക്കി വിടല്‍ പരിശോധിച്ചതില്‍ നിത്യേന 40,000 ആളുകള്‍ക്ക് നല്‍കാന്‍ കഴിയുന്നത്ര antibiotisc അതില്‍ കണ്ടെത്തി.

 വളരെ ഭീതിദമായ കണക്കുകളാണ് പുറത്തുവരുന്നത്. മാലിന്യ സംസ്‌ക്കരണത്തില്‍ നമ്മള്‍ ഉറപ്പാക്കുന്ന പങ്കാളിത്തം പോലെ AMR കുറയ്ക്കാനും നമ്മുടെ ഭാഗത്തുനിന്നും ശ്രമം ആവശ്യമാണ്. കൃഷിക്ക് പരമാവധി ജൈവകീടനാശിനി പ്രയോഗം, വളര്‍ത്തു മൃഗങ്ങള്‍ക്ക് പരമാവധി പാരമ്പര്യ മരുന്നുകളുടെയും ഹോമിയോ മരുന്നുകളുടെയും പ്രയോഗം, മനുഷ്യര്‍ക്ക് ശരീരത്തിലുള്ള സ്വയം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍, ചെറിയ രോഗങ്ങള്‍ക്ക് ഗൃഹവൈദ്യം, ആയുര്‍വ്വേദം,ഹോമിയോ തുടങ്ങിയ ചികിത്സകള്‍ എന്നിങ്ങനെ , കോവിഡ് കാലത്ത് ,മരുന്നില്ലാത്ത രോഗം എന്ന നിലയില്‍ നമ്മള്‍ അനുവര്‍ത്തിച്ച അച്ചടക്കവും ക്ഷമയും തുടര്‍ന്നുകൊണ്ടുപോകാന്‍ പരിശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വരാന്‍ പോകുന്നത് സൂപ്പര്‍ മൈക്രോബിയല്‍സിന്റെ താണ്ഡവമാകും!!

Friday, 4 December 2020

Short story-- December 6

 

കഥ
 
ഡിസംബര്‍ ആറ്
 
- വി.ആര്‍.അജിത് കുമാര്‍
 
ബാലകൃഷ്ണന്‍ മാഷ് ഇത്രവേഗത്തില്‍ ജീവിതത്തിലൊരിക്കലും ഓടിയിട്ടില്ല.ഇങ്ങിനെ ഓടാന്‍ തനിക്ക് കഴിയുമെന്നും നിനച്ചിരുന്നില്ല.വേഗത കൂടുന്തോറും കിതക്കുന്നുണ്ട്. എങ്കിലും അത് വകവയ്ക്കാതെ ഓടുകയാണ്. ജീവന്റെ വില അത്ര വലുതാണല്ലൊ. പിന്നാലെ ഒരാളല്ല, ഒരു കൂട്ടമാളുകളുണ്ട്. പേപ്പട്ടിയെ കൊല്ലാനോടിക്കുന്നപോലെ. അവര്‍ ഉച്ചത്തില്‍ ബഹളം വയ്ക്കുന്നുണ്ട്. പിടിയെടാ അവനെ,കൊല്ലെടാ എന്നൊക്കെ അവ്യക്തമായി കേള്‍ക്കാം. പ്രധാന റോഡും ഇടപ്പാതകളും പിന്നിട്ട് ഒറ്റയടിപ്പാതയിലെ കുറ്റിച്ചെടികള്‍ മറികടന്ന് ഓടുകയാണ് മാഷ്. ലോകത്തിന്റെ അറ്റം വരെയും ഓടുമോ എന്നയാള്‍ ശങ്കിച്ചു. ജീവനുവേണ്ടിയുള്ള ഓട്ടമാകുമ്പോള്‍ അങ്ങിനെയുമാകാം. ജീവനപ്പുറം ശരീരത്തില്‍ മറ്റെന്താണുള്ളത്?
 
മാഷിന്റെ ഓട്ടം പെട്ടെന്നു നിലച്ചു. ലോകത്തിന്റെ അവസാനംപോലെ വഴി ഒരു കരിംപാറയ്ക്കു മുന്നില്‍ അവസാനിച്ചു. ആരോ കൊടുവാള്‍ വീശി. ', എടാ, ഇത് നമ്മടെ ബാലേഷ്ണന്‍ മാഷാ, - ടാ- കൊല്ലല്ലെ-', എന്നാരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊടുവാളിന് മാഷിനെ തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അത് ചോര ചീറ്റിക്കൊണ്ട് ഉടമയുടെ കൈയ്യിലിരുന്ന് തിളങ്ങി. മാഷിന്റെ തല ഒരു താലത്തില്‍ എടുത്തുവച്ച വിധം വഴി അവസാനിച്ചിടത്ത് ഇരുന്നു. മാഷിന്റെ തല ഉടലിനെ നോക്കി ഒന്നു ചിരിച്ചു, എന്നിട്ട് കണ്ണടച്ചു കാണിച്ചു.
 
ഇത്രുയുമായപ്പോള്‍ മാഷ് ഞെട്ടിയുണര്‍ന്നു.തല കഴുത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കി. തൊണ്ട വറ്റിയതിനാലാകാം തന്റെ അലര്‍ച്ച അടുത്തുകിടക്കുന്ന ഭാര്യ പോലും അറിയാതിരുന്നത്. ശരീരം മൊത്തമായി വിയര്‍ത്തിട്ടുണ്ട്. നെഞ്ചിടിപ്പ് കാതില്‍ വന്നലയ്ക്കുന്നു. മാഷ് മെല്ലെ എഴുന്നേറ്റു. പ്രഷറുള്ളതാണ്. ഉണര്‍ന്നാലുടന്‍ വേഗത്തില്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു നടക്കരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഫോണ്‍ ബല്ലടിച്ചാല്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് പെട്ടെന്നെണീറ്റ് ഫോണെടുക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങിനെ ഒരിക്കല്‍ തലചുറ്റി വീഴുകയും ചെയ്തു. അതില്‍ പിന്നെ എഴുന്നേറ്റിരുന്ന് ശരീരം ബാലന്‍സ് ചെയ്തു എന്നുറപ്പാക്കിയിട്ടേ ബാലകൃഷ്ണന്‍ മാഷ് നടക്കാറുള്ളു.
 
ശബ്ദമുണ്ടാക്കാതെ, പതുക്കെ നടന്ന് അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. വരണ്ട തൊണ്ടയെ നനച്ചുകൊണ്ട് അത് താഴേക്കു പോകുന്നത് ബാലകൃഷ്ണന്‍ മാഷിന് അനുഭവവേദ്യമായി. രണ്ടു മണിയേ ആയിട്ടുള്ളു. ഇനി നേരം വെളുപ്പിക്കാനാണ് പ്രയാസം. ഉറക്കം വരില്ല. എങ്കിലും മാഷ് തിരികെ വന്ന് കട്ടിലില്‍ കിടന്നു. എത്രയോ വര്‍ഷങ്ങളായി ഈ സ്വപ്‌നം തന്നെ വേട്ടയാടുന്നു. മരണ ഭയം, അതൊരു വല്ലാത്ത സംഭവമാണ്. അന്ന് ഏതോ ഒരു ശിഷ്യന്റെ വാക്കിലാണ് ജീവിതം ബാക്കിയായത്. അവന്‍ ആരാണ്, പേരെന്താണ് എന്നൊന്നും ഇന്നും അറിയില്ല. ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു നില്‍ക്കുന്ന അവന്റെ കണ്ണുകള്‍ മാത്രം ഓര്‍മ്മയുണ്ട്. അതിതീഷ്ണമായിരുന്നു ആ കണ്ണുകള്‍. തന്നെ പിടിച്ചു തള്ളിയ, അല്ലെങ്കില്‍ വഴിയില്‍ ഉപേക്ഷിച്ചവന്റെ മുഖത്ത് ചോരയെടുക്കാന്‍ കഴിയാതിരുന്നതിന്റെ കലിയുണ്ടായിരുന്നു. ആ മുഖം ഒിക്കലും മറക്കാന്‍ കഴിയില്ല. അവനെ പിന്നീടൊരിക്കലും കണ്ടിട്ടുമില്ല.
 
1992 ഡിസംബര്‍ ആറ്. ജീവിതത്തെ അതിന് മുന്‍പും ശേഷവും എന്ന് രണ്ടായി തിരിക്കാമെന്നു തോന്നുന്നു. ഡിഗ്രിയും ബിഎഡുമെടുത്തശേഷം മലബാറിലേക്ക് കുടിയേറിയതുതന്നെ എയ്ഡഡ് സ്‌കൂളിലെ നിയമനത്തുക കുറവാണ് എന്നതിനാലാണ്. അതും പകുതി ആദ്യവും ബാക്കി ശമ്പളം കിട്ടിയശേഷം ആറ് ഇന്‍സ്റ്റാള്‍മെന്റായും. തെക്കന്‍ കേരളത്തിലെപോലെ വലിയ ലേലം വിളിയും ശുപാര്‍ശകളുമില്ലാതെ ശമ്പളവും പെന്‍ഷനും ഉറപ്പാക്കി, മാഷായി ജീവിതം കഴിക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് ബാലകൃഷ്ണന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യത്വമുള്ള മാനേജ്‌മെന്റ്, നല്ല അധ്യാപകര്‍, അധ്യാപകരെ ബഹുമാനിക്കുന്ന കുട്ടികള്‍, നാട്ടുകാര്‍. പൊതുവെ പാവങ്ങളാണ് ഇവിടത്തെ മനുഷ്യരൊക്കെ. രാഷ്ട്രീയവും മതവും ജാതിയുമൊക്കെ തെക്കുള്ളപോലെ അത്ര ഹീനമായ നിലയിലല്ല.
 
ഇസ്ലാം മതവിശ്വാസത്തിന്റെ നല്ല വശങ്ങളെല്ലാം അനുഭവിച്ചാണ് അന്നുവരെ മാഷും കുടുംബവും അവിടെ കഴിഞ്ഞത്. നൊയമ്പുകാലത്ത് മാഷും നൊയമ്പെടുത്തിരുന്നു. വൈകിട്ട് എത്ര വീടുകളില്‍ നിന്നായിരുന്നു ഭക്ഷണം എത്തിയിരുന്നത്. നബിദിനവും റംസാനുമൊക്കെ സ്വന്തം ആഘോഷം പോലെയായിരുന്നു. ഓണവും വിഷുവുമൊക്കെ ഒന്നിച്ചാഘോഷിച്ചു. മാഷ് എന്നാല്‍ നാട്ടാര്‍ക്ക് ദൈവം പോലെയാണ്. അവര്‍ക്ക് വിദ്യാഭ്യാസം കുറവായതിനാല്‍, മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.
 
ഇന്ദിരയുടെ വിവാഹാലോചന വന്നപ്പോഴും ബാങ്കിലാണ് എന്നതിനാല്‍ കൂടുതല്‍ ആലോചിച്ചില്ല. മലബാറിലേക്ക് വരാന്‍ താത്പ്പര്യമുള്ളവര്‍ കുറവായതിനാല്‍ ട്രാന്‍സ്ഫറിനെ അധികം ഭയക്കണ്ടല്ലൊ. കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാനും മിടുക്കരാക്കാനുമൊക്കെ കഴിഞ്ഞത് ഈ മലബാര്‍ കുടിയേറ്റത്തിലൂടെയായിരുന്നു. എല്ലാ സൗഹൃദങ്ങളും സ്‌നേഹവും അവസാനിച്ചത് അന്നായിരുന്നു, ഡിസംബര്‍ ആറിന്.
 
ഊരിപ്പിടിച്ച കത്തിയുമായി അവര്‍ വരുമ്പോഴും മാഷിന് ഒന്നും മനസിലായില്ല. അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചതൊന്നും മാഷ് അറിഞ്ഞിരുന്നില്ല. കുറേനാളായി നടക്കുന്ന കോലാഹലങ്ങളിലൊന്നും മാഷ് ശ്രദ്ധയും കൊടുത്തിരുന്നില്ല. രാഷ്ട്രീയക്കാരുടെ നാടകങ്ങളല്ലെ, വോട്ടു പിടിക്കാനും വിശ്വാസികളെ ഒപ്പം നിര്‍ത്താനുമുള്ള അടവുകള്‍ എന്നേ കരുതിയിരുന്നുള്ളു.പള്ളി പൊളിക്കാന്‍ സര്‍ക്കാരും സംവിധാനങ്ങളും കൂട്ടുനില്‍ക്കുമെന്നൊന്നും കരുതാനുള്ള രാഷ്ട്രീയബോധവും മാഷിനുണ്ടായിരുന്നില്ല. കണക്കു മാഷാണെങ്കിലും ബാലകൃഷ്ണന് ഇത്തരം കണക്കുകളില്‍ വലിയ താത്പ്പര്യം ഉണ്ടായിരുന്നില്ല.
 
റോഡിലൂടെ നടന്നു വരുമ്പോള്‍ ,ദേ വരുന്നു ഒരുത്തന്‍,കൊല്ലെടാ എന്ന ആക്രോശം കേട്ടാണ് മാഷ് ശ്രദ്ധിച്ചത്. കാലുകള്‍ നിശ്ചലമായി. മുന്നോട്ടും പിന്നോട്ടും ചലിക്കാന്‍ വയ്യാത്ത അവസ്ഥ. മരണം മുന്നില്‍ കണ്ട് നില്‍ക്കുമ്പോഴാണ് കണ്ണും മുഖവും ചുവന്ന ആ ചെറുപ്പക്കാരന്റെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ കഴുത്ത് ഞെരിഞ്ഞത്. ജീവിതം അവസാനിക്കുന്ന നിമിഷത്തില്‍ , എന്തിനാണ് തന്നെ കൊല ചെയ്യുന്നത് എന്നൊരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ മാഷ് നിസംഗനായി. കണ്‍മുന്നിലൂടെ ഇന്ദിരയുടെയും മക്കളുടെയും നിലവിളിക്കുന്ന മുഖവും കാതുകളില്‍ അവരുടെ ശബ്ദവും വന്നലച്ചു. അപ്പോഴാണ് ദൈവദൂതനെപോലെ ഒരുവന്‍ ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷമായത്. അവന്റെ കണ്ണുകള്‍ -- അവന്‍ ആരാണെന്നു തിരിച്ചറിയാന്‍ എത്രയോ വട്ടം ശ്രമിച്ചു, കഴിഞ്ഞില്ല. ' എടാ,ബാലേഷ്ണന്‍ മാഷിനെ കൊല്ലരുത്, വിട്ടേക്ക് - വിട് മജീദേ -'
 
അവന്‍ കഴുത്തിലെ പിടിവിടാതെ തന്നെ തിരിഞ്ഞുനോക്കി. ആ ശബ്ദത്തെ നിഷേധിക്കാന്‍ കഴിയാത്ത ഏതോ ഒരു ബന്ധം അവര്‍ തമ്മിലുണ്ടാകാം. ഇല്ലെങ്കില്‍ -- ഒരാളുടെ വാക്ക് മറ്റൊരാള്‍ കേള്‍ക്കണമെന്നില്ലല്ലോ? ആള്‍ക്കൂട്ടത്തിന്റെ സൈക്കോളജി പലപ്പോഴും അങ്ങിനെയാണ്. പള്ളി പൊളിച്ചതുപോലും അത്തരമൊരു സൈക്കിന്റെ ഭാഗമായിരിക്കാം. അവന്‍ കൈവിരലുകളുടെ ബലം കുറച്ചു. ശ്വാസം എടുക്കാമെന്നായി. പിന്നെ ആഞ്ഞൊരു തള്ളായിരുന്നു. പാതയോരത്ത് നടു അടിച്ചു വീണു. വേദന തോന്നിയില്ല.മുണ്ടിലാകെ കാവിമണ്ണ് പടര്‍ത്തിക്കൊണ്ട് അവര്‍ മുന്നോട്ടുപോയി. മാഷിന്റെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണീരു വന്നു പരിസരത്തെ മറച്ചു.അപമാനിതമായ മനസോടെയാണ് മാഷ് വീട്ടിലെത്തിയത്. ഇന്ദിരയും കുട്ടികളും വരും വരെ ആധിയായിരുന്നു. അവര്‍ കുഴപ്പമില്ലാതെ വീട്ടിലെത്തി. മാഷ് അവരോട് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അന്നും അടുത്ത ദിവസങ്ങളിലും റേഡിയോയിലും ടെലിവിഷനിലും കുറെ ചീത്ത വാര്‍ത്തകള്‍ കേട്ടു. എല്ലാ ഇടങ്ങളിലും പ്രശ്‌നങ്ങളായിരുന്നു.
 
രാത്രിയിലാണ് പരിസരത്ത് നടന്ന അക്രമവും തനിക്കു നേരെയുണ്ടായ പ്രകോപനത്തിന്റെ കാരണവുമൊക്കെ മാഷ് അറിയുന്നത്. പള്ളി പൊളിച്ചു എന്നറിഞ്ഞതോടെ മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനുമൊക്കെയായി ആളുകള്‍ ഒത്തുകൂടി. അത്തരമൊരു ഒത്തുകൂടല്‍ പ്രദേശത്തെ പള്ളിയിലുമുണ്ടായി. അവരും കടകളടപ്പിക്കാനായി പുറപ്പെട്ടു. കവലയിലെ ചായക്കട നടത്തുന്ന രാധാകൃഷ്ണന്‍ കടയടയ്ക്കാന്‍ കൂട്ടാക്കിയില്ല. അടുപ്പില്‍ പാല്‍ തിളച്ചു കിടക്കുന്നു. വടയും പഴം പൊരിയുമെല്ലാം ഇനിയും ബാക്കി. ഇതൊക്കെ തീര്‍ന്നിട്ട് അടയ്ക്കാം എന്നതായിരുന്നു അവന്റെ നിലപാട്. കട അടച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും എന്നൊക്കെ സൗമ്യമായി പലരും പറഞ്ഞു. പ്രകോപിതനായി നിന്ന റഹിം ഒച്ചകൂട്ടി, തെറിവിളിയൊക്കെയായി. അപ്പോഴാണ് ചെത്തുകാരന്‍ രാമന്‍ ചായ കുടിക്കാനായി സൈക്കിളില്‍ അവിടെ വന്നത്. ചെത്തിയ കള്ള് സൈക്കിളിലുണ്ട്, തേറ് ഇളിയിലും .
 
' രാധാകൃഷ്ണ, എനിക്ക് ചായ തന്നിട്ട് നീ കട അടച്ചാല്‍ മതി', രാമന്‍ പറഞ്ഞു. അയാള്‍ ബഞ്ചിലിരുന്നു. ആള്‍ക്കൂട്ടത്തിലെ സമാധാനപ്രിയര്‍ പലരും ഇടപെട്ടു. ' രാമാ, നീ വെറുതെ പ്രശ്‌നമുണ്ടാക്കരുത്. ഇത് വിശ്വാസത്തിന്റെ കാര്യാ, പുരാതനമായ പള്ളിയാണ് പൊളിച്ചത്. പിള്ളേരൊക്കെ ഹാലിളകി നില്‍ക്ക്വാ, നീ വെറുതെ ഇടങ്കേറുണ്ടാക്കണ്ട'
 
' പള്ളി പൊളിച്ചെങ്കി നിങ്ങള്‍ പൊളിച്ചവനോട് പോയി ചോദിക്ക്, അവനിട്ട് രണ്ട് പൊട്ടിക്ക്, നിങ്ങളെന്തിനാ രാധാകൃഷ്ണന്റെ കട അടപ്പിക്കുന്നെ, എന്റെ ചായകുടി മുട്ടിക്കുന്നെ, പോയി വേറെ പണിനോക്ക് ', അവന്റെ സ്വരം ആര്‍ക്കും ഇഷ്ടപ്പെടുംവിധമായിരുന്നില്ല.
 
ഇത്രയും നേരം ക്ഷമിച്ചു നിന്ന റഹിം എന്ന ചെറുപ്പക്കാരനാണ് രാമന് അടികൊടുത്തത്. രാമന്‍ താഴെ വീണു. ' --- മോനെ', എന്നു തെറിവാക്കും പറഞ്ഞ് ചാടിയെണീറ്റ രാമന്‍ ഇളിയില്‍ നിന്നും തേറ് ഊരി വീശി മുന്നോട്ടു വന്നു. ആള്‍ക്കൂട്ടം അപ്രതീക്ഷിതമായ ഈ നീക്കത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല. റഹിം രാമനെ കടന്നു പിടിച്ചു. പിടിവലിക്കിടയില്‍ രാമന്‍ റഹീമിന്റെ നെഞ്ചത്തും കഴുത്തിലുമായി അനേകം പ്രാവശ്യം കുത്തി. ചോര കുത്തിയൊഴുകി. എല്ലാവരുടെയും ശ്രദ്ധ റഹീമിലായിരുന്നു. ഈ സമയം കൊണ്ട് സൈക്കിളുമെടുത്ത് രാമന്‍ സ്ഥലം വിട്ടു. റഹീമിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കാറെടുത്തുവന്ന ഹമീദിനൊപ്പം രണ്ടുപേര്‍ കൂടി കയറി. അപ്പോഴേക്കും റഹീമിന്റെ മരണം ഏകദേശം സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവര്‍ വേഗം പള്ളിയില്‍ ഒത്തുകൂടി ,നമ്മുടെ ഒരാളിന് പകരം രണ്ടുപേരുടെയെങ്കിലും ജീവനെടുക്കണം എന്നതായി തീരുമാനം. ഈ തീരുമാനത്തോടെ ,ആള്‍ക്കൂട്ടത്തിന്റെ രീതി മാറുകയായിരുന്നു. ആദ്യം കണ്ട രണ്ട് ഹിന്ദുക്കളുടെ ജീവനെടുത്തായിരുന്നു തുടക്കം. ഒന്നിനു പകരം രണ്ട്. ഒന്നാലോചിച്ചാല്‍ അര്‍ത്ഥരഹിതമായ വാദം. മൂന്നും മനുഷ്യരാണല്ലൊ! മുസ്ലീമും ഹിന്ദുവുമല്ല ,മനുഷ്യര്‍ മാത്രം. ജനിച്ചു വീണപ്പോള്‍ അവര്‍ക്ക് മതമുണ്ടായിരുന്നില്ല. പിന്നെ ആരാണ് മതച്ചാര്‍ത്ത് നല്‍കിയത്. അവര്‍ക്കറിയില്ല, കൊന്നവര്‍ക്കും അറിയില്ല.
 
പിന്നീടവര്‍ ചെത്തുകാരന്‍ രാമനെ അന്വേഷിച്ച് നാനാവഴിക്കായി പിരിഞ്ഞു. അതിലൊരു കൂട്ടരുടെ മുന്നിലാണ് ബാലകൃഷ്ണന്‍ മാഷ് ചെന്നുപെട്ടത്. രാമന്‍ രക്ഷപെട്ടു. ആരെങ്കിലുമൊക്കെ സഹായിച്ചു കാണണം. അല്ലെങ്കില്‍ അത്രവേഗം രക്ഷപെടാന്‍ കഴിയില്ല. ഏറെക്കാലം രാമനുവേണ്ടിയുളള അന്വേഷണം തുടര്‍ന്നു. ഇതിനിടയില്‍ പള്ളി പൊളിച്ചതിന്റെ പേരില്‍ രാജ്യമൊട്ടാകെ പല കലാപങ്ങളുമുണ്ടായി. ഹിന്ദു-മുസ്ലിം സൗഹൃദത്തില്‍ വിള്ളല്‍ വീണു. സ്‌നേഹത്തോടെ ജീവിച്ചുവന്ന രണ്ടു സമുദായത്തിലേയും അംഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തോടെ പെരുമാറുന്ന രീതി മലബാറിലും വന്നു തുടങ്ങി. ബാലകൃഷ്ണന്‍ മാഷിനോട് സ്‌കൂള്‍ മാനേജ്‌മെന്റിനുണ്ടായിരുന്ന സ്‌നേഹം പോലും കുറഞ്ഞു. മാഷിനെ ഹെഡ്മാസ്റ്ററാക്കാന്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വന്നു. മറ്റൊരാളിനെ ഇറക്കുമതി ചെയ്തു. മാഷ് എല്ലാം കണ്ട് കാഴ്ചക്കാരനെപോലെ നിന്നു. സങ്കടം വന്നു, എങ്കിലും പ്രകടിപ്പിച്ചില്ല. മനുഷ്യര്‍ക്കിടയില്‍ ഒരു പുരാതനമായ കെട്ടിടം മാത്രമല്ല, സ്‌നേഹം എന്നൊരാശയം കൂടി ഇടിഞ്ഞുവീണപോലെ .
 
ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴാണ് ഒരു ദിവസം രാത്രിയില്‍ പള്ളിയില്‍ കൂട്ടമണി ഉതിര്‍ന്നത്. അപായസൂചനയാണ്. വിശ്വാസികള്‍ പള്ളിയിലെത്താനുള്ള അറിയിപ്പ്. ആര്‍എസ്എസുകാര്‍ പള്ളി വളയാന്‍ വരുന്നു എന്ന സന്ദേശമാണ് പെട്ടെന്നു പരന്നത്. പുരുഷന്മാരെല്ലാം വേഗത്തില്‍ ഒത്തുകൂടി. അപ്പോഴാണ് അടക്കം പറയും പോലെ ആ വാര്‍ത്ത പുറത്തുവിട്ടത്. രാമന്‍ തിരിച്ചെത്തിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും കാണാന്‍ വന്നതാണ്. തെക്കുംപുറത്തെ കുന്നിലുണ്ട്. ആ ഹറാംപിറന്നോനെ വീടരെ കാണാന്‍ അനുവദിക്കരുത്.
 
ആയുധങ്ങളുമായി തെക്കുംപുറം കുന്നിലേക്ക് ആള്‍ക്കൂട്ടം നടന്നു. രാത്രിയുടെ വന്യതയില്‍ ചീവീടുകളും തവളകളും കരഞ്ഞു. ഇരുട്ടില്‍ പലരും വീണു. ചൂട്ടുകറ്റയോ ലൈറ്ററോ പോലും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കാഠിന്യം സഹിക്കുകതന്നെ വേണം. രാമന്റെ ബീഡിവലി ശീലം അവനെ വേഗം തിരിച്ചറിയാന്‍ ഉപകരിച്ചു. ദൂരെ മിന്നാമിനുങ്ങുപോലെ കനലെരിയുന്നു. ശബ്ദമുണ്ടാക്കാതെ ,പല വഴികളിലൂടെ അവര്‍ കുന്നിന്‍ മുകളിലെത്തി. 'പന്നീടെ മോനെ' എന്നാക്രോശിച്ചുകൊണ്ട് ആള്‍ക്കൂട്ടം ചാടിവീണു. പിന്നെ വെട്ടായിരുന്നു, പൊതിരെയുളള വെട്ട്. പോത്തിനെ വെട്ടുംപോലെ വെട്ടിയരിഞ്ഞു. ഒരു ചെറുരോദനം പോലും ലോകം കേട്ടില്ല. ഓരോരുത്തരും ഓരോ കഷണങ്ങളെടുത്തു.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി കുഴിച്ചിടാനായിരുന്നു നിര്‍ദ്ദേശം. അതങ്ങിനെതന്നെ നടന്നു.രാമന്റെ ഭാര്യയും മക്കളും കാത്തിരുന്നു. രാമന്‍ വരുമെന്ന പ്രതീക്ഷയില്‍. അവന്‍ പോലീസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജീവിച്ചു.
 
പിന്നെയും എന്തെല്ലാം മാറ്റങ്ങളുണ്ടായി.രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ മാറി. പള്ളി പൊളിച്ചവര്‍ അധികാരത്തിലെത്തി. പള്ളി നിന്നയിടം ക്ഷേത്രനിര്‍മ്മാണത്തിന് നല്‍കി. അതെല്ലാവരും അംഗീകരിച്ച മട്ടായി. ഇതിന്റെ പേരില്‍ വഴക്കടിച്ചവരും ജീവിതം പൊലിഞ്ഞവരും വിസ്മൃതിയിലായി. പുത്തന്‍ പുത്തന്‍ വിഷയങ്ങളുമായി ലോകം മുന്നോട്ടു പോകുമ്പോഴും തന്റെ ഓര്‍മ്മകളില്‍ ഇതാവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ടെന്നു മാത്രം ബാലകൃഷ്ണന് മനസിലായില്ല. ഒരു പക്ഷെ, തന്റെ ലോകം അത്ര ചെറുതായതുകൊണ്ടാകാം എന്നു സമാധാനിച്ച് , ഒന്നുകൂടി മയങ്ങാന്‍ കഴിയുമോ എന്ന ശ്രമത്തില്‍ അയാള്‍ കണ്ണടച്ചു.
 

Tuesday, 1 September 2020

Video game industry - a concept note

 

 Video game industry - a concept note

 Prime Minister Shri.Narendra Modi shared on his August 30 Mann Ki Baat an excerpt about computer games. Let me share some of the ideas my son put forward in this regard. Millions of Indians now play pubG on a daily basis. This is a beautiful game made by the talented game developers in China. No matter how much you play and watch, you will never get tired. No doubt such a unique battlefield was prepared and presented on different  lines after great scientific study. India is competing with China, everywhere. Competition at the border must be offset by a surge in the agro-industrial and technological sectors. The most important of these is the advancement in video games. We have before us the unique and sophisticated military structure of the Battle of Kurukshetra in the Mahabharata. The story of Ramayana itself can be turned into a great video game. The Maratha-Mughal wars, the Battle of Alexander, and the battles with the Portuguese-Dutch-British armies all serve as the basis for excellent games. Children will learn epics and history through this and will be able to develop the video game industry in India as a great industry. It is hoped that there will be constructive discussions and better funding in this area in the coming days.



Wednesday, 3 June 2020

Victers channel - why should there be dispute on its credit, an ongoing schme


 വിക്ടേഴ്‌സ് ചാനല്‍ വിവാദം ആദ്യകാലം നേതൃത്വം കൊടുത്തയാള്‍ എന്ന നിലയില്‍ ചിലത് പറയാനുണ്ട് ----
 ഐടി@സ്‌കൂള്‍ ആരംഭിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ബിജു പ്രഭാകര്‍, അന്നദ്ദേഹം ഐഎഎസ് അല്ല, അദ്ദേഹത്തോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപക കൂട്ടായ്മ. ഇതായിരുന്നു നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഐടി ഇടപെടലിന്റെ തുടക്കം. അത് വലിയ വിജയവുമായിരുന്നു. സോഫ്‌റ്റ്വെയര്‍ സംബ്ബന്ധിച്ചുമൊക്കെ ഇടതുപക്ഷത്തുനിന്നും ഒട്ടേറെ വിവാദങ്ങളും ഇക്കാലത്ത് വന്നിരുന്നു.


ഞാനന്ന് ഐടി മിഷനില്‍ ഡപ്യൂട്ടേഷനിലാണ്. അന്‍വര്‍ സാദത്തും നാരായണ സ്വാമിയും വിനോദും ബിന്‍സിയും ഒക്കെ ചേര്‍ന്ന ഒരു സംഘം. പലപ്പോഴും ഐടി@സ്‌കൂളുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഐഎസ്ആര്‍ഒ എഡ്യൂസാറ്റ് വിക്ടേഴ്‌സ് ചാനല്‍ തുടങ്ങിയത് ഗോര്‍ക്കി സെന്ററിലായിരുന്നു. അന്ന് നടന്ന ഏക ദിന സെമിനാറില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഈയിടെ അടുക്കിപ്പെറുക്കലിനിടെ കണ്ടിരുന്നു.

  വിദൂര പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ROT ( റീസീവ്  ഒണ്‍ലി ടെര്‍മിനല്‍) വച്ച് ഗോര്‍ക്കി ഭവനില്‍ നിന്നും പ്രഗത്ഭര്‍ ക്ലാസെടുക്കുന്നതായിരുന്നു തുടക്കം. അച്യുത് ശങ്കറിനെപോലുള്ള പ്രഗത്ഭര്‍ ക്ലാസെടുക്കും. അത് തത്സമയം ROT  വഴി കാണാം. 2 മണിക്കൂറായിരുന്നു സംപ്രേക്ഷണം എന്നു തോന്നുന്നു. ആകെ 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍. ആന്ധ്രയിലും മറ്റും സമാനമായ പരിപാടികള്‍ ഉണ്ടായിരുന്നു. SIET  തയ്യാറാക്കിയ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും സംപ്രേഷണം ചെയ്തിരുന്നു. യൂത്ത് ഫെസ്റ്റിവല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താത്ക്കാലികമായി ചില കേബിളുകാര്‍ അത് കാണിച്ചിരുന്നു. ചേര്‍ത്തലയിലെ ഒരു കേബിള്‍ നെറ്റ്വര്‍ക്കും വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങിയിരുന്നു. ജോസഫ് ആന്റണിയുടെയും മറ്റും ശ്രമഫലമായിരുന്നു അതെന്നു തോന്നുന്നു.

   ഇതിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഐടി മിഷനില്‍ നിന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി എം.എ.ബേബി അന്‍വര്‍ സാദത്തിനെ ഐടി@സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. അവിടെ നിന്നും നാരായണ സ്വാമിയും ഒപ്പം പോയി. ഞാന്‍ അക്ഷയ ഡയറക്ടറുടെ ചുമതല ഒഴിഞ്ഞ് ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പിആര്‍ഡിയില്‍ നിയമനം കാത്തുനില്‍ക്കുകയാണ്. അന്നത്തെ ഡയറക്ടര്‍ ജൂനിയര്‍ മോസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ റിവേര്‍ഷന്‍ ഒഴിവാക്കാന്‍ ഒരു മാസത്തിലേറെ നിയമനം നല്‍കാതെ എന്നെ പുറത്തുനിര്‍ത്തി. ഈ സമയമാണ് അന്‍വര്‍ എന്നെ വിക്ടേഴ്‌സിന്റെ ചുമതലയിലേക്ക് ക്ഷണിക്കുന്നത്. സാങ്കേതികമായി യാതൊരു ധാരണയുമില്ലാത്ത രംഗമാണെങ്കിലും പരീക്ഷിച്ചുനോക്കാം എന്ന് തീരുമാനിച്ചു.

  ഗോര്‍ക്കി ഭവനില്‍ വിക്ടേഴ്‌സും പൂജപ്പുരയില്‍ ഐടി@സ്‌കൂളും എന്നതായിരുന്നു അവസ്ഥ. ROT  സംബ്ബന്ധിച്ച അന്വേഷണം ഒരു കാര്യം ഉറപ്പാക്കി. 33 കേന്ദ്രങ്ങളില്‍ രണ്ടോ മൂന്നോ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ഈ നിലയില്‍ ഇത് മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിദ്യാഭ്യാസ ചാനലാക്കി മാറ്റണം, ക്രമേണ മുഴുവന്‍ സമയവും സംപ്രേഷണം നടക്കുന്ന ചാനല്‍. ഇതായിരുന്നു ഞങ്ങളുടെ സ്വപ്നം. ആകെ ഒരു പ്രൊഡ്യൂസറും ക്യാമറാമാനും മാനേജരും ഓപ്പറേറ്ററുമൊക്കെയുളള സംവിധാനം. പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യുക എന്നതായിരുന്നു തുടക്കത്തിലെ തീരുമാനം. 'അതിഥിയോടൊത്ത് അല്‍പ്പനേരം' , അറിവ് പകരുന്ന ക്ലാസുകള്‍ ഉള്‍പ്പെടുന്ന 'തുള്ളികള്‍ ' -ഇങ്ങനെ രണ്ട് പരമ്പരകള്‍ ആരംഭിച്ചു. ഒരു മാസത്തേക്കുള്ള കണ്ടന്റ് തയ്യാറാക്കി വച്ചശേഷം പരസ്യം ചെയ്തു. വിക്ടേഴ്‌സ് കേബിള്‍ ശ്രംഖലയില്‍ കിട്ടാത്തവര്‍ നിങ്ങളുടെ കേബിള്‍ ദാതാവിനോട് ചോദിച്ചു വാങ്ങുക എന്നതായിരുന്നു പരസ്യത്തിലെ നിര്‍ദ്ദേശം. സ്‌കൂളുകളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

  മികച്ച പ്രതികരണമായിരുന്നു. ഏഷ്യാനെറ്റൊഴികെ ബാക്കിയുള്ളവര്‍ വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ആറു മണിക്കൂറും പിന്നീട് 12 മണിക്കൂറും 18 മണിക്കൂറും എന്ന നിലയില്‍ നിന്നും 24X7 ലേക്ക് ചാനല്‍ മാറി. കണ്ടന്റിന്റെ ക്ഷാമം പരിഹരിക്കാന്‍ SIET തയ്യാറാക്കിയ മുഴുവന്‍ വീഡിയോകളും വാങ്ങി. കേരളത്തില്‍ അക്കാലത്ത് തയ്യാറാക്കിയ വീഡിയോകളെല്ലാം വിലകൊടുത്തുവാങ്ങി. ഡോക്യുമെന്ററികളുടെ വലിയ കളക്ഷനുണ്ടായി. 5 ജീവനക്കാരുടെ നിലയില്‍ നിന്നും 30-ലേറെ ജീവനക്കാരായി. മികച്ച സ്റ്റുഡിയോ പൂജപ്പുരയില്‍ തയ്യാറായി. ഗോര്‍ക്കി ഭവനില്‍ നിന്നും ചാനല്‍ പൂജപ്പുരയിലേക്ക് മാറി.സംപ്രേഷണത്തിന് വര്‍ഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ട ഏഷ്യാനെറ്റിനും ഒടുവില്‍ പ്രേക്ഷകരുടെ ഡിമാന്‍ഡിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 

  നാഷണല്‍ ഫിലിം ഡവലപ്പമെന്റ് കോര്‍പ്പറേഷനില്‍ നിന്നും മികച്ച സിനിമകള്‍ വാങ്ങി. ജര്‍മ്മനിയിലെ DW -ല്‍ നിന്നും മികച്ച അന്താരാഷ്ട്ര നിലവാരമുളള കണ്ടന്റുകള്‍ വാങ്ങി. രാവും പകലും ഷൂട്ടിംഗും (ഇന്‍ഡോറും ഔട്ട്‌ഡോറും) ആരംഭിച്ചു. ആദ്യ ടെലിഫിലിം നിര്‍മ്മിച്ചത് പതിനായിരം രൂപ ചിലവിലായിരുന്നു. പിന്നീട് ടെലിഫിലിമുകളും ഡോക്യുമെന്ററികളും ധാരാളം നിര്‍മ്മിച്ചു. ആദ്യ ലൈവ് വിഷുദിനത്തിലായിരുന്നു. മുരുകന്‍ കാട്ടാക്കടയായിരുന്നു ലൈവില്‍ പങ്കെടുത്തത്.യുവജനോത്സവം മറ്റേതൊരു ചാനലിനേക്കാളും മികച്ച രീതിയില്‍ ടെലികാസ്റ്റു ചെയ്യാനും കഴിഞ്ഞു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വീഡിയോ കോണ്‍ഫറന്‍സും വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍ നടന്നു. രണ്ട് വര്‍ഷത്തെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയത് തികഞ്ഞ സംതൃപ്തിയോടെയായിരുന്നു.
 
  ഇതിനൊക്കെയും കാരണമായത് അന്‍വര്‍ സാദത്ത് എന്ന വ്യക്തിയില്‍ എം.എ.ബേബി അര്‍പ്പിച്ച വിശ്വാസമായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഒരു നിയമനത്തിലോ ഒരു കണ്ടെന്റ് പര്‍ച്ചേയ്‌സിലോ പോളിസിയിലോ ഉണ്ടായില്ല. ഡിപിഐ മുഹമ്മദ് ഹനീഷ് ഐഎഎസ് അന്‍വറിന് നല്‍കിയ ശക്തമായ പിന്‍തുണ, അത്യാവശ്യം ഒരു ഡിക്‌റ്റേറ്റര്‍ രീതിയിലുള്ള അന്‍വറിന്റെ അഡ്മിനിസ്‌ട്രേഷന്‍, ഐടി@സ്‌കൂള്‍ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക സഹായം , ടീമിന്റെ അര്‍പ്പണബോധം എന്നിവയായിരുന്നു മറ്റ് ഘടകങ്ങള്‍. ഭരണം യുഡിഎഫിനായപ്പോള്‍ ചിലരുടെ കുശുമ്പും കുന്നായ്മയും കാരണം അന്‍വറിന് മാറേണ്ടിവന്നു. തുടര്‍ന്ന് പ്രസ്ഥാനം ഏത് നിലയില്‍ ഉയര്‍ന്നോ അതേ നിലയില്‍ തകര്‍ന്നു. അവിടെനിന്നും അതിനെ വീണ്ടും ഉയര്‍ന്ന നിലയിലേക്ക് തിരികെ കൊണ്ടുവരാനും അയാള്‍ തന്നെ വരേണ്ടി വന്നു. 2010 വരെയുള്ള കഥകളാണ് ഞാന്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്കും ഇതുപോലെ പലതും പറയാനുണ്ടാകും.

 എന്തായാലും കേരളം ഒരു വല്ലാത്ത ഇടമാണ്. എന്തിലും ഏതിലും രാഷ്ട്രീയം കാണുകയും നല്ലതിന്റെയെല്ലാം ക്രഡിറ്റ് എടുക്കുകയും ചെയ്യാനുളള ശ്രമങ്ങള്‍ കഷ്ടമാണ്. അവനവന്റെ കാലത്ത് നടന്നതിന്റെ ക്രഡിറ്റില്‍ ഒതുങ്ങാന്‍ ശ്രമിക്കുക. എല്ലാറ്റിനും ഞാനാണ് അധികാരി എന്ന തോന്നല്‍ ഒരു പാര്‍ട്ടിക്കും ഒരു വ്യക്തിക്കും ഭൂഷണമല്ല തന്നെ. ചാനലുകളും പത്രങ്ങളും ഈ രാഷ്ട്രീയനാടകങ്ങളുടെ പിന്നാലെ നടക്കുന്നിടത്തോളം കാലം ഇത്തരം വിലകുറഞ്ഞ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നതിന് സംശയമില്ല. 

  

Sunday, 10 May 2020

Mother's day rememberance

ഒരു മാതൃദിന ഓര്‍മ്മ


 അമ്മ കത്തിച്ചു വച്ചൊരു വിളക്കാണ്. സ്വയം എരിഞ്ഞുകൊണ്ട് മക്കള്‍ക്ക് പ്രകാശം പരത്തുന്നൊരാള്‍. അമ്മയെ ഓര്‍ക്കുമ്പോള്‍ അമ്മയെ പ്രയാസപ്പെടുത്തിയ അനേകം അവസരങ്ങളാണ് ഓര്‍മ്മയിലേക്ക് ആദ്യം കടന്നു വരിക. അതിലൊന്ന് ഇവിടെ പങ്കുവയ്ക്കാം. ഡിഗ്രി കഴിഞ്ഞ് പിജി അഡ്മിഷന്‍ കിട്ടാതെ നിന്ന 1980-81 ലാണ് കുറ്റിവട്ടത്തുള്ള സുഹൃത്ത് പ്രസന്നന്‍ എംഎസ്സി സുവോളജി പഠിക്കാനായി വിദീഷയിലേക്ക് പോകുന്നത്. പനയന്നാര്‍കാവിലെ എബിസി ട്യൂട്ടോറിയലില്‍ അവന്‍ ബയോളജി പഠിപ്പിക്കുകയായിരുന്നു. അവന്‍ പോയ ഗ്യാപ്പില്‍ മാസം 100 രൂപ ശമ്പളത്തില്‍ എബിസിയില്‍ പഠിപ്പിക്കാന്‍ പോയി. സമയവും പോകും വട്ടച്ചിലവും നടക്കും. വീട്ടില്‍ നിന്നും 6 കിലോമീറ്റര്‍ കാണും. ചിലപ്പോള്‍ സൈക്കിളിലും മറ്റു ചിലപ്പോള്‍ ബസിലുമാണ് യാത്ര.വല്ലപ്പോഴും അമ്മയ്ക്ക് പച്ചക്കറിയൊക്കെ വാങ്ങിക്കൊടുക്കുമായിരുന്നു. വൈകിട്ട് 100 ഗ്രാം വറുത്ത കപ്പലണ്ടിയും. കപ്പലണ്ടി കുടുംബസദസിനുള്ളതാണ്. അതില്‍ തെക്കതിലെ കുറുപ്പമ്മാവനും പങ്കാളിയാവും.

  പൊന്നപ്പനായിരുന്നു എബിസിയുടെ പ്രിന്‍സിപ്പല്‍. ബാച്ചിലറാണ്.ആഘോഷങ്ങളുടെ രാജാവ്. ഒരു വെളള വിജയ് സൂപ്പറാണ് വാഹനം. ആഴ്ചയില്‍ ഒന്നും രണ്ടും ദിവസമൊക്കെ വൈകിട്ട് ഞങ്ങള്‍ ഒന്നിച്ച് ഉത്സവങ്ങള്‍ക്കോ സിനിമയ്‌ക്കോ സുഹൃദ് സദസുകള്‍ക്കോ പോവുക പതിവായിരുന്നു. താമസിക്കുമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് പോവുക. മൊബൈലും ലാന്റ് ഫോണുമൊന്നുമില്ലാത്ത കാലമല്ലെ. ഒരു ദിവസം വൈകിട്ട് കോത്തലവയലിലെ കമ്പം കാണാന്‍ പോകാന്‍ ഞങ്ങള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. വീട്ടിലറിയിക്കാന്‍ മാര്‍ഗ്ഗമില്ല. സാരമില്ല, കമ്പം ഇനി വീണ്ടും കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലല്ലോ എന്ന് ലാഘവത്തോടെ ചിന്തിച്ചു. ആവേശത്തോടെയാണ് പോയതെങ്കിലും ഉത്സവപ്പറമ്പില്‍ എത്തിയതു മുതല്‍ ഒരു കുറ്റബോധം. അമ്മ വിഷമിക്കില്ലെ. അച്ഛനും വിഷമിക്കുമായിരിക്കും, പക്ഷെ പുറത്തുകാണിക്കില്ല. വീട്ടിലെ അമ്മയുടെ ആകാംക്ഷ ഓരോ വെടിക്കെട്ടിന്റെ പ്രകാശത്തിലും എന്നെ അലോസരപ്പെടുത്തി. പക്ഷെ, തിരിച്ചുപോകാന്‍ കഴിയില്ലല്ലോ. അമ്മയുടെ ഉത്കണ്ഠയ്ക്ക് മറുപടി അച്ഛന്റെ വഴക്കായിരിക്കുമെന്നുറപ്പ്. പോകാനറിയാമെങ്കില്‍ തിരികെയും വരും, നീ കിടന്നുറങ്ങ് എന്ന പതിവ് പല്ലവി അച്ഛന്‍ പറഞ്ഞിട്ടുണ്ടാവും.

  ഏതായാലും കമ്പം കഴിഞ്ഞപ്പോള്‍ പ്രഭാതത്തിന്റെ മൂടല്‍ വ്യാപിച്ചിരുന്നു. കമ്പമടങ്ങിയ പറമ്പുപോലെ എന്റെ ഉള്ളും മൂകമായി. പൊന്നപ്പന്റെ വര്‍ത്തമാനങ്ങള്‍ക്ക് മറുപടി എന്റെ മൂളല്‍ മാത്രമായിരന്നു. അയാള്‍ എന്നെ കരുനാഗപ്പള്ളിയില്‍ നിന്നുളള ആദ്യ ബസില്‍ കയറ്റി വിട്ടു. ഞാന്‍ ബസിറങ്ങി പഞ്ചായത്തു റോഡിലൂടെ നടന്നു. കുറ്റബോധം കൊണ്ട് കനം തൂങ്ങിയ മനസുമായി രണ്ടാമത് വളവ് തിരിയുമ്പോള്‍ പ്രഭാതത്തിന്റെ നേരിയ വെളിച്ചത്തില്‍ വളരെ അകലെയായി ഒരു നിഴല്‍ കാണാമായിരുന്നു. അതമ്മയായിരുന്നു. രാത്രി ഉറക്കമൊഴിച്ച് അശുഭകരമായ ചിന്തകളില്‍ നീറിയശേഷം വെളിച്ചമായപ്പോള്‍ വീടിന് മുന്നിലെ റോഡില്‍ ഇറങ്ങി മകനെ കാത്ത്  നില്‍ക്കുകയാണ് അമ്മ. എന്റെ കണ്ണുകള്‍ നിറഞ്ഞു.ആരും കേള്‍ക്കാന്‍ അടുത്തില്ല. സാധാരണ സങ്കടം അടക്കി വയ്ക്കാറുളള ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മയുടെ അടുത്തെത്തുമ്പോള്‍ കരച്ചിലൊതുക്കാന്‍ നോക്കി. അമ്മയുടെ കണ്ണീരിനൊപ്പം ആ ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയാണ് പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമാനമായ വെളിച്ചമെന്ന് അന്നെനിക്ക് ബോധ്യമായി.