കഥ
ഡിസംബര്‍ ആറ്
- വി.ആര്‍.അജിത് കുമാര്‍
ബാലകൃഷ്ണന്‍
മാഷ് ഇത്രവേഗത്തില്‍ ജീവിതത്തിലൊരിക്കലും ഓടിയിട്ടില്ല.ഇങ്ങിനെ ഓടാന്‍
തനിക്ക് കഴിയുമെന്നും നിനച്ചിരുന്നില്ല.വേഗത കൂടുന്തോറും കിതക്കുന്നുണ്ട്.
എങ്കിലും അത് വകവയ്ക്കാതെ ഓടുകയാണ്. ജീവന്റെ വില അത്ര വലുതാണല്ലൊ. പിന്നാലെ
ഒരാളല്ല, ഒരു കൂട്ടമാളുകളുണ്ട്. പേപ്പട്ടിയെ കൊല്ലാനോടിക്കുന്നപോലെ. അവര്‍
ഉച്ചത്തില്‍ ബഹളം വയ്ക്കുന്നുണ്ട്. പിടിയെടാ അവനെ,കൊല്ലെടാ എന്നൊക്കെ
അവ്യക്തമായി കേള്‍ക്കാം. പ്രധാന റോഡും ഇടപ്പാതകളും പിന്നിട്ട്
ഒറ്റയടിപ്പാതയിലെ കുറ്റിച്ചെടികള്‍ മറികടന്ന് ഓടുകയാണ് മാഷ്. ലോകത്തിന്റെ
അറ്റം വരെയും ഓടുമോ എന്നയാള്‍ ശങ്കിച്ചു. ജീവനുവേണ്ടിയുള്ള ഓട്ടമാകുമ്പോള്‍
അങ്ങിനെയുമാകാം. ജീവനപ്പുറം ശരീരത്തില്‍ മറ്റെന്താണുള്ളത്?
മാഷിന്റെ
ഓട്ടം പെട്ടെന്നു നിലച്ചു. ലോകത്തിന്റെ അവസാനംപോലെ വഴി ഒരു കരിംപാറയ്ക്കു
മുന്നില്‍ അവസാനിച്ചു. ആരോ കൊടുവാള്‍ വീശി. ', എടാ, ഇത് നമ്മടെ ബാലേഷ്ണന്‍
മാഷാ, - ടാ- കൊല്ലല്ലെ-', എന്നാരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കൊടുവാളിന് മാഷിനെ തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അത് ചോര ചീറ്റിക്കൊണ്ട്
ഉടമയുടെ കൈയ്യിലിരുന്ന് തിളങ്ങി. മാഷിന്റെ തല ഒരു താലത്തില്‍ എടുത്തുവച്ച
വിധം വഴി അവസാനിച്ചിടത്ത് ഇരുന്നു. മാഷിന്റെ തല ഉടലിനെ നോക്കി ഒന്നു
ചിരിച്ചു, എന്നിട്ട് കണ്ണടച്ചു കാണിച്ചു.
ഇത്രുയുമായപ്പോള്‍
മാഷ് ഞെട്ടിയുണര്‍ന്നു.തല കഴുത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കി. തൊണ്ട
വറ്റിയതിനാലാകാം തന്റെ അലര്‍ച്ച അടുത്തുകിടക്കുന്ന ഭാര്യ പോലും
അറിയാതിരുന്നത്. ശരീരം മൊത്തമായി വിയര്‍ത്തിട്ടുണ്ട്. നെഞ്ചിടിപ്പ് കാതില്‍
വന്നലയ്ക്കുന്നു. മാഷ് മെല്ലെ എഴുന്നേറ്റു. പ്രഷറുള്ളതാണ്.
ഉണര്‍ന്നാലുടന്‍ വേഗത്തില്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു നടക്കരുത്
എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഫോണ്‍ ബല്ലടിച്ചാല്‍ ഉറക്കത്തില്‍
നിന്നുണര്‍ന്ന് പെട്ടെന്നെണീറ്റ് ഫോണെടുക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങിനെ
ഒരിക്കല്‍ തലചുറ്റി വീഴുകയും ചെയ്തു. അതില്‍ പിന്നെ എഴുന്നേറ്റിരുന്ന്
ശരീരം ബാലന്‍സ് ചെയ്തു എന്നുറപ്പാക്കിയിട്ടേ ബാലകൃഷ്ണന്‍ മാഷ്
നടക്കാറുള്ളു.
ശബ്ദമുണ്ടാക്കാതെ, പതുക്കെ നടന്ന്
അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. വരണ്ട തൊണ്ടയെ
നനച്ചുകൊണ്ട് അത് താഴേക്കു പോകുന്നത് ബാലകൃഷ്ണന്‍ മാഷിന് അനുഭവവേദ്യമായി.
രണ്ടു മണിയേ ആയിട്ടുള്ളു. ഇനി നേരം വെളുപ്പിക്കാനാണ് പ്രയാസം. ഉറക്കം
വരില്ല. എങ്കിലും മാഷ് തിരികെ വന്ന് കട്ടിലില്‍ കിടന്നു. എത്രയോ
വര്‍ഷങ്ങളായി ഈ സ്വപ്‌നം തന്നെ വേട്ടയാടുന്നു. മരണ ഭയം, അതൊരു വല്ലാത്ത
സംഭവമാണ്. അന്ന് ഏതോ ഒരു ശിഷ്യന്റെ വാക്കിലാണ് ജീവിതം ബാക്കിയായത്. അവന്‍
ആരാണ്, പേരെന്താണ് എന്നൊന്നും ഇന്നും അറിയില്ല. ആള്‍ക്കൂട്ടത്തിലേക്ക്
മറഞ്ഞു നില്‍ക്കുന്ന അവന്റെ കണ്ണുകള്‍ മാത്രം ഓര്‍മ്മയുണ്ട്.
അതിതീഷ്ണമായിരുന്നു ആ കണ്ണുകള്‍. തന്നെ പിടിച്ചു തള്ളിയ, അല്ലെങ്കില്‍
വഴിയില്‍ ഉപേക്ഷിച്ചവന്റെ മുഖത്ത് ചോരയെടുക്കാന്‍ കഴിയാതിരുന്നതിന്റെ
കലിയുണ്ടായിരുന്നു. ആ മുഖം ഒിക്കലും മറക്കാന്‍ കഴിയില്ല. അവനെ
പിന്നീടൊരിക്കലും കണ്ടിട്ടുമില്ല.
1992 ഡിസംബര്‍
ആറ്. ജീവിതത്തെ അതിന് മുന്‍പും ശേഷവും എന്ന് രണ്ടായി തിരിക്കാമെന്നു
തോന്നുന്നു. ഡിഗ്രിയും ബിഎഡുമെടുത്തശേഷം മലബാറിലേക്ക് കുടിയേറിയതുതന്നെ
എയ്ഡഡ് സ്‌കൂളിലെ നിയമനത്തുക കുറവാണ് എന്നതിനാലാണ്. അതും പകുതി ആദ്യവും
ബാക്കി ശമ്പളം കിട്ടിയശേഷം ആറ് ഇന്‍സ്റ്റാള്‍മെന്റായും. തെക്കന്‍
കേരളത്തിലെപോലെ വലിയ ലേലം വിളിയും ശുപാര്‍ശകളുമില്ലാതെ ശമ്പളവും പെന്‍ഷനും
ഉറപ്പാക്കി, മാഷായി ജീവിതം കഴിക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന്
ബാലകൃഷ്ണന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യത്വമുള്ള മാനേജ്‌മെന്റ്,
നല്ല അധ്യാപകര്‍, അധ്യാപകരെ ബഹുമാനിക്കുന്ന കുട്ടികള്‍, നാട്ടുകാര്‍.
പൊതുവെ പാവങ്ങളാണ് ഇവിടത്തെ മനുഷ്യരൊക്കെ. രാഷ്ട്രീയവും മതവും ജാതിയുമൊക്കെ
തെക്കുള്ളപോലെ അത്ര ഹീനമായ നിലയിലല്ല.
ഇസ്ലാം
മതവിശ്വാസത്തിന്റെ നല്ല വശങ്ങളെല്ലാം അനുഭവിച്ചാണ് അന്നുവരെ മാഷും
കുടുംബവും അവിടെ കഴിഞ്ഞത്. നൊയമ്പുകാലത്ത് മാഷും നൊയമ്പെടുത്തിരുന്നു.
വൈകിട്ട് എത്ര വീടുകളില്‍ നിന്നായിരുന്നു ഭക്ഷണം എത്തിയിരുന്നത്. നബിദിനവും
റംസാനുമൊക്കെ സ്വന്തം ആഘോഷം പോലെയായിരുന്നു. ഓണവും വിഷുവുമൊക്കെ
ഒന്നിച്ചാഘോഷിച്ചു. മാഷ് എന്നാല്‍ നാട്ടാര്‍ക്ക് ദൈവം പോലെയാണ്. അവര്‍ക്ക്
വിദ്യാഭ്യാസം കുറവായതിനാല്‍, മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണം
എന്നായിരുന്നു ആഗ്രഹം.
ഇന്ദിരയുടെ വിവാഹാലോചന
വന്നപ്പോഴും ബാങ്കിലാണ് എന്നതിനാല്‍ കൂടുതല്‍ ആലോചിച്ചില്ല. മലബാറിലേക്ക്
വരാന്‍ താത്പ്പര്യമുള്ളവര്‍ കുറവായതിനാല്‍ ട്രാന്‍സ്ഫറിനെ അധികം
ഭയക്കണ്ടല്ലൊ. കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാനും
മിടുക്കരാക്കാനുമൊക്കെ കഴിഞ്ഞത് ഈ മലബാര്‍ കുടിയേറ്റത്തിലൂടെയായിരുന്നു.
എല്ലാ സൗഹൃദങ്ങളും സ്‌നേഹവും അവസാനിച്ചത് അന്നായിരുന്നു, ഡിസംബര്‍ ആറിന്.
ഊരിപ്പിടിച്ച
കത്തിയുമായി അവര്‍ വരുമ്പോഴും മാഷിന് ഒന്നും മനസിലായില്ല. അയോധ്യയിലെ
ബാബ്‌റി മസ്ജിദ് പൊളിച്ചതൊന്നും മാഷ് അറിഞ്ഞിരുന്നില്ല. കുറേനാളായി
നടക്കുന്ന കോലാഹലങ്ങളിലൊന്നും മാഷ് ശ്രദ്ധയും കൊടുത്തിരുന്നില്ല.
രാഷ്ട്രീയക്കാരുടെ നാടകങ്ങളല്ലെ, വോട്ടു പിടിക്കാനും വിശ്വാസികളെ ഒപ്പം
നിര്‍ത്താനുമുള്ള അടവുകള്‍ എന്നേ കരുതിയിരുന്നുള്ളു.പള്ളി പൊളിക്കാന്‍
സര്‍ക്കാരും സംവിധാനങ്ങളും കൂട്ടുനില്‍ക്കുമെന്നൊന്നും കരുതാനുള്ള
രാഷ്ട്രീയബോധവും മാഷിനുണ്ടായിരുന്നില്ല. കണക്കു മാഷാണെങ്കിലും ബാലകൃഷ്ണന്
ഇത്തരം കണക്കുകളില്‍ വലിയ താത്പ്പര്യം ഉണ്ടായിരുന്നില്ല.
റോഡിലൂടെ
നടന്നു വരുമ്പോള്‍ ,ദേ വരുന്നു ഒരുത്തന്‍,കൊല്ലെടാ എന്ന ആക്രോശം കേട്ടാണ്
മാഷ് ശ്രദ്ധിച്ചത്. കാലുകള്‍ നിശ്ചലമായി. മുന്നോട്ടും പിന്നോട്ടും
ചലിക്കാന്‍ വയ്യാത്ത അവസ്ഥ. മരണം മുന്നില്‍ കണ്ട് നില്‍ക്കുമ്പോഴാണ് കണ്ണും
മുഖവും ചുവന്ന ആ ചെറുപ്പക്കാരന്റെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍
കഴുത്ത് ഞെരിഞ്ഞത്. ജീവിതം അവസാനിക്കുന്ന നിമിഷത്തില്‍ , എന്തിനാണ് തന്നെ
കൊല ചെയ്യുന്നത് എന്നൊരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ മാഷ് നിസംഗനായി.
കണ്‍മുന്നിലൂടെ ഇന്ദിരയുടെയും മക്കളുടെയും നിലവിളിക്കുന്ന മുഖവും
കാതുകളില്‍ അവരുടെ ശബ്ദവും വന്നലച്ചു. അപ്പോഴാണ് ദൈവദൂതനെപോലെ ഒരുവന്‍
ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷമായത്. അവന്റെ കണ്ണുകള്‍ -- അവന്‍ ആരാണെന്നു
തിരിച്ചറിയാന്‍ എത്രയോ വട്ടം ശ്രമിച്ചു, കഴിഞ്ഞില്ല. ' എടാ,ബാലേഷ്ണന്‍
മാഷിനെ കൊല്ലരുത്, വിട്ടേക്ക് - വിട് മജീദേ -'
അവന്‍
കഴുത്തിലെ പിടിവിടാതെ തന്നെ തിരിഞ്ഞുനോക്കി. ആ ശബ്ദത്തെ നിഷേധിക്കാന്‍
കഴിയാത്ത ഏതോ ഒരു ബന്ധം അവര്‍ തമ്മിലുണ്ടാകാം. ഇല്ലെങ്കില്‍ -- ഒരാളുടെ
വാക്ക് മറ്റൊരാള്‍ കേള്‍ക്കണമെന്നില്ലല്ലോ? ആള്‍ക്കൂട്ടത്തിന്റെ സൈക്കോളജി
പലപ്പോഴും അങ്ങിനെയാണ്. പള്ളി പൊളിച്ചതുപോലും അത്തരമൊരു സൈക്കിന്റെ
ഭാഗമായിരിക്കാം. അവന്‍ കൈവിരലുകളുടെ ബലം കുറച്ചു. ശ്വാസം എടുക്കാമെന്നായി.
പിന്നെ ആഞ്ഞൊരു തള്ളായിരുന്നു. പാതയോരത്ത് നടു അടിച്ചു വീണു. വേദന
തോന്നിയില്ല.മുണ്ടിലാകെ കാവിമണ്ണ് പടര്‍ത്തിക്കൊണ്ട് അവര്‍ മുന്നോട്ടുപോയി.
മാഷിന്റെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണീരു വന്നു പരിസരത്തെ
മറച്ചു.അപമാനിതമായ മനസോടെയാണ് മാഷ് വീട്ടിലെത്തിയത്. ഇന്ദിരയും കുട്ടികളും
വരും വരെ ആധിയായിരുന്നു. അവര്‍ കുഴപ്പമില്ലാതെ വീട്ടിലെത്തി. മാഷ് അവരോട്
തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അന്നും അടുത്ത
ദിവസങ്ങളിലും റേഡിയോയിലും ടെലിവിഷനിലും കുറെ ചീത്ത വാര്‍ത്തകള്‍ കേട്ടു.
എല്ലാ ഇടങ്ങളിലും പ്രശ്‌നങ്ങളായിരുന്നു.
രാത്രിയിലാണ്
പരിസരത്ത് നടന്ന അക്രമവും തനിക്കു നേരെയുണ്ടായ പ്രകോപനത്തിന്റെ
കാരണവുമൊക്കെ മാഷ് അറിയുന്നത്. പള്ളി പൊളിച്ചു എന്നറിഞ്ഞതോടെ മതസംഘടനകളും
രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കടകള്‍
അടപ്പിക്കാനും വാഹനങ്ങള്‍ തടയാനുമൊക്കെയായി ആളുകള്‍ ഒത്തുകൂടി. അത്തരമൊരു
ഒത്തുകൂടല്‍ പ്രദേശത്തെ പള്ളിയിലുമുണ്ടായി. അവരും കടകളടപ്പിക്കാനായി
പുറപ്പെട്ടു. കവലയിലെ ചായക്കട നടത്തുന്ന രാധാകൃഷ്ണന്‍ കടയടയ്ക്കാന്‍
കൂട്ടാക്കിയില്ല. അടുപ്പില്‍ പാല്‍ തിളച്ചു കിടക്കുന്നു. വടയും പഴം
പൊരിയുമെല്ലാം ഇനിയും ബാക്കി. ഇതൊക്കെ തീര്‍ന്നിട്ട് അടയ്ക്കാം
എന്നതായിരുന്നു അവന്റെ നിലപാട്. കട അടച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും
എന്നൊക്കെ സൗമ്യമായി പലരും പറഞ്ഞു. പ്രകോപിതനായി നിന്ന റഹിം ഒച്ചകൂട്ടി,
തെറിവിളിയൊക്കെയായി. അപ്പോഴാണ് ചെത്തുകാരന്‍ രാമന്‍ ചായ കുടിക്കാനായി
സൈക്കിളില്‍ അവിടെ വന്നത്. ചെത്തിയ കള്ള് സൈക്കിളിലുണ്ട്, തേറ് ഇളിയിലും .
'
രാധാകൃഷ്ണ, എനിക്ക് ചായ തന്നിട്ട് നീ കട അടച്ചാല്‍ മതി', രാമന്‍ പറഞ്ഞു.
അയാള്‍ ബഞ്ചിലിരുന്നു. ആള്‍ക്കൂട്ടത്തിലെ സമാധാനപ്രിയര്‍ പലരും ഇടപെട്ടു. '
രാമാ, നീ വെറുതെ പ്രശ്‌നമുണ്ടാക്കരുത്. ഇത് വിശ്വാസത്തിന്റെ കാര്യാ,
പുരാതനമായ പള്ളിയാണ് പൊളിച്ചത്. പിള്ളേരൊക്കെ ഹാലിളകി നില്‍ക്ക്വാ, നീ
വെറുതെ ഇടങ്കേറുണ്ടാക്കണ്ട'
' പള്ളി പൊളിച്ചെങ്കി
നിങ്ങള്‍ പൊളിച്ചവനോട് പോയി ചോദിക്ക്, അവനിട്ട് രണ്ട് പൊട്ടിക്ക്,
നിങ്ങളെന്തിനാ രാധാകൃഷ്ണന്റെ കട അടപ്പിക്കുന്നെ, എന്റെ ചായകുടി
മുട്ടിക്കുന്നെ, പോയി വേറെ പണിനോക്ക് ', അവന്റെ സ്വരം ആര്‍ക്കും
ഇഷ്ടപ്പെടുംവിധമായിരുന്നില്ല.
ഇത്രയും നേരം
ക്ഷമിച്ചു നിന്ന റഹിം എന്ന ചെറുപ്പക്കാരനാണ് രാമന് അടികൊടുത്തത്. രാമന്‍
താഴെ വീണു. ' --- മോനെ', എന്നു തെറിവാക്കും പറഞ്ഞ് ചാടിയെണീറ്റ രാമന്‍
ഇളിയില്‍ നിന്നും തേറ് ഊരി വീശി മുന്നോട്ടു വന്നു. ആള്‍ക്കൂട്ടം
അപ്രതീക്ഷിതമായ ഈ നീക്കത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല.
റഹിം രാമനെ കടന്നു പിടിച്ചു. പിടിവലിക്കിടയില്‍ രാമന്‍ റഹീമിന്റെ
നെഞ്ചത്തും കഴുത്തിലുമായി അനേകം പ്രാവശ്യം കുത്തി. ചോര കുത്തിയൊഴുകി.
എല്ലാവരുടെയും ശ്രദ്ധ റഹീമിലായിരുന്നു. ഈ സമയം കൊണ്ട് സൈക്കിളുമെടുത്ത്
രാമന്‍ സ്ഥലം വിട്ടു. റഹീമിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍
കാറെടുത്തുവന്ന ഹമീദിനൊപ്പം രണ്ടുപേര്‍ കൂടി കയറി. അപ്പോഴേക്കും റഹീമിന്റെ
മരണം ഏകദേശം സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവര്‍ വേഗം പള്ളിയില്‍
ഒത്തുകൂടി ,നമ്മുടെ ഒരാളിന് പകരം രണ്ടുപേരുടെയെങ്കിലും ജീവനെടുക്കണം
എന്നതായി തീരുമാനം. ഈ തീരുമാനത്തോടെ ,ആള്‍ക്കൂട്ടത്തിന്റെ രീതി
മാറുകയായിരുന്നു. ആദ്യം കണ്ട രണ്ട് ഹിന്ദുക്കളുടെ ജീവനെടുത്തായിരുന്നു
തുടക്കം. ഒന്നിനു പകരം രണ്ട്. ഒന്നാലോചിച്ചാല്‍ അര്‍ത്ഥരഹിതമായ വാദം.
മൂന്നും മനുഷ്യരാണല്ലൊ! മുസ്ലീമും ഹിന്ദുവുമല്ല ,മനുഷ്യര്‍ മാത്രം. ജനിച്ചു
വീണപ്പോള്‍ അവര്‍ക്ക് മതമുണ്ടായിരുന്നില്ല. പിന്നെ ആരാണ് മതച്ചാര്‍ത്ത്
നല്‍കിയത്. അവര്‍ക്കറിയില്ല, കൊന്നവര്‍ക്കും അറിയില്ല.
പിന്നീടവര്‍
ചെത്തുകാരന്‍ രാമനെ അന്വേഷിച്ച് നാനാവഴിക്കായി പിരിഞ്ഞു. അതിലൊരു
കൂട്ടരുടെ മുന്നിലാണ് ബാലകൃഷ്ണന്‍ മാഷ് ചെന്നുപെട്ടത്. രാമന്‍ രക്ഷപെട്ടു.
ആരെങ്കിലുമൊക്കെ സഹായിച്ചു കാണണം. അല്ലെങ്കില്‍ അത്രവേഗം രക്ഷപെടാന്‍
കഴിയില്ല. ഏറെക്കാലം രാമനുവേണ്ടിയുളള അന്വേഷണം തുടര്‍ന്നു. ഇതിനിടയില്‍
പള്ളി പൊളിച്ചതിന്റെ പേരില്‍ രാജ്യമൊട്ടാകെ പല കലാപങ്ങളുമുണ്ടായി.
ഹിന്ദു-മുസ്ലിം സൗഹൃദത്തില്‍ വിള്ളല്‍ വീണു. സ്‌നേഹത്തോടെ ജീവിച്ചുവന്ന
രണ്ടു സമുദായത്തിലേയും അംഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തോടെ പെരുമാറുന്ന രീതി
മലബാറിലും വന്നു തുടങ്ങി. ബാലകൃഷ്ണന്‍ മാഷിനോട് സ്‌കൂള്‍
മാനേജ്‌മെന്റിനുണ്ടായിരുന്ന സ്‌നേഹം പോലും കുറഞ്ഞു. മാഷിനെ
ഹെഡ്മാസ്റ്ററാക്കാന്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വന്നു. മറ്റൊരാളിനെ
ഇറക്കുമതി ചെയ്തു. മാഷ് എല്ലാം കണ്ട് കാഴ്ചക്കാരനെപോലെ നിന്നു. സങ്കടം
വന്നു, എങ്കിലും പ്രകടിപ്പിച്ചില്ല. മനുഷ്യര്‍ക്കിടയില്‍ ഒരു പുരാതനമായ
കെട്ടിടം മാത്രമല്ല, സ്‌നേഹം എന്നൊരാശയം കൂടി ഇടിഞ്ഞുവീണപോലെ .
ഏകദേശം
രണ്ട് വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴാണ് ഒരു ദിവസം രാത്രിയില്‍
പള്ളിയില്‍ കൂട്ടമണി ഉതിര്‍ന്നത്. അപായസൂചനയാണ്. വിശ്വാസികള്‍
പള്ളിയിലെത്താനുള്ള അറിയിപ്പ്. ആര്‍എസ്എസുകാര്‍ പള്ളി വളയാന്‍ വരുന്നു എന്ന
സന്ദേശമാണ് പെട്ടെന്നു പരന്നത്. പുരുഷന്മാരെല്ലാം വേഗത്തില്‍ ഒത്തുകൂടി.
അപ്പോഴാണ് അടക്കം പറയും പോലെ ആ വാര്‍ത്ത പുറത്തുവിട്ടത്. രാമന്‍
തിരിച്ചെത്തിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും കാണാന്‍ വന്നതാണ്.
തെക്കുംപുറത്തെ കുന്നിലുണ്ട്. ആ ഹറാംപിറന്നോനെ വീടരെ കാണാന്‍
അനുവദിക്കരുത്.
ആയുധങ്ങളുമായി തെക്കുംപുറം
കുന്നിലേക്ക് ആള്‍ക്കൂട്ടം നടന്നു. രാത്രിയുടെ വന്യതയില്‍ ചീവീടുകളും
തവളകളും കരഞ്ഞു. ഇരുട്ടില്‍ പലരും വീണു. ചൂട്ടുകറ്റയോ ലൈറ്ററോ പോലും
ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ
കാഠിന്യം സഹിക്കുകതന്നെ വേണം. രാമന്റെ ബീഡിവലി ശീലം അവനെ വേഗം
തിരിച്ചറിയാന്‍ ഉപകരിച്ചു. ദൂരെ മിന്നാമിനുങ്ങുപോലെ കനലെരിയുന്നു.
ശബ്ദമുണ്ടാക്കാതെ ,പല വഴികളിലൂടെ അവര്‍ കുന്നിന്‍ മുകളിലെത്തി. 'പന്നീടെ
മോനെ' എന്നാക്രോശിച്ചുകൊണ്ട് ആള്‍ക്കൂട്ടം ചാടിവീണു. പിന്നെ
വെട്ടായിരുന്നു, പൊതിരെയുളള വെട്ട്. പോത്തിനെ വെട്ടുംപോലെ വെട്ടിയരിഞ്ഞു.
ഒരു ചെറുരോദനം പോലും ലോകം കേട്ടില്ല. ഓരോരുത്തരും ഓരോ
കഷണങ്ങളെടുത്തു.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി കുഴിച്ചിടാനായിരുന്നു
നിര്‍ദ്ദേശം. അതങ്ങിനെതന്നെ നടന്നു.രാമന്റെ ഭാര്യയും മക്കളും കാത്തിരുന്നു.
രാമന്‍ വരുമെന്ന പ്രതീക്ഷയില്‍. അവന്‍ പോലീസ് സ്‌റ്റേഷനിലെ
പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജീവിച്ചു.
പിന്നെയും
എന്തെല്ലാം മാറ്റങ്ങളുണ്ടായി.രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ മാറി. പള്ളി
പൊളിച്ചവര്‍ അധികാരത്തിലെത്തി. പള്ളി നിന്നയിടം ക്ഷേത്രനിര്‍മ്മാണത്തിന്
നല്‍കി. അതെല്ലാവരും അംഗീകരിച്ച മട്ടായി. ഇതിന്റെ പേരില്‍ വഴക്കടിച്ചവരും
ജീവിതം പൊലിഞ്ഞവരും വിസ്മൃതിയിലായി. പുത്തന്‍ പുത്തന്‍ വിഷയങ്ങളുമായി ലോകം
മുന്നോട്ടു പോകുമ്പോഴും തന്റെ ഓര്‍മ്മകളില്‍
ഇതാവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ടെന്നു മാത്രം ബാലകൃഷ്ണന് മനസിലായില്ല.
ഒരു പക്ഷെ, തന്റെ ലോകം അത്ര ചെറുതായതുകൊണ്ടാകാം എന്നു സമാധാനിച്ച് ,
ഒന്നുകൂടി മയങ്ങാന്‍ കഴിയുമോ എന്ന ശ്രമത്തില്‍ അയാള്‍ കണ്ണടച്ചു.
No comments:
Post a Comment