സുഗതകുമാരി ടീച്ചറും നടക്കാതെപോയ പദ്ധതികളും
ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരിക്കുമ്പോഴാണ് അവിടെ വീഡിയോ പ്രൊഡക്ഷന്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന പ്രസിദ്ധ സംവിധായകന്‍ ആര്‍.ശരത് സുഗതകുമാരി ടീച്ചറെ കുറിച്ച് പിആര്‍ഡിക്കുവേണ്ടി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനെ കുറിച്ച് എന്നോട് സംസാരിച്ചത്.2015 ലാണ് സംഭവം നടക്കുന്നത്. പ്രശസ്തരായ പലരെയും കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച പിആര്‍ഡി, ടീച്ചറെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടില്ല എന്ന് അപ്പോഴാണ് അത്ഭുതത്തോടെയും വിഷമത്തോടെയും ഓര്‍ത്തത്. അജിത് സ്‌ക്രിപ്റ്റ് തയ്യാറാക്കണം, നമ്മുടെ പാനലിലുള്ള ഒരാള്‍ക്ക് സംവിധാനച്ചുമതല നല്‍കാം എന്നും ശരത് പറഞ്ഞു. വര്‍ഷങ്ങളായുള്ള അടുപ്പം മൂലം ടീച്ചറെ കണ്ട് വിവരം പറയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു സമയം ആലോചിച്ചിരുന്ന ശേഷം ടീച്ചര്‍ പറഞ്ഞു, ' എനിക്ക് നല്ല ആരോഗ്യമുള്ളപ്പോള്‍ നിങ്ങളുടെ വകുപ്പിന് ഇത് തോന്നിയില്ലല്ലോ. അങ്ങിനെയെങ്കില്‍ സൈലന്റ് വാലിയിലും ആറന്മുളയിലുമൊക്കെ പോകാമായിരുന്നു. ഏതായാലും അജിത് സ്‌ക്രിപ്റ്റ് ചെയ്യൂ, എന്നിട്ട് തീരുമാനിക്കാം. '
ഒരാഴ്ച പകല്‍ മുഴുവന്‍ ടീച്ചര്‍ക്കൊപ്പം സമയം ചിലവഴിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, അഭയയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഇടപെടലുകള്‍, എഴുത്ത്, ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, വിതുര പെണ്‍കുട്ടിയെ സംരക്ഷിച്ചതും അതിന് കിട്ടിയ പഴികളും, ചില പ്രമുഖര്‍ ആ കുട്ടിയോട് കാട്ടിയ ക്രൂരമായ സമീപനം അങ്ങിനെ 10 മണിക്കൂര്‍ പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍. ചിലതൊക്കെ എഴുതാനുള്ളതല്ല, അജിത് അറിഞ്ഞിരിക്കാനാണ് എന്നു പറയുമായിരുന്നു. 26 മിനിട്ടുള്ള ഡോക്യുമെന്ററിയിലേക്ക് ഇതിനെ എത്തിക്കുക വലിയ ശ്രമമായിരുന്നു. സ്‌ക്രിപ്റ്റ് പലവട്ടം വായിച്ചും തിരുത്തിയും ഒടുവില്‍ കവിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഡോക്യുമെന്ററിയാക്കി അതിനെ മാറ്റി. ' ആക്ടിവിസ്റ്റ് ആയതിനാല്‍ എന്നിലെ കവിയെ കേരളം വേണ്ടത്ര പരിഗണിച്ചിട്ടില്ല, ഒരു കവിയായി ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്', ടീച്ചര്‍ പറഞ്ഞു.
സ്‌ക്രിപ്റ്റില്‍ പൂര്‍ണ്ണ സംതൃപ്തി വന്നശേഷമാണ് പിആര്‍ഡിയുടെ അപ്രൂവല്‍ കമ്മറ്റിക്ക് സമര്‍പ്പിച്ചത്. സമിതിയുടെ അംഗീകാരം ലഭിച്ചു, ഉത്തരവും ഇറങ്ങി. ഇതിനകം ഞാന്‍ റിട്ടയര്‍ ചെയ്തു. പിന്നീടറിയുന്നത് സംവിധാനച്ചുമതല വകുപ്പിലെ ആഡീഷണല്‍ ഡയറക്ടര്‍ കെ.സന്തോഷ് കുമാര്‍ ഏറ്റെടുത്തു എന്നായിരുന്നു. കുറച്ചു ഷൂട്ടിംഗും നടന്നു. പിന്നീട് ഡോക്യുമെന്ററി എന്നത് മാറ്റി ഡോക്യുമെന്റേഷന്‍ എന്നാക്കി. ഒടുവില്‍ എന്തു സംഭവിച്ചു എന്നറിയില്ല. വ്യക്തിപരമായി എനിക്കത് വലിയ നഷ്ടമായി. പിന്നീട് കണ്ടപ്പോഴൊക്കെ ടീച്ചര്‍ ചോദിച്ചു' അജിത്, എന്തായി ഡോക്യുമെന്ററി, ഞാന്‍ ജീവിച്ചിരിക്കെ നിങ്ങടെ വകുപ്പ് അത് പുറത്തിറക്കുമോ? '. മറുപടി പറയാന്‍ കഴിയാതെ ഞാന്‍ അന്നൊക്കെ വിഷമിക്കുകയും ചെയ്തു.
മറ്റൊന്ന് വിക്ടേഴ്‌സ് ചാനലിലെ പ്രൊഡ്യൂസര്‍ സന്തോഷ്.പി.ഡിയും ഞാനും ചേര്‍ന്ന് തീരുമാനിച്ച സിനിമയായിരുന്നു. അഭയയില്‍ എത്തിയ ഒരു അന്തേവാസിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ തയ്യാറാക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ കഥ നേരത്തെ മറ്റൊരാള്‍ക്ക് സിനിമയാക്കാന്‍ നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സിനിമ ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി അയാളോട് ചോദിക്കട്ടെ, എന്നിട്ട് മറുപടി പറയാം എന്നായി ടീച്ചര്‍. അടുത്ത ദിവസം പറഞ്ഞതിങ്ങനെ' അയാള്‍ അത് നിര്‍മ്മിക്കും എന്നുതന്നെയാണ് പറയുന്നത്. നമുക്ക് കുറച്ചു സമയം കൂടി കൊടുക്കാം. നിങ്ങള്‍ വോറൊന്നു നോക്കൂ. '.ടീച്ചറിന്റെ പോരാട്ടങ്ങളെ ആസ്പദമാക്കി ഒരു ചിത്രം എന്നതായിരുന്നു പിന്നീട് ഞങ്ങളുടെ ലക്ഷ്യം. വിഷയം അവതരിപ്പിച്ചപ്പോഴെ ടീച്ചര്‍ പറഞ്ഞ,' അതുവേണ്ട, ഞാന്‍ നായികാസ്ഥാനത്തുവരുന്ന ഒരു ചിത്രം വേണ്ട'.
ഒടുവില്‍ ഒരു ടെലിഫിലിമിലേക്ക് ഞങ്ങള്‍ ഒതുങ്ങി. മകന്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഒരമ്മയെ അഭയയില്‍ എത്തിച്ച സംഭവം സ്‌ക്രിപ്റ്റാക്കിയെങ്കിലും ഫിലിമായില്ല. സാമ്പത്തികം തന്നെയാകാം കാരണം. ആ സ്‌ക്രിപ്റ്റ് സന്തോഷ്.പി.ഡിയുടെ കൈയ്യിലുണ്ടാകും. ഇത്തരം ഓര്‍മ്മകള്‍ ബാക്കിയാക്കി ടീച്ചര്‍ യാത്രയായി.' ഞാനുറങ്ങട്ടേ, വന്നുവന്നെന്നെയലട്ടായ്വിന്‍,പ്രേമമേ,വാത്സല്യമേ,ദു:ഖമേ,മരണമേ' എന്നു ചൊല്ലി.
മരിക്കാത്ത ഓര്‍മ്മകള്‍, അതിനെ നമുക്ക് ഒപ്പം കൊണ്ടുനടക്കാം. !!
No comments:
Post a Comment