Saturday, 17 March 2018

Sikkim trip - chapter -3

ഗാംഗ്ടോക്ക് എംജി മാര്‍ഗ്ഗ് -പ്രഭാതത്തില്‍

എംജി റോഡ് രാത്രി കാഴ്ച


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിമൂന്നാം ഭാഗം
2017 നവംബര്‍ 10  
വഴിയില്‍ തേക്കുകളാണ് അധികവും. ബംഗാളിലെ തേക്കിന്‍റെ ഇല കേരളത്തേതിനേക്കാള്‍ ചെറുതാണ്.തേക്കിന് പ്രൌഢിയും കുറവാണ്.എന്നാല്‍ ഗുജറാത്തിലെ ഗിര്‍വനത്തിലെ തേക്കുകളെക്കാള്‍  ഉറപ്പുള്ളവയാണ്. ലോഹാപുള്‍ വഴി യാത്ര തുടരുമ്പോള്‍ പലയിടത്തിനും കേരളത്തിന്‍റെ ഛായ. മരച്ചീനി,വാഴ,കാച്ചില്‍, അപൂര്‍വ്വമായി ചില തെങ്ങുകള്‍ എന്നിവ കാണാന്‍ കഴിഞ്ഞു. നാടന്‍ കോഴികളും ധാരാളം.
കലിംപോംഗിലെ മല്ലിയില്‍ ഗുപ്ത റസ്റ്റാറന്‍റില്‍ നിന്നും ഇഞ്ചിയിട്ട ചായ കുടിച്ചു. ജനിച്ചിട്ട് ഇതുവരെയും കുളിച്ചിട്ടില്ല എന്നുതോന്നുന്ന ആളാണ് റെസ്റ്ററന്‍റ് ഉടമ.അതുകൊണ്ടുതന്നെ ചായയ്ക്ക് രുചിയുണ്ടെങ്കിലും ഒരരുചി തോന്നി. ലാംഗ്ഡുവിന്‍റെ സ്ഥിരം കേന്ദ്രമാണെന്ന് അവരുടെ സൌഹൃദം വെളിവാക്കി. യാത്ര തുടരുമ്പോള്‍ വണ്ടിക്ക് ഒരുലച്ചില്‍ അനുഭവപ്പെട്ടു. സന്തോഷാണ് ആദ്യം ശ്രദ്ധിച്ചത്. ലാംഗ്ഡു അതത്ര ഗൌരവമായി എടുത്തില്ല. റോഡിന്‍റെ പ്രശ്നമാണ് എന്നു പറഞ്ഞു. സിക്കിമിന്‍റെ തുടക്കമാണ് റാംഗ്പോ. കനത്ത ട്രാഫിക്. തണുപ്പും തുടങ്ങി. സുഖമുള്ള തണുപ്പ്. വണ്ടി അധികദൂരം ഓടും മുന്‍പ് പഞ്ചറാണ് എന്നു ബോധ്യമായി.ലാംഗ്ഡു ഒരു ചെറുചിരിയോടെ വണ്ടി ഒതുക്കി. ഞങ്ങള്‍ ഇറങ്ങി. അപ്പോഴാണ് ഞങ്ങള്‍ ടയറുകള്‍ ശ്രദ്ധിക്കുന്നത്.എല്ലാം മൊട്ടയായവ.സ്റ്റെപ്പിനി പുറത്തെടുത്തപ്പോള്‍ അത് അതിനേക്കാളും മോശമായവിധം ഓടിത്തേഞ്ഞത്.
ഗ്രാമത്തിന്‍റെ കാഴ്ചകളില്‍ അല്പ്പനേരം. കൃഷിയായാലും കച്ചവടമായാലും എവിടെയും സ്ത്രീകളാണ് മുന്നില്‍. പുരുഷന്മാരെ തീരെ കാണാനില്ല.1983ല്‍ നേപ്പാള്‍ യാത്രയിലാണ് ഇത്തരമനുഭവം ആദ്യമുണ്ടായത്. അവിടെ ആ കാലത്ത് ബാറില്‍ പോലും സ്ത്രീകളായിരുന്നു സെര്‍വ് ചെയ്തിരുന്നത്.അന്നു കഴിച്ച ക്ലിയോപാട്ര എന്ന മദ്യം പെട്ടെന്ന് ഓര്‍മ്മയിലെത്തി. പാമ്പിന്‍ കൊഴുപ്പില്‍ കറിവച്ച കോഴിയും. പുരുഷന്മാര്‍ പൊതുവെ അലസരും മടിയന്മാരുമാണ്. ഡ്രൈവറന്മാര്‍ മാത്രമാണ് വളരെ ആക്ടീവായി കണ്ട പുരുഷന്മാര്‍. ഇവിടെയും മറിച്ചല്ല എന്നാണ് തോന്നുന്നത്. ടയര്‍ മാറ്റി ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചുദൂരം ഓടിച്ച ശേഷം തീസ്തയുടെ തീരത്ത് പഞ്ചര്‍ ഒട്ടിക്കുന്ന കടയില്‍ വണ്ടി നിര്‍ത്തി ലാംഗ്ഡു ടയര്‍ ശരിയാക്കി. വഴിയില്‍ എവിടെയും സുലഭമായ മുട്ടക്കച്ചവടം ഞങ്ങള് ശ്രദ്ധിച്ചു. തണുപ്പിനെ പ്രതിരോധിക്കാന്‍ മുട്ട ഉപകാരപ്പെടുമെന്നതിനാലാകാം ആളുകള്‍ ഇത്രയേറെ മുട്ട കഴിക്കുന്നത്. 
ഏഴുമണിയോടെ ഗാംഗ്ടോക്കിലെ കേന്ദ്ര സര്‍ക്കാര്‍ ഹോളിഡേ ഹോമിലെത്തി.രാത്രി പത്തുമണിയായ പ്രതീതി.നാല് മണി കഴിയുമ്പോഴെ സിക്കിമില്‍ ഇരുട്ട് വീണുതുടങ്ങും.നമ്മള്‍ ഇന്ത്യയ്ക്ക് ഒട്ടാകെ ഒരേ ടൈം ഫ്രെയിം വച്ചിരിക്കുന്നതുകൊണ്ടാണ്, അല്ലെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെയും മറ്റും സമയം മറ്റൊരു തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടായിരുന്നു എന്നു തോന്നി.
ഹോളിഡേ ഹോം പുതിയ കെട്ടിടമാണ്. കാന്‍റീനും ലിഫ്റ്റുമൊന്നും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ലെങ്കിലും പുതുമ മാറാത്ത മുറികള്‍. നാലുപേര്‍ക്കുള്ള രണ്ട് മുറികള്‍ എടുത്തു. മുറി ഏര്‍പ്പെടുത്തിയതും പ്രമോദിന്‍റെ കെയര്‍ ഓഫിലായിരുന്നു. എല്ലാവരും പ്രമോദിനെ അഭിനന്ദിച്ചു. കുറച്ചുസമയം അവിടെ വിശ്രമിച്ചു. പിന്നീട് ഭക്ഷണം കഴിക്കാനായി മഹാത്മാഗാന്ധി മാര്‍ഗ്ഗിലേക്ക് പോയി.ഇവിടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സിംലയിലെ മാള്‍ റോഡ് പോലെ സമാധാനത്തിന്‍റെ സാമ്രാജ്യം.അവിടവിടെ സൊറ പറഞ്ഞിരിക്കാന്‍ ബഞ്ചുകള്‍. വിവിധയിനം ഹോട്ടലുകള്‍,കടകള്‍. ഗാംഗ്ടോക്ക് ഒരു ചെറിയ ടൌണ്‍ മാത്രമാണ്.ഹോട്ടല്‍ ബയൂളില്‍ നിന്നും ചിക്കനും മീനും കൂട്ടി നന്നായി  ഭക്ഷണം കഴിച്ചു.മദ്യം വേണ്ടവര്‍ രക്തം ചൂടാക്കി. ബാറാണെങ്കിലും നിശബ്ദമായ അന്തരീക്ഷം.കേരളത്തിലെ ബാറുകള്‍ പെട്ടെന്ന് ഓര്‍ത്തുപോയി. നാട്ടിലെ ബഹളവും രാഷ്ട്രീയ ചര്‍ച്ചകളുമൊന്നും ഗാംഗ്ടോക്കില്‍ കാണാന്‍ കഴിയില്ല.തിരികെ മുറിയിലെത്തി ക്ഷീണം മാറുംവരെ ഉറങ്ങി.

കടകള്‍ തുറക്കും മുന്നെയുള്ള പ്രഭാതകാഴ്ച

Friday, 16 March 2018

Sikkim trip - chapter 2

ലാംഗ്ഡുവും പ്രമോദും

തിരുപ്പതീസ് ധാബ

ഈ യാത്രയിലെ പ്രധാന കഥാപാത്രം

ധാബയിലെ ഉച്ചഭക്ഷണാഘോഷം


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിരണ്ടാം ഭാഗം
2017 നവംബര്‍ 10
        സിക്കിമിന് സ്വന്തമായി വിമാനത്താവളമില്ല. ഗാംഗ്ടോക്കിനടുത്ത് ഒരു വിമാനത്താവളത്തിന്‍റെ പണി പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബംഗാളിന്‍റെ അതിര്‍ത്തി ജില്ലയായ ഡാര്‍ജിലിംഗിന്‍റെ ഒരരികുപറ്റി നില്‍ക്കുന്ന സിലിഗുരിയിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലാണ് നമ്മള്‍ എത്തിച്ചേരുക. അവിടെനിന്നും ഗാംഗ്ടോക്കിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ട്. എങ്കിലും ഞങ്ങള്‍ റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തത്.
      സാരഥി ലാംഗ്ഡു ഷെര്‍പ്പ ഇന്നോവയുമായി വന്നിട്ടുണ്ടായിരുന്നു. പ്രമോദിന്‍റെ സുഹൃത്ത് വഴി ഏര്‍പ്പാടാക്കിയതാണ്. ഉയരം കുറഞ്ഞ് വെളുത്ത ഒരു നേപ്പാളി. മുപ്പത്തിയഞ്ച് വയസ് പ്രായം, വിവാഹിതന്‍.മകന് 10 വയസ്.അവന്‍ അഞ്ചില്‍ പഠിക്കുന്നു.സ്വകാര്യ സ്കൂളിലാണ്. മാസഫീസ് 1400 രൂപ. സിക്കിമില്‍ സര്‍ക്കാര്‍ സ്കൂളുകളുമുണ്ട് എന്നും  ലാംഗ്ഡു പറഞ്ഞു.ഇവിടെ എല്ലാവരേയും കണ്ടാല്‍ ഒന്നുപോലെയിരിക്കുമെങ്കിലും നേപ്പാളികള്‍ക്ക് പുറമെ ലെപ്ച്ചകളും ഭൂട്ടിയരും ഉള്‍പ്പെടുന്നതാണ് സിക്കിം സമൂഹം. ലാംഗ്ഡുവിനോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബാഗ്ദോഗ്ര നല്‍കിയത് ഒരു വ്യത്യസ്ത കാഴ്ച. ചെറിയ വിമാനത്താവളത്തിന് പുറത്ത് ഒരു വശം നെല്‍കൃഷിയും മറുവശത്ത് തേയിലത്തോട്ടവും. പൊതുവെ ചരുവുകളില്‍ മാത്രം നമ്മള്‍ കാണുന്ന തേയില ഇവിടെ അധികം ഉയരമില്ലാത്ത സമനിരപ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നു. മഴ കുറവായതിനാല്‍ കേടുവരില്ല , കേരളത്തിലെ പോലെ മഴപെയ്ത് ജലം കെട്ടി നിന്നാല്‍ തേയിലച്ചെടികള്‍ അഴുകിപ്പോകാനുള്ള സാധ്യതയുണ്ട്.
          പൊടിയും അഴുക്കും നിറഞ്ഞ ഒരു തനി ഇന്ത്യന്‍ ചെറുനഗരത്തിന്‍റെ എല്ലാ നിറംകെട്ട കാഴ്ചകളിലൂടെയും ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പണിതീരാതെ നില്‍ക്കുന്ന ഫ്ലൈഓവര്‍, പണി തുടങ്ങിയിട്ട് ആറുവര്‍ഷമായി എന്ന് ലാംഗ്ഡോ പറഞ്ഞു. നമുക്ക് അതും പരിചിതമായതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സൈക്കിള്‍ റിക്ഷയും ബാറ്ററി ഉപയോഗിച്ചോടുന്ന റിക്ഷയും റോഡ് കൈയ്യടക്കിയിരിക്കുന്നു. സിലിഗുരിയിലെ തിരുപ്പതീസ് സിറ്റി ധാബയില്‍ നിന്നും തന്തൂര്‍ റൊട്ടിയും വെജിറ്റബിള്‍ മിക്സും പനീറും വെജിറ്റബിള്‍ ബിരിയണിയുമൊക്കെയായി ഭക്ഷണം കഴിച്ചു. ഇന്‍ഡിഗോയിലായിരുന്നു യാത്ര എന്നതിനാല്‍ ഫ്ലൈറ്റിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.
നോര്‍ത്ത് ബംഗാള്‍ സര്‍വ്വകലാശാലയുടെ അടുത്താണ് ധാബ. വൃത്തിയുണ്ട് എന്നത് ആശ്വാസമായി. ഡാര്‍ജിലിംഗ് പ്രശ്നബാധിത ജില്ലയാണ്. അവിടെ ഹര്‍ത്താലും ബന്ദുമൊക്കെയുണ്ടായാല്‍ സിക്കിമിലേക്കുള്ള യാത്ര തടസപ്പെടും . അതോടെ സിക്കിം ഉറക്കമാകും.കടുതലയും മാണിഗര മോറും കഴിഞ്ഞ് ഡാര്‍ജിലിംഗ് മോറിലെത്തി.മോറ് എന്നാല്‍ കവല.ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ യാത്ര ഡാര്‍ജിലിംഗിലേക്കാണ്. നേരെ പോയാല്‍ ഗാംഗ്ടോക്ക്. മഹാനന്ദ പാലം കടന്നപ്പോള്‍ രസകരമായ ഒരു പരസ്യം കണ്ടു. ഒരു റസ്റ്റാറന്‍റിന്‍റേതാണ് . ബിരിയാണി ബിയര്‍ മേള, ബീര്‍യാനി ഫെസ്റ്റിവല്‍ എന്ന് ലോപം . മലയാളിക്ക് അനുകരിക്കാവുന്ന ഒരു മാതൃക.
സാലുഗാര വഴി സെവോക്കിലേക്ക് യാത്ര നീണ്ടു. സെവോക്ക് ഒരു ചെറുടൌണാണ്. മാളുകളും ധാബകളും ദാരിദ്ര്യം തൊട്ടറിയാന്‍ കഴിയുന്ന ജനങ്ങളും കാഴ്ചയില്‍ വന്നു പോയി. പൊതുവാഹനങ്ങള്‍ തീരെ കുറവ്. ഇളം പച്ചനിറമുള്ള സിക്കിം ട്രാന്‍സ്പോര്‍ട്ടിന്‍റെ ഒരു വാഹനം ഞങ്ങളെ കടന്നുപോയി. വഴിയിലെല്ലാം സേനകളുടെ ക്യാമ്പുകള്‍.അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചകള്‍. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്സും സാന്നിധ്യം അറിയിക്കുന്നുണ്ട്. മഹാനന്ദ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ നടുക്കുകൂടിയാണ് ഞങ്ങളുടെ യാത്ര. തീസ്ത നദിയും സമാന്തരമായൊഴുകുന്നു.സിക്കിമിന്‍റെ ജീവനാഡിയാണ് തീസ്ത എന്നു പറയാം. നദിക്ക് ഇളം പച്ച കലര്‍ന്ന നീല നിറമാണ്.നദിയെ അഞ്ചിടത്ത് തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും അതിന്‍റെ സൌന്ദര്യം ചോര്‍ന്നിട്ടില്ല എന്നത് ആശ്വാസം. ബാഗ്പുളില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഭാഗ്കോട്ട് വഴി ഭൂട്ടാനിലേക്ക് പോകാം. ഞങ്ങള്‍ നേരെയുള്ള വഴിയിലൂടെ ഗാംഗ്ടോക്കിലേക്ക് യാത്ര തുടര്‍ന്നു.

തീസ്തയെ അണകെട്ടി നിര്‍ത്തിയിരിക്കുന്നു

Thursday, 15 March 2018

Sikkim trip - chapter 1



സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഒന്നാം ഭാഗം
2017 നവംബര്‍ 9
കനത്ത മഴയുടെ അതിരുകളിലൂടെയായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.ഞാനും രാധാകൃഷ്ണനും സന്തോഷും.ശ്രീക്കുട്ടനും ജയശ്രീയും കൊണ്ടുവിടുന്നതിനായി ഒപ്പം വന്നിരുന്നു. അല്പ്പസമയം കഴിഞ്ഞപ്പോള്‍ ഹരീന്ദ്രനെത്തി. പ്രമോദിനെയും നാസറിനെയും കാത്ത് കുറേസമയം പുറത്തുനിന്നു. അവര്‍ ട്രാഫിക്കില്‍പെട്ടിരിക്കയാണെന്ന് വിവരം കിട്ടി. വീല്‍ചെയറിലും മറ്റും യാത്രയ്ക്ക് എത്തിയ മുതിര്‍ന്നവരും കൊച്ചുകുട്ടികളും വരെയുണ്ട് എയര്‍പോര്‍ട്ടില്‍.യാത്രകള്‍ മനുഷ്യന് ഒഴിവാക്കാന്‍ കഴിയാത്തൊരനിവാര്യതയാണല്ലൊ.ഞങ്ങള്‍ കാഴ്ചകള്‍ കണ്ടുനില്‍ക്കെ ഒരു ബസ്സ് വന്നുനിന്നു. എല്ലാവരും സീനിയര്‍ സിറ്റിസണ്‍സ്. ജീവിതത്തിരക്കുകള്‍ക്കു ശേഷം യാത്രകളുടെ ഉത്സവത്തിലാണവര്‍.
തിരക്ക് കൂടുന്നതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചെക്ക് ഇന്‍ ചെയ്ത് അധികം കഴിയും മുന്‍പേ പ്രമോദും നാസറുമെത്തി. ഇന്‍ഡിഗോയിലാണ് യാത്ര.വൈകിട്ട് 8.30 ന് പുറപ്പെട്ടു. ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ,മലയാളം ഭാഷകളില്‍ സംസാരിക്കാന്‍ കഴിയുന്ന എയര്‍ ഹോസ്റ്റസുമാരുണ്ട് വാഹനത്തില്‍ എന്ന് പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ്. കോയമ്പത്തൂര്‍ക്കാരിക്ക് മലയാളവും അറിയാം എന്ന് മനസിലാക്കി. എത്ര ചിട്ടയോടെയാണവര്‍ ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യയില്‍   പ്രതീക്ഷിക്കാന്‍ കഴിയാത്തത്. വെള്ളമൊഴികെ മറ്റെല്ലാം പണം കൊടുത്ത് വാങ്ങണം എന്നുമാത്രം. ചെന്നൈയിലേക്ക് ഒരു മണിക്കൂര്‍ പത്ത് മിനിട്ട് യാത്ര. പത്ത് മണിയോടെ അവിടെയെത്തി. ഇനി രാത്രി അവിടെ ചിലവഴിക്കണം. രാവിലെ 5.05നാണ് ഗോഹട്ടി ഫ്ലൈറ്റ്. എയര്‍പോര്‍ട്ടിലെ പല കടകളിലും പല നിരക്കാണ് ഭക്ഷണത്തിന്. അത് ഏകീകരിക്കുകയും കുറയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് തോന്നി. കഫെചിനോയില്‍ ചായയ്ക്ക് 160 രൂപയാണെങ്കില്‍ സൌത്ത് ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ അത് 100 രൂപയാണ്. ഇപ്പോള്‍ സാധാരണക്കാര്‍ പോലും വിമാനയാത്ര നടത്തുന്ന സ്ഥിതിക്ക് ഈ വില വളരെ കൂടുതലാണ്. എല്ലാവര്‍ക്കും ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിക്കണം എന്ന മോഹം. പുറത്തിറങ്ങിയാല്‍ അകത്തേക്ക് കയറ്റുമോ എന്ന സംശയവും ഉണ്ടായി. പലരോടും ചോദിച്ചു. രണ്ടാം നിലയില്‍ പുറത്ത് റസ്റ്റാറന്‍റുണ്ട്. അറൈവലില്‍ നിന്നും പുറത്തിറങ്ങി ഇടത്തോട്ട് തിരിഞ്ഞ് കോഫിക്കടയ്ക്ക് സമീപമുള്ള ലിഫ്റ്റ് വഴി രണ്ടാംനിലയിലെത്തി. നല്ല കട.അവിടെനിന്നും പൊടിദോശ കഴിച്ചു.പൊടിദോശ എന്നാല്‍ ചെറിയ ദോശയല്ല, പൊടിച്ചമ്മന്തി വിതറി തയ്യാറാക്കിയ നെയ്ദോശയാണ്. ദോശയ്ക്കും ചമ്മന്തിക്കും സാമ്പാറിനും കൂടി 180 രൂപയാണ് വില. അത് കഴിച്ച് ചെക്ക് ഇന്‍ ചെയ്തു. എയര്‍പോര്‍ട്ടിനുള്ളില്‍ മയങ്ങിയും മിണ്ടിയും മൂന്നുമണിയാക്കി. ഒന്നു ഫ്രഷായി നേരെ സെക്യൂരിറ്റി ചെക്കിന്.
5.05ന്‍റെ ഗോഹട്ടി ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ 5.30 ആയി. 9.15ന് ഗോഹട്ടിയിലെത്തി. ഗോഹട്ടി ഒരു ചെറിയ  എയര്‍പോര്‍ട്ടാണ്. അവിടെ രണ്ട് മണിക്കൂര്‍ ചിലവിട്ടു. തുടര്‍ന്ന് ബാഗ്ദോഗ്രയിലേക്ക്. ടിക്കറ്റ് നിരക്ക് കുറവായിരുന്നതിനാലാണ് ആസാം മണ്ണില്‍ കാലുചവിട്ടിയ ശേഷം ബംഗാളിലെ അവസാന എയര്‍ പോയിന്‍റായ ബാഗ്ദോഗ്രയ്ക്ക് പോയത്.
സുഖിം എന്നാല്‍ വധുവിന്‍റെ പുതിയ വീട് എന്നാണ്. അത് ലോപിച്ച് പിന്നീട് സിക്കിമായി മാറിയതാണ് എന്ന് ചരിത്രം.പടിഞ്ഞാറ് കാഞ്ചന്‍ജംഗയെന്ന ഉയരത്തില്‍ മൂന്നാമനായ കൊടുമുടിയെ വഹിച്ച് തെക്കു വടക്കായി കിടക്കുന്ന ഗ്രേയ്റ്റ് ഹിമാലയന് റേഞ്ച്.അതിനും തെക്കായി സിംഗാലിയ റിഡ്ജ്.വടക്ക് തിബറ്റന്‌‍ പ്ലേറ്റോയോട് ചേര്‍ന്ന് ദോങ്കിയ റേഞ്ച്. കിഴക്കായി ചോല റേഞ്ച്. 45 ഡിഗ്രി കുത്തനെയാണ് സിക്കിമിന്‍റെ കിടപ്പ്.   പൊതുവെ സിക്കിം യാത്ര എന്നാല്‍ എല്ലാവര്‍ക്കും ഗാംഗ്ടോക്കും നാഥുല പാസ്സുമാണ്. എന്നാല്‍ ദക്ഷിണ സിക്കിമിലെ ഗാംഗ്ടോക്കും പൂര്‍വ്വദിക്കിലെ നാഥുലയും കടന്ന് ഉത്തര സിക്കിമിലെത്തുമ്പോഴാണ് സിക്കിമിന്‍റെ സൌന്ദര്യം പൂര്‍ണ്ണമായി അനുഭവിക്കാന്‍ ഒരു സഞ്ചാരിക്ക് അവസരമുണ്ടാവുക. വളരെ ഉയരത്തില്‍ നിന്നും അനേകം മടക്കുകളായി വീഴുന്ന വെള്ളച്ചാട്ടങ്ങളും ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുടെ നിശബ്ദത ജനിപ്പിക്കുന്ന ഗ്രാമങ്ങളും ദുര്‍ബ്ബലമായ ഹിമാലയത്തിന്‍റെ അടരുകളും അവ താഴേക്ക് പതിച്ചുണ്ടാകുന്ന വഴിതടസങ്ങളും ഒരു പുത്തന്‍ അനുഭവം തന്നെയാണ്. തീസ്ത നദി നമുക്കൊപ്പം ഒഴുകുന്നുണ്ടാകും. അതിന്‍റെ തെളിമയാര്‍ന്ന ജലം നല്‍കുന്ന കുളിരും അതുണര്‍ത്തുന്ന സംഗീതവും ബൌദ്ധമാണ്.ചൊ ലാമോ തടാകത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് തോ ലംഗും ലാച്ചുംഗും ഗ്രേറ്റ് രംഗീതും റാംഗ്പോയും ചേര്ന്ന് ബലപ്പെടുത്തിയ തീസ്ത.180 പെരിനിയല്‍ തടാകങ്ങളാണ് സിക്കിമിന്‍റെ മറ്റ് ജലസ്രോതസ്സുകള്‍ . താഴ്വാരങ്ങളും തടാകങ്ങളും മഞ്ഞും ഒക്കെ ഒത്തുചേരുമ്പോള്‍ സിക്കിം സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള അലങ്കാര പദവിയായ ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്നത് ഏതര്‍ത്ഥത്തിലും ശരിയാണ് എന്നു തോന്നും.

ഗോഹട്ടി എയര്‍പോര്‍ട്ടില്‍


ടെറസ് ഫാമിംഗ്
 തീസ്ത നദി


Wednesday, 14 March 2018


ശ്രീധരനും  കൊച്ചിന്‍ ഷിപ്പ്യാര്‍ഡും
മലയാളികളുടെ പ്രിയങ്കരനായ ശ്രീധരന്‍ സാറിനെ കുറിച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിന്നും വിരമിച്ച ഒരു എന്‍ജിനീയര്‍ പറഞ്ഞ അനുഭവകുറിപ്പ് സുഹൃത്തുക്കളുമായി  പങ്ക് വയ്ക്കണം എന്നു തോന്നിയതിനാല്‍ ഇവിടെ  കുറിക്കുന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ ചെയര്‍മാനായി ഏകദേശം ഒരു വര്‍ഷത്തോളം ശ്രീ.ഇ.ശ്രീധരന്‍ ജോലിയെടുത്തിരുന്നു. കൃത്യനിഷ്ഠയ്ക്കും അച്ചടക്കത്തിനും വലിയ പ്രാധാന്യം നല്‍കി ഷിപ്യാര്‍ഡില്‍ ഒരു മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാവിലെ എട്ടുമണിക്കാണ് ഷിപ്യാര്‍ഡിലെ തൊഴില്‍ സമയം ആരംഭിക്കുക.7.57 ആകുമ്പോള്‍ ചെയര്‍മാന്‍റെ വാഹനം ഓഫീസിന് മുന്നിലെത്തും. ലിഫ്റ്റ് ഉപയോഗിക്കില്ല. പടികള്‍ കയറി ഓഫീസിലെത്തി കഴിയുമ്പോള്‍ കൃത്യം എട്ടുമണിയായിട്ടുണ്ടാകും. ചെയര്‍മാന്‍ എട്ടിനെത്തുമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് താമസിച്ചെത്താന്‍ കഴിയുമോ? കഴിയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
രണ്ടാഴ്ചയിലൊരിക്കല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ആദ്യ യോഗത്തില്‍ തന്നെ പ്രായത്തില്‍ മുതിര്‍ന്ന ഒരു ജനറല്‍ മാനേജര്‍ മൂന്ന് മിനിട്ട് വൈകിയെത്തി. ഏറ്റവും തിരക്കുള്ള ചെയര്‍മാന് സമയത്ത് എത്താമെങ്കില്‍ അതിന് താഴെയുള്ള ജിഎം വൈകേണ്ട കാര്യമില്ല, യോഗത്തിന് ഇരിക്കേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്‍കി. പിന്നീട് ഒരാളും യോഗങ്ങളില്‍ വൈകിയെത്തിയില്ല എന്നതാണ് അനുഭവം.
സത്യസന്ധത, ഗുണനിലവാരം എന്നിവയില്‍ മുറുകെ പിടിക്കുന്ന ശ്രീധരന്‍റെ കാലത്താണ് റാണി പത്മിനി എന്ന കപ്പലിന്‍റെ പണി മടക്കുന്നത്. അന്ന് അത്രയും വലിയ കപ്പലിന്‍റെ എന്‍ജിന്‍ നിര്‍മ്മിക്കുന്ന മൂന്ന് കമ്പനികളെ ലോകത്തുള്ളു. പോളണ്ട്, ജര്‍മ്മനി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കമ്പനികള്‍. മിത്സുബിഷിയാണ് കണ്‍സള്‍ട്ടന്‍റ്. എന്‍ജിന് വേണ്ടി ടെക്നിക്കല്‍ ബിഡും ഫൈനാന്‍ഷ്യല്‍ ബിഡും ക്ഷണിച്ചു. ലോകനിലാവരത്തിലുള്ള വിദഗ്ധരെക്കൊണ്ട് ടെക്നിക്കല്‍ ബിഡ് പരിശോധിപ്പിച്ചു.മൂന്ന് കമ്പനികളും യോഗ്യരാണ് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിച്ചു. അതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് പോളണ്ട് കമ്പനിയായിരുന്നു. രണ്ടാമത് ജര്‍മ്മനിയും  മൂന്നാമത് ജപ്പാനും.പോളണ്ടിന് വര്‍ക്ക് നല്‍കാന്‍ ശ്രീധരന്‍ തീരുമാനമെടുത്തു.വിദഗ്ധരെ അവിടെത്തന്നെ താമസിപ്പിച്ചുകൊണ്ട് ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചു. കാരണം ഡയറക്ടര്‍ ബോര്‍ഡ് എന്തെങ്കിലും സംശയം ഉന്നയിച്ചാല്‍ മറുപടി പറയണമല്ലൊ. ബോര്‍ഡിന്‍റെ അംഗീകാരം ലഭ്യമായാലേ കരാര്‍ നല്‍കാന്‍ കഴിയൂ.
മന്ത്രിയുടെ ഇടപെടല്‍ വന്നത്  കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി വഴിയായിരുന്നു. ഏത് രീതിയിലായാലും എന്‍ജിന്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങണം. ശ്രീധരന്‍ നിയമപരമായേ മുന്നോട്ടുപോകൂ എന്ന കൃത്യമായ മറുപടി സെക്രട്ടറിക്ക് നല്‍കി. അതുകൊണ്ടുതന്നെ  ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സെക്രട്ടറി യോഗത്തിന് വന്നതുമില്ല. ഡയറക്ടര്‍ ബോര്‍ഡ് കൂടി ശ്രീധരന്‍റെ തീരുമാനത്തിന് അംഗീകാരം നല്‍കി. എന്‍ജിന്‍ സപ്ലൈ ചെയ്യാന്‍ ആവശ്യപ്പെട്ട് പോളണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ ടെലക്സ് സന്ദേശവും നല്‍കി.
അഞ്ചുമണിയാകും മുന്‍പ് കേന്ദ്രത്തില്‍ നിന്നും ഒരു സന്ദേശം ശ്രീധരനും കിട്ടി. ചെയര്‍മാന്‍ സ്ഥാനം അവര്‍ നിര്‍ദ്ദേശിക്കുന്നയാളിന് കൈമാറി ഉടന്‍ റയില്‍വേയിലേക്ക് മടങ്ങിപോകാനായിരുന്നു നിര്‍ദ്ദേശം. റയില്‍വേയില്‍ എവിടെ എന്നൊക്കെ പിന്നീട് തീരുമാനിക്കും. ഇതൊക്കെ പ്രതക്ഷിച്ചിരുന്ന ശ്രീധരന്‍ നിമിഷങ്ങള്‍ക്കം ചാര്‍ജ്ജൊഴിഞ്ഞ് ഷിപ്യാര്‍ഡ് വിട്ടു.
അന്നും ഇന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അചഞ്ചലനായി നില്‍ക്കുന്ന ഈ വലിയ മനുഷ്യന് മുന്നില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ ഈ അനുഭവസാക്ഷ്യം സമര്‍പ്പിക്കുന്നു.

Wednesday, 19 July 2017

Short stories - Aparathayil thirakkolukal

അപാരതയില്‍ തിരക്കോളുകള്‍
               മുപ്പത്തിയഞ്ച് വര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ജീവിച്ച് നാട്ടില്‍ മടങ്ങിയെത്തിയ വിജയന്‍ മടപ്പള്ളിയുടെ ചെറുകഥാ സമാഹാരമാണ് അപാരതയില്‍ തിരക്കോളുകള്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ സംബ്ബന്ധിച്ച് മികച്ച ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള വിജയന്‍ നാടക നടനും നാടകകൃത്തും എന്നുമാത്രമല്ല വിവിധ സാഹിത്യ മേഖലകളില്‍  തന്‍റേതായ അടയാളം പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. അനന്തയാത്ര, കാത്തിരിപ്പിന്‍റെ അവസാനം , മരണത്തിന്‍റെ കാലൊച്ച, അപാരതയില്‍ തിരക്കോളുകള്‍ എന്നീ കഥകളുടെ സമാഹാരമാണ് പെരുമ്പാവൂര്‍ യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓരോ കഥയും വ്യത്യസ്തമായ അനുഭവങ്ങളാണ് അനുവാചകന് നല്‍കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ജന്മം നല്‍കി ഉപേക്ഷിച്ചുപോയ അച്ഛന്‍ എന്ന ബിംബം ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന സഹദേവന്‍റെ കഥ സുഹൃത്ത് പറയുന്നതാണ് അനന്തയാത്ര. വടകരയുടെ ഭാഷ നന്നായി ഉപയോഗിച്ചിട്ടുള്ള തീവ്രാനുഭവങ്ങളുടെ പ്രവാഹമാണ് ഈ കഥ. കഥയേക്കാള്‍ നമ്മെ ആകര്‍ഷിക്കുക കഥാകാരന്‍റെ നിരീക്ഷണങ്ങളും അസാധാരണമായ ഉപമകളുമാണ്. കറുത്ത പായല്‍ പോലെ സ്വന്തം മാറില്‍ ചുരുണ്ടുകിടക്കുന്ന നീണ്ട മുടിച്ചുരുളുകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍. ഊര്‍ജ്ജമുള്ള ഭാഷയ്ക്ക് ഉദാഹരണമായി ചിലതു് പറയാനുണ്ട്, ഒരു കറുത്ത പ്രഭാതത്തില്‍ ആകാശത്തിന്‍റെ മാറ് പിളര്‍ന്നൊഴുകിയ മഴ, പ്രകൃതി പോലും ബോധം കെട്ടുറങ്ങിയ അര്‍ദ്ധരാത്രി എന്നിങ്ങനെ. കഥയുടെ അവസാനം മനോഹരമായ വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
കാത്തിരിപ്പിന്‍റെ അവസാനത്തില്‍ ഒളിച്ചുവച്ച നര്‍മ്മമുണ്ട്, നാട്ടിന്‍ പുറത്തിന്‍റെ നന്മയുമുണ്ട്. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരം നിര്‍മ്മലമാനസരായ മനുഷ്യരുണ്ടായിരുന്നു, ഇന്നും ഉണ്ടാകാം. മരണത്തിന്‍റെ കാലൊച്ച കടുത്ത ആകാംഷയോടും ദുഃഖചിന്തയോടും മാത്രമെ വായിക്കാന്‍ കഴിയൂ. ആശുപത്രികളില്‍ മാറാരോഗങ്ങളുടെ ചികിത്സയുമായി നടക്കുന്നവര്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മാത്രം അനുഭവമാകുന്ന ഒരുപാട് ദൃശ്യങ്ങള്‍ വരച്ചിടുന്നുണ്ട് കഥാകാരന്‍. തുടക്കത്തില്‍ ആശുപത്രി വളപ്പിലെ  കാഴ്ചകള്‍ വിശദീകരിക്കുന്ന കവിതാത്മകമായ വരികള്‍ മറക്കാന്‍ കഴിയില്ല. താപം ചൊരിയുന്ന ആകാശത്തിന് കീഴെ ഗ്രീഷ്മം നഗ്നമാക്കിയ പേരറിയാത്ത ഒറ്റയാന്‍ മരം, ജര ബാധിച്ച ചില്ലകളില്‍ കാലഹരണം വന്ന വസന്തസ്മൃതികള്‍ കണക്കെ അങ്ങിങ്ങ് ഒറ്റപ്പെട്ട കരിയലകള്‍ എന്നിങ്ങനെ.

അപാരതയില്‍ തിരക്കോളുകള്‍ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ട കാര്‍നിക്കോബാറിലെ മലയാളിയുടെ കഥയാണ് പറയുന്നത്. ജീവിതത്തിന്‍റെ നല്ലകാലം ആന്‍ഡമാനില്‍ ചിലവഴിച്ച എഴുത്തുകാരന് സ്വന്തം തട്ടകമാണ് ആ കൊച്ചു ദ്വീപ്. സുനാമി ചതച്ചരച്ച ജീവിതങ്ങളുടെ വിങ്ങലുകളും ശ്വാസവും നമുക്കനുഭവേദ്യമാക്കുന്നു ഈ കഥ. നാല് കഥകളുടെ സമാഹാരമാണെങ്കിലും നൂറുകഥകളുടെ ഗൌരവം അര്‍ഹിക്കുന്നുണ്ട് ഈ പുസ്തകത്തിന്. വിജയന്‍ മടപ്പള്ളിക്ക് അഭിവാദനങ്ങള്‍. ( വില - 60 രൂപ)

Thursday, 6 July 2017

Malayalam film Thondimuthalum Driksaskshiyum

തൊണ്ടിമുതലും ദൃക്സാക്ഷിയും
മലയാള സിനിമയ്ക്ക്  അസാധാരണമായ  സാധാരണത്വം  നല്‍കിയ സംവിധായകനാണ്  ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം  പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും അതൊരിക്കല്‍ കൂടി  അടിവരയിട്ട് ഉറപ്പിച്ചു. നാട്ടിന്‍പുറത്തിന്‍റെ നന്മയും  ഫലിതസമാനമായ ജീവിതവും നന്നായി അവതരിപ്പിച്ച് തുടങ്ങുന്ന സിനിമ പ്രസാദിന്‍റെയും  ശ്രീജയുടെയും മിശ്രവിവാഹത്തോടെ  ദിശമാറി ഒഴുകുകയാണ്. വൈക്കത്തുനിന്നും  കാസര്‍കോട്ടേക്ക്  പറിച്ചു നടപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ നിറവും പച്ചപ്പും നഷ്ടപ്പെട്ട് ഊഷരമാകുന്ന അവസ്ഥ. ചിത്രത്തില്‍ കള്ളനെ രംഗത്തവതരിപ്പിക്കുന്ന  രീതി ഗംഭീരമാണ്. ഒരു സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നപോലെ , എത്ര സ്നേഹത്തോടെയും പ്രണയഭാവത്തോടെയുമാണ് അവന്‍ മാല മോഷ്ടിക്കുന്നത്. മോഷണം മികച്ച കലയാവുകയാണ് ഇതില്‍. ബൈക്കില്‍ വന്ന് മാല പൊട്ടിക്കുന്നവനോടുള്ള പുച്ഛം ആ പ്രൊഫഷനിലെ അവന്‍റെ പാഷന്‍ വ്യക്തമാക്കുന്നു.
പോലീസ്സ് സ്റ്റേഷനിലെ രംഗങ്ങള്‍ ആക്ഷന്‍ ഹീറോ ബിജുവിലേതിനേക്കാള്‍ സ്വാഭാവികമായിട്ടുണ്ട്. ഒരു സാധാരണ സ്റ്റേഷനുള്ളില്‍ കാമറ വച്ച് ചിത്രീകരിച്ച നിലയില്‍ സ്വാഭാവികം. തീവ്രമായ  ആത്മസംഘര്‍ഷങ്ങളും  തമാശകളും ഇതള്‍ചേര്‍ന്നു വരുന്ന കഥയുടെ വികാസം ഓരോ നിമിഷവും നമ്മെ ഓരോ കഥാപാത്രങ്ങളുടെ ഇഷ്ടക്കാരാക്കി മാറ്റുന്നു. സിനിമയിലെ ഒരു കഥാപാത്രത്തോടും  ദേഷ്യം തോന്നില്ല എന്നതാണ് കഥയുടെ പോസിറ്റീവ് വശം.

ഫഹദ് ഫാസില്‍ കള്ളന്‍ പ്രസാദായും സുരാജ് വെഞ്ഞാറമൂട് പാവം പ്രസാദായും  മികച്ച അഭിനയം കാഴ്ച വച്ചു. ശ്രീജയായി അഭിനയിച്ച നിമിഷ സജയന്‍ ഏറ്റവും മികവുറ്റ അഭിനയത്തിലൂടെ നമുക്കൊപ്പം തീയറ്റര്‍ വിടുമ്പോഴും ഉണ്ടാകും. എഎസ്ഐ ചന്ദ്രനായി  വേഷമിട്ട അലന്‍സിയറും സബ് ഇന്‍സ്പെക്ടറായി വന്ന സാജനും സിഐയും നിയമോപദേശം നല്‍കുന്ന യൂണിഫോമിടാത്ത പോലീസ്സുകാരനും  തുടങ്ങി ഒരു കഥാപാത്രം പോലും മോശമായി എന്നോ ആവശ്യമുണ്ടായിരുന്നില്ല എന്നോ തോന്നുകയില്ല. 135 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദിലീഷിന്‍റെ സംവിധാനത്തിന് അടിത്തറയിട്ട കഥ,തിരക്കഥാകാരനായ  സജീവ് പാഴൂരും മേമ്പൊടി ചേര്‍ത്ത ശ്യാം പുഷ്ക്കരനും  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. രാജീവ് രവിയുടെ മികച്ച ക്യാമറയും കിരണ്‍ദാസിന്‍റെ എഡിറ്റിംഗും ബിജിബാലിന്‍റെ സംഗീതവും റഫീക്ക് അഹമ്മദിന്‍റെ ഗാനങ്ങളും ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ലാളിത്യവും സത്യസന്ധതയും പുലര്‍ത്തുന്ന ഈ ചിത്രം തീയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണ്.