ലാംഗ്ഡുവും പ്രമോദും |
തിരുപ്പതീസ് ധാബ |
ഈ യാത്രയിലെ പ്രധാന കഥാപാത്രം |
ധാബയിലെ ഉച്ചഭക്ഷണാഘോഷം |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—രണ്ടാം
ഭാഗം
2017 നവംബര്‍ 10
സിക്കിമിന്
സ്വന്തമായി വിമാനത്താവളമില്ല. ഗാംഗ്ടോക്കിനടുത്ത് ഒരു വിമാനത്താവളത്തിന്‍റെ പണി
പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബംഗാളിന്‍റെ അതിര്‍ത്തി ജില്ലയായ ഡാര്‍ജിലിംഗിന്‍റെ
ഒരരികുപറ്റി നില്‍ക്കുന്ന സിലിഗുരിയിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലാണ് നമ്മള്‍
എത്തിച്ചേരുക. അവിടെനിന്നും ഗാംഗ്ടോക്കിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വ്വീസുണ്ട്.
എങ്കിലും ഞങ്ങള്‍ റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തത്.
സാരഥി ലാംഗ്ഡു
ഷെര്‍പ്പ ഇന്നോവയുമായി വന്നിട്ടുണ്ടായിരുന്നു. പ്രമോദിന്‍റെ സുഹൃത്ത് വഴി ഏര്‍പ്പാടാക്കിയതാണ്.
ഉയരം കുറഞ്ഞ് വെളുത്ത ഒരു നേപ്പാളി. മുപ്പത്തിയഞ്ച് വയസ് പ്രായം, വിവാഹിതന്‍.മകന്
10 വയസ്.അവന്‍ അഞ്ചില്‍ പഠിക്കുന്നു.സ്വകാര്യ സ്കൂളിലാണ്. മാസഫീസ് 1400 രൂപ.
സിക്കിമില്‍ സര്‍ക്കാര്‍ സ്കൂളുകളുമുണ്ട് എന്നും ലാംഗ്ഡു പറഞ്ഞു.ഇവിടെ എല്ലാവരേയും കണ്ടാല്‍
ഒന്നുപോലെയിരിക്കുമെങ്കിലും നേപ്പാളികള്‍ക്ക് പുറമെ ലെപ്ച്ചകളും ഭൂട്ടിയരും ഉള്‍പ്പെടുന്നതാണ്
സിക്കിം സമൂഹം. ലാംഗ്ഡുവിനോട് കുശലം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബാഗ്ദോഗ്ര നല്‍കിയത്
ഒരു വ്യത്യസ്ത കാഴ്ച. ചെറിയ വിമാനത്താവളത്തിന് പുറത്ത് ഒരു വശം നെല്‍കൃഷിയും
മറുവശത്ത് തേയിലത്തോട്ടവും. പൊതുവെ ചരുവുകളില്‍ മാത്രം നമ്മള്‍ കാണുന്ന തേയില
ഇവിടെ അധികം ഉയരമില്ലാത്ത സമനിരപ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നു. മഴ
കുറവായതിനാല്‍ കേടുവരില്ല , കേരളത്തിലെ പോലെ മഴപെയ്ത് ജലം കെട്ടി നിന്നാല്‍
തേയിലച്ചെടികള്‍ അഴുകിപ്പോകാനുള്ള സാധ്യതയുണ്ട്.
പൊടിയും
അഴുക്കും നിറഞ്ഞ ഒരു തനി ഇന്ത്യന്‍ ചെറുനഗരത്തിന്‍റെ എല്ലാ നിറംകെട്ട കാഴ്ചകളിലൂടെയും
ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പണിതീരാതെ നില്‍ക്കുന്ന ഫ്ലൈഓവര്‍, പണി തുടങ്ങിയിട്ട്
ആറുവര്‍ഷമായി എന്ന് ലാംഗ്ഡോ പറഞ്ഞു. നമുക്ക് അതും പരിചിതമായതിനാല്‍
പ്രത്യേകിച്ചൊന്നും തോന്നിയില്ല. സൈക്കിള്‍ റിക്ഷയും ബാറ്ററി ഉപയോഗിച്ചോടുന്ന
റിക്ഷയും റോഡ് കൈയ്യടക്കിയിരിക്കുന്നു. സിലിഗുരിയിലെ തിരുപ്പതീസ് സിറ്റി ധാബയില്‍
നിന്നും തന്തൂര്‍ റൊട്ടിയും വെജിറ്റബിള്‍ മിക്സും പനീറും വെജിറ്റബിള്‍
ബിരിയണിയുമൊക്കെയായി ഭക്ഷണം കഴിച്ചു. ഇന്‍ഡിഗോയിലായിരുന്നു യാത്ര എന്നതിനാല്‍
ഫ്ലൈറ്റിലെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.
നോര്‍ത്ത് ബംഗാള്‍ സര്‍വ്വകലാശാലയുടെ അടുത്താണ് ധാബ.
വൃത്തിയുണ്ട് എന്നത് ആശ്വാസമായി. ഡാര്‍ജിലിംഗ് പ്രശ്നബാധിത ജില്ലയാണ്. അവിടെ ഹര്‍ത്താലും
ബന്ദുമൊക്കെയുണ്ടായാല്‍ സിക്കിമിലേക്കുള്ള യാത്ര തടസപ്പെടും . അതോടെ സിക്കിം
ഉറക്കമാകും.കടുതലയും മാണിഗര മോറും കഴിഞ്ഞ് ഡാര്‍ജിലിംഗ് മോറിലെത്തി.മോറ് എന്നാല്‍
കവല.ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ യാത്ര ഡാര്‍ജിലിംഗിലേക്കാണ്. നേരെ പോയാല്‍
ഗാംഗ്ടോക്ക്. മഹാനന്ദ പാലം കടന്നപ്പോള്‍ രസകരമായ ഒരു പരസ്യം കണ്ടു. ഒരു റസ്റ്റാറന്‍റിന്‍റേതാണ്
. ബിരിയാണി ബിയര്‍ മേള, ബീര്‍യാനി ഫെസ്റ്റിവല്‍ എന്ന് ലോപം . മലയാളിക്ക്
അനുകരിക്കാവുന്ന ഒരു മാതൃക.
സാലുഗാര വഴി സെവോക്കിലേക്ക് യാത്ര നീണ്ടു. സെവോക്ക് ഒരു
ചെറുടൌണാണ്. മാളുകളും ധാബകളും ദാരിദ്ര്യം തൊട്ടറിയാന്‍ കഴിയുന്ന ജനങ്ങളും
കാഴ്ചയില്‍ വന്നു പോയി. പൊതുവാഹനങ്ങള്‍ തീരെ കുറവ്. ഇളം പച്ചനിറമുള്ള സിക്കിം
ട്രാന്‍സ്പോര്‍ട്ടിന്‍റെ ഒരു വാഹനം ഞങ്ങളെ കടന്നുപോയി. വഴിയിലെല്ലാം സേനകളുടെ
ക്യാമ്പുകള്‍.അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചകള്‍. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍
പോലീസ്സും സാന്നിധ്യം അറിയിക്കുന്നുണ്ട്. മഹാനന്ദ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ
നടുക്കുകൂടിയാണ് ഞങ്ങളുടെ യാത്ര. തീസ്ത നദിയും സമാന്തരമായൊഴുകുന്നു.സിക്കിമിന്‍റെ
ജീവനാഡിയാണ് തീസ്ത എന്നു പറയാം. നദിക്ക് ഇളം പച്ച കലര്‍ന്ന നീല നിറമാണ്.നദിയെ
അഞ്ചിടത്ത് തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. എങ്കിലും അതിന്‍റെ
സൌന്ദര്യം ചോര്‍ന്നിട്ടില്ല എന്നത് ആശ്വാസം. ബാഗ്പുളില്‍ നിന്നും വലത്തോട്ട്
തിരിഞ്ഞ് ഭാഗ്കോട്ട് വഴി ഭൂട്ടാനിലേക്ക് പോകാം. ഞങ്ങള്‍ നേരെയുള്ള വഴിയിലൂടെ
ഗാംഗ്ടോക്കിലേക്ക് യാത്ര തുടര്‍ന്നു.
തീസ്തയെ അണകെട്ടി നിര്‍ത്തിയിരിക്കുന്നു |
No comments:
Post a Comment