അപാരതയില്‍ തിരക്കോളുകള്‍
മുപ്പത്തിയഞ്ച് വര്‍ഷം ആന്‍ഡമാന്‍
നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ജീവിച്ച് നാട്ടില്‍ മടങ്ങിയെത്തിയ വിജയന്‍
മടപ്പള്ളിയുടെ ചെറുകഥാ സമാഹാരമാണ് അപാരതയില്‍ തിരക്കോളുകള്‍. ആന്‍ഡമാന്‍
നിക്കോബാര്‍ ദ്വീപുകളെ സംബ്ബന്ധിച്ച് മികച്ച ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള
വിജയന്‍ നാടക നടനും നാടകകൃത്തും എന്നുമാത്രമല്ല വിവിധ സാഹിത്യ മേഖലകളില്‍ തന്‍റേതായ അടയാളം പതിപ്പിച്ചിട്ടുള്ള
വ്യക്തിത്വമാണ്. അനന്തയാത്ര, കാത്തിരിപ്പിന്‍റെ അവസാനം , മരണത്തിന്‍റെ കാലൊച്ച,
അപാരതയില്‍ തിരക്കോളുകള്‍ എന്നീ കഥകളുടെ സമാഹാരമാണ് പെരുമ്പാവൂര്‍ യെസ് പ്രസ്സ്
ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓരോ കഥയും വ്യത്യസ്തമായ അനുഭവങ്ങളാണ്
അനുവാചകന് നല്‍കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ജന്മം നല്‍കി ഉപേക്ഷിച്ചുപോയ
അച്ഛന്‍ എന്ന ബിംബം ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന സഹദേവന്‍റെ കഥ സുഹൃത്ത്
പറയുന്നതാണ് അനന്തയാത്ര. വടകരയുടെ ഭാഷ നന്നായി ഉപയോഗിച്ചിട്ടുള്ള
തീവ്രാനുഭവങ്ങളുടെ പ്രവാഹമാണ് ഈ കഥ. കഥയേക്കാള്‍ നമ്മെ ആകര്‍ഷിക്കുക കഥാകാരന്‍റെ
നിരീക്ഷണങ്ങളും അസാധാരണമായ ഉപമകളുമാണ്. കറുത്ത പായല്‍ പോലെ സ്വന്തം മാറില്‍
ചുരുണ്ടുകിടക്കുന്ന നീണ്ട മുടിച്ചുരുളുകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍. ഊര്‍ജ്ജമുള്ള
ഭാഷയ്ക്ക് ഉദാഹരണമായി ചിലതു് പറയാനുണ്ട്, ഒരു കറുത്ത പ്രഭാതത്തില്‍ ആകാശത്തിന്‍റെ
മാറ് പിളര്‍ന്നൊഴുകിയ മഴ, പ്രകൃതി പോലും ബോധം കെട്ടുറങ്ങിയ അര്‍ദ്ധരാത്രി
എന്നിങ്ങനെ. കഥയുടെ അവസാനം മനോഹരമായ വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
കാത്തിരിപ്പിന്‍റെ അവസാനത്തില്‍
ഒളിച്ചുവച്ച നര്‍മ്മമുണ്ട്, നാട്ടിന്‍ പുറത്തിന്‍റെ നന്മയുമുണ്ട്. ഒരു കാലത്ത്
നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരം നിര്‍മ്മലമാനസരായ മനുഷ്യരുണ്ടായിരുന്നു, ഇന്നും
ഉണ്ടാകാം. മരണത്തിന്‍റെ കാലൊച്ച കടുത്ത ആകാംഷയോടും ദുഃഖചിന്തയോടും മാത്രമെ
വായിക്കാന്‍ കഴിയൂ. ആശുപത്രികളില്‍ മാറാരോഗങ്ങളുടെ ചികിത്സയുമായി നടക്കുന്നവര്‍ക്കും
കൂട്ടിരുപ്പുകാര്‍ക്കും മാത്രം അനുഭവമാകുന്ന ഒരുപാട് ദൃശ്യങ്ങള്‍ വരച്ചിടുന്നുണ്ട്
കഥാകാരന്‍. തുടക്കത്തില്‍ ആശുപത്രി വളപ്പിലെ കാഴ്ചകള്‍ വിശദീകരിക്കുന്ന കവിതാത്മകമായ വരികള്‍
മറക്കാന്‍ കഴിയില്ല. താപം ചൊരിയുന്ന ആകാശത്തിന് കീഴെ ഗ്രീഷ്മം നഗ്നമാക്കിയ
പേരറിയാത്ത ഒറ്റയാന്‍ മരം, ജര ബാധിച്ച ചില്ലകളില്‍ കാലഹരണം വന്ന വസന്തസ്മൃതികള്‍
കണക്കെ അങ്ങിങ്ങ് ഒറ്റപ്പെട്ട കരിയലകള്‍ എന്നിങ്ങനെ.
അപാരതയില്‍ തിരക്കോളുകള്‍ സുനാമിയില്‍
എല്ലാം നഷ്ടപ്പെട്ട കാര്‍നിക്കോബാറിലെ മലയാളിയുടെ കഥയാണ് പറയുന്നത്. ജീവിതത്തിന്‍റെ
നല്ലകാലം ആന്‍ഡമാനില്‍ ചിലവഴിച്ച എഴുത്തുകാരന് സ്വന്തം തട്ടകമാണ് ആ കൊച്ചു ദ്വീപ്.
സുനാമി ചതച്ചരച്ച ജീവിതങ്ങളുടെ വിങ്ങലുകളും ശ്വാസവും നമുക്കനുഭവേദ്യമാക്കുന്നു ഈ
കഥ. നാല് കഥകളുടെ സമാഹാരമാണെങ്കിലും നൂറുകഥകളുടെ ഗൌരവം അര്‍ഹിക്കുന്നുണ്ട് ഈ
പുസ്തകത്തിന്. വിജയന്‍ മടപ്പള്ളിക്ക് അഭിവാദനങ്ങള്‍. ( വില - 60 രൂപ)
No comments:
Post a Comment