Thursday, 15 March 2018

Sikkim trip - chapter 1



സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഒന്നാം ഭാഗം
2017 നവംബര്‍ 9
കനത്ത മഴയുടെ അതിരുകളിലൂടെയായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.ഞാനും രാധാകൃഷ്ണനും സന്തോഷും.ശ്രീക്കുട്ടനും ജയശ്രീയും കൊണ്ടുവിടുന്നതിനായി ഒപ്പം വന്നിരുന്നു. അല്പ്പസമയം കഴിഞ്ഞപ്പോള്‍ ഹരീന്ദ്രനെത്തി. പ്രമോദിനെയും നാസറിനെയും കാത്ത് കുറേസമയം പുറത്തുനിന്നു. അവര്‍ ട്രാഫിക്കില്‍പെട്ടിരിക്കയാണെന്ന് വിവരം കിട്ടി. വീല്‍ചെയറിലും മറ്റും യാത്രയ്ക്ക് എത്തിയ മുതിര്‍ന്നവരും കൊച്ചുകുട്ടികളും വരെയുണ്ട് എയര്‍പോര്‍ട്ടില്‍.യാത്രകള്‍ മനുഷ്യന് ഒഴിവാക്കാന്‍ കഴിയാത്തൊരനിവാര്യതയാണല്ലൊ.ഞങ്ങള്‍ കാഴ്ചകള്‍ കണ്ടുനില്‍ക്കെ ഒരു ബസ്സ് വന്നുനിന്നു. എല്ലാവരും സീനിയര്‍ സിറ്റിസണ്‍സ്. ജീവിതത്തിരക്കുകള്‍ക്കു ശേഷം യാത്രകളുടെ ഉത്സവത്തിലാണവര്‍.
തിരക്ക് കൂടുന്നതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചെക്ക് ഇന്‍ ചെയ്ത് അധികം കഴിയും മുന്‍പേ പ്രമോദും നാസറുമെത്തി. ഇന്‍ഡിഗോയിലാണ് യാത്ര.വൈകിട്ട് 8.30 ന് പുറപ്പെട്ടു. ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ,മലയാളം ഭാഷകളില്‍ സംസാരിക്കാന്‍ കഴിയുന്ന എയര്‍ ഹോസ്റ്റസുമാരുണ്ട് വാഹനത്തില്‍ എന്ന് പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ്. കോയമ്പത്തൂര്‍ക്കാരിക്ക് മലയാളവും അറിയാം എന്ന് മനസിലാക്കി. എത്ര ചിട്ടയോടെയാണവര്‍ ജോലി ചെയ്യുന്നത്. എയര്‍ ഇന്ത്യയില്‍   പ്രതീക്ഷിക്കാന്‍ കഴിയാത്തത്. വെള്ളമൊഴികെ മറ്റെല്ലാം പണം കൊടുത്ത് വാങ്ങണം എന്നുമാത്രം. ചെന്നൈയിലേക്ക് ഒരു മണിക്കൂര്‍ പത്ത് മിനിട്ട് യാത്ര. പത്ത് മണിയോടെ അവിടെയെത്തി. ഇനി രാത്രി അവിടെ ചിലവഴിക്കണം. രാവിലെ 5.05നാണ് ഗോഹട്ടി ഫ്ലൈറ്റ്. എയര്‍പോര്‍ട്ടിലെ പല കടകളിലും പല നിരക്കാണ് ഭക്ഷണത്തിന്. അത് ഏകീകരിക്കുകയും കുറയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് തോന്നി. കഫെചിനോയില്‍ ചായയ്ക്ക് 160 രൂപയാണെങ്കില്‍ സൌത്ത് ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ അത് 100 രൂപയാണ്. ഇപ്പോള്‍ സാധാരണക്കാര്‍ പോലും വിമാനയാത്ര നടത്തുന്ന സ്ഥിതിക്ക് ഈ വില വളരെ കൂടുതലാണ്. എല്ലാവര്‍ക്കും ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിക്കണം എന്ന മോഹം. പുറത്തിറങ്ങിയാല്‍ അകത്തേക്ക് കയറ്റുമോ എന്ന സംശയവും ഉണ്ടായി. പലരോടും ചോദിച്ചു. രണ്ടാം നിലയില്‍ പുറത്ത് റസ്റ്റാറന്‍റുണ്ട്. അറൈവലില്‍ നിന്നും പുറത്തിറങ്ങി ഇടത്തോട്ട് തിരിഞ്ഞ് കോഫിക്കടയ്ക്ക് സമീപമുള്ള ലിഫ്റ്റ് വഴി രണ്ടാംനിലയിലെത്തി. നല്ല കട.അവിടെനിന്നും പൊടിദോശ കഴിച്ചു.പൊടിദോശ എന്നാല്‍ ചെറിയ ദോശയല്ല, പൊടിച്ചമ്മന്തി വിതറി തയ്യാറാക്കിയ നെയ്ദോശയാണ്. ദോശയ്ക്കും ചമ്മന്തിക്കും സാമ്പാറിനും കൂടി 180 രൂപയാണ് വില. അത് കഴിച്ച് ചെക്ക് ഇന്‍ ചെയ്തു. എയര്‍പോര്‍ട്ടിനുള്ളില്‍ മയങ്ങിയും മിണ്ടിയും മൂന്നുമണിയാക്കി. ഒന്നു ഫ്രഷായി നേരെ സെക്യൂരിറ്റി ചെക്കിന്.
5.05ന്‍റെ ഗോഹട്ടി ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ 5.30 ആയി. 9.15ന് ഗോഹട്ടിയിലെത്തി. ഗോഹട്ടി ഒരു ചെറിയ  എയര്‍പോര്‍ട്ടാണ്. അവിടെ രണ്ട് മണിക്കൂര്‍ ചിലവിട്ടു. തുടര്‍ന്ന് ബാഗ്ദോഗ്രയിലേക്ക്. ടിക്കറ്റ് നിരക്ക് കുറവായിരുന്നതിനാലാണ് ആസാം മണ്ണില്‍ കാലുചവിട്ടിയ ശേഷം ബംഗാളിലെ അവസാന എയര്‍ പോയിന്‍റായ ബാഗ്ദോഗ്രയ്ക്ക് പോയത്.
സുഖിം എന്നാല്‍ വധുവിന്‍റെ പുതിയ വീട് എന്നാണ്. അത് ലോപിച്ച് പിന്നീട് സിക്കിമായി മാറിയതാണ് എന്ന് ചരിത്രം.പടിഞ്ഞാറ് കാഞ്ചന്‍ജംഗയെന്ന ഉയരത്തില്‍ മൂന്നാമനായ കൊടുമുടിയെ വഹിച്ച് തെക്കു വടക്കായി കിടക്കുന്ന ഗ്രേയ്റ്റ് ഹിമാലയന് റേഞ്ച്.അതിനും തെക്കായി സിംഗാലിയ റിഡ്ജ്.വടക്ക് തിബറ്റന്‌‍ പ്ലേറ്റോയോട് ചേര്‍ന്ന് ദോങ്കിയ റേഞ്ച്. കിഴക്കായി ചോല റേഞ്ച്. 45 ഡിഗ്രി കുത്തനെയാണ് സിക്കിമിന്‍റെ കിടപ്പ്.   പൊതുവെ സിക്കിം യാത്ര എന്നാല്‍ എല്ലാവര്‍ക്കും ഗാംഗ്ടോക്കും നാഥുല പാസ്സുമാണ്. എന്നാല്‍ ദക്ഷിണ സിക്കിമിലെ ഗാംഗ്ടോക്കും പൂര്‍വ്വദിക്കിലെ നാഥുലയും കടന്ന് ഉത്തര സിക്കിമിലെത്തുമ്പോഴാണ് സിക്കിമിന്‍റെ സൌന്ദര്യം പൂര്‍ണ്ണമായി അനുഭവിക്കാന്‍ ഒരു സഞ്ചാരിക്ക് അവസരമുണ്ടാവുക. വളരെ ഉയരത്തില്‍ നിന്നും അനേകം മടക്കുകളായി വീഴുന്ന വെള്ളച്ചാട്ടങ്ങളും ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുടെ നിശബ്ദത ജനിപ്പിക്കുന്ന ഗ്രാമങ്ങളും ദുര്‍ബ്ബലമായ ഹിമാലയത്തിന്‍റെ അടരുകളും അവ താഴേക്ക് പതിച്ചുണ്ടാകുന്ന വഴിതടസങ്ങളും ഒരു പുത്തന്‍ അനുഭവം തന്നെയാണ്. തീസ്ത നദി നമുക്കൊപ്പം ഒഴുകുന്നുണ്ടാകും. അതിന്‍റെ തെളിമയാര്‍ന്ന ജലം നല്‍കുന്ന കുളിരും അതുണര്‍ത്തുന്ന സംഗീതവും ബൌദ്ധമാണ്.ചൊ ലാമോ തടാകത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് തോ ലംഗും ലാച്ചുംഗും ഗ്രേറ്റ് രംഗീതും റാംഗ്പോയും ചേര്ന്ന് ബലപ്പെടുത്തിയ തീസ്ത.180 പെരിനിയല്‍ തടാകങ്ങളാണ് സിക്കിമിന്‍റെ മറ്റ് ജലസ്രോതസ്സുകള്‍ . താഴ്വാരങ്ങളും തടാകങ്ങളും മഞ്ഞും ഒക്കെ ഒത്തുചേരുമ്പോള്‍ സിക്കിം സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള അലങ്കാര പദവിയായ ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്നത് ഏതര്‍ത്ഥത്തിലും ശരിയാണ് എന്നു തോന്നും.

ഗോഹട്ടി എയര്‍പോര്‍ട്ടില്‍


ടെറസ് ഫാമിംഗ്
 തീസ്ത നദി


Wednesday, 14 March 2018


ശ്രീധരനും  കൊച്ചിന്‍ ഷിപ്പ്യാര്‍ഡും
മലയാളികളുടെ പ്രിയങ്കരനായ ശ്രീധരന്‍ സാറിനെ കുറിച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിന്നും വിരമിച്ച ഒരു എന്‍ജിനീയര്‍ പറഞ്ഞ അനുഭവകുറിപ്പ് സുഹൃത്തുക്കളുമായി  പങ്ക് വയ്ക്കണം എന്നു തോന്നിയതിനാല്‍ ഇവിടെ  കുറിക്കുന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ ചെയര്‍മാനായി ഏകദേശം ഒരു വര്‍ഷത്തോളം ശ്രീ.ഇ.ശ്രീധരന്‍ ജോലിയെടുത്തിരുന്നു. കൃത്യനിഷ്ഠയ്ക്കും അച്ചടക്കത്തിനും വലിയ പ്രാധാന്യം നല്‍കി ഷിപ്യാര്‍ഡില്‍ ഒരു മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാവിലെ എട്ടുമണിക്കാണ് ഷിപ്യാര്‍ഡിലെ തൊഴില്‍ സമയം ആരംഭിക്കുക.7.57 ആകുമ്പോള്‍ ചെയര്‍മാന്‍റെ വാഹനം ഓഫീസിന് മുന്നിലെത്തും. ലിഫ്റ്റ് ഉപയോഗിക്കില്ല. പടികള്‍ കയറി ഓഫീസിലെത്തി കഴിയുമ്പോള്‍ കൃത്യം എട്ടുമണിയായിട്ടുണ്ടാകും. ചെയര്‍മാന്‍ എട്ടിനെത്തുമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് താമസിച്ചെത്താന്‍ കഴിയുമോ? കഴിയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
രണ്ടാഴ്ചയിലൊരിക്കല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ആദ്യ യോഗത്തില്‍ തന്നെ പ്രായത്തില്‍ മുതിര്‍ന്ന ഒരു ജനറല്‍ മാനേജര്‍ മൂന്ന് മിനിട്ട് വൈകിയെത്തി. ഏറ്റവും തിരക്കുള്ള ചെയര്‍മാന് സമയത്ത് എത്താമെങ്കില്‍ അതിന് താഴെയുള്ള ജിഎം വൈകേണ്ട കാര്യമില്ല, യോഗത്തിന് ഇരിക്കേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്‍കി. പിന്നീട് ഒരാളും യോഗങ്ങളില്‍ വൈകിയെത്തിയില്ല എന്നതാണ് അനുഭവം.
സത്യസന്ധത, ഗുണനിലവാരം എന്നിവയില്‍ മുറുകെ പിടിക്കുന്ന ശ്രീധരന്‍റെ കാലത്താണ് റാണി പത്മിനി എന്ന കപ്പലിന്‍റെ പണി മടക്കുന്നത്. അന്ന് അത്രയും വലിയ കപ്പലിന്‍റെ എന്‍ജിന്‍ നിര്‍മ്മിക്കുന്ന മൂന്ന് കമ്പനികളെ ലോകത്തുള്ളു. പോളണ്ട്, ജര്‍മ്മനി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കമ്പനികള്‍. മിത്സുബിഷിയാണ് കണ്‍സള്‍ട്ടന്‍റ്. എന്‍ജിന് വേണ്ടി ടെക്നിക്കല്‍ ബിഡും ഫൈനാന്‍ഷ്യല്‍ ബിഡും ക്ഷണിച്ചു. ലോകനിലാവരത്തിലുള്ള വിദഗ്ധരെക്കൊണ്ട് ടെക്നിക്കല്‍ ബിഡ് പരിശോധിപ്പിച്ചു.മൂന്ന് കമ്പനികളും യോഗ്യരാണ് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിച്ചു. അതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് പോളണ്ട് കമ്പനിയായിരുന്നു. രണ്ടാമത് ജര്‍മ്മനിയും  മൂന്നാമത് ജപ്പാനും.പോളണ്ടിന് വര്‍ക്ക് നല്‍കാന്‍ ശ്രീധരന്‍ തീരുമാനമെടുത്തു.വിദഗ്ധരെ അവിടെത്തന്നെ താമസിപ്പിച്ചുകൊണ്ട് ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചു. കാരണം ഡയറക്ടര്‍ ബോര്‍ഡ് എന്തെങ്കിലും സംശയം ഉന്നയിച്ചാല്‍ മറുപടി പറയണമല്ലൊ. ബോര്‍ഡിന്‍റെ അംഗീകാരം ലഭ്യമായാലേ കരാര്‍ നല്‍കാന്‍ കഴിയൂ.
മന്ത്രിയുടെ ഇടപെടല്‍ വന്നത്  കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി വഴിയായിരുന്നു. ഏത് രീതിയിലായാലും എന്‍ജിന്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങണം. ശ്രീധരന്‍ നിയമപരമായേ മുന്നോട്ടുപോകൂ എന്ന കൃത്യമായ മറുപടി സെക്രട്ടറിക്ക് നല്‍കി. അതുകൊണ്ടുതന്നെ  ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സെക്രട്ടറി യോഗത്തിന് വന്നതുമില്ല. ഡയറക്ടര്‍ ബോര്‍ഡ് കൂടി ശ്രീധരന്‍റെ തീരുമാനത്തിന് അംഗീകാരം നല്‍കി. എന്‍ജിന്‍ സപ്ലൈ ചെയ്യാന്‍ ആവശ്യപ്പെട്ട് പോളണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ ടെലക്സ് സന്ദേശവും നല്‍കി.
അഞ്ചുമണിയാകും മുന്‍പ് കേന്ദ്രത്തില്‍ നിന്നും ഒരു സന്ദേശം ശ്രീധരനും കിട്ടി. ചെയര്‍മാന്‍ സ്ഥാനം അവര്‍ നിര്‍ദ്ദേശിക്കുന്നയാളിന് കൈമാറി ഉടന്‍ റയില്‍വേയിലേക്ക് മടങ്ങിപോകാനായിരുന്നു നിര്‍ദ്ദേശം. റയില്‍വേയില്‍ എവിടെ എന്നൊക്കെ പിന്നീട് തീരുമാനിക്കും. ഇതൊക്കെ പ്രതക്ഷിച്ചിരുന്ന ശ്രീധരന്‍ നിമിഷങ്ങള്‍ക്കം ചാര്‍ജ്ജൊഴിഞ്ഞ് ഷിപ്യാര്‍ഡ് വിട്ടു.
അന്നും ഇന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അചഞ്ചലനായി നില്‍ക്കുന്ന ഈ വലിയ മനുഷ്യന് മുന്നില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ ഈ അനുഭവസാക്ഷ്യം സമര്‍പ്പിക്കുന്നു.

Wednesday, 19 July 2017

Short stories - Aparathayil thirakkolukal

അപാരതയില്‍ തിരക്കോളുകള്‍
               മുപ്പത്തിയഞ്ച് വര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ജീവിച്ച് നാട്ടില്‍ മടങ്ങിയെത്തിയ വിജയന്‍ മടപ്പള്ളിയുടെ ചെറുകഥാ സമാഹാരമാണ് അപാരതയില്‍ തിരക്കോളുകള്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ സംബ്ബന്ധിച്ച് മികച്ച ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള വിജയന്‍ നാടക നടനും നാടകകൃത്തും എന്നുമാത്രമല്ല വിവിധ സാഹിത്യ മേഖലകളില്‍  തന്‍റേതായ അടയാളം പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. അനന്തയാത്ര, കാത്തിരിപ്പിന്‍റെ അവസാനം , മരണത്തിന്‍റെ കാലൊച്ച, അപാരതയില്‍ തിരക്കോളുകള്‍ എന്നീ കഥകളുടെ സമാഹാരമാണ് പെരുമ്പാവൂര്‍ യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓരോ കഥയും വ്യത്യസ്തമായ അനുഭവങ്ങളാണ് അനുവാചകന് നല്‍കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ജന്മം നല്‍കി ഉപേക്ഷിച്ചുപോയ അച്ഛന്‍ എന്ന ബിംബം ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന സഹദേവന്‍റെ കഥ സുഹൃത്ത് പറയുന്നതാണ് അനന്തയാത്ര. വടകരയുടെ ഭാഷ നന്നായി ഉപയോഗിച്ചിട്ടുള്ള തീവ്രാനുഭവങ്ങളുടെ പ്രവാഹമാണ് ഈ കഥ. കഥയേക്കാള്‍ നമ്മെ ആകര്‍ഷിക്കുക കഥാകാരന്‍റെ നിരീക്ഷണങ്ങളും അസാധാരണമായ ഉപമകളുമാണ്. കറുത്ത പായല്‍ പോലെ സ്വന്തം മാറില്‍ ചുരുണ്ടുകിടക്കുന്ന നീണ്ട മുടിച്ചുരുളുകള്‍ തുടങ്ങിയ പ്രയോഗങ്ങള്‍. ഊര്‍ജ്ജമുള്ള ഭാഷയ്ക്ക് ഉദാഹരണമായി ചിലതു് പറയാനുണ്ട്, ഒരു കറുത്ത പ്രഭാതത്തില്‍ ആകാശത്തിന്‍റെ മാറ് പിളര്‍ന്നൊഴുകിയ മഴ, പ്രകൃതി പോലും ബോധം കെട്ടുറങ്ങിയ അര്‍ദ്ധരാത്രി എന്നിങ്ങനെ. കഥയുടെ അവസാനം മനോഹരമായ വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
കാത്തിരിപ്പിന്‍റെ അവസാനത്തില്‍ ഒളിച്ചുവച്ച നര്‍മ്മമുണ്ട്, നാട്ടിന്‍ പുറത്തിന്‍റെ നന്മയുമുണ്ട്. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരം നിര്‍മ്മലമാനസരായ മനുഷ്യരുണ്ടായിരുന്നു, ഇന്നും ഉണ്ടാകാം. മരണത്തിന്‍റെ കാലൊച്ച കടുത്ത ആകാംഷയോടും ദുഃഖചിന്തയോടും മാത്രമെ വായിക്കാന്‍ കഴിയൂ. ആശുപത്രികളില്‍ മാറാരോഗങ്ങളുടെ ചികിത്സയുമായി നടക്കുന്നവര്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മാത്രം അനുഭവമാകുന്ന ഒരുപാട് ദൃശ്യങ്ങള്‍ വരച്ചിടുന്നുണ്ട് കഥാകാരന്‍. തുടക്കത്തില്‍ ആശുപത്രി വളപ്പിലെ  കാഴ്ചകള്‍ വിശദീകരിക്കുന്ന കവിതാത്മകമായ വരികള്‍ മറക്കാന്‍ കഴിയില്ല. താപം ചൊരിയുന്ന ആകാശത്തിന് കീഴെ ഗ്രീഷ്മം നഗ്നമാക്കിയ പേരറിയാത്ത ഒറ്റയാന്‍ മരം, ജര ബാധിച്ച ചില്ലകളില്‍ കാലഹരണം വന്ന വസന്തസ്മൃതികള്‍ കണക്കെ അങ്ങിങ്ങ് ഒറ്റപ്പെട്ട കരിയലകള്‍ എന്നിങ്ങനെ.

അപാരതയില്‍ തിരക്കോളുകള്‍ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ട കാര്‍നിക്കോബാറിലെ മലയാളിയുടെ കഥയാണ് പറയുന്നത്. ജീവിതത്തിന്‍റെ നല്ലകാലം ആന്‍ഡമാനില്‍ ചിലവഴിച്ച എഴുത്തുകാരന് സ്വന്തം തട്ടകമാണ് ആ കൊച്ചു ദ്വീപ്. സുനാമി ചതച്ചരച്ച ജീവിതങ്ങളുടെ വിങ്ങലുകളും ശ്വാസവും നമുക്കനുഭവേദ്യമാക്കുന്നു ഈ കഥ. നാല് കഥകളുടെ സമാഹാരമാണെങ്കിലും നൂറുകഥകളുടെ ഗൌരവം അര്‍ഹിക്കുന്നുണ്ട് ഈ പുസ്തകത്തിന്. വിജയന്‍ മടപ്പള്ളിക്ക് അഭിവാദനങ്ങള്‍. ( വില - 60 രൂപ)

Thursday, 6 July 2017

Malayalam film Thondimuthalum Driksaskshiyum

തൊണ്ടിമുതലും ദൃക്സാക്ഷിയും
മലയാള സിനിമയ്ക്ക്  അസാധാരണമായ  സാധാരണത്വം  നല്‍കിയ സംവിധായകനാണ്  ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം  പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും അതൊരിക്കല്‍ കൂടി  അടിവരയിട്ട് ഉറപ്പിച്ചു. നാട്ടിന്‍പുറത്തിന്‍റെ നന്മയും  ഫലിതസമാനമായ ജീവിതവും നന്നായി അവതരിപ്പിച്ച് തുടങ്ങുന്ന സിനിമ പ്രസാദിന്‍റെയും  ശ്രീജയുടെയും മിശ്രവിവാഹത്തോടെ  ദിശമാറി ഒഴുകുകയാണ്. വൈക്കത്തുനിന്നും  കാസര്‍കോട്ടേക്ക്  പറിച്ചു നടപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ നിറവും പച്ചപ്പും നഷ്ടപ്പെട്ട് ഊഷരമാകുന്ന അവസ്ഥ. ചിത്രത്തില്‍ കള്ളനെ രംഗത്തവതരിപ്പിക്കുന്ന  രീതി ഗംഭീരമാണ്. ഒരു സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നപോലെ , എത്ര സ്നേഹത്തോടെയും പ്രണയഭാവത്തോടെയുമാണ് അവന്‍ മാല മോഷ്ടിക്കുന്നത്. മോഷണം മികച്ച കലയാവുകയാണ് ഇതില്‍. ബൈക്കില്‍ വന്ന് മാല പൊട്ടിക്കുന്നവനോടുള്ള പുച്ഛം ആ പ്രൊഫഷനിലെ അവന്‍റെ പാഷന്‍ വ്യക്തമാക്കുന്നു.
പോലീസ്സ് സ്റ്റേഷനിലെ രംഗങ്ങള്‍ ആക്ഷന്‍ ഹീറോ ബിജുവിലേതിനേക്കാള്‍ സ്വാഭാവികമായിട്ടുണ്ട്. ഒരു സാധാരണ സ്റ്റേഷനുള്ളില്‍ കാമറ വച്ച് ചിത്രീകരിച്ച നിലയില്‍ സ്വാഭാവികം. തീവ്രമായ  ആത്മസംഘര്‍ഷങ്ങളും  തമാശകളും ഇതള്‍ചേര്‍ന്നു വരുന്ന കഥയുടെ വികാസം ഓരോ നിമിഷവും നമ്മെ ഓരോ കഥാപാത്രങ്ങളുടെ ഇഷ്ടക്കാരാക്കി മാറ്റുന്നു. സിനിമയിലെ ഒരു കഥാപാത്രത്തോടും  ദേഷ്യം തോന്നില്ല എന്നതാണ് കഥയുടെ പോസിറ്റീവ് വശം.

ഫഹദ് ഫാസില്‍ കള്ളന്‍ പ്രസാദായും സുരാജ് വെഞ്ഞാറമൂട് പാവം പ്രസാദായും  മികച്ച അഭിനയം കാഴ്ച വച്ചു. ശ്രീജയായി അഭിനയിച്ച നിമിഷ സജയന്‍ ഏറ്റവും മികവുറ്റ അഭിനയത്തിലൂടെ നമുക്കൊപ്പം തീയറ്റര്‍ വിടുമ്പോഴും ഉണ്ടാകും. എഎസ്ഐ ചന്ദ്രനായി  വേഷമിട്ട അലന്‍സിയറും സബ് ഇന്‍സ്പെക്ടറായി വന്ന സാജനും സിഐയും നിയമോപദേശം നല്‍കുന്ന യൂണിഫോമിടാത്ത പോലീസ്സുകാരനും  തുടങ്ങി ഒരു കഥാപാത്രം പോലും മോശമായി എന്നോ ആവശ്യമുണ്ടായിരുന്നില്ല എന്നോ തോന്നുകയില്ല. 135 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ദിലീഷിന്‍റെ സംവിധാനത്തിന് അടിത്തറയിട്ട കഥ,തിരക്കഥാകാരനായ  സജീവ് പാഴൂരും മേമ്പൊടി ചേര്‍ത്ത ശ്യാം പുഷ്ക്കരനും  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. രാജീവ് രവിയുടെ മികച്ച ക്യാമറയും കിരണ്‍ദാസിന്‍റെ എഡിറ്റിംഗും ബിജിബാലിന്‍റെ സംഗീതവും റഫീക്ക് അഹമ്മദിന്‍റെ ഗാനങ്ങളും ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ലാളിത്യവും സത്യസന്ധതയും പുലര്‍ത്തുന്ന ഈ ചിത്രം തീയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണ്. 

Wednesday, 5 July 2017

malayalam film georgettan's pooram

ജോര്‍ജ്ജേട്ടന്‍സ്  പൂരം
കെ. ബിജു കഥയെഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. വൈ.വി.രാജേഷാണ് തിരക്കഥയെഴുതിയിരിക്കുന്നത്. തികച്ചും ദുര്‍ബ്ബലമായ കഥയും തിരക്കഥയുമാണ് ചിത്രം നല്‍കുന്നത്. ആദ്യ പകുതി കടത്തിവിടാന്‍ സംവിധായകനും തിരക്കഥാകൃത്തും പെടാപ്പാട് പെടുന്നത് കാണാം. തൊഴിലില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന നാല് ചെറുപ്പക്കാരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അതിലൊരാള്‍ പള്ളീലച്ഛന്‍റെ മകനും. ദിലീപാണ് ആ വേഷം കൈകാര്യ ചെയ്യുന്നത്. ഒരു രംഗത്ത്പോലും മികച്ച അഭിനയം കാഴ്ചവെയ്ക്കേണ്ടി വന്നില്ല എന്നത് ദിലീപിന്‍റെ ഭാഗ്യം. രണ്ടാം ഭാഗം കുറച്ചെങ്കിലും സിനിമ നല്‍കി എന്ന് സമാധാനിക്കാം.

മത്തായിപ്പറമ്പ് , കബഡി ചാമ്പ്യനായ മത്തായി, പള്ളിക്ക് നല്‍കിയതാണ്. ചെറുപ്പക്കാര്‍ കബഡി കളിച്ചു വളരാന്‍. എന്നാല്‍ പറമ്പ് അനാഥവും അനാശാസ്യകേന്ദ്രവുമായി മാറി. അതിന്‍റെ അധികാരികള്‍ ജോസഫേട്ടനും  ജോര്‍ജ്ജ് വടക്കനും കൂട്ടുകാരുമായി മാറി. നല്ല വിലകിട്ടുന്ന ഈ ഇടത്ത് അധികാരം സ്ഥാപിക്കാന്‍ മത്തായിയുടെ മകന്‍  പീറ്റര്‍ മത്തായി അവതരിക്കുമ്പോഴാണ് കഥ തുടങ്ങുന്നത്. അപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കബഡി കളിയുടെ കഥയായി ഇത് മാറുന്നു. കബഡിയില്‍ വിജയിക്കുന്നവര്‍ക്ക് ഭൂമി എന്ന നിലയില്‍ അവസാനം അല്പ്പം വാശിയും താത്പ്പര്യവും കാണികള്‍ക്ക് നല്‍കി കഥ അവസാനിക്കുന്നു. സംഗീതം നല്‍കിയ ഗോപി സുന്ദറിനും ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലംപള്ളിക്കും എഡിറ്റര്‍ ലിജോ പോളിനും സംഭാവനകള്‍ ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല. നായിക മെര്‍ലിനായി വന്ന രജീഷ വിജയനൊക്കെ വെറുതെ ശമ്പളം പറ്റാനെ കഴിഞ്ഞുള്ളു. പഞ്ച് ഡയലോഗ്ജോസഫേട്ടന്‍റെ  ഉപജാതി  അറിയാത്തിനാല്‍ പള്ളിയില്‍ അടക്കുന്നതിനെ എതിര്‍ക്കുന്നവരോട്  ജോര്‍ജ്ജിന്‍റെ ചോദ്യംകര്‍ത്താവ് ഏതേ പള്ളിക്കാരനായിരുന്നെന്ന് പറയാമോ ? അതാണ് ഈ സിനിമയില്‍ നിന്നും വ്യത്യസ്തമായി  കിട്ടിയതും. 

Tuesday, 4 July 2017

Malayalam Film Great Father

ഗ്രേറ്റ് ഫാദര്‍
വളരെ ഗൌരവമേറിയ  ഒരു പ്രമേയം സൂപ്പര്‍ സ്റ്റാറിന് വേണ്ടി മനഃപൂര്‍വ്വം സൃഷ്ടിച്ച ചില രംഗങ്ങളിലൂടെയും സ്ലോ മോഷനിലൂടെയും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിലൂടെയും  ഗൌരവം ചോര്‍ത്തി അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തില്‍ ഹനീഫ് അദേനി  ചെയ്ത പാപം. പുതിയ നിയമവും മുന്നറിയിപ്പും പോലെ തീവ്രതയോടെ ചിത്രം കാണാന്‍ കഴിഞ്ഞില്ല. ഏകദേശം അവസാന ഭാഗം വരെ വില്ലനെ ഒളിപ്പിക്കാന്‍ കാണിച്ച കൌശലം എടുത്തു പറയാവുന്നതാണ്. സസ്പെന്‍സ് നിലനിര്‍ത്താന്‍ ആദ്യഭാഗത്ത് നല്ല ശ്രമം നടത്തിയിട്ടുണ്ട്. ചില ഷോട്ടുകള്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ഒരു കുട്ടിയെ കൊന്നിട്ടിരിക്കുന്ന ഇടത്തേക്ക് ആളുകള്‍ എത്തുന്നതിന്‍റെ മുകളില്‍ നിന്നുള്ള ഷോട്ട് ഇതിലൊന്നാണ്.

മമ്മൂട്ടിയെ സൂപ്പര്‍ ഹീറോയാക്കി അവതരിപ്പിക്കാന്‍ തയ്യാറാക്കിയ സന്ദര്‍ഭങ്ങള്‍ ദുര്‍ബ്ബലമായിപ്പോയി. ചെറിയ റോളാണെങ്കിലും വില്ലനായി വേഷമിട്ട സന്തോഷ് കീഴാറ്റൂരാണ് ശ്രദ്ധേയന്‍. ബേബി അനിഘ ഉള്‍പ്പെടെയുള്ള കുട്ടികളും നല്ല നിലവാരം പുലര്‍ത്തി. മമ്മൂട്ടി ഫാന്‍സിന് ആവശ്യമുള്ളതൊക്കെ സിനിമ നല്‍കുന്നുണ്ട്. അതിഭാവുകത്വങ്ങളെ വിമര്‍ശിക്കാനുള്ള മനസ്സ് മാറ്റി വച്ച് സിനിമ കാണാനിരുന്നാല്‍  മുഷിപ്പില്ലാതെ കാണാവുന്ന ചിത്രമാണ്  ഗ്രേറ്റ് ഫാദര്‍. അതിലെ സന്ദേശം ചിന്തോദ്ദീപകം തന്നെ എന്ന് ഉറപ്പായും പറയാം."പൊക്കിളിനും മുട്ടിനുമിടിയല്‍ സ്ത്രീക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്ന സമൂഹത്തിന്‍റെ തോന്നലിനാണ് അവസാനമാകേണ്ടത് " എന്ന നിലയില്‍ സൈക്കോളജിസ്റ്റിന്‍റ ഒരു ഡയലോഗുണ്ട് ഇതില്‍. അത് ഏറ്റവും ശ്രദ്ധേയമാണ്.  

Monday, 26 June 2017

success story

വിജയരഹസ്യം
ഒരാള്‍ ഒരു തൊഴിലില്‍ വിജയിക്കുന്നതിന്  അത്യാവശ്യം വേണ്ടത്  താത്പര്യവും കൃത്യനിഷ്ഠയുമാണ്. താത്പര്യമില്ലാത്ത ഒരു കുട്ടിയെ വലിയ പണം നല്‍കി മെഡിക്കല്‍ കോളേജില്‍ ചേര്‍ത്താല്‍ അവന്‍ എങ്ങിനെയെങ്കിലും പാസ്സായി വരുമായിരിക്കും, പക്ഷെ ഒരിക്കലും മിടുക്കനായ ഒരു ഡോക്ടറാവില്ല. മറ്റെല്ലാ പ്രൊഫഷനിലും ഇത് ബാധകമാണ്. നല്ല പ്ലംബര്‍,മെക്കാനിക് എന്നൊക്കെ പറയുന്നതും ഇത്തരത്തിലാണ്. എന്‍റെ സുഹൃത്തായ ഒരു ഡോക്ടര്‍ പറഞ്ഞ സ്വാനുഭവം ഇവിടെ കുറിക്കാം.
അദ്ദേഹം പരീക്ഷ അത്യാവശ്യം നല്ല നിലയില്‍ പാസ്സായി  നാട്ടിലെത്തി. വീട്ടിന് മുന്നില്‍ ഒരു ബോര്‍ഡും വച്ചു. വൈകിട്ട് 5 മുതല്‍ എട്ടുവരെ  രോഗികളെ പരിശോധിക്കും എന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആരും വന്നില്ല. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരുദിനം വൈകിട്ട് സുഹൃത്തുക്കള്‍ വന്നു. ഞാനിപ്പോള്‍ വരാം എന്നു പറഞ്ഞ്  അഞ്ചുമണിക്ക് അവര്‍ക്കൊപ്പം  പുറത്ത് പോയി. തിരികെ വന്നപ്പോള്‍  ഒന്‍പത്  മണിയായി. അപ്പോള്‍ വീട്ടിലെ എല്ലാ ലൈറ്റും അണച്ചിരിക്കുന്നു. അച്ഛനും അമ്മയും എവിടെപ്പോയി എന്നാശങ്കപ്പെട്ടപ്പോള്‍ അച്ഛന്‍റെ ശബ്ദം വീട്ടിനുള്ളില്‍ കേട്ടു. വളരെ സ്ട്രിക്ടായ ആളാണ് അച്ഛന്‍. വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍  വരാന്തയിലെ ഗ്രില്ല് പൂട്ടിയിരിക്കുന്നു. ബെല്ലടിച്ചിട്ടും തുറക്കുന്നുമില്ല.ആകെ നാണക്കേടായി. രാത്രിയായതിനാല്‍ മറ്റാരും  അറിയുന്നില്ല എന്ന ആശ്വാസം മാത്രം. പടിയില്‍ തന്നെ ഇരുന്നു. എന്താകും ഇങ്ങനെ അച്ഛന്‍ പെരുമാറാന്‍ കാരണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍  ഗ്രില്ല് തുറക്കുന്ന ശബ്ദം കേട്ടു. ഇപ്പോള്‍ വീട്ടിലേക്ക് കയറാം എന്ന് കരുതുമ്പോള്‍ അച്ഛന്‍റെ ശബ്ദം കേട്ടു, ഞാന്‍ ഗേറ്റടയ്ക്കാന്‍ വന്നതാണ്. നിനക്ക് പ്രവേശനമില്ല. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു, രാവിലെ ഗോവിന്ദനോട് വരാന്‍ പറഞ്ഞിട്ടുണ്ട്. ഈ ബോര്‍ഡ് ഇളക്കാന്‍. ഒരു സമയം നിശ്ചിച്ചാല്‍ ആ സമയം സ്ഥലത്തുണ്ടാവണം. പറ്റാത്തവര്‍ അതിന് പോകരുത്. അദ്ദേഹം ഗേറ്റടച്ച് തിരികെ പോയി. ഇപ്പോഴാണ്  സാഹചര്യം കൃത്യമായി മനസ്സിലായത്. ഏതോ രോഗി വന്നിട്ടുണ്ടാവണം  എന്നുറപ്പ്. എത്രമണിവരെ പടിയില്‍ ഇരുന്നു എന്നോര്‍ക്കുന്നില്ല. ഒടുവില്‍ അമ്മ വന്ന് അകത്ത് കയറ്റി. നാല് രോഗികള്‍ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു.

അടുത്ത ദിവസവും പതിവുപോലെ സുഹൃത്തുക്കള്‍ വന്നു. വൈകിട്ട് അഞ്ചിനും എട്ടിനുമിടയില്‍ ഈ പരിസരത്തൊന്നും വന്നുപോകരുതെന്നു പറഞ്ഞ് അവരെ യാത്രയാക്കി. അച്ഛന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. ആഞ്ച് മണി അല്ലെങ്കില്‍ ആറ് അഥവാ ഏഴ്  എന്ന് സമയം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. നിശ്ചയിച്ചാല്‍  ആ സമയം  മറ്റുള്ളവര്‍ക്കുള്ളതാണ്. അതില്‍ കൃത്യനിഷ്ഠ വേണം. പിന്നെ ചെയ്യുന്ന തൊഴിലിനോട് താത്പ്പര്യവും ആത്മാര്‍ത്ഥതയും വേണം. ഇല്ലെങ്കില്‍ ആ പണിക്ക് പോകരുത്.  ഈ വാക്കുകള്‍ ജീവിതത്തെ കാണുന്ന രീതി തന്നെ മാറ്റിയതായി ഡോക്ടര്‍ പറഞ്ഞു. അതിനുശേഷം ഔദ്യോഗികമായ തിരക്കുകളോ തീരെ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍  കൃത്യമായും അഞ്ചിന് മുന്‍പ്  ക്ലിനിക്കില്‍ എത്തിയിരിക്കും. നൂറുകണക്കിന് രോഗികളുടെ  ആശ്രയമായി മാറിയിട്ടുള്ള  ഡോക്ടര്‍ ജീവിതത്തിലെ പല സുഖങ്ങളും ഒഴിവാക്കിയാണ് ഈ പ്രൊഫഷണല്‍ വിജയം നേടിയത്. വൈകുന്നേരത്തെ  സ്റ്റാച്യൂ ജംഗ്ഷനിലെ തിരക്ക് കണ്ട കാലം പോലും മറന്നു എന്ന് ഡോക്ടര്‍ പറയുമ്പോള്‍  നഷ്ടബോധമല്ല, ജോലിയോടുള്ള ആത്മാര്‍ത്ഥതയും  കൃത്യനിഷ്ഠയുമാണ് ആ മുഖത്ത് ദൃശ്യമായത്.