Saturday, 28 November 2026

The communist movement in India - part -5- The troubled path

 


ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനങ്ങളുടെ ചരിത്രം - ഭാഗം -5

ഃഃഃഃഃഃഃഃഃഃഃഃഃ

വി.ആർ.അജിത് കുമാർ, മൊബൈൽ - 9567011942

ഃഃഃഃഃഃഃഃഃഃ

കേരളത്തിലെ ഇടതുസർക്കാരും വിമോചന സമരവും

 **************

ജനാധിപത്യ ശക്തികളുടെ വളര്‍ച്ച എന്ന ഗുണകരമായ മാറ്റവും ഇന്ത്യയുടെ ദേശീയ നയം മാറ്റുന്നതിനായി വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ ആവിര്‍ഭവിച്ചിട്ടുണ്ട് എന്ന ആശങ്കയും അമൃത്സർ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ജനദ്രോഹനയങ്ങള്‍ക്കൊപ്പം വലതുപക്ഷത്തെ കൂടി എതിര്‍ക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി മനസ്സിലാക്കി.ഇന്ത്യൻ സമൂഹത്തിൽ സായുധവിപ്ലത്തിലൂടെയല്ലാതെ സമാധാനപരമായ പരിവര്‍ത്തനത്തിനുള്ള സാധ്യതയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചത് അമൃത്സർ സമ്മേളനത്തിലായിരുന്നു.ലോകത്താകെയും ഇന്ത്യയിലും വളര്‍ന്നുവരുന്ന ജനകീയ ശക്തികളുടെ മുന്നേറ്റത്തില്‍ വര്‍ഗ്ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വന്നതും പാർട്ടി തിരിച്ചറിഞ്ഞു.നിലവിലുള്ള സാഹചര്യത്തില്‍ രാജ്യത്ത് ഒരാഭ്യന്തര യുദ്ധം ഒഴിവാക്കാനുള്ള സാധ്യതയും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിരുന്നു.പാര്‍ട്ടി സംഘടന ദുര്‍ബ്ബലമായിരുന്നപ്പോഴും കൂടുതല്‍ ശത്രുക്കളെ തിരയുന്നതിലായിരുന്നു നേതൃത്വത്തിന്‍റെ ശ്രദ്ധ.കോണ്‍ഗ്രസിനു പുറമെ തീവ്രവലതുപക്ഷത്തെയും അതിനായി കണ്ടെത്തി അംഗീകരിച്ചു എന്നത് സ്മരണീയമാണ്.

 രണ്ട് ലക്ഷം അംഗങ്ങളും മിക്ക നിയമസഭകളിലും അംഗത്വവുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു.എന്നാല്‍ കേന്ദ്ര സർക്കാർ കേരള മന്ത്രിസഭ പിരിച്ചുവിട്ടത് വലിയ തിരിച്ചടിയായി.ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയായിരുന്നു ഇത്.പിന്‍തിരിപ്പന്‍ ശക്തികളായിരുന്നു ഇതിന് പിന്നില്‍.അതിനെ ചെറുക്കത്തക്കവിധം പാര്‍ട്ടി ശക്തവുമായിരുന്നില്ല.1958–1959 കാലഘട്ടത്തിൽ വിമോചന സമരം എന്ന  രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയാണ് മത-ജാതി-ഫ്യൂഡൽ ശക്തികള്‍ ഒന്നു ചേർന്ന് സർക്കാരിനെതിരെ നീക്കമാരംഭിച്ചത്.ഈ നീക്കത്തിന് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ പിന്തുണ ഉണ്ടായിരുന്നു എന്നും സംശയമുണർന്നിരുന്നു.ഇ.എം.എസ്.നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റിനെ പിരിച്ചുവിടുന്നതിലേക്കാണ് ഇത് നയിച്ചത്.അതിവേഗത്തിലുള്ള പുരോഗമനപരമായ പരിഷ്ക്കാരങ്ങളാണ് ഈഎംഎസ് സർക്കാർ കൊണ്ടുവന്നിരുന്നത്.ജന്മികള്‍ക്കെതിരായ നിലപാടെടുത്ത സർക്കാർ കുടിയാന്മാരെ സംരക്ഷിച്ചു.സാർവ്വത്രിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ പരിഷ്ക്കാരം കൊണ്ടുവന്നു.സമൂഹത്തിലെ സമ്പന്നരും സ്കൂളുകള്‍ നടത്തുന്ന മതനേതാക്കളും കമ്മ്യൂണിസ്റ്റ് നീക്കങ്ങളിൽ പരിഭ്രാന്തരായി.കമ്മ്യൂണിസം അവരുടെ നിലനിൽപ്പിന് ഭീഷണിയാണെന്നവർ മനസിലാക്കി.സമുദായനേതാക്കളും ജന്മിമാരും കോണ്‍ഗ്രസും വിമോചനസമരത്തിലൂടെ ഒന്നിക്കുകയായിരുന്നു.

   സാധാരണക്കാരായ മതവിശ്വാസികളെ എല്ലാക്കാലത്തെയുംപോലെ അപ്പോഴും തെറ്റിദ്ധരിപ്പിക്കാന്‍ മത-ജാതി നേതാക്കള്‍ക്ക് കഴിഞ്ഞു.വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്ക സഭയും നായർ സർവ്വീസ് സൊസൈറ്റിയും കൈകോർത്തു.ഭൂപരിഷ്ക്കരണത്തിൽ അടിപറ്റിയ ഭൂവുടമകളും ഉന്നത വിഭാഗങ്ങളും പരിഷ്ക്കാരങ്ങള്‍ മൂലം അസംതൃപ്തിയിലായിരുന്നു.എന്നാൽ പുരോഗമനപരമായ ഈ നിയമങ്ങള്‍കൊണ്ടുവന്ന മിക്കനേതാക്കളും മുന്നോക്കസമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതാണ് ഒരു പ്രത്യേകത.അവർ ജാതി മതങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ച കമ്മ്യൂണിസ്റ്റുകളായിരുന്നു.കിട്ടിയ അവസരം കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു.കമ്മ്യൂണിസ്റ്റുകള്‍ സ്വേച്ഛാധിപതികളും അധികാരദുർവിനിയോഗം നടത്തുന്നവരുമാണെന്ന് അവർ പ്രചരിപ്പിച്ചു.കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളിൽ നിന്നും നാടിനെ മോചിപ്പിക്കണം എന്നാഹ്വാനം ചെയ്ത് അവർ നടത്തിയ സമരം ബഹുജന പ്രതിഷേധ പ്രസ്ഥാനമായി വളർന്നു.കേരളത്തിലുടനീളം റാലികള്‍,പണിമുടക്കുകള്‍,പ്രകടനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.വിദ്യാർത്ഥികള്‍,അധ്യാപകർ,മതവിഭാഗങ്ങള്‍,രാഷ്ട്രീയപ്രവർത്തകർ എന്നിങ്ങനെ നാനാതുറകളിലുള്ളവരും സമരത്തിന്‍റെ ഭാഗമായി.അക്രമാസക്തമായ ഏറ്റുമുട്ടലുകളും പോലീസ് വെടിവയ്പ്പും ക്രമസമാധാനത്തകർച്ചയുമുണ്ടായി.വലിയ രാഷ്ട്രീയപ്രതിസന്ധിയാണ് രൂപപ്പെട്ടത്.ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു.

   ഫെഡറൽ സംവിധാനത്തിന് മുകളിൽ ഇരുള്‍ വീഴ്ത്തിക്കൊണ്ട് ആർട്ടിക്കിള്‍ 356 പ്രകാരം ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.1959 ജൂലൈ 31 നായിരുന്നു ആ ദുരന്തം സംഭവിച്ചത്.കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള സംഘർഷത്തിന് തുടക്കമായതും വേഗതയേറിയ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ പിന്മാറിയതും തീവ്രപരീക്ഷണങ്ങള്‍ക്ക് പിന്നീട് മുതിരാതിരുന്നതും മതങ്ങളുമായി സൌമ്യമായ ഒത്തുതീർപ്പുകള്‍ക്ക് നേതൃത്വം വശംവദരായതും ഈ പിരിച്ചുവിടലിന്‍റെ തുടർച്ചയായിരുന്നു.പിന്നീടിങ്ങോട്ട് ഒത്തുതീർപ്പുകളുടെ കാലമായിരുന്നു.ആദ്യം അതിന് എതിരുനിന്ന തീവ്രഇടതുപക്ഷം പാർട്ടിയെ ഭിന്നിപ്പിച്ച് സിപിഎം രൂപീകരിച്ചെങ്കിലും അധികം കഴിയുംമുന്നെ തന്നെ അധികാരം നേടുകയാണ് മുഖ്യം എന്നു മനസിലാക്കി അവരും ഒത്തുതീർപ്പ് പാതയിലേക്ക് മടങ്ങിവന്നു.

മുതലാളിത്തപരമായ വികാസത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചതുകൊണ്ടാണ് രാജ്യം നിരവധി കുഴപ്പങ്ങള്‍ നേരിടുന്നത് എന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തൽ.സ്വതന്ത്രമായ ഒരു സാമ്പത്തിക വികാസത്തിന് നടപടി സ്വീകരിച്ചെങ്കിലും സമാധാനത്തിനനുകൂലമായ ചില ദേശീയ നയങ്ങള്‍ ഉണ്ടായെങ്കിലും അടിസ്ഥാനപരമായി ഇന്ത്യ മുതലാളിത്തരീതിയാണ് സ്വീകരിച്ചിരുന്നത് എന്ന ബോധ്യമാണ് പാർട്ടിക്കുണ്ടായിരുന്നത്.തന്മൂലം മുതലാളിത്ത സമൂഹത്തിലെ വൈരുധ്യങ്ങളും മൂര്‍ഛിക്കാനിടയായി.വ്യവസായ മാന്ദ്യം,ഭക്ഷ്യവിഭവങ്ങളിലെ കുറവ്,വിലക്കയറ്റം,വിദേശനാണയക്കമ്മി,പദ്ധതിപ്രവര്‍ത്തനങ്ങളുടെ മന്ദീഭാവം തുടങ്ങിയ പല രീതികളാലും കുഴപ്പങ്ങള്‍ തലപൊക്കിത്തുടങ്ങി.ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിച്ചു.

        സോഷ്യലിസ്റ്റ് മേഖലയുമായി ബന്ധപ്പെട്ടുകൊണ്ടും സാമ്രാജ്യത്വത്തിന്‍റെ പിടികള്‍ അവസാനിപ്പിച്ചുകൊണ്ടും സ്വതന്ത്രമായ ഒരു സാമ്പത്തികവികാസത്തിന്‍റെ മാര്‍ഗ്ഗം അവംലബിക്കേണ്ട സര്‍ക്കാര്‍ അതിന് മുതിരാതിരുന്നതാണ് തകര്‍ച്ചയ്ക്ക് കാരണം എന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.ഈ സമയം മോസ്കോയില്‍ 81 രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകളുടെ യോഗം ചേര്‍ന്നിരുന്നു.മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ പുഷ്ടിപ്പെടുത്താന്‍ ഈ സമ്മേളനം ഉപകരിച്ചു.സാമ്രാജ്യത്വത്തിനെതിരായ ശക്തികളെ മുഴുവന്‍ ഏകീകരിക്കുന്നതിനും സോഷ്യലിസ്റ്റ് മേഖലയുടെ വികാസവും ഐക്യവും കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിനും പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളും സോഷ്യലിസ്റ്റ് മേഖലയും തമ്മിലുള്ള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ദൃഢപ്പെടുത്തുന്നതിനും ഈ സമ്മേളനം ഉപകരിച്ചു.എന്നാൽ മോസ്കോ പ്രഖ്യാപനം ശരിയല്ലെന്ന നിലപാടുമായി ചൈനയും അല്‍ബേനിയയും രംഗത്തുവന്നു.ഇന്ത്യയിലും തൃപ്തിയില്ലാത്തവര്‍ കലാപസ്വരമുയര്‍ത്തി.മോസ്കോ പ്രഖ്യാപനത്തിലെ നൂതനാശയങ്ങള്‍ എല്ലാം റിവിഷനിസ്റ്റ് ആശയങ്ങളാണെന്ന ധാരണയായിരുന്നു കുറേ സഖാക്കള്‍ക്ക്.1958-ലെ അമൃത്സർ സമ്മേളനം വലിയ പ്രതീക്ഷകളാണ് നൽകിയതെങ്കിൽ 1961 ഏപ്രിൽ ഏഴ് മുതൽ 16 വരെ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോണ്‍ഗ്രസ് പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നതായി.സിപിഎം രൂപീകരണത്തിലേക്ക് നയിച്ച 1964ലെ പിളർപ്പിന് മുമ്പുള്ള അവസാനത്തെ ഐക്യ പാർട്ടി കോണ്‍ഗ്രസായിരുന്നു ഇത്.177500 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 439 പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമായി.ഈ സമയം  ആഭ്യന്തര രാഷ്ട്രീയവും വളർന്നുവരുന്ന ചൈന-സോവിയറ്റ് പിളർപ്പും കാരണം വലതുപക്ഷ റിവിഷനിസ്റ്റുകളും ഇടതുപക്ഷ വിഭാഗീയ വിഭാഗങ്ങളും തമ്മിലുള്ള ആന്തരിക വിള്ളൽ ഗണ്യമായി വർദ്ധിച്ചിരുന്നു.എസ്.എ.ഡാങ്കെ നയിക്കുന്ന വലതുപക്ഷവും ബി.ടി.രണദിവെ നയിക്കുന്ന ഇടതുപക്ഷവും തമ്മിൽ തീവ്രമായ പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് വിജയവാഡ കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചു.

   എസ്.എ.ഡാംഗെ നയിച്ച വലതുപക്ഷം ദേശീയ ജനാധിപത്യത്തിനുവേണ്ടിയും ജവഹർലാൽ നെഹ്‌റുവിന്‍റെ കോൺഗ്രസിനോടുള്ള മൃദു സമീപനത്തിനു വേണ്ടിയും വാദിച്ചപ്പോള്‍ ബി.ടി.രണദിവെ, പി.സുന്ദരയ്യ തുടങ്ങിയ നേതാക്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ വിഭാഗം ജനകീയ ജനാധിപത്യത്തിനായി വാദിക്കുകയും ഭരണകക്ഷിയോട് കൂടുതൽ തീവ്രവാദപരമായ എതിർപ്പ് നിലനിർത്തുകയും ചെയ്തു.ഇന്ത്യ-ചൈന ബന്ധങ്ങൾ വഷളാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കോൺഗ്രസ് നടന്നത്.വളർന്നുവരുന്ന ചൈന-സോവിയറ്റ് പ്രത്യയശാസ്ത്ര വ്യത്യാസങ്ങളും ആശയസംഘട്ടനം വർദ്ധിപ്പിച്ചു. ഇടതുപക്ഷം ചൈന അനുകൂലമാണെന്ന വാദവും ശക്തമായിരുന്നു. ഇത് ദേശസ്നേഹവും പ്രത്യയശാസ്ത്രവും തമ്മിലുള്ള ഒരു പോരാട്ടത്തിനും തുടക്കമിട്ടു.ആഭ്യന്തര പ്രതിസന്ധി വളരെ ശക്തമായിരുന്നതിനാൽ സോവിയറ്റ് പ്രത്യയശാസ്ത്രജ്ഞനായ മിഖായേൽ സുസ്ലോവ് പാർട്ടി കോൺഗ്രസിൽ മധ്യസ്ഥത വഹിക്കാൻ പങ്കെടുത്തു. 1962 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഔപചാരികമായ പിളർപ്പ് തടയാൻ അദ്ദേഹം ഇരുവിഭാഗങ്ങളെയും ഒരുമിച്ച് നിർത്താൻ സമ്മർദ്ദം ചെലുത്തി.ഇതിന്‍റെ തുടർച്ചയായി ജനറൽ സെക്രട്ടറി അജോയ് ഘോഷ് തയ്യാറാക്കിയ ഒരു മധ്യസ്ഥ പ്രമേയത്തിലൂടെ താൽക്കാലിക വിള്ളലുകള്‍ പരിഹരിച്ച് ഒരു ഒത്തുതീർപ്പിലെത്തി.എന്നാൽ ആറാം കോൺഗ്രസ് ഏകീകൃത സിപിഐയുടെ അവസാന സമ്മേളനമായി മാറുകയായിരുന്നു.

      സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നു.ഇന്ത്യ ഒരു ദേശീയ ജനാധിപത്യ വിപ്ലവ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.പാർട്ടിയുടെ അടിയന്തിര ദൌത്യം സോഷ്യലിസ്റ്റ് വിപ്ലവമല്ല,മറിച്ച് ഫ്യൂഡൽ വിരുദ്ധ,സാമ്രാജ്യത്വ വിരുദ്ധ,ജനാധിപത്യ പരിവർത്തനങ്ങളുടെ പൂർത്തീകരണമാണ്.തൊഴിലാളി വർഗ്ഗത്തിന്‍റെ നേതൃത്വത്തിൽ കർഷകർ,മധ്യവർഗ്ഗങ്ങള്‍,മറ്റ് ദേശസ്നേഹ ജനാധിപത്യ ശക്തികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ദേശീയ ജനാധിപത്യ മുന്നണിയാണ് രാജ്യത്ത് കെട്ടിപ്പടുക്കേണ്ടത്.അതിന് നേതൃത്വപരമായ മുൻകൈ എടുക്കേണ്ടത് സിപിഐ ആണ്.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ പുരോഗമനപരമായ വിഭാഗവും പിന്തിരിപ്പൻ വിഭാഗങ്ങളുമുണ്ട്.കോണ്‍ഗ്രസിനെ ഒരു ഏകീകൃത പിന്തിരിപ്പൻ പാർട്ടിയായി കണക്കാക്കുന്നതിന് പകരം പുരോഗമന നടപടികളെ പിന്തുണയ്ക്കുകയും പിന്തിരിപ്പൻ നയങ്ങളെ എതിർക്കുകയും വേണം.അനുകൂല സാഹചര്യങ്ങളിൽ ഇന്ത്യക്ക് സമാധാനപരമായി പാർലമെന്‍ററി മാർഗ്ഗങ്ങളിലൂടെയും സോഷ്യലിസത്തിലേക്ക് മുന്നേറാൻ കഴിയുമെന്ന അമൃത്സർ കോണ്‍ഗ്രസിലെ നിലപാട് പ്രമേയം ആവർത്തിക്കുകയും ചെയ്തു.ഇന്ത്യയുടെ ചേരിചേരാ നയം,സമധാനപരമായ സഹവർത്തിത്വം,കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങള്‍,ലോകസമാധാനത്തിനായുള്ള പിന്തുണ എന്നിവയെ പ്രമേയം പിന്തുണച്ചു.പുറമെ ആശ്വാസകരമായി തോന്നിയ വിജയവാഡ സമ്മേളനം പാർട്ടിക്കുള്ളിലെ പ്രത്യയശാസ്ത്ര തർക്കങ്ങള്‍ പരിഹരിച്ചില്ല.തർക്കത്തിലുള്ള ചില പരിപാടികളുടെ കരടുകള്‍ ഉടനടി പരിഹരിക്കുന്നതിന് പകരം ദേശീയ കൌണ്‍സിലിന് വിട്ടു.1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് പരിഹരിക്കപ്പെടാത്ത ഈ വ്യത്യാസങ്ങള്‍,കൂടുതൽ ആഴത്തിലാവുകയും ഒടുവിൽ 1964 ലെ പിളർപ്പിലേക്ക് നയിക്കുകയുമായിരുന്നു.ഇതിലൂടെ ശാഖകള്‍ വിടർത്തി പൂവിട്ട മരത്തെ ബോണ്‍സായ് ആക്കുകയായിരുന്നു നേതാക്കള്‍ ചെയ്തത്.സാധാരണ സഖാക്കളെ വിഘടിപ്പിച്ച് ശത്രുക്കളാക്കുക വഴി കമ്മ്യൂണിസ്റ്റ് പാർട്ടി തളരുകയും തീവ്രവലതുപക്ഷം  വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് നേതാക്കള്‍ ചെയ്തത്.

മൂന്നാം ലോക്സഭ തെരഞ്ഞെടുപ്പ്

*******************

  1962 ഫെബ്രുവരി 19 മുതൽ 25 വരെയായിരുന്നു മൂന്നാം ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്.നെഹ്റുവിന്‍റെ നേതൃത്വത്തിൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.21.64 കോടി വോട്ടറന്മാരുള്ളതിൽ 55.42 ശതമാനം ആളുകള്‍ വോട്ടെടുപ്പിൽ പങ്കെടുത്തു.494 പ്രതിനിധികളെയാണ് അവർ തെരഞ്ഞെടുത്തത്.44.72 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് 361 സീറ്റുകള്‍ നേടി.9.94 ശതമാനം വോട്ട് ലഭിച്ച സിപിഐക്ക് 29 സീറ്റും 7.89 ശതമാനം വോട്ട് ലഭിച്ച സ്വതന്ത്രപാർട്ടിക്ക് 18 സീറ്റും 6.81 ശതമാനം വോട്ട് ലഭിച്ച പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റും 6.44 ശതമാനം വോട്ട് നേടിയ ഭാരതീയ ജനസംഘത്തിന് 14 സീറ്റും ലഭിച്ചു. സ്വതന്ത്രരും മറ്റുള്ളവരും ചേർന്ന് നേടിയത് അറുപത് സീറ്റായിരുന്നു.1957 ൽ ഉണ്ടായിരുന്ന 27 സീറ്റ് എന്നത് 29 ആയി മെച്ചപ്പെടുത്തി ലോക്സഭയിലെ വലിയ പ്രതിപക്ഷം എന്ന സ്ഥാനം സിപിഐ നിലനിർത്തി.ഏറ്റവുമധികം സീറ്റുകള്‍ ലഭിച്ചത് ആന്ധ്രയിലായിരുന്നു.അവിടെനിന്നും ഏഴ് പേർ ജയിച്ചുവന്നു.കേരളത്തിൽ നിന്നും ആറും പശ്ചിമ ബംഗാളിൽ നിന്നും അഞ്ചും മഹാരാഷ്ട്രയിൽ നിന്നും നാലും മദ്രാസിൽ നിന്നും രണ്ടും ബീഹാർ,ഒറീസ,പഞ്ചാബ്,രാജസ്ഥാൻ,ത്രിപുര,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഒരാള്‍ വീതവുമാണ് വിജയിച്ചത്.

   ഈ കാലത്ത് ബംഗാളിൽ ബി.സി.റോയ് നയിക്കുന്ന കോണ്‍ഗ്രസ് സർക്കാർ ദുർഗാപ്പൂർ,കല്യാണി തുടങ്ങിയ ആസൂത്രിത നഗരങ്ങളുടെയും വ്യവസായ കേന്ദ്രങ്ങളുടെയും വികസനത്തിന് ശ്രദ്ധ നൽകിയപ്പോള്‍ ഗ്രാമപ്രദേശങ്ങള്‍ ആഴത്തിലുള്ള കാർഷിക സ്തംഭനവും അസമമായ ഭൂവിതരണവും മൂലം ബുദ്ധിമുട്ടുകയായിരുന്നു.1959ൽ ബംഗാളിൽ കടുത്ത ഭക്ഷ്യക്ഷാമം പിടിമുറുക്കി.വിലക്കയറ്റ-ക്ഷാമപ്രതിരോധ സമിതികളുടെ കീഴിൽ അണിനിരന്ന ഇടതുപക്ഷം വൻപ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.ഇത് ചരിത്രപരമായ ഭക്ഷ്യമാർച്ചുകള്‍ക്ക് കാരണമായി.കൽക്കട്ടയിലെ തെരുവുകളിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടന്നു.നഗരതൊഴിലാളി വർഗ്ഗവും ഗ്രാമീണ ദരിദ്രരും വൻതോതിൽ പാർട്ടിക്ക് പിന്നിൽ അണിനിരന്നു.ബംഗാള്‍ വിഭജനത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയവരുടെ പുനരധിവാസവും സർക്കാരിന് ഫലപ്രദമായി നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല.ഇവരുടെ പ്രശ്നങ്ങളും ഇടതുപക്ഷം ഏറ്റെടുത്തതോടെ പാർട്ടിയുടെ അടിത്തറ കുറച്ചുകൂടി മെച്ചപ്പെട്ടു.

    ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെട്ടെങ്കിലും 1962 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുകയാണുണ്ടായത്.252 അംഗങ്ങളുള്ള അസംബ്ലിയിൽ കോണ്‍ഗ്രസ് 47.3 ശതമാനം വോട്ടും 157 സീറ്റും നേടി.1957 ൽ നേടിയ 152 സീറ്റിൽ നിന്നും 5 സീറ്റിന്‍റെ വർദ്ധനയാണുണ്ടായത്.സിപിഐക്ക് 25 ശതമാനം വോട്ടും അൻപത് സീറ്റും ലഭിച്ചു.1957 ലെ 46 സീറ്റിൽ നിന്നും നാല് സീറ്റിന്‍റെ വർദ്ധനയോടെ നില മെച്ചപ്പെടുത്തി.ആള്‍ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന് 13 സീറ്റും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് 5 സീറ്റും ആർഎസ്പിക്ക് 9 സീറ്റും സ്വതന്ത്രർക്കും മറ്റുള്ളവർക്കുമായി 18 സീറ്റുമാണ് ലഭിച്ചത്.ബിസി.റോയ് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 1962 ജൂലൈ ഒന്നിന് അദ്ദേഹം അന്തരിച്ചു. തുടർന്ന് പ്രഫുല്ലചന്ദ്ര സെൻ മുഖ്യമന്ത്രിയായി.ജ്യോതിബാസുവായിരുന്നു പ്രതിപക്ഷ നേതാവ്.ബംഗാള്‍ രാഷ്ട്രീയം കൃത്യമായും ദ്വിമുഖമാവുകയായിരുന്നു.ജനസംഘം,സ്വതന്ത്ര പാർട്ടി പോലുള്ള ചെറുകിട വലതുപക്ഷ,മധ്യപക്ഷ പാർട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിൽ ഒരു സ്വാധീനവുമുണ്ടായിരുന്നില്ല.മത്സരം ശരിക്കും കോണ്‍ഗ്രസും ഇടതുപക്ഷ സഖ്യവും തമ്മിലായി.ഇത്തരത്തിൽ പാർട്ടിക്ക് വളരെ അനുകൂലമായ നിലയിൽ സംസ്ഥാനം പാകപ്പെടുമ്പോഴായിരുന്നു പാർട്ടിക്കുള്ളിൽ ഇടത്-വലത് ആശയസംഘട്ടനം അപകടകരമായി വളരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.

     കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതിന്‍റെ തുടർച്ചയായി 1960 ഫെബ്രുവരി ഒന്നിന് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ഇത്തവണ കമ്മ്യൂണിസ്റ്റുകളെ അധികാരത്തിന് പുറത്തുനിർത്തുക എന്ന ഒറ്റ അജണ്ടയോടെ ആശയപരമായ പൊരുത്തങ്ങളില്ലാത്ത കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലിംലീഗും ചേർന്ന് മുക്കൂട്ട് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു.സിപിഐയും ശക്തമായ ഒരുക്കങ്ങളാണ് നടത്തിയത്.തെരഞ്ഞെടുപ്പിൽ പാർട്ടി ജനകീയ വോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും അധികാരത്തിലെത്താൻ കഴിഞ്ഞില്ല.കോണ്‍ഗ്രസ് അറുപത്തിമൂന്നും പിഎസ്പി ഇരുപതും മുസ്ലിംലീഗ് പതിനൊന്നും സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. സിപിഐക്ക് 39.14 ശതമാനം വോട്ട് ലഭിച്ചെങ്കിലും 29 സീറ്റുകളെ നേടാൻ കഴിഞ്ഞുള്ളു.1957 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 35.3 ശതമാനം വോട്ടായിരുന്നു.മുക്കൂട്ട് മുന്നണിയിലെ വലിയ പാർട്ടി കോണ്‍ഗ്രസ് ആയിരുന്നിട്ടും മുൻ ധാരണ പ്രകാരം പിഎസ്പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി.കോണ്‍ഗ്രസ് നേതാവ് ആർ.ശങ്കറായിരുന്നു ഉപമുഖ്യമന്ത്രി.വിളക്കിചേർത്താൽ ഉറയ്ക്കാത്ത മുന്നണിയും നേതാക്കളുമായിരുന്നു അധികാരത്തിലേറിയത്.അധികാരത്തിലേറി ആദ്യ ദിവസം മുതലെ ഭരണം അസ്വസ്ഥത നിറഞ്ഞതായിരുന്നു.ഒടുവിൽ 1962 സെപ്തംബറിൽ പട്ടം താണുപിള്ളയെ കോണ്‍ഗ്രസ് പൂട്ടി,പഞ്ചാബിലെ ഗവർണ്ണറായി നിയമിച്ചു.ആർ.ശങ്കർ മുഖ്യമന്ത്രിയായി.ഇവിടെയും കമ്മ്യൂണിസ്റ്റുകാർക്ക് വളരെ അനുകൂലമായ സാഹചര്യം ഒത്തുവരുകയായിരുന്നു.അപ്പോഴാണ് പാർട്ടിയിൽ ആശയപരമായ വിഭാഗീയത തലപൊക്കുന്നതും വളരുന്നതും. 

ഇന്ത്യ-ചൈന യുദ്ധവും പാർട്ടി നിലപാടും

**********************

       ഇന്ത്യ ചൈന അതിർത്തിത്തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.1914 ൽ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും ചൈനയും ഉള്‍പ്പെട്ട സിംല കണ്‍വൻഷനിൽ കിഴക്കൻ മേഖലയിലെ മക്മോഹൻ ലൈൻ ഇന്ത്യയും ടിബറ്റും അംഗീകരിച്ചെങ്കിലും ചൈന അംഗീകരിക്കാൻ തയ്യാറായില്ല.1947 ൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി മക്മോഹൻ ലൈൻ തന്നെ എന്ന് ഇന്ത്യ ഉറപ്പിച്ചു.1949 ൽ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന അവരുടെ അവകാശവാദങ്ങള്‍ ശക്തമാക്കാൻ തുടങ്ങി.1950-51 കാലത്താണ് ചൈന ടിബറ്റ് സ്വന്തമാക്കുന്നത്.ഇതോടെ പരിഹരിക്കപ്പെടാത്ത അതിർത്തി പ്രശ്നങ്ങള്‍ കൂടുതൽ സങ്കീർണ്ണമായി.1954 ൽ പഞ്ചശീല കരാറിൽ ഇന്ത്യയും ചൈനയും ഒപ്പിട്ട് ഇന്ത്യ-ചൈന ഭായിഭായി എന്ന ജനപ്രിയ മുദ്രാവാക്യത്തിന് അവസരമൊരുങ്ങിയെങ്കിലും അതിർത്തി സംബ്ബന്ധിച്ച് കരാറുകളൊന്നും ഉണ്ടായില്ല.1956-57ലാണ് ഇന്ത്യൻ പ്രദേശമായ അക്സായി ചിനിലൂടെ ചൈന തന്ത്രപ്രധാനമായ ഹൈവേ നിർമ്മിച്ചത്.1958 ൽ മാത്രമാണ് ഇന്ത്യ ഇതറിയുന്നത്.ഇത് സംഘർഷങ്ങള്‍ക്ക് വഴിമരുന്നായി.1959 ൽ അതിർത്തിയിൽ ആദ്യ സംഘർഷം നടന്നു.അരുണാചലിലെ ലോങ്ജുവിലും ലഡാക്കിലെ കോങ്ക പാസിലുമായിരുന്നു ഏറ്റുമുട്ടൽ.ഈ സമയം നടന്ന ടിബറ്റൻ കലാപവും ടെൻസിൻ ഗ്യാറ്റ്സോയുടെ ഇന്ത്യയിലേക്കുള്ള പലായനവും ഇന്ത്യ നടത്തിയ തിബറ്റൻ ബുദ്ധിസ്റ്റ് അഭയാർത്ഥികളുടെ സംരക്ഷണവും ബന്ധങ്ങള്‍ കൂടുതൽ വഷളാക്കി.

       ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ പ്രത്യശാസ്ത്ര തർക്കമായിട്ടാണ് പ്രത്യക്ഷപ്പെട്ടത് എന്നതാണ് വിചിത്രം.ചൈന പറയുന്നതില്‍ ന്യായമുണ്ട് എന്ന നിലപാടിലായിരുന്നു ചിലര്‍.പ്രത്യയശാസ്ത്രതര്‍ക്കങ്ങളേക്കാളും രൂക്ഷമായത് ചൈനയോടുള്ള നിലപാടായിരുന്നു എന്ന് വ്യക്തം.ഇന്ത്യയുടെ വികാസത്തിന് ദേശീയ ജനാധിപത്യ മുന്നണിയോ ജനാധിപത്യ മുന്നണിയോ അനുയോജ്യം എന്ന ചര്‍ച്ചയും സജീവമായി.ദേശീയ ജനാധിപത്യം തത്ക്കാലം അംഗീകരിച്ചായിരുന്നു വിജയവാഡ സമ്മേളനം അവസാനിച്ചത്.വിജയവാഡയിൽ അജോയ് ഘോഷും ഇ.എം.എസ്. നമ്പൂതിരിപ്പാടും കേന്ദ്രീയ മധ്യസ്ഥന്‍റെ നിർണായക പങ്കാണ് വഹിച്ചത്.ഇടതുപക്ഷവും വലതുപക്ഷവും അക്രമാസക്തമായി ധ്രുവീകരിക്കപ്പെട്ടപ്പോള്‍ പാർട്ടിയുടെ തകർച്ച തടയാൻ അവർ ഒരു മധ്യമാർഗ്ഗം അവലംബിച്ചു.കോൺഗ്രസ് ഒരു ബൂർഷ്വാ പാർട്ടിയായതിനാൽ  സിപിഐ അതിനെ അന്ധമായി പിന്തുണയ്ക്കരുതെന്നും ഒപ്പംതന്നെ കടുത്ത തീവ്രവാദത്തിലൂടെ പ്രസ്ഥാനം ജനാധിപത്യ സംവിധാനത്തിൽ പൂർണ്ണമായും ഒറ്റപ്പെടരുതെന്നും അവർ വാദിച്ചു.പാർലമെന്‍ററി ജനാധിപത്യം തന്ത്രപരമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി തുടരുന്ന ഒരു ദേശീയ ജനാധിപത്യ മുന്നണിക്കുവേണ്ടിയായിരുന്നു ഈ വാദം.1957 മുതൽ 1959 വരെ കേരളത്തിൽ വിജയകരമായി വികസിപ്പിച്ചെടുത്ത തന്ത്രം അതുതന്നെയാണെന്നും അത്  തുടരണമെന്നുമായിരുന്നു ആഹ്വാനം.1961 ലെ രൂക്ഷമായ ആശയസംഘട്ടനം വരാനിരിക്കുന്ന 1962 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിനാശകരമാകുമെന്ന് അവർക്ക് നന്നായറിയാമായിരുന്നു.അജോയ്ഘോഷ് തയ്യാറാക്കിയ പൊതുപ്രമേയത്തിന്‍റെ രൂപകൽപ്പനയിൽ ഈഎംഎസ് നല്ല പങ്ക് വഹിച്ചു.അജോയ്ഘോഷിന് തുല്യമായ ഒരു കേന്ദ്രീകൃതസ്ഥാനം പാർട്ടിയിൽ ഈഎംഎസിനുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ 1962 ജനുവരി 13 ന് അൻപത്തിരണ്ട് വയസ് മാത്രമുണ്ടായിരുന്ന അജോയ്ഘോഷിന്‍റെ മരണം സിപിഐയിലെ മധ്യസ്ഥനിലപാടുകളുടെ അന്ത്യമായി.പാർട്ടിയിൽ വിഘടനവാദം ശക്തിപ്പെട്ടു.തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിയായ ഇഎംഎസ് അജോയ്ഘോഷിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ നിലപാടുകളെ പ്രോത്സാഹിപ്പിച്ചു.അപ്പോഴേക്കും അന്താരാഷ്ട്ര തലത്തിലും തര്‍ക്കങ്ങള്‍ മൂത്തിരുന്നു.ചുരുക്കത്തിൽ പാര്‍ട്ടിയുടെ വിഷമവൃത്തം വലുതാവുകയായിരുന്നു.മുതലാളിത്തത്തിനോട് പോരാടണം,തീവ്രവലതുപക്ഷത്തോട് പോരാടണം,കോണ്‍ഗ്രസിനോടുള്ള  പോരാട്ടം ശക്തമാക്കുകയും വേണം.ഇതൊക്കെത്തന്നെ എടുത്താല്‍ പൊങ്ങാത്ത ഭാരമാണെന്നിരിക്കെയാണ് റഷ്യയാണോ ശരി ചൈനയാണോ ശരി എന്ന അടുത്ത വിഷയം വരുന്നത്.ചുരുക്കത്തില്‍ നാട്ടിലെ സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് സമയമില്ലാതായി.ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്‍റെ ഗതികേടിലായിരുന്നു പാര്‍ട്ടി.(തുടരും)    


No comments:

Post a Comment