───
ആകെ കൺഫ്യൂഷനായി മുഖ്യശത്രുക്കളും അടവ്തന്ത്രങ്ങളും
*******************
സാമ്പത്തികക്കുഴപ്പം മുതലാളിത്തലോകത്തെ ഏറ്റവുമധികം ഗ്രസിച്ച 1929-1933 കാലത്ത് കോളനികളിലെ ജനങ്ങള്‍ മഹാദുരിതങ്ങള്‍ക്ക് ഇരയായി.മുതലാളിത്തലോകത്തെ ഉത്പ്പാദനം 45 ശതമാനം കണ്ട് കുറഞ്ഞു.അസംസ്കൃത സാധനങ്ങളുടെ വില മൂന്നിലൊന്നായി എന്നുമാത്രമല്ല വിദേശവ്യാപാരവും മൂന്നിലൊന്നായി കുറഞ്ഞു.തൊഴിലില്ലായ്മയും ദാരിദ്ര്യവും ലോകത്തെയാകെ തളര്‍ത്തി.കുഴപ്പങ്ങള്‍ക്ക് കാരണം കോളനികളാണ് എന്ന സമീപനമായിരുന്നു സാമ്രാജ്യവാദികളുടേത്.ഈ കാലഘട്ടത്തില്‍ ഇന്ത്യക്കാര്‍ അനുഭവിച്ച ദുരിതം വിവരണാതീതമായിരുന്നു.കൂലിക്കുറവ്,ഫാക്ടറി അടച്ചിടല്‍,തൊഴിലില്ലായ്മ,കടഭാരം,ഭൂമിഒഴിപ്പിക്കല്‍,ദാരിദ്ര്യം,പട്ടിണി എന്നീ വിനകള്‍ രാജ്യത്തെ ഗ്രസിച്ചു.കാര്‍ഷിക മേഖലയെയാണ് ഇത് അതിരൂക്ഷമായി ബാധിച്ചത്.ചണം,കുരുമുളക്,എണ്ണക്കുരുക്കള്‍,നാളീകേരം തുടങ്ങിയ കാര്‍ഷികോത്പ്പന്നങ്ങളുടെ വില അന്‍പതുശതമാനം കണ്ടു കുറഞ്ഞു.വിഷമസ്ഥിതിയിലായ കര്‍ഷകരെ ചൂഷണം ചെയ്യാനിറങ്ങിയ പണമിടപാടുകാരും ജന്മിമാരും നിസ്സാരതുകകള്‍ നൽകി കര്‍ഷകരുടെ ഭൂമി കൈവശപ്പെടുത്തി.നല്ലൊരു വിഭാഗം കൃഷിക്കാര്‍ പാപ്പരാവുകയും അവര്‍ കര്‍ഷകത്തൊഴിലാളികളായി മാറുകയും ചെയ്തു.കൈത്തൊഴിലുകളും കൈത്തറി വ്യവസായവും തകര്‍ന്നു നാശത്തിലേക്ക് പോയി.
വ്യവസായമാന്ദ്യത്തിൽ നിന്നും രക്ഷപെടാനായി മുതലാളിമാര്‍ കൂലികുറയ്ക്കാന്‍ സംഘടിതശ്രമങ്ങള്‍ നടത്തി.1926 നും 1934 നും ഇടയില്‍ ബോംബെയിലെ 159 പരുത്തിമില്ലുകളില്‍ കൂലി കുറച്ചു.പതിനേഴ് മുതല്‍ ഇരുപത്തിയൊന്ന് ശതമാനം വരെ കൂലിക്കുറവാണ് വരുത്തിയത്.ബോംബെയിലും ഷോലാപ്പൂരിലും കൂലികുറയ്ക്കൽ നടന്നെങ്കിലും അഹമ്മദാബാദില്‍ സംഘടിതമായ എതിര്‍പ്പ് വന്നതിനാല്‍ കൂലികുറയ്ക്കാന്‍ മുതലാളിമാർക്ക് ധൈര്യമുണ്ടായില്ല.54 മില്ലുകള്‍ മാസങ്ങളോളം പൂട്ടിയിട്ടെങ്കിലും ഒടുവില്‍ ലോക്കൌട്ട് പിന്‍വലിക്കേണ്ടിവന്നു.ചണം,കല്‍ക്കരി,മൈക്ക തുടങ്ങിയ വ്യവസായങ്ങളിലും തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടു.ചണവ്യവസായത്തില്‍ 15 ശതമാനം തറികള്‍ തീരെ പ്രവര്‍ത്തിക്കാതെയായി.1930 ല്‍ ചണമില്ലുകളില്‍ മൂന്നേകാല്‍ ലക്ഷത്തിലധികം തൊഴിലാളികളും കല്‍ക്കരി ഖനിയില്‍ ഒരുലക്ഷത്തിതൊള്ളായിരം തൊഴിലാളികളും മൈക്ക വ്യവസായത്തില്‍ പതിമൂവായിരത്തിയഞ്ഞൂറ് പേരും ജോലി ചെയ്തിരുന്നിടത്ത് 1933 ല്‍ ഇത് യഥാക്രമം രണ്ടരലക്ഷവും തൊണ്ണൂറ്റീരായിരവും പതിനായിരവുമായി ചുരുങ്ങി.
കുഴപ്പം ദേശീയ വ്യവസായങ്ങളേയും ബാധിച്ചു.1924-28 കാലം എഴുനൂറ് കോടിയുടെ മൂലധന നിക്ഷേപം നടന്നിടത്ത് 1929-33 കാലം വെറും അഞ്ഞൂറ്റിയെഴുപത് കോടിയായി നിക്ഷേപം ചുരുങ്ങി.ദേശീയജീവിതം ആകെ താറുമാറായതോടെ സ്വാതന്ത്ര്യസമരവും ശക്തിപ്പെട്ടു.തൊഴിലാളികളും കൃഷിക്കാരും ഇടത്തരക്കാരും ബൂര്‍ഷ്വ ചിന്തകരും സമരങ്ങളില്‍ സജീവമായി.1930 ല്‍ സമാധാനപരമായ സത്യാഗ്രഹത്തോടെ ആരംഭിച്ച സിവില്‍ നിയമലംഘന പ്രസ്ഥാനം കരുത്തുറ്റ സാമ്രാജ്യവിരോധപ്രസ്ഥാനമായി വളര്‍ന്നു.ഷോലാപ്പൂര്‍,ചിറ്റഗോംഗ്,പെഷവാര്‍ എന്നിവിടങ്ങളില്‍ ഭരണം വിപ്ലവകാരികളുടെ കൈയ്യിലായി.ഉത്തര്‍പ്രദേശില്‍ വ്യാപകമായ നിലയില്‍ നികുതിവിരോധപ്രസ്ഥാനവും തുടങ്ങിയതോടെ ബ്രിട്ടീഷ് ഭരണാധികാരികളെ പരിഭ്രാന്തരാക്കുംവിധം കലാപാന്തരീക്ഷം മൂര്‍ത്തമായി.ഷോലാപ്പൂരിലും പെഷവാറിലും ഇന്ത്യക്കാരായ പട്ടാളക്കാരെ അയയ്ക്കാന്‍ പോലും ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭയന്നു.അവിടെ വെള്ളക്കാരാണ് കലാപകാരികളെ നേരിട്ടത്.ശക്തമായി വളര്‍ന്നുവന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ സമരത്തിൽ ഒരു മൂരാച്ചി സമീപനം കൈക്കൊണ്ടു.ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്‍റെ പരിഷ്ക്കരണവാദപ്രസ്ഥാനത്തെ എതിര്‍ക്കുക പാര്‍ട്ടി നയമായിരുന്നതിനാല്‍ ഈ ദേശീയ വിമോചന സമരത്തില്‍ നിന്നും പാര്‍ട്ടി മാറിനിന്നു.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി സ്വയം ബോണ്‍സായ് ആയിമാറിയ അവസരമായിരുന്നു ഇത്.
പ്രസ്ഥാനത്തിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു ഇത്.ദേശീയ ജീവിതത്തില്‍ ആണ്ടിറങ്ങാനും ദേശീയപ്രസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ നില ഉറപ്പിക്കാനും പറ്റിയ ഒന്നാന്തരം സന്ദര്‍ഭമാണ് പാർട്ടി കളഞ്ഞുകുളിച്ചത്.ഇതിന്‍റെ തുടര്‍ച്ചയായി 1931 ൽ തൊഴിലാളി സംഘടന രണ്ടാവുകയും ചെയ്തു.ജൂലൈയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന പതിനൊന്നാം വാര്‍ഷികത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന റെഡ് ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സും മറ്റുള്ളവരുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സും നിലവില്‍ വന്നു.എത്ര പ്രകോപനമുണ്ടായാലും സംഘടന തകരാതെ കാക്കേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇവിടെയും അടിതെറ്റി.കോണ്‍ഗ്രസ്സിലെ ഗാന്ധിയന്‍ നേതൃത്വത്തെ എതിര്‍ക്കുന്നതിനോടൊപ്പം നെഹ്റുവിന്‍റെയും സുഭാഷ് ചന്ദ്രബോസിന്‍റെയും ഇടതുപക്ഷ നേതൃത്വത്തേയും എതിര്‍ക്കാനാണ് ദുര്‍ബ്ബലരായ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്.അതുകൊണ്ടുതന്നെ മുഖ്യശത്രുവായ സാമ്രാജ്യത്വത്തിനെതിരായ പ്രസ്ഥാനത്തില്‍ ചേരാനോ നേതൃത്വത്തിലേക്ക് വരാനോ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല.ഫിലിപ്പ് സ്പ്രാറ്റ്,ബെന്‍ ബ്രാഡ്ലി,മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ ജയിലിലായിരുന്നതിനാല്‍ ബോംബെയിലേയും കല്‍ക്കട്ടയിലേയും ഗ്രൂപ്പുകള്‍ തമ്മില്‍ മൂര്‍ച്ചയുള്ള ആശയസംഘട്ടനങ്ങളാണ് ഈ കാലത്തുണ്ടായത്.സെക്ടേറിയന്‍ നയം മൂലം പാർട്ടിയിലുണ്ടായ ഭിന്നിപ്പും ഒറ്റപ്പെടലും കുഴപ്പങ്ങളും നിറഞ്ഞ ആഭ്യന്തരകലഹം 1934 വരെ തുടര്‍ന്നു.
ഇതിനിടെ ആശ്വാസമെന്നു പറയാവുന്ന ഒരു നീക്കം നടന്നത് 1933 ഫെബ്രുവരി പതിനാറിനായിരുന്നു.അന്ന് മീററ്റ് തടവുകാര്‍ ദിനം രാജ്യമെമ്പാടും ആചരിച്ചു.പണിമുടക്കങ്ങളും പ്രതിഷേധപ്രകടനങ്ങളും പല ഇടങ്ങളിലും നടന്നു.അഖിലേന്ത്യാ ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സ്,നവജവാന്‍ ഭാരത സഭ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ ഈ പരിപാടിയില്‍ കാര്യമായി സഹകരിച്ചു.ഇതിന്‍റെ പ്രതിഫലനമെന്ന നിലയില്‍ 1933 നവംബറില്‍ തടവുകാരില്‍ മിക്കവരേയും വിട്ടയച്ചു.അത് പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഉപകരിച്ചു.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നിയമവിരുദ്ധമായിരുന്ന പാര്‍ട്ടി ഡിസംബറില്‍ കല്‍ക്കട്ടയില്‍ രഹസ്യസമ്മേളനം ചേര്‍ന്ന് പുതിയ രാഷ്ട്രീയപ്രമേയവും ഭരണഘടനയും അംഗീകരിച്ചു.ഡോക്ടര്‍ ഗംഗാധര്‍ അധികാരി ജനറല്‍ സെക്രട്ടറിയായി പുതിയ കേന്ദ്രക്കമ്മറ്റിയും നിലവില്‍ വന്നു.അതോടെ തൊഴിലാളി യൂണിയനുകളുടെ ഐക്യവും തൊഴിലാളി അവകാശ സമരങ്ങളും ശക്തമാക്കാന്‍ നീക്കമാരംഭിച്ചു.സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തോടുള്ള നിഷേധപരമായ സമീപനവും പാർട്ടി അവസാനിപ്പിച്ചു.പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അറ്റുപോയ ബഹുജനബന്ധങ്ങള്‍ വീണ്ടെടുക്കാനും തീവ്രശ്രമങ്ങളും പുതിയ നേതൃത്വം ലക്ഷ്യമിട്ടു.സിപിഐയുടെ സ്ഥാപനപരമായ ഏകീകരണത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു ഇത്.
കോണ്‍ഗ്രസ്സ് സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവച്ചതോടെ കോണ്‍ഗ്രസ്സിന് എതിരായ നിരോധനാജ്ഞ സര്‍ക്കാര്‍ നീക്കി.ഭാഗിക ജനാധിപത്യത്തിന് സർക്കാർ തയ്യാറെടുക്കുകയായിരുന്നു.അതോടെ കോണ്‍ഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പിലേക്ക് മാറി.1934 നവംബറില്‍ കേന്ദ്രനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഭൂരിപക്ഷം സ്ഥാനങ്ങളും നേടി.എന്നാല്‍ വിദേശാധിപത്യത്തിനെതിരായ സമരം പെട്ടെന്ന് നിര്‍ത്തിവച്ചത് സാധാരണ കോണ്‍ഗ്രസുകാരില്‍ കടുത്ത അസംതൃപ്തിയുണ്ടാക്കി.നേതൃത്വത്തിലെ ഒരു വിഭാഗവും ഇതേ നിലപാടുകാരായിരുന്നു.അവര്‍ ഇടതുചിന്താഗതിയിലേക്ക് മാറിയത് ഈ സന്ദര്‍ഭത്തിലാണ്.പലരും സോഷ്യലിസത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്തു.അതിനെ തുടര്‍ന്ന് ആ വര്‍ഷം തന്നെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു.സമരമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക,അഹിംസമാര്‍ഗ്ഗത്തിന്‍റെ പേരില്‍ ബഹുജന സമരങ്ങളെ തടയുക,സാമ്രാജ്യത്വവുമായി സന്ധി ചെയ്യാന്‍ ശ്രമിക്കുക,തൊഴിലാളികള്‍,കൃഷിക്കാര്‍ തുടങ്ങി സാധാരണക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുക,നാട്ടുരാജ്യപ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയ വലതുപക്ഷ കോണ്‍ഗ്രസ്സ് സമീപനങ്ങളെയാണ് ഇവര്‍ എതിര്‍ത്തത്.
കോണ്‍ഗ്രസുമായി ഇണങ്ങിയും പിണങ്ങിയും
**************************
വീണ്ടും വേരും ശാഖകളും മുളച്ച് വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടുപോയ പാര്‍ട്ടിക്ക് ഈ സമയം തൊഴിലാളി സംഘടനകള്‍,വിദ്യാര്‍ത്ഥി സംഘടനകള്‍,യുവജനസംഘടനകള്‍ എന്നിവ കെട്ടിപ്പടുക്കാനും പാര്‍ട്ടി ബന്ധങ്ങള്‍ വ്യാപകമാക്കാനും കഴിഞ്ഞു.അതുകൊണ്ട് മാത്രമാണ് 1934 ജനുവരിയില്‍ അഖിലേന്ത്യാ തുണിമില്‍ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതും.ഇതില്‍ റെഡ് ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സും നാഷണല്‍ ട്രേയ്ഡ് യൂണിയന്‍ ഫെഡറേഷനും ഒന്നിച്ച് പങ്കെടുത്തു.ഇരുപത്തിയഞ്ച് ശതമാനം കൂലിക്കുറവ് വരുത്തിയ മുതലാളിമാര്‍ക്കെതിരെ 1934 ഏപ്രില്‍ 28ന് പൊതുപണിമുടക്കും ആരംഭിച്ചു.വലതുപക്ഷ നേതാക്കള്‍ ഇതിനെ എതിര്‍ത്തെങ്കിലും സമരം ഒന്നരമാസം നീണ്ടുനിന്നു.സര്‍ക്കാരിന്‍റെ അതികഠിനമായ മര്‍ദ്ദനത്തെ നേരിട്ടാണ് സമരം മുന്നോട്ടുപോയത്.സമരം വിജയിച്ചില്ലെങ്കിലും ജനവികാരം പാര്‍ട്ടിക്കനുകൂലമാക്കാന്‍ ഇത് ഉപകരിച്ചു.എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച ഉയര്‍ത്തിയേക്കാവുന്ന ഭീഷണി മുന്നില്‍കണ്ട് സര്‍ക്കാര്‍ 1934 ജൂലൈയില്‍ പാര്‍ട്ടിയെ നിരോധിച്ചു.പല പ്രവര്‍ത്തകരേയും ജയിലിലടച്ചു.എങ്കിലും നേതാക്കള്‍ ഒളിവിൽ നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.
1934 അവസാനം എഐടിയുസി,കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി,റെഡ് ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്,നാഷണല്‍ ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.അതിനെത്തുടര്‍ന്ന് 1935 ല്‍ ഗവണ്മെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെതിരെ പ്രകടനങ്ങളും ആരംഭിച്ചു. ഇന്ത്യ ഭരിക്കുന്നതിനായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കിയ പ്രധാനപ്പെട്ട ഭരണഘടനാ നിയമമായിരുന്നു ഗവണ്മെന്‍റ് ഓഫ് ഇന്ത്യ ആക്ട്.കൊളോണിയല്‍ മനോഭാവമുള്ള ഈ നിയമത്തിന്‍റെ ചുവടുപിടിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയത്.1927 ലെ സൈമണ്‍ കമ്മീഷന്‍,1930-32 ലെ വട്ടമേശസമ്മേളനങ്ങള്‍,1933ലെ ധവളപത്രം എന്നിവയുടെ തുടര്‍ച്ചയായി നമ്മുടെ ഭരണഘടനാസഭയെ കണക്കാക്കാം.ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകള്‍,നാട്ടുരാജ്യങ്ങള്‍ എന്നിവ ചേര്‍ന്ന അഖിലേന്ത്യ ഫെഡറേഷന്‍,പ്രവിശ്യകളില്‍ തെരഞ്ഞടുക്കപ്പെട്ട ഇന്ത്യക്കാരുടെ മന്ത്രിസഭ എന്നിവയാണ് ബ്രിട്ടൻ പ്രഖ്യാപിച്ചത്.1937 ല്‍ പല പ്രവിശ്യകളിലും കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചിരുന്നു.പ്രതിരോധവും വിദേശകാര്യവും ഗവര്‍ണ്ണര്‍ ജനറലിന് കീഴിലും മറ്റുവിഷയങ്ങള്‍ പ്രവിശ്യകള്‍ക്കും വിടുന്ന ദ്വിഭരണമാണ് അവർ അവതരിപ്പിച്ചത്.കേന്ദ്രത്തില്‍ ഫെഡറല്‍ അസംബ്ലിയും കൌണ്‍സില്‍ ഓഫ് സ്റ്റേറ്റും ഉണ്ടാകും എന്നായിരുന്നു പ്രഖ്യാപനം.സ്വത്തും വരുമാനവും വിദ്യാഭ്യാസവുമുള്ളവർക്കാണ് വോട്ടവകാശം നിര്‍ദ്ദേശിച്ചിരുന്നത്. ഇത് സമൂഹത്തിലെ പതിനാല് ശതമാനം ആളുകള്‍ മാത്രമായിരുന്നു.1937 ല്‍ ബ്രിട്ടീഷ് ഭരണം ഫെഡറല്‍ കോടതി സ്ഥാപിച്ചു.അതാണ് പിന്നീട് സുപ്രിം കോടതിയായി പരിണമിച്ചത്.ഗവര്‍ണ്ണര്‍മാര്‍ക്കും ഗവര്‍ണ്ണര്‍ ജനറലിനും പ്രവിശ്യ മന്ത്രാലയങ്ങളെ പിരിച്ചുവിടാനും നിയമസഭകളെ സസ്പെന്‍റ് ചെയ്യാനും ആവശ്യമെങ്കില്‍ അസാധുവാക്കാനും അധികാരമുണ്ടായിരുന്നു.മുസ്ലിങ്ങള്‍,സിഖുകാര്‍,യൂറോപ്യന്മാര്‍,ആംഗ്ലോ ഇന്ത്യൻസ് എന്നിവര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങളും നിയമത്തില്‍ പറഞ്ഞിരുന്നു.ചുരുക്കത്തില്‍ സ്വയം ഭരണം എന്ന ഇന്ത്യയുടെ താത്പ്പര്യത്തിന് ലഭിച്ച പാതി വെന്ത അപ്പക്കഷണമായിരുന്നു 1935 ലെ ഇന്ത്യ ആക്ട്.
ചൈനയിലും സ്പെയിനിലും അബിസീനിയയിലും മറ്റും വന്‍പിച്ച സാമ്രാജ്യവിരുദ്ധ സമരങ്ങള്‍ നടന്നുവന്നതും സോവിയറ്റ് സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിന്‍റെ വിജയവും ദേശാഭിമാനികളെ ആവേശംകൊള്ളിച്ചിരുന്നു.ഐക്യത്തിന്‍റെയും കൂട്ടായ്മയുടേയും പ്രാധാന്യം ബോധ്യപ്പെട്ട നേതാക്കള്‍ 1935 ഏപ്രില്‍ മാസം ഒത്തുചേരുകയും എഐടിയുസിയും റെഡ് ട്രേയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സും ഒന്നായിചേര്‍ന്ന് ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.തൊഴിലാളി വര്‍ഗ്ഗ ഐക്യം ഊട്ടിഉറപ്പിച്ച ഒരു യോഗമായിരുന്നു അത്.അഭിപ്രായവ്യത്യാസങ്ങളുടെ ഒരു മഞ്ഞുരുക്കമാണ് അവിടെ ദൃശ്യമായത്.1935 ല്‍ ചേര്‍ന്ന ഏഴാം കോമിന്‍റേണില്‍ ദിമിത്രോവ് അവതരിപ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ആശങ്കകള്‍ ദൂരീകരിക്കുന്ന ഒന്നായിരുന്നു.മുഖ്യശത്രുവായ സാമ്രാജ്യത്വത്തെ നേരിടാനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള സാമ്രാജ്യവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കി മുന്നേറണം എന്നായിരുന്നു റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞിരുന്നത്.ഇതോടെ പാര്‍ട്ടിയിലെ ആശങ്കകള്‍ അകലുകയും ദേശീയ സമരം ഊര്‍ജ്ജിതപ്പെടുത്താന്‍ പാര്‍ട്ടി മുന്‍കൈ എടുക്കുകയും ചെയ്തു.അന്തർദേശീയ ഇടപെടലില്ലാതെ പ്രാദേശികകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പാർട്ടിയുടെ പ്രാപ്തിക്കുറവ് വ്യക്തമാക്കുന്ന ഒരു സംഭവം കൂടിയായിരുന്നു അത്.ഇതോടെ അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ സംഘടനകള്‍ രൂപപ്പെട്ടു.1936 ല്‍ അഖിലേന്ത്യാ കര്‍ഷക സംഘം,അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍,അഖിലേന്ത്യാ നാട്ടുരാജ്യ പ്രജാ സമ്മേളനം,അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘം എന്നിവ ആരംഭിച്ചു.ദേശീയ സമരകൂട്ടായ്മ നിലനില്‍ക്കെത്തന്നെ ദേശീയ മിതവാദം,ഡീ കോളനൈസേഷന്‍ തിയറി,ഭീകരവാദം,വലതുപക്ഷ സോഷ്യലിസം തുടങ്ങിയ ആശയഗതികള്‍ക്കെതിരെ പ്രത്യക്ഷ സമരങ്ങളും പാര്‍ട്ടി നടത്തിയിരുന്നു.
സാമ്രാജ്യ വിരുദ്ധ പ്രസ്ഥാനങ്ങളെ ബൂര്‍ഷ്വാ ആശയത്തിലും സ്വാധീനത്തിലും പിടിച്ചുനിര്‍ത്താനാണ് ദേശീയ മിതവാദികള്‍ ശ്രമിച്ചിരുന്നത്.വര്‍ഗ്ഗ സംഘടനകളേയും വര്‍ഗ്ഗ സമരങ്ങളേയും വളര്‍ത്തിക്കൊണ്ടുവരുന്നതിനെ ഈ ചിന്താഗതിക്കാര്‍ എതിര്‍ത്തു.വിപ്ലവ സമരങ്ങള്‍ക്ക് പകരം അഹിംസാ സമരങ്ങളാണവര്‍ മുന്നോട്ടുവച്ചത്.വര്‍ഗ്ഗസഹകരണ വാദമായിരുന്നു അവരുടെ തിയറി.ബഹുജന സമരങ്ങളെ എതിര്‍ക്കാനും ബഹുജനസംഘടനകളെ ബൂര്‍ഷ്വാ നേതൃത്വത്തില്‍ ഒതുക്കിനിര്‍ത്താനും മിതവാദികള്‍ പരിശ്രമിച്ചു.തീവ്രവാദത്തെ നിരാകരിക്കുകയും സാമ്രാജ്യത്വവുമായി സന്ധി ചെയ്യുകയും ചെയ്യുന്ന ഈ ദേശീയ മിതവാദത്തെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ഒട്ടും മടികാണിച്ചില്ല.സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ഈ ചിന്താഗതി എത്രമാത്രം വികൃതമാക്കുന്നു എന്ന് തുറന്നുകാട്ടാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞു.ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന ചിറ്റഗോങ്ങ് റിപ്പബ്ലിക്കന്‍ ആര്‍മി,ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി,ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് അസോസിയേഷന്‍, നവജവാന്‍ ഭാരത സഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ യഥാര്‍ത്ഥ വിപ്ലവത്തിന്‍റെ പാത മനസ്സിലാക്കിച്ച് ദേശീയ ധാരയിലേക്ക് കൊണ്ടുവരാനും അന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കഴിഞ്ഞു.1929 ലാണ് എം.എന്‍.റോയ് ഡീകോളനൈസേഷന്‍ തിയറി കൊണ്ടുവന്നത്.കോളനികളിലെ ബൂര്‍ഷ്വാസി സാമ്രാജ്യപക്ഷത്ത് ചേര്‍ന്നിരിക്കുന്നു എന്നതായിരുന്നു റോയിയുടെ മതം.എന്നാല്‍ ഇതേ റോയിതന്നെ 1930 ല്‍ ബോംബെയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തൊഴിലാളികളും കര്‍ഷകരും പാർട്ടിയുടെ കൈയ്യും കാലുമാണെന്നും അവര്‍ക്ക് സ്വന്തം സംഘടന ആവശ്യമില്ലെന്നും അഭിപ്രായപ്പെടുകയും ചെയ്തു.ഈ ദിത്വഭാവം ഉപയോഗിച്ച് തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കാനും റോയിസ്റ്റുകള്‍ ശ്രമിച്ചിരുന്നു.എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇതിനെ ഫലപ്രദമായി തടഞ്ഞു.
കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ആശയങ്ങള്‍ മുന്നോട്ടുവച്ചതും ഈ കാലത്താണ്.ഇവര്‍ കമ്മ്യൂണിസ്റ്റ് വിരോധവും സോവിയറ്റ് വിരോധവും പ്രചരിപ്പിച്ചു.മാര്‍ക്സിസം ഇന്ത്യക്ക് പറ്റിയതല്ല എന്ന വാദമാണ് അവർ മുന്നോട്ടുവച്ചത്.ശാസ്ത്രീയ സോഷ്യലിസത്തെയും സ്വതന്ത്രതൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെയും അവര്‍ എതിര്‍ത്തു.ദേശീയ മിതവാദവുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമവും അവർ നടത്തി. ഇതിനെതിരെ വാദ പ്രതിവാദം നടത്തി ഒട്ടേറെപ്പേരെ ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.ബഹുജന സമരങ്ങളും ഈ കാലത്ത് നടക്കുന്നുണ്ടായിരുന്നു.1937 ലെ കാണ്‍പൂര്‍ പണിമുടക്കവും 1938 ലെ ബോംബെ പണിമുടക്കവും 1939ലെ അഖിലേന്ത്യാ പ്രതിഷേധ ദിനാചരണവും എടുത്തുപറയേണ്ടവയാണ്.1930 ല്‍ അരലക്ഷം അംഗങ്ങളും എഴുപത്തിയൊന്ന് യൂണിറ്റുമുണ്ടായിരുന്ന എഐടിയുസി 1940 ല്‍ മൂന്നരലക്ഷം അംഗങ്ങളും 198 യൂണിയനുകളുമുള്ള പ്രസ്ഥാനമായി മാറി.ബീഹാര്‍,യുപി,ആന്ധ്ര,കേരളം,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സമരങ്ങളോടെ കര്‍ഷക പ്രസ്ഥാനവും വളരെയേറെ ശക്തിപ്പെട്ടു.1938 ല്‍ അഖിലേന്ത്യാകര്‍ഷക സംഘത്തില്‍ അറുപത് ലക്ഷം അംഗങ്ങളുണ്ടായിരുന്നു.രാജ്കോട്ട്,തിരുവിതാംകൂര്‍,മൈസൂര്‍,കാശ്മീര്‍,ഇന്‍ഡോര്‍,ബറോഡ,ഗ്വാളിയര്‍ എന്നീ നാട്ടുരാജ്യങ്ങളിലും സമരങ്ങള്‍ ശക്തമായിരുന്നു.ആന്ധ്ര,കേരളം,കര്‍ണ്ണാടകം,ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ ഭാഷാ സംസ്ഥാനത്തിനുവേണ്ടിയും പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരുന്നു.ഈ ജനകീയ മുന്നേറ്റങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍നിരയിലുണ്ടായിരുന്നു.(തുടരും)



No comments:
Post a Comment