Thursday, 9 July 2026

Review of P.K.Sreenivasan's book, "Malayala Nadu- A Golden chapter in memories

 

മലയാള നാട് – കാലവും കഥയും
--+.  ആസ്വാദനം 
-- വി ആർ അജിത് കുമാർ
(2026 ജൂലൈ ലക്കം കലാപൂർണ്ണ മാസികയിൽ പ്രസിദ്ധീകരിച്ചത്)

എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.കെ.ശ്രീനിവാസൻ എഴുതിയ “മലയാളനാട് സ്മരണകളിൽ സുവർണ്ണരേഖ” എന്ന ഗ്രന്ഥം മലയാള സാഹിത്യചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് അനാവരണം ചെയ്യുന്നത്.ശ്രീനിവാസൻ ഇതുവരെ എഴുതിയ ഗ്രന്ഥങ്ങളിൽ മലയാള സാഹിത്യലോകത്തിനുള്ള മികച്ച സംഭാവനയാണ് ഈ ഗ്രന്ഥം.മലയാള സാഹിത്യലോകത്ത് പെട്ടെന്ന് ഉദിച്ചുയർന്ന ഒരു നക്ഷത്രമായിരുന്നു മലയാളനാട്.എസ്.കെ.നായർ എന്ന സാഹിത്യകുതുകി ഒരുക്കിയെടുത്ത ആ നക്ഷത്രത്തിന് ചുറ്റിലുമായി പ്രഗത്ഭരായ എഴുത്തുകാർ ഉപഗ്രഹങ്ങളായി കറങ്ങിയ കാലത്തെ കൃത്യമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.മലയാളനാടിൽ ജോലി ചെയ്ത അനുഭവവും കണ്ടും കേട്ടുമുള്ള അറിവും ചേരുമ്പോള്‍ ഒന്നര ദശാബ്ദക്കാലത്തെ മലയാള സാംസ്ക്കാരിക രംഗം കൊല്ലത്തും പരിസരത്തുമായി വട്ടം ചുറ്റിയ ഇടങ്ങളിലൂടെയും എഴുത്തുകാരിലൂടെയും അവരുടെ സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും നമ്മെ ഒരു യാത്രയ്ക്ക് കൊണ്ടുപോകുന്ന അനുഭവമാണ് പുസ്തകം ഉളവാക്കുന്നത്.സമ്പന്നനായ ഒരു പ്രഭു തീർത്ത മാസ്മരിക ലോകത്തുകൂടിയാണ് ആ യാത്ര.യാത്ര കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങളും നെടുവീർപ്പുകളും ബാക്കിയാകുന്നു.

     സമ്പന്നമായ ചുറ്റുപാടിൽ ജനിച്ച് കോളേജ് അധ്യാപകനാവുകയും പിന്നീട് കശുവണ്ടി രംഗത്ത് മുതലാളിയായി മാറുകയും ചെയ്ത എസ്.കെ.നായരുടെ കലാ സാഹിത്യ രംഗവുമായുള്ള അടുപ്പവുമാണ് കൌമുദി,ജനയുഗം,മാതൃഭൂമി എന്നീ മാസികകളോട് കിടപിടിക്കുന്ന ഒരു പ്രസിദ്ധീകരണം ജന്മമെടുക്കാൻ കാരണമായത്.പ്രമുഖരായ എല്ലാ എഴുത്തുകാരെയും അവിടേക്ക് ആകർഷിക്കാനുള്ള മൂല്യവും ധനവും തുടക്കത്തിലെ പ്രദർശിപ്പിച്ച മലയാളനാട് അന്നത്തെ പ്രസിദ്ധീകരണങ്ങളുടെ ഫ്രെയിം മൊത്തമായും ഉടയ്ക്കുന്നൊരു നിലപാടാണ് എടുത്തത്.കെ.ബാലകൃഷ്ണനും കാമ്പിശ്ശേരിയും കാക്കനാടനും മലയാറ്റൂരുമൊക്കെ അതിന് കാരണക്കാരായെങ്കിലും അമരത്ത് എസ്.കെ.തന്നെയായിരുന്നു.

    ധർമ്മപുരാണം എന്ന ഓ.വി.വിജയന്‍റെ നോവൽ പ്രസിദ്ധീകരിക്കാൻ കാണിച്ച ധൈര്യം, ഓവിയുടെ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പംക്തി,എം.കൃഷ്ണൻ നായർ മലയാളി എഴുത്തുകാരെ വിലയിരുത്തുകയും ലോകോത്തര രചനകളെ പരിചയപ്പെടുത്തുകയും ചെയ്ത സാഹിത്യവാരഫലം,മാധവിക്കുട്ടിയുടെ എന്‍റെ കഥയുടെ പ്രസിദ്ധീകരണം,മലയാറ്റൂരിന്‍റെയും കാക്കനാടന്‍റെയും എംടിയുടെയും തകഴിയുടേയും വികെഎന്നിന്‍റെയുമൊക്കെ മികച്ച രചനകളുടെ പിറവി തുടങ്ങി മലയാളനാട്ടിൽ സംഭവിച്ച അത്ഭുതങ്ങളൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്നു മലയാളനാട് സ്മരണയിൽ.

      എഴുത്തുകാരനെ അവൻ പ്രതീക്ഷിക്കാത്തതരം പ്രതിഫലം നൽകി സമ്പന്നനാക്കിയതും സുഖസൌകര്യങ്ങളോടെ ആതിഥ്യമേകിയതും വന്നുകാണുന്ന ഒരാളെയും നിരാശനാക്കാതെ ഔചിത്യപൂർവ്വം സത്ക്കരിച്ചതും രാജാക്കന്മാരെപോലെ ദാനം നൽകിയതുമൊക്കെ ശ്രീനി വിശദമാക്കുന്നു.ഏത് വ്യക്തിയും അവന്‍റെ ശാരീരികാരോഗ്യത്തിലും സാമ്പത്തികാരോഗ്യത്തിലും ശ്രദ്ധിച്ചില്ലെങ്കിൽ അടിതെറ്റിവീഴും എന്നതിന്‍റെ നേർക്കാഴ്ചയാണ് എസ്കെ എന്ന് ഈ പുസ്കം വായിക്കുന്നവർക്ക് മനസിലാകും.എസ്കെ ഭൂകമ്പത്തിൽ തകർന്നൊരു കൊട്ടാരമായിരുന്നു.സകല ആഡംബരങ്ങളും ഒറ്റയടിക്ക് തകർന്നില്ലാതാകുകയായിരുന്നു.

    വയലാർ,പി.എൻ.മേനോൻ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ബലവും ബലഹീനതയും പുസ്തകം രേഖപ്പെടുത്തുന്നു.ജീവിതം കയറ്റിറക്കങ്ങളുടെയും സുഖദു:ഖങ്ങളുടെയും ഈഗോകളുടെയും പിന്നിൽ നിന്ന് കുത്തുന്നവരുടെയും അപവാദപ്രചാരകരുടെയും കുത്സിതരുടെയും ജീവനും ആത്മാവും നിറഞ്ഞതാണെന്ന് ബോധ്യമാക്കുന്ന ഈ സാഹിത്യ ചരിത്ര രചന തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. വിസ്മൃതിയുടെ അകത്തളങ്ങളിൽ ആഴ്ന്നുപോയ ചില യാഥാർത്ഥ്യങ്ങള്‍ കണ്ടെത്തി ആവിഷ്ക്കരിക്കാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത് എന്ന് ശ്രീനി തുടക്കത്തിൽ പറയുന്നുണ്ട്.അത് പൂർണ്ണമായും ശരിവയ്ക്കും വിധമാണ് എഴുത്ത് സംഭവിച്ചിരിക്കുന്നത്.ഇതിനായി നടത്തിയ ഗവേഷണവും പരിശ്രമവും ആദരവർഹിക്കുന്നു.അവിടവിടെ വന്നിട്ടുള്ള ചില ആവർത്തനങ്ങള്‍ മാറ്റി നിർത്തിയാൽ വായനാസുഖം നൽകുന്ന രചനയാണ് “മലയാളനാട് സ്മരണകളിൽ സുവർണ്ണ രേഖ.”

പ്രസിദ്ധീകരിച്ചത്—ബ്ലേസ് മീഡിയ,ചെന്നൈ

വില- 280 രൂപ

പുസ്തകം വാങ്ങാൻ ബന്ധപ്പെടുക—പി.കെ.ശ്രീനിവാസൻ -- 9444904990

No comments:

Post a Comment