Tuesday, 23 June 2026

Life -- simple and complex - The story of Karunakaran - Last part

 

ലളിതവും ഒപ്പം സങ്കീർണ്ണവും -1
**********************
കരുണാകരൻ --പറിച്ചുനടപ്പെട്ട ജീവിതം(അവസാന ഭാഗം)
***************
(തനിനിറത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര)
################
കാബിനിൽ അറുപത്തിഒന്ന്,അറുപത്തിരണ്ട് സീറ്റുകളിൽ രണ്ട് ചെറുപ്പക്കാരാണ്.അവർ മുഴുവൻ സമയവും മൊബൈലിലാണ്.അറുപത്തിരണ്ടിലെ പയ്യൻ തനിച്ചിരുന്ന് ചിരിക്കുകയും രസിക്കുകയുമൊക്കെയാണ്.കുറച്ചു കഴിഞ്ഞപ്പോള് അവൻ മുകളിലെ ബർത്തിൽ കയറികിടന്ന് മൊബൈൽ കാണാൻ തുടങ്ങി.കരുണാകരൻ ബാത്ത്റൂമിൽ പോയിവന്നപ്പോഴേക്കും അദ്ദേഹത്തിന്റെ അനുമതിപോലും ചോദിക്കാതെ അറുപത്തിയൊന്നുകാരൻ മിഡിൽ ബർത്ത് ഉയർത്തി അതിൽ കയറി കിടപ്പായിരുന്നു.ഇദ്ദേഹം വന്ന് നിസംഗതയോടെ തലകുനിച്ച് അവിടെ ഇരിപ്പായി.തല ഉയർത്തിയാൽ മിഡിൽ ബർത്തിൽ തട്ടും.
“അങ്കിള് അവിടെയിരുന്ന് വിഷമിക്കണ്ട,ഇവിടെയിരുന്നോളൂ” എന്നു പറഞ്ഞ് അൻജലീൻ ഒതുങ്ങി.ഞാനും കുറച്ചൊതുങ്ങി.വേണ്ട എന്നു പറഞ്ഞ് അദ്ദേഹം അവിടെ അങ്ങിനെ ഇരുന്നു.ട്രെയിൻ യാത്രയിലെ അംഗീകൃത നിയമപ്രകാരം രാത്രി ഒൻപത് മണി കഴിഞ്ഞെ മിഡിൽബർത്തുകാരന് കിടക്കാൻ അവകാശമുള്ളു. മുഴുവൻ സമയവും മൊബൈൽ നോക്കിയിരിക്കുന്ന അവൻ ഈ നിയമമൊന്നും നോക്കി മനസിലാക്കുന്നില്ല എന്നത് കഷ്ടം.മാത്രമല്ല ഔചിത്യബോധവും അവനെ ആരും പഠിപ്പിച്ചിട്ടില്ല.അൻജലീനയും അവനും ഒരേ പ്രായമാകും.രണ്ടുപേരുടെയും നിലപാടുകളിലെ വൈവിധ്യത്തെ കുറിച്ചാണ് ഞാനപ്പോള് ചിന്തിച്ചത്.
രാത്രിയിലേക്ക് താലിമീൽസ് വന്നു.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും അച്ചാറുമൊക്കെയുണ്ട്.ഷുഗറിനുള്ള മരുന്ന് കഴിച്ചശേഷം ബുദ്ധിമുട്ടിയിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്.ഭക്ഷണം വരുംമുന്നെ ബ്രഡ് കഴിച്ച് അനജലീനയും കൂട്ടുകാരിയും ഉറങ്ങാൻ കിടന്നു.അവർക്കായി കാറ്ററിംഗ്കാരൻ കൊണ്ടുവന്ന ഭക്ഷണം അവർ കഴിച്ചില്ല.അവൻ അത് എന്ത് ചെയ്യുമോ എന്തോ? ഡിന്നർ കഴിഞ്ഞപ്പോള് ഐസ്ക്രിം കൊണ്ടുവന്നു. ഞങ്ങളാരും കഴിച്ചില്ല.ഇതെല്ലാം അവർ സൂക്ഷിച്ചുവച്ച് അടുത്തദിവസം ഉപയോഗിക്കുമോ അതോ അവർ തന്നെ കഴിക്കുമോ?വിതരണം ചെയ്യുന്നത് വടക്കേയിന്ത്യയിൽ നിന്നുള്ള പയ്യന്മാരാണ്.അവർ ഇതെല്ലാം സ്ഥിരമായി കഴിക്കുന്നുണ്ടെങ്കിൽ അധിക ഭക്ഷണം അവരെ രോഗികളാക്കും എന്നുറപ്പ്
സൈഡ് ബർത്തിൽ ഒരു ആർഎസിക്കാരിയുണ്ടായിരുന്നു.അവരുടെ ഭർത്താവിനും മകനും കണ്ഫേം ടിക്കറ്റ് ലഭിച്ചു.മുടി ബോബ് ചെയ്ത നീണ്ട മൂക്കുള്ള അവരെ ഇന്ദിരാഗാന്ധിയുടെ കുടുംബക്കാരിയാണ് എന്ന് വേണമെങ്കിൽ സങ്കൽപ്പിക്കാം.മകന്റെ മൂക്ക് അതിലേറെ നീണ്ടതാണ്.അപ്പോള് അവന്റപ്പന്റെ മുഖം കാണണം എന്നാഗ്രഹിച്ചു.അദ്ദേഹം ഏറെ വൈകിയാണ് പ്രത്യക്ഷപ്പെട്ടത്.കുടവയറൊക്കെയുള്ള ആ മനുഷ്യനും പക്ഷിച്ചുണ്ട് പോലെയുള്ള മൂക്കാണ്.പയ്യൻ അവിടെ കിടന്ന് ഉറക്കം പിടിച്ചപ്പോഴാണ് അവനെ ഉണർത്തി കണ്ഫേം കിട്ടിയ ഏതോ അപ്പർ ബർത്തിലേക്ക് കയറ്റിവിട്ടത്.കുറച്ച് മലയാളവും അധികം ഇംഗ്ലീഷും കലർത്തിയായിരുന്നു അവരുടെ വർത്തമാനം.ആർഎസിയിലെ പങ്കാളി ഒറ്റ ഇരുപ്പിൽ മൊബൈൽ കാണുകയായിരുന്നു.സിനിമയാകാം.എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാനുള്ള യാത്രയിലാണ്.
ലൈറ്റണച്ചിട്ടും കരുണാകരൻ ഉറങ്ങിയില്ല.അസ്വസ്ഥമായ ചിന്തകളിൽ തിരമറിയുകയായിരുന്നു.അപ്പോഴാണ് ഒരു ഫോണ് വന്നത്, നാട്ടിലെ ഏതോ ചെറുകിട നേതാവാണ്.”നമ്മുടെ അമ്പലത്തിലെ ശാസ്താംപാട്ടും കണിയും നാളെയാണ്.കഴിഞ്ഞ വർഷം ചേന തന്നത് ചേട്ടനാണ്.”
“ചേന ഈ വർഷം ഇല്ലെടോ”,കരുണാകരൻ പറഞ്ഞു
“ചേമ്പായാലും മതി”,മറുഭാഗത്തെ വാദം.
“അത് ഞാൻ വന്നിട്ട് നോക്കാം.പറമ്പിൽ കാണുവായിരിക്കും”, കരുണാകരൻ പറഞ്ഞു.
“അത് ചേട്ടാ നാളെ വൈകിട്ട് പണി തുടങ്ങണം,അതുകൊണ്ട് പൈസയിട്ടാൽ മതി”,മറുഭാഗത്തെ ശബ്ദം.
“അത്,ഞാൻ വരട്ടെ—ഞാൻ നാളെ രാവിലെ എത്തുമല്ലോ”
“ഇനി എന്നാ മടക്കം” – അവന്റെ അടുത്ത ചോദ്യം.
കരുണാകരൻ ഒന്ന് തപ്പി, “ഒരു പത്ത് ദിവസം കഴിഞ്ഞേ പോകൂ”, അദ്ദേഹം ഫോണ് വച്ചു.
വീണ്ടും ചിന്തകള് സങ്കീർണ്ണമാവുകയാണ്.മകളുടെ കുട്ടിയെ തനിച്ചാക്കി നാട്ടിൽ നിൽക്കാമോ,അതോ തിരികെ പോകണമോ എന്ന അസ്വസ്ഥ ചിന്ത.ഉറച്ച തീരുമാനമെടുക്കാൻ കഴിയുന്നില്ല.കുറച്ചു ദിവസം നാട്ടിൽ നിന്നും മാറി നിൽക്കുമ്പോള് പിന്നെ തിരികെ വന്നാലും നാട്ടുകാരുടെ ചോദ്യം ഇതാണ്,എന്നാ മടക്കം?
ഇങ്ങിനെ അനേകം ചോദ്യങ്ങളുമായി അദ്ദേഹം മയങ്ങാൻ തുടങ്ങിയെന്നുതോന്നുന്നു.പതിനൊന്ന് മണിക്ക് ഞാൻ ബാഗുമെടുത്ത് കോയമ്പത്തൂരിൽ ഇറങ്ങിയതൊന്നും കരുണാകരൻ അറിഞ്ഞില്ല.(ഒന്നാം ഭാഗം അവസാനിച്ചു)

No comments:

Post a Comment