Monday, 22 June 2026

Life, Simple and Complex: The Story of Karunakaran -Part 1

 

ലളിതവും ഒപ്പം സങ്കീർണ്ണവും -1
*****************

വി.ആർ.അജിത് കുമാർ

****************

ജീവിതം ശരിക്കും ലളിതമായൊരു സമസ്യയാണ്. എന്നാൽ  നമ്മുടെ വ്യതിരിക്തമായ സ്വഭാവസവിശേഷതകളും   ബന്ധങ്ങളും സാമൂഹിക-രാഷ്ട്രീയ ജീവിതവും  ഒക്കെ ചേർന്ന് അതിനെ സങ്കീർണ്ണമാക്കുന്നു.ഇത്തരത്തിൽ സങ്കീർണ്ണമാകുന്ന ജീവിതങ്ങള്‍ എന്‍റെയോ നിങ്ങളുടെയോ അല്ലെങ്കിൽ നമ്മുടെ പരിചയക്കാരുടേതോ ആകാം.അത്തരം ജീവിതങ്ങളിലൂടെ മന:ശ്ശാസ്ത്രപരമായൊരു യാത്രയാണ്  ഈ പരമ്പര.  എല്ലാ തിങ്കളാഴ്ചയും   തനിനിറത്തിൽ വായിക്കാം🙏
#############
കരുണാകരൻ - പറിച്ചുനടപ്പെട്ട ജീവിതം
*********************
മനുഷ്യരുടെ ജീവിതം ലളിതവും ഒപ്പം സങ്കീർണ്ണവുമാണ്.അതീവ ലളിതമായി മുന്നോട്ടു പോകുമ്പോഴാകും അത് സങ്കീർണ്ണമായി മാറുന്നത്.പിന്നീടത് ലളിതമായി മാറാൻ പലപ്പോഴും പ്രയാസമാകും.ശാന്തമായൊഴുകുന്ന പുഴ പെട്ടെന്നൊരു മേഘവിസ്ഫോടന ഫലമായി രൌദ്രഭാവം പൂണ്ട് ഭാവം മാറുന്നപോലെ.ഇതൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ യാത്രയാണ്.എന്‍റെ ബോഗി ബി6 ആയിരുന്നു.അതിൽ 57 എന്നത് വിൻഡോ സീറ്റാണ്.ഞാൻ ചെല്ലുമ്പോള്‍ അവിടൊരു പെണ്‍കുട്ടി ഇരുപ്പുണ്ട്.ഇതെന്‍റെ സീറ്റാണ്,മാറിയിരിക്കൂ കുട്ടി എന്നെനിക്ക് പറയാം.അതിലൊരു സങ്കീർണ്ണതയുണ്ട്.മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയ നോക്കുകകൂടി ചെയ്യുകയാണ് ആ കുട്ടി.ആ കുട്ടി ഇപ്പോള്‍ ലളിതമായ അവസ്ഥയിലാണ്.എന്‍റെ അവകാശം ഞാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നതോടെ ആ കുട്ടിയുടെ മനസ് സങ്കീർണ്ണമാകും.ഞാൻ അൻപത്തിയെട്ടാം സീറ്റിലിരുന്നു.കുറച്ചു കഴിഞ്ഞ് അന്‍പത്തിയൊൻപതാം സീറ്റിലേക്കും ഒരു പെണ്‍കുട്ടി വന്നു.രണ്ട് യൌവ്വനങ്ങള്‍ക്കിടയിൽ ശരീരത്തിന് വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ഞാൻ ലാളിത്യത്തോടെ ഇരുന്നു.
    അൻപത്തിയെട്ടാം സീറ്റിന്‍റെ ഉടമ അൻജലീനയാണെന്നും അവളുടെ കൂട്ടുകാരിയാണ് കാബിനിലുള്ള മറ്റൊരു സീറ്റിൽ മൊബൈൽ നോക്കിയിരിക്കുന്നതെന്നും അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ മനസിലാക്കി.മലയാളികളാണ്.രണ്ടുപേരും ക്രിസ്തുമസ്സ് ആഘോഷിക്കാനായി നാട്ടിൽ പോവുന്ന നഴ്സിംഗ് വിദ്യാർത്ഥിനികളാണ്.കാബിനിലെ എതിർവശത്തെ വിൻഡോസീറ്റായ അറുപതിൽ ഇരിക്കുന്ന ഏകദേശം എന്‍റെ പ്രായമുള്ള,അതോ അതിലധികമോ എന്നറിയില്ല,വ്യക്തി അതിസങ്കീർണ്ണമായ ചിന്തകളിൽ അസ്വസ്ഥനായിരിക്കയാണ്.ആൻജലീന അദ്ദേഹത്തോട് നേരത്തെ തന്നെ വർത്തമാനം തുടങ്ങിയിരുന്നു.അതിന്‍റെ തുടർച്ച എന്നവണ്ണം “അങ്കിളിന് ഷുഗറും പ്രഷറുമുണ്ടോ” എന്നൊരു ചോദ്യം എറിഞ്ഞു.അപ്പോഴാണ് അദ്ദേഹവും മലയാളിയാണ് എന്ന് മനസിലായത്.”എല്ലാം ഉണ്ട് കുഞ്ഞെ” എന്ന് പറഞ്ഞശേഷം അദ്ദേഹം മെല്ലെ മെല്ലെ സ്വന്തം ജീവിതം സങ്കീർണ്ണമായതെങ്ങിനെ എന്ന് വിശദീകരിക്കാനും തുടങ്ങി.ഞാൻ വരും മുന്നെ അദ്ദേഹത്തെ കാബിനിൽ കൊണ്ടിരുത്തിപോയത് മകളായിരുന്നു എന്ന് മനസിലായി.അവരുമായി അൻജലീന സംസാരിച്ചിരുന്നതിന്‍റെ തുടർച്ചയായിരുന്നു അവളുടെ ചോദ്യം.
കൊല്ലത്ത് നെടുങ്കാട് എന്ന ദേശത്തെ പത്ര ഏജന്‍റായിരുന്നു കരുണാകരൻ.നിത്യവും വെളിച്ചം വീഴുംമുന്നെ പത്രക്കെട്ടുകള്‍ വാങ്ങി അദ്ദേഹവും സഹായികളും കൂടി രാവിലത്തെ ചൂട് ചായയ്ക്ക് മുന്നെ ഓരോ വീട്ടിലും പത്രം എത്തിച്ചിരുന്നു.അതുണ്ടാക്കുന്ന ആഹ്ലാദമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.നാട്ടുകാരുമായി കുശലം പറയാനും മാസാമാസം വരി പിരിക്കാനും അത് പത്രമാഫീസിൽ അടയ്ക്കാനുമൊക്കെയായി ജീവിതത്തെ മാറ്റിവച്ചപ്പോള്‍ അത് തിരക്കിന്‍റെ ലോകമായിരുന്നു.കവലയിൽ കൂടുന്ന സുഹൃത്തുക്കള്‍ക്കൊപ്പം രാഷ്ട്രീയവും പൊതുകാര്യവും സംസാരിക്കാനായി പത്രം അരിച്ചുപെറുക്കി വായിക്കാനും സമയം കണ്ടെത്തിയിരുന്നു.പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാതിരുന്ന കരുണാകരന്‍റെ പ്രധാന ഭക്ഷണം ഇടയ്ക്കിടെയുള്ള ചായയായിരുന്നു.രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിന്.മൂത്തയാള്‍ വിവാഹം കഴിച്ച് കൊല്ലത്ത് ഭർത്താവിന്‍റെ വീട്ടിലാണ്.ഇളയവള്‍ക്ക് കേന്ദ്ര സർക്കാരിലാണ് ജോലി കിട്ടിയത്.മൂന്ന് വർഷം ഡൽഹിയിലായിരുന്നു.അവിടെനിന്നും നാഗർകോവിലിൽ വന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോള്‍ ചെന്നൈക്ക് മാറ്റമായി.അവള്‍ വിവാഹം കഴിച്ചത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു പയ്യനെയാണ്.അവർക്കൊരു കുട്ടിയുണ്ട്.ഇപ്പോള്‍ നാല് വയസ്സ്.ആ കുഞ്ഞിനെ നോക്കുന്നതിനായി കരുണാകരനും ഭാര്യയും കൂടി അവർക്കൊപ്പം കൂടിയതോടെ അദ്ദേഹം പത്ര ഏജൻസി വിട്ടു.അതോടെ കരുണാകരന്‍റെ ജീവിതവും സങ്കീർണ്ണമായി.
     തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും നഗരത്തിലെ ഫ്ലാറ്റിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥ.പരിചയക്കാരില്ല,ഭാഷയറിയില്ല,ആളുകളോട് മിണ്ടാനും പറയാനും മടി. രാവിലെ കുറച്ചു സമയം നടക്കും.ഉച്ചയ്ക്ക് കുഞ്ഞിനെ വിളിച്ചുകൊണ്ടുവരും.പിന്നെ വെറുതെ ഇരിപ്പും ടിവി കാണലുമാണ്. ഭാര്യക്കും ഈ ജീവിതം ബുദ്ധിമുട്ടാണ്.അവർക്ക് രക്തസമ്മർദ്ദമുണ്ടെങ്കിലും പ്രകൃതി ചികിത്സ എന്നുപറഞ്ഞു നടന്ന് ഈയിടെ ചെറിയൊരു സ്ട്രോക്ക് വന്നു.അതിന്‍റെ ചികിത്സ ചെന്നൈയിൽ നടക്കുകയാണ്.അതിന് വലിയ തുകയാണ് ചിലവ് വരുന്നത്.മെഡിസിറ്റിയിൽ കാണിച്ചപ്പോള്‍ നിരക്കൊക്കെ കുറവായിരുന്നു.അതും കരുണാകരന്‍റെ ജീവിതത്തെ സങ്കീർണ്ണമാക്കുകയാണ്.മകള്‍ക്കും ഭർത്താവിനും ഇതെല്ലാം പ്രയാസമായില്ലെ എന്ന ചിന്തയാണ് ഈ സങ്കീർണ്ണതയ്ക്ക് കാരണം.ബസന്ത് നഗറിൽ താമസിക്കുന്ന വീടും മകളുടെ ഓഫീസും അടുത്തടുത്താണ്.ആദ്യം താമസിച്ചിരുന്നത് മുപ്പതിനായിരം രൂപ മാസവാടകയ്ക്കാണ്.അൻപതിനായിരം രൂപ ഡെപ്പോസിറ്റും.അച്ഛനും അമ്മയും കൂടി വന്നതോടെ വീട്ടുടമ വീടൊഴിയണം എന്നാവശ്യപ്പെട്ടു.ഉടമ മാന്യതയില്ലാത്ത വ്യക്തിയാണ് എന്ന് നേരത്തെ തോന്നിയിരുന്നെങ്കിലും ഈ സമീപനം പ്രതീക്ഷിച്ചിരുന്നില്ല.ലാളിത്യമുള്ള മനുഷ്യരുമായല്ല ഇടപെടുന്നതെങ്കിൽ നമ്മുടെ ജീവിതവും സങ്കീർണ്ണമാകുമല്ലോ.കുഞ്ഞുവാവ ഭിത്തിയിൽ പെൻസിലും പേനയുംകൊണ്ട് വരച്ചിട്ടിരുന്നു എന്നു പറഞ്ഞ് അയാള്‍ ഡപ്പോസിറ്റ് മടക്കിനൽകാൻ വിസമ്മതിച്ചു.മകള്‍ ഓഫീസിൽ വിവരം പറഞ്ഞു.അവർ ഇടപെട്ടപ്പോള്‍ അയ്യായിരം രൂപ എടുത്തശേഷം ബാക്കി മടക്കി നൽകി.എന്നുമാത്രമല്ല ഇത്രയും പിടിപാടുള്ള ആളായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട് മാറാൻ പറയില്ലായിരുന്നു എന്നൊരു കമന്‍റും ഒപ്പമുണ്ടായി.ഗ്രാമജീവിതത്തിൽ ഇത്തരം വക്രതകളൊന്നും അറിഞ്ഞും കേട്ടും പരിചയമില്ലാത്ത കരുണാകരന്‍റെ ഷുഗറും പ്രഷറുമൊക്കെ ഉയരാൻ ഇതും കാരണമായി.തുടർന്ന് കുട്ടികള്‍ മറ്റൊരു വീട് കണ്ടെത്തി.ഇരുപത്തിരണ്ടായിരം രൂപയെ വാടകയുള്ളു എന്നത് ഒരാശ്വസമായി.
  “ഇപ്പോള്‍ അങ്കിളിന് ബിപി എത്രയുണ്ട്”,അൻജലീൻ ചോദിച്ചു.”അത് 170-190 ഒക്കെ വരും.ഇലക്ട്രോണിക് മെഷീനിലാണ് നോക്കുന്നത്.അത് കൃത്യമാകില്ല.നാട്ടിലാണെങ്കിൽ കാറ്റടിച്ച് വീർപ്പിക്കുന്ന യന്ത്രമാണല്ലൊ,അത് കണിശമാണ്”എന്ന് നിരാശയിൽ പൊതിഞ്ഞ വർത്തമാനം.
അപ്പോള്‍ ആരോ ഫോണ്‍ ചെയ്തു.സന്തോഷത്തോടെ ഫോണെടുത്തു.”എടാ,ഞാൻ രാവിലെ എത്തും.ഒരു പത്രം ഇട്ടേക്കണെ”,കരുണാകരൻ പറഞ്ഞു.”എന്‍റെ അസിസ്റ്റന്‍റായിരുന്നു.അവനാണ് ഇപ്പോള്‍ ഏജന്‍റ്”,അദ്ദേഹം പറഞ്ഞു.
ഞാൻ ചോദിച്ചു,”പോയിട്ട് എന്നാണ് മടക്കം?”
“അവര് ഉടനെ വരണം എന്നൊക്കെ പറഞ്ഞു.ഓ-ഞാനിനി പോണില്ല, എനിക്ക് ഇത് ശരിയാകില്ല”,അദ്ദേഹം പറഞ്ഞു.”മൂത്തമകള്‍ മൂന്നാം തീയതി ചെന്നൈക്ക് പോകുന്നുണ്ട്,അവളുടെ കൂടെ ഭാര്യയും ഇങ്ങ് പോരും.ജോലിക്ക് ഒരാളിനെ വയ്ക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.അതേ ശരിയാകൂ”
ഇതിനിടെ ട്രെയിനിൽ സ്നാക്ക്സ് കൊണ്ടുവന്നു.എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസായതിനാൽ ഭക്ഷണവും ഉള്‍പ്പെട്ട ടിക്കറ്റ് പാക്കേജായിരുന്നു.കരാമൽ പോപ്പ്കോണും ബ്രഡ് സാൻഡ്വിച്ചും മിക്സചറും ബോണ്ടയും ചായയും.ബോണ്ടയും സാൻഡ്വിച്ചും കഴിച്ചശേഷം മധുരമൊന്നും എനിക്ക് പറ്റില്ല,കുട്ടികള്‍ക്ക് കൊടുക്കാം എന്നു പറഞ്ഞ് അദ്ദേഹം പായ്ക്കറ്റെല്ലാം ബാഗിലാക്കി.ചായ വേണ്ട എന്നും പറഞ്ഞു.
വെറുതെ ഇരിക്കുമ്പോഴെല്ലാം ആ മനസ് വ്യാകുലപ്പെടുന്നത് നമുക്ക് മനസിലാകും.നരച്ച പുരികവും മീശയും അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.ആലോചനയ്ക്കിടയിൽ ഇളകിപ്പോയ പല്ലുകള്‍ക്കിടയിലൂടെ നാവ് പുറത്തേക്ക് നീട്ടുകയും തിരികെയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.കൈകള്‍ ചേർത്തുപിടിച്ച് ഞെരിക്കുകയും വിടുകയും ചെയ്യുന്നു.ദീർഘശ്വാസവും എടുക്കുന്നുണ്ട്.
“കൂടുതൽ ഭയക്കാതെ മരുന്നു കഴിക്കുന്നതിനൊപ്പം അത്യാവശ്യം ഇഷ്ടമുള്ളതൊക്കെ കുറച്ചു കഴിക്കണം.ഇതൊക്കെ കഴിക്കാതിരുന്നിട്ട് എന്ത് ഗുണം”,എന്‍റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു.”മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി കിടന്നുപോയാൽ എന്ത് ചെയ്യും?”, ആ മനസിന്‍റെ തീവ്രമായ വ്യാകുലത എനിക്കനുഭവപ്പെട്ടു.(തുടരും)


No comments:

Post a Comment