Monday, 29 June 2026

Life- simple but complex-- Episode -2 -The Trump Effect: Rising Tensions in a Changing World

 

ലളിതവും ഒപ്പം സങ്കീർണ്ണവും – എപ്പിസോഡ് - 2
**********************
ലോകത്തിന് അസ്വസ്ഥത സമ്മാനിക്കുന്ന ട്രമ്പ്-ഭാഗം -1
*********************
(2026 ജൂണ് 29 തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)
&&&&&&&&&&&&
സങ്കീർണ്ണമായ ലോകജനതയുടെ ജീവിതത്തെ അതിസങ്കീർണ്ണമാക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പ് മൂന്ന് മാസത്തിലേറെയായി ലോകത്തെ ഇന്ധനക്ഷാമത്തിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ആശങ്കകളിലേക്കും തള്ളിവിട്ട് വിവാദനായകനായിരിക്കയാണ്.കേരളത്തിലെ ഉള്ഗ്രാമത്തിലെ ഒരു വീട്ടമ്മയെപോലും ദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിവിടാനുള്ള കരുത്താണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്ക്കും പ്രവൃത്തികള്ക്കുമുണ്ടായത്.ഇത്തരം സംഭവങ്ങള് ഇനിയും ആവർത്തിക്കപ്പെടാനുതകുന്ന മാനസികനിലയാണ് ട്രമ്പിന്റെ ട്രമ്പ് കാർഡ്.
ജർമ്മൻ വംശജനായ ഒന്നാം തലമുറ അമേരിക്കനായിരുന്ന ഫ്രെഡിന്റെയും സ്ക്കോട്ടിഷ് വംശജയായ കുടിയേറ്റക്കാരി മേരി ആനി മക്ലിയോഡിന്റെയും അഞ്ച് മക്കളിൽ നാലാമനായിരുന്നു ട്രമ്പ്.കെട്ടിടനിർമ്മാണ രംഗത്ത് സജീവമായിരുന്ന ഫ്രെഡ് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ നാളുകളിൽ യുദ്ധരംഗത്തുനിന്നും മടങ്ങിവന്നവർക്കായി 27,000 അപ്പാർട്ടുമെന്റുകളാണ് നിർമ്മിച്ചത്.1999 ൽ മരിക്കുമ്പോള് 300 മില്യണ് ഡോളറിന്റെ സമ്പാദ്യമുണ്ടായിരുന്നെങ്കിലും ഫ്രെഡ് മിതവ്യയക്കാരനായിരുന്നു.സമ്പത്ത് ഉണ്ടായിരുന്നിട്ടും തന്റെ കുട്ടികള് പതിവ് വീട്ടുജോലികളും മറ്റും ചെയ്യണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.അമ്മ മേരി ചാരിറ്റി പ്രവർത്തനങ്ങളിലാണ് സജീവമായിരുന്നത്.
ചെറുപ്പകാലത്തുതന്നെ അച്ചടക്കമില്ലായ്മ പ്രദർശിപ്പിച്ച ഡൊണാള്ഡ് സ്കൂളിലും അയൽപക്കത്തും പലപ്പോഴും പ്രശ്നങ്ങള് സൃഷ്ടിച്ചിരുന്നു. കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെ ക്വീൻസിലെ ഒരു സ്വകാര്യ സ്കൂളിലാണ് പഠിച്ചത്.സ്കൂള് അധികാരികള്ക്കൊരു തലവേദനയായിരുന്നു കുട്ടി ഡൊണാള്ഡ്.സ്പിറ്റ് ബാള്സ് എറിയുക,ക്ലാസ്സിൽ ബഹളമുണ്ടാക്കുക,പെണ്കുട്ടികളുടെ മുടി പിടിച്ചുവലിക്കുക തുടങ്ങി നിരവധി വികൃതികള് കാട്ടുന്നതിന് പുറമെ അയൽപക്കത്തെ കുട്ടികളുമായി ചേർന്ന് ബൈക്ക് റേസിംഗ് നടത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.പതിമൂന്ന് വയസ്സുള്ളപ്പോള് സ്വിച്ച് ബ്ലേഡുകളും ആളുകളെ ഭയപ്പെടുത്താനുള്ള ചില ഉപകരണങ്ങളുമൊക്കെ വാങ്ങാനായി ഡൊണാള്ഡ് വാരാന്ത്യങ്ങളിൽ ഒരു സുഹൃത്തിനൊപ്പം സ്ഥിരമായി മാൻഹാട്ടനിലേക്ക് പോകുന്നുണ്ട് എന്ന് ഫ്രെഡ് മനസിലാക്കി.അച്ചടക്കത്തിനും ചിട്ടയ്ക്കും കഠിനാധ്വാനത്തിനും വിലകൊടുത്തിരുന്ന ഫ്രെഡിന് മകൻ പോകുന്നത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കാണ് എന്ന് മനസിലായി.1959 ൽ ഡൊണാള്ഡിനെ അച്ഛൻ കോണ്വാള് ഓണ് ഹഡ്സണിലെ വളരെ കർക്കശ നിയമങ്ങളുള്ള ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർത്തു. മുൻ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന സ്കൂളിൽ മകനെ ചേർത്തത് അവന്റെ അക്രമണാത്മക സ്വഭാവത്തെ നിയന്ത്രിക്കാനായിരുന്നു.ബ്യൂഗിള് കോളുകളും യൂണിഫോം പരിശോധനയും മാർച്ചിംഗ് ഡ്രില്ലും നിയമലംഘനത്തിന് കടുത്ത ശിക്ഷകളുമുള്ള സ്കൂളായിരുന്നു അത്.കായികരംഗത്തും ശാരീരികക്ഷമതയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച അക്കാദമി ഡൊണാള്ഡിന്റെ ഊർജ്ജത്തെ ആ വഴിക്ക് തുറന്നുവിട്ടു.കായികക്ഷമതയും ഉയർന്ന മത്സരബുദ്ധിയുമുള്ള ഡൊണാള്ഡ് ബേസ്ബാള് ടീം ക്യാപ്റ്റനായി.ഫുട്ബാളും ബാസ്ക്കറ്റ് ബോളും കളിച്ചു.സ്കൂള് നിയമങ്ങള് ലംഘിക്കുന്നതിന് പകരം സ്പോർട്സ് മത്സരങ്ങളിൽ വിജയിക്കുന്നതിലേക്ക് അവന്റെ അക്രമണാത്മക സ്വഭാവം തിരിച്ചുവിടപ്പെട്ടു.രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ടിച്ച കടുത്ത നിലപാടുകളുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തിയഡോർ ഡോബിയാസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അവൻ.അച്ചടക്കത്തിനായി കടുത്ത ശാരീരിക ശിക്ഷകള് പോലും നൽകുന്ന തിയോഡറിന്റെ ഒപ്പമായതോടെ ട്രമ്പ് അധ്യാപകരെ ബഹുമാനിക്കാനും പെരുമാറ്റം ക്രമീകരിക്കാനും പഠിച്ചു.
കഠിനമായ സൈനികസംവിധാനത്തിനെതിരെ മത്സരിക്കുന്നതിനുപകരം ഡൊണാള്ഡ് അതിനോട് പൊരുത്തപ്പെട്ടു.അധികാരശ്രേണിയുമായി താദാന്മ്യം പ്രാപിക്കാനും അനസരണയുള്ളവനായി പഠനം നടത്താനും പഠിച്ച ഡൊണാള്ഡ് വിദ്യാർത്ഥി കേഡറ്റ് ക്യാപ്റ്റനായി.1964 ൽ അക്കാദമിയിൽ നിന്നും ബിരുദം നേടി.പിന്നീടുള്ള ജീവിതത്തിലെ മാനസിക കരുത്തിനും തന്റേടത്തിനും വളമായത് ഈ പരിശീലനമാണ്.തുടർന്ന് പെനിസിൽവാനിയ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. പഠനം പൂർത്തിയാക്കി എത്തിയ മകനെ ഫ്രെഡ് കമ്പനിയിലെടുത്തു.ചില ഉത്തരവാദിത്തങ്ങളും നൽകി.ഏത് തന്ത്രം പ്രയോഗിച്ചും ബിസിനസ് നടത്തി വിജയിക്കും എന്ന് അച്ഛനെ ബോധ്യപ്പെടുത്താൻ ഇത് ഉപകരിച്ചു.ഈ കാലത്ത് ട്രമ്പ്കമ്പനിക്കെതിരെ ചില ആരോപണങ്ങളും ഉയർന്നു.കറുത്തവർഗ്ഗക്കാരോട് വിവേചനം കാട്ടുന്നു എന്നായിരുന്നു ആരോപണം.യുഎസ് നീതിന്യായവകുപ്പ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.ഒടുവിൽ വർണ്ണവിവേചനം നടത്തില്ല എന്ന് സമ്മതപത്രമെഴുതി നൽകി തടിയൂരി.ഇറാനുമായുള്ള യുദ്ധത്തിൽ വ്യക്തിപരമായി പരാജയപ്പെട്ട ട്രമ്പ് സമാധാനക്കാരാർ ഒപ്പിട്ട് പിൻവാങ്ങുന്ന ഈ കാലവുമായി ചേർത്ത് വയ്ക്കാവുന്ന നടപടിയായി നമുക്കിതിനെ കാണാം.(തുടരും)

No comments:

Post a Comment