Wednesday, 1 April 2026

Election Season: A Theatre of Hypocrisy

 

കപടത വിളയാടുന്ന തെരഞ്ഞെടുപ്പുകാലം

********************

ഇന്നത്തെ (02.04.2026) തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം 

**********"********

-- വി.ആർ.അജിത് കുമാർ

################


2026 ഏപ്രിൽ ഒൻപതിന് രാവിലെ കേരളത്തിലെ വോട്ടറന്മാർ കേരളം ആര് ഭരിക്കണം എന്ന് നിശ്ചയിക്കാനായി വോട്ടുചെയ്യാനിറങ്ങുമ്പോള്‍ ഓരോ സ്ഥാനാർത്ഥിയുടെയും ജയപരാജയങ്ങള്‍ നിശ്ചയിക്കേണ്ട നിക്ഷ്പക്ഷ വോട്ടറന്മാർ തികഞ്ഞ ആശയക്കുഴപ്പത്തിലാണ് എന്നതിൽ സംശയമില്ല.സ്ഥാനാർത്ഥി ആരായാലും മുന്നണി എത്ര കുഴപ്പത്തിലായാലും അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകരും അനുഭാവികളുമുണ്ട്.അവർക്ക് ആശയക്കുഴപ്പമില്ല.അവർ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും വോട്ടുചെയ്യുകയും ചെയ്താൽ മാത്രം മതി.അതിനായി ചിന്തിക്കുകയോ തല പുകയ്ക്കുകയോ ചെയ്യേണ്ടതില്ല.പാർട്ടി ചിഹ്നം മാത്രം ഓർത്തുവച്ചാൽ മതി.


     വോട്ട് ബാങ്കുകളുടെ ഭാഗമാകുന്ന വോട്ടറന്മാർക്കും കാര്യങ്ങള്‍ എളുപ്പമാണ്.മുസ്ലിം സമുദായത്തിലെ വോട്ട് ബാങ്കുകളായ സയ്ദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സമസ്ത,കാന്തപുരത്തിന്‍റെ സമസ്ത,മുജാഹിദ് സംഘടനകള്‍,ജമാ-അത്തെ-ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍,ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന അബ്ദുല്‍ നാസർ മദനിയുടെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാർട്ടി എന്നിവർക്ക് പുറമെ സമുദായത്തിൽ കാര്യമായ സ്വാധീനമുള്ള നിരോധിത പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ ശാഖയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്നിങ്ങനെ നിർണ്ണായക വോട്ടുബാങ്കുകള്‍ ഏറെയാണ്.പിഡിപി ഇടതുപക്ഷത്തോടൊപ്പം എന്ന പരസ്യ നിലപാട് എടുക്കുമ്പോള്‍ എസ്ഡിപിഐ അടവുനയമാണ് സ്വീകരിക്കുന്നത്.കാരണം അവരുടെ ഏകശത്രു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിടുകയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന എൻഡിഎ ആണ് എന്നതാണ്.എൻഡിഎ ജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അതിന് തടയിടാൻ കഴിയുന്ന സ്ഥാനാർത്ഥി എല്‍ഡിഎഫിന്‍റേതാണെങ്കിൽ എൽഡിഎഫിനും അതല്ല യുഡിഎഫാണെങ്കിൽ യുഡിഎഫിനും വോട്ട് മറിച്ച് നൽകുക എന്നതാണ് നയം. ഇത്തരത്തിൽ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷ വോട്ടുകളും വോട്ട് ബാങ്കിന്‍റേതാണ് എന്നു കാണാം.ആ നിർണ്ണായക വോട്ടുകള്‍ ഒന്നാകെ തങ്ങളുടെ വോട്ട് ബാസ്ക്കറ്റിലേക്ക് എത്തിക്കുന്നതിനുള്ള ഏത് തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറുള്ള മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും.


   ഇനി ക്രിസ്തീയ സമുദായത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി ഗോപ്യവും എന്നാൽ എളുപ്പവുമാണ്.വെട്ടിത്തുറന്ന് നിലപാടുകള്‍ പറയുന്ന ബിഷപ്പുമാരുണ്ട്.എന്നാൽ എല്ലാവരും അങ്ങിനെയല്ല.അതുകൊണ്ടുതന്നെയാണ് അവരുടെ വോട്ട്ബാങ്കിനെ കൈയ്യടക്കാനായി മുന്നണികള്‍ നന്നായി വിയർപ്പൊഴുക്കുന്നതും.സിറോ മലബാർ സഭ,സിറോ മലങ്കര കാത്തലിക് സഭ,ലാറ്റിൻ കാത്തലിക് സഭ,ക്നാനായ സഭ,മലങ്കര ഓര്‍ത്തഡോക്സ് സിറിയൻസ്,യാക്കോബായ സഭ,മലങ്കര മാർത്തോമ സിറിയൻസ്,ചർച്ച് ഓഫ് സൌത്ത് ഇന്ത്യ,പെന്തകോസ്ത് മിഷൻ,ഇന്ത്യ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ്,ഷാരോണ്‍ ഫെലോഷിപ്പ ചർച്ച്,അസംബ്ലീസ് ഓഫ് ഗോഡ് എന്നിവയാണ് പ്രമുഖർ.പ്രാദേശികമായ സാഹചര്യങ്ങള്‍ക്കനുസരിച്ചാവും ഇവരുടെ നിലപാടെങ്കിലും അത് ഗുണപ്പെടുക എൽഡിഎഫിനും യുഡിഎഫിനുമാകും.റബ്ബറിന്‍റെ വില,വന്യമൃഗ ശല്യം തുടങ്ങി സഭാവിശ്വാസികളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കു പുറമെ വിദേശ സംഭാവന നിയന്ത്രണം,മതപരിവർത്തനത്തിന് എതിരായ നിയമം തുടങ്ങി പല കേന്ദ്ര നിലപാടുകളും അവരെ ഭയപ്പെടുത്തുന്നതാണ്.അതുകൊണ്ടുതന്നെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചപോലെ യുഡിഎഫിലേക്ക് എന്‍ഡിഎ വിരുദ്ധ വോട്ട് ഒഴുകിയപോലെ ഇത്തവണ സംഭവിക്കുകയില്ല.അത് കൃത്യമായി എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും വിഭജിക്കാനാണ് സാധ്യത.


  ഹിന്ദുമതത്തിലേക്ക് തിരിയുമ്പോള്‍ ഏറ്റവും വ്യക്തത കൈവരുന്നത് ഹിന്ദുന്യൂനപക്ഷമായ ബ്രാഹ്മണരുടെ വോട്ടിനെ സംബ്ബന്ധിച്ചാണ്.അതിൽ ഭൂരിപക്ഷവും എന്‍ഡിഎയ്ക്കാവും ലഭിക്കുക.എന്നാൽ മുന്നോക്ക സമുദായത്തിൽപെടുന്ന നായർ സമുദായത്തിന്‍റെ രീതി വ്യത്യസ്തമാണ്.മുൻകാലങ്ങളിൽ ഒരു ചെറിയ പങ്ക് ആളുകള്‍ ആർഎസ്എസിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്നു.എന്നാൽ ബിജെപിയിലേക്ക് പോയവർ അതിലും കുറവായിരുന്നു.ഇപ്പോള്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ശബരിമല സ്ത്രീ പ്രവേശനം സംബ്ബന്ധിച്ച് അന്നത്തെ പിണറായി സർക്കാരെടുത്ത നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിലൊട്ടാകെയും പ്രത്യേകിച്ച് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലേയും നായർ സമുദായാംഗങ്ങളില്‍ കുറേപ്പേർ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമാകുകയുണ്ടായി.എന്നാൽ നായർ സർവ്വീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇടതുപക്ഷത്തോടാണ് ഇപ്പോള്‍ അടുത്തുനിൽക്കുന്നത്.അത് അദ്ദേഹത്തിന്‍റെ വ്യക്തിതാത്പ്പര്യമാണ് എന്നതിനാൽ ആ സമുദായത്തിലെ ഒരു ന്യൂനപക്ഷം മാത്രമെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമാകുന്നുള്ളു.സമുദായത്തിലെ ഭൂരിപക്ഷമാളുകളും പരമ്പരാഗതമായി കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലോ ഉറച്ച് വിശ്വസിച്ച് പ്രവർത്തിക്കുന്നവരാണ്.സമുദായ നേതാക്കള്‍ക്ക് വേണ്ടത്ര മതിപ്പ് കൊടുക്കാത്തവരാണ് ഈ ഭൂരിപക്ഷം.അതുകൊണ്ട് എൻഎസ്എസ് നിലപാട് ഒരു മുന്നണിയേയും കാര്യമായി ബാധിക്കില്ല.അത്തരത്തിൽ നോക്കുമ്പോള്‍ നായർ സമുദായത്തിന്‍റെ വോട്ട് മൂന്ന് മുന്നണിക്കും തുല്യമായി ലഭിക്കാനാണ് സാധ്യത.


 ഈഴവ സമുദായത്തിന്‍റെ നിലയും വ്യത്യസ്തമല്ല. എങ്കിലും എസ്എന്‍ഡിപി നേതൃത്വത്തിന്‍റെ നിലപാട് കുറേക്കൂടി രസകരമാണ് എന്നു കാണാം.സുകുമാരൻ നായർ എന്‍എസ്എസ് കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ വെള്ളപ്പള്ളി നടേശൻ എന്ന എസ്എന്‍ഡിപി നേതാവ് അടിസ്ഥാനപരമായി ഒരു വ്യവസായിയാണ്.അദ്ദേഹത്തിന്‍റെ വ്യവസായത്തെ സംരക്ഷിക്കാനുള്ള ഒരുമറ മാത്രമാണ് സമുദായ നേതൃത്വം.വെള്ളാപ്പള്ളി സംസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയും മകനും ഈഴവ യൂത്ത് നേതാവുമായ തുഷാർ ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിച്ച് എന്‍ഡിഎയ്ക്കൊപ്പം നിൽക്കുകയുമാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി കൃത്യമായ ഒരു പാലമിട്ടാണ് ആ കുടുംബം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ എസ്ആർപി എന്നൊരു പാർട്ടി എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുണ്ടാക്കിയപോലെയല്ല ബിഡിജെഎസ് എന്നുമാത്രം. അടവുനയത്തിൽ എല്ലാവരേയും നിലംപരിശാക്കുന്ന വെള്ളപ്പള്ളിക്ക് പക്ഷെ ഈഴവ സമുദായത്തിന്‍റെ രാഷ്ട്രീയ വോട്ടിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ കഴിയില്ല എന്നതാണ് സത്യം.പരമ്പരാഗതമായി എല്‍ഡിഎഫിലും യുഡിഎഫിലുമായി വ്യാപിച്ചുകിടക്കുന്ന ഈഴവ വോട്ടിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുന്നുണ്ട്.അത്തരത്തിൽ നോക്കിയാൽ മൂന്ന് മുന്നണിക്കും തുല്യമായിട്ടാകും ഈ വോട്ടുകള്‍ പോവുക.ഓബിസിയിൽ പെടുന്ന മറ്റു സമുദായങ്ങളായ വിശ്വകർമ്മ,ധീവര,ശാലിയ,കുടുംബി,നാടാർ,വണിക-വൈശ്യ,വീരശൈവ തുടങ്ങിയ സമുദായങ്ങളിലെ വോട്ടും ഇടത്-വലത് പക്ഷത്തേക്ക് ഏകദേശം തുല്യമായിട്ടാകും പോവുക.പട്ടികജാതിയിൽപെട്ട പുലയൻ,ചെറുമൻ,കുറവൻ,കണക്കൻ,പറയൻ,തണ്ടാൻ,വേട്ടുവൻ എന്നീ സമുദായങ്ങളിലെയും ഭൂരിപക്ഷം ഇടത് വലത് പക്ഷങ്ങളിലാണ് നിലയുറപ്പിക്കുക.പട്ടികവർഗ്ഗ സമുദായങ്ങളുടെ നിലപാടും ഇതിൽ നിന്നും വ്യത്യസ്തമാകില്ല.


   ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായി തെരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന ആരോപണം വീണ്ടും ഉയരുന്നത് പ്രസക്തമാകുന്നതും.അത് ബിജെപിയും ഇടതപക്ഷവും തമ്മിൽ രഹസ്യബാന്ധവം എന്ന യുഡിഎഫ് ആരോപണവും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണ് എന്ന ഇടതുപക്ഷ ആരോപണവുമാണ്.ബിജെപി തീരെ ശക്തമല്ലാതിരുന്ന കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള സംഘട്ടനം വ്യാപകമായിരുന്നു.രണ്ടും കേഡർ പ്രസ്ഥാനങ്ങളായിരുന്നതിനാൽ ഇത് വളരെ മോശമായ അവസ്ഥയിലെത്തുകയും ചെയ്തിരുന്നു.അക്കാലത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ആർഎസ്എസ് നിലപാട് എടുത്തിരുന്നു എന്നതും സത്യമാണ്. എന്നാലിപ്പോള്‍ തുടർച്ചയായി രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആവശ്യം കേരളത്തിൽ വേരുപിടിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ അടവുനയം കാര്യമായി പയറ്റാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.ശ്രീഎമ്മിന്‍റെ ഇടപെടലിലൂടെ സിപിഎമ്മും ആഞഎസ്എസും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുകയും സമാധാന അന്തരീക്ഷം പുലരുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയിൽ മറ്റെല്ലാ പാർട്ടികളെയുംപോലെ വിജയിക്കാനുള്ള ശ്രമങ്ങള്‍ അവരും പയറ്റുന്നുണ്ടാകും.ഏതായാലും വലിയ വിജയസാധ്യതകളില്ലാത്ത ബിജെപിയെ കേന്ദ്രസ്ഥാനത്ത് നിർത്തി എത്രമാത്രം ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തം ബാഗിലാക്കാം എന്നാണ് എൽഡിഎഫും യുഡിഎഫും നോക്കുന്നത്.തീർച്ചയായും അവിശുദ്ധ ബന്ധങ്ങളുണ്ടാകും.അത് പണ്ടും ഉണ്ടായിട്ടുണ്ട്.ഇനിയും തുടരുകയും ചെയ്യും.നേമത്തും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും പാലക്കാട്ടുമൊക്കെ ബിജെപിയെ തോൽപ്പിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളും ജയിക്കാനായി ബിജെപിയും അവിശുദ്ധ ബന്ധങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കാം.അത് രാഷ്ട്രീയസദാചാരമായി കണാനെ കഴിയുള്ളു.


ചിത്രം ഇങ്ങനെയായിരിക്കെ ആദർശങ്ങളും അച്ചടക്കവും കേഡർ സംവിധാനവുമെല്ലാം തകരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.ഇന്നലെവരെ മാർക്സിസ്റ്റായിരുന്ന ആള്‍ ഇന്ന് ബിജെപിയിലോ കോണ്‍ഗ്രസിലോ പോകുന്നു.അതുപോലെ മറിച്ചും.ആശയങ്ങള്‍ക്ക് മരണം സംഭവിക്കുകയും വ്യക്തികള്‍ നിറംമാറുകയും ചെയ്യുന്ന ഈ കാലത്ത് നിക്ഷ്പക്ഷ വോട്ടർമാർ ആശങ്കയിലാണ്.ആർക്ക് വോട്ടുചെയ്യും?വ്യക്തികളെ നോക്കിയോ നിലപാടുകള്‍ നോക്കിയോ? അവർ ചെയ്യുന്ന വോട്ടുകളാകും ഒരു പക്ഷെ തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന നിർണ്ണായക ശക്തിയായിത്തീരുക.ഏതായാലും മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

No comments:

Post a Comment