ഐക്യരാഷ്ട്ര സഭ ശരശയ്യയിലോ ?
------------------------------------------
n വി.ആര്‍.അജിത് കുമാര്‍
(2026 ഫെബ്രുവരി 15-22 ലക്കം കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനം)
അമേരിക്കയും സോവിയറ്റ് യൂണിയനും പ്രബലശക്തികളായി പരസ്പ്പരം പോരടിച്ച ശീതയുദ്ധകാലത്ത് ലോകസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ഉറച്ച നിലപാടെടുക്കാന്‍ പരമാവധി ശ്രമിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമെന്നേ പറയാന്‍ കഴിയൂ.ശരശയ്യയില്‍ കിടന്ന ഭീഷ്മര്‍ക്ക് അദ്ദേഹം നിശ്ചയിക്കുന്ന സമയത്തേ മരണം വരിക്കാന്‍ കഴിയൂ എന്ന് വരമുണ്ടായിരുന്നപോലെ,ഐക്യരാഷ്ട്ര സഭയും ശരശയ്യയിലാണ്.ഇനി അതിലെ അംഗങ്ങള്‍ സ്വയം തീരുമാനമെടുത്താലെ സംഘടന മരണപ്പെടൂ എന്ന് സാരം.ഇത്തരമൊരു ദുരവസ്ഥയിലേക്ക് ഐക്യരാഷ്ട്ര സഭ എത്തിപ്പെട്ടത് അത് പ്രവര്‍ത്തിക്കുന്നതിന് മുന്തിയ സാമ്പത്തിക സംഭാവന നല്‍കുന്ന രാജ്യങ്ങളോടുള്ള കടുത്തകൂറും ജനാധിപത്യപരമല്ലാത്ത ചട്ടക്കൂടുമാണ് എന്നു പറയാം.യുണൈറ്റഡ് നേഷന്‍സ് അഥവാ യുഎന്നിന് പ്രധാന ഫണ്ടിംഗ് ലഭ്യമാക്കുന്നത് അമേരിക്കയാണ്.അതുകൊണ്ടുതന്നെ അമേരിക്കയുടെ താത്പ്പര്യങ്ങള്‍ക്കാണ് എക്കാലത്തും മുന്‍ഗണന ലഭിച്ചിരുന്നതും.എന്നാല്‍ ട്രമ്പിംഗ് അമേരിക്ക യുഎന്നിനുള്ള സഹായം പടിപടിയായി വെട്ടിക്കുറയ്ക്കുകയാണ്.ആ ഗ്യാപ്പിലേക്ക് കടന്നുകയറുന്നത് ചൈനയാണ്.യുഎന്നിന്‍റെ മിക്ക സഹസ്ഥാപനങ്ങളിലും ചൈന പിടിമുറുക്കി കഴിഞ്ഞു. യുഎന്നിന്‍റെ പതിനഞ്ച് ഏജന്‍സികളില്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍,യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍,ഇന്‍റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍,ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയെ ഇപ്പോള്‍ ചൈനയാണ് നിയന്ത്രിക്കുന്നത്.യുഎന്നിന്‍റെ 15 പ്രധാന ഏജന്‍സികളില്‍ ഒന്‍പതിലും ചൈനയ്ക്ക് പ്രാതിനിധ്യമുണ്ട്. ഇതിന് പുറമെ യുഎന്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍റ് സോഷ്യല്‍ അഫയേഴ്സും ചൈനയാണ്.ചൈന അവരുടെ സമ്പത്ത് പ്രയോജനപ്പെടുത്തി ആഗോള വികസന സംരംഭത്തിന്‍റെ ഭാഗമായി അറുപതോളം രാജ്യങ്ങളെ ഇപ്പോള്‍ത്തന്നെ സ്വന്തം കൂടയിലാക്കിയിട്ടുമുണ്ട്.അമേരിക്ക സാമ്പത്തിക സഹായം പിന്‍വലിക്കുന്ന യുഎന്നിന്‍റെ ഓരോ മേഖലയിലും സഹായം വര്‍ദ്ധിപ്പിച്ച് ചൈന പിടിമുറുക്കുകയാണ്.അതിന് ആക്കം കൂട്ടുന്നതാണ് ട്രമ്പിന്‍റെ പുതിയ സമാധാന ബോര്‍ഡ്.ട്രമ്പ് സ്ഥിരം ചെയര്‍മാനായി സ്വയം പ്രഖ്യാപിച്ച പീസ് ബോര്‍ഡ് ലോകത്ത് സമാധാനം കൊണ്ടുവരുമോ അതോ തനിക്കൊപ്പമുള്ളവര്‍, തന്നെ എതിര്‍ക്കുന്നവര്‍ എന്ന മട്ടില്‍ രാജ്യങ്ങളെ വിഘടിപ്പിക്കുമോ എന്നതാണ് ഇനി അറിയേണ്ടകാര്യം. ഏതായാലും യുഎന്നിന് ഇത്തരത്തില്‍ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഏകാധിപതികളുടെ സുരക്ഷകൌണ്‍സില്‍
---------------------------------------------------------
സുരക്ഷകൌണ്‍സില്‍ എന്ന വിചിത്രമായ സംവിധാനം യുഎന്നിന്‍റെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്ന ഏകാധിപതികളുടെ കൂട്ടായ്മയായി നിലനില്‍ക്കുന്നതാണ് പ്രസ്ഥാനത്തിനെ തളര്‍ത്തുന്ന പ്രധാന ഘടകം.സുരക്ഷാ കൌണ്‍സിലിലെ പതിനഞ്ച് അംഗങ്ങളില്‍ അഞ്ച് സ്ഥിരാംഗങ്ങളും പത്തുപേര്‍ പൊതുസഭയുടെ തെരഞ്ഞെടുപ്പിലൂടെ മാറിമാറി വരുന്നവരുമാണ്.സ്ഥിരാംഗങ്ങള്‍ക്കാണ് സമിതിയില്‍ വീറ്റോഅധികാരമുള്ളത്.അതുകൊണ്ടുതന്നെ കൌണ്‍സിലില്‍ പാസ്സാകുന്ന പ്രമേയങ്ങള്‍ സ്ഥിരാംഗങ്ങളുടെ താത്പ്പര്യം സംരക്ഷിക്കുന്നതോ അവര്‍ക്ക് പ്രത്യേക താത്പ്പര്യമില്ലാത്ത വിഷയങ്ങളോ ആകുന്നതും.കൌണ്‍സിലില്‍ തെരഞ്ഞെടുപ്പിലൂടെ വന്ന ഭൂരിപക്ഷാംഗങ്ങള്‍ വെറുംകാഴ്ചക്കാര്‍ മാത്രം.സൈദ്ധാന്തികമായി നോക്കിയാല്‍,വീറ്റോ അധികാരം മാറ്റിനിര്‍ത്തിയാല്‍,ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന സഭയാണ് സുരക്ഷാകൌണ്‍സില്‍.ആഫ്രിക്കയ്ക്ക് മൂന്ന്,ഏഷ്യ-പസഫിക്കിന് രണ്ട്,ലാറ്റിനമേരിക്കയ്ക്കും കരീബിയയ്ക്കുമായി രണ്ട്,പടിഞ്ഞാറന്‍ യൂറോപ്പിനും മറ്റുമായി രണ്ട്,കിഴക്കന്‍ യൂറോപ്പിന് ഒന്ന് എന്ന മട്ടിലാണ് പത്ത് അംഗങ്ങളുടെ പ്രാതിനിധ്യം.രണ്ട് വര്‍ഷമാണ് കാലാവധി.എല്ലാ വര്‍ഷവും കാലാവധി അവസാനിക്കുന്ന അംഗങ്ങള്‍ക്ക് പകരമായി പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കും.ഇതിന് പൊതുസഭയിലെ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ പിന്തുണയുമുണ്ടാകണം.
വീറ്റോ എന്ന കെണി
യുഎന്‍ ചാര്‍ട്ടറില്‍ വീറ്റോ എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ഇല്ല.ആര്‍ട്ടിക്കിള്‍ 27 ല്‍ പറയുന്നത് എല്ലാ പ്രാധാന്യമുള്ള വിഷയങ്ങളിലും സ്ഥിരാംഗങ്ങളുടെ യോജിച്ച വോട്ട് ആവശ്യമാണ് എന്നാണ്.സ്ഥിരാംഗങ്ങളില്‍ ഒരാള്‍ എതിര്‍ക്കുകയും മറ്റ് പതിനാല് അംഗങ്ങളും അനുകൂലിക്കുകയും ചെയ്താലും പ്രമേയം പരാജയപ്പെടും. എന്നാല്‍ എതിര്‍ക്കുന്നതിന് പകരം വിട്ടുനിന്നാല്‍ പ്രമേയം പാസ്സാവുകയും ചെയ്യും. പാലസ്തീന്‍-ഇസ്രയേല്‍ യുദ്ധം,റഷ്യ-ഉക്രയിന്‍ യുദ്ധം,സിറിയന്‍ ആഭ്യന്തരയുദ്ധം,ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി സുരക്ഷ കൌണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ക്ക് പരസ്പ്പരവിരുദ്ധമായ താത്പ്പര്യങ്ങളുള്ള സംഗതികളില്‍ ശരിയായ നിലപാടെടുക്കാന്‍ കഴിയാതെ യുഎന്‍ നിശ്ചലവസ്ഥയിലാകുന്ന അവസ്ഥയാണ് പലപ്പോഴുമുണ്ടാകുന്നത്. 2011 മുതല്‍ സിറിയക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതോ യുദ്ധക്കുറ്റങ്ങള്‍ക്ക് സിറിയന്‍ സര്‍ക്കാരിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതോ ആയ പ്രമേയങ്ങള്‍ 15 തവണയാണ് റഷ്യയും ചൈനയും ചേര്‍ന്ന് വീറ്റോ ചെയ്തത്.2014 ല്‍ ക്രിമിയ പിടിച്ചെടുത്തതിനും 2022 ല്‍ ഉക്രയിനിലേക്ക് അധിനിവേശം നടത്തിയതിനും റഷ്യയെ അപലപിക്കുകയും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയങ്ങളെ റഷ്യതന്നെ വീറ്റോ ചെയ്യുകയായിരുന്നു.1995 ല്‍ സെബ്രനിക്കയില്‍ നടന്ന കൂട്ടക്കൊല സെര്‍ബിയന്‍ സേന നടത്തിയ ബോസ്നിയന്‍ മുസ്ലിങ്ങളുടെ വംശഹത്യയാണ് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താനുള്ള 2015 ലെ പ്രമേയത്തെയും രാഷ്ട്രീയപ്രേരിതം എന്ന് പറഞ്ഞ് റഷ്യ വീറ്റോ ചെയ്തു.ഇസ്രയേലി കുടിയേറ്റ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതോ ഇടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതോ ആയ പ്രമേയങ്ങള്‍ തടയാന്‍ അമേരിക്ക ഡസന്‍ കണക്കിന് തവണ വീറ്റോ ഉപയോഗിച്ചു.മറ്റൊരു രീതി സൈലന്‍റ് വീറ്റോ ആണ്.ഒരു രാജ്യത്തിനെതിരെ പ്രമേയം വന്നാല്‍ വീറ്റോ ചെയ്യും എന്ന് ഭീഷണി മുഴക്കുക എന്നതാണ് രീതി.ടിബറ്റിലെ സാഹചര്യം,മധ്യ ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്.ചൈനയാണ് ഈ സമീപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
സുരക്ഷ കൌണ്‍സില്‍ നിശ്ചലമാകുമ്പോള്‍ സമാധാനത്തിനായി ഒന്നിക്കാന്‍ പൊതുസഭയ്ക്ക് അധികാരം നല്കുന്ന പ്രമേയം 377 എ പാസ്സാക്കിയത് കൊറിയന്‍ യുദ്ധസമയത്ത് സോവിയറ്റ് യൂണിയന്‍ ഈ വിഷയത്തില്‍ വീറ്റോ പ്രയോഗിക്കാതിരുന്നതിനാലാണ്.സുരക്ഷ കൌണ്‍സില്‍ സ്തംഭിച്ചാല്‍ പൊതുസഭയുടെ ഒരു പ്രത്യേക സമ്മേളനം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിളിക്കാന്‍ ഈ നിയമം അനുവദിക്കുന്നു.ഇതിനായി സുരക്ഷ കൌണ്‍സിലിലെ ഒന്‍പത് അംഗങ്ങള്‍ വോട്ട് ചെയ്യുകയോ പൊതുസഭയിലെ ഭൂരിപക്ഷാംഗങ്ങള്‍ ആവശ്യപ്പെടുകയോ ചെയ്യണം.സമാധാനം പുന:സ്ഥാപിക്കുന്നതിന് സായുധസേനയുടെ ഉപയോഗം ഉള്‍പ്പെടെയുള്ള കൂട്ടായ നടപടിക്ക് പൊതുസഭയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയും.എന്നാല്‍ ഒരംഗരാജ്യത്തെ ഇതിനായി സൈന്യത്തെ അയയ്ക്കാനോ സാമ്പത്തികം നല്കാനോ നിര്‍ബ്ബന്ധിക്കാന്‍ കഴിയില്ല.ഈ സംവിധാനം ഇതുവരെ പതിനൊന്നു തവണ ഉപയോഗിച്ചിട്ടുണ്ട്.1956 ല്‍ സൂയസ് കനാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഫ്രാന്‍സും യുകെയും ഈജിപ്തില്‍ വെടിനിര്‍ത്തല്‍ വീറ്റോ ചെയ്തെങ്കിലും വെടിനിര്‍ത്തലിന് മേല്നോട്ടം വഹിക്കാന്‍ പൊതുസഭ ആദ്യമായി യുഎന്നിന്‍റെ അടിയന്തിര സേന സൃഷ്ടിച്ചു.1980 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങണം എന്ന് യുഎസ്എസ്സാറിനോട് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്തെങ്കിലും അധിനിവേശത്തെ അപലപിച്ചുകൊണ്ട് പൊതുസഭ വന്‍ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കി.1997 മുതല്‍ ഇതുവരെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെ യുഎസ് നിരന്തരം വീറ്റോ ചെയ്യുന്നതിനാല്‍ പത്താമത് അടിയന്തിര പൊതുസഭ പലതവണ മാറ്റിവയ്ക്കുകയും റീഓപ്പണ്‍ ചെയ്യുകയും ചെയ്തിരുന്നു.2022 ല്‍ ഉക്രയിന്‍ അധിനിവേശത്തിനെതിരായ പ്രമേയം റഷ്യ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പതിനൊന്നാമത് സമ്മേളനം ചേര്‍ന്ന് റഷ്യയോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു.പ്രമേയംകൊണ്ട് വലിയ ഗുണമില്ലെങ്കിലും വീറ്റോ പ്രയോഗിക്കുന്ന രാജ്യത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കുന്നു എന്നത് അവര്‍ക്ക് ധാര്‍മ്മികവും രാഷ്ട്രീയവുമായ തിരിച്ചടിയാകുന്നു.എന്നുമാത്രമല്ല,പ്രമേയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഇത് നിയമപരമായ പച്ചക്കൊടിയും നല്കുന്നു.
2022 ഏപ്രില്‍ 26നാണ് വീറ്റോ ഇനിഷിയേറ്റീവ് എന്ന പുതിയ നടപടി വന്നത്.ലിച്ചെന്‍സ്റ്റൈന്‍ എന്ന രാജ്യമാണ് ഇത് അവതരിപ്പിച്ചത്.ഫ്രാന്‍സ്,യുകെ,യുഎസ് തുടങ്ങി എണ്‍പത്തിമൂന്ന് രാജ്യങ്ങള്‍ സഹസ്പോണ്‍സര്‍മാരായി.ഇതനുസരിച്ച് ഏതെങ്കിലും സ്ഥിരാംഗം വീറ്റോ പ്രയോഗിച്ചാല്‍ അവര്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൊതുസഭയിലെത്തി അവരുടെ ന്യായവാദം അവതരിപ്പിക്കണം.ചര്‍ച്ചയ്ക്ക് എഴുപത്തിരണ്ട് മണിക്കൂര്‍ മുന്നെ വീറ്റോ സംബ്ബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് സുരക്ഷ കൌണ്‍സില്‍ നല്‍കുകയും വേണം.വീറ്റോയെ പൊതുസഭയുടെ മുന്നില്‍ വിശദീകരിക്കേണ്ടി വരുന്നതിലെ ധാര്‍മ്മിക ഉത്തരവാദിത്തമാണ് ഇവിടെ പ്രധാനം.നേരത്തേ അവ്യക്തമായിരുന്ന വീറ്റോ നടപടി ഇപ്പോള്‍ സുതാര്യമാകുന്നു എന്നത് പ്രധാനമാണ്.എല്ലാ അംഗരാജ്യങ്ങള്‍ക്കും വീറ്റോ സംബ്ബന്ധിച്ച് അഭിപ്രായം പറയാന്‍ ഇതുവഴി അവസരവും ലഭിക്കുന്നു.കുറഞ്ഞപക്ഷം ചര്‍ച്ചകളിലെങ്കിലും പൊതുസഭയ്ക്ക് പ്രാധാന്യം ലഭിക്കുന്നു.2023-25 കാലത്ത് യെമന്‍,ഗാസ,ഉക്രയിന്‍ എന്നീ വിഷയങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നു.നിയമപരമായി വീറ്റോകളെ പരിമിതപ്പെടുത്തുകയോ ഫലങ്ങളെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെങ്കിലും സുരക്ഷ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തബോധമുണ്ടാകാന്‍ ഇത് ഉപകരിക്കുന്നു.
പൊതുസഭയില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങള്‍ക്കും തുല്യപ്രാതിനിധ്യമാണുള്ളത്.യുഎന്നില്‍ ആദ്യം ചേര്‍ന്ന അന്‍പത്തിയൊന്ന് രാജ്യങ്ങളില്‍ ബലാറസും ഉക്രയിനും സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നെങ്കിലും കൂടുതല്‍ വോട്ടിംഗ് പവര്‍ ലഭിക്കാനായി ഇവ പ്രത്യേകം രാജ്യങ്ങളായാണ് അംഗത്വം നേടിയത്.റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു മറ്റൊരംഗം.1971 ലാണ് തെയ്വാന്‍ അഥവാ റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് പകരം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കാന്‍ പൊതുസഭ തീരുമാനിച്ചത്.ഇന്ത്യയും ഫിലിപ്പീന്‍സും ബ്രിട്ടീഷ് കോളനികള്‍ ആയിരുന്നെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി കണക്കാക്കി അംഗത്വം നല്കുകയായിരുന്നു.അന്ന് അംഗമായ യുഗോസ്ലാവിയ,ചെക്കോസ്ലാവാക്യ എന്നീ രാജ്യങ്ങള്‍ 1990കളില്‍ പല രാജ്യങ്ങളായി മാറുകയും അവരെയെല്ലാം പുതിയ അംഗങ്ങളായി സഭയില്‍ ചേര്‍കയായിരുന്നു.
യുഎന്‍ പൊതുസഭ ജനാധിപത്യപരമായ നിലപാടെടുത്ത് ഒരംഗത്തിന് ഒരോട്ട് എന്ന രീതി സ്വീകരിക്കുകയും എന്നാല്‍ യുഎന്‍ ശക്തികേന്ദ്രമായ സുരക്ഷ കൌണ്‍സിലില്‍ സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരം നല്കുകയും ചെയ്തത് ആദര്‍ശവാദത്തിനും യാഥാര്‍ത്ഥ്യവാദത്തിനും ഇടയിലുള്ള അകലം തുറന്നുകാട്ടുന്നതാണ്.സാങ്കേതികമായി സുരക്ഷ കൌണ്‍സില്‍ തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്നു കാണാം.ഒരു ലോകസര്‍ക്കാരോ ശുദ്ധമായ ജനാധിപത്യ സംവിധാനമോ അല്ല യുഎന്‍. അത് ആരംഭിച്ചവരുടെ ലക്ഷ്യം ഒരു മൂന്നാം ലോകമഹായുദ്ധം സംഭവിക്കരുത് എന്നതായിരുന്നു.അതുകൊണ്ടുതന്നെ അന്നത്തെ പ്രബല കക്ഷികള്‍ അവരുടെ ദേശീയ താത്പ്പര്യത്തിനോ പ്രാദേശിക താത്പ്പര്യത്തിനോ എതിരായ നിലപാടുകള്‍ കൂട്ടായി എടുക്കുമ്പോള്‍ അവര്‍ യുഎന്നില്‍ നിന്നും പുറത്തുപോകാതിരിക്കാനുള്ള സുരക്ഷ വാല്‍വ് എന്ന നിലയിലാണ് അഞ്ച് പ്രമുഖ രാജ്യങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയത്.ആ പാരിതോഷികമാണ് അവരെ കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നതും.രണ്ടാം ലോകമഹായുദ്ധത്തിലെ പ്രാഥമിക വിജയികളെയാണ് 1945 ല്‍ വലിയ സൈനിക-സാമ്പത്തിക ശക്തികളായി കണക്കാക്കിയിരുന്നത്.അവരാണ് സുരക്ഷകൌണ്‍സിലിലെ സ്ഥിരാംഗങ്ങളായതും.യുഎസിനും യുകെയ്ക്കും പുറമെ യൂറോപ്യന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ യുകെയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫ്രാന്‍സ് കൌണ്‍സിലില്‍ വന്നത്.റിപ്പബ്ലിക് ഓഫ് ചൈന ലോകത്തിലെ വലിയ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ അംഗമായി.മാവോ സേതുങ് ആഭ്യന്തര കലാപത്തിലൂടെ രാജ്യം പിടിച്ചതോടെ ഭരണാധികാരികള്‍ തെയ്വാനിലേക്ക് പലായനം ചെയ്തു.തുടര്‍ന്നാണ് 1971 ലാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് കൌണ്‍സില്‍ പദവി നല്‍കിയത്.സോവിയറ്റ് യൂണിയനായിരുന്നു മറ്റൊരു സ്ഥിരാംഗം.1991 ല്‍ യുഎസ്എസ്ആര്‍ പിരിച്ചുവിട്ടതോടെ ആ സ്ഥാനം റഷ്യക്കായി.
എന്നാല്‍ 1945 ലെ പ്രബലരില്‍ പലരും ഇന്നത്തെ പരിതസ്ഥിതിയില്‍ കാലഹരണപ്പെട്ടവരാണ് എന്നതാണ് സത്യം.ഇന്ത്യ,ജപ്പാന്‍,ജര്‍മ്മനി തുടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശക്തികളെയും ആഫ്രിക്ക,ദക്ഷിണ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളേയും ഒഴിവാക്കിയുള്ള സ്ഥിരാംഗസമിതി ലോകരാജ്യങ്ങളെ ഒട്ടാകെ ഉള്‍ക്കൊള്ളുന്നില്ല എങ്കിലും മാറ്റത്തിന് തയ്യാറാകുന്നില്ല.പൊതുവെ ലോകക്രമത്തില്‍ കാണുന്ന അസമത്വം ഇവിടെയും നിലനില്‍ക്കുന്നു.യുഎന്‍ ചാര്‍ട്ടര്‍ എല്ലാ അംഗങ്ങളുടെയും പരമാധികാര സമത്വം പറയുന്നുണ്ടെങ്കിലും വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ സൂപ്പര്‍ പൌരന്മാരായി മാറുന്നു എന്നതാണ് സത്യം.ജനാധിപത്യക്കമ്മിയുള്ള യുഎന്നില്‍ വീറ്റോ ചെയ്യുന്ന രാജ്യം അവരുടെ നിലപാട് പൊതുസഭയില്‍ അവതരിപ്പിക്കുകയും അതിന് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം അതംഗീകരിക്കുകയും ചെയ്യുന്ന ഒരു രീതിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.പുതിയ സ്ഥിരാംഗങ്ങളെ ചേര്‍ക്കേണ്ടതും അനിവാര്യമാണ്.
സുരക്ഷ കൌണ്‍സില്‍ അംഗത്വത്തിന് ഇന്ത്യക്ക് തടസ്സം ചൈന
---------------------------------------------------------------------------
സുരക്ഷ കൌണ്‍സിലില്‍ റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് പകരം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന വരണം എന്ന് വാദിച്ചവരില്‍ പ്രധാനി ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവായിരുന്നു.അതില്‍ ഒരു ശരിയുമുണ്ട്.നാടുകടത്തപ്പെട്ട ഭരണകൂടത്തിന് പകരം ചൈന ഭരിക്കുന്നവരാകണമല്ലോ ആ സ്ഥാനത്തിന് അര്‍ഹര്‍.1950 ല്‍ ചൈനയെ ഒഴിവാക്കി ഇന്ത്യയെ സ്ഥിരാംഗമാക്കാന്‍ യുഎസ് ആഗ്രഹിച്ചിരുന്നു.അതവരുടെ താത്പ്പര്യമായിരുന്നു.ആ കെണിയില്‍ ഇന്ത്യ വീണില്ല.ചൈനയെ മാറ്റിനിര്‍ത്തി പകരം ഇന്ത്യക്ക് അംഗത്വം വേണ്ട എന്നതായിരുന്നു നെഹ്റുവിന്‍റെ നിലപാട്.യുഎസ് നിര്‍ദ്ദേശത്തെ അനുകൂലിച്ചാല്‍ ശക്തനായ ഒരയല്‍ക്കാരന്‍ സ്ഥിര ശത്രുവാകുമെന്നും അത് ഏഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും നെഹ്റു മനസ്സിലാക്കിയിരുന്നു.1955 ല്‍ സോവിയറ്റ് നേതാവ് നിക്കോളാസ് ബെര്‍ഗാനിന്‍ ഇന്ത്യയെ ആറാമത്തെ സ്ഥിരാംഗമാക്കാന്‍ നിര്‍ദ്ദേശിച്ചു.പുതിയൊരു സ്ഥിരാംഗത്തെ ചേര്‍ക്കണമെങ്കില്‍ യുഎന്‍ ചാര്‍ട്ടറില്‍ ഭേദഗതി വേണ്ടിവരും.അത് എളുപ്പമല്ല എന്നും നെഹ്റു മനസ്സിലാക്കിയിരുന്നു.ചേരിചേരാ പ്രസ്ഥാനത്തിനും ഏഷ്യന്‍ ഐക്യദാര്‍ഢ്യത്തിനുമായിരുന്നു ആ കാലത്ത് ഇന്ത്യ മുന്‍ഗണന നല്‍കിയിരുന്നത്.1971 ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ സ്ഥിരാംഗമായി അംഗീകരിക്കുന്നതുവരെ ഇന്ത്യ അതിനായി നിരന്തരം വാദിച്ചു.എന്നാല്‍ അതേ ചൈനതന്നെയാണ് ഇന്ത്യയുടെ സ്ഥിരാംഗമാകാനുള്ള ശ്രമത്തിന് തടസ്സം നില്‍ക്കുന്നതും.മറ്റ് നാല് സ്ഥിരാംഗങ്ങളും ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കുമ്പോഴും ചൈന വലിയതോതില്‍ ഇതിനെ എതിര്‍ക്കുകയാണ്.ഇപ്പോള്‍ സ്ഥിരാംഗമാകാന്‍ ശ്രമിക്കുന്ന ജി-4 രാജ്യങ്ങളായ ഇന്ത്യയും ജപ്പാനും ജര്‍മ്മനിയും ബ്രസീലും തികച്ചു അതിന് യോഗ്യരാണ് എന്നതാണ് സത്യം.
യുഎന്‍ ബജറ്റിലും സമാധാനപരിപാലന ദൌത്യത്തിലും ഗണ്യമായ സംഭാവന നല്‍കുന്ന ആധുനിക ശക്തികളെ ഉള്‍പ്പെടുത്തി സമിതി വികസിപ്പിക്കണം എന്ന വാദം ന്യായമാണ്.ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും സമാധാന സേനയ്ക്ക് കൂടുതല്‍ അംഗങ്ങളെ നല്‍കുന്ന രാജ്യവും ഇന്ത്യയാണ്.യുഎന്‍ ബജറ്റിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ജപ്പാനും ജര്‍മ്മനിയും ഉള്‍പ്പെടുന്നു.സ്ഥിരാംഗങ്ങളില്ലാത്ത ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കുന്ന സാമ്പത്തിക ശക്തിയാണ് ബ്രസീല്‍.തങ്ങള്‍ക്ക് അംഗത്വം മാത്രമല്ല പരിഷ്ക്കരണവും ജി-4 മുന്നോട്ടുവയ്ക്കുന്നു.കൌണ്‍സില്‍ അംഗങ്ങളെ പതിനഞ്ചില്‍ നിന്നും ഇരുപത്തിയാറാക്കുക,സ്ഥിരാംഗങ്ങളായി ജി-4 ന് പുറമെ പ്രബലരായ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി പതിനൊന്നാക്കുക എന്നിവയാണ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍.സ്ഥിരാംഗമായാലും പതിനഞ്ച് വര്‍ഷത്തേക്ക് വീറ്റോ അധികാരം വേണ്ട എന്ന നിര്‍ദ്ദേശവും ജി-4 രാജ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.ജി–4ന്‍റെ ശ്രമത്തിന് പ്രത്യക്ഷത്തില്‍ എതിര്‍പ്പുകളില്ലെങ്കിലും പാകിസ്ഥാനും ഇറ്റലിയും സ്പെയിനും അര്‍ജന്‍റീനയും മെക്സിക്കോയും ദക്ഷിണ കൊറിയയും ചേര്‍ന്നൊരു കോഫി ക്ലബ്ബ് വലിയതോതില്‍ അണ്ടര്‍ഗ്രൌണ്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്.ഇന്ത്യ അംഗമാകുന്നതിനെ പാകിസ്ഥാനും ജര്‍മ്മനിയെ ഇറ്റലിയും സ്പെയിനും എതിര്‍ക്കുമ്പോള്‍ അര്‍ജന്‍റീനയും മെക്സിക്കോയും ബ്രസീലിനെയും ദക്ഷിണ കൊറിയ ജപ്പാനെയും എതിര്‍ക്കുന്നു.ഇറ്റലിയും സ്പെയിനും പറയുന്നത് യൂറോപ്യന്‍ യൂണിയനാണ് അംഗമാകേണ്ടത് എന്നാണ്.
ഐക്യരാഷ്ട്ര സഭയുടെ ചരിത്രം
---------------------------------------------
1945 ല്‍ സ്ഥാപിതമായ ഒരന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്ര സഭ.നിലവില്‍ 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്രസഭയും അതിന്‍റെ പ്രവര്‍ത്തനങ്ങളും അതിന്‍റെ ചാര്‍ട്ടറില്‍ അടങ്ങിയിരിക്കുന്ന ഉദ്ദേശങ്ങളും തത്വങ്ങളുമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ലോകത്ത് ആകെയുള്ള 195 (തെയ്വാനും കൊസോവയും ഉള്‍പ്പെടുത്തിയാല്‍ 197) രാജ്യങ്ങളില്‍ 193 എണ്ണവും യുഎന്നിന്‍റെ ഭാഗമാണ്.വത്തിക്കാന്‍ സിറ്റിയും പാലസ്ഥീനും ഒബ്സര്‍വര്‍ സ്റ്റേറ്റുകളുമാണ്.1945 ല്‍ അന്‍പത്തിയൊന്ന് അംഗരാജ്യങ്ങളുമായി തുടങ്ങിയ യുഎന്‍, സുരക്ഷാകൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം പൊതുസഭയുടെ തീരുമാനത്തിലൂടെയാണ് ഓരോ രാജ്യത്തിനും അംഗത്വം നല്‍കുന്നത്.സമാധാനം,നീതി,ബഹുമാനം,മനുഷ്യാവകാശങ്ങള്‍,സഹിഷ്ണത,ഐക്യദാര്‍ഢ്യം എന്നിവ പുലരുന്ന ഒരു ലോകം വരുംതലമുറയ്ക്ക് നല്കുക എന്നതാണ് യുഎന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇനിയൊരു യുദ്ധമുണ്ടാകരുത് എന്ന കരുതലിലാണ് 1920 ല്‍ ലീഗ് ഓഫ് നേഷന്‍സ് ആരംഭിച്ചത്.58 രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയില്‍ അമേരിക്ക പങ്കാളിയായിരുന്നില്ല.ജര്‍മ്മനിയും ജപ്പാനും ഇറ്റലിയും പിന്‍മാറുകയും സോവിയറ്റ് യൂണിയനെ പുറത്താക്കുകയും ചെയ്തതോടെ ശിഥിലമായ ലീഗ് ഓഫ് നേഷന്‍സിന് രണ്ടാം ലോകമഹായുദ്ധം ഒഴിവാക്കാനും കഴിഞ്ഞില്ല.ഇത്തരത്തില്‍ കാലഹരണപ്പെട്ട ലീഗ് ഓഫ് നേഷന്‍സിന് പകരമാണ് യുഎന്‍ എന്ന ആശയം പിറന്നത്.1941 ലെ അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍ പ്രകാരമാണിത് രൂപപ്പെട്ടത്.യുഎസ് പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ചേര്‍ന്നാണ് ചാര്‍ട്ടറിന് രൂപം നല്‍കിയത്.സ്വയം നിര്‍ണ്ണായകാവകാശം,സാമ്പത്തിക സഹകരണം,ഭയത്തില്‍ നിന്നും ഇല്ലായ്മയില്‍ നിന്നുമുള്ള മോചനം എന്നീ ലക്ഷ്യത്തോടെ ഒരു യുദ്ധാനന്തര ലോകമുണ്ടാക്കണം എന്നതായിരുന്നു പ്രഖ്യാപനത്തിന്‍റെ സത്ത. 1942ല്‍ ജര്‍മ്മനി,ഇറ്റലി,ജപ്പാന്‍ എന്ന അച്ചുതണ്ട് ശക്തികള്‍ക്കെതിരെ പോരാടാന്‍ ഇരുപത്തിയാറ് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രതിജ്ഞയെടുത്തപ്പോള്‍ തന്നെ യുഎന്നിന് അനൌദ്യോഗിക തുടക്കമായി.1944ല്‍ ഡംബാര്‍ട്ടന്‍ ഓക്സിലും 1945 ല്‍ യാള്‍ട്ടയിലും നടന്ന സമ്മേളനങ്ങളില്‍ ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും സോവിയറ്റ് യൂണിയനും റിപ്പബ്ലിക് ഓഫ് ചൈനയും ചേര്‍ന്നാണ് പൊതുസഭ, സുരക്ഷാകൌണ്‍സില്‍ എന്നിവയുടെ ഘടന ഉള്‍പ്പെടെ യുഎന്നിന്‍റെ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയത്.അമേരിക്കന്‍ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്,യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍,യുഎസ്എസ്ആര്‍ പ്രസിഡന്‍റ് ജോസഫ് സ്റ്റാലിന്‍ എന്നിവരായിരുന്നു നേതൃത്വം കൊടുത്തത്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോര്‍ഡന്‍ ഹാളായിരുന്നു കോഓര്‍ഡിനേറ്റര്‍.അദ്ദേഹത്തിന് ഈ പ്രവര്‍ത്തനത്തിന് 1945ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചിരുന്നു.
സൈദ്ധാന്തികമായി ലോകസമാധാനവും ജനാധിപത്യവുമൊക്കെയാണ് യുഎന്‍ മുന്നോട്ടുവയ്ക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.സഭയ്ക്ക് തുടക്കമിട്ട ഒരു കൂട്ടം നേതാക്കന്മാരുടെയും അവരുടെ രാജ്യങ്ങളുടെയും താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനായി കെട്ടിഉയര്‍ത്തിയ ചീട്ടുകൊട്ടാരം പോലെയാണ് യുഎന്‍ നിലനില്‍ക്കുന്നത്.എന്നിട്ടും അതിപ്പോഴും ഞാണിന്മേല്‍ കളിയിലൂടെ ആടിയും ഉലഞ്ഞും നിലനില്‍ക്കുന്നു എന്നത് അതിശയമാണ്. വാസ്തവത്തില്‍ ലോകത്തിലെ ഉയര്‍ന്ന ചിന്താപദ്ധതികളുടെ ഇന്‍ഫ്ലുവന്‍സേഴ്സ് ആയ കുറേ ബുദ്ധിജീവികളും വിവിധ രാജ്യങ്ങളുടെ താത്പ്പര്യ സംരക്ഷകരും സുഖമായി വാഴുന്ന ഒരു വലിയ സാമ്രാജ്യം എന്നതിനപ്പുറം ഇന്നത്തെ ലോകത്ത് യുഎന്നിന് പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കയാണ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുഗുണമാകുംവിധം അതിന്‍റെ അലകുംപിടിയും മാറ്റിയാല്‍ മാത്രമെ യുഎന്നിന് ലോകസമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നൊരു പ്രസ്ഥാനമായി തുടരാന്‍ കഴിയൂ. അപ്പോള്‍ മാത്രമെ ലോകരാഷ്ട്രങ്ങള്‍ക്ക് ഒത്തുചേരാനും പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഇടമായി പ്രസ്ഥാനത്തെ മാറ്റാന്‍ കഴിയൂ.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം നീങ്ങാന്‍ യുഎന്നിന് കഴിയുന്നില്ല എന്നത് നിഷേധിക്കാന്‍ കഴിയില്ല.ഇരുപതാം നൂറ്റാണ്ടിലെ ലോകമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് എന്ന് മനസ്സിലാക്കി മാറാന്‍ യുഎന്‍ മടിക്കുന്നു.എങ്കിലും ലോകരാജ്യങ്ങളെല്ലാം ഒത്തുചേരുന്നതും പൊതുപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതും ഇവിടെയാണ് എന്ന സത്യവും മറക്കാന്‍ കഴിയില്ല.മുഴുവന്‍ മനുഷ്യരാശിയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനോ ആഭ്യന്തര കലഹങ്ങള്‍ ഇല്ലാതാക്കാനോ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടനില നില്‍ക്കാനോ ഉള്ള അധികാരമോ ശേഷിയോ യുഎന്നിനില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ ലോകത്തെ പുനരുജ്ജീവിപ്പിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും മൂന്നാം ലോകയുദ്ധം ഉണ്ടാകുന്നത് തടയിടാനും യുഎന്നിന്‍റെ സാന്നിധ്യം ഉപകരിച്ചെങ്കിലും ശക്തമായ അധികാര കേന്ദ്രങ്ങളും സ്വാര്‍ത്ഥതാത്പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന വലിയ രാജ്യങ്ങളും അതിനെ ദുര്‍ബ്ബലപ്പെടുത്തുന്നത് സ്ഥാപനം ക്ഷയിക്കുന്നതിന്‍റെ സൂചകമാണ്.
യുഎന്‍ സെക്രട്ടറി ജനറല്‍
-------------------------------------
യുഎന്നിന്‍റെ സെക്രട്ടറി ജനറലാണ് അതിന്‍റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.ഇപ്പോള്‍ പോര്‍ച്ചുഗീസുകാരനായ അന്‍റോണിയോ ഗുട്ടെറസ് ആണ് സെക്രട്ടറി ജനറല്‍.സംഘടനയുടെ ആദര്‍ശങ്ങളുടെ പ്രതീകവും ലോകത്തിലെ എല്ലാ ജനങ്ങളുടെയും പ്രത്യേകിച്ച് ദരിദ്രരുടെയും ദുര്‍ബ്ബലരുടെയും വക്താവുമാണ് സെക്രട്ടറി ജനറല്‍.സുരക്ഷ കൌണ്‍സിലിന്‍റെ ശപാര്‍ശപ്രകാരം ജനറല്‍ അസംബ്ലിയാണ് അഞ്ചു വര്‍ഷ കാലാവധിയില്‍ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്.ഒന്‍പതാമത് സെക്രട്ടറി ജനറലായ ഗുട്ടറസിന് കോവിഡ് മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്‍റെ യുഎന്‍ കോഓര്‍ഡിനേഷന്‍ ഫലപ്രദമാക്കാനായി രണ്ടാമത് ഒരു ടേം കൂടി അനുവദിച്ച് നല്കിയിരുന്നു.അത് 2026 ല്‍ അവസാനിക്കുകയാണ്. പൊതുവെ അമേരിക്കയുടെ താത്പ്പര്യത്തിലുള്ളവരാണ് സെക്രട്ടറി ജനറലാകാറുള്ളത്. എന്നാല്‍ ട്രമ്പിന് യുഎന്നിലുള്ള താത്പ്പര്യക്കുറവ് കാരണം പുതിയ സെക്രട്ടറി ജനറല്‍ ആരാകും എന്നതും ഒരു ബംമ്പര്‍ ചോദ്യമാണ്.ആര് വന്നാലും സുരക്ഷ കൌണ്‍സിലിലെ പ്രബലരാജ്യങ്ങളുടെ ഇംഗിതത്തിനനുസരിച്ചേ ഭരിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.പരിമിതമായ അധികാരങ്ങളെ സെക്രട്ടറി ജനറലിന് അനുവദിച്ചിട്ടുള്ളൂ.പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഗുട്ടറസ് സമദൂരനയമല്ല സ്വീകരിക്കുന്നത് എന്ന് യുഎസ് വിശ്വസിക്കുന്നു.ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ജൂതരാജ്യം തകര്‍ക്കണം എന്ന സന്ദേശമുള്ള പെയിന്‍റിംഗ് എക്സിബിഷന്‍ നടന്നത് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.എവിടെയും ധനം ഭരിക്കുന്നു എന്നത് യുഎന്നിനും ബാധകമാണ്.ഏറ്റവുമധികം ഫണ്ട് യുഎന്നിന് നല്‍കുന്ന അമേരിക്കയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയും നേരിട്ടോ അല്ലാതെയോ യുഎന്നിന്‍റേയും സഹസ്ഥാപനങ്ങളുടെയും ഭരണത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തുന്ന കാലത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്.ട്രമ്പിയന്‍ അമേരിക്ക ഇപ്പോള്‍ ഫണ്ടിംഗ് കുറച്ചുകൊണ്ടുവരികയാണ്.ആ ഇടത്തേക്ക് കടന്നുകയറുന്ന ചൈന യുഎന്നില്‍ പിടിമുറുക്കുന്നതോടെ എന്താകും യുഎന്നിന്‍റെ ഭാവി എന്നത് ലോകം ഉത്കണ്ഠയോടെ ചര്‍ച്ച ചെയ്യുന്ന സമയമാണിത്.
ചാര്‍ട്ടറിലെ പ്രധാന ആര്‍ട്ടിക്കിളുകള്‍
-------------------------------------------------------
ആര്‍ട്ടിക്കിള്‍ 2(4) പ്രകാരം ഒരംഗം മറ്റൊരംഗത്തിന്‍റെ അതിര്‍ത്തിയില്‍ കടന്നുകയറുകയോ ആ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ചെയ്യാന്‍ പാടില്ല.നിയമം ഇങ്ങനെയായിരിക്കെ പല രാജ്യങ്ങളും ഇത് മുഖവിലയ്ക്കെടുക്കാറില്ല.ആര്‍ട്ടിക്കിള്‍ 50 പ്രകാരം ഒരു രാജ്യത്തിന് നേരെ സായുധാക്രമണമുണ്ടായാല്‍ പ്രതിരോധത്തിന് അവകാശമുണ്ട്.അന്താരാഷ്ട്ര സമാധാനം നിലനിര്‍ത്തുന്നതിന് ബലപ്രയോഗവും ഉപരോധങ്ങളും ഉപയോഗിക്കാനുള്ള നിയമപരമായ അധികാരവും സുരക്ഷകൌണ്‍സിലിനുണ്ട്.ഒരു രാജ്യത്തിന്‍റെ ദേശീയ പരമാധികാരത്തെ അതിന്‍റെ സമ്മതമില്ലാതെ മറികടക്കാന്‍ അനുവദിക്കുന്ന ഏകഭാഗം ഇതാണ്.ആര്‍ട്ടിക്കിള്‍ 39 പ്രകാരമാണ് സമാധാനത്തിന് ഒരു ഭീഷണിയോ സമാധാനലംഘനമോ ആക്രമണാത്മക പ്രവൃത്തിയോ ഉണ്ടെന്ന് സുരക്ഷകൌണ്‍സില്‍ നിര്‍ണ്ണയിക്കുന്നത്.ആര്‍ട്ടിക്കിള്‍ 40 പ്രകാരം നടപടിയെടുക്കുംമുന്നെ സ്ഥിതി കൂടുതല്‍ വഷളാക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ പോലുള്ള താത്ക്കാലിക നടപടികള്‍ ആവശ്യപ്പെടും.ആര്‍ട്ടിക്കിള്‍ 41 പ്രകാരം സായുധസേനയുടെ ഉപയോഗം ഉള്‍പ്പെടാത്ത നടപടികള്‍ക്ക് കൌണ്‍സിലിന് ഉത്തരവിടാം.സാമ്പത്തിക ഉപരോധം,ആയുധ ഉപരോധം,യാത്രാ ഉപരോധം,നയതന്ത്രബന്ധം വിച്ഛേദിക്കല്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.ആര്‍ട്ടിക്കിള്‍ 42 പ്രകാരം ആവശ്യമായേക്കാവുന്ന വായു,കടല്‍,കര മാര്‍ഗ്ഗ സൈനിക ഇടപെടലിനും അധികാരമുണ്ട്.സ്വന്തമായി സേനയില്ലാത്തതിനാല്‍ അംഗരാജ്യങ്ങള്‍ക്ക് ഇടപെടാനുള്ള അധികാരം നല്കുന്ന പ്രമേയം പാസ്സാക്കുകയാണ് ചെയ്യുക.1950 ലെ കൊറിയന്‍ യുദ്ധത്തിലും 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാക്കിനെതിരെയും ഇത് പ്രയോഗിച്ചു.ഇറാനും വടക്കന്‍ കൊറിയയ്ക്കും വര്‍ണ്ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കക്കെതിരെയും സാംക്ഷനുകളുണ്ടായി.യുഎന്‍ ദുര്‍ബ്ബലര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ശക്തന്മാര്‍ക്ക് നേരെ ജാഗ്രത്തായതോ തളര്‍ന്ന മട്ടിലുള്ളതോ ആയ സമീപനമാകും എടുക്കുക എന്ന ആരോപണവും നിലനില്‍ക്കുന്നു.
ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധത്തിന് യുദ്ധമാകാം,എന്നാല്‍ നടപടിക്ക് ശേഷം യുഎന്നില്‍ സാഹചര്യം വിശദീകരിക്കണമെന്ന് മാത്രം.പൊതുനിലപാട് ഇങ്ങിനെയാണെങ്കിലും വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍ മറ്റുള്ളവരെ ആക്രമിക്കുകയോ ആക്രമണത്തിന് പിന്തുണ നല്കുകയോ ചെയ്യുന്നത് കാണാം.ഇത് പലപ്പോഴും യുഎന്നിനെ സ്തംഭനാവസ്ഥയിലാക്കുന്നു.
യുഎന്‍ സഹസ്ഥാപനങ്ങളുടെ ഭാവി
--------------------------------------------------------
സ്വതന്ത്ര ചുമതലയുള്ള യുഎന്‍ സഹസ്ഥാപനങ്ങള്‍ ലോകാരോഗ്യ സംഘടന,യുനസ്കോ,ആന്താരാഷ്ട്ര നാണയനിധി,ലോകബാങ്ക്,ഭക്ഷ്യ കാര്‍ഷിക സംഘടനയായ എഫ്എഓ,ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍,അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന എന്നിവയാണ്.ഇതിന് പുറമെ യുണിസെഫ്,യുഎന്‍ വികസന പരിപാടി,ലോകഭക്ഷ്യ പരിപാടി,യുഎന്‍ പരിസ്ഥിതി പരിപാടി,യുഎന്‍ ജനസംഖ്യ ഫണ്ട്,അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍,പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ദുരിതാശ്വാസ തൊഴില്‍ ഏജന്‍സി ആയ യുഎന്‍ആര്‍ഡബ്ലുഎ,അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി,യുഎന്‍ സ്ത്രീകള്‍ എന്നിങ്ങനെ മുപ്പതിലധികം അനുബന്ധ സംഘടനകളുണ്ട്.യുഎസ് യുഎന്നിന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ സഹായമാണ് നല്‍കിവന്നത്.ഇപ്പോള്‍ അതെല്ലാം കാര്യമായി വെട്ടിക്കുറച്ചിരിക്കുന്നു.ചില സ്ഥാപനങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്തു. നമ്മുടെ നടപടികളെ എതിര്‍ക്കുന്നവര്‍ക്ക് നമ്മള്‍ എന്തിന് പണം നല്‍കണം എന്നതാണ് ട്രമ്പിന്‍റെ ചോദ്യം.
ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പൂര്‍ണ്ണമായും പിന്മാറിയിരിക്കയാണ്.സംഘടനയ്ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയിരുന്നത് അമേരിക്കയാണ്.അവികസിത രാജ്യങ്ങളിലെ പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജന പദ്ധതികളെ ഇത് സാരമായി ബാധിക്കും എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.യുഎസ് ആരോഗ്യവിദഗ്ധരുടെ സേവനവും ഇനി ലഭിക്കില്ല.എഴുപത്തിയെട്ട് വര്‍ഷത്തെ പങ്കാളിത്തമാണ് ഇതോടെ അവസാനിച്ചത്.പ്രതിവര്‍ഷം ശരാശരി 11.1 കോടി ഡോളറാണ് അമേരിക്ക നല്കിയിരുന്നത്.പുറമെ യുഎസിലെ സന്നദ്ധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് 57 കോടി ഡോളറും സംഭാവന നല്കിയിരുന്നു. കോവിഡിനെതിരായ പ്രതിരോധത്തിലും ഉറവിടം കണ്ടെത്തുന്നതിലും ലോകാരോഗ്യ സംഘടന വരുത്തിയ ഗുരുതര വീഴ്ചകളാണ് അമേരിക്കയുടെ പിന്മാറ്റത്തിന് പ്രധാന കാരണം.ചൈനയ്ക്ക് ലോകാരോഗ്യ സംഘടനയില്‍ മേല്‍ക്കൈ ഉണ്ടെന്നും സത്യത്തെ മറയ്ക്കാന്‍ ശ്രമിച്ചുവെന്നും അഭ്യൂഹം നിലനില്ക്കുന്നു.യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും യുനസ്കോയില്‍ നിന്നും അമേരിക്ക നേരത്തെതന്നെ പിന്മാറിയിരുന്നു.അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും യുഎസ് പ്രസിഡന്‍റ് അംഗീകരിക്കുന്നില്ല.എല്ലാ രാജ്യത്തെയും പൌരന്മാരുടെ മേല്‍ സാര്‍വ്വത്രികമായ അധികാരപരിധിയുണ്ട് അന്താരാഷ്ട്ര കോടതിക്ക് എന്നതിനെ അംഗീകരിക്കാന്‍ ട്രമ്പ് തയ്യാറല്ല.തെരഞ്ഞെടുക്കപ്പെടാത്ത,ആഗോളബ്യൂറോക്രസിക്ക് അമേരിക്കയുടെ പരമാധികാരം ഒരിക്കലും വിട്ടുകൊടുക്കില്ല എന്നാണ് ട്രമ്പ് പറയുന്നത്.യുഎന്‍ ഇന്‍ററിം ഫോഴ്സ് ഇന്‍ ലബനനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.നാല്പ്പത്തിയാറ് രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരം സമാധാനസേനാംഗങ്ങളാണ് ഇതിലുള്ളത്.ഹെസ്ബൊള്ള തീവ്രവാദികളില്‍ നിന്നും തെക്കന്‍ ലബനനെ മോചിപ്പിക്കാന്‍ ലെബനന്‍ സേനയെ സഹായിക്കുകയായിരുന്നു ലക്ഷ്യം.എന്നാല്‍ 2006 മുതല്‍ ലബനനും ഇസ്രയേലിനുമിടയില്‍ നില്‍ക്കുന്ന ഹെസ്ബുള്ള ഒന്നരലക്ഷം റോക്കറ്റുകളും മിസൈലുകളും നിര്‍മ്മിക്കുമ്പോള്‍ സമാധാനസേന നിസ്സഹായരായി നിന്നതും ഹെസ്ബൊള്ള സമാധാനസേനയെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ യുഎന്‍ ശ്രമങ്ങളെയും ഉപയോഗിക്കുന്ന ഫണ്ടിനേയും ദുര്‍ബ്ബലപ്പെടുത്തുന്നു.
പശ്ചിമേഷ്യന്‍ മേഖലയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാനുഷിക സേവനങ്ങള്‍ എത്തിക്കുക എന്ന ദൌത്യമുള്ള യുഎന്‍ആര്‍ഡബ്ള്യൂഎ എന്ന സ്ഥാപനത്തെ സംശയത്തോടെയാണ് ഇസ്രയേലും അമേരിക്കയും കണ്ടിരുന്നത്. അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും തൊഴിലുമെത്തിക്കാനായി തുടങ്ങിയ പ്രസ്ഥാനത്തില്‍ ഹമാസ് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് ആരോപണം.2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അക്രമത്തിലും കൂട്ടക്കൊലയിലും തട്ടിക്കൊണ്ടുപോകലിലും ഏജന്‍സി ജീവനക്കാര്‍ പങ്കെടുത്തു എന്ന ഗുരുതരമായ ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.ഈ ഏജന്‍സിക്കുള്ള സഹായം യുഎസ് നിര്‍ത്തലാക്കി എന്നുമാത്രമല്ല സുരക്ഷ തടസ്സങ്ങള്‍ കാരണം ഒരു വര്‍ഷമായി ഉപയോഗിക്കാതിരുന്ന ഏജന്‍സിയുടെ ഓഫീസുകളും ഇസ്രയേല്‍ ഈയിടെ ഇടിച്ചുനിരത്തി.യുഎന്‍ അഭയാര്‍ത്ഥികള്‍ക്കായി അയച്ച ഭക്ഷ്യവസ്തുക്കള്‍ ഹമാസ് തട്ടിയെടുത്തതിന്‍റെ തെളിവുകളും ഇസ്രയേല്‍ ഹാജരാക്കി.ട്രമ്പിന്‍റെ നീക്കങ്ങള്‍ എപ്പോഴും യുഎന്നിനെ ദുര്‍ബ്ബലപ്പെടുത്തുന്നതായിരുന്നു.യുഎന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയപ്പോള്‍ യുഎന്നില്‍ ഇതിനെതിരെ നടക്കാന്‍ പോകുന്ന വോട്ടിനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ് ഞങ്ങള്‍ എന്ന ഒരു താക്കീതിന്‍റെ സ്വരമാണ് ട്രമ്പ് ഉയര്‍ത്തിയത്.യുഎന്‍ അതിനെതിരെ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയും ചെയ്തു.
ട്രമ്പിന്‍റെ സമാധാന ബോര്‍ഡും യുഎന്നിന്‍റെ ഭാവിയും
----------------------------------------------------------------------------------
ഇപ്പോള്‍ ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രമ്പാണ് നേതൃത്വം നല്‍കുന്നത് എന്ന സാഹചര്യത്തില്‍ ഗാസ സമാധാന ബോര്‍ഡിനെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.ഇസ്രയേല്‍ ഹമാസ് യുദ്ധം അവസാനിപ്പിക്കാനും തായ്ലന്‍റ് കംബോഡിയ അതിര്‍ത്തിതര്‍ക്കം തീര്‍ക്കാനും അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദികളെ തകര്‍ക്കാനായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ അതൊരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ പാകിസ്ഥാനെ ഉപദേശിച്ചതും റഷ്യ ഉക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നതും ട്രമ്പാണ്. വെനസ്വേലയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട് അവിടത്തെ പ്രസിഡന്‍റിനെ പിടിച്ചുകെട്ടി ലോകത്തെ നിയന്ത്രിക്കുന്നത് താനാണ് എന്ന് വിളിച്ചുപറയുന്ന ട്രമ്പിന്‍റെ നേതൃത്വമാണ് പുതിയ പ്രസ്ഥാനത്തിനുള്ളത് എന്നത് ആകാംഷ ജനിപ്പിക്കുന്ന ഒന്നാണ്.യുഎന്‍ വെറും നോക്കുകുത്തിയായി നില്ക്കുമ്പോഴാണ് ഈ ഇടപെടലുകളൊക്കെ നടക്കുന്നത്.അതുകൊണ്ടുതന്നെ സമാധാന ബോര്‍ഡ് വരുംകാലങ്ങളില്‍ പ്രശ്നബാധിത ഇടങ്ങളിലെല്ലാം ഇടപെട്ട് അവിടെ സാമ്പത്തിക നേട്ടം കൈവരിക്കുകയും സ്ഥിരമായ ഇടപെടലിന് സൌകര്യമൊരുക്കുകയും ചെയ്താല്‍ ഇത് യുഎന്നിനെ അപ്രസക്തമാക്കാനുള്ള സാധ്യത ഏറെയാണ്.യുഎന്നിന്‍റെ തുടക്കം അന്‍പത്തിയൊന്ന് രാജ്യങ്ങളുമായിട്ടായിരുന്നെങ്കില്‍ ഗാസ സമാധാന ബോര്‍ഡിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത് അന്‍പത് രാജ്യങ്ങള്‍ക്കാണ്.തുടക്കത്തില്‍മുപ്പത് രാജ്യങ്ങളെങ്കിലും ഇതിന്‍റ ഭാഗമാകും എന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു.ഇത് ബ്രിക്സ്,ക്വാഡ്,ആസിയാന്‍ തുടങ്ങിയ കൂട്ടായ്മകള്‍ പോലെയല്ല എന്നുവേണം മനസ്സിലാക്കാന്‍.ആരൊക്കെ കൂടെകൂടിയാലും ഇല്ലെങ്കിലും ഇതൊരു അമേരിക്കന്‍ ചേരിയായി വളരാനുള്ള സാധ്യതയാണ് കാണുന്നത്.
യുദ്ധത്തിന് പകരം സാമ്പത്തികമായി ക്ഷീണിപ്പിക്കുക എന്ന താരിഫ് തന്ത്രവും പുതിയതാണ്.യൂറോപ്യന്‍ യൂണിയനെ വെറുപ്പിക്കുകയും ഡെന്‍മാര്‍ക്കിന്‍റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുകയും കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പനാമ കനാല്‍ അമേരിക്കയ്ക്ക് തിരികെവേണമെന്ന് ആവശ്യപ്പെടുകയും ഇറാന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന ട്രമ്പാണ് സമാധാന ബോര്‍ഡ് രൂപീകരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.സമാധാന ബോര്‍ഡ് ഒരേകാധിപതിയുടെ നേതൃത്വത്തിലുള്ള സംവിധാനമാണ്.അമേരിക്കയുടെയും ട്രമ്പിന്‍റെയും വാണിജ്യവും ഭൂമിശാസ്ത്രപരവുമായ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടമാകുമിത് എന്നുറപ്പ്.ഒരുപക്ഷെ പുതിയ കാലത്തിന്‍റെ സമാധാന രൂപം ഇതാകാം.അത് സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മനുഷ്യത്വത്തിന്‍റെയും സമാധാനമാകില്ല,പകരം അധികാരവും മുഷ്ക്കും ഭീഷണിപ്പെടുത്തലും അടിച്ചമര്‍ത്തലും ചേരുന്ന സമാധാനമാകും ഉണ്ടാക്കുക.ഈ പ്രസ്ഥാനം അപകടകരമായ ഒരു ലോകം സൃഷ്ടിക്കുംമുന്നെ ഐക്യരാഷ്ട്ര സഭയെ പുന:ക്രമീകരിക്കേണ്ടതുണ്ട്.അതിന് കഴിയാത്തവിധമുള്ള അതിന്‍റെ ഘടന എങ്ങിനെ മാറ്റാന്‍ കഴിയും എന്നതാണ് ഇന്നത്തെ ചിന്താവിഷയം.
യുഎന്നിന് ഇന്ത്യ കൃത്യമായി വിഹിതം നല്‍കുമ്പോഴും അമേരിക്കയും ചൈനയും ആരാണ് വലുത് എന്ന തര്‍ക്കം നിലനിര്‍ത്തി ഫണ്ട് കൊടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. അമേരിക്കയുടെ മേല്‍ക്കോയ്മ അവര്‍ സ്വയം അവസാനിപ്പിക്കുന്നതോടെ ചൈനയാകും ആ സ്പേയ്സ് ഏറ്റെടുക്കുക.അതായത് യുഎന്‍ അമേരിക്കയുടെ മേല്‍ക്കോയ്മയില്‍ നിന്നും ചൈനയുടെ മേല്‍ക്കോയ്മയിലേക്ക് മാറും.അത് നിലവിലുള്ള സാഹചര്യത്തേക്കാളും അപകടകരമാകും എന്നതില്‍ സംശയമില്ല.അമേരിക്ക ഫസ്റ്റ്,യൂറോപ്പ് ഫസ്റ്റ് എന്നൊക്കെയുള്ള മട്ടില്‍ ലോകം വിശാലത കൈവിടുന്ന,കുടിയേറ്റ വിരുദ്ധതയും ദേശീയവാദവും സംരക്ഷണവാദവും തരംഗമാകുന്ന ഇന്നത്തെ ലോകത്ത് യുഎന്‍ ക്ഷീണിക്കുന്നത് അപകടകരമായ അവസ്ഥയാകും ഉയര്‍ത്തുക. സ്വാഭാവികമായും മനുഷ്യകുലത്തിന്‍റെ അവസാനത്തിലേക്ക് നീങ്ങാവുന്ന മൂന്നാം ലോകമഹായുദ്ധമാകും ഫലം.ട്രമ്പിന്‍റെ നയം ലോകത്തെ രണ്ടാക്കാനാണ്.ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും ഞങ്ങളെ എതിര്‍ക്കുന്നവരും എന്നതാണ് ആ രണ്ട് ചേരികള്‍.ഈ ബാന്ധവം ഇടയ്ക്കിടെ മാറിയേക്കാമെങ്കിലും ലോകം എപ്പോഴും രണ്ടായിരിക്കും.ട്രമ്പിന്‍റെ ഇസ്ലാമോഫോബിയയും യുഎന്നിന്‍റെ പ്രോപാലസ്തീന്‍ നിലപാടും ഒരുപോലെ പ്രശ്നത്തെ വഷളാക്കുന്നുണ്ട്.
തൊണ്ണൂറായിരം പട്ടാളക്കാര്‍ മാത്രമുള്ള,നിരവധി ആഭ്യന്തരപ്രശ്നങ്ങളില്‍ കുഴഞ്ഞു കിടക്കുന്ന ബ്രിട്ടനും താരതമ്യേന ചെറുരാജ്യമായ ഫ്രാന്‍സും സുരക്ഷ കൌണ്‍സിലില്‍ സ്ഥിരാംഗങ്ങളായിരിക്കെ ഇന്ത്യയും ബ്രസീലും പുറത്തുനില്‍ക്കുന്നത് യുഎന്‍ സുരക്ഷ കൌണ്‍സിലിനുപോലും നാണക്കേടാണ്.സ്ഥിരാംഗങ്ങളുടെ എണ്ണം ഭൂതന്ത്രപരമായി വര്‍ദ്ധിപ്പിച്ചാല്‍ ഇപ്പോഴത്തെ ബൈപോളാര്‍ സംവിധാനം മാറുമെന്ന് ഉറപ്പ്.ഇപ്പോള്‍ വീറ്റോ അധികാരമുള്ള റഷ്യയും ചൈനയും ഒരു ചേരിയിലും യുഎസും യുകെയും ഫ്രാന്‍സും മറുചേരിയിലുമാണ് എന്നത് വ്യക്തം.ശീതയുദ്ധകാലം വീണ്ടും വന്നിരിക്കുന്നു. ചൈനയും യുഎസുമാണ് പ്രധാനികള്‍ എന്നു മാത്രം.സുരക്ഷ കൌണ്‍സിലിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും ആകെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും ഉചിതമാകും.വീറ്റോ പ്രയോഗിക്കുന്ന പ്രമേയങ്ങള്‍ പൊതുസഭയില്‍ വോട്ടിനിട്ട് ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനം വരണം. ലോകത്ത് ആഭ്യന്തര കലഹവും രാജ്യങ്ങള്‍ തമ്മിലുള്ള കലഹങ്ങളും യുദ്ധവും അവസാനിപ്പിക്കാനുള്ള എല്ലാ ചര്‍ച്ചകളിലും യുഎന്‍ സുരക്ഷ കൌണ്‍സിലിന്‍റെ ഇടപെടല്‍ ശക്തമാക്കണം.ഇപ്പോള്‍ യുഎന്നിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെയും സ്വതന്ത്രമാക്കുകയും പ്രത്യേകമായ സംവിധാനമാക്കി നിലനിര്‍ത്തിക്കൊണ്ട് യുഎന്നിന്‍റെ ഉത്തരവാദിത്തം ലോകസമാധാനവും രാജ്യങ്ങളുടെ ഐക്യവും എന്ന ഒറ്റ അജണ്ടയിലേക്ക് ചുരുക്കി,കൃത്യമായ നിലപാടുകളിലൂടെ മുന്നോട്ടുപോവുകയുമാണ് വേണ്ടത്. അതിനുള്ള കഴിവ് പ്രസ്ഥാനത്തിനുണ്ടാവണമെങ്കില്‍ ഇന്ത്യയും ബ്രസീലും ജപ്പാനും സ്ഥിരാംഗങ്ങളാകുന്നതിന് പുറമെ ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും സാന്നിധ്യം കൂടി ഉണ്ടാവേണ്ടത് അടിയന്തിരമാണ്. അല്ലെങ്കില്‍ സ്വാഭാവികമായ മരണമാകും പ്രസ്ഥാനത്തിനുണ്ടാവുക.പകരം അസമാധാനത്തിന്‍റെ പ്രതിനിധികളുണ്ടാക്കുന്ന സമാധാന ബോര്‍ഡാവും ലോകത്തെ നിയന്ത്രിക്കുക
No comments:
Post a Comment