Monday, 9 February 2026

Parippallilamma left us, leaving behind countless memories

 

പാരിപ്പള്ളിലമ്മ വിടപറഞ്ഞു

ഞങ്ങള്‍ പാരിപ്പള്ളിലമ്മ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന കിഴക്കനേല ഭാനു വിലാസത്തില്‍ രാജമ്മയമ്മ എണ്‍പത്തിയെട്ടാം വയസ്സില്‍ വിട പറഞ്ഞു.2026 ഫെബ്രുവരി എട്ടിന് രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.എന്‍റെ സഹോദരി വിനീതയുടെ ഭര്‍ത്താവ് ശശിധരന്‍ നായരുടെ അമ്മയാണ് രാജമ്മയമ്മ.

അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ നാവില്‍ രുചിയൂറുന്ന കണ്ണിമാങ്ങ അച്ചാറാണ് ആദ്യം ഓര്‍മ്മവരുക.ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് എല്ലാ വര്‍ഷവും വേനലവധിക്ക് കുടുംബമായി നാട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കൊണ്ടുപോകാനായി കണ്ണിമാങ്ങ അച്ചാര്‍ തയ്യാറാക്കി കാത്തിരിക്കുമായിരുന്നു അമ്മ.അമ്മ തയ്യാറാക്കിയ രുചികരമായ ഭക്ഷണവും പലഹാരങ്ങളും ഏറെ ആസ്വദിച്ച ഓര്‍മ്മകളും മറക്കാവതല്ല.പൊതുവെ എല്ലാവരോടും സ്നേഹവും കാരുണ്യവുമുണ്ടായിരുന്ന അമ്മ മാനസ്സികമായും നല്ല ധൈര്യശാലിയായിരുന്നു.അവരുടെ ചെറുപ്പകാലത്ത് തീരെ അവികസിതമായിരുന്ന കിഴക്കനേല ഭാഗത്ത് അവിടവിടെ മാത്രമാണ് വീടുള്ളത്.ഭര്‍ത്താവ് ബാലകൃഷ്ണന്‍ നായര്‍ എന്‍എസ്എസ് കോളേജില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിലായിരുന്നു. അദ്ദേഹം ആഴ്ചയിലൊരിക്കലൊക്കെയാകും വരുക. രണ്ട് കൊച്ചുകുട്ടികളുമായി അമ്മ മാത്രമാകും വീട്ടില്‍.ഇഴജന്തുക്കളും അക്കാലത്ത് അധികമാണ്. തനിയെ രാത്രിയില്‍ പാമ്പിനെ അടിച്ചുകൊന്ന കഥയൊക്കെ അമ്മ പറയുമായിരുന്നു.

ആറടിയിലധികം ഉയരവും അതിനൊത്ത വണ്ണവും ഐശ്വര്യം തികഞ്ഞ മുഖവും മന്ദഹാസവുമായി മാത്രമെ ഈ അടുത്തകാലം വരെ അവരെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കുറച്ചുനാളായി കിടപ്പിലായിരുന്നത്.വീട്ടില്‍ വേണ്ടത്ര പരിചരണം നല്‍കി അവസാനകാലം കഴിച്ചതിനാല്‍ ഐസിയുവിലെയും വെന്‍റിലേറ്ററിലേയും പീഡനങ്ങള്‍ സഹിക്കാതെ ദേഹി ദേഹത്തിനോട് യാത്ര പറഞ്ഞു. ഓരോ വ്യക്തിയും ഓരോ ചരിത്രമാണ്.പാരിപ്പള്ളിലമ്മ എന്ന ചരിത്രം ഇവിടെ അവസാനിക്കുന്നു.എന്നാല്‍ ആ ഓര്‍മ്മകളും രുചികളും പ്രിയപ്പെട്ടവരെ പിന്‍തുടരുക തന്നെ ചെയ്യും.മറ്റ് കുടുംബാഗങ്ങളോടൊപ്പം ഞാനും ദു:ഖത്തില്‍ പങ്കുചേരുന്നു. പ്രണാമം അര്‍പ്പിക്കുന്നു.


No comments:

Post a Comment