Thursday, 30 April 2020

Short story -- Voluntary retirement



 ചെറുകഥ

വോളണ്ടറി റിട്ടയര്‍മെന്റ്
            - വി.ആര്‍.അജിത് കുമാര്‍

ഗീതമ്മ ഒരു കത്തുകൊണ്ടുവന്നു നല്‍കിയപ്പോള്‍ ശേഖരന്‍ ഒട്ടൊരു ഹാസ്യത്തോടും ഒപ്പം ഉദാസീനമായും അത് വാങ്ങി. ഏതായാലും പ്രണയലേഖനമൊന്നുമല്ലെന്നുറപ്പ്. ചെറുപ്പകാലത്തുപോലും ഒരു കത്തെഴുതി തന്നിട്ടില്ലാത്ത ഗീതമ്മ അന്‍പത് കടന്ന ശേഷം അത്തരമൊരു സാഹസം കാട്ടുമെന്നു ചിന്തിക്കുന്നതേ അപകടം. കത്തില്‍ ഇത്രമാത്രമെ എഴുതിയിട്ടുള്ളു. ഒരു വീട്ടമ്മ എന്ന നിലയിലുള്ള എന്റെ സേവനം അവസാനിപ്പിക്കുകയാണ്.പെന്‍ഷന്‍, ഗ്രാറ്റുവിറ്റി,പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കണക്കാക്കി എത്രയും വേഗം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇതല്ലാതെ മറ്റൊന്നും അതില്‍ രേഖപ്പെടുത്തിയില്ല. ഒപ്പിട്ടിട്ടുണ്ട്.  അയാള്‍ കുറച്ചുനേരം കത്തും പിടിച്ചിരുന്നു. ശരിക്കും ഇപ്പോള്‍ കിട്ടിയ ചായ വീട്ടമ്മ എന്ന നിലയില്‍ അവളുണ്ടാക്കുന്ന അവസാനത്തെ ചായയാണോ? ശ്ശെ -ആയിരിക്കില്ല, ശേഖരന്‍ ആത്മഗതം ചെയ്തു.

   കുറച്ചു ദിവസമായി തൊട്ടും തൊടാതെയും ഗീതമ്മ പലതും പറയുന്നുണ്ടായിരുന്നു.ഒരംഗീകാരവും ഇല്ലാത്ത പണിയാണ് വീട്ടമ്മയുടേത്. മാന്യമായ ശമ്പളമില്ല. ആഹാരവും താമസവും വസ്ത്രവും മാത്രം ലഭിക്കുന്ന അടിമപ്പണി. മറ്റേതൊരു ജോലിയിലും ഇടയ്‌ക്കൊരു സ്ഥലം മാറ്റം ,പ്രൊമോഷന്‍ ഒക്കെയുണ്ടാകും. വീട്ടമ്മയ്ക്ക് മാത്രം ലോവര്‍ ഡിവിഷനും അപ്പര്‍ ഡിവിഷനും സെലക്ഷന്‍ ഗ്രേഡുമില്ല. സൂപ്പര്‍വൈസറി തസ്തികയുമില്ല. ഈ പണി ഇഷ്ടപ്പെട്ടു ചെയ്യുന്നവരുണ്ട്. അമേരിക്കയിലെ ഒക്കെപോലെ അവര്‍ അവശരാകുമ്പോഴാണ് അവരുടെ റിട്ടയര്‍മെന്റും. തറ തുടയ്ക്കുന്നതിനിടയിലാണ് ഗീതമ്മയുടെ കലമ്പല്‍. ശേഖരന്‍ പത്രം നിവര്‍ത്തിപ്പിടിച്ച് വായിക്കുന്ന മട്ടിലിരുന്നു.

  സംഭാഷണത്തിന്റെ തുടര്‍ച്ചയുണ്ടാകുന്നത് തുണി കഴുകുമ്പോഴാണ്. പണ്ടൊക്കെയാണെങ്കില്‍ മരുമക്കള്‍ വരുമ്പോള്‍ അമ്മാവിയമ്മമാര്‍ക്ക് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം കിട്ടുമായിരുന്നു. ഇപ്പൊ എല്ലാവരും തൊഴിലെടുക്കുന്നവരായി. അവരുടെ തുണികൂടി കഴുകിക്കൊടുത്താല്‍ നന്നായി എന്നതാണ് നിലപാട്. ഇനി എനിക്കിത് വയ്യ. ഞാന്‍ വിആര്‍എസ് എടുക്കുകയാണ്. ങും, എടുക്കും, എടുക്കും എന്ന മട്ടില്‍ ഒന്നു തലയാട്ടിയതെയുള്ളു ശേഖരന്‍. പക്ഷെ ഇതിപ്പൊ കളി കാര്യമായിരിക്കയാണ്. പകരം വയ്ക്കാന്‍ ആളെ കിട്ടാത്ത ഏര്‍പ്പാടാണ്. തെങ്ങില്‍ കയറാനും പുറം പണിക്കുമെല്ലാം അതിഥിത്തൊഴിലാളിയെ കിട്ടും. വീട്ടുജോലിക്ക് , പ്രത്യേകിച്ചും ഭക്ഷണമുണ്ടാക്കാന്‍ ആളിനെ കിട്ടുക എളുപ്പമല്ല. മാത്രമല്ല ഒരാളിനെ വയ്ക്കാമെന്നുവച്ചാല്‍ ദിവസക്കൂലി കുറഞ്ഞത് ആയിരം രൂപയെങ്കിലും കൊടുക്കേണ്ടിവരും. ശേഖരന്റെ പെന്‍ഷന്‍ തുക തന്നെ അതിലും കുറവാണ്.

  അനുരഞ്ജനമല്ലാതെ വഴിയില്ല. ശേഖരന്‍ വലിയൊരു ഷീറ്റ് പേപ്പറെടുത്ത് വീട്ടമ്മയെ പ്രകീര്‍ത്തിക്കുന്ന ലേഖനമെഴുതാന്‍ തുടങ്ങി. രാജി പിന്‍വലിച്ചില്ലെങ്കിലോ എന്ന ഭയം കാരണം പേനത്തുമ്പില്‍ വാക്കുകളും വരുന്നില്ല. സമാനഹൃദയര്‍ സഹായിക്കണം എന്നൊരു ഫേയ്‌സ് ബുക്ക് പോസ്റ്റും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുമിട്ട് ശേഖരന്‍ പേനയും പിടിച്ച് ഇരിപ്പായി. ഗീത ഈ സമയം എവിടെയോ പോകാന്‍ ഒരുങ്ങുകയായിരുന്നു. മൊബൈല്‍ ബല്ലടിച്ചു. ശേഖരന്‍ പാളിനോക്കി.ഗീതമ്മയുടെ  കൂട്ടുകാരി റജീനയാണ്. ഗീതമ്മ ഫോണെടുത്തു, നീ  പേപ്പര്‍ കൊടുത്തോ?  കൊടുത്തു എന്നാവണം അപ്പുറത്തു നിന്നുള്ള മറുപടി. നന്നായി, അപ്പൊ  വേഗം ഇറങ്ങിക്കോ, നമുക്ക് ബ്യൂട്ടി പാര്‍ലറില്‍ വച്ചു കാണാം എന്നു പറഞ്ഞ് ബാഗുമെടുത്ത്, സ്വാതന്ത്ര്യം പ്രഖ്യാപിച്ച മട്ടില്‍ ഗീതമ്മ ഇറങ്ങി നടന്നു. ശേഖരന്‍ ജനാലയിലൂടെ ആ കാഴ്ച നോക്കിനിന്നു.

No comments:

Post a Comment