|
മാലിന്യ നിര്‍മ്മാര്‍ജന രീതി |
|
കൂട്ടയോട്ടം നടത്തുന്ന കുട്ടികള്‍ |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി— പത്താം ഭാഗം
ഫോട്ടോ – വി.ആര്‍.പ്രമോദ് & നാസര്‍
2017 നവംബര്‍ 17
രാവിലെ നേരത്തെ ഉണര്‍ന്നു. ഞാനും പ്രമോദും
തണുത്തപ്രഭാതത്തില്‍ ഒരു സവാരിക്കിറങ്ങി. വളരെ വിജനമായ റോഡില്‍ പെട്ടെന്ന് കിളികള്‍
വന്നിറങ്ങിയപോലെ യൂണിഫോമില്‍ കുട്ടികള്‍. സ്വച്ച്ഭാരത് പ്രചരണാര്ത്ഥമുള്ള ഒരു കൂട്ടഓട്ടമാണ്.
ആ കാഴ്ച കണ്ട് കുറച്ചു സമയം നിന്നു. പിന്നെ നാംചിയിലെ ചെറിയൊരു ചായക്കടയില്‍
നിന്നും ഒരു ചായ കുടിച്ചു. അവിടെ പലയിടത്തും മാലിന്യമെടുക്കാന്‍ വരുന്ന വാഹനത്തിന്‍റെ
സമയം എഴുതിവച്ചിരിക്കുന്നത് കണ്ടു. ഡ്രൈവറുടെ മൊബൈല്‍ നമ്പരും കൊടുത്തിട്ടുണ്ട്.ആളുകള്‍
ആ സമയം മാലിന്യവുമായി അവിടെ എത്തുന്നു. മാലിന്യം കത്തിച്ചുകളയുകയാണ് സിക്കിമിന്‍റെ
രീതി എന്നാണ് മനസിലാക്കിയത്. ഒരു പോലീസുകാരനെ പരിചയപ്പെട്ടു. ലാ ആന്‍റ് ഓര്‍ഡറിനെ
പറ്റി ചോദിച്ചു. ഇവിടെ സുഖമാണ് എന്നയാള്‍ പറഞ്ഞു. ക്രൈം റേറ്റ് തുലോം കുറവ്
,ഇല്ലെന്നുതന്നെ പറയാം. അടിപിടി, തര്‍ക്കം , രാഷ്ട്രീയം ,കയ്യാങ്കളി ഒന്നും
തന്നെയില്ല. സമരം കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. വല്ലപ്പോഴും മോഷണം നടക്കും.
വീട്ടിലേക്ക് പോവുക എന്നാണ് അവരതിന് പറയുക. കുറച്ചുദിവസം സുഖമായി തിന്നുകുടിച്ച്
കിടക്കാം, അത്രന്നെ. പോലീസിലെ ശമ്പളം മോശമല്ല, കേന്ദ്ര സര്ക്കാര്‍ സ്കെയിലാണ്. 58 വരെ പണിയെടുക്കാം. അയാള്‍
ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഞങ്ങള്‍ തിരികെ വരുമ്പോള്‍ നാസര്‍
ക്യാമറയുമായി നടത്തത്തിനിറങ്ങിയത് കണ്ടു. കുട്ടികളുടെ വലിയ സംഘം
കടന്നുപോയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഘങ്ങളുടെ ചിത്രങ്ങള്‍ നാസറിന് കിട്ടി.
ഒന്‍പത് മണിയോടെ അവിടെനിന്നിറങ്ങി. നേരെ
സാംദ്രുപ്സെയിലേക്ക്. 7000 അടി ഉയരത്തിലാണ് കുന്ന് നില്‍ക്കുന്നത്. ഉറങ്ങുന്ന
ഒരഗ്നിപര്‍വ്വതമാണിതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പര്‍വ്വതം
ഉണരാതിരിക്കാനുള്ള പൂജാമന്ത്രങ്ങളാണ് ഇവിടെ നിത്യവും നടത്തുന്നത്. ഗുരു റിന്‍പോച്ചെ
അഥവാ ഗുരു പത്മസംഭവയുടെ കൂറ്റന്‍ പ്രതിമകണ്ട് പുറത്തിറങ്ങി. സ്വര്‍ണ്ണം പൂശിയ
പ്രതിമ ഇളവെയിലില്‍ തിളങ്ങുന്നത് മനോഹര കാഴ്ചയാണ്. ഇവിടെ നിന്ന് കാഞ്ചന്ജംഗയും
കാണാം. 30 രൂപയാണ് ടിക്കറ്റ്. സിക്കിം ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ
പ്രദര്‍ശനവുമുണ്ട്. അവിടെനിന്ന് എല്ലാവരും മൊമന്‍റോകള്‍ വാങ്ങി. ഓര്‍മ്മസാക്ഷികള്‍
എന്നു പറയാം. അവിടത്തെ റസ്റ്റാറന്‍റില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. ഇനി
ഇറക്കമാണ്. ബംഗാളിലേക്ക്. പോകുന്ന വഴിയില്‍ തെമിയിലെ ഓര്‍ഗാനിക് ടീ ഗാര്‍ഡന്‍
സന്ദര്‍ശിച്ചു. ഒരു മലയിറമ്പിലാണ് തോട്ടം. ഇവിടം ഒരു പ്രധാന ടൂറിസകേന്ദ്രമായി
മാറിക്കൊണ്ടിരിക്കയാണ്. അവിടെ നിന്നും ഒരു തെമി ചായകുടിച്ചു. കാഴ്ചകളില്‍
അഭിരമിച്ച് വാഹനം കുറേ ഓടി. അപ്പോള്‍ വഴിയില്‍ നല്ല നിറവും ചന്തമുള്ള പച്ചക്കറികള്‍
വില്‍ക്കാന്‍ വച്ചിരിക്കുന്നു. അവിടെ ഇറങ്ങി ,അവരുമായി കുശലം പറഞ്ഞു, കുറച്ച്
മരത്തക്കാളി വാങ്ങി. ക്യാരറ്റും ചീരയും മത്തനും ബീന്‍സും ചേമ്പുമൊക്കെയുണ്ട് വില്‍പ്പനയ്ക്ക്. ഡാംതാങ്ങ് പ്രവിശ്യയിലെ
സ്ത്രീകളുടെ സഹകരണ സംഘമാണ് ഇത് നടത്തുന്നത്. ഗഡ്ഡി ഖോല എന്നയിടത്തെ റൂറല്‍ മാര്‍ക്കറ്റിലാണ്
ഞങ്ങള്‍ ഇറങ്ങിയത്. മാര്‍ക്കറ്റ് എന്നാല്‍ മൂന്ന് സ്ത്രീകള്‍ വഴിയിലെ കടയില്‍
കച്ചവടം ചെയ്യുന്നതാണ്. ജനവാസം കുറഞ്ഞ സിക്കിമില്‍ നമുക്കിത് വ്യത്യസ്തമായ
അനുഭവമാകുന്നു. ജോര്‍താംഗിലും ലോകബാങ്കിന്‍റെ സഹായത്തോടുകൂടിയ റൂറല്‍ ലൈവ്ലിഹുഡ്
പ്രോജക്ടിന്‍റെ ഭാഗമായുള്ള കൃഷിയുണ്ടെന്ന് അവര്‍ പറഞ്ഞു. ദാരിദ്യം ഒഴിവാക്കാന്‍ ഈ
പദ്ധതികള്‍ മതിയാകുമോ എന്ന് സംശയം തോന്നാതിരുന്നില്ല.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ ഒറ്റ വാഹനം
കടന്നുപോകുന്ന ഒരു പാലത്തിനരുകില്‍ വണ്ടി നിര്‍ത്തി. താഴെ എപ്പൊഴോ ഒഴുകിവറ്റിയ ഒരു
പുഴ. വെളുത്തുരുണ്ട കല്ലുകള്‍ മാത്രം. അടുത്തുള്ള കടയില്‍ നിന്നും മോമോ കഴിച്ചു.
അപ്പോള്‍ ഒരു സ്ത്രീ മുതുകില്‍ വലിയ ഭാരമുള്ള കുട്ടയില്‍ വിറകുമായി വന്നു. അവര്‍
അതിറക്കിവച്ച് കടയില്‍ വന്നിരുന്ന് കുശലം പറഞ്ഞു. അപ്പോള് നാസറിന് ഓരാഗ്രഹം. കുട്ട
മുതുകില്‍ എടുത്തുയര്‍ത്തണം. അവര്‍ സഹായിച്ചു. അങ്ങിനെ പണിപ്പെട്ട് നാസര്‍ അതുയര്‍ത്തി. സിക്കിം സ്ത്രീകള്‍
അതാസ്വദിച്ചു. ഇനി യാത്രയില്‍ അടുത്ത ചെറിയ പട്ടണം സെവോക്കാണ്. അവിടെ നിന്നും
ചായകുടിച്ച് വീണ്ടും യാത്ര തുടരുമ്പോള്‍
ഒരു ട്രാഫിക് ബ്ലോക്ക്. സിലിഗുരിയിലേക്ക് ഇറങ്ങുകയാണ് എന്നുറപ്പായി. മലയുടെയും
പഹാഡി ജനതയുടേതുമല്ലാത്ത സ്വഭാവ രീതികളെ
കാണുകയും അതിനൊപ്പമാവുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍
മനസ്സും ശരീരവും സ്വീകരിച്ചു. സിലിഗുരിയിലെ ഒരു ഹോട്ടലില്‍ താമസമാക്കി. നാളെ രാവിലെയാണ്
വിമാനം. ലാംഗ്ഡോയുടെ കണക്കുകള്‍ സെറ്റില്‍ ചെയ്ത് അവന്‍ പ്രതീക്ഷിച്ചതിലും
മെച്ചപ്പെട്ട ടിപ്പും നല്‍കി സന്തോഷത്തോടെ യാത്രയാക്കി. അടുത്ത ദിവസം രാവിലെ എയര്‍പോര്‍ട്ടിലെത്തി.
ബാഗ് ദോഗ്ര –ഡല്‍ഹി- തിരുവനന്തപുരം
ടിക്കറ്റാണ്. വിമാനത്തില്‍ കയറി ഇരുന്നു, സമയം കടന്നു പോകുന്നു. ചെറിയ ടെക്നിക്കല്‍
പ്രശ്നമാണ്. ഇപ്പോള്‍ ശരിയാകും എന്ന് പൈലറ്റ് അനൌണ്‍സ് ചെയ്തു. അത് നീണ്ടു
നീണ്ടുപോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഫൈനല്‍ വിസില്‍ മുഴങ്ങി. വിമാനം ക്യാന്‍സല്‍
ചെയ്യുന്നു. നാളെ ഇതേ സമയം യാത്ര തുടരാം. തനിച്ചായിരുന്നെങ്കില്‍ വലിയ ഷോക്കാകുമായിരുന്നു.
സംഘമായതിനാല്‍ വലിയ പ്രയാസം തോന്നിയില്ല. ഇന്‍ഡിഗോയെ യാത്രയുടെ തുടക്കത്തില്‍
പ്രകീര്‍ത്തിച്ചതിന് കിട്ടിയ പണിയാണെന്ന് സമാധാനിച്ചു. എന്നുമാത്രമല്ല .യാത്രയില്‍
ഇതുവരെ തടസങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു ചെറിയ ഡോസ് എന്ന് സമാധാനിച്ചു.
പരീക്ഷയ്ക്ക് എത്തേണ്ടവര്‍, ഇന്‍റര്‍വ്യൂ ഉള്ളവര്‍ ,ഇങ്ങനെ പലരുമുണ്ട് കൂട്ടത്തില്‍.
ചിലര്‍ക്കൊക്കെ ബദല്‍ സംവിധാനം ഒരുക്കി. ബാക്കിയുള്ളവരെ ഹോട്ടലില്‍ താമസിപ്പിച്ച്
ചിലവ് വഹിക്കേണ്ട ഉത്തരവാദിത്തം ഇന്‍ഡിഗോയ്ക്ക് ഉള്ളതാണ്. അതവര്‍ ചെയ്തില്ല. ഭാഗ്യത്തിന്
ഡല്‍ഹി തിരുവനന്തപുരം ടിക്കറ്റും ഇന്‍ഡിഗോയിലായിരുന്നു. ഇല്ലെങ്കില്‍ ആ ഫ്ലൈറ്റ്
മിസ് ആകുന്നത് വഴിയുള്ള സാമ്പത്തിക നഷ്ടവും വന്നുചേരുമായിരുന്നു.
അടുത്ത ദിവസത്തെ ടിക്കറ്റ് ഉറപ്പാക്കി ഞങ്ങള്‍ ഒരു
ഹോട്ടല്‍ കണ്ടെത്തി അവിടെ താമസമാക്കി. സിലിഗുരി വളരെ മോശപ്പെട്ട ഒരു നഗരമാണ്.
അതുകൊണ്ടുതന്നെ പുറത്തിറങ്ങാന്‍ തോന്നിയില്ല. വൈകിട്ട് രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക്
സ്വീറ്റ്സ് വാങ്ങണം എന്നു പറഞ്ഞതാനില്‍ ഒന്നു പുറത്തിറങ്ങി. അടുത്ത ദിവസം വിമാനം
പറന്നുയര്‍ന്നു. ഡല്‍ഹിയില്‍ രണ്ടു മണിക്കൂര് ചിലവിട്ട് വൈകുന്നേരം തിരുവനന്തപുരത്ത്
എത്തിച്ചേര്‍ന്നു. എങ്കിലും കുറേ ദിവസത്തേക്ക് സിക്കിമിന്‍റെ തണുപ്പും
ആലസ്യവുമൊക്കെ മനസിനെയും ശരീരത്തെയും ബാധിച്ചിരുന്നു. ഇനി ഒരിക്കല്‍ കൂടി സീറോ
പോയിന്‍റില്‍ പോകുമോ എന്നറിയില്ല. റിം പോച്ച വന്നിരുന്ന ഗുരു ദോംഗ് മാര്‍ കരയില്‍
ധ്യാനനിമഗ്ദനാവുമോ എന്നു പറയാന്‍ വയ്യ, എങ്കിലും ഹിമാലയ പരിസരങ്ങള്‍
വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇനിയും ഏറെയുണ്ട് കാഴ്ചകള്‍ എന്നാരോ
ചെവിയിലോതുന്നുണ്ട്. പ്രമോദ് ഒരു രേഖ വരച്ചാല്‍ അതിലൂടെ ഞങ്ങള്‍ നടന്നു കയറും ,
അത് അടുത്ത നവംബറാണോ അതിന് മുന്‍പാണോ എന്നു പറയാന്‍ കഴിയില്ലെന്നു മാത്രം. ----------------------------------------------
അവസാനിച്ചു.
-------------------------------------------------------------
|
ഗുരു പത്മ സംഭവില്‍ |
|
ഗുരു പത്മ സംഭവ് |
|
തെമി ഓര്‍ഗാനിക് ടീ ഗാര്‍ഡനില്‍ |
|
തെമിയില്‍ സംഘം |
|
നാട്ടുചന്ത |
|
പ്രമോദിന്‍റെ പരിശ്രമം |
|
നാസറിന്‍റെ വിജയം |
No comments:
Post a Comment