താഗ്സിംഗ് റിട്രീറ്റിലെ സുഹൃത്തുക്കള്‍ക്കൊപ്പം |
ഫെവ്മ വെള്ളച്ചാട്ടം |
കിര്‍തേശ്വര്‍ ക്ഷേത്രം |
കിര്‍തേശ്വറില്‍ സംഘം |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—ഒന്‍പതാം ഭാഗം
ഫോട്ടോ – വി.ആര്‍.പ്രമോദ്
& നാസര്‍
2017 നവംബര്‍ 16
സിക്കിമില്‍ വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നത്
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,മോണിറ്ററിംഗ് ആന്‍റ് ഇവാലുവേഷന്‍ വകുപ്പാണ്.
ഇവിടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയ പ്രചാരമുള്ള ഒന്നാണ്.എന്നാല്‍ പ്ലാസ്റ്റിക്
കത്തിക്കല്‍ സാധാരണമാണ് താനും. ലാച്ചനില്‍ പ്ലാസ്റ്റിക് കുപ്പി കൈയ്യില്‍ വച്ചാല്‍
5,000 രൂപ പിഴ ഈടാക്കും എന്ന് പലയിടത്തും എഴുതി വച്ചിട്ടുമുണ്ട്. മടക്കയാത്രയില്‍
തെങ് എന്ന ഇടത്ത് പുതിയ തുരങ്കം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവിടെ വഴി ഇടിയുന്നത്
സാധാരണമാണ്. അതൊഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ദിഗ്ചു പാലവും മഖ്ഹാ
ഔട്ട്പോസ്റ്റും കടന്ന് സിര്‍വാണി വേസൈഡ് റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിച്ചു. 275
മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ഫെവ്മ വെള്ളച്ചാട്ടത്തിനടുത്തും കുറേ സമയം
ചിലവഴിച്ചു. 3 തട്ടുകളിലായാണ് ജലം ഒഴുകിയിറങ്ങുന്നത്.ഫെവ്മ എന്നാല്‍ റെഡ് സ്നേക്ക്
എന്നാണ് നാട്ടുഭാഷയില്‍. കാഴ്ചകള്‍ കണ്ടും കറങ്ങിയും ഞങ്ങള്‍ രംഗീത് നദിയുടെ തീരത്ത്
സ്ഥാപിച്ചിട്ടുള്ള കിര്തേശ്വര്‍ മഹാദേവക്ഷേത്രത്തിലെത്തി. ഇവിടെ സൊളോപോക്ക് ചാര്‍ധാമില്‍
പ്രധാനക്ഷേത്രത്തിന് 108 അടി ഉയരമുണ്ട്. 87 അടി ഉയരമുള്ള ശിവനും 12 ജ്യോതിര്‍ലിംഗങ്ങളുടെ
പതിപ്പുകളും ആകര്‍ഷണങ്ങളാണ്. നാംചിയില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ്
കിര്തേശ്വര്‍ ക്ഷേത്രം.പടിഞ്ഞാറന്‍ സിക്കിമിലെ പെല്ലിംഗിലേക്കുള്ള യാത്രാ
വഴിയാലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാംചിയിലെ മറ്റൊരാകര്‍ഷണം ആഗ്രഹപൂര്‍ത്തീകരണം നടക്കും എന്ന് ജനങ്ങള്‍
വിശ്വസിക്കുന്ന സാംദ്രുപ്സെ എന്ന ഉയരമുള്ള കുന്നാണ്. ഇവിടെ ഗുരു പദ്മസംഭവയുടെ
പ്രതിമ 135 അടി ഉയരത്തിലാണ്. കിര്തേശ്വറില്‍ നിന്നും നമ്മള്‍ നാംചിയിലേക്ക്
മടങ്ങുമ്പോള്‍ യാത്രയിലുടനീളം പത്മസംഭവിനെ കാണാന്‍ കഴിയും വിധം മനോഹരമായ ഇടമാണ്
സാംദ്രുപ്സെ.പുരാന നാംചിയില്‍ ലാംഗ്ഡു ആദ്യം കാണിച്ച ഹോട്ടല്‍ ഞങ്ങള്‍ക്ക് ഇഷ്ടമായില്ല. രണ്ടാമത് കണ്ട ഹോട്ടല്‍ ഇഷ്ടമായി.അവിടെ
താമസമാക്കി. പ്ലസ് ടു വരെ പഠിച്ച ശേഷം വിവാഹിതയായി പഠിത്തം നിര്‍ത്തിയ ആളാണ് ഉടമ
പേംകിത് തപ്ച്ച.സൊബ്രാലിയ എന്ന സ്റ്റാര്‍ ഹോട്ടലിന് എതിര്‍വശമാണ് ഞങ്ങളുടെ ഹോട്ടല്‍ സോയോക്ക് ഹാംഗ്.(മൊബൈല്‍- 7602539257)
മുറിയെടുത്ത് കുളിച്ചശേഷം ഞങ്ങള്‍ നടക്കാനിറങ്ങി. ഇരുട്ട് പരന്ന വഴികളിലൂടെ
നടക്കുമ്പോള്‍ വലത് വശം ഉയര്‍ന്നയിടത്ത് കാട് പോലെ തോന്നി. ഇവിടെ കരടി ഉറപ്പ്
എന്ന് ഹരി പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതിനെ കളിയാക്കിക്കൊണ്ട് നടന്നു. തമാശകള്‍
പറഞ്ഞ് ചിരിച്ച് പോകുമ്പോള് ചെറിയ വെളിച്ചത്തില്‍ ഒരമ്മയും മുതിര്‍ന്ന കുട്ടിയും
പിന്നാലെ നടന്നു വരുന്നുണ്ടായിരുന്നു. ഇരുട്ടായിട്ടും അപരിചിതരായ ഞങ്ങളോട്
സംസാരിക്കാന്‍ അവര് താത്പ്പര്യം കാട്ടി. നാടേത്, എന്തിന് വന്നു എന്നിങ്ങനെ.
ഞങ്ങള്ക്ക് അത്ഭുതം തോന്നി. കേരളത്തില്‍ സന്ധ്യകഴിഞ്ഞ് സ്ത്രീകള്‍ നാട്ടുകാരായ
അപരിചിതരോട് പോലും ഇത്തരത്തില്‍ സംസാരിക്കുമെന്ന് തോന്നുന്നില്ല. മകളുടെ സ്കൂളില്‍
മലയാളിയായ ഒരധ്യാപികയുണ്ട് എന്നും അവര്‍ പറഞ്ഞു.മകള്‍ ഒന്‍പതിലാണ് പഠിക്കുന്നത്.
അവള്‍ക്ക് സിവില്‍ സര്‍വ്വീസില്‍ ചേരാനാണ് ആഗ്രഹമെന്ന് പറഞ്ഞു. എന്‍റെ മകള്‍
ഐഎഎസിലാണ് എന്ന് പറഞ്ഞപ്പോള്‍ വലിയ
സന്തോഷമായി. കുറച്ചു സമയം സംസാരിച്ചശേഷം അവര്‍ ഉയരമുള്ള ഭാഗത്തേക്ക് ടോര്‍ച്ച്
തെളിച്ച് യാത്രയായി. ഈ ഭാഗത്ത് കരടിയില്ല എന്നിപ്പോള് എനിക്ക് ബോധ്യമായി എന്ന്
ഹരി. അല്ലെങ്കില് അവര്‍ ആ വഴിക്ക് പോകില്ലല്ലോ. അടുത്തുള്ള മനോഹരമായ ഫ്ളേവേഴ്സ്
റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. നന്നായി ഡിസൈന്‍ ചെയ്ത ചെറിയ ബാര്‍
ഹോട്ടല്‍. അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെട്ട ടീം കരോക്കില്‍ മനോഹരമായി
പാട്ട് പാടുന്നുണ്ടായിരുന്നു. കുറേ സമയം അതും ആസ്വദിച്ചു .
No comments:
Post a Comment