|
ഭൂകമ്പത്തില്‍ തകര്‍ന്ന ഇടം |
|
സീറോ പോയിന്‍റിലേക്കുള്ള റോഡ് |
|
ഇലകളിലെ മഞ്ഞ് |
|
റോഡ് അവസാനിക്കുന്ന സീറോ പോയിന്‍റ് |
|
സീറോ പോയിന്‍റിലെ പെമയുടെ കട |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—എട്ടാം ഭാഗം
ഫോട്ടോ – വി.ആര്‍.പ്രമോദ്
2017 നവംബര്‍ 15
ഞങ്ങള്‍
രാവിലെ സീറോ പോയിന്‍റിലേക്ക് പുറപ്പെട്ടു. ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് .2011
ലെ ഭൂകമ്പത്തില്‍ നശിച്ച ഹിമാചലിന്‍റെ ഭീകര കാഴ്ചകളിലൂടെയായിരുന്നു യാത്ര. എത്രയോ
കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന പാറകള്‍ കിടക്കുന്നത്. ഒരു ക്യമാറയ്ക്കും
ഒപ്പിയെടുത്തു നല്‍കാന്‍ കഴിയാത്ത കാഴ്ച. ആ കാഴ്ച കണ്ടുതന്നെ അറിയണം.ഭൂകമ്പത്തില്‍
ഒരു തടാകം തന്നെ ഇല്ലാതായി. ജിയോളജിയില്‍ പിജിയുള്ള ഹരി യാത്രയ്ക്കിടെ
ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കി ഞങ്ങളുടെ അറിവ് വര്‍ദ്ധിപ്പിച്ചു.
ലക്ഷക്കണക്കിന് കിലോമീറ്റര്‍ ചതുപ്പാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യയിലേക്കുള്ള ഇടിച്ചു കയറിയതിലൂടെ
ഹിമാലയമായി മാറിയത്. ഇതിന്‍റെ മിക്ക ഭാഗങ്ങളും ബലമില്ലാത്ത പൊടിയും ചെളിയുമാണ്.
പത്തുപേര്‍ ഒന്നിച്ച് കൈയ്യടിച്ചാലും ഹിമാലയത്തില്‍ നിന്നും കുറച്ച് പൊടി താഴേക്ക് വീഴും എന്ന ഹരിയുടെ പ്രസ്താവന
ശരിയെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ചിലയിടങ്ങള്‍ ബലപ്പെട്ട് പാറയായിട്ടുണ്ട്.
മറ്റ് ചിലയിടങ്ങള്‍ പാറയാകാന്‍ ശ്രമിക്കുന്നുണ്ട് എന്നിങ്ങനെ പല അറിവുകളും ഹരി നല്‍കി. കാട്ടിലൂടെയാണ് യാത്ര.കാടെന്നാല്‍ ഇടതൂര്‍ന്ന
വനമല്ല. നിറവും ഇലകളും കുറവുള്ള ഹിമാലയന്‍ മരങ്ങള്‍. അതില്‍ പല ജീവികളുടെ
രൂപത്തിലുള്ള പായലുകളുടെ സമൂഹം.താഴെ കരിയിലകളില്‍ ഐസ്ക്രീം പോലെ പറ്റിയിരിക്കുന്ന
മഞ്ഞ്. ജലം മടിച്ച്മടിച്ച് ഖരരൂപമാകുന്ന കാഴ്ചകള്‍. ഷിംഗ്ബാ റോഡോഡെന്‍ഡ്രന്‍ വന്യജീവി സങ്കേതത്തിലൂടെയാണ്
യാത്ര.വഴിയില്‍ റോഡോ മരങ്ങള്‍ ധാരാളം. മാര്‍ച്ചിലാണ് റോഡോ പൂക്കുക.യുമെ സാംഡോഗ്
പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പിന്നെ വിജനമായ ഇടങ്ങളാണ്. 13000 അടിയിലെ ജിലേബി
പോയിന്‍റും കടന്ന് യും താങ്ങ് വാലിയിലൂടെ
സീറോ പോയിന്‍റിലേക്ക് യാത്ര തുടര്‍ന്നു.യുമേ സാം ദോംഗ് എന്നും സീറോ പോയിന്‍റ്
അറിയപ്പെടുന്നു.15300 അടി ഉയരത്തില്‍ അവിടെ വഴി അവസാനിക്കുന്നു. മലകള്‍ക്കിടയിലൂടെ
ഊര്‍ന്നുവരുകയാണ് നദി. അവിടെ ജലവും ജലം രൂപാന്തരപ്പെട്ട് മഞ്ഞും ഉണ്ടാകുന്ന
പ്രകൃതിയുടെ അത്ഭുത കാഴ്ചകള്‍. പെമയുടെ കടയില്‍ കാപ്പിപോലെ മദ്യവും വില്‍പ്പനയ്ക്കുണ്ട്.പെമ
ലാച്ചെന്‍കാരിയാണ്.അവിടെ നിന്നും കാപ്പികുടിച്ചശേഷം ഞങ്ങളും പുഴയുടെ തീരത്തേക്കിറങ്ങി. പുഴ എന്നാല്‍
ഉരുളന്‍ പാറകള്‍ക്കിടയിലെ ചില കുഞ്ഞൊഴുക്കുകള്‍ മാത്രം. ഐസ് വാരിയും എറിഞ്ഞും
കളിക്കുന്ന അനേകം ആളുകള്‍. ഒരു പെണ്‍കുട്ടി ഐസുകൊണ്ട് വീട് നിര്‍മ്മിക്കുന്നു.
എത്ര ശ്രദ്ധയോടെയാണ് അവളത് ചെയ്യുന്നത് .കുറേനേരം നോക്കിനിന്നു.
അഭിനന്ദിക്കാനും മറന്നില്ല. അവള്‍ക്കും
സന്തോഷം.പ്രകൃതി അണിയിച്ചൊരുക്കിയ ഐസ് പ്ലാന്‍റില്‍ നിര്‍മ്മിച്ച ഒരു ഐസ് പ്ലേറ്റ്
ഞാന്‍ കൈയ്യിലെടുത്തു. പ്രമോദാണ് പറഞ്ഞത് ,അതുയര്‍ത്തി കൈയ്യലേക്കിടാന്‍. അത്
കൈയ്യില്‍ വീണ് ചിതറി. പ്രമോദും നാസറും അത് ക്യാമറയില്‍ പകര്‍ത്തി. കുറേ
സമയത്തേക്ക് കത്തികൊണ്ടുമുറിഞ്ഞപോലെ വേദനയായിരുന്നു വിരലുകളില്‍. അത് ഷാര്‍പ്പായി
വീണാല്‍ വീണിടം മുറിച്ചേ പോകൂ എന്ന് പിന്നീടാണറിഞ്ഞത്. സീറോ പോയിന്‍റില്‍ ഇന്ത്യ
അവസാനിക്കുകയാണ്. അപ്പുറം ചൈനയാണ്. മലയാണ് അതിര്. അവിടെ ഉയരങ്ങളില്‍ നമ്മുടെ
ടാങ്കുകള്‍ ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു,
മല മുകളില്‍ നില്‍ക്കുന്നവനാണ് അഡ്വാന്‍റേജ് എന്ന ഉത്തമ ബോധ്യത്തോടെ.എത്ര
മണിക്കൂര്‍ ചിലവഴിച്ചാലും മതിയാകാത്ത
ഇടമാണ് സീറോ പോയിന്‍റ്. എങ്കിലും അവിടെ നിന്നും ഞങ്ങള്‍ മടങ്ങി . രാത്രിയാകും മുന്‍പ്
കാട് കടക്കണം.
മടക്കയാത്രയിലാണ് സിങ്കി എന്ന മണമുള്ള ചെടി കണ്ടത്. അതിനെകുറിച്ച് ലാംഗ്ഡു
പറയുന്നുണ്ടായിരുന്നു. സ്റ്റോലാഗ്മൈറ്റ്സ് വെള്ളച്ചാട്ടം കണ്ട ശേഷമാണ് യുംതാങ് വാലിയിലെ
ഹോട്ട്സ്പ്രിംഗില്‍ പോയത്. അവിടെ ഹോട്ട് സ്പ്രിംഗ് കാണാന് കഴിഞ്ഞില്ല. രോഗിയായ ഒരു
ബുദ്ധസന്ന്യാസിയെ കുളിപ്പിക്കുകയായിരുന്നു അതിനുള്ളില്‍. വഴിയില്‍ വണ്ടി പങ്ചറായി.
ലാംഗ്ഡു അത് ശരിയാക്കുമ്പോള്‍ ഞാനും രാധാകൃഷ്ണനും പതുക്കെ നടന്നു. വണ്ടി വരുമ്പോള്
കയറാം എന്ന് ചിന്തിച്ചായിരുന്നു യാത്ര. കുറച്ചു കഴിഞ്ഞാണ് ഹരീന്ദ്രന്‍ ഇത്
മനസിലാക്കിയത്. ഇവന്മാരെന്ത് പണിയാണ് കാണിച്ചതെന്നു പറഞ്ഞ് ഹരിയും സന്തോഷും
പിന്നാലെ വന്നു. കാരണം ഈ പ്രദേശം കാടാണ്. കരടി ഇറങ്ങുന്ന ഇടം. അവന്‍ പിന്നാലെയാണ്
വരുക .ഒറ്റയടിക്ക് കഥ കഴിക്കും. ഇത് പറഞ്ഞപ്പോള്‍
മാത്രമാണ് അതിന്‍റെ ഭീകരത ഉള്‍ക്കൊണ്ടത്. പങ്ചര്‍ ടയര്‍ മാറ്റി യാത്ര തുടര്‍ന്നു.
ഇനി നാംചിയാണ് ലക്ഷ്യം.പോകും വഴി സേനയുടെ ഒരു സൂക്തം ശ്രദ്ധേയമായി തോന്നി “The God have mercy on our enemies,
we won’t “.അന്നേ ദിവസവും ലാച്ചുംഗില്‍ താഗ്സിംഗ് റിട്രീറ്റിലാണ്
താമസിച്ചത്.ലാച്ചുംഗിലെ ഏക എടിഎം എസ്ബിടിയുടേതാണ്.അത് ബാങ്കിന്‍റെ മുറിയിലാണ്
സൂക്ഷിച്ചിരിക്കുന്നത്. ബാങ്ക് അതിനുള്ളിലിരിക്കുന്നയാളിന്‍റെ സൌകര്യാര്‍ത്ഥമെ
തുറക്കൂ. പണമെടുക്കാന്‍ പ്രമോദ് ചെന്നപ്പോള്‍ അയാള്‍ തുറന്നില്ല. പുറത്ത് വണ്ടി
കഴുകിക്കൊണ്ടു നില്‍ക്കുന്ന ചെറുപ്പക്കാരന്‍
പറഞ്ഞു, 500 രൂപ തന്നാല്‍ തുറക്കാന്‍ പറയാം, ഇതാണ് ഇവിടത്തെ ഫീസ്. നാട്ടുകാര്‍ പണം
നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാറില്ല, ടൂറിസ്റ്റുകളില് നിന്നും പണം
പിടുങ്ങുകയും ചെയ്യാം. ഇവര്‍ സിക്കിംകാരാകാനുള്ള സാധ്യത കുറവാണ് എന്ന് ഞങ്ങള്‍ക്ക്
തോന്നി. ഞങ്ങള്‍ പണം എടുക്കാതെ മടങ്ങി. എസ്ബിഐക്ക് പരാതി നല്‍കണം എന്ന്
കരുതിയെങ്കിലും പിന്നീട് അതൊക്കെ മറന്നു. നമ്മുടെ പൊതുവായ അലസത, അല്ലാതെന്താ. ഹോട്ടിലിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പതിനഞ്ച്
വര്‍ഷം പഴക്കമുള്ള ഹോട്ടലാണ്. റിസപ്ഷനിലെ നുരു ഷെര്‍പ എന്ന പഹാഡി സുന്ദരന്‍
എപ്പോഴും ചിരിക്കുന്ന ഒരു പയ്യനാണ്. അവന്‍റെ വീട് ഗാംഗ്ടോക്കിലാണ്. വര്‍ഷത്തില്‍
ഒരു തവണയെ പോകൂ. ശമ്പളം ആറായിരം മാത്രം. ആര്‍ക്കും ഇഷ്ടം തോന്നുന്ന
പെരുമാറ്റം.പത്ത് വരെയെ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കും.
ഹോട്ടലിന്‍റെ ഉടമ താഗ് തുഗ് ഭൂട്ടിയ ഗാംഗ്ടോക്കിലാണ്. അവര്‍ക്ക് കൂടുതല്‍ ഹോട്ടലുകളും
റിയല്‍ എസ്റ്റേറ്റുമൊക്കെയുണ്ട്. ഇടയ്ക്ക് വന്ന് കണക്കുകള്‍ നോക്കിപ്പോകും,
അത്രതന്നെ. അയാളുടെ മകന്‍ ആര്‍ക്കിടെക്റ്റാണ്. കര്‍മ്മാ ലെന്‍ഡുപ് ഭൂട്ടിയ .അയാള്‍
1999ലെ ഒന്‍പതാമത് ഒസാക്ക ഡിസൈന്‍ കണ്‍സപ്റ്റ് മത്സരത്തില്‍ വെങ്കലമെഡല്‍
നേടിയതിന്‍റെ വിവരമൊക്കെ പ്രധാന ഹാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍
നടത്തിപ്പിനുള്ള ഹൌസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്
ഇക്കണോമികസ്-സ്റ്റാറ്റിസ്റ്റിക്സ് മോണിറ്ററിംഗ് ആന്‍റ് ഇവാലുവേഷന്‍
വകുപ്പാണ്.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിയമ വകുപ്പാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും വനം വകുപ്പും ചേര്‍ന്ന്
ലാച്ചുംഗ് താഴ്വരയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ
പരിശീലനം നല്‍കിയത് ഇവിടെവച്ചായിരുന്നു എന്ന് നുരു പറഞ്ഞു. തോക്ക്, വലിയ
ഫ്ളാസ്ക്കുകള്‍ തുടങ്ങി നിറയെ അലങ്കാര വസ്തുക്കളാണ്. നുരുവിന് പുറമെ 16
ജീവനക്കാരുണ്ട് അവിടെ. നാലായിരം അയ്യായിരമൊക്കെയാണ് ശമ്പളം. ഇവര്‍ക്ക് പുറമെ
കാവലാളായി ഒരു പട്ടിയും.അവനും ഒരു കഥയുണ്ട്. കൃഷിയിടത്തില്‍ കരടി ശല്യം
ഒഴിവാക്കാന്‍ തയ്യാറാക്കിയിരുന്ന കെണിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെന്നുപെട്ടു
ചങ്ങാതി. കെണിയില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ അധികദിവസം അവിടെ കഴിഞ്ഞു. ഒടുവില്‍
എങ്ങനെയോ രക്ഷപെട്ട് കൈകാലുകളിലും നടുവിലും പരുക്കുകളുമായി എത്തി. മരിച്ചുപോകും
എന്നു കരുതിയാണ്. പക്ഷെ ആയുസുണ്ടായിരുന്നു. അവന്‍ രക്ഷപെട്ടു, മിടുക്കനായി , പഴയ
ഉഷാറിലേക്ക് തിരികെ എത്തുകയും ചെയ്തു. പ്രമോദുമായി ഇഷ്ടന്‍ നല്ല ചങ്ങാത്തത്തിലായി.
രാത്രി ഉറങ്ങാന്‍ കിടന്നിട്ട് കണ്ണിന് മുന്നില്‍ നടന്നുകയറാനുള്ള ഒരു മലയുടെ
ദൃശ്യം മാത്രം. അത് ഇന്ത്യയുടെ അപാരതയുടെ പ്രകൃതി തീര്‍ത്ത അതിരായിരുന്നു.
പച്ചപ്പില്ലാത്ത തണുപ്പിന്‍റെ ആ നനുനനുപ്പ് സാവധാനം ശരീരത്തിലേക്ക് പടര്‍ന്നിറങ്ങി.
|
മഞ്ഞ് രൂപപ്പെടുന്ന സീറോ പോയിന്‍റ് |
|
ഐസ് പാളിയുമായി അജിത് |
|
ഐസ് പാളി മുകളിലേക്ക് |
|
ഐസ് പാളി തകരുന്നു |
|
സംഘം സീറോ പോയിന്‍റില്‍ |
|
അപ്പുറം ചൈന |
|
യും താങ്ങ് വാലി |
|
സീറോ പോയിന്‍റ് |
|
നാസര്‍ സീറോ പോയിന്‍റില്‍ |
|
ലാച്ചുംഗിലെ മോഡേണ്‍ റസിഡന്‍സി ഹോട്ടല്‍ |
No comments:
Post a Comment