കഥ
*****
സ്ത്രീപര്വ്വം
******************
( 2011 ല് എഴുതിയത്)
-വി.ആര്.അജിത് കുമാര്
+++++++++++++++++++
ആലുവാപ്പുഴയുടെ മുകളിലൂടെ പാഞ്ഞുപോകുമ്പോള് ട്രെയിന് ഉയര്ത്തിയ ശബ്ദം കേട്ട് അവള് പാതിമയക്കത്തില് നിന്നുണര്ന്നു.പുഴയില് പൂര്ണ്ണചന്ദ്രന്റെ സ്വര്ണ്ണത്തിളക്കം.മീന്പിടിക്കുന്ന ഒരൊറ്റയാന് വള്ളവും നിഴല് പോലെ തെളിഞ്ഞു.ചൂട് ശമിച്ചിട്ടില്ലെങ്കിലും പുഴയില് നിന്നുള്ള ഇളംകാറ്റ് ഒരാശ്വാസമായി അനുഭവപ്പെട്ടു.കംപാര്ട്ട്മെന്റില് ആള്ത്തിരക്ക് കുറഞ്ഞിട്ടുണ്ട്.നേരെ എതിര്വശത്തെ സീറ്റില് ഞെരുങ്ങിയിരുന്ന് മയങ്ങിയ സ്ത്രീകള് എല്ലാം ഇറങ്ങിയിരിക്കുന്നു.തന്റെ അടുത്തിരിക്കുന്ന സ്ത്രീയെ അവള് ശ്രദ്ധിച്ചു.വന്നുകയറിയ ഉടന് ഉറങ്ങാന് തുടങ്ങിയതാണ്.അതിനുമുന്പായി രണ്ട് കാര്യങ്ങള് അവര് ചോദിച്ചു.
“ എവിടെയാ ഇറങ്ങ്വാ “
“ ഷൊര്ണ്ണൂര് “, അവള് പറഞ്ഞു.
“ ഒറങ്വോ “
അവള് പറഞ്ഞു,”ഇല്ല “
“കൊച്ച് ഒരു കാര്യം ചെയ്യണം.തൃശൂര് എത്തുമ്പോ എന്നെ ഒന്ന് വിളിച്ചേക്കണം.നല്ല ക്ഷീണോണ്ട്, ഞാനൊന്നു മയങ്വാ“.തിരികെ എന്തെങ്കിലും ചോദിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും അവര് ഉറക്കമായി.അതിരാവിലെ ജോലിക്ക് പുറപ്പെട്ട് വൈകി തിരികെ വരുന്ന ഒരു ജീവിതമായിരിക്കാം.ഇനി വീട്ടിലെത്തിയാലും പാവത്തിന് വിശ്രമം കാണില്ല.ഉറക്കത്തില് അവരുടെ തല മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചരിയുന്ന രീതിയില് ഒരു താളമുണ്ടെന്ന് മാതുവിന് തോന്നി.അവള് അപ്പോഴാണ് അത് ശ്രദ്ധിച്ചത്.ആ കാബിനില് അവര് രണ്ടുപേര് മാത്രമെയുള്ളു.അവള് എഴുന്നേറ്റ് അടുത്ത കാബിനുകളിലും നോക്കി.ആരുമില്ല.അരണ്ട വെളിച്ചവും കാറ്റിന്റെ ചൂളവും ചേര്ന്നൊരു ഭീകരത പെട്ടെന്ന് അന്തരീക്ഷത്തിന് ഭാവപ്പകര്ച്ച വരുത്തി.രാത്രിയില് ലേഡീസ് കംപാര്ട്ടമെന്റിന്റെ രീതി ഇതാണ്.സ്ത്രീകള് തീരെ കയറില്ല.അവര് സുരക്ഷിതത്വം കരുതി മറ്റ് കംപാര്ട്ട്മെന്റുകളിലാണ് കയറുക.
അതുവരെ ഇല്ലാതിരുന്ന ആകുലതകളും വ്യാകുലതകളും പെട്ടെന്ന് അവളെ വന്നുമൂടാന് തുടങ്ങി.എല്ലാ ആഴ്ചയിലും ഇത്തരമൊരു യാത്ര ഉള്ളതാണ്,അമ്മയെ കാണാന്. അല്ലാതെ തനിക്കാരാ ഉള്ളത്.കാണുമ്പോള് അമ്മയുടെ ഒരു സങ്കടം പറച്ചിലുണ്ട്.അത് കേള്ക്കാനും ഒരു രസാണ്.
“ നിന്നെ കെട്ടിച്ചയയ്ക്കാന് ഈ അമ്മേടെ കൈയ്യീ ഒന്നുമില്ലാതെ പോയല്ലോ മോളെ.നീ എന്തിനീ വീട്ടില് വന്നു പിറന്നു,ഈ അമ്മയുടെ വയറ്റില്.ഇന്നലേം ആ കേശവന് ബ്രോക്കറ് വന്നിരുന്നു.പയ്യന്മാര് ഒരുപാടുണ്ട് അയാള്ടെ കൈയ്യില്.പക്ഷെ നമുക്കെന്താ കൊടുക്കാനുള്ളേ?പണിയില്ലാത്തവന്മാര് വരെ ചോദിക്കുന്നത് ഇരുപത്തിയഞ്ചും അമ്പതും പവനാ. “
അവള് ചിരിക്കും.” അമ്മ വിഷമിക്കാതിരി.ഒരു രാജകുമാരന് വരും,എന്നെങ്കിലും.ഒന്നും ആവശ്യപ്പെടാതെ ഈ മോളെ കെട്ടിക്കൊണ്ടുപോകും,നോക്കിക്കോ “,അവള് ഇത്രയും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിക്കും.അതോടെ അമ്മ സങ്കടം മറക്കും.പിന്നെ കഥകളായി.അയലത്തെ വീടുകളിലും നാട്ടിലും ഒരാഴ്ച നടന്ന സംഭവങ്ങള് വിവരിക്കും.ഞയറാഴ്ച ഒന്നിച്ച് ഭക്ഷണമുണ്ടാക്കി കഴിക്കും.അടുത്തദിവസം രാവിലെ തിരിച്ചൊരു യാത്രയും.അപ്പൊ കണ്ണീരായി,സങ്കടായി.ഇതൊക്കെത്തന്നെയല്ലെ ജീവിതം എന്നവള് ആത്മഗതം ചെയ്യും.
അടുത്ത സ്റ്റേഷനുകളില് ഒന്നില് നിന്നുപോലും അവരുടെ കംപാര്ട്ട്മെന്റില് ആരും കയറിയില്ല.തൃശൂര്കാരി കണ്ണ് തുറന്നതുമില്ല.ജോലി ചെയ്യുന്നത് സ്വര്ണ്ണക്കടയിലായതുകൊണ്ട് തനിക്കെന്തിനാ സ്വര്ണ്ണം എന്നവള് വെറുതെ ചിന്തിക്കുകയും കഴുത്തില് കിടക്കുന്ന അരപ്പവന് മാലയില് വിരലോടിക്കുകയും ചെയ്തു.കടയിലെ സൂപ്പര്വൈസര് ചന്ദ്രമോഹന് വിവാഹാഭ്യര്ത്ഥന നടത്തിയ കാര്യം അമ്മയോട് പറയണമോ വേണ്ടയോ എന്ന ചിന്തയും കൂടിയായപ്പോള് സമയം പോയതറിഞ്ഞില്ല.തൃശൂരെത്തിയപ്പോള് സഹയാത്രികയെ അവള് വിളിച്ചുണര്ത്തി.ഉറക്കം മുറിഞ്ഞ സങ്കടമൊന്നുമില്ലാതെ ചിരിച്ചുകൊണ്ട് അവര് എഴുന്നേറ്റു. “ വളരെ സന്തോഷം,കുഞ്ഞിനെ ദൈവം രക്ഷിക്കും“,ഇങ്ങനെ പറഞ്ഞ്,മറ്റ് അന്വേഷണങ്ങള്ക്കൊന്നും അവസരം നല്കാതെ അവര് ഇറങ്ങി.
അഞ്ചുമിനിട്ടോളം പ്ലാറ്റ്ഫോമില് നിര്ത്തിയിട്ടിരുന്ന ട്രെയിന് ഒന്നുലഞ്ഞും ചങ്ങലകിലുക്കിയും മുന്നോട്ടെടുക്കുമ്പോഴും സ്ത്രീകളാരും ആ ബോഗിയില് പുതുതായി വന്നില്ല.അനേകം മുറികളുള്ള ഒരു വലിയ വീട്ടില് തനിച്ചു താമസിക്കുന്ന ഒരാളെപോലെ അവള് ഒന്നു വിയര്ത്തു.കാറ്റിന് തണുപ്പിക്കാന് കഴിയാത്തത്ര ചൂട് ഉള്ളിലുണ്ടായി.പ്ലാറ്റ്ഫോം വിട്ട് വണ്ടി നീങ്ങാന് തുടങ്ങിയപ്പോഴാണ് ഓടിക്കയറിയ ഒരാളുടെ കൈ വാതില്പ്പടിയില് അവള് കണ്ടത്.നെഞ്ച് ഒന്നാളി.സ്ത്രീയല്ല,പുരുഷനാണ്.ദൃഢമായ ആ കൈ മെല്ലെ ഉയര്ന്നുവന്നു.ശരീരം കണ്ട് അവള് ഞെട്ടി.നിലവിളിക്കണമോ വേണ്ടയോ എന്ന തിരിച്ചറിവിലേക്ക് അവളെത്തുംമുന്നെ അവന് വാതില് നിറഞ്ഞു.നല്ല തടിച്ച ശരീരമുള്ള ആ ഇരുനിറക്കാരന് ഒന്നു ചിരിച്ചു.അത് സൌഹൃദച്ചിരിയായിരുന്നില്ല.ക്രൂരത കലര്ന്ന അനാര്ദ്രമായ ചിരി.മുഖത്തെ കുറ്റിരോമങ്ങളില് വിയര്പ്പ് തിളച്ചു.അരണ്ട വെളിച്ചത്തിലും അവ തിളങ്ങി.ജീന്സും ഷര്ട്ടുമാണ് വേഷം.മുഷിഞ്ഞ ഷര്ട്ടിലെ എല്ലാ ബട്ടണുകളും ഇട്ടിട്ടില്ല.ഇടാത്തതോ ബട്ടണില്ലാത്തതോ എന്നവള്ക്ക് വ്യക്തമായില്ല.അവള് സീറ്റില് കുറേക്കൂടി ഒതുങ്ങി.അവന്റെ ഇടതുകൈ അപ്പോഴാണവള് ശ്രദ്ധിച്ചത്.അതില് കൈപ്പത്തിയുണ്ടായിരുന്നില്ല.അവന് വായില്തിരുകിയിരുന്ന പുകയിലയുടെ ഗന്ധവും അവളറിഞ്ഞു.
“ ഉം- ബാഗെടുക്ക് “, അതായിരുന്നു അവന് നടത്തിയ ആദ്യ ആശയവിനിമയം.
“ എന്ത് വേണമെങ്കിലും തരാം,എന്നെ ഉപദ്രവിക്കരുത് “, അവള് ഒരു മര്മ്മരം പോലെ പറഞ്ഞു.
“ ഞാന് പറയുന്നതൊക്കെ അനുസരിക്കണം,നീ ആദ്യം ബാഗെടുക്ക് “ ,അവള് ബാഗ് അവനുനേരെ നീട്ടി.അതിലുണ്ടായിരുന്ന തുണികളൊക്കെ വലിച്ച് നിലത്തിട്ട് വേണ്ടതൊന്നും കിട്ടാത്തതില് നിരാശനായി അവന് പറഞ്ഞു,”എന്തിനാടീ ഈ പഴന്തുണിയെല്ലാം ഇതില് കുത്തിക്കയറ്റി കൊണ്ടുപോകുന്നേ “
“ ഞാന് വീട്ടിലേക്ക് പോകുവാ ചേട്ടാ,അമ്മയെ കാണാന്.ഒരാഴ്ചത്തെ തുണിയൊണ്ട്.അത് വീട്ടില് കൊണ്ടുപോയി കഴുകി വേണം അടുത്താഴ്ച ഉടുക്കാന്.ഞാന് കൊല്ലത്തൊരു കടേ ജോലി ചെയ്യുവാ “,അവള് വീണ്ടുകിട്ടിയ ധൈര്യത്തില് സംസാരിച്ചു.
“എനിക്ക് നിന്റെ പുരാണമൊന്നും കേള്ക്കണ്ട,നീ പണം വച്ചിരിക്കുന്നതെവിടെയാ,നെഞ്ചത്തോ അരേലോ “, അവന് അതൃപ്തി രേഖപ്പെടുത്തി.
“ അയ്യോ ചേട്ടാ,എന്റെ പഴ്സിലാ പണമുള്ളത്.ദാ-ഇതെടുത്തോ,ആയിരം രൂപയുണ്ട് “,അവള് പഴ്സ് നീട്ടി.അവന് അത് തട്ടിപ്പറിച്ച് തുറന്നു.പണം എണ്ണിനോക്കി പോക്കറ്റിലിട്ടശേഷം പഴ്സ് അവളുടെ നേര്ക്ക് വലിച്ചെറിഞ്ഞു.അപ്പോഴാണ് ആ മാല അവന്റെ ശ്രദ്ധയില്പെട്ടത്.അവന് അവളുടെ കഴുത്തില് കടന്നുപിടിച്ചു.
“എന്നെ ഉപദ്രവിക്കല്ലെ ചേട്ടാ,പറഞ്ഞാ പോരെ,ഞാന് ഊരിത്തരുമല്ലോ“,അവള് ഉയരുന്ന നെഞ്ചിടിപ്പ് നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു
“നിന്റെയീ കൊണംകെട്ട സ്വഭാവം എനിക്കൊട്ടും പിടിക്കുന്നില്ല കേട്ടോ.എനിക്ക് പെണ്ണിനെ കീഴ്പ്പെടുത്തിയും കൊന്നുമൊക്കെയുള്ള ശീലേയുള്ളു,നിന്നേം ഞാന് കൊല്ലും“,അവന് കൂടുതല് പരുക്കനാകാന് ശ്രമിച്ചു.
“ എന്റെ എല്ലാം ചേട്ടനെടുത്തുകൊള്ളൂ,പക്ഷെ എന്നെ കൊല്ലരുത്.ഒരമ്മ എന്നെ കാത്തിരിപ്പുണ്ട്,അവരെ സങ്കടപ്പെടുത്തരുത്“,അവള് പറഞ്ഞു.
“നിനക്ക് കാത്തിരിക്കാന് അമ്മയുണ്ട്.എനിക്കാണെങ്കി---വേണ്ട–ഞാനൊന്നും പറയുന്നില്ല.എനിക്കാരോടും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല “,അവന് അവളെ കടന്നുപിടിച്ചു.അവള് പ്രതിഷേധിച്ചില്ല.അവന്റെ മാറിലേക്ക് അവള് അടുത്തു.അവനെ ചുറ്റിപ്പിടിച്ചു.ആ കണ്ണുകളില് കാമോക്തിയോടെ നോക്കി.ബലമായി കീഴടക്കിമാത്രം ശീലമുള്ള അവന്റെ മുഖത്ത് അവളുടെ മണവും ചൂടുശ്വാസവും പതിഞ്ഞു.അവള് അവന്റെ കവിളില് ചുംബിച്ചു.അവന്റെ ചുണ്ടുകളിലും മൃദുവായി തലോടി.ആ വിരല് സ്പര്ശങ്ങള് അവന് ജിവിതത്തില് ആദ്യമായിട്ടാകാം.അവള് അവനോട് കൂടുതല് ചേര്ന്നുനിന്നു.അവന്റെ കഴുത്തില് ചുംബിച്ചുനിന്ന അവള്,കഴുത്തിന്റെ വലതുഭാഗത്ത് എഴുന്നുനിന്ന സിരയില് മെല്ലെ പല്ലമര്ത്തി.നിമിഷങ്ങള്ക്കകം അവള് ഭദ്രകാളിയായി മാറി.പല്ല് കഴുത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി.അവന് കുതറി മാറാന് ശ്രമിച്ചു.എന്നാല് ജീവിതത്തിലൊരിക്കലും കിട്ടിയിട്ടില്ലാത്ത ഊര്ജ്ജത്തിന്റെ തിരത്തള്ളലിലായിരുന്നു അവള്.അവന്റെ കൈകള് ശരീരത്തില് നിന്നും അയഞ്ഞ ആ നിമിഷം അവള് അവനെ ആഞ്ഞുതള്ളി.ആ തള്ളലില് നിയന്ത്രണം നഷ്ടപ്പെട്ട അവനെ അവള് കാലുയര്ത്തി ചവുട്ടി.അവൻറെ വലതുകൈയ്ക്ക് എവിടെയെങ്കിലും ഒന്നു പിടിക്കാന് കഴിയുംമുന്നെ വാതിലിലൂടെ ഒരു കാറ്റുപോലെ അവന് പുറത്തേക്ക് വീണു.കൈപ്പത്തി നഷ്ടമായ ഇടതുകൈയ്യാണ് ഒടുവില് കാഴ്ചയില് തെളിഞ്ഞുനിന്നത്.
വണ്ടിയുടെ കടകട ശബ്ദത്തിനൊപ്പം അവന്റെ ശബ്ദവും ഇഴചേര്ന്ന് ഒരപസ്വരം സൃഷ്ടിച്ചുകൊണ്ട് അന്തരീക്ഷം പുതിയൊരധ്യായമെഴുതാന് തുടങ്ങി.അവള് ഒന്നു ഞെട്ടി,പഴയ മാതുവായി മാറി.വായില് കടിച്ചുപിടിച്ചിരുന്ന മാംസം പുറത്തേക്ക് തുപ്പിയപ്പോള് ഇരുട്ടില് കറുത്ത നിഴലുകള് പോലെ ചോര തെറിച്ചുവീണു.അവള് വാഷ്ബേസിനില് കൈയ്യും മുഖവും കഴുകി ഒരു ദീര്ഘശ്വാസം വിട്ട്,തുണികള് ബാഗിലേക്ക് കുത്തിക്കയറ്റി.ട്രെയിന് വേഗത കുറഞ്ഞ് മെല്ലെമെല്ലെ ഷൊര്ണ്ണൂര് സ്റ്റേഷനിലെത്തി.വണ്ടി നിരങ്ങി നിരങ്ങി ഒച്ചയുണ്ടാക്കി സ്റ്റേഷനില് നിന്നു.
നല്ല ഉറക്കത്തിലായിരുന്ന മാതുവിനെ അവളുടെ കൂട്ടുകാരി വിളിച്ചുണര്ത്തി.സ്വപ്നം മുറിഞ്ഞ കണ്ണുകള് തുറന്ന് അവള് കൂട്ടുകാരിയെ നോക്കി.
“പത്രവും വിടര്ത്തിപ്പിടിച്ച് എന്തുറക്കാ നീ ഉറങ്ങ്യേ”,വിദ്യ ചോദിച്ചു.അപ്പോഴാണ് മാതുവിന് സ്ഥലകാല ബോധമുണ്ടായത്. അവള് പിടഞ്ഞെഴുന്നേറ്റു.പത്രം മടക്കുമ്പോള് ആ വാര്ത്തയില് ഒരിക്കല്കൂടി അവളുടെ കണ്ണുടക്കി.”ട്രെയിനില് പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന പൊന്നുച്ചാമിക്ക് കോടതി വധശിക്ഷ വിധിച്ചു “
“എടീ,ട്രെയിന് വിടുംമുന്നെ ഇറങ്ങ് “,വിദ്യ ദേഷ്യപ്പെട്ടു.അവള് ബാഗുമെടുത്ത് വേഗം പ്ലാറ്റ്ഫോമിലേക്കിറങ്ങി.അവള് ട്രെയിന് നീങ്ങുന്നത് നോക്കി നിന്നു.അപ്പോള് പ്ലാറ്റ്ഫോം കടന്ന വണ്ടിയിലേക്ക് ഒരുവന് ഓടിക്കയറുന്നത് അവള് കണ്ടു,അവന്റെ കൈപ്പത്തി നഷ്ടമായ കൈയ്യും.
No comments:
Post a Comment