Tuesday, 25 February 2025

Article based on economic survey and central budget -part 4

 

2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- നാലാം ഭാഗം വായനയ്ക്കായി സമര്പ്പിക്കുന്നു.
--------------------
ഹരിത ഊര്ജ്ജം
------------------
ഹരിത ഊര്ജ്ജത്തിലേക്ക് വഴിമാറുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന നിര്മ്മാണത്തില് കൂടുതല് ശ്രദ്ധ നല്കേണ്ടതുണ്ട് എന്ന് പറയുമ്പോള്തന്നെ ലിത്തിയം അയോണ് ബാറ്ററിക്കായി ചൈനയെ കൂടുതല് ആശ്രയിക്കേണ്ടി വരുന്നു എന്നത് വലിയ വെല്ലുവളിയാണ്.അതുകൊണ്ടുതന്നെ സ്വദേശിവത്ക്കരണം അനിവാര്യമാണ് താനും. ലോകത്ത് ലഭ്യമായ 65 ശതമാനം നിക്കലും 68 ശതമാനം കോബോള്ട്ടും 60 ശതമാനം ലിഥിയവും അപൂര്വ്വ ലോഹങ്ങളുടെ 63 ശതമാനവും ചൈനയ്ക്ക് സ്വന്തമാണ്.ചൈനയുടെ ശക്തിയും ഇന്ത്യയുടെ ദൌര്ബ്ബല്യവും ഇവിടെയാണ് പ്രതിഫലിക്കുന്നത്.
2047 ല് വികസിത രാഷ്ട്രമാകാന് ലക്ഷ്യമിടുന്ന ഇന്ത്യക്ക് അതിന്റെ ഏറ്റവും മികച്ച വിഭവങ്ങള്,നൂതന സാങ്കേതിക വിദ്യകള്,വൈദഗ്ധ്യം എന്നിവ ഉപയോഗപ്പെടുത്തുന്നതോടൊപ്പം കുറഞ്ഞ കാര്ബണ് പാത ഉറപ്പാക്കേണ്ടതുണ്ട്. എന്നാല് മതിയായ ബദലുകളില്ലാതെ കല്ക്കരി പ്ലാന്റുകള് അടച്ചുപൂട്ടാനും കഴിയില്ല.കഴിഞ്ഞ നൂറ്റാണ്ടുവരെ കണ്ട ഊര്ജ്ജ പരിവര്ത്തനങ്ങള് വികസിത സമ്പദ് വ്യവസ്ഥകളില് നിന്നുള്ള കാര്ബണ് പുറന്തള്ളല് പരിമിതപ്പെടുത്താനുള്ള ഇച്ഛാശക്തിയേക്കാള് വാണിജ്യതാത്പ്പര്യങ്ങളില് നയിക്കപ്പെട്ടവയാണ്.വാണിജ്യതാത്പ്പര്യങ്ങളും ഊര്ജ്ജസുരക്ഷയും ഇന്നും പരിവര്ത്തന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള് തന്നെയാണ്. എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ ഉപരോധത്തില് നിന്നും മുന്നോട്ടുപോകാനാണ് 1970 കളില് ഫ്രാന്സ് ആണവോര്ജ്ജ വികസനത്തിന് തുക്കമിട്ടത്. 2022 ല് യൂറോപ്യന് യൂണിയനില് റഷ്യയുടെ വാതകവിതരണം തകരാറിലായപ്പോഴാണ് ദ്രവീകൃത പ്രകൃതിവാതക അടിസ്ഥാന സൌകര്യങ്ങളിലെ നിക്ഷേപത്തിന് 10 ബില്യണ് യൂറോയും എണ്ണവിതരണം സുരക്ഷിതമാക്കാന് 2 ബില്യണ് യൂറോയും ബജറ്റില് അധികമായി ഉള്പ്പെടുത്തിയത്. 2023ലാണ് അലാസ്ക മേഖലയില് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഖനനത്തിന് അമേരിക്ക അനുമതി നല്കിയതെന്നും ഓര്ക്കുക.എണ്ണയും വാതകഇതര ദ്രാവകവും ചേര്ന്ന ഉത്പ്പാദനം 628.9 ദശലക്ഷം ബാരല് വരും. ഇത് 260.79 ദശലക്ഷം ടണ് അനുബന്ധ പരോക്ഷ കാര്ബണ് ഡൈ ഓക്സൈഡിന് തുല്യമായ കാര്ബണ് പുറന്തള്ളലിനും കാരണമാകും. വികസിത രാജ്യങ്ങളുടെ വാക്കും പ്രവര്ത്തിയും പൊരുത്തപ്പെടുന്നതല്ല.നൂറ്റാണ്ടുകളായി ഫോസില് ഇന്ധനം ഉപയോഗിച്ചും കാര്ബണ് പുറന്തള്ളിയും വളര്ന്നശേഷം വികസ്വര രാജ്യങ്ങളോട് കാര്യക്ഷമത കുറഞ്ഞതും ചെലവേറിയതും അപകട സാധ്യതയുള്ളതുമായ ഓപ്ഷനുകള് സ്വീകരിക്കാനാണ് അവര് നിര്ദ്ദേശിക്കുന്നത്. ഇന്ത്യയില് കല്ക്കരി ഊര്ജ്ജ നിലയങ്ങള് വലിയതോതില് വികസച്ചത് 2010 കളിലാണ്. അതിനാല് കല്ക്കരി നിലയങ്ങള് അടച്ചുപൂട്ടുന്നതിന് യാതൊരു സാമ്പത്തിക ന്യായീകരണവുമില്ല.വലിയ നിക്ഷേപമാണ് ഉപയോഗശൂന്യമാകുക.എന്നു മാത്രമല്ല വിശ്വസനീയമായ ബദല് ഇല്ലതാനും.ഊര്ജ്ജപരിവര്ത്തനത്തിനും ഊര്ജ്ജസുരക്ഷയ്ക്കും ഇടയിലുള്ള സംഘര്ഷം വികസിത രാജ്യങ്ങള് അനുഭവിച്ചതാണ്. അതേ സംഘര്ഷത്തിലാണ് നാമിപ്പോള് നില്ക്കുന്നതും. കാറ്റ്,സൌരോര്ജ്ജം തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളിലേക്കുള്ള പരിവര്ത്തനത്തിന്റെ പരിമിതികള് മനസിലാക്കിയെ മുന്നോട്ടുപോകാന് കഴിയൂ.ഈ സാഹചര്യത്തിലാണ് കാര്ബണ് പുറന്തള്ളാത്ത ആണവ ഊര്ജ്ജ മേഖല സ്വകാര്യ മേഖലയ്ക്കായി തുറക്കുന്നത്. ഇതുവഴി തൊഴില് വര്ദ്ധിപ്പിക്കാനും ഊര്ജ്ജ പ്രതിസന്ധി പരിഹരിക്കാനും അമേരിക്കയുടെ പ്രീതി സമ്പാദിക്കാനുമാണ് മോദി സര്ക്കാര് ശ്രമിക്കുന്നത്.
2047 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി നിലവിലുള്ള 8 ജിഗാവാട്ടിൽ നിന്ന് 100 ജിഗാവാട്ടായി ഉയർത്തുക എന്നതാണ് ആണവോർജ്ജ ദൗത്യത്തിന്റെ ലക്ഷ്യം. ആണവോർജ്ജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും മാറ്റം വരും. 20000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. ചെറിയ മോഡുലാർ റിയാക്ടറുകൾക്ക് ദൗത്യം പ്രത്യേക ഊന്നൽ നൽകുന്നു. 300 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കുന്ന ഈ നൂതന റിയാക്ടറുകൾ ആണവ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനയാണ്.
2024 ലെ ബജറ്റില് 25 നിർണായക ധാതുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവു ചെയ്തതിന്റെ തുടര്ച്ചയായി 2025 ലെ ബജറ്റില് കോബാൾട്ട് പൊടി, ലിഥിയം അയൺ ബാറ്ററി സ്ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിർണായക ധാതുക്കൾ എന്നിവക്കും കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചു.ഇത് സോളാർ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ മുതൽ കാറ്റാടി ടർബൈനുകൾ വരെയുള്ള ശുദ്ധമായ ഊർജ്ജ ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. നിർമ്മാണ ഉപകരണങ്ങൾക്കുള്ള തന്ത്രപരമായ കസ്റ്റംസ് ഇളവുകളിലൂടെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രത്യേക ശ്രദ്ധയാണ് ലഭിക്കുന്നത്. ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിനായി 35 പുതിയ മൂലധന വസ്തുക്കള്ക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കായുള്ള 28 മൂലധന വസ്തുക്കള്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന് ഉതകും.നിർണായക ഘടകങ്ങളുടെ ഈ പ്രാദേശികവൽക്കരണം ഉൽപാദനച്ചെലവ് കുറയ്ക്കുകയും സാങ്കേതിക നവീകരണത്തിന് പ്രചോദനം നൽകുകയും ഇന്ത്യയിലെ യുവാക്കൾക്ക് ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവേഷണവും വികസനവും
----------------
പ്രധാന മേഖലകളിലെ ഗവേഷണ വികസനത്തില് ഇന്ത്യ വളരെ പിന്നിലാണ്.ഈ രംഗത്ത് സ്വകാര്യ മേഖലയുടെ കൂടുതല് പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്.ഗവേഷണത്തില് ഇപ്പോഴും ഇന്ത്യ ആഗോളമാനദണ്ഡങ്ങള്ക്കനുസരിച്ച് വളര്ന്നിട്ടില്ല.2011 ല് ഗവേഷണത്തിന് നീക്കിവച്ചിരുന്നത് 60196 കോടി രൂപയാണ്.2022 ല് ഇത് 127381 കോടിയായി ഉയര്ന്നു. എന്നാല് ഈ തുക ജിഡിപിയുടെ 0.64 ശതമാനം മാത്രമെ ആകുന്നുള്ളു എന്നത് പ്രസക്തമാണ്. ചൈന,ജപ്പാന്,കൊറിയ,അമേരിക്ക എന്നിവിടങ്ങളില് 50 ശതമാനം ഗവേഷണത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തമുണ്ട്.യുഎസ്സില് ഗൂഗിളും ആമസോണും 70 ശതമാനം വരെ ഗവേഷണം ഏറ്റെടുത്തിരിക്കുന്നു.ചൈനയുടെ ആര് ആന്റ് ഡി,ജിഡിപിയുടെ 2.1 ശതമാനമാണ്.ഇപ്പോള് ഫാര്മസ്യൂട്ടിക്കല്സ്,ഐടി,ട്രാന്സ്പോര്ട്ട്,പ്രതിരോധം,ബയോടെക്നോളജി എന്നീ മേഖലകളില് മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വ്യാപകമാക്കേണ്ടതുണ്ട്.(തുടരും)

Monday, 24 February 2025

Article based on economic survey and central budget -part 3

 

2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- മൂന്നാം ഭാഗം വായനയ്ക്കായി സമര്പ്പിക്കുന്നു
======
വി. ആർ. അജിത് കുമാർ
**********
കാര്ഷിക മേഖല
###########
കാലാവസ്ഥ വ്യതിയാനവും ജലക്ഷാമവും അലട്ടുന്ന കാര്ഷിക മേഖലയ്ക്ക് കൃത്യമായ സാങ്കേതിക സഹായവും ഉപദേശങ്ങളും ഗവേഷണ സഹായവും ലഭിക്കേണ്ടത് അനിവാര്യമാണ്.ഇപ്പോള് വാര്ഷിക കാര്ഷിക വികസനം 5 ശതമാനമാണ്.കൃഷിയുടെയും അനുബന്ധ മേഖലകളുടെയും മൊത്ത മൂല്യ വര്ദ്ധനവ് 2014-15 ല് 24.38 ശതമാനമായിരുന്നത് 2022-23 ല് 30.23 ശതമാനമായിട്ടുണ്ട്.സമ്പദ് വ്യവസ്ഥയില് 20 ശതമാനം വിഹിതമുള്ള കാര്ഷിക മേഖലയുടെ പ്രതിസന്ധികള് മൊത്തം സാമ്പത്തികാവസ്ഥയെ ബാധിക്കുന്നതാണ്.എണ്ണക്കുരുക്കളുടെ അപര്യാപ്തതയും ഇറക്കുമതിയുമാണ് പ്രധാന പ്രതിസന്ധി. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. കുറഞ്ഞ ഉത്പ്പാദന ക്ഷമതയുള്ള 100 ജില്ലകളില് ഉത്പ്പാദന ക്ഷമത വര്ദ്ധിപ്പിച്ച് ആറ് വര്ഷത്തിനുള്ളില് പയറുത്പ്പാദനത്തില് സ്വയം പര്യാപ്ത നേടുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ധന്-ധാന്യ കൃഷി യോജന ആരംഭിക്കുന്നത്. നാഫെഡ് നാല് വര്ഷം പയര് കര്ഷകരില് നിന്നും വിളവ് നേരിട്ട് വാങ്ങുകയും ചെയ്യും. കര്ഷകര്ക്ക് ഒരു മികച്ച അവസരമാണ് ഇത് നല്കുന്നത്.മത്സ്യമേഖലയിലും കന്നുകാലി മേഖലയിലും യഥാക്രമം 13.67 ശതമാനവും 12.99 ശതമാനവും വളര്ച്ചയുണ്ടായിട്ടുണ്ട്. കാര്ഷിക വരുമാനവും 5.23 ശതമാനം വര്ദ്ധിച്ചതായി കേന്ദ്രം അവകാശപ്പെടുന്നു.കാര്ഷിക വിപണിയിലെ ഇടത്തട്ടുകാരുടെ അന്യായ ഇടപെടലും വ്യവസ്ഥാപിതമായ കാര്യക്ഷമതയില്ലായ്മയുമാണ് മറ്റൊരു വിഷയം. ഇതിന് പരിഹാരമുണ്ടാക്കാനായി കൊണ്ടുവന്ന കാര്ഷിക ബില്ലുകള് കര്ഷക സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ഇടപെടലില്പെട്ട് മരവിച്ചുപോയത് ഈ രംഗത്ത് ഒരു വലിയ തിരിച്ചടിയായി തുടരുകയാണ്. യാഥാര്ത്ഥ്യ ബോധത്തോടെയുള്ള സമീപനം യഥാര്ത്ഥ കര്ഷകരില് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.അതോടൊപ്പം വലിയ തോതിലുള്ള കാര്ഷിക കയറ്റുമതിയും ഉണ്ടാകേണ്ടതുണ്ട്.
വ്യവസായം
*************
വ്യവസായ വികസനം സുഗമമാക്കാന് വ്യവസായ മേഖലയിലെ മൈക്രോ മാനേജ്മെന്റ് നിയന്ത്രണങ്ങള് ഒഴിവാക്കേണ്ടതുണ്ട്. അധികാരസ്ഥാനത്തുള്ള നിയന്ത്രണ ഏജന്സികളില് നിക്ഷേപകര്ക്കുള്ള വിശ്വാസക്കുറവ് അവസാനിക്കണം.കുറ്റം കണ്ടുപിടിച്ച് നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും കൈക്കൂലിക്ക് നിര്ബ്ബന്ധിക്കുകയും ചെയ്യുന്ന രീതി മാറി വ്യവസായ സംരംഭകരില് നിന്നും സര്ക്കാര് സംവിധാനം പരമാവധി മാറിനില്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. വിപണിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള് കുറയ്ക്കുകയും പരമാവധി പ്രായോഗികമായ സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോള് റഗുലേറ്റര്മാരുടെ ഇടപെടലില്ലാതെതന്നെ നിക്ഷേപകര് സ്വയം നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യത ഏറുകയാണ്.നിരപരാധിയാണ് എന്നു തെളിയിക്കപ്പെടും വരെ കുറ്റവാളിയാണ് എന്ന നിലയിലല്ല കുറ്റവാളിയാണ് എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയാണ് എന്ന മട്ടിലാകണം നിക്ഷേപകരെ സമീപിക്കാന്.
ചെറുകിട സ്ഥാപനങ്ങളെ ശാക്തീകരിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം വര്ദ്ധിപ്പിക്കാനും അവര്ക്ക് അനുഗുണമായ ഒരു വിപണന മേഖല ഉറപ്പാക്കാനും സര്ക്കാരിന് ഉത്തരവാദിത്തമുണ്ട്. കാര്ഷിക വിപണനത്തിലും മലിനീകരണ നിയന്ത്രണത്തിലുമൊക്കെ വ്യവസ്ഥകള് ലഘൂകരിക്കേണ്ടതാണ്.ഇത് ഭക്ഷ്യസുരക്ഷ,എക്സൈസ്,ലീഗല് മെട്രോളജി തുടങ്ങിയ മേഖലകളിലും ഉണ്ടാകേണ്ടതുണ്ട്. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ബന്ധവും ദൃഢമാകേണ്ടതുണ്ട്. കോര്പ്പറേറ്റുകളുടെ ലാഭം വര്ദ്ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാരുടെ ശമ്പളത്തിലും വര്ദ്ധനവുണ്ടാകണം.അല്ലെങ്കില് അത് സമ്പദ്ഘടനയെ ബാധിക്കും.ധനമേഖലയിലും ഊര്ജ്ജരംഗത്തും ഓട്ടോമൊബൈലിലും 15 വര്ഷത്തെ ഏറ്റവും ഉയര്ന്ന നേട്ടം ലഭിച്ചിരിക്കയാണ്. എന്നാല് തൊഴില് രംഗത്ത് കാര്യമായ വര്ദ്ധന ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.കാര്ഷിക മേഖല കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവുമധികം തൊഴില് നല്കുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്(എംഎസ്എംഇ).23.24 കോടി ജനങ്ങള്ക്കാണ് എംഎസ്എംഇ വഴി തൊഴില് ലഭിക്കുന്നത്.തൊഴില് നിയമങ്ങളും പ്രാദേശിക നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും ഉള്പ്പെടെ ഒരുപാട് ഭയപ്പാടുകളോടെയാണ് ഒരാള് ഈ രംഗത്തേക്ക് വരുന്നത്.നിയമങ്ങളുടെ കെട്ടുകള് പരമാവധി കുറയ്ക്കാനായി സ്ഥാപനത്തിന്റെ നവീകരണത്തേയും വികസനത്തേയും പരിമിതപ്പെടുത്തുന്ന സംരംഭകരാണ് അധികവും.അതുകൊണ്ടുതന്നെ സ്ഥാപന മൂലധനം,നൈപുണ്യം,സാങ്കേതികവിദ്യ എന്നിവയുടെ ലഭ്യതയും നഷ്ടമാകുന്നു.
സൂക്ഷ്മസംരംഭങ്ങളെ ഔപചാരികമാക്കാനായി സ്മാള് ഇന്ഡസ്ട്രീസ് ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്ന്ന് കേന്ദ്രം 2023 ല് ആവിഷ്ക്കരിച്ച ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം വഴി 2.3 കോടി അനൌപചാരിക സൂക്ഷ്മസംരംഭങ്ങളെ ഔപചാരികമാക്കി. ട്രേയ്ഡ് റിസീവബിള് ഡിസ്ക്കൌണ്ടിംഗ് സിസ്റ്റം വഴി എംഎസ്എംഇ സംരംഭകര്ക്ക് അവര് വില്ക്കുന്ന ഉത്പ്പന്നങ്ങളുടെ വില വേഗത്തില് ലഭ്യമാക്കാന് സംവിധാനം കൊണ്ടുവന്നു.വികസിച്ചുകൊണ്ടിരിക്കുന്ന എംഎസ്എംഇകള്ക്ക് ഓഹരി ഫണ്ടിംഗ് നല്കാന് 50000 കോടി കോര്പ്പസുള്ള സെല്ഫ് റലയന്റ് ഇന്ത്യ ഫണ്ടും ആരംഭിച്ചു. സാങ്കേതിക വിദ്യയും ഗുണനിലവാരവും മെച്ചപ്പെടുത്താന് കോമണ് സര്വ്വീസ് സെന്ററുകളും ആരംഭിച്ചു.
ഐടി ഉള്പ്പെടുന്ന സേവന മേഖലയില് സംയുക്ത വാര്ഷിക വളര്ച്ചാ നിരക്ക് 10.5 ശതമാനമാണെങ്കിലും പോര്ട്ട്ഫോളിയോ വൈവിധ്യവത്ക്കരണം നടക്കുന്നില്ല.ഭാരത് ട്രേയ്ഡ് നെറ്റ്,എംഎസ്എംഇകള്ക്കുള്ള കയറ്റുമതി ക്രഡിറ്റ് പിന്തുണ തുടങ്ങിയ തീരുമാനങ്ങള് ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവരും.എംഎസ്എംഇയുടെ ക്രഡിറ്റ് ഗാരന്റി 5 കോടിയില് നിന്നും 10 കോടിയായാണ് ഉയര്ത്തിയത്.ഇതുവഴി അടുത്ത 5 വര്ഷത്തില് 1.5 ലക്ഷം കോടിയുടെ അധിക ക്രെഡിറ്റാണ് ലഭ്യമാക്കുന്നത്.ഇന്ത്യയുടെ മാനുഫാക്ചറിംഗിന്റെ 36 ശതമാനം കൈകാര്യം ചെയ്യുന്ന ഒരു കോടിയിലേറെ രജിസ്റ്റേര്ഡ് സ്ഥാപനങ്ങള്ക്ക് ഇതിന്റെ ഗുണം ലഭിക്കും.ഈ മേഖല 7.5 കോടി ആളുകള്ക്കാണ് തൊഴില് നല്കുന്നത്.എന്നാല് ഇന്ത്യയുടെ വ്യാപാരക്കമ്മി പരിഹരിക്കാന് ഉതകുന്ന സ്കെയിലിലേക്ക് ഇവ എത്തിയിട്ടില്ല. രൂപയുടെ മൂല്യത്തകര്ച്ച നിയന്ത്രിക്കാനും വിദേശനാണ്യ കരുതല് ശേഖരം കുറയാതെ നോക്കാനും കയറ്റുമതി ഉയരേണ്ടതുണ്ട്. ഔഷധങ്ങള്,ഇലക്ട്രോണിക്സ്,പുനരുപയോഗ ഊര്ജ്ജം,ഉയര്ന്ന മൂല്യമുള്ള കാര്ഷിക ഉത്പ്പന്നങ്ങള് തുടങ്ങിയ മൂല്യവര്ദ്ധിത മേഖലകളിലേക്കുള്ള സാമ്പത്തിക മുന്നേറ്റം ആഗോളവിതരണ ശ്രംഖലയില് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും കയറ്റുമതി ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യും.
തീരുവ ഘടന യുക്തിസഹമാക്കിയതും താരിഫ് ചട്ടക്കൂട് ലളിതമാക്കിയതും വ്യവസായ മേഖലയിലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് ഗുണമാകും.ഒന്നിലധികം സെസ് അല്ലെങ്കില് സര്ചാര്ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സെസ് നീതിയുക്തമാക്കുന്നത് വ്യവസായത്തിനും ഉപഭോക്താക്കള്ക്കും ഒരുപോലെ പ്രയോജനകരമാണ്.ചില ഉത്പ്പന്നങ്ങള്ക്ക് വിപരീത തീരുവ ഘടന ഏര്പ്പെടുത്തിയതും ഒഴിവാക്കിയിട്ടുണ്ട്. ഇത് വ്യാപാര മത്സരക്ഷമത വര്ദ്ധിപ്പിക്കുകയും ആഗോളവിതരണ ശ്രംഖലയില് ഇന്ത്യന് സ്ഥാപനങ്ങളുടെ കൂടുതല് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എക്സ്പോര്ട്ട് പ്രൊമോഷന് മിഷനും 5 വര്ഷത്തെ പരുത്തി ഉത്പ്പാദന വികസന പദ്ധതിയും നിറ്റ് വെയര് കമ്പനികളുടെ കയറ്റുമതി വര്ദ്ധിപ്പിക്കുകയും നിര്മ്മാണചിലവ് കുറയ്ക്കുകയും ചെയ്യും. ചെറുകിട തുകല് പണിക്കാര്ക്കും കയറ്റുമതിക്കാര്ക്കും കയറ്റുമതി സുഗമമാക്കുന്നതിന് വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് തീരുവയില് നിന്നും ക്രസ്റ്റ് ലതറിനെ കയറ്റുമതി തീരുവയില് നിന്നും ഒഴിവാക്കിയതും രാജ്യത്തെ 38 ശതമാനം ചെരുപ്പും ലെതര് ഉത്പ്പന്നങ്ങളും നിര്മ്മിക്കുന്ന തമിഴ്നാടിന് ഗുണം ചെയ്യും.ഈ മാറ്റത്തോടെ തുകല്ഉത്പ്പന്ന കയറ്റുമതി 3000 കോടിയില് 8000 കോടിയായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പാദരക്ഷ,തുകല് മേഖലയിലെ ഉല്പ്പാദനക്ഷമത,ഗുണമേന്മ,മത്സരക്ഷമത എന്നിവ വര്ദ്ധിപ്പിക്കുന്നതിനായി പാദരക്ഷകള്ക്കായുള്ള ഫോക്കസ് പ്രോഡക്ട് സ്കീമിലൂടെ 22 ലക്ഷം പേര്ക്ക് തൊഴില് ലഭ്യമാക്കാന് കഴിയും. 4 ലക്ഷം കോടി വരുമാനം ഉണ്ടാക്കാനും 1.1 ലക്ഷം കോടിയിലധികം കയറ്റുമതി ചെയ്യാനും ഉല്പ്പാദനത്തിന് ആവശ്യമായ ഡിസൈന്ശേഷി,ഘടക നിര്മ്മാണം,യന്ത്രങ്ങള് എന്നിവയ്ക്ക് ഈ പദ്ധതി പിന്തുണ നല്കുന്നു.(തുടരും)✍️