2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- നാലാം ഭാഗം വായനയ്ക്കായി സമര്പ്പിക്കുന്നു.
--------------------
ഹരിത ഊര്ജ്ജം
------------------
ഹരിത ഊര്ജ്ജത്തിലേക്ക് വഴിമാറുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന നിര്മ്മാണത്തില് കൂടുതല് ശ്രദ്ധ നല്കേണ്ടതുണ്ട് എന്ന് പറയുമ്പോള്തന്നെ ലിത്തിയം അയോണ് ബാറ്ററിക്കായി ചൈനയെ കൂടുതല് ആശ്രയിക്കേണ്ടി വരുന്നു എന്നത് വലിയ വെല്ലുവളിയാണ്.അതുകൊണ്ടുതന്നെ സ്വദേശിവത്ക്കരണം അനിവാര്യമാണ് താനും. ലോകത്ത് ലഭ്യമായ 65 ശതമാനം നിക്കലും 68 ശതമാനം കോബോള്ട്ടും 60 ശതമാനം ലിഥിയവും അപൂര്വ്വ ലോഹങ്ങളുടെ 63 ശതമാനവും ചൈനയ്ക്ക് സ്വന്തമാണ്.ചൈനയുടെ ശക്തിയും ഇന്ത്യയുടെ ദൌര്ബ്ബല്യവും ഇവിടെയാണ് പ്രതിഫലിക്കുന്നത്.
2047 ല് വികസിത രാഷ്ട്രമാകാന് ലക്ഷ്യമിടുന്ന ഇന്ത്യക്ക് അതിന്റെ ഏറ്റവും മികച്ച വിഭവങ്ങള്,നൂതന സാങ്കേതിക വിദ്യകള്,വൈദഗ്ധ്യം എന്നിവ ഉപയോഗപ്പെടുത്തുന്നതോടൊപ്പം കുറഞ്ഞ കാര്ബണ് പാത ഉറപ്പാക്കേണ്ടതുണ്ട്. എന്നാല് മതിയായ ബദലുകളില്ലാതെ കല്ക്കരി പ്ലാന്റുകള് അടച്ചുപൂട്ടാനും കഴിയില്ല.കഴിഞ്ഞ നൂറ്റാണ്ടുവരെ കണ്ട ഊര്ജ്ജ പരിവര്ത്തനങ്ങള് വികസിത സമ്പദ് വ്യവസ്ഥകളില് നിന്നുള്ള കാര്ബണ് പുറന്തള്ളല് പരിമിതപ്പെടുത്താനുള്ള ഇച്ഛാശക്തിയേക്കാള് വാണിജ്യതാത്പ്പര്യങ്ങളില് നയിക്കപ്പെട്ടവയാണ്.വാണിജ്യതാത്പ്പര്യങ്ങളും ഊര്ജ്ജസുരക്ഷയും ഇന്നും പരിവര്ത്തന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള് തന്നെയാണ്. എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ ഉപരോധത്തില് നിന്നും മുന്നോട്ടുപോകാനാണ് 1970 കളില് ഫ്രാന്സ് ആണവോര്ജ്ജ വികസനത്തിന് തുക്കമിട്ടത്. 2022 ല് യൂറോപ്യന് യൂണിയനില് റഷ്യയുടെ വാതകവിതരണം തകരാറിലായപ്പോഴാണ് ദ്രവീകൃത പ്രകൃതിവാതക അടിസ്ഥാന സൌകര്യങ്ങളിലെ നിക്ഷേപത്തിന് 10 ബില്യണ് യൂറോയും എണ്ണവിതരണം സുരക്ഷിതമാക്കാന് 2 ബില്യണ് യൂറോയും ബജറ്റില് അധികമായി ഉള്പ്പെടുത്തിയത്. 2023ലാണ് അലാസ്ക മേഖലയില് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഖനനത്തിന് അമേരിക്ക അനുമതി നല്കിയതെന്നും ഓര്ക്കുക.എണ്ണയും വാതകഇതര ദ്രാവകവും ചേര്ന്ന ഉത്പ്പാദനം 628.9 ദശലക്ഷം ബാരല് വരും. ഇത് 260.79 ദശലക്ഷം ടണ് അനുബന്ധ പരോക്ഷ കാര്ബണ് ഡൈ ഓക്സൈഡിന് തുല്യമായ കാര്ബണ് പുറന്തള്ളലിനും കാരണമാകും. വികസിത രാജ്യങ്ങളുടെ വാക്കും പ്രവര്ത്തിയും പൊരുത്തപ്പെടുന്നതല്ല.നൂറ്റാണ്ടുകളായി ഫോസില് ഇന്ധനം ഉപയോഗിച്ചും കാര്ബണ് പുറന്തള്ളിയും വളര്ന്നശേഷം വികസ്വര രാജ്യങ്ങളോട് കാര്യക്ഷമത കുറഞ്ഞതും ചെലവേറിയതും അപകട സാധ്യതയുള്ളതുമായ ഓപ്ഷനുകള് സ്വീകരിക്കാനാണ് അവര് നിര്ദ്ദേശിക്കുന്നത്. ഇന്ത്യയില് കല്ക്കരി ഊര്ജ്ജ നിലയങ്ങള് വലിയതോതില് വികസച്ചത് 2010 കളിലാണ്. അതിനാല് കല്ക്കരി നിലയങ്ങള് അടച്ചുപൂട്ടുന്നതിന് യാതൊരു സാമ്പത്തിക ന്യായീകരണവുമില്ല.വലിയ നിക്ഷേപമാണ് ഉപയോഗശൂന്യമാകുക.എന്നു മാത്രമല്ല വിശ്വസനീയമായ ബദല് ഇല്ലതാനും.ഊര്ജ്ജപരിവര്ത്തനത്തിനും ഊര്ജ്ജസുരക്ഷയ്ക്കും ഇടയിലുള്ള സംഘര്ഷം വികസിത രാജ്യങ്ങള് അനുഭവിച്ചതാണ്. അതേ സംഘര്ഷത്തിലാണ് നാമിപ്പോള് നില്ക്കുന്നതും. കാറ്റ്,സൌരോര്ജ്ജം തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളിലേക്കുള്ള പരിവര്ത്തനത്തിന്റെ പരിമിതികള് മനസിലാക്കിയെ മുന്നോട്ടുപോകാന് കഴിയൂ.ഈ സാഹചര്യത്തിലാണ് കാര്ബണ് പുറന്തള്ളാത്ത ആണവ ഊര്ജ്ജ മേഖല സ്വകാര്യ മേഖലയ്ക്കായി തുറക്കുന്നത്. ഇതുവഴി തൊഴില് വര്ദ്ധിപ്പിക്കാനും ഊര്ജ്ജ പ്രതിസന്ധി പരിഹരിക്കാനും അമേരിക്കയുടെ പ്രീതി സമ്പാദിക്കാനുമാണ് മോദി സര്ക്കാര് ശ്രമിക്കുന്നത്.
2047 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി നിലവിലുള്ള 8 ജിഗാവാട്ടിൽ നിന്ന് 100 ജിഗാവാട്ടായി ഉയർത്തുക എന്നതാണ് ആണവോർജ്ജ ദൗത്യത്തിന്റെ ലക്ഷ്യം. ആണവോർജ്ജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും മാറ്റം വരും. 20000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. ചെറിയ മോഡുലാർ റിയാക്ടറുകൾക്ക് ദൗത്യം പ്രത്യേക ഊന്നൽ നൽകുന്നു. 300 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കുന്ന ഈ നൂതന റിയാക്ടറുകൾ ആണവ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനയാണ്.
2024 ലെ ബജറ്റില് 25 നിർണായക ധാതുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവു ചെയ്തതിന്റെ തുടര്ച്ചയായി 2025 ലെ ബജറ്റില് കോബാൾട്ട് പൊടി, ലിഥിയം അയൺ ബാറ്ററി സ്ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിർണായക ധാതുക്കൾ എന്നിവക്കും കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചു.ഇത് സോളാർ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ മുതൽ കാറ്റാടി ടർബൈനുകൾ വരെയുള്ള ശുദ്ധമായ ഊർജ്ജ ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. നിർമ്മാണ ഉപകരണങ്ങൾക്കുള്ള തന്ത്രപരമായ കസ്റ്റംസ് ഇളവുകളിലൂടെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രത്യേക ശ്രദ്ധയാണ് ലഭിക്കുന്നത്. ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിനായി 35 പുതിയ മൂലധന വസ്തുക്കള്ക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കായുള്ള 28 മൂലധന വസ്തുക്കള്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന് ഉതകും.നിർണായക ഘടകങ്ങളുടെ ഈ പ്രാദേശികവൽക്കരണം ഉൽപാദനച്ചെലവ് കുറയ്ക്കുകയും സാങ്കേതിക നവീകരണത്തിന് പ്രചോദനം നൽകുകയും ഇന്ത്യയിലെ യുവാക്കൾക്ക് ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവേഷണവും വികസനവും
----------------
പ്രധാന മേഖലകളിലെ ഗവേഷണ വികസനത്തില് ഇന്ത്യ വളരെ പിന്നിലാണ്.ഈ രംഗത്ത് സ്വകാര്യ മേഖലയുടെ കൂടുതല് പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്.ഗവേഷണത്തില് ഇപ്പോഴും ഇന്ത്യ ആഗോളമാനദണ്ഡങ്ങള്ക്കനുസരിച്ച് വളര്ന്നിട്ടില്ല.2011 ല് ഗവേഷണത്തിന് നീക്കിവച്ചിരുന്നത് 60196 കോടി രൂപയാണ്.2022 ല് ഇത് 127381 കോടിയായി ഉയര്ന്നു. എന്നാല് ഈ തുക ജിഡിപിയുടെ 0.64 ശതമാനം മാത്രമെ ആകുന്നുള്ളു എന്നത് പ്രസക്തമാണ്. ചൈന,ജപ്പാന്,കൊറിയ,അമേരിക്ക എന്നിവിടങ്ങളില് 50 ശതമാനം ഗവേഷണത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തമുണ്ട്.യുഎസ്സില് ഗൂഗിളും ആമസോണും 70 ശതമാനം വരെ ഗവേഷണം ഏറ്റെടുത്തിരിക്കുന്നു.ചൈനയുടെ ആര് ആന്റ് ഡി,ജിഡിപിയുടെ 2.1 ശതമാനമാണ്.ഇപ്പോള് ഫാര്മസ്യൂട്ടിക്കല്സ്,ഐടി,ട്രാന്സ്പോര്ട്ട്,പ്രതിരോധം,ബയോടെക്നോളജി എന്നീ മേഖലകളില് മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വ്യാപകമാക്കേണ്ടതുണ്ട്.(തുടരും)
No comments:
Post a Comment