ആരാകണം മുഖ്യമന്തി ?
***********************
-വി.ആർ.അജിത് കുമാർ
------------------------------ --------
(2026 ഏപ്രിൽ 30ന് തനിനിറം പത്രത്തിൽ വന്ന ലേഖനം)
****************************
കേരളത്തിൽ മൂന്ന് മുന്നണികളാണ് 2026 ഏപ്രിൽ ഒൻപതിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.മത്സരം കഴിഞ്ഞു,വോട്ടറന്മാർ വിധിയെഴുതി.ഇവിഎം മെഷീനുകള്‍ അടച്ചുറപ്പുള്ള മുറികളിൽ ഉറങ്ങുകയാണ്.മെയ് നാലിന് മെഷീനുകള്‍ പരിശോധിക്കുമ്പോഴാണ് ആരൊക്കെ ജയിച്ചു,തോറ്റു,ഏത് മുന്നണിക്കാണ് ഭൂരിപക്ഷം എന്നൊക്കെ അറിയാൻ കഴിയൂ.എന്നിട്ടും കോണ്‍ഗ്രസിൽ മുഖ്യമന്തി കസേരയ്ക്കുവേണ്ടി നടക്കുന്ന കോലാഹലങ്ങള്‍ ആ പാർട്ടിയെ കുറിച്ച് അറിയാവുന്നവർക്ക് സാധാരണം എന്നേ തോന്നൂ എങ്കിലും കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നെ ജാതകമെഴുതുന്ന ജോത്സ്യന്മാരെ ഓർമ്മിപ്പിക്കുന്നതാണ് ഈ നീക്കം.അതിന് ഒരു നാണക്കേടും അവർക്ക് തോന്നുന്നില്ല എന്നതാണ് അത്ഭുതം.നാണം കെട്ടും പദവി നേടിയാൽ നാണക്കേടാപദവി മാറ്റിടും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാണെങ്കിൽ ഈ മുഖ്യമന്ത്രിവേഷക്കാരുടെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ടതുണ്ട്.ഏതായാലും ഇടതുപക്ഷത്തിന് അത്തരമൊരു വിശ്വാസമില്ല എന്നതാകണം ഇവർ ഇത്ര ധൈര്യത്തോടെ ഒന്നാം കസേരയ്ക്കായി ചരടുവലിക്കാൻ തുടങ്ങിയതിന് കാരണം.
എൽഡിഎഫ് വിജയിച്ചാൽ അവിടെ മുഖ്യമന്തിയാകാൻ ഒരാളെ ഉള്ളൂ.അത് പിണറായി വിജയനാണ്.അദ്ദേഹം രണ്ടാം നിരയിൽ ആരെയും വളർത്തിക്കൊണ്ടുവന്നിട്ടുമില്ല, കേന്ദ്രക്കമ്മറ്റിയോ പോളിറ്റ്ബ്യൂറോയോ പോലും മറ്റൊരു നിർദ്ദേശം വയ്ക്കാന്‍ സാധ്യതയുമില്ല.ഇപ്പോള്‍ സിപിഎമ്മിന്‍റെ ഇന്ത്യയിലെ ഏക മുഖം തന്നെ പിണറായി വിജയനാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നതുമാണ്.എൻഡിഎയുടെ ഇത്തവണത്തെ നേതൃത്വം രാജീവ് ചന്ദ്രശേഖരന്‍റേതായിരുന്നു.രാജീ വ് വലിയ വിമർശനങ്ങള്‍ക്കൊന്നും ഇടനൽകാതെ പാർട്ടിയെ തെരഞ്ഞടുപ്പിൽ നയിച്ചു എന്നതും അംഗീകരിക്കേണ്ടതാണ്.പക്ഷെ അവർക്ക് പരിമിത സീറ്റുകളിലെ വിജയിക്കാൻ കഴിയൂ എന്നതിനാൽ കസേരയ്ക്കായി വഴക്കിടേണ്ടി വരില്ല.അല്ലാതെതന്നെ വഴക്കടിക്കാൻ അനേകം വിഷയങ്ങള്‍ അവർക്കുണ്ട്താനും.
കോണ്‍ഗ്രസിനെ സംബ്ബന്ധിച്ചിടത്തോളം മുഖ്യമന്തിയാകാൻ ഏറ്റവും യോഗ്യൻ വി.ഡി.സതീശൻ തന്നെയാണ്.കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാന സർക്കാരിന്‍റെ ഭരണവൈകല്യങ്ങളും ജനവിരുദ്ധ നയങ്ങളും ആശ്രിതവാത്സല്യങ്ങളും പുറത്തുകൊണ്ടുവരാനും നിയമസഭയിലും പുറത്തും കനത്ത പ്രതിരോധമുയർത്താനും മുന്നിൽ നിന്ന് പോരാടിയ പ്രതിപക്ഷ നേതാവാണ് സതീശൻ.വർഷങ്ങളോളം എ-ഐ പോരാട്ടത്തിലായിരുന്ന പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കാനും ഒന്നിച്ച് മുന്നേറാനും സതീശന്‍റെ നേതൃത്വം ഉപകരിച്ചു.തെരഞ്ഞെടുപ്പിന് മുന്നെ ജനങ്ങളെ കാണാനും സംസാരിക്കാനുമായി കേരളപര്യടനം നടത്തുകയും സർക്കാരിന്‍റെ പിആർ വർക്കുകളെ പൊളിക്കുകയും പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യാൻ സതീശന് കഴിഞ്ഞു.സ്ഥാനാർത്ഥി നിർണ്ണയത്തിലും കൃത്യമായ നിലപാടിലൂടെ മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും സതീശൻ നല്ല പങ്കാണ് വഹിച്ചത്.കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ വൻതോതിൽ ജയിച്ചുവരുന്നു എങ്കിൽ അതിൽ ഈ നിലപാടുകള്‍ പ്രധാന പങ്ക് വഹിച്ചു എന്നുകാണാൻ കഴിയും. ജനാധിപത്യ സംവിധാനത്തിന്‍റെ സ്വാഭാവിക നീതി എന്ന നിലയിൽ പ്രതിപക്ഷ നേതാവായിരുന്ന ആള്‍ നയിക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണി വിജയിച്ചുവന്നാൽ ആ വ്യക്തിയെ മുഖ്യമന്തിയാക്കുക എന്നതാകണം നിലപാട്.പോരാട്ട ആർജ്ജവവും ചുറുചുറുക്കുമുള്ള ഒരു നേതൃത്വത്തെത്തന്നെയാവും വോട്ടുചെയ്ത ജനതയും പ്രതീക്ഷിക്കുന്നത്.മറിച്ചൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുകയാണെങ്കിൽ അതിനെ മണ്ടത്തരം എന്ന് വിശേഷിപ്പിക്കേണ്ടി വരും.
ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതുകയും പോഡ്കാസ്റ്റ് ചെയ്യുകയും പത്രപരസ്യം കൊടുക്കുകയുമൊക്കെ ചെയ്യുന്ന രമേശ് ചെന്നിത്തല 2021 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയിരുന്നെങ്കിൽ ഇതേനിലയിൽ മുഖ്യമന്തി ആകേണ്ടിയിരുന്ന ആളാണ്.ആ അധ്യായം അവിടെ അവസാനിപ്പിക്കുകയാണ് വേണ്ടത്.2016-21 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശിന് ഭരണപക്ഷത്തെ തുറന്നുകാട്ടാൻ കഴിഞ്ഞില്ല എന്നുവേണം മനസിലാക്കാൻ.മുതിർന്ന നേതാവ്,ഭരണ പരിചയം എന്നതൊക്കെ മികവുകളായി എടുത്ത് കാട്ടാമെങ്കിലും തികഞ്ഞ യാഥാസ്ഥിതികനും ജാതി-മത-കക്ഷി നേതാക്കളുമായി എന്നും ഒത്തുതീർപ്പിന് വിധേയനാകുന്ന നേതാവ് എന്ന നിലയിലും പുതിയ കാലത്തെ യുവാക്കളുടെയും പുതിയ കേരളത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് ചിറക് കൊടുക്കാൻ രമേശിന് കഴിയുമോ എന്നത് സംശയമാണ്.
ഇനി അപകടകരമായ ഒരു രംഗപ്രവേശം കെ.സി.വേണുഗോപാലിന്‍റേതാണ്.പാ ർട്ടിയുടെ ഏകമുഖമായ രാഹുൽ ഗാന്ധിയുടെ സന്തതസഹചാരിയാണ് വേണുഗോപാൽ.കോണ്‍ഗ്രസ് എന്നാൽ ഹൈക്കമാന്‍റും ഹൈക്കമാന്‍റ് എന്നാൽ രാഹുൽ ഗാന്ധിയുമാണ്.അവിടെ നിന്നും ആശ്രിതവാത്സല്യത്തിന്‍റെ താത്പ്പര്യം വന്നാൽ വേണുഗോപാൽ പെട്ടിയും കിടക്കയുമെടുത്ത് തിരുവനന്തപുരത്തിന് വിമാനം കയറും.കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷം കാര്യമായൊന്നും ചെയ്യാൻ കഴിയാത്തവണ്ണം ദേശീയരാഷ്ട്രീയത്തിൽ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുവരുന്ന വേണുഗോപാൽ ഇത്തരമൊരു മോഹം കൊണ്ടുനടന്നതുപോലും ശരിയല്ല.അർഹതയില്ലാത്ത പദവി നെപ്പോട്ടിസത്തിലൂടെ നേടിയെടുക്കുക എന്നത് യുഡിഎഫിന് വോട്ട് ചെയ്ത വോട്ടറന്മാരോട് കാട്ടുന്ന അനീതിയാകും.അതുവഴി നിയമസഭയിലേക്കും ലോക്സഭയിലേക്കും അനാവശ്യമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ബാധ്യതയും സർക്കാരിനും ജനങ്ങള്‍ക്കുമുണ്ടാകും.എന്നുമാ ത്രമല്ല സംസ്ഥാനത്തിന് അതുകൊണ്ട് പ്രത്യേകമായി ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല.ദേശീയതലത്തിൽ കോണ്‍ഗ്രസിന്‍റെ പ്രധാന വക്താവും ലോക്സഭയിലെ ശബ്ദവും ബിജെപിക്ക് നല്ലൊരു എതിരാളിയുമായ വേണുഗോപാൽ ഡൽഹിയിൽ തുടരുന്നതാകും ഉചിതം.
ഇത്തരത്തിൽ നേതാക്കളെ റേറ്റു ചെയ്യുമ്പോള്‍ കേരളത്തിൽ യുഡിഎഫാണ് അധികാരത്തിലെത്തുന്നതെങ്കിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.അത് വി.ഡി.സതീശനാണ്.കോണ്‍ഗ്രസും തെരഞ്ഞെടുപ്പും പ്രവചനാതീതമാണ് എന്നതുകൊണ്ട് അവസാന വിധിക്കായി കാത്തിരിക്കാം.

No comments:
Post a Comment