2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്‍വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- രണ്ടാം ഭാഗം വായനയ്ക്കായി സമര്‍പ്പിക്കുന്നു
======
വി. ആർ. അജിത് കുമാർ
======
മനുഷ്യവിഭവശേഷി
======
ആരോഗ്യവും ഊര്‍ജ്ജസ്വലതയും സാങ്കേതികത്തികവുമുള്ള യുവജനതയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.വിദ്യാഭ്യാസ മേഖലയ്ക്ക് 1.14 ലക്ഷം കോടിയാണ് വകയിരുത്തിയത്. ഇന്ത്യയുടെ വളർച്ചയെ നൈപുണ്യമുള്ള ഒരു തൊഴിൽ ശക്തി നയിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട്, നൈപുണ്യ വികസനം വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകുന്നു. ആഗോള വൈദഗ്ധ്യത്തിനായുള്ള പങ്കാളിത്തത്തോടൊപ്പം നൈപുണ്യവികസനത്തിനായുള്ള 5 ദേശീയ മികവിന്‍റെ കേന്ദ്രങ്ങളും പ്രഖ്യാപിച്ചു. 'മേക്ക് ഫോര്‍ ഇന്ത്യ,മേക്ക് ഫോര്‍ വേള്‍ഡ് ഇനിഷിയേറ്റീവ്' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യയുടെ തൊഴിൽ ശക്തിയെ സജ്ജമാക്കുന്നത്. കൂടാതെ, നിര്‍മ്മിതബുദ്ധിയിലെ ഒരു മികവിന്‍റെ കേന്ദ്രത്തിനായി 500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയെ ഭയപ്പാടോടെ നോക്കാതെ നിര്‍മ്മിത ബുദ്ധി വികസിപ്പിക്കുന്നതിന്‍റെ ഗുണഭോക്താവാകാനും ലോകത്തിന് നിര്‍മ്മിത ബുദ്ധി വൈദഗ്ധ്യം പ്രദാനം ചെയ്യാനും അതിലെ വ്യാപാരം സ്വന്തമാക്കാനും കഴിയുന്ന രാജ്യമായി ഇന്ത്യ മാറേണ്ടതുണ്ട്. അതിനുള്ള സജീവമായ ഗവേഷണവും അന്തരീക്ഷവും ഒരുക്കി നല്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കംപ്യൂട്ടറുകള്‍ തൊഴില്‍ നഷ്ടമാക്കും എന്ന ആശങ്ക കൊണ്ടുനടന്ന സമൂഹത്തെപോലെ ഇനിയും ആശങ്കകളുടെ പിന്നാലെ നടക്കുന്നത് അബദ്ധമാകും എന്ന തിരിച്ചറിവ് നമുക്കുണ്ടെന്ന് കരുതാം. അമേരിക്കയിലും മറ്റും ഒരു ചെറുസംഘത്തിന്‍റെ കൈകളില്‍ എഐ ഒതുങ്ങുമ്പോള്‍ ഇതിനെ ജനകീയമാക്കാനും ലോകത്തിനൊട്ടാകെ പ്രയോജനപ്പെടാനും ഇന്ത്യയുടെ ശ്രമങ്ങള്‍ ഉപകരിക്കും.ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ ഓരോ വര്‍ഷവും പതിനായിരം മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും അഞ്ച് ഐഐടികളില്‍ വികസനവും കൂടുതല്‍ സീറ്റുകളും ഇന്നവേഷനുള്ള സൌകര്യവും ഒരുക്കുന്നതും ഈ മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കും.
ഇതോടൊപ്പം ആരോഗ്യവും ഊര്‍ജ്ജസ്വലതയുമുള്ള യുവജനതയെ സജ്ജമാക്കി നിര്‍ത്താന്‍ കഴിയുന്ന ഒരു ആരോഗ്യ-കായിക ഇന്ത്യയെ വികസിപ്പിക്കാനും അവരുടെ മാനസ്സികാരോഗ്യം മെച്ചമാക്കാനുമുള്ള പോസിറ്റീവ് അന്തരീക്ഷം വികസിപ്പിക്കാനും കഴിയണം.ഇപ്പോള്‍ സ്ഥിരജോലികള്‍ കുറയുന്നതിനാല്‍ സ്വയം തൊഴില്‍ കണ്ടെത്തല്‍ വികസിക്കുന്നുണ്ട്. 2017-18 ല്‍ 52.2 ശതമാനമായിരുന്ന സ്വയംതൊഴിലുകാര്‍ 2023-24 ല്‍ 58.4 ആയി. കാര്‍ഷിക മേഖലയിലും 44.1 ശതമാനം പേര്‍ 2017-18 ല്‍ ഉണ്ടായിരുന്നത് 2023-24 ല്‍ 46.1 ശതമാനമായി. ശമ്പളമുള്ള ജോലികള്‍ 22.8 ശതമാനത്തില്‍ നിന്നും 21.7 ശതമാനമായി കുറഞ്ഞു.താത്ക്കാലിക തൊഴിലാളികളും 24.9 ശതമാനത്തില്‍ നിന്നും 19.8 ശതമാനമായി.വ്യവസായരംഗത്തെ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നത് തൊഴില്‍മേഖലയെ മെച്ചപ്പെടുത്തും.തൊഴില്‍മേഖലയില്‍ സ്ത്രീ പങ്കാളിത്തവും ഉയരുന്നുണ്ട്.2017-18 ല്‍ 23.3 ശതമാനം സ്ത്രീകള്‍ ഉണ്ടായിരുന്ന തൊഴിലിടത്ത് 2023-24 ല്‍ അത് 41.7 ശതമാനമായി . സിക്കിമില്‍ ഇത് 56.9 ശതമാനമാണ്. ഇത് സ്ത്രീ ശാക്തീകരണമാണെങ്കിലും പുരുഷന്മാര്‍ അലസരാകുന്നതിന്‍റെ ലക്ഷണം കൂടിയാണെന്ന് നേരിട്ട് പരിശോധിച്ചാല്‍ ബോധ്യമാകും. പുരുഷന്മാര്‍ തൊഴിലെടുക്കാതെ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമപ്പെട്ട് കുടുംബാന്തരീക്ഷം മലിനപ്പെടുത്തുകയും സ്ത്രീകള്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന കാഴ്ച ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടിവരുന്നു. സിക്കിം ഈ നിലയിലാണെന്ന് 2016 ല്‍ അവിടെ നടത്തിയ യാത്രയില്‍ നേരിട്ട് ബോധ്യപ്പെട്ടതാണ്.ഈ പ്രവണത ഇന്ത്യയില്‍ വ്യാപിക്കുന്നു എന്നത് ഒരു ദുരന്തമാണ്. ആരോഗ്യവും ഊര്‍ജ്ജസ്വലതയുമുള്ള യുവജനതയെ സജ്ജമാക്കി നിര്‍ത്താന്‍ കഴിയുന്ന ഒരു ആരോഗ്യ-കായിക ഇന്ത്യയെ വികസിപ്പിക്കാനും അവരുടെ മാനസ്സികാരോഗ്യം മെച്ചമാക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമം കൌമാരത്തിലെ ഉണ്ടാകണം.ഖേലോ ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് 1000 കോടി നീക്കിവച്ചിട്ടുള്ളത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്പെടും.ദേശീയ ടെലി മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന് 90 കോടിയും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിന് 860 കോടിയും അനുവദിച്ചത് മാനസികാരോഗ്യ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടും.
വിവിധ മന്ത്രാലയങ്ങളുടെ ശേഷി വികസന പദ്ധതികളിലൂടെ ഗവേഷണം, വൈദഗ്ദ്ധ്യം, ഇന്‍റേൺഷിപ്പ് എന്നിവയിലേക്കുള്ള ബജറ്റ് വിഹിതത്തിലെ ഗണ്യമായ കുതിച്ചുചാട്ടത്തിൽ നിന്ന് വിജ്ഞാന-നൈപുണ്യ സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കാനുള്ള കേന്ദ്ര ബജറ്റിന്‍റെ താത്പ്പര്യം വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഇന്‍റേൺഷിപ്പ് പദ്ധതി, ഗവേഷണ ഫെലോഷിപ്പ്, അപ്രന്‍റീസ്ഷിപ്പ് പദ്ധതി മുതലായവയ്ക്കുള്ള വിഹിതത്തിലെ വൻ കുതിച്ചുചാട്ടം ഇന്ത്യയുടെ വിജ്ഞാന-നൈപുണ്യ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഉപകരിക്കും.500 കോടി രൂപയുടെ എഐ മികവിന്‍റെ കേന്ദ്രവും ഈ രംഗത്ത് മികച്ച പരിശീലനത്തിന് ഉപകാരപ്പെടും.
ഇ-കൊമേഴ്‌സ് കമ്പനികളുടെ, പ്രത്യേകിച്ച് ദ്രുത വാണിജ്യ കമ്പനികളുടെ വളർച്ച മൊത്തത്തിലുള്ള ഗിഗ് വർക്കർ ഡിമാൻഡ് വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ബജറ്റ് അവർക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്.അവർ പുതുസേവന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ചലനാത്മകത നൽകുന്നു. കേന്ദ്രം ഇവര്‍ക്ക് തിരിച്ചറിയൽ കാർഡുകളും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷനും നൽകും. ഗിഗ് ഇക്കണോമി മാർക്കറ്റ് 17% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ വളർന്ന് 455 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് 90 ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ഇന്‍ഷുറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമാക്കുന്നത് ഈ മേഖലയില്‍ ആരോഗ്യപരമായ മത്സരത്തിനും പുതിയ ജോലി സാധ്യതകള്‍ക്കും വഴി തുറക്കും. കസ്റ്റംസ് തീരുവയുടെ വന്‍തോതിലുള്ള യുക്തിസഹീകരണം ഉത്പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകും. ഇതില്‍ പ്രധാനം ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന്‍റെ ലവി 50 ശതമാനത്തില്‍ നിന്നും 40 ശതമാനമാക്കിയതാണ്. അത് ട്രമ്പിനെ സന്തോഷിപ്പിക്കാനായി എടുത്ത തീരുമാനമാണ്. അതിന് ഗുണമുണ്ടായി എന്ന് അമേരിക്കയുടെ സമീപനത്തിലെ മാറ്റം സൂചിപ്പിക്കുന്നു.(തുടരും )
No comments:
Post a Comment