Saturday, 22 February 2025

Economic survey and Central budget - an analysis- part 1

 

2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദി സാമ്പത്തിക സര്വ്വെയെയും കേന്ദ്രബജറ്റിനേയും അടിസ്ഥാനമാക്കി ഞാനെഴുതിയ ലേഖനം “ഗവേഷണത്തിന് പണമിറക്കാതെ എങ്ങിനെ വികസിത രാജ്യമാകും?”- ഒന്നാം ഭാഗം വായനയ്ക്കായി സമര്പ്പിക്കുന്നു
************************
സാമ്പത്തിക സര്വ്വെയും കേന്ദ്രബജറ്റും വിരല്ചൂണ്ടുന്നത്....
===========
- വി.ആര്.അജിത് കുമാര്
============
സമൂഹത്തിലെ എല്ലാ ജനങ്ങളേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒന്നാണ് ബജറ്റ്.ഇതില് ഗുണകരമായ വശങ്ങളും ദോഷകരമായ വശങ്ങളുമുണ്ടാകും. ആര്ക്ക് ഗുണം ചെയ്യുന്നു ആര്ക്ക് ദോഷം ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ് ഓരോരുത്തരും ബജറ്റിനെ വിലയിരുത്തുന്നത്. ഏകദേശം 2017 വരെയും ബജറ്റില് പാചകവാതകത്തിനും പെട്രോളിയം ഉത്പ്പന്നങ്ങള്ക്കും വിലകൂട്ടുന്നതും റയില് യാത്രക്കൂലി കൂട്ടുന്നതുമൊക്കെയായിരുന്നു ചൂടുപിടിച്ച ചര്ച്ചകള്ക്ക് ഇടം നല്കിയിരുന്നത്. എന്നാല് ഡൈനാമിക് പ്രൈസിംഗ് മെക്കാനിസം വന്നതോടെ പാചകവാതക വിലയും പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലയും സ്വര്ണ്ണവില പോലെ കൂടുകയും കുറയുകയും ചെയ്തതോടെ ആ ചര്ച്ച അവസാനിച്ചു.പ്രത്യേക റയില് ബജറ്റുതന്നെ ഇല്ലാതായതോടെ യാത്രക്കൂലിയും ചര്ച്ചയില് വരാതെയായി.2020ലാണ് ടിക്കറ്റ് നിരക്ക് ഒടുവില് വര്ദ്ധിപ്പിച്ചത്. പ്രതിപക്ഷം ബജറ്റ് നിരാശാജനകം എന്നും ഭരണപക്ഷം വികസനപരവുമെന്ന് വിലയിരുത്തുക സ്വാഭാവികം. ഇടതു സമീപനമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര് ബജറ്റിനെ സംശയത്തോടെ വീക്ഷിക്കുമ്പോള് വലതുപക്ഷത്തുള്ളവര് അതിനെ അതീവപുരോഗമനപരവും ജനപക്ഷവുമെന്ന് പറയും. ഓരോ മേഖലകളില് പ്രവര്ത്തിക്കുന്നവര് അവരുടെ മേഖലക്ക് ബജറ്റ് പ്രദാനം ചെയ്യുന്ന ഗുണദോഷങ്ങള് ചര്ച്ച ചെയ്യും. ഇത്തരത്തില് ബജറ്റ് വിശകലനങ്ങള് എപ്പോഴും പരിമിതപ്പെടുക സ്വാഭാവികമാണ്.
സാമ്പത്തിക വളര്ച്ച 6.4 ശതമാനമാകുമോ,സ്വകാര്യ നിക്ഷേപങ്ങളും വിദേശ നിക്ഷേപങ്ങളും വര്ദ്ധിക്കുമോ,നിക്ഷേപം ജിഡിപിയുടെ 31 ശതമാനത്തില് നിന്നും 35 ശതമാനത്തില് എത്തുമോ എന്നിങ്ങനെ സൈദ്ധാന്തിക ചര്ച്ചകളും നടക്കാറുണ്ട്.എന്നാല് ഈ വര്ഷത്തെ ബജറ്റ് ആരും പ്രതീക്ഷിക്കാത്ത ഒരു ഷോക്ക് ട്രീറ്റ്മെന്റിലൂടെ ചര്ച്ചകളാകെ വഴിതിരിച്ചുവിട്ടു. അത് ഇടത്തരം വരുമാനക്കാര്ക്ക് നല്കിയ നികുതി പരിഷ്ക്കരണത്തിലൂടെയാണ്. ഏഴ് ലക്ഷത്തില് നിന്നും നികുതി ഒഴിവാക്കപ്പെടുന്ന വരുമാനം എട്ട് ലക്ഷമായേക്കാം എന്ന ചിന്തയിലായിരുന്നു ഇടത്തരക്കാര്. അപ്പോഴാണ് അത് 12 ലക്ഷം എന്ന പ്രഖ്യാപനം വരുന്നത്.മധ്യവര്ഗ്ഗത്തിന് വിപണിയില് ശക്തമായി ഇടപെടാനുള്ള അവസരമാണ് ഇതിലൂടെ കേന്ദ്രം നല്കുന്നത്. അവര് വിപണി ഇടപെടലും നിക്ഷേപവുമൊക്കെ നടത്തുമെന്ന് പ്രതീക്ഷിക്കാം.പലിശ വരുമാനത്തില് ജീവിക്കുന്ന മുതിര്ന്ന പൌരന്മാര്ക്ക് സ്രോതസ്സില് തന്നെ നികുതി കുറയ്ക്കുന്നതിനുള്ള പരിധി 50,000 രൂപയില് നിന്നും ഒരു ലക്ഷമാക്കിയതും പൊതുവായി വാടക വരുമാനത്തിന്റെ നികുതി ഈടാക്കല് പരിധി 2.4 ലക്ഷത്തില് നിന്ന് ആറ് ലക്ഷമായി ഉയര്ത്തിയതും സ്വാഗതാര്ഹമായ കാര്യങ്ങളാണ്.
കോവിഡിന് ശേഷമുള്ള നാല് വര്ഷത്തെ ആരോഗ്യകരമായ വളര്ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ വളര്ച്ച മന്ദഗതിയിലാണ്.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും രൂപ നേരിടുന്ന നഷ്ടവും ആഭ്യന്തര മേഖലയിലെ കച്ചവട പിന്നോക്കാവസ്ഥയും അടിസ്ഥാന സൌകര്യം മെച്ചമാക്കുന്ന പൊതുമേഖല കാപ്പക്സ് ഫണ്ടിലെ കുറവും ആശങ്കയുണര്ത്തുന്ന കാര്യങ്ങളാണ്.നാല് വര്ഷം സര്ക്കാര് കാപ്പക്സ് 16 ശതമാനം ഉയര്ന്ന നിലയിലായിരുന്നു.ഗാര്ഹിക നിക്ഷേപവും 12 ശതമാനം ഉയര്ന്നിരുന്നു.വലിയ നികുതി ഇളവുകള് നല്കിയിട്ടും മുന്വര്ഷം സ്വകാര്യ നിക്ഷേപത്തിലും ഇടിവുണ്ടായി.ചുരുക്കത്തില് ആഗോളവത്ക്കരണം പിന്വാങ്ങുകയാണ്.ഈ സമയം പതിവ് തരം ബജറ്റ് രീതികള് ഗുണപ്പെടില്ല എന്ന ബോധ്യത്തില് നിന്നാണ് 2025-26 ബജറ്റ് അവതരണം നടന്നിരിക്കുന്നത്.
ഇന്ത്യയുടെ ഓഹരി വിപണി കോവിഡ് കാലത്തിന് ശേഷം അതിവേഗം വളര്ന്നു.പക്ഷെ കടപ്പത്ര വിപണി ഇപ്പോഴും മൂലധനം കുറഞ്ഞ നിലയിലാണ്. കോര്പ്പറേഷനുകള്,മുനിസിപ്പാലിറ്റികള് തുടങ്ങിയ സ്ഥാപനങ്ങള്ക്ക് നിക്ഷേപകര് നല്കുന്ന വായ്പയാണിത്.ഇതിന് കൃത്യമായ പലിശ നല്കുകയും കാലാവധി കഴിയുമ്പോള് നിക്ഷേപം മടക്കി നല്കുകയും ചെയ്യുന്നു. 2024 ഏപ്രില് മുതല് ഡിസംബര് വരെ ഇന്ത്യയിലെ കോര്പ്പറേറ്റ് ബോണ്ട് ഇഷ്യൂ 7.3 ലക്ഷം കോടിയായി ഉയര്ന്നിട്ടുണ്ട്. അത് വിപണി ജിഡിപിയുടെ 18 ശതമാനവുമാണ്.എന്നാല് ദക്ഷിണ കൊറിയയില് കടപ്പത്രമൂല്യം ജിഡിപിയുടെ 80 ശതമാനവും ചൈനയില് 36 ശതമാനവുമാണ്.അതുകൊണ്ടുതന്നെ ഈ നിക്ഷേപം ഏറെ ഉയരേണ്ടതുണ്ട്. സാധാരണക്കാരന്റെ സമ്പാദ്യത്തിലെ നല്ല പങ്ക് ഓഹരി വിപണിയിലേക്ക് നീങ്ങുകയും ദലാല് സ്ട്രീറ്റില് കൂടുതല് കൂടുതല് ചില്ലറ നിക്ഷേപകര് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതിനാല് അമിതമായ സാമ്പത്തികവത്ക്കരണം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്.2019 ല് ഷെയറിലും മ്യൂച്ചല്ഫണ്ടിലും നിക്ഷേപിക്കുന്നവര് 15.7 ശതമാനം ആയിരുന്നത് 2024 ല് 18 ശതമാനമായി. താഴ്ന്ന ഇടത്തരം വരുമാനമുള്ള ഒരു രാജ്യത്തിന് ഇത് ഗുണകരമല്ല. ധനകാര്യവത്ക്കരണം നയരൂപീകരണത്തിലും മാക്രോഇക്കണോമിക് നടപടികളിലും സാമ്പത്തിക വിപണികളുടെ ആധിപത്യത്തിനും സാമ്പത്തിക അസമത്വത്തിനും കാരണമാകും.വികസനത്തിനും വളര്ച്ചയ്ക്കും സാമ്പത്തികവത്ക്കരണത്തിനും ഇടയില് സന്തുലിതാവസ്ഥ നിലനിര്ത്തുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി.കുടുംബത്തിലെ സാമ്പത്തിക സമ്പാദ്യത്തിന്റെ നിലവാരം,നിക്ഷേപ ആവശ്യങ്ങള്,സാമ്പത്തിക സാക്ഷരതയുടെ നിലവാരം എന്നിവ കണക്കിലെടുത്ത് രാജ്യം അതിന്റെ ധനപാത രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള തുടക്കമായി ധനമന്ത്രിയുടെ നീക്കത്തെ കാണാവുന്നതാണ്.
2025 ആദ്യ 9 മാസം വ്യാപാര സേവന മേഖലയില് ഇന്ത്യ 602.6 മില്യണ് ഡോളറിന്റെ നേട്ടം കൈവരിച്ചു.ആഗോള സാമ്പത്തിക-വ്യാപാര നയങ്ങളിലെ അനിശ്ചിതത്വത്തിനിടയിലാണ് ഇതുണ്ടായത്.അമേരിക്ക ഉള്പ്പെടെ പല രാജ്യങ്ങളും കൂടുതല് സംരക്ഷണവാദത്തിലേക്ക് നീങ്ങുമ്പോള് അതിനനുസരിച്ചുള്ള തന്ത്രങ്ങളും വ്യാപാര റോഡ്മാപ്പും തയ്യാറാക്കാനും ബജറ്റ് ശ്രമിച്ചിരിക്കുന്നു. ഇന്ത്യക്ക് ബജറ്റില് പറയുന്ന നിലയില് 50.65 ലക്ഷം കോടി ചിലവഴിക്കണമെങ്കില് നികുതി വരുമാനത്തില് 11 ശതമാനം വളര്ച്ചയുണ്ടാകണം.ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനെയും ഇന്ത്യയുടെ വളര്ച്ചയുടെ അടിസ്ഥാനപരമായ തിരിച്ചടികളെ എത്രത്തോളം ഫലപ്രദമായി അഭിസംബോധന ചെയ്യുന്നു എന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും ബജറ്റിന്റെ ധനകാര്യ ചിലവുകള് അന്തിമമായി വിലയിരുത്തപ്പെടുന്നത്.സമഗ്ര വികസനം ഉറപ്പാക്കിക്കൊണ്ട് സ്വകാര്യ സംരംഭങ്ങളെ എങ്ങിനെ സ്വതന്ത്രമാക്കാം,സമ്പാദ്യത്തില് വിട്ടുവീഴ്ച വരുത്താതെ ഉപഭോഗം എങ്ങിനെ വര്ദ്ധിപ്പിക്കാം,മാക്രോ ഇക്കണോമിക് സ്ഥിരത നിലനിര്ത്തിക്കൊണ്ട് വളര്ച്ച എങ്ങിനെ ത്വരിതപ്പെടുത്താം എന്നിവയിലാകണം നോട്ടം (തുടരും)✍️

No comments:

Post a Comment