Friday, 31 January 2025

Scientific historical research is essential

 തനിനിറം പത്രത്തിൽ 2025 ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ പ്രസിദ്ധീകരിച്ച "ശാസ്ത്രീയ ചരിത്രാന്വേഷണം അനിവാര്യം" എന്ന ലേഖനം. 

===≠==

ശാസ്ത്രീയ ചരിത്രാന്വേഷണം അനിവാര്യം

=======

- വി.ആര്‍.അജിത് കുമാര്‍

========

മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പുമൊക്കെ നമ്മള്‍ എല്ലാക്കാലത്തും ചര്‍ച്ച ചെയ്യാറുള്ള വിഷയങ്ങളാണല്ലോ. കുടുംബ ബന്ധങ്ങളിലെ ആഴം സൌഹൃദത്തിലുണ്ടാകണമെന്നില്ല, ചിലപ്പോള് മറിച്ചും സംഭവിക്കാറുണ്ട്. പലപ്പോഴും ബന്ധങ്ങള്‍ ഉലയുന്നത് അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് എന്നും കാണാം. അതുകൊണ്ടാണല്ലോ രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രക്കളും മിത്രങ്ങളും ഇല്ല എന്നു പറയുന്നതും. രാജഭരണ കാലത്തും ഇത് വളരെ പ്രസക്തമായിരുന്നു.അത്തരമൊരു കഥയാണ് ചേരന്മാര്‍ക്കും ചോളന്മാര്‍ക്കും പറയാനുള്ളതും.നാം ഇന്ന് കാണുന്ന കേരളവും തമിഴ്നാടിന്‍റെ തെക്കുഭാഗങ്ങളും ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു ചേരന്മാര്‍. ദ്രാവിഡ നാട്ടിലെ മറ്റ് രണ്ടു രാജവംശങ്ങള്‍ ചോളന്മാരും പാണ്ഡ്യരുമായിരുന്നു.പരസ്പ്പരം ഇണങ്ങിയും പിണങ്ങിയും രാജ്യം വലുതാക്കിയും ചിലപ്പോള്‍ ചില പ്രദേശങ്ങള്‍ നഷ്ടമാക്കിയും തുടര്‍ന്നുവന്ന യുദ്ധങ്ങളുടെ കഥകളായിരുന്നു ഇവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്.


കുരുമുളകിന്‍റെയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരം റോമക്കാരും ഗ്രീസുകാരും അറബികളുമായി നടത്തിവന്ന സമ്പന്ന കാലം.കൊങ്ങുനാടും മുസിരിസും തൊണ്ടിയുമൊക്കെ ചേരരാജാവിന്‍റെ അധീനത്തിലായിരുന്നു.മലബാറും കിഴക്കന് തമിഴ്നാടും തമ്മിലുള്ള വ്യാപാരബന്ധത്തിന് ഇടനാഴിയായ പാലക്കാട് ചുരവും ചേരന്മാര്‍ക്ക് സ്വന്തമായിരുന്ന കാലം. ബിസിഇ മൂന്നും നാലും നൂറ്റാണ്ടുകളിലെ ചരിത്ര രേഖകളില്‍ ചേരന്മാരെ കുറിച്ച് പറയുന്നുണ്ട്.ബിസിഇ രണ്ടാം നൂറ്റാണ്ടു മുതല്‍ സിഇ മൂന്നാം നൂറ്റാണ്ടു വരെയുള്ള സംഘകാലത്തെ പതിറ്റുപത്തിലും അകനാനൂറിലും പുറനാനൂറിലും ചേര രാജാക്കന്മാരെ കുറിച്ച് രേഖകളുണ്ട്. ചിലപ്പതികാരം എഴുതിയ ഇളങ്കോ അടികള്‍ രാജാവായ ചേരന്‍ ചെങ്കുട്ടുവന്‍ തന്‍റെ മൂത്ത സഹോദരനാണ് എന്നു പറയുന്നുണ്ട്. അദ്ദേഹം സിഇ രണ്ടാം നൂറ്റാണ്ടില്‍ കണ്ണകിക്കായി വാഞ്ചിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചുവെന്നും പറയുന്നു. വാഞ്ചി നമ്മുടെ കൊടുങ്ങല്ലൂരാണ് എന്നും ഓര്‍‌ക്കുക.


അശോക ചക്രവര്‍ത്തിയുടെ പാലി ശാസനങ്ങളില്‍ ചേരന്മാരെ കേരളപുത്ര എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ കരൂര് ദേശത്തെ പുഗളൂരില് നിന്നും ലഭിച്ച രേഖകള്‍ പ്രകാരം സിഇ ഒന്ന്,രണ്ട് നൂറ്റാണ്ടുകളില്‍ ഇവിടം ചേരന്മാര്‍ ഭരിച്ചിരുന്നതായി മനസ്സിലാക്കാം. കോ അത്തന്‍ ചേരള്‍ ഇരുമ്പൊറൈ, അദ്ദേഹത്തിന്‍റെ മകന്‍ പെരും കടുങ്കോ, ചെറുമകന്‍ ഇല്ലം കടുങ്കോ എന്നിവരെ പറ്റിയാണ് രേഖകളില്‍ പറയുന്നത്. വയനാട്ടിലെ എടയ്ക്കല്‍ നിന്നും ഇത്തരത്തില്‍ ചില രേഖകള്‍ കിട്ടിയിരുന്നു.ചേരന്മാരും ചോളന്മാരും സൌഹൃദത്തില്‍ ജീവിക്കുകയും വിവാഹബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഒരു ഭാഗത്ത് ചോളമുദ്രയായ കടുവയും മറു ഭാഗത്ത് ചേരമുദ്രയായ അമ്പും വില്ലും പതിച്ച നാണയങ്ങള്‍ ചേര-ചോള സംബ്ബന്ധം സൂചിപ്പിക്കുന്നവയാണ്. ചേരന്മാര്‍ ക്ഷേത്രങ്ങളില്‍ ബലിപൂജ നടത്തുകയും മരണപ്പെട്ട പിതാമഹന്മാരെയും മരങ്ങളെയും പൂജ ചെയ്യുകയും ചെയ്തിരുന്നു. യുദ്ധദേവതയായ കോട്രവൈക്ക് കള്ളും ഇറച്ചിയും നല്‍കിയിരുന്നു.ജൈന-ബുദ്ധ സന്ന്യാസിമാരും ബ്രാഹ്മണരും ബിസിഇ മൂന്നാം നൂറ്റാണ്ടില് ചേര നാട്ടില്‍ വന്നിരുന്നെങ്കിലും ആര്യവത്ക്കരണം ശക്തിപ്പെട്ടത് സിഇ എട്ടാം നൂറ്റാണ്ടിലാണ്.അതിന് മുന്നെ തന്നെ ഇസ്ലാം മതവും ക്രിസ്തുമതവും ചേരനാട്ടില്‍ വേരുറപ്പിച്ചിരുന്നു.കുടുംബത്തിലെ പുരുഷന്മാര്‍ കൃഷിയും പശുപരിപാലനവും കച്ചവടവും യുദ്ധവുമായി തിരക്കിലായിരുന്ന കാലത്ത് ചേരനാട്ടില്‍ കുടുംബാധികാരത്തിന്‍റെ അവകാശി മൂത്ത സ്ത്രീയായിരുന്നു എന്നതും ശ്രദ്ധേയമാണ്.


ബിസിഇയില് വലിയ പ്രതാപത്തിലുണ്ടായിരുന്ന ചേരന്മാര്‍ സിഇ മൂന്നാം നൂറ്റാണ്ടായതോടെ തകരാന് തുടങ്ങി.അടവുനയം എന്ന മട്ടില്‍ ചേരപെരുമാള്‍ ചോള-പാണ്ഡ്യരുമായി സൌഹൃദവും ഇടയ്ക്ക് പിണക്കവുമായി കഴിഞ്ഞു.എന്നാല്‍ എല്ലാം കൈവിട്ടുപോയത് സിഇ 1003 ല്‍ ചേരന്മാരും ചോളന്മാരും തമ്മില് നടന്ന ഉദഗൈ യുദ്ധത്തിലാണ്.കന്യാകുമാരി ജില്ലയിലെ കല്ക്കുളം താലൂക്കിലാണ് ഉദഗൈ. ചേരന്മാരുടെ പട്ടാള പരിശീലന കേന്ദ്രമായിരുന്നു ഉദഗൈ.ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത് ഉദയഗിരി എന്നാണ്. ചോള രാജാവായ രാജരാജ ഒന്നാമന്‍റെ കാലത്തായിരുന്നു യുദ്ധം.ചേരന്മാരെ പരാജയപ്പെടുത്തി അവിടം പിടിച്ചടക്കുകയായിരുന്നില്ല,സമ്പന്നമായ അവിടം തകര്‍ക്കുകയും സ്വര്‍ണ്ണവും സമ്പത്തും കൊള്ളയടിക്കുകയും ആനകളെയും കന്നുകാലികളെയും പിടിച്ചെടുത്ത് മടങ്ങുകയുമായിരുന്നു ലക്ഷ്യം.ടണ് കണക്കിന് സ്വര്‍ണ്ണവും നൂറിലേറെ ആനകളും ആയിരക്കണക്കിന് കന്നുകാലികളുമായാണ് അവര്‍ തലസ്ഥാനമായ തഞ്ചാവൂരിലേക്ക് മടങ്ങിയത്. ചേരന്മാരും ചോളന്മാരുമായുള്ള സംബ്ബന്ധവും ഇടപാടുകളുമെല്ലാം അതോടെയാണ് അവസാനിച്ചത്.ചോള രാജാവായ അരിഞ്ജയയുടെ ഭാര്യ ആദിത്യന്‍ കോതൈ പിരട്ടിയും സുന്ദര്‍ ചോളയുടെ ഭാര്യ പരന്തഗന്‍ ദേവി അമ്മാളും ചേരകുടുംബാംഗങ്ങളായിരുന്നു. രാജരാജന്‍റെ കാലത്താണ് ബന്ധം വഷളായത്. രാജ രാജന്‍റെ ദൂതനെ ഉദഗയില്‍ തടവിലാക്കിയതിന്‍റെ പ്രതികാരമെന്ന നിലയിലായിരുന്നു ഉദഗൈ ആക്രമണം.ഉയരമുള്ള ഗോപുരങ്ങളും കൂറ്റന്‍ മതിലുകളുമുള്ള പട്ടണമായിരുന്നു ഉദഗൈ. സമ്പന്നരുടെ വലിയ കെട്ടിടങ്ങളും ഉണ്ടായിരുന്നു.കോട്ടയും വീടുകളും ഇടിച്ചു നിരത്തി, ജയിലിലായിരുന്ന ദൂതനെയും മോചിപ്പിച്ച് നഗരം തീയിട്ട് നശിപ്പിച്ച ശേഷമാണ് രാജരാജന്‍ മടങ്ങിയത്. ഉദഗൈ കൊല്ലത്തിനടുത്തുള്ള സ്ഥലമാണെന്നും കുടക് ഭാഗത്താണ് എന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. മൂവര്‍ ഉല എന്ന കവിതസമാഹാരത്തിലും കലിംഗത്തു പരണി എന്ന ഗ്രന്ഥത്തിലും ഉദഗൈ യുദ്ധത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. രാജരാജന്‍റെ മകന്‍ രാജേന്ദ്ര ചോളനാണ് പട നയിച്ചത് എന്നും പറയുന്നുണ്ട്.ചോളരാജാക്കന്മാരുടെ ഉപദേശകരും പഴുവൂര് അധികാരികളുമായിരുന്ന പഴുവേട്ടരയന്മാരുടെ കുടുംബ വേര് ചേരനാട്ടിലായിരുന്നതിനാല്‍ ഈ യുദ്ധത്തോടെ അവരുടെ പ്രാധാന്യം നഷ്ടമായി എന്നു ചരിത്രം പറയുന്നു. പൊന്നിയിന്‍ സെല്‍വന്‍ നോവലും സിനിമയും വഴി മലയാളി നന്നായറിയുന്നവരാണ് പഴുവേട്ടരയന്മാര്‍ എന്നോര്‍ക്കുക.


ഉദഗൈ നിലനിന്ന ഇടത്താണ് ഇപ്പോള്‍ ഉദയഗിരി കോട്ടയുള്ളത്. മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് ഡച്ചുകാരുമായുള്ള യുദ്ധത്തില്‍ തടവില്‍ പിടിക്കുകയും പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്‍റെ സേനാനായകനായി സ്വീകരിക്കുകയും ചെയ്ത യൂസ്റ്റാച്ചിയസ് ദെ ലാനോയ് താമസിച്ചിരുന്ന ഈ കോട്ടയും പരിസര പ്രദേശങ്ങളുമൊക്കെ പരിശോധിച്ചും ഗവേഷണം നടത്തിയുമൊക്കെ ഈ ചരിത്രം ബോധ്യപ്പടേണ്ടതുണ്ട് എന്നതില്‍ സംശയമില്ല. പതിനൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലെ ചേരഅധീശത്വം അവസാനിപ്പിച്ച് ചോളന്മാര്‍ അവിടം കൈയ്യേറുകയും പ്രാദേശിക നാട്ടുരാജാക്കന്മാരെ ചോളപ്രതിനിധികളായി വാഴിക്കുകയും ചെയ്തു.മധ്യകാലത്ത് കൊങ്ങുനാട്ടിലെ ചേരന്മാരും മഹോദയപുരത്തെ ചേരന്മാരും പുരാതന ചേരന്മാരുടെ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നു.ഇതും ഗവേഷണമര്‍ഹിക്കുന്ന വിഷയമാണ്.


തമിഴ്നാട്ടില്‍ നടക്കുന്നപോലെ വിപുലമായ പുരാവസ്തു ഗവേഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല എന്നത് സങ്കടകരമാണ്.വടക്കന്‍ പറവൂരിലെ പട്ടണം ഭാഗത്ത് കുറച്ച് ഖനനമൊക്കെ നടന്നെങ്കിലും ഇപ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങള് മന്ദഗതിയിലാണ്. പട്ടണം ഭാഗത്തുനിന്നും ചേരന്മാരുടെ അടയാളമായ അമ്പും വില്ലും രേഖപ്പെടുത്തിയ നാണയങ്ങള്‍ ധാരാളമായി ലഭിച്ചിരുന്നു എന്നതിനാല്‍ ഇനിയും പഠനം തുടരേണ്ടതുണ്ട്.ചരിത്രാന്വേഷണം ഒരിക്കലും അവസാനിക്കുന്നതല്ല.സാങ്കേതിക വിദ്യ പുതിയ പുതിയ അറിവുകള്‍ നല്‍കിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ ഒടുവില്‍ ലഭിച്ച അറിവാണ് ഇരുമ്പുയുഗം ആരംഭിച്ചത് തമിഴ്നാട്ടിലാണ് എന്നത്.ബിസിഇ നാലായിരത്തില്‍ തന്നെ ഇരുമ്പയിര് ഉരുക്കി ഉപകരണങ്ങളുണ്ടാക്കിയിരുന്നു എന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. ഇനിയും രഹസ്യങ്ങളുടെ അനേകം ചുരുളുകള്‍ അഴിയാനുണ്ട്. വരുംകാലം അതിനായി കാതോര്‍ത്തിരിക്കാം🙏🏿

No comments:

Post a Comment