Wednesday, 8 January 2025

Parambikulam journey- its history and present

 


2024 ഡിസംബര് 15-22 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറമ്പിക്കുളം യാത്രയെ കുറിച്ചുള്ള ലേഖനം “പറമ്പിക്കുളം ചരിത്രവും വര്ത്തമാനവും”

**************************************************

പറമ്പിക്കുളം –ചരിത്രവും വര്‍ത്തമാനവും

-വി.ആര്‍.അജിത് കുമാര്‍

കാടിനെയും വന്യജീവികളെയും സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഇടമാണ് പറമ്പിക്കുളം.ഞാന്‍ ഏറെ വൈകിമാത്രം ഇവിടെ എത്തിയവന്‍.അതിര്‍ത്തികളെല്ലാം സാങ്കല്‍പ്പികമാണ് എന്നത് ഇവിടെയും പ്രസക്തമാണ്.തമിഴ്നാടും കേരളവും വേര്‍തിരിയാതെ കിടക്കുന്ന ഇടമാണ് പറമ്പിക്കുളം.പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലും കോയമ്പത്തൂരിലെ ആനമലൈ താലൂക്കിലുമായി പരന്നു കിടക്കുന്ന കുന്നുകളും താഴ്വാരങ്ങളും പുഴകളും ഡാമുകളും പച്ചയുടെ വൈവിധ്യമാര്‍ന്ന ചിത്രവര്‍ണ്ണങ്ങളുണര്‍ത്തുന്ന വശീകരണാത്മകമായ കാടുകളും ചേര്‍ന്ന് മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന ഇടം.ആനമലൈ കുന്നിനും നെല്ലിയാമ്പതി കുന്നിനു മിടയിലുള്ള ഈ താഴ്വാരത്ത് 15 മുതല്‍ 32 വരെ ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.1400 മുതല്‍ 2300 മില്ലിമീറ്റര്‍ വരെ മഴയും ലഭിക്കുന്നു.ലോകത്തിലെ ആദ്യ ശാസ്ത്രീയ തേക്ക് തോട്ടം നിര്‍മ്മിച്ചതും ഇവിടെയാണ്.ഏഴ് മനോഹരമായ താഴ്വാരങ്ങളുള്ള ഇവിടെ മൊബൈലിനും ഇന്‍റര്‍നെറ്റിനും പരിമിതികളുള്ളതിനാല്‍ മൊബൈലിലേക്ക് തലകുനിച്ചിരിക്കാതെ മനുഷ്യര്‍ തലയുയര്‍ത്തി നടക്കുകയും പ്രകൃതിയെ നോക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. പ്രകൃതി ഒരുക്കുന്ന മനോഹാരിതയുടെ വലിയ മുഹൂര്‍ത്തങ്ങളാസ്വദിക്കാന്‍ എത്തുന്ന നമ്മെ സ്വീകരിക്കാന്‍ പറമ്പിക്കുളത്തെ ജനങ്ങളും വനപാലകരും കാത്തിരിക്കുന്നു എന്നതും വലിയ പ്രത്യേകതയാണ്.

പറമ്പിക്കുളം കടുവ സംരക്ഷണ പ്രോജക്ടില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. സുജിത് ഐഎഫ്സിന്‍റെ നേതൃത്വത്തില്‍ നൂറിലേറെ ജീവനക്കാരാണ് കാടിനെ സംരക്ഷിച്ചും കാട് ആസ്വദിക്കാനെത്തുന്ന സ്വദേശികളെയും വിദേശികളെയും സ്വീകരിച്ച് സൌകര്യങ്ങളൊരുക്കിയും ഇവിടെ സന്തോഷത്തോടെ കഴിയുന്നത്. അവരെ സംബ്ബന്ധിച്ചിടത്തോളം ഓരോ ദിവസവും ഓരോ പുതിയ അനുഭവമാണ് പകര്‍ന്നു കിട്ടുന്നത്.അവിടെ സ്ഥിരതാമസക്കാരല്ലാത്ത വനപാലകര്‍ക്ക് വീട്ടുകാര്‍ ഒപ്പമില്ല എന്ന വിഷമം ഉണ്ടെങ്കിലും അതവരുടെ മുഖത്ത് പ്രതിഫലിക്കാറില്ല.

 തമിഴ്നാട്ടിലൂടെയല്ലാതെ ഒരാള്‍ക്ക് പറമ്പിക്കുളത്ത് എത്തിച്ചേരാന്‍ കഴിയില്ല.പൊള്ളാച്ചി വഴിയോ അംബ്രാന്‍പാളയത്ത് ഇറങ്ങിയോ മാത്രമെ സന്ദര്‍ശകര്‍ക്ക് ഇവിടെ എത്താന്‍ കഴിയൂ.ആനമല താണ്ടി എത്തിച്ചേരാവുന്ന ഇടം.നെല്ലിയാമ്പതി കാടുകളും അതിനോട് ചേര്‍ന്നാണ് വരുക. വാ തുറന്നിരിക്കുന്ന ഒരത്ഭുത ഗുഹ എന്ന് ഇതിനെ നമുക്ക് വിളിക്കാം.ആനമല ചുരത്തിലൂടെ ഈ ഗുഹയിലേക്ക് കടന്നാല്‍ പിന്നെ കാണുന്നതെല്ലാം സന്തോഷം തരുന്ന കാഴ്ചകള്‍ മാത്രം.

പറമ്പിക്കുളത്തിന്‍റെ ചരിത്രം

കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്നു പറമ്പിക്കുളം.പറമ്പിക്കുളം കാടുകളില്‍ നിന്നും വെട്ടിയെടുക്കുന്ന വന്‍മരങ്ങള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുക്കിയാണ് കൊച്ചിയില്‍ എത്തിച്ചിരുന്നത്.വനചൂഷണം എല്ലാക്കാലത്തുമുണ്ടായിരുന്നെങ്കിലും ബ്രിട്ടീഷുകാര്‍ വന്നതോടെയാണ് അത് വ്യാപകമായത്.വനചൂഷണത്തിനായി പലവിധ സാങ്കേതിക വിദ്യകളും ബ്രിട്ടീഷുകാര്‍ അവലംബിച്ചിരുന്നു.വളരെ ശാസ്ത്രീയമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും സര്‍വ്വേയ്ക്കും ശേഷമാണ് അവരിത് ചെയ്തിരുന്നത്. ബ്രിട്ടീഷുകാരെ സംബ്ബന്ധിച്ചിടത്തോളം വനം എന്നത് സാമ്പത്തിക സ്രോതസ്സ് മാത്രമായിരുന്നു.തടിയും വന ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുക,അവിടെ കൃഷി ആരംഭിക്കുക എന്ന വാണിജ്യപരമായ മനസ്സായിരുന്നു അവര്‍ക്ക്.തടി പരമാവധി വെട്ടിക്കടത്തുക,വില്‍പ്പന നടത്തുക എന്നതായിരുന്നു സമീപനം.1800 ല്‍ തന്നെ വനത്തിന്‍റെ കുത്തക ബ്രിട്ടീഷുകാരുടേതായി.രണ്ട് ഇഞ്ചില് താഴെ വണ്ണമുള്ള മരം മുറിക്കരുത് എന്നത് മാത്രമായിരുന്നു നിയമം.എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യകാലം മുതലെ ഇത് പ്രകൃതിക്കുണ്ടാക്കാവുന്ന ദോഷഫലങ്ങളെ കുറിച്ച് സംസാരിച്ചിരുന്ന ബ്രട്ടീഷ് ഭരണാധികാരികളും ഉണ്ടായിരുന്നു.അങ്ങിനെയാണ് 1805 ല്‍ വനം സമിതി രൂപീകരിച്ച് പരമാവധി വളര്‍ച്ചയെത്തിയ മരങ്ങള്‍ മാത്രം മുറിച്ചാല്‍ മതി എന്നു തീരുമാനിച്ചത്.1806 ല്‍ കൊച്ചി രാജാവ് ക്യാപ്റ്റന്‍ വാട്സനെ വനം കണ്‍സര്‍വേറ്ററായി നിയമിച്ചു.തുടര്‍ന്ന് കാടിനുള്ളിലേക്ക് റോഡ് നിര്‍മ്മിച്ചു തുടങ്ങി.എന്നു മാത്രമല്ല നാട്ടുകാര്‍ മരം മുറിക്കുന്നത് അനധികൃതമാക്കി ഉത്തരവുമിറക്കി.

ഈ കാലത്ത് മലബാര്‍ ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍ ആദ്യമായി തേക്ക്തോട്ടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.1842 ല്‍ ചാത്തുമേനോന്‍റെ സഹായത്തോടെ മലബാര്‍ കളക്ടര്‍ എച്ച്.വി.കെ.കനോലിയാണ് ആ സംരംഭത്തിന് തുടക്കം കുറിച്ചത്. 1865 മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്ന  വന നിയമ പ്രകാരം വനം സര്‍ക്കാര്‍ മേഖലയിലാക്കി.റയില്‍വേ നിര്‍മ്മിക്കാനുള്ള സ്ലീപ്പറുകള്‍ക്കായി തടി വെട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി റിസര്‍വ്വ് മരങ്ങളെല്ലാം ലിസ്റ്റ് ചെയ്തു.1878 ല്‍ നിലവില്‍ വന്ന വനനിയമം വനത്തെ മൂന്നായി തിരിച്ചു.റിസര്‍വ്വ് വനം,സംരക്ഷിത വനം, ഗ്രാമ വനം എന്നിവയായിരുന്നു ഇവ.റിസര്‍വ്വ് വനങ്ങള്‍ ബ്രിട്ടീഷുകാരുടെ വാണിജ്യാവശ്യത്തിനുള്ളതായി മാറി.സംരക്ഷിത വനം സ്വകാര്യ അവകാശത്തര്‍ക്കത്തില്‍ ഉള്‍പ്പെട്ടവയായിരുന്നു.ഗ്രാമവനം നാട്ടിലെ സമ്പന്നര്‍ക്ക് മുറിക്കാനുള്ള പ്രിവിലേജ് നല്‍കിയ വനങ്ങളായിരുന്നു.1894 ആയപ്പോഴേക്കും വന്‍മരങ്ങള്‍ വെട്ടിമാറ്റപ്പെട്ട കാടുകള്‍ കൃഷി ഭൂമിയാക്കി മാറ്റുന്നതിനാണ് ബ്രിട്ടീഷുകാര്‍ പ്രാധാന്യം നല്‍കിയത്. 1927 ആയപ്പോഴേക്കും വനം ബ്രിട്ടീഷുകാര്‍ക്ക് വാണിജ്യ ഉപയോഗത്തിനുള്ളതും നാട്ടുകാര്‍ക്ക് പ്രവേശനം തടയപ്പെട്ടതുമായ ഇടമായി മാറി.

മൈസൂര്‍ രാജാവ് ഹൈദരാലിക്കും തുടര്‍ന്ന് ടിപ്പുവിനും കപ്പം കൊടുത്ത് ആശ്രിതത്വത്തില്‍ കഴിഞ്ഞിരുന്ന കൊച്ചി രാജാവ് ശക്തന്‍ തമ്പുരാന്‍ അടിമത്തം അവസാനിപ്പിക്കാനായി ബ്രിട്ടീഷുകാരുടെ സഹായം ആവശ്യപ്പെട്ടിരുന്നു.അതിന്‍പ്രകാരം 1791 ലുണ്ടാക്കിയ ഉടമ്പടിയിലൂടെയാണ്    കൊച്ചിയില്‍ ബ്രിട്ടീഷുകാരുടെ ഇടപെടല്‍ തുടങ്ങുന്നത്.ശക്തന്‍ തമ്പുരാന്‍റെ മരണം വരെ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുത്തിരുന്നെങ്കിലും ഭരണം സ്വതന്ത്രമായിരുന്നു.എന്നാല്‍ രാജ രാമവര്‍മ്മയുടെയും രാജ വീരകേരള വര്‍മ്മയുടെയും കാലത്ത് ഭരണം ദുര്‍ബ്ബലമായി.ബ്രിട്ടീഷുകാര്‍ക്കെതിരെ വേണാട്ടില്‍ വേലുത്തമ്പി ദളവ തുടങ്ങിവച്ച പോരാട്ടത്തിന് കൊച്ചിയിലെ മന്ത്രിമുഖ്യനായ പാലിയത്തച്ചന്‍ പിന്തുണ നല്‍കിയതോടെ ബ്രിട്ടീഷുകാര്‍ കൊച്ചി രാജാവിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു.കേണല്‍ മെക്കാളെ അധികാരം പൂര്‍ണ്ണമായും കൈക്കലാക്കി.1811 ല്‍ മെക്കാളെക്ക് പകരം വന്ന കേണല്‍ ജോണ്‍ മണ്‍ട്രോ രാജാവുമായി നല്ല ബന്ധം പുലര്‍ത്തി.1828 ല്‍ വീര കേരള വര്‍മ്മ മരണപ്പെടുകയും രാമവര്‍മ്മ ഭരണത്തിലെത്തുകയും ചെയ്തു.ദിവാന്‍ എടവണ്ണ ശങ്കര മേനോനും കൂട്ടരും അഴിമതി നടത്തി ഭരണം ദുര്‍ബ്ബലമായപ്പോള്‍ ബ്രിട്ടീഷ് റസിഡന്‍റ് കാസമേജര്‍ നിയന്ത്രണം ഏറ്റെടുത്തു.രാജകുടുംബത്തിന് അലവന്‍സ് നല്‍കി ഒതുക്കി.തുടര്‍ന്നുള്ള കാലം ഭരണം ശരിക്കും ബ്രിട്ടീഷുകാരുടെ കൈയ്യിലായി.അവരാണ് ഫോറസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം കൊണ്ടുവന്നത്. വിലകൂടിയ മികച്ച ഇനം തടികള്‍ സ്വന്തമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.ബ്രിട്ടീഷുകാരുടെ മാനേജ്മെന്‍റ് സിസ്റ്റത്തിലാണ് കൊച്ചി ഫോറസ്റ്റ് അഡ്മിനിസ്ട്രേഷന്‍ രൂപീകരിച്ചത്.അക്കാലത്ത് ചിറ്റൂര്‍ വനത്തില്‍ വലിയ കൊള്ള നടക്കുന്നുണ്ടായിരുന്നു.കൊച്ചിക്ക് ഇത് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.അങ്ങിനെയാണ് ഭരണ സംവിധാനത്തിലെ പുന:ക്രമീകരണത്തെ കുറിച്ച് ആലോചിച്ചതും ഫൌള്‍ക്കസ് എന്ന സായ്വിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കൊച്ചി വന റഗുലേഷന്‍ കൊണ്ടുവന്നതും.

    പറമ്പിക്കുളത്ത് വനപാലകരെ നിയമിക്കാനും യാത്രാസൌകര്യമുണ്ടാക്കാനും തീരുമാനിച്ചു.ആനമലൈയിലെ ടോപ്പ് സ്ലിപ്പില്‍ നിന്നും നദിയിലേക്ക് തടി തള്ളിവിട്ട് ചാലക്കുടിയിലെത്തിക്കുകയാണ് വലിയ മഴക്കാലത്ത് ചെയ്തിരുന്നത്. എന്നാല്‍ പാറയുള്ള നദിയില്‍ ഇത് പലപ്പോഴും വിഷമകരമായിരുന്നു.ആനയെ ഉപയോഗിച്ച് തടി കൊണ്ടുവരാനും തടസ്സങ്ങള്‍ ഏറെയായിരുന്നു.ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ കാര്‍ട്ട് റോഡ് എന്ന ചിന്ത ഉണര്‍ന്നത്. 1894 ല്‍ ജെ.സി.കോള്‍ഹോഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വന്നതോടെ പറമ്പിക്കുളം കാട്ടിലെ വനചൂഷണം ശക്തമാക്കാനായി ട്രാംവേ നിര്‍മ്മാണം എന്ന ആശയം മുന്നോട്ടുവച്ചു. തടി ചാലക്കുടി പുഴവരെയെത്തിച്ച് പിന്നീട് പുഴയിലൂടെ ഒഴുക്കി കൊച്ചിയില്‍ കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം.1900 ല്‍ റോബര്‍ട്ട്.ഇ.ഹാഫീല്‍ഡിനെ സര്‍വ്വേയറായി നിയമിച്ചു.വര്‍ഷം മുഴുവന്‍ തടി വെട്ടി കൊണ്ടുവരാന്‍ കരമാര്‍ഗ്ഗം തന്നെവേണം എന്ന തീരുമാനത്തില്‍ നിന്നാണ് ട്രാംവേ ജനിക്കുന്നത്.ചാലക്കുടിയില്‍ നിന്നും 83.2 കിലോമീറ്റര്‍ ദൂരം ട്രാംവേ നിര്‍മ്മിക്കുക എന്നതായിരുന്നു തീരുമാനം.ട്രാംവേ വനം വകുപ്പിന്‍റെ കീഴിലായിരുന്നില്ല.ട്രാംവേ എന്‍ജിനീയറായിരുന്നു തലവന്‍.ഇയാള്‍ നേരിട്ട് ദിവാന് റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു.എന്‍ജിനീയര്‍ക്ക് കൊച്ചി ലെജിസ്ലേറ്റീവ് കൌണ്‍സിലില്‍ പ്രത്യേക പദവിയും നല്‍കിയിരുന്നു.1901 ല്‍ പണി തുടങ്ങിയ ട്രാംവേ 1907 ല്‍ പൂര്‍ത്തിയായി.ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏക ട്രാംവേ ആയിരുന്നു ഇത്.

പശ്ചിമജര്‍മ്മനിയിലെ ബര്‍ലിനില്‍ ബെന്നോ ഓറന്‍സ്റ്റീനും ആര്‍തര്‍ കോപ്പലും ചേര്‍ന്ന് നടത്തിയിരുന്ന ഓറണ്‍സ്റ്റീന്‍ ആന്‍റ് കോപ്പലാണ് 1904 മുതല്‍ 1907 വരെ കൊച്ചിന്‍ ഫോറസ്റ്റ് സ്റ്റീം ട്രാംവേക്ക് ലൊക്കോമോട്ടീവ് സപ്ലൈ ചെയ്തത്.ചാലക്കുടിയിലായിരുന്നു വര്‍ക്ക്ഷോപ്പ്.ഇവിടെ മെഷീന്‍ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും നടത്തിവന്നു.1907 ല്‍ ട്രാംവേ കമ്മീഷന്‍ ചെയ്തതോടെ ഇവിടെ സ്പെയര്‍പാര്‍ട്ട്സുകളും നിര്‍മ്മിക്കാന്‍ തുടങ്ങി.ട്രാംവേയ്ക്ക് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടറന്മാരും ലോക്കോ ഫോര്‍മാനും ഡ്രൈവറന്മാരും സ്ട്രൈക്കര്‍മാരും ട്രാഫിക് ഇന്‍സ്പെക്ടറന്മാരും ഗാര്‍ഡുകളും ബ്രേക്ക് കൂലികളും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമുണ്ടായിരുന്നു. കാടരും മലയരയരുമായിരുന്നു വാച്ചറന്മാരും കൂലിക്കാരുമായി പണിയെടുത്തിരുന്നത്.

ട്രാംവേയുടെ അവസാന ഭാഗത്തിന് 2700 അടി ഉയരമുണ്ടായിരുന്നു.തടി കടത്ത് മാത്രമല്ല,സ്വകാര്യ കരാറുകാര്‍ക്ക് ഇന്ധനം,ചൂരല്‍,ഈറ്റ,സ്ലീപ്പറുകള്‍ എന്നിവയും ട്രാംവേയിലൂടെ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരുന്നു.ട്രാംവേയുടെ രണ്ടാം ഭാഗത്ത് 12 സിഗ്സാഗ് വളവുകളുണ്ടായിരുന്നു.അതിലൂടെ ട്രാം മുകളിലേക്കും താഴേക്കും പോകും.ഈ മടക്കുവഴികളില്‍ മൂന്ന് പോയിന്‍റ് മുകളിലേക്കും രണ്ട് പോയിന്‍റ് താഴേക്കും എന്ന മട്ടിലായിരുന്നു യാത്ര.ഈ സമയം ഒരു എക്സ്റ്റന്‍റഡ് പാതയിലൂടെ ട്രാം മുന്നോട്ട് പോവുകയും പിന്നീട് പിറകിലേക്ക് റിവേഴ്സ് ഓടുകയും ചെയ്യുമായിരുന്നു. പ്രധാനപാതയ്ക്കൊപ്പം നീങ്ങി ഇത് മറ്റൊരു റിവേഴ്സ് പോയിന്‍റിലെത്തും.ഈ ചലനമാണ് ട്രാമിനെ മുകളിലേക്കും താഴേക്കുമുള്ള പോയിന്‍റുകളില്‍ എത്താന്‍ സഹായിച്ചിരുന്നത്.ട്രാമിന്‍റെ അവസാനഭാഗം കോമളപ്പാറയില്‍ നിന്നും ചിന്നാറിലേക്കായിരുന്നു.ഇവിടെ അഞ്ച് സിഗ്സാഗ് പാതകള്‍ കടന്നാണ് വണ്ടി മൈലപ്പാടനില്‍ എത്തിയിരുന്നത്.

ബ്രിട്ടീഷുകാരുടെ അജണ്ട സൂത്രത്തില്‍ കൊച്ചി രാജാവിനെ ഉപയോഗിച്ച് നടപ്പിലാക്കി എന്നുവേണം മനസിലാക്കാന്‍.രണ്ടാം ലോകമഹായുദ്ധകാലത്ത് അനിവാര്യമായ മികച്ച തടികള്‍ വേഗത്തിലെത്തിക്കാനും യുദ്ധത്തില്‍ കൊച്ചിയുടെ പങ്കാളിത്തമുറപ്പിക്കാനും അവര്‍ കരുക്കള്‍ നീക്കിയതായിരുന്നു. കൊച്ചി രാജ്യം ട്രാംവേ നിര്‍മ്മിക്കാനായി നല്ലൊരു തുക ചിലവാക്കി.ഈ കാലത്ത് യൂറോപ്പില്‍ നിന്നെത്തി പലരും പ്ലാന്‍റേഷനുകള്‍ തുടങ്ങി. അവരും ബ്രിട്ടന് തടികള്‍ സപ്ലൈ ചെയ്തിരുന്നു.1909 ല്‍ ദക്ഷിണറയില്‍വേയുമായി കൊച്ചി ദിവാന്‍ സംസാരിക്കുകയും ട്രാംവേ നേരിട്ട് എറണാകുളത്തേക്കും തൃശൂരേക്കും ഓടിക്കുകയും സര്‍വ്വീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തുടര്‍ വര്‍ഷങ്ങളില്‍ കൊച്ചി വനങ്ങളില്‍ വലിയ തോതില് വനംമുറി നടന്നു.1923 ല്‍ കൊച്ചിന് ലജിസ്ലേറ്റീവ് കൌണ്‍സില്‍ റഗുലേഷന്‍ പാസ്സായി.ഇതോടെ കൌണ്‍സില്‍ ജനകീയമായി.1925 ല്‍ പുതിയ ലജിസ്ലേറ്റീവ് കൊണ്‍സില്‍ വന്നു. ചാലക്കുടിയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട സി.എ.ഔസേഫ് കൊളോണിയല്‍ വനനയത്തെയും ട്രാംവേ പദ്ധതിയെയും ചോദ്യം ചെയ്തു.ചില അംഗങ്ങള്‍ കൊച്ചിയില്‍ നിന്നും മലബാറിലേക്കുള്ള തടികള്ളക്കടത്തും ചര്‍ച്ചയാക്കി.അക്കാലത്ത് കാട്ടില്‍ നിന്നും മുള ശേഖരിക്കുന്ന ആദിവാസികള്‍ക്ക് പിഴ ഈടാക്കിയിരുന്നതും വലിയ വിമര്‍ശനത്തിന് കാരണമായി.കാട്ടില്‍ നിന്നും തടിവെട്ടുന്നതിനെ അനിവാര്യമായ തിന്മ എന്നാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  വിശേഷിപ്പിച്ചത്.പറമ്പിക്കുളത്തെ മുഴുവന്‍ മരങ്ങളും വീഴുംവരെ ഇത് തുടരണം എന്നായിരുന്നു ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നത്.പറമ്പിക്കുളത്തെ ഒരുകൊമ്പന്‍ വര്‍ക്കിംഗ് സര്‍ക്കിളില് നിന്നും ലഭിക്കുന്ന തടി പ്രതീക്ഷിച്ചതിലും കുറവാണെന്നും സാമ്രാജ്യത്വത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല എന്നുമായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ അഭിപ്രായം.സത്യത്തില്‍ വനത്തില്‍ നിന്നും തടി ശേഖരിക്കുന്നതിന് കൃത്യമായ ഒരു പദ്ധതിയുണ്ടായിരുന്നില്ല.അതിനാല്‍ തടി വില്‍പ്പനയിലൂടെ ലഭിക്കുന്നതിലും വലിയ തുക ട്രാംവേയ്ക്കായി ചിലവിടുന്നുണ്ട് എന്നും 1926 ല്‍ കൊച്ചി സര്‍ക്കാരിന്‍റെ ഫിനാന്‍സ് കമ്മറ്റി കണ്ടെത്തിയിരുന്നു.

വലിയ സാമ്പത്തിക ചിലവും പരിസ്ഥിതി നാശവുമുണ്ടാക്കുന്ന വനം വകുപ്പിന്‍റെ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളും ട്രാംവേയുണ്ടാക്കുന്ന സാമ്പത്തികബാധ്യതയും കൌണ്‍സില്‍ അംഗങ്ങളുടെ നിരന്തര എതിര്‍പ്പിന് കാരണമായി.വനം വകുപ്പിനും ട്രാംവേയ്ക്കുമുള്ള ഫണ്ട് കുറയ്ക്കാനും അവര്‍ നിര്‍ദ്ദേശിച്ചു.എന്നാല് ഉദ്യോഗസ്ഥ മേല്‍ക്കോയ്മയുള്ള ഭരണം ബ്രിട്ടീഷ് അധികാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ട്രാംവേയ്ക്കും വനവകുപ്പിനും പണം അനുവദിച്ചുകൊണ്ടേയിരുന്നു.ഇക്കാലത്ത് വനംകൊള്ളയും തുടരുകയായിരുന്നു.എന്നുമാത്രമല്ല ട്രാംവേ കടന്നുപോകാത്ത ഇടങ്ങളിലെ റയില്‍വേ സ്റ്റേഷനുകളുമായി ട്രാംവേ ബന്ധിപ്പിച്ച് തടിവെട്ട് ഊര്‍ജ്ജിതമാക്കി വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതായി പുതിയ നീക്കം.ഈ സമയം ട്രാംവേ സ്വകാര്യകമ്പനികള്‍ക്ക് വാടകയ്ക്ക് കൊടുക്കാനും ശ്രമം നടന്നു. മദ്രാസിലെ ചില കമ്പനികള്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും അത് നടന്നില്ല.ബ്രിട്ടീഷുകാര്‍ക്ക് യുദ്ധകാലത്ത് ട്രാംവേ വലിയ ഉപകാരമായി എന്നു മാത്രമല്ല, കൊച്ചിയിലെ തുറമുഖം വലിയ തോതില് വികസിക്കുകയും ചെയ്തു.

എല്ലാറ്റിനും രണ്ട് വശമുണ്ട് എന്നു പറയുന്നപോലെ പറമ്പിക്കുളം കാടിന്‍റെ നാശം ഇന്ന് കാണുന്ന വികസിത കൊച്ചിക്ക് കാരണമായി എന്നു പറയാം. രണ്ടാം ലോക മഹായുദ്ധകാലത്ത് മധേഷ്യയിലും ഇറാക്കിലും പേര്‍ഷ്യന്‍ ഗള്‍ഫിലും സഖ്യകക്ഷികള്‍ക്ക് തടി എത്തിച്ചിരുന്നത് ഇന്ത്യയായിരുന്നു.അതില്‍ കൂടുതലും കൊച്ചിയില്‍ നിന്നാണ് പോയിരുന്നത്.1940 ല്‍ ഡല്‍ഹിയില്‍ ടിംബര്‍ ഡയറക്ടറേറ്റ് തന്നെയുണ്ടായിരുന്നു. അണ്ണാമലൈ ടിംബര്‍ ട്രസ്റ്റ്,ബോംബെ ബര്‍മ്മ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവര്‍ക്കാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നത്.കാട്ടിലേക്ക് റോഡും നിര്‍മ്മിച്ചു. വാഴച്ചാലും പെരിങ്ങലും വന്‍തോതില്‍ മരം മുറി നടന്നു.റയില്‍വേ വികസനത്തിന് ആവശ്യമായ സ്ലീപ്പറുകള്‍ നിര്‍മ്മിക്കാന്‍ ഇത് ഉപകരിച്ചു. യുദ്ധാനന്തരം സ്വകാര്യഇടപാടുകാര്‍ക്ക് കൂടുതല്‍ ഉള്‍വനം മുറിക്കുന്നതിന്  റോഡ് പ്രയോജനപ്പെട്ടു.തടി ലഭ്യതയുള്ളതുകൊണ്ടുതന്നെ സൌത്ത് ഇന്ത്യ കോര്‍പ്പറേഷന്‍,ബ്രിട്ടീഷ് നേവിക്കായി കപ്പലുകളും നിര്‍മ്മിച്ചു നല്കിയിരുന്നു. ചുരുക്കത്തില്‍ വനനശീകരണവും അടിസ്ഥാന സൌകര്യ വികസനവും യുദ്ധവും ഇഴബന്ധമുള്ള സംഗതികളായി മാറി

ജപ്പാന്‍ റംഗൂണ്‍ കീഴടക്കിയതോടെ ഇന്ത്യയില്‍ അരിക്ഷാമം രൂക്ഷമായി.കൊച്ചിയിലും പട്ടിണി വ്യാപിച്ചു.ഇതിനെ തുടര്‍ന്ന് 1942 ല്‍ മലയോര നെല്‍പദ്ധതി ആരംഭിച്ചു.അതോടെ വനം സ്വകാര്യവ്യക്തികള്‍ക്ക് കൃഷിക്കായി ലഭ്യമായിത്തുടങ്ങി.ആനമലൈ ബ്ലോക്ക്,കിളിന്തൂര് ബ്ലോക്ക്,വടക്കാഞ്ചേരി ബ്ലോക്ക് എന്നിവിടങ്ങളിലാണ് നെല്‍കൃഷി തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഡോക്യുമെന്‍റേഷനൊന്നുമില്ലാതെ കൃഷിചെയ്യാനായി ഭൂമി പാട്ടത്തിന് നല്‍കി.കാടതിരുകള്‍ വെട്ടിത്തെളിച്ച് അവര്‍ കൃഷി തുടങ്ങി.തടി വ്യാപാരം കൂടിയതോടെ സാധാരണക്കാര്‍ക്ക് വിറകും ലഭിക്കുന്നത് പ്രയാസമായി മാറിയിരുന്നു.ഇത് പരിഹരിക്കാന്‍ വിറകിന് റേഷന്‍ ഏര്‍പ്പെടുത്തി.ഒരു കുടുംബത്തിന് ഒരു മാസം ഒരു ടണ്‍ വിറകാണ് റേഷനായി നല്‍കിയിരുന്നത്.ഇത് നല്‍കാനുള്ള കരാറും സ്വകാര്യവ്യക്തികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. വിറക് ശേഖരണത്തിന്‍റെ മറവിലും വനനാശം തുടര്‍ന്നു.

കൊളോണിയല്‍ വനനയം തോട്ടവ്യവസായം പ്രോത്സാഹിപ്പിച്ചിരുന്നതിന് പുറമെയാണ് ഇത്തരം ദുരന്തങ്ങള്‍ കൂടി സംഭവിച്ചത്.സര്‍ക്കാര്‍ ഏക്കര്‍ കണക്കിന് വനഭൂമി യൂറോപ്പുകാര്‍ക്ക് ചെറിയ തുകയ്ക്ക് പാട്ടത്തിന് നല്‍കുകയും അടിസ്ഥാന സൌകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു.പ്രധാന ചന്തകളില്‍ നിന്നെല്ലാം തോട്ടത്തിലേക്ക് റോഡുണ്ടാക്കി നല്‍കി.പഴയ റോഡുകള്‍ പുതുക്കി.1916 ല്‍ തന്നെ ദിവാന് സര്‍ ജോസഫ് ഭോറെ ചാലക്കുടി ആനമല റോഡ് മലക്കപ്പാറവരെ നീട്ടിയിരുന്നു. കൊച്ചി ലെജിസ്ലേറ്റീവ് കൌണ്‍സിലിലെ ചെറുതുരുത്തി അംഗമായിരുന്ന ഇ.ഇക്കണ്ടവാരിയര്‍ മുതലാളിത്ത തോട്ട ഉടമകളെ സഹായിക്കുന്ന സര്‍ക്കാര്‍ നയത്തെ എതിര്‍ത്തു.നോമിനേറ്റു ചെയ്യപ്പെട്ട യൂറോപ്യന്‍ അംഗം എച്ച്.ജെ.വാള്‍മെസ്ലിയും തോട്ടമുടമകളുടെ നോമിനി വി.ജെ.മാത്യുവും തോട്ടമുടകള്‍ക്കായി വാദിച്ചു.ചാലക്കുടിയെ പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുക അനിവാര്യമാണ് എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.ആ നിലപാടിനാണ് കൊണ്‍സിലില്‍ മുന്‍തൂക്കം ലഭിച്ചതും.ചുരുക്കത്തില്‍ വനസംരക്ഷണത്തിന് പകരം തോട്ടവിള പ്രോത്സാഹനത്തിനും വനനശീകരണത്തിനുമായി സര്‍ക്കാരിന്‍റെ മുന്‍ഗണന.

 

    ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന്‍റെ പിന്നാലെ 1949 ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനം നടന്നു.ഈ സമയം ട്രാംവേയുടെ സാംഗത്യം സംബ്ബന്ധിച്ച് ട്രാംവേ ജീവനക്കാരും വനം വകുപ്പും തമ്മില്‍ തര്‍ക്കമായി.1950 ല്‍ ട്രാംവേയുടെ ഭാവി നിശ്ചയിക്കാന്‍ വനം ചീഫ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി.1951 ല്‍ സമിതി ട്രാംവേ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇതിന് ഇനി പ്രസക്തിയില്ല എന്നും റിപ്പോര്‍ട്ടു നല്‍കി.ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല.1953 ല്‍ ട്രാംവേ പുനരുജ്ജീവിപ്പിക്കുന്നത് പരിശോധിക്കുന്നതിനായി കൊച്ചി സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി ബി.വി.കെ.മേനോന്‍ ചെയര്‍മാനായി ഒരു പുതിയ സമിതി വന്നു.ട്രാംവേയുടെ പ്രത്യേകതകളും പൈതൃകമൂല്യവും കണക്കിലെടുത്ത് അതിനെ പുനരുജ്ജീവിപ്പിക്കണം എന്നായിരുന്നു സമിതി ശുപാര്‍ശ.1957 ല്‍ ആദ്യ കേരള മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്ന കെ.സി.ജോര്‍ജ്ജ് ട്രാംവേ വിനോദസഞ്ചാരത്തിനായി പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.എന്നാല്‍ 1959 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രം  പിരിച്ചുവിട്ടതോടെ അത് നടക്കാതെ പോയി.ട്രാംവേ എംപ്ലോയീസ് യൂണിയന്‍ ട്രാംവേ നിര്‍ത്തലാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാരിന് ഈ അഭിപ്രായത്തോട് യോജിപ്പുണ്ടായിരുന്നില്ല.അങ്ങിനെ 1963 ല്‍ ട്രാംവേ അവസാനിപ്പിക്കാന്‍ തീരുമാനമായി.

ബ്രിട്ടീഷുകാരുടെ ലക്ഷ്യം സ്വാര്‍ത്ഥമായിരുന്നെങ്കിലും ട്രാംവേ ഒരു എന്‍ജിനീയറിംഗ് അത്ഭുതമായിരുന്നു.ഭൂപ്രകൃതിയോട് ഇഴചേരുന്നൊരു അടിസ്ഥാനസൌകര്യവികസനമായിരുന്നു ഇവിടെ സംഭവിച്ചത്.ഒപ്പം സാങ്കേതിക പാരിസ്ഥിതിക ഇംപീരിയലിസവും.മുതലാളിത്തവും കൊളോണിയലിസവും പ്രകൃതിയുടെ മേല്‍ പരാന്നഭോജികളെപോലെ അധിനിവേശിക്കുകയായിരുന്നു.ആ ദുരന്തങ്ങളില്‍ നിന്നെല്ലാം കരകയറി ഈര്‍ജ്ജസ്വലയായിത്തീര്‍ന്ന പറമ്പിക്കുളത്തെയാണ് നമ്മളിപ്പോള്‍ കാണുകയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത്.

പറമ്പിക്കുളത്തെ ജനങ്ങള്‍

നാല് ആദിവാസി സമൂഹത്തില്‍പെട്ട മുന്നൂറോളം വരുന്ന കുടുംബങ്ങളിലെ ആയിരത്തഞ്ഞൂറോളം ജനങ്ങളാണ് പറമ്പിക്കുളത്തുള്ളത്.ഇവിടെ ആറ് ആദിവാസി ഊരുകളുണ്ട്.മരം മുറിച്ചു വിറ്റും കാട്ടിലെ ഉത്പ്പന്നങ്ങള്‍ വിറ്റുമാണ് ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്.രണ്ടായിരത്തില്‍ സുപ്രിംകോടതി ഉത്തരവിലൂടെ മരംമുറി നിരോധിച്ചതോടെ ആദിവാസികളുടെ ഉപജീവനം നഷ്ടമാവുകയും അവര്‍ കാട്ടിലെ തേന്‍ ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങളെ അമിതചൂഷണം ചെയ്യുകയും മീന്‍ പിടിക്കുകയും വിറക് ശേഖരിക്കുകയും ചെറിയ തോതില്‍ വേട്ടയാടുകയും ചെയ്തുവന്നിരുന്നു. ഇതിനൊപ്പം നിയന്ത്രണമില്ലാതെ കാടിനുള്ളില്‍ സഞ്ചാരികളുടെ വരവും വാഹനയാത്രയും പ്ലാസ്റ്റിക്കും കുപ്പികളും വലിച്ചെറിയലും  വന്യജീവികള്‍ക്ക് സ്വതന്ത്രജീവിതം നഷ്ടമാകുന്ന അവസ്ഥയും സംജാതമായി. ഈ ഘട്ടത്തിലാണ് പറമ്പിക്കുളം വനവികസന ഏജന്‍സി(എഫ്ഡിഎ) രൂപപ്പെടുന്നത്.ഇതിന്‍റെ ഭാഗമായി എട്ട് പാരിസ്ഥിതി വികസന സമിതികളും(ഇഡിസി) വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചു.സുങ്കം,കടവ്,അന്ജം കോളനി,കുരിയാര്‍കുറ്റി,പൂപ്പാറ,ഭൂഅണക്കെട്ട് എന്നീ പ്രദേശങ്ങളിലെ കോളനികളില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തിയ ആറ് സമിതികളും വനം വകുപ്പിന് വേണ്ട് ജോലി ചെയ്യുന്ന നാട്ടുകാരെ ചേര്‍ത്ത് പ്രകൃതിശാസ്ത്രജ്ഞര്‍,നിരീക്ഷകര്‍ എന്നിവരുടെ രണ്ട് സമിതികളുമാണ് രൂപപ്പെട്ടത്.ഇപ്പോള്‍ പറമ്പിക്കുളത്തെ വിനോദസഞ്ചാരവും പരിസ്ഥിതി ഗ്രാമങ്ങളും ഇക്കോ ഷോപ്പുകളും നടത്തുന്നത് ഇഡിസി അംഗങ്ങളാണ്.

1962 ലാണ് പറമ്പിക്കുളം വന്യമൃഗ സങ്കേതമായി പ്രഖ്യാപിച്ചത്.1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 38 എക്സ് പ്രകാരം 2013 ല്‍ പറമ്പിക്കുളം വന്യജിവി സങ്കേതത്തെ കടുവ സംരക്ഷണകേന്ദ്രമാക്കി മാറ്റി. 2010 ലെ കണക്ക് പ്രകാരം ഇവിടെ 36 കടുവകളുണ്ട്.39 ഇനം സസ്തനികളും 16 ഇനം ഉഭയജീവികളും 61 ഇനം ഉരഗങ്ങളും 47 ഇനം മീനുകളും ആയിരത്തിലേറെ ഇനം പ്രാണികളും 124 ഇനം ചിത്രശലഭങ്ങളും 250 ഇനം പക്ഷികളുടെയും ആവാസഭൂമിയാണ് പറമ്പിക്കുളം. 2014 ലാണ് കടുവ സംരക്ഷണ ഫൌണ്ടേഷന്‍ രൂപീകരിച്ചത്.അതോടെ മിക്ക എഫ്ഡിഎ പ്രവര്‍ത്തനങ്ങളും ഫൌണ്ടേഷനില്‍ ലയിപ്പിച്ചു.ഇപ്പോള്‍ എഫ്ഡിഎ ഇക്കോടൂറിസവും പരിസ്ഥിതി വികസന ഇനിഷിയേറ്റീവുകളും നോക്കുമ്പോള്‍ ഫൌണ്ടേഷന്‍ വന്യജീവി നിരീക്ഷണം, ഗവേഷണം, ശേഷി വികസനം, സ്പീഷീസ് സര്‍വ്വെ തുടങ്ങിയ ശാസ്ത്രീയ-സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഈ രണ്ട് സംവിധാനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണവും ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും ഒന്നിച്ച് നടക്കുന്നു എന്നതാണ് നേട്ടം.

പരിസ്ഥിതി വികസന സമിതി ഒരു വീട്ടില്‍ നിന്നും കുറഞ്ഞത് ഒരാള്‍ക്ക് ജോലി നല്‍കുന്നുണ്ട്.ദിവസവേതനത്തിലാണ് ജോലി.25 ദിവസത്തേക്ക് തൊഴില്‍ ലഭിക്കും.കാടര്‍,മലമലസര്‍,മലസര്‍,മുതുവാന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട ആദിവാസികളാണ് ഇവിടെയുള്ളത്. പൂപ്പാറ കോളനിയിലെ മുതുവരാണ് കൃഷി ചെയ്യുന്നവര്‍.അവര്‍ക്ക്  രാജഭരണ കാലത്തേ കൃഷി ചെയ്യാന്‍ അവകാശമുണ്ടായിരുന്നു.കുരുമുളകായിരുന്നു പ്രധാനം. അതെല്ലാം രോഗംവന്ന് നശിച്ചു.ഇപ്പോള്‍ കവുങ്ങും കാപ്പിയുമാണ് പ്രധാന കൃഷി.മറ്റ് ചില കോളനികളിലും കൃഷിഭൂമിയുണ്ട്. എന്നാല്‍ അവിടെ  താമസിക്കുന്നവര്‍ മടിയന്മാരാണ്.പണി ചെയ്യില്ല.ഇപ്പോള്‍ പൂപ്പാറക്കാരുടെ കൃഷി കണ്ട് അവരും കുറച്ചൊക്കെ കൃഷി ചെയ്യുന്നു.മറ്റു കോളനികളില്‍ വീട് മാത്രമെയുള്ളു,അവര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയില്ല.

    

        പ്രദേശത്തെ കുട്ടികള്‍ക്ക് നാലാം ക്ലാസ്സ് വരെ പഠിക്കാനുള്ള പള്ളിക്കുടമുണ്ട്. അത് കഴിഞ്ഞാല്‍ പുറത്തുപോയി ഹോസ്റ്റലില്‍ നിന്നു പഠിക്കണം.എല്ലാ ജില്ലകളിലും ആദിവാസി സ്കൂളുകളില്‍ ഹോസ്റ്റല്‍ സൌകര്യമുണ്ട്. വികസന സമിതിയുടെ ഇടപെടല്‍കൊണ്ടും ഇവിടെ എത്തിച്ചേരുന്ന ആളുകളുമായുള്ള സമ്പര്‍ക്കം നല്‍കുന്ന അറിവ് മൂലവും പറമ്പിക്കുളത്തെ ആദിവാസികള്‍ ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഈയിടെ തെരഞ്ഞെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ പറമ്പിക്കുളത്തുനിന്നും മുപ്പതുപേര്‍ക്ക് നിയമനം ലഭിച്ചു.പെണ്‍കുട്ടികള്‍ കൂടുതലും നഴ്സിംഗിനാണ് പോകുന്നുണ്ട്. ഡിഗ്രി കഴിഞ്ഞവരും ഇപ്പോള്‍ ഏറെയുണ്ട്. മദ്യപാനശീലം ആദിവാസികള്‍ക്കിടയില്‍ കാര്യമായുണ്ട്.തണുപ്പുള്ള കാലാവസ്ഥയും കുറഞ്ഞ എന്‍റര്‍ടെയിന്‍മെന്‍റും ഇതിന് കാരണമാകാം.മുതുവര്‍ മദ്യവും മാട്ടിറച്ചിയും കഴിക്കില്ലായിരുന്നു.പുതുതലമുറ പുറം ലോകം കണ്ടു വന്നതോടെ അവരുടെ താത്പ്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ മാറിയിട്ടുണ്ട്.ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുതുവര് വരെയുണ്ട് എന്നത് ശാക്തീകരണത്തിന്‍റെ ഊര്‍ജ്ജം വെളിവാക്കുന്നു. മലസരും പട്ടാളത്തിലും സിആര്‍പിഎഫിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്.

 പറമ്പിക്കുളത്ത് മൂന്ന് തരം വനങ്ങളാണുള്ളത്. സമ്മിശ്ര ഇലപൊഴിയല്‍ കാടുകള്‍,നിത്യഹരിത കാടുകള്‍, അര്‍ദ്ധ നിത്യ ഹരിത കാടുകള്‍ എന്നിവയാണിവ. എട്ടു കിലോമീറ്റര്‍ വരുന്ന കരടിപ്പാത ട്രെക്കിംഗിനാണ് ഞങ്ങള്‍ പോയത്. നാച്ചുറലിസ്റ്റ് മുരുകേശനും മുനിസാമിയും ഒപ്പമുണ്ടായിരുന്നു.മുരുകേശന്‍ 26 വര്‍ഷമായി ഈ രംഗത്ത് സജീവമാണ്.മരങ്ങളെയും ജീവികളെയും തിരിച്ചറിയാനും അവയുടെ ശാസ്ത്രീയ നാമമുള്‍പ്പെടെ പറഞ്ഞുതരാനും കഴിവുള്ളവന്‍. മുരുകേശന് രണ്ട് പെണ്‍മക്കളാണ്.അവര്‍ക്ക് ഒന്നാം ക്ലാസ്സിലേ തിരുവനന്തപുരത്ത് സ്കൂളില് അഡ്മിഷന്‍ കിട്ടി.സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പാലോട് ഇലഞ്ചിയത്ത് ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അംബദ്ക്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ മാതൃക റസിഡന്‍ഷ്യല്‍ സ്കൂളിലാണ് അവര്‍ പഠിക്കുന്നത്. ഒന്‍പതിലും അഞ്ചിലും.രണ്ടുപേരും മിടുക്കരായി പഠിക്കുന്നു.പറമ്പിക്കുളത്തുനിന്നും നാല്‍പ്പതോളം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്.എല്ലാ മാസവും മൂന്നാം ശനിയാഴ്ച മാതാപിതാക്കള്‍ തിരുവനന്തപുരത്തുപോയി മക്കളെ കാണും. ഓണം,ക്രിസ്മസ്,വേനലവധിക്കാലത്ത് കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുകയും ചെയ്യും.

കുടുംബകഥകളൊക്കെ പറഞ്ഞുള്ള യാത്രക്കിടയിലാണ് മുരുകേശന്‍ പറക്കുന്ന ഉറുമ്പുകളുടെ ഒരു കൂട് കാണിച്ചുതന്നത്. പേപ്പര്‍ പൊതിഞ്ഞുവച്ചിരിക്കുന്നപോലെയുണ്ട്. പേപ്പര്‍ നെസ്റ്റ് വാസ്പ് എന്നാണ് ഇവയെ വിളിക്കുക.അതിനടുത്തായി ഒരു ശാഖയില്‍ ഒരു ജോടി മലബാര്‍ പാരക്കീറ്റുകള്‍ ഇരിപ്പുണ്ടായിരുന്നു.ആണിന് ചുവന്ന ചുണ്ടും കഴുത്തില് കറുത്ത വളയവുമുണ്ട്. പെണ്ണിന്‍റെ ചുണ്ട് കറുത്തതാണ്.ഞങ്ങള്‍ രണ്ട് കിലോമീറ്റര്‍ പ്രധാന പാതയിലൂടെ പോയിട്ടാണ്  കാടിന്‍റെ ഉള്ളിലേക്ക് കടന്നത്.അവിടെ തേക്ക് പ്ലാന്‍റേഷനും പിന്നെ മുളം കാടുകളും തുറന്ന പുല്‍പ്രദേശമായ വയലും വീണ്ടും തേക്ക് പ്ലാന്‍റേഷനുമാണുള്ളത്.ആന കൂടുതലുള്ള ഇടമാണ് കരടിപ്പാത. കുറച്ചു മുന്നെ ആന കടന്നുപോയതിന്‍റെ അടയാളമായി ആനപിണ്ഡവും ചെളിയിലൂടെ ചവിട്ടുപുതച്ച് കടന്നുപോയതിന്‍റെ അടയാളങ്ങളുമുണ്ടായിരുന്നു. ഞങ്ങള്‍ അല്പ്പസമയം ഒരു തോടിനരുകില്‍ വിശ്രമിച്ചു.മുളങ്കാടുകള്‍ കുടപിടിക്കുന്ന തോട്. അവിടെവച്ചാണ് തല മുഴുവനും ചുവപ്പുനിറമുള്ള പ്ലം ഹെഡഡ് പാരക്കീറ്റിനെ കണ്ടത്. വഴിയില്‍ രൂക്ഷഗന്ധത്തോടെ കിടന്ന ചാണകം കരടിയുടേതാണെന്ന് മുരുകേശന്‍ പറഞ്ഞു.അതില്‍ കരടി കഴിച്ച ഉറുമ്പുകളുടെയൊക്കെ തല കിടക്കുന്നതു കണ്ടു.കരടി ആഹാരം ചവച്ചുകഴിക്കുന്ന ജീവിയല്ല.ഉറുമ്പുകളെയും തേനീച്ചയേയും ചിതലിനേയുമെല്ലാം വായുടെ ഉള്ളിലേക്ക് വലിച്ചെടുത്ത് വിഴുങ്ങുകയാണ് രീതി. അതുകൊണ്ട് ദഹനം പൂര്‍ണ്ണമാവില്ല. അടുത്തകാലത്ത് ഒരു കരടി മുറിവേറ്റ് പറമ്പിക്കുളം റിസപ്ഷന് അരികില്‍ വന്ന സംഭവം മുരുകേശന്‍ വിവരിച്ചു.അത് പകലും രാത്രിയും മനുഷ്യരുള്ള പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു. ഒരു പക്ഷെ മരുന്നു ലഭിക്കാന്‍ മനുഷ്യരുടെ സഹായം വേണം എന്ന തിരിച്ചറിവ് അതിനുണ്ടാകാം. ഡോക്ടര്‍ മുറിവുണങ്ങാനുള്ള മരുന്നു ചേര്‍ത്ത് മയക്കുവെടി വച്ചു.വെടികൊണ്ട കരടി ഭയന്നിട്ട് ഒരു മരത്തില് കയറി,അതിന്‍റെ ശാഖയിലേക്ക് കമിഴ്ന്ന് കിടന്ന് ഉറക്കവും തുടങ്ങി.താഴെ വീണാല്‍ പരുക്കേല്‍ക്കാതിരിക്കാന്‍ വനപാലകര്‍ തറയില്‍ മെത്തയൊക്കെ ഒരുക്കി.മയക്കം മാറിയപ്പോള്‍ താഴെ മെത്തകണ്ട കരടി തന്നെ കുരുക്കാനുള്ള വല്ല ശ്രമവുമാണോ എന്നു ശങ്കിച്ച് മെത്തയുടെ അപ്പുറത്തേക്ക് എടുത്തുചാടി സ്ഥലം വിട്ടു.മരുന്ന് ഗുണം ചെയ്തിട്ടുണ്ടാകും,പിന്നീട് അയാള്‍ റിസപ്ക്ഷന്‍ ഭാഗത്തേക്ക് വന്നില്ല.

മുരുകേശന്‍റെ കൈയ്യില്‍ വടിയോ വെട്ടുകത്തിയോ ഒന്നുമുണ്ടായിരുന്നില്ല.ഇടയ്ക്ക് കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ട് ഒടിച്ച് പാതയിലെ ചിലന്തി വല നീക്കിയും കഥകള്‍ പറഞ്ഞും യാത്ര തുടര്‍ന്നു. മഴച്ചാറ്റലുണ്ടായിരുന്നു.ദൂരെ കരിമല ഗോപുരം കാണാം.തെക്കുഭാഗത്ത് കാണുന്ന 1438 മീറ്റര്‍ ഉയരമുള്ള കരിമല ഗോപുരമാണ് പറമ്പിക്കുളത്തെ ഏറ്റവും വലിയ മല.വടക്കുള്ള പണ്ടാരവരൈക്ക് 1290 മീറ്ററും കിഴക്കുള്ള വെങ്കോളി മലയ്ക്ക് 1120 മീറ്ററും പടിഞ്ഞാറുള്ള പുലിയറപാടത്തിന് 1010 മീറ്ററുമാണ് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം.വെങ്കോളിയില്‍ ധാരാളം വരയാടുകളുണ്ട്.

    ഞങ്ങള്‍ നടപ്പാതയിലൂടെ മുന്നോട്ടുപോകുമ്പോള്‍ മുരുകേശന്‍ പറഞ്ഞു,പാതയിലൊരു കരടിയുണ്ട്. ചെറിയ കയറ്റം കയറി വരുകയാണ് ചങ്ങാതി.നമ്മളെ കണ്ടിട്ടില്ല. അത് തലയും താഴ്ത്തി കുണുങ്ങികുണുങ്ങി വരുകയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞങ്ങളെ കണ്ടു. ഉടന്‍തന്നെ അവന്‍ വഴിമാറി.ഞങ്ങള്‍ കടന്നുപോകുംവരെ കുറ്റിക്കാട്ടില്‍ ഞങ്ങളെ നോക്കിക്കൊണ്ടുതന്നെ നിന്നു.കരടികള്‍ പൊതുവെ മനുഷ്യരെ ആക്രമിക്കില്ല.പെട്ടെന്ന് അടുത്തെത്തിയാല്‍ പ്രതിരോധമെന്ന നിലയില്‍ മാത്രമാണ് അവ ഉപദ്രവിക്കുക. നടപ്പാതയുടെ മുകളില്‍ കുടവിരിച്ച മരങ്ങളില്‍ കരിംകുരങ്ങുകള്‍ ചാടിക്കളിക്കുന്നുണ്ടായിരുന്നു.പറമ്പിക്കുളത്ത് ഇപ്പോള്‍ കരിംകുരങ്ങുകളും ധാരാളമുണ്ട്. ഒരു കാലത്ത് ഔഷധവീര്യമുണ്ട് എന്ന ധാരണയില് വന്‍തോതില്‍ വേട്ടയാടപ്പെട്ട ജീവിയാണ് കരിംകുരങ്ങ്. ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഇനം എന്ന നിലയില്‍ വേട്ടയാടലിന് കര്‍ശന നിയന്ത്രണമാണ് കൊണ്ടുവന്നിട്ടുള്ളത്.പറമ്പിക്കുളത്ത് ഇപ്പോള് 88 കരിംകുരങ്ങ് സംഘങ്ങളുണ്ട്,ഓരോ സംഘത്തിലും ഇരുപതിന് മുകളില്‍ അംഗങ്ങളും.

അത് പറഞ്ഞപ്പോഴാണ് സഹയാത്രികനായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ ഹരിഹരന്‍ നായര്‍ പറമ്പിക്കുളം കാട്ടില്‍ ഒരു പുലി കരിംകുരങ്ങിനെ പിടിക്കാന്‍ ശ്രമിച്ച കഥ പറഞ്ഞത്.പുലി ഓടിച്ചപ്പോള് രക്ഷപെടാനായി ശ്രമിച്ച കരിംകുരങ്ങ് വൈദ്യുതി കമ്പിയില് തൂങ്ങി.അതിന്‍റെ വാലിലാണ് പുലിക്ക് പിടികിട്ടിയത്. രണ്ടുപേരും ഷോക്കടിച്ച് മരണമടഞ്ഞു. എലിഫന്‍റ് സോംഗ് പാത്തിലും ഈയിടെ ഒരു പുലി മരിച്ചിരുന്നു.മുറിവേറ്റ പുലി പറമ്പിക്കുളം പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടഴ്സിലാണ് മരിച്ചുകിടന്നത്.ആണുങ്ങള്‍ തമ്മില്‍ ഇണക്കായി നടത്തിയ പോരാട്ടത്തില്‍ തോറ്റവനായിരുന്നു ഈ പുലി.

പറമ്പിക്കുളം കടുവ സങ്കേതം 643.66 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായി പരന്നു കിടക്കുകയാണ്.ഇതില്‍ 56 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇക്കോടൂറിസത്തിനായി പ്രയോജനപ്പെടുത്തുന്നത്.ഞങ്ങള്‍ പോകുന്ന വഴിയില്‍  ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ഒരു കടുവ കടന്നുപോയ കാല്‍പ്പാടുകള്‍ കണാനുണ്ടായിരുന്നു.ആനത്താരയുടെ പരിസരത്ത് കൂവച്ചെടികള്‍  ഇളകി കിടക്കുന്നു. കാട്ടുകൂവ ആനയും കാട്ടുപന്നിയും മുള്ളന്‍പന്നിയും കഴിക്കുമെന്ന് മുരുകേശന്‍ പറഞ്ഞു.

   ആ പരിസരത്തുവച്ചാണ് തീകാക്കയെ കണ്ടത്. ശരീരത്തിന്‍റെ അടിഭാഗം തീ പോലെ ജ്വലിക്കുന്ന ഈ കറുമ്പന് മലബാര് ട്രോഗണ്‍ എന്നാണ് ഇംഗ്ലീഷ് പേര്. മുള്ളിപ്പഴം ലഭിക്കുന്ന സസ്യവും ധാരാളമായി കണ്ടു.പഴുക്കുമ്പോള്‍ കറുത്ത് ചെറുമുന്തിരിപോലെയാകുന്ന പഴത്തിന് നല്ല രുചിയാണ്.കരടി അധികമായി കഴിക്കുന്ന പഴമാണിത്.കാട്ടില്‍ പഴച്ചെടികള്‍ അധികമായി ഉണ്ടാവേണ്ടതുണ്ട്. പ്ലാവ് വയ്ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുരുകേശന്‍ പറഞ്ഞത് കാട്ടുപ്ലാവിലെ ചക്കതന്നെ പഴുക്കാന്‍ തുടങ്ങുമ്പോള്‍ ആനകള് മരത്തെ പിടിച്ചുലച്ച് പലപ്പോഴും മറിച്ചിടുന്നുണ്ട് എന്നാണ്.അതുകൊണ്ട് പ്ലാവ് വളരാന്‍ ആന അനുവദിക്കുമോ എന്ന് സംശയമാണ്. എങ്കിലും പ്ലാവും മാവും ആഞ്ഞിലിയുമൊക്കെ വച്ചുപിടിപ്പിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ് എന്നു തോന്നി.

   രാജവെമ്പാല അധികമായുള്ള ഇടമാണ് പറമ്പിക്കുളം. മുരുകേശന്‍ ഒരു രാജവെമ്പാലക്കഥ കൂടി പറഞ്ഞുതന്നു.ആസ്സാമില് നിന്നും വന്ന ട്രെയിനി റെയ്ഞ്ച് ഓഫീസറന്മാരുമായി ഒരിക്കല്‍ വെംഗോളി കുന്നിലൂടെ സഞ്ചരിക്കുകയായിരുന്നു. വഴിയില്‍ കിടന്ന രാജവെമ്പാലയെ മുരുകേശന്‍ കണ്ടില്ല.കാലെടുത്തുവയ്ക്കും മുന്നെ ശ്രദ്ധയില്‍പെട്ട് പിറകോട്ട്മാറി.പിന്നിലുണ്ടായിരുന്ന ആസ്സാംകാരി ഡിഎഫ്ഓയുടെ ദേഹത്തേക്കാണ് മറിഞ്ഞത്.കാര്യമെന്തെന്നറിയാത്ത ഷോക്കില്‍ പിന്നാലെ വന്നവരെല്ലാം തിരിഞ്ഞോടി. വെമ്പാല നല്ലൊരു തീറ്റ കഴിഞ്ഞ ആലസ്യത്തിലായിരുന്നു. തൊട്ടടുത്ത് ഉടുമ്പിന്‍റെ അവസാനശ്വാസം പോകുംമുന്നെ പുറത്തുചാടിയ കാഷ്ടം കിടപ്പുണ്ടായിരുന്നു. ഉടുമ്പ് കട്ടിയേറിയ നഖവും തൊലിയുമുള്ള ജീവിയാണ്. ഇനി ഒരാഴ്ചയിലേറെ രാജവെമ്പാലയ്ക്ക് ഈ ആലസ്യമുണ്ടാകും.ഉടുമ്പ് ദഹിക്കാന്‍ സമയമെടുക്കും.അവന്‍ മെല്ലെ തലപൊന്തിച്ച് നോക്കി.അത്രയെ സംഭവിച്ചുള്ളു. അവര്‍ അരമണിക്കൂറോളം അവിടെ നിന്നശേഷം വഴിമാറി നടന്നുപോയി. യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴും രാജവെമ്പാല അതേ കിടപ്പുതന്നെ. ആ ദിവസം ജീവന്‍ രക്ഷപെട്ടതിന്‍റെ ആഹ്ലാദം മുരുകേശന്‍റെ മുഖത്ത് കാണാനുണ്ടായിരുന്നു.

വയലില്‍ സാമ്പാര്‍ മാനുകള്‍ മേഞ്ഞുനടക്കുന്നു.അവര്‍ ഞങ്ങളെ കണ്ട് ഒന്ന് തലപൊന്തിച്ചുനോക്കി.ഇതൊക്കെ സ്ഥിരം കാഴ്ചകളല്ലെ എന്ന മട്ടില്‍ വീണ്ടും പുല്ലുതിന്നാന്‍ തുടങ്ങി.ഞങ്ങള്‍ക്ക് മുന്നെ ഒരാന കടന്നുപോയിട്ടേയുണ്ടായിരുന്നുള്ളു. അത് തേക്കിന്‍റെ തൊലി കാര്‍ന്നു തിന്നിരുന്നു. തേക്കിന്‍റെ തൊലി ആനകള്‍ക്ക് വലിയ ഇഷ്ടമാണ്. നാട്ടിലെ മാടുകളും തേക്കിന്‍റെ തൊലി കഴിക്കാറുണ്ടല്ലോ. സസ്യങ്ങള്‍ക്കും പരസ്പ്പരാശ്രയവും വേദനയും വികാരങ്ങളുമുണ്ട് എന്നാണ് പറയപ്പെടുന്നത്. ആന തൊലി കാര്‍ന്നുതുടങ്ങുമ്പോഴേ തൊലിയുടെ രുചി ഇല്ലാതാക്കുന്ന ശ്രവങ്ങള്‍ തേക്ക് ഉത്പ്പാദിപ്പിക്കും.മാത്രമല്ല വേരുകളിലൂടെ അടുത്തുള്ള തേക്കുകള്‍ക്ക് സന്ദേശം കൈമാറുകയും ചെയ്യും.എന്നെ ഒരുവന്‍ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു,നിങ്ങളുടെ സുരക്ഷിതത്വം നിങ്ങള്‍ നോക്കിക്കോളൂ എന്നതാണ് സന്ദേശം.അവ അപ്പോള്തന്നെ ചീത്തശ്രവം ഉത്പ്പാദിപ്പിച്ചുതുടങ്ങും. ചീത്തസ്രവമുള്ള തേക്കിന്‍റെ തൊലി കഴിക്കാനിഷ്ടപ്പെടാതെ ആന അവിടം ഉപേക്ഷിച്ചുപോകും. മാടുകള്‍ മേയുമ്പോള്‍ പുല്ലുകളും ചെടികളും ഇത്തരത്തില് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മാടുകള്‍ ഒരിടത്തുതന്നെ നിന്ന് തീറ്റി കഴിക്കാതെ മാറി മാറിപ്പോകുന്നതെന്ന് സഹയാത്രികനായ മുന്‍ വനം റേഞ്ച് ഓഫീസര്‍ സതീശനും അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാസ്റ്റര്‍പീസാണ് സീക്രട്ട് ലൈഫ് ഓഫ് പ്ലാന്‍റ്സ് എന്ന പുസ്തകമെന്നും സതീശന്‍ പറഞ്ഞു.

       വഴിയരുകില്‍ ഈന്തകള്‍ നില്പ്പുണ്ടായിരുന്നു.ഇതിന്‍റെ ശാസ്ത്രീയനാമം സൈക്കാസ് സിര്‍ലിനാലിസ് എന്നാണ്. ദിനോസറുകളുടെ കാലം മുതലെ ഉള്ള ഫോസില്‍ സസ്യമാണ് സൈക്കാസ്.ഇതിന്‍റെ കുരു ഉണക്കിപ്പൊടിച്ച് ഭക്ഷണമാക്കാറുണ്ട്.ഒരാഴ്ച വെയിലത്തുണക്കി മൂന്ന് നാല് ദിവസം വെള്ളത്തില്‍ കുതിര്‍ത്തശേഷമാണ് വേവിച്ചുകഴിക്കുക.ഇതിന്‍റെ തണ്ട് ഒടിച്ച് കൊത്തിയരിഞ്ഞ് തോരനുണ്ടാക്കുമെന്നും മുനിസാമി പറഞ്ഞു.മുനിസാമിക്ക് അറുപത്തിമൂന്ന് വയസ്സുണ്ട്. ദിവസനവേതനത്തില് ആവുന്നത്രകാലം പണിയെടുക്കാം എന്നാണ് അദ്ദേഹം പറയുന്നത്. ചുങ്കം കോളനിയിലാണ് താമസം.ഭാര്യ മരിച്ചുപോയി.മൂന്ന് പെണ്‍മക്കളെയും കെട്ടിച്ചുവിട്ടു.മകന്‍ അറ്റകുറ്റപ്പണികള്‍ക്കും മീന്‍പിടിക്കാനും പോകും.രണ്ട് മക്കള്‍ തമിഴ്നാട്ടിലാണ്.ആളിയാര് ഡാം ഭാഗത്താണ് താമസം. അവരുടെ ഭര്‍ത്താക്കന്മാര്‍ ഗൌണ്ടരുടെ തെങ്ങിന്‍തോപ്പില്‍ പണിയെടുക്കുകയാണ്.ദിവസം 300-400 രൂപ കിട്ടും.ഒരു മകളെ  നെല്ലിയാമ്പതിയിലാണ് അയച്ചത്. അയാളുടെ ഭര്‍ത്താവ് രണ്ട് മാസം മുന്നെ തേനെടുക്കാന്‍ കയറിയ മരത്തില്‍ നിന്നും വീണ് മരിച്ചു.അവര്‍ക്ക് നാല് പെണ്‍മക്കളാണ്. അവരെകുറിച്ചുള്ള ആധിയാണിപ്പോള്‍ മുനിസാമിക്ക്.പകല്‍ കാട്ടിലിങ്ങനെ നടക്കുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ ഒരു സമാധാനം. ഞങ്ങള്‍ കഥകളും കാര്യങ്ങളും പറഞ്ഞ് കോഴികമ്ത്തി പള്ളവും ചങ്ങലഗേറ്റും സീചാളി പള്ളവും സീചാളി പാലവും സീചാളി വയലും പുതുക്കാടും നാലായിരം ഷട്ടറും കടന്ന് തിരിച്ച് റിസപ്ഷനിലെത്തിയത് അറിഞ്ഞതേയില്ല.

ഉച്ചഭക്ഷണം കഴിഞ്ഞ്  യാത്ര തുടര്‍ന്നു.റിസപ്ക്ഷന് അടുത്തുതന്നെ അഞ്ച് ചെന്നായികള്‍ അഥവാ കാട്ടുനായ്ക്കള്‍ ചേര്‍ന്ന് ഒരു മാനിനെ വേട്ടയാടി ഭക്ഷിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതോടെ അവ ഓടിയൊളിച്ചു. കാട്ടുനായ്ക്കളുടെ എണ്ണം തീരെ കുറഞ്ഞുവരുകയാണ് കേരളത്തില്.പറമ്പിക്കുളത്ത് മാനുകളും മയിലുകളും കുരങ്ങുകളുമാണ് ധാരാളം. ഇവ ഏകദേശം കമ്മ്യൂണിറ്റി ആനിമലുകളായി മാറിക്കഴിഞ്ഞു.മനുഷ്യരുമായി ഇണങ്ങിയുള്ള ജീവിതം. പെരുവാരിപ്പള്ളം ചെക്ക് ഡാമൊക്കെ കണ്ട് യാത്ര തുടരുകയാണ്.പുഴയില്‍ പാറപ്പുറത്ത് വിശ്രമിക്കുന്ന കൂറ്റന്‍ മുതലയൊക്കെ കാഴ്ചയുടെ ആഡംബരം കൂട്ടുന്നുണ്ടായിരുന്നു.സിംഹവാലന്‍ കുരങ്ങുകളും മലബാര്‍ ഭീമന്‍ അണ്ണാനും പറക്കുന്ന അണ്ണാനും കാഴ്ചയ്ക്ക് ഉണര്‍വ്വുപകര്‍ന്നു.തേക്കും കരിമരുതും വെണ്തേക്കും റോസ് വുഡും ചന്ദനവും മുളയും പോലുള്ള അനേകം മരങ്ങളുടെ സമൃദ്ധിയാണ് എവിടെയും.വര്‍ണ്ണങ്ങളുടെ കുടവിരിച്ച് കിളുന്തിലകളുമായി നില്‍ക്കുന്ന ഇലിപ്പ മരമാണ് മറ്റൊരാകര്‍ഷണം. കാടിന്‍റെ ഉള്ളറകളായ ആനപ്പാടി,ഒരുകൊമ്പന്‍,കരിന്തലപ്പാറ,മേഡന്‍ചാല്‍,മുതലപ്പൊഴി തുടങ്ങിയ ഇടങ്ങളിലേക്ക് വനജീവനക്കാര്‍ക്ക് മാത്രമെ പ്രവേശനമുള്ള.പുഴയ്ക്കപ്പുറം ചാര്‍പ്പ റേഞ്ചാണ്.തൂണക്കടവ് ഡാമും വാലി വ്യൂ പോയിന്‍റുമൊക്കെ ഓര്‍മ്മയില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന ഇടങ്ങളാണ്.മൂത്രാശയത്തിലെയും വൃക്കയിലേയും കല്ലുരുക്കുന്ന കല്ലൂര്‍വാഞ്ചി കാട്ടില്‍ ധാരാളമായുണ്ട്. ഇക്കോടൂറിസത്തിന്‍റെ ഭാഗമായി ഇവ ഉണക്കി പായ്ക്കറ്റില് വില്‍ക്കുന്നുണ്ട്.അമിതമായി കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാവുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളില്‍ ഏറെ ശ്രദ്ധേയമായവ ഗ്രേ ഹെഡഡ് ഫിഷിംഗ് ഈഗിളും പെനിന്‍സുലാര് ഗ്രേ ഔളും ബ്ലാക്ക് ക്യാപ്ഡ് കിംഗ്ഫിഷറുമായിരുന്നു. 1933 ല്‍ പറമ്പിക്കുളത്തെ പക്ഷികളെക്കുറിച്ച് പഠിക്കാന്‍ ഡോക്ടര്‍.സലിം അലി ഭാര്യയുമായി വന്ന് താമസിച്ചത് കുരിയാര്‍കുറ്റിയിലാണ്. അന്നദ്ദേഹം വന്നത് ട്രാംവേയിലായിരുന്നു.അദ്ദേഹമാണ് പറമ്പിക്കുളത്തെ പക്ഷികളെ ആദ്യമായി നിരീക്ഷിച്ച് കണക്കെടുത്തത്.

 രണ്ടാം ദിവസമാണ് ആനകളേയും കാട്ടുപോത്തുകളെയും കണ്ടത്. എണ്ണക്കറുപ്പും നെറ്റിയില്‍ ചുട്ടിയുമുള്ള കാട്ടുപോത്തുകള്‍ക്ക് ഒരു പ്രത്യേക സൌന്ദര്യം തന്നെയാണ്. സത്യത്തില്‍ പറമ്പിക്കുളത്തെന്നുന്ന സന്ദര്‍ശകര്‍ക്ക് ആനയെയും കാട്ടുപോത്തിനേയുമൊക്കെ ധാരാളമായി കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതല്ല പ്രധാനം.കടുവയും കരടിയും ആനയും കാട്ടുപോത്തുമൊക്കെ നിത്യവും സഞ്ചരിക്കുകയും ആനന്ദിക്കുകയും ശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന,ശുദ്ധമായ വായുവിന്‍റെയും ജലത്തിന്‍റെയും പ്രകൃതി ഭംഗിയുടെയും ഒപ്പം സമയം ചിലവഴിക്കുക എന്നതാകണം മനസിലുണ്ടാകേണ്ടത്.എങ്കിലേ അവിടെ ചിലവഴിക്കുന്ന സമയം ആനന്ദകരമാകൂ. അതൊരു ധ്യാനമാണ്.ആ ധ്യാനത്തിനിടയില്‍ പക്ഷികളും മൃഗങ്ങളും പ്രാണികളും നമുക്കൊപ്പം സഞ്ചരിക്കും.അതുകൊണ്ട് മൃഗങ്ങളെ കണ്ടോ എന്ന ചോദ്യം അപ്രസക്തമാണ് എന്നുതന്നെ പറയാം.

ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രകൃതിപാതയിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന 53 കിലോമീറ്റര്‍ സഫാരി നടത്താം.കാടൊരുക്കുന്ന മറ്റു സൌകര്യങ്ങള്‍  ട്രക്കിംഗും മുള റാഫ്റ്റിംഗും ക്യാമ്പിംഗുമാണ്.ട്രീടോപ്പ് ഹട്ടുകളും ഐലന്‍റ് ക്യാമ്പിംഗും ഫോറസ്റ്റ് ലോഡ്ജുമൊക്കെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.പൊള്ളാച്ചിയില്‍ നിന്നും 44 കിലോമീറ്ററും പാലക്കാട് നിന്നും 90 കിലോമീറ്ററും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും 84 കിലോമീറ്ററുമാണ് ദൂരം. സന്ദര്‍ശിക്കാനുള്ള മികച്ച സമയം ഒക്ടോബര്‍-മാര്‍ച്ചാണ്. കാട് യാത്രക്കൊരുങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെള്ള ഉള്‍പ്പെടെ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്നതാണ്.കാടിന് യോജിക്കുന്ന പച്ചയോ തവിട്ടുനിറമോ ചാരനിറമോ ഒക്കെയാകും ഉചിതം.ഇവിടെ പ്ളാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കുരങ്ങന്മാര്‍ക്കും മറ്റു ജീവികള്‍ക്കും ഭക്ഷണം നല്‍കാനും പാടില്ല.

  മൂന്നാം ദിവസം മടക്കയാത്രക്ക് തയ്യാറെടുത്ത ഞങ്ങള്‍ അതിരാവിലെയാണ് കന്നിമരത്തേക്ക് കാണാന്‍ പോയത്. ശരിക്കും ഒരു വിസ്മയം തന്നെയാണ് ആ തേക്ക്.പ്രകൃതി ഒരുക്കിയ കുത്തബ്മിനാര്‍ പോലെ അതങ്ങിനെ തലയുയര്‍ത്തി നില്‍ക്കുന്നു. 500 വര്‍ഷം പ്രായവും 42.39 മീറ്റര്‍ ഉയരവും 7.24 മീറ്റര്‍ ചുറ്റളവുമുള്ള കന്നിമരത്തേക്ക് ബ്രിട്ടീഷുകാര്‍ വെട്ടിയെടുത്തുകൊണ്ടുപോയ വലിയ തേക്കുകളെ ഓര്‍മ്മപ്പെടുത്തി ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നു. അവിടെ നിന്നും മടങ്ങി റിസപ്ഷനിലെത്തി കുറച്ചുദിവസമായി ഭക്ഷണം നല്കിവരുന്ന വെംഗോളി കഫേയില്‍ നിന്നും ഇഡലിയും രുചിയേറിയ ചമ്മന്തികളും സാമ്പാറുമൊക്കെ കഴിച്ച് ഒന്‍പതേകാലിനുള്ള പൊള്ളാച്ചി ബസ്സില്‍ മടക്കയാത്ര ആരംഭിച്ചു!!

യാത്രയ്ക്കൊരുങ്ങുന്നവര്‍ www.parambikulam.org  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക!🙏

 

 









No comments:

Post a Comment