2025 ജനുവരി ഒന്നിന് തനിനിറത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
=======================
നിറഞ്ഞ പ്രതീക്ഷകളോടെ 2025
--------------------------------------------
വി.ആര്‍.അജിത് കുമാര്‍
------------------------------
പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പുപോലും പോസിറ്റീവിന്‍റെയും നെഗറ്റീവിന്‍റെയും സമതുലനത്തിലാണ് എന്നതുകൊണ്ടുതന്നെ കടന്നുപോയ വര്‍ഷവും അത്തരത്തിലുള്ള സമതുലിത ചിന്തകളാണ് ഉണര്‍ത്തുന്നത്. സന്തോഷിക്കാനോ ദു:ഖിക്കാനോ ഏറെയില്ലാത്ത മറ്റൊരു വര്‍ഷം കൂടി കടന്നുപോയി എന്നു പറയാം.
ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലും അമേരിക്കയിലും തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു 2024.ഇന്ത്യയില്‍ ബിജെപിയുടെ അതിരുകടന്ന അവകാശവാദങ്ങള്‍ക്ക് തടയിട്ടുകൊണ്ടാണ് ജനവിധി വന്നത്. തനിച്ച് ഭൂരിപക്ഷം കിട്ടിയില്ല എന്നു മാത്രമല്ല ഭരണത്തിലേറാന്‍ പല പാര്‍ട്ടികളെയും കൂട്ടുപിടിക്കേണ്ടതായും വന്നു.എങ്കിലും ആടിയുലയുന്ന പ്രതിപക്ഷമുന്നണിക്ക് കളം വിട്ടുകൊടുക്കാതെ ഉറച്ച ഭരണം കാഴ്ചവയ്ക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞു. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് ഡൊണാള്‍ഡ് ട്രമ്പിന്‍റെ തിരിച്ചുവരവ് ലോകത്തിന് എന്ത് സംഭാവനയാണ് നല്കുക എന്നതിനെ ആശ്രയിച്ചാകും വരുംവര്‍ഷം വിലയിരുത്തപ്പെടുക.
പതിവുപോലെ കാലാവസ്ഥ വ്യതിയാനം തന്നെയാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കിയ പ്രധാന വിഷയം.ലോകമൊട്ടാകെ വ്യക്തികളും പ്രസ്ഥാനങ്ങളും വനവത്ക്കരണത്തിന് മുന്‍തൂക്കം നല്‍കുന്നതും ജൈവഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുന്നതും പ്രതീക്ഷ നല്കുന്ന കാര്യങ്ങളാണ്. സൌരോര്‍ജ്ജ മേഖലയില്‍ സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെ അതിന്‍റെ ഉപയോഗം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വലിയ സ്വീകാര്യതയും ഹരിത സാങ്കേതിക വിദ്യക്ക് ലോകം നല്‍കുന്ന പ്രാധാന്യവും 2024 ലെ ശുഭോദര്ക്കമായ സംഗതികളാണ്.
യുദ്ധമില്ലാത്തൊരു ലോകം വെറും സ്വപ്നം മാത്രമാണ് എന്നതിനാല്‍ ഉക്രയിന്‍ യുദ്ധവും ഗാസ യുദ്ധവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നില്ല എന്നതില്‍ ആശ്വസിക്കാം. അനേകം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യയില് ബംഗ്ലാദേശിലും മ്യാന്‍മാറിലും സിറിയയിലും നടക്കുന്ന ആഭ്യന്തര കലാപങ്ങളും വേദനാജനകമാണ്.മുസ്ലിം തീവ്രവാദം പലയിടത്തും ശക്തിപ്പെടുന്നതും 2025 നെ നോക്കിനില്‍ക്കുന്ന ഭീകരതയാണ്.
ഇന്ത്യ-ചൈന ബന്ധത്തിലെ നേരിയ പുരോഗതി ആശ്വാസകരമാണ്.മാലിദ്വീപുമായുള്ള പിണക്കം മാറിയപ്പോള്‍ ബംഗ്ലാദേശ് പിണങ്ങി.നമ്മുടെ അയല്‍രാജ്യങ്ങള്‍ സൌഹൃദപരവും വിശ്വസനീയവുമാകാതിരിക്കുന്നത് ഒരു ഭീഷണിതന്നെയാണ് എന്നതില്‍ സംശയമില്ല. എങ്കിലും ഇന്ത്യയെ ഇനി ആര്‍ക്കും പിറകോട്ട് തള്ളാന്‍ കഴിയാത്തവിധം സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വികാസം പ്രാപിച്ചു എന്നത് 2024 നല്‍കുന്ന ആശ്വാസമാണ്.ലോകത്ത് സമാധാനം നിലനില്ക്കണം എന്നാഗ്രഹിക്കുന്നവര്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നത്. മിക്കവാറും എല്ലാ രാജ്യകൂട്ടായ്മകളുടെയും ഭാഗമാണ് ഇന്ത്യ എന്നതും ഇന്ത്യയുടെ വാക്കുകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും 2024 നല്‍കുന്ന അഭിമാനമാണ്.
നിര്‍മ്മിത ബുദ്ധിയുടെ കുതിപ്പും അത് ആരോഗ്യ സേവന രംഗത്തും കാലാവസ്ഥ പ്രവചനത്തിലും മറ്റ് സേവന മേഖലകളിലും ചെലുത്തുന്ന സ്വാധീനവുമാണ് സാങ്കേതിക മേഖലയില്‍ 2024 നല്‍കുന്ന വിപ്ലവം. ഇത് നല്കുന്ന ഗുണദോഷങ്ങളാകും ഇനി നമ്മള്‍ ചര്‍ച്ച ചെയ്യുക. ഡിജിറ്റല്‍ സാങ്കേതിക വിദ്യ നല്‍കുന്ന സൌകര്യങ്ങള്‍ക്കൊപ്പം സൈബര്‍ ക്രിമിനലുകള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും 2024 ല്‍ നമ്മള്‍ അനുഭവിച്ചു കഴിഞ്ഞു.ഇതെല്ലാം അനിവാര്യമായ അനുഗ്രഹങ്ങളും തിന്മകളുമായി തുടരുക തന്നെ ചെയ്യും.
സാമ്പത്തിക രംഗത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയാണ്.സുഖലോലുപതയും ഇല്ലായ്മയും ഉയരങ്ങളിലേക്ക് പറക്കുന്ന ഒരു വര്‍ഷമാണ് കടന്നുപോയത്. ഇന്ത്യയെ സംബ്ബന്ധിച്ചിടത്തോളം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യ ഭക്ഷണമാണ് പട്ടിണിമരണങ്ങളെ കുറച്ചു നിര്‍ത്തുന്നത്.മുതലാളിത്തം പിടിമുറുക്കുംതോറും സൌജന്യങ്ങള്‍ അയഞ്ഞുപോകാതിരിക്കേണ്ടതുണ്ട്.അതല്ലെങ്കില്‍ വികസനത്തിനൊപ്പം പാവങ്ങളും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്.
2024 ല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദവും നക്സല്‍ തീവ്രവാദവും നല്ല പങ്ക് കെട്ടടങ്ങിയപ്പോള്‍ മണിപ്പൂരിലെ ആഭ്യന്തര കലാപവും കാനഡയിലും പഞ്ചാബിലും വേരോടുന്ന ഖാലിസ്ഥാന്‍ തീവ്രവാദവും ഇന്ത്യക്ക് ഭീഷണിയാവുകയാണ്. ഈ വിഷയത്തില്‍ കേന്ദ്ര സര്ക്കാരിന്‍റെ അതീവശ്രദ്ധ ദേശീയ-അന്തര്‍ദേശീയ രംഗത്ത് ആവശ്യമായി വരുകയാണ് എന്നതാണ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി.
ബഹിരാകാശ ഗവേഷണം,പ്രതിരോധം, മെഡിസിന്,കാര്‍ഷിക ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോയത്. സിനിമ ഉള്‍പ്പെടെയുള്ള കലാരംഗത്തും ചെസ് ഉള്‍പ്പെടെയുള്ള കായിക മേഖലകളിലും ഇന്ത്യ നേട്ടമുണ്ടാക്കി.എന്നാല്‍ കായിക മേഖലയിലെ പ്രസ്ഥാനങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാന്‍ 2024 നും കഴിഞ്ഞില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഗുസ്തിതാരങ്ങളുടെ വേദനയ്ക്കൊപ്പം രാജ്യം കൈകോര്ത്തത് ഓര്‍മ്മിക്കാം.
കേരളത്തിന് ഏറ്റവും ആശ്വാസമായത് വിഴിഞ്ഞം തുറമുഖം തുറന്നതാണ്.കപ്പലുകളുടെ വരവോടെ തീരത്തിന് പുത്തനുണര്‍വ്വാണുണ്ടായത്. കൊച്ചി വിമാനത്താവള കമ്പനിയുടെ വികസന പദ്ധതികളും കൊച്ചി മെട്രോയുടെ വികസനവും ടൂറിസം,ഐടി,ബയോടെക്നോളജി,സേവന മേഖലകളിലുണ്ടായ വികാസവും ഗുണകരമാണ്. എന്നാല്‍ മായ്ക്കാന്‍ കഴിയാത്ത വേദനയാണ് ജൂലൈ 30 ന് ചൂരല്‍മല-മുണ്ടക്കല് ദുരന്തം നല്‍കിയത്. അതിന്‍റെ ആഘാതത്തില്‍ നിന്നും കേരളം കരകയറിയിട്ടില്ല. മദ്യം,മയക്കുമരുന്ന്,വിശ്രമമില്ലാത്ത യാത്ര,തിരക്ക്,വേഗത ഒക്കെകൂടി റോഡില്‍ നൂറുകണക്കിന് ജീവന്‍ പൊലിയാന്‍ ഇടയാക്കി. മുങ്ങിമരണവും ആവര്‍ത്തിക്കപ്പെട്ടു.കാട്ടുമൃഗങ്ങളും മനുഷ്യരുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നു.
മാലിന്യ നിര്‍മ്മാര്‍ജ്ജനം ശാസ്ത്രീയമായി നടത്താന്‍ കഴിയുന്നില്ല എന്നുമാത്രമല്ല അയല്‍ സംസ്ഥാനത്ത് മാലിന്യം തള്ളിയതിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ പഴി കേട്ടതും മാലിന്യം തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങേണ്ടിവന്നതും വലിയ നാണക്കേടായി.കേരളത്തിന്‍റെ സാമ്പത്തിക രംഗം ശുഭകരമല്ലെങ്കിലും 2024 കടന്നു. ഇനി എന്ത് എന്നതും ആശങ്ക ഉണര്‍ത്തുന്നു.
രാഷ്ട്രീയം ജനക്ഷേമത്തിനല്ല അവനവനും പാര്‍ട്ടിക്കും വേണ്ടിയാണ് എന്നത് കൂടുതല്‍ ഉറപ്പിക്കുകയണ് 2024. പാര്‍ലമെന്‍റിലും അസംബ്ലികളിലും വെറും കോലാഹലങ്ങള്‍ മാത്രമാണ് നടക്കുന്നത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും പാഴാക്കുന്നത് നോക്കിനില്‍ക്കാനേ വോട്ടര്‍മാര്‍ക്ക് കഴിയുന്നുള്ളു.2025 ല്‍ ഇതിനൊരു മാറ്റമുണ്ടാക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ടര്‍മാരുടെ ശബ്ദം മാധ്യമങ്ങളില്‍ നിറയേണ്ടിയിരിക്കുന്നു.ഉദ്യോഗസ്ഥരുടെ അഴിമതിയും വര്ദ്ധിച്ചുവരുകയാണ്. ഇതൊക്കെ തുറന്നുകാട്ടേണ്ട മുഖ്യധാരാ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വിലകുറഞ്ഞതരം രാഷ്ട്രീയത്തിന് പിന്നാലെ നടക്കുന്നത് 2024 ലും തുടര്‍ന്നു. 2025 ല്‍ ഇതിനൊരു മാറ്റം പ്രതീക്ഷിക്കാമോ എന്നതാണ് നമുക്ക് മുന്നിലെ പ്രസക്തമാകുന്ന ചോദ്യം.
നിയമസഭയും എക്സിക്യൂട്ടീവും പരാജയപ്പെടുന്നിടത്ത് ഒരു പരിധിവരെയെങ്കിലും നീതിന്യായവ്യവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തെ താങ്ങി നിര്‍ത്തുമ്പോള്‍ മീഡിയയും അവരുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നതാകട്ടെ 2025!! 🙏
No comments:
Post a Comment