വേട്ടാംഗുഡി പക്ഷി സങ്കേതം
==============
-വി.ആര്.അജിത് കുമാര്
==============
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഏക പക്ഷി സങ്കേതമാണ് വേട്ടാംഗുഡിയിലേത്. 2024 നവംബര് 24 നാണ് ഞങ്ങള് അവിടം സന്ദര്ശിച്ചത്.നല്ല മഴയുടെ ശുഭശകുനവുമായി ഈ വര്ഷം ധാരാളം ദേശാടന പക്ഷികളെത്തിയിട്ടുണ്ട് ഇവിടെ.പക്ഷി സങ്കേതത്തിലെ തടാകങ്ങള്ക്ക് സമീപമുള്ള മരങ്ങളിലെല്ലാം പക്ഷികളുടെ ചിറകടിയും കൂട്കൂട്ടുന്നതിന്റെയും തീറ്റതേടി എത്തുന്നതിന്റെയും സന്തോഷം പങ്കിടുന്നതിന്റേതുമായ ആരവമാണ് നിറയുന്നത്. പലയിടങ്ങളിലായി തീറ്റതേടി പോയവരുടെ മടങ്ങി വരവ് വിമാനത്താവളത്തില് വിമാനമിറങ്ങുന്നപോലെയാണ്. ചിലര് കൂട് വയ്ക്കുന്ന തിരക്കിലാണ്.മുട്ടയിടുക,അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുക, പറക്കമുറ്റുമ്പോള് കൂടെകൂട്ടി തിരിച്ചുപോവുക ഇതാണ് ദേശാടന പക്ഷികളുടെ രീതി. ഏഷ്യയിലെ വിവിധ രാജ്യങ്ങളില് നിന്നും ആസ്ട്രേലിയയില് നിന്നും വന്ന പക്ഷികളാണ് ഏറെയും. കൃത്യമായി ഇത്രയും ദൂരം താണ്ടി പക്ഷികള് വരുന്നതും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പറക്കമുറ്റുന്ന പരുവത്തിലെത്തിച്ച് അവര്ക്കൊപ്പം മടങ്ങിപ്പോകുന്നതും അത്ഭുതകരം തന്നെയാണ്. പക്ഷികളുടെ ഡിഎന്എയില്തന്നെ അടുത്ത തലമുറയെ വിരിയിച്ചിറക്കേണ്ട ഇടം രേഖപ്പെടുത്തിയിട്ടുണ്ടാകാം.
ഗ്രാമത്തിലെ ജനങ്ങളും സന്തോഷത്തിലാണ്.പക്ഷികള് ഉയര്ന്ന ഇടങ്ങളില് കൂട് കൂട്ടിയിരിക്കുന്നതിനാല് നല്ല മണ്സൂണ് മഴ ലഭിക്കും എന്നാണ് അവര് കണക്ക് കൂട്ടുന്നത്.താണയിടത്തെ മരത്തിലാണ് കൂട് കൂട്ടുന്നതെങ്കില് മഴ കുറവാകും എന്നും കര്ഷകര് പറയുന്നു.വെള്ളം കയറി താണ ഇടങ്ങളിലെ മരങ്ങള് നശിക്കും എന്ന തിരിച്ചറിവിലാണ് പക്ഷികള് ഉയര്ന്ന മരത്തില് കൂട് വയ്ക്കുന്നത്. മുന്വര്ഷം താണയിടത്തായിരുന്നു കൂട്. മഴയും കുറവായിരുന്നു. മനുഷ്യരായ കാലാവസ്ഥ പ്രവചനക്കാരെക്കാളും കര്ഷകര് വിശ്വസിക്കുന്നത് പക്ഷികളെയാണ്.
വനം വകുപ്പ് പക്ഷിനിരീക്ഷകര്ക്കായി ബൈനോക്കുലറൊക്കെ നല്കുന്നുണ്ട്. വാച്ച് ടവറും ഒരുക്കിയിരിക്കുന്നു. പക്ഷിനിരീക്ഷണം ഇഷ്ടപ്പെടുന്നവര്ക്ക് എത്രനേരം വെണമെങ്കിലും ഇവിടെ ചിലവഴിക്കാം. ലഘുഭക്ഷണവും ജലവും കരുതണം എന്നുമാത്രം.മധുരയില് നിന്നും 51 കിലോമീറ്ററും ശിവഗംഗയിലെ തിരുപ്പത്തൂരില് നിന്ന് 15 കിലോമീറ്ററുമാണ് വേട്ടാംഗുഡിയിലെത്താന് വേണ്ടത്. തികച്ചും ശാന്തമായ വേട്ടാംഗുഡിപ്പട്ടി,പെരിയ കൊള്ളുഗുഡിപ്പട്ടി, ചിന്ന കൊള്ളുഗുഡിപ്പട്ടി എന്നീ ഗ്രാമങ്ങളിലായി പടര്ന്നുകിടക്കുന്ന പക്ഷി സങ്കേതം നാല്പ്പത് ഹെക്ടറിലായാണ് സ്ഥിതി ചെയ്യുന്നത്.
ഏഷ്യന് ഓപ്പണ് ബില്,ബ്ലാക്ക് ഹെഡഡ് ഐബിസ്,ഗ്രേ ഹെറോണ്സ്,ഓറിയന്റല് ഡാര്ട്ടര്,ലിറ്റില് ഗ്രെബ്, ലിറ്റില് കോര്മൊറന്റ് ,സ്പോട്ട് ബില് ഡക്ക് തുടങ്ങിയ പക്ഷികളാണ് ഇവിടെ എത്തിയിട്ടുള്ളത്.
No comments:
Post a Comment