കൂടാളി യാത്ര
-വി.ആര്‍.അജിത് കുമാര്‍
--------------------
മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 ലെ താമരത്തോണി നോവല്‍ പുരസ്ക്കാരം പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച “ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ “ എന്ന നോവലിനാണ് എന്ന് ഫൌണ്ടേഷന്‍ സെക്രട്ടറി എം.ചന്ദ്രപ്രകാശ് അറിയിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. പുരസ്ക്കാരം നല്‍കുന്നത് കണ്ണൂര്‍ കൂടാളി വായനശാലയില്‍ നടക്കുന്ന ചടങ്ങിലാണ് എന്നു പറഞ്ഞപ്പോള്‍ നേരത്തെ പോയിട്ടില്ലാത്ത ഒരിടമായിരുന്നതിനാല്‍ സന്തോഷം വര്‍ദ്ധിച്ചു.പുതിയ ഇടങ്ങള്‍ കാണുക എന്ന താത്പ്പര്യം എന്നും ഒപ്പമുള്ളതുകൊണ്ടാണ് സന്തോഷം വര്ദ്ധിച്ചത്.
ഇപ്പോള്‍ താമസിക്കുന്ന തമിഴ്നാട്ടിലെ ശിവഗംഗയില് നിന്നും അവിടെ എത്തിച്ചേരാനുള്ള സൌകര്യം ആലോചിക്കുകയും ഗൂഗിള്‍ സെര്‍ച്ച് നടത്തുകയും ചെയ്തതിന്‍റെയും അടിസ്ഥാനത്തില്‍ മധുരയില്‍ നിന്നും അമൃത എക്സപ്രസില്‍ കയറി പാലക്കാട്ട് ഇറങ്ങി അവിടെ നിന്നും യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കണ്ണൂരെത്താമെന്നും ഏതെങ്കിലും ഹോട്ടലില്‍ വിശ്രമിച്ച ശേഷം കൂടാളിക്ക് പോകാമെന്നും തിരികെ ഇതേ റൂട്ടില്‍ മടങ്ങിവരാം എന്നുമായിരുന്നു ആദ്യം തീരുമാനിച്ചത്. ബസ്സില് ഇത്രദൂരം പോകുന്നതിനെകുറിച്ച് തീരെ ചിന്തിച്ചതുമില്ല. ഇത് നാല് ദിവസം നീളുന്നൊരു യജ്ഞമായിട്ടാണ് കണക്കാക്കിയത്. ഇടയ്ക്ക് അവിടെ ചില സ്ഥലങ്ങളും കാണാം എന്നും കരുതി. ടിക്കറ്റും എടുത്തു.2024 ഒക്ടോബര്‍ 27 നായിരുന്നു ചടങ്ങ്.
മകന്‍ ശ്രീക്കുട്ടനും കൂടി വരുന്നു,പക്ഷെ അവന് തിങ്കളാഴ്ച ജോലിക്ക് കയറുകയും വേണം എന്ന് പറഞ്ഞതോടെ പ്ലാന്‍ മാറി.തിരികെ ബസ്സില്‍ വരാം എന്ന് അവന്‍ നിര്‍ദ്ദേശിച്ചു.ബസിന്‍റെ സാധ്യത പരിശോധിച്ചപ്പോള്‍ മധുരയില്‍ നിന്നും കോഴിക്കോട്ടേക്ക് സ്ലീപ്പര്‍ ബസുണ്ട് എന്ന് മനസിലായി. എങ്കില്‍ പിന്നെ രണ്ട് യാത്രയും ബസിലാകാം എന്ന് ഉറപ്പിച്ചു. ലക്കി ട്രാവല്‍സില്‍ ടിക്കറ്റ് എടുത്തു. ഒക്ടോബര്‍ 26 രാത്രി 9.30 ന് മധുരയില്‍ നിന്നും പുറപ്പെട്ട് ഒക്ടോബര്‍ 27 രാവിലെ ആറ് മുപ്പതിന് ബസ്സ് കോഴിക്കോട്ടെത്തും. അവിടെനിന്നും ട്രയിനിലോ ബസിലോ കണ്ണൂരേക്ക്.ഉച്ച കഴിഞ്ഞുള്ള ചടങ്ങ് കഴിഞ്ഞ് തരികെ കോഴിക്കോടെത്തി രാത്രിയില്‍ മടക്കം.
പുറപ്പെടുംമുന്നെ വാട്ടസ്ആപ്പ് ഗ്രൂപ്പിലൊക്കെ ഒരു സന്ദേശമിട്ടു. കണ്ണൂരേക്ക് വരുന്നു,സുഹൃത്തുക്കള്‍ ബന്ധപ്പെടുമല്ലോ. ഇതിന് പുറമെ കൊച്ചിന് ഷിപ്പ്യാര്ഡില്‍ ജ്യേഷ്ടനൊപ്പം ജോലി ചെയ്ത വേണുഗോപാലിനെയും വിളിച്ചിരുന്നു.മധുരയ്ക്ക് പോകുന്നവഴിക്കാണ് കേരള ഹൌസില്‍ ഒപ്പം ജോലി ചെയ്തിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്ന സുഹൃത്ത് ശ്രീജിത്തും ഭാര്യ ചിത്രകാരി സുരേഖയും വിളിച്ചത്. നിങ്ങള്‍ കോഴിക്കോട് ഇറങ്ങിയിട്ട് ട്രെയിനില്‍ നേരെ തലശ്ശേരിയില്‍ ഇറങ്ങിക്കോളൂ. കൂടാളിയിലേക്ക് കണ്ണൂരില്‍ നിന്നും തലശ്ശേരിയില് നിന്നും ഒരേ ദൂരമാണ്,വീട്ടില്‍ വന്ന് ഫ്രഷായ ശേഷം പോകാം. സ്നേഹപൂര്‍വ്വമുള്ള ആ വിളി സ്വീകരിച്ചു.ഞങ്ങള്‍ തലശ്ശേരിയില്‍ ഇറങ്ങി. സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു വീട്ടിലേക്ക്. വിളിക്കാന്‍ വരണ്ട ഒരു ഓട്ടോയില് എത്തിക്കോളാം എന്നു പറഞ്ഞു. അങ്ങിനെ അവിടെ എത്തി. മനോഹരമായ ഇടം. എരഞ്ഞോളി പുഴ മുന്നില്.പുഴ നോക്കിയിരിക്കാന്‍ ഉയര്‍ന്നൊരു പ്ലാറ്റ്ഫോം.അവിടെ കസാലകളും ഊഞ്ഞാലും. പൂന്തോട്ടത്തില്‍ അനേകം ചെടികള്,അതില്‍ അധികവും ബോണ്‍സായ്കള്‍. വീടിനുള്ളില്‍ എവിടെയും ചിത്രകാരിയുടെ കരവിരുതുകള്‍.
പുട്ടും കടലക്കറിയും പപ്പടവുമൊക്കെയായി സുഭിക്ഷമായ പ്രഭാത ഭക്ഷണം. പിന്നെ, പുഴയരുകിലിരുന്ന് കഥ പറയല്‍. ഉച്ചയ്ക്ക് മീന്‍ വറുത്തതും മീന്കറിയുമൊക്കെയായി വിശാലമായ സദ്യ. രേഖയുടെ കുടുംബസ്വത്താണ് ഇവിടം.ചുറ്റുവട്ടത്തൊക്കെ ബന്ധുക്കളാണ് താമസം.രേഖയുടെ അച്ഛനും ഒപ്പമുണ്ട്. മകള്‍ കീര്ത്തന ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു.ശ്രീജിത്ത് മലയാളികള്‍ക്ക് ജാപ്പനീസ് ഭാഷ പഠിക്കാനുള്ള ഒരു കാലിഗ്രാഫി പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവും പങ്കിട്ടു. രേഖ ഡല്‍ഹിയില് ഒരു എക്സിബിഷനുള്ള തയ്യാറെടുപ്പിലുമാണ്. ഉച്ച കഴിഞ്ഞ് ഞങ്ങളെ കാറില് കൂടാളിയില്‍ കൊണ്ടുവിട്ടു. പിണറായി വഴിയായിരുന്നു യാത്ര.
അവര്‍ ഞങ്ങളെ വിട്ടശേഷം സന്തോഷത്തോടെ യാത്ര പറഞ്ഞ് മറ്റാരെയോ കാണാനായി പോയി. കൂടാളി വായനശാലയില്‍ അപ്പോള് പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതവും രചനകളും സംബ്ബന്ധിച്ചുള്ള ചര്ച്ചകള്‍ നടക്കുകയായിരുന്നു. കൂടാളി സ്കൂളില്‍ പി പന്ത്രണ്ട് വര്‍ഷം പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഒരു ശിഷ്യയും ചടങ്ങില്‍ സംസാരിച്ചു.രചനകളെ വനോളം പുകഴ്ത്തിയ പ്രാസംഗികരില്‍ മിക്കവരും ഇതുകൂടി കൂട്ടിചേര്ക്കുന്നുണ്ടായിരുന്
പുരസ്ക്കാരം നല്‍കാമെന്ന് ഏറ്റിരുന്ന പ്രസിദ്ധ കഥാകൃത്ത് ടി.പത്മനാഭനും ചടങ്ങിന് എത്തിയിരുന്നില്ല. വേണ്ടപ്പെട്ടൊരാളിന്‍റെ മരണം മൂലം യാത്ര ഒഴിവാക്കി. പുരസ്ക്കാരം നല്‍കിയത് കേരള ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശ്രീ.പള്ളിയറ ശ്രീധരനായിരുന്നു. ചടങ്ങില്‍ സംസാരിച്ചശേഷം അവിടെനിന്നും ഇറങ്ങി. വേഗത്തില്‍ പായുന്ന കണ്ണൂര്‍ സ്വകാര്യ ബസ്സില്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അവിടെ യാത്രയ്ക്ക് തയ്യാറായി കിടന്ന ട്രെയിനില്‍ കോഴിക്കോടെത്തി. പത്തരയ്ക്കേ മധുര ബസ്സുള്ളു. നേരെ പാരഗണ്‍ റസ്റ്റാറന്‍റിലേക്ക് നടന്നു. അവിടെ ഉത്സവത്തിനുള്ള ആളുണ്ട്. അവിടെ നിന്ന് ക്ഷമ കെടാതെ ഹോട്ടല്‍ സാഗറിലേക്ക് പോയി. നല്ല ഭക്ഷണമായിരുന്നു. ഭക്ഷണം കഴിഞ്ഞ് യാത്ര ബീച്ചിലേക്കായിരുന്നു. കുറച്ചു സമയം അവിടെ ഇരുന്നശേഷം ലക്കി ട്രാവല്സിലെത്തി ബസ്സില്‍ കയറി നീണ്ട് നിവര്‍ന്നൊരുറക്കം.രാവിലെ ഏഴിന് മധുരയിലെത്തി. സ്ലീപ്പര്‍ ബസ്സിലെ യാത്ര ഇത്ര സൌകര്യമുള്ളതാണെന്ന് എനിക്കറിയില്ലായിരുന്നു. ഇനി സ്ലീപ്പര്‍ ബസ്സും ഉപയോഗിക്കാം എന്ന ധൈര്യമാണ് ഈ യാത്ര സമ്മാനിച്ചത്.
No comments:
Post a Comment