Sunday, 24 November 2024

Audieu to Omcherry N.N.Pillai, eminent professor, dramatist and prominent leader of Delhi Malayalees

 

ആനന്ദപൂര്വ്വം നൂറ് കടന്ന് ഓംചേരി യാത്രയായി
---------------------------
- വി.ആര്.അജിത് കുമാര്
--------------------------
ഡല്ഹി ഭാരതീയ വിദ്യാഭവനിലെ കമ്മ്യൂണിക്കേഷന്സ് ആന്റ് മാനേജ്മെന്റ് കോളേജിന്റെ പ്രിന്സിപ്പല് സ്ഥാനം ഒഴിയുംവരെ പ്രൊഫസറ് ഓംചേരി എന്.എന്.പിള്ളയോട് ആരും പ്രായം ചോദിച്ചിരുന്നില്ല.കാരണം ശരീരംകൊണ്ടും മനസുകൊണ്ടും ഊര്ജ്ജസ്വലനായ ഒരാളുടെ പ്രായം അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ.
2019 ഡിസംബര് ഒന്നിന് അദ്ദേഹം വിരമിച്ചപ്പോള് പലരും പറഞ്ഞു, ഓംചേരി സാര് റിട്ടയര് ചെയ്തു.എന്നാല് അത് അദ്ദഹത്തിന്റെ രണ്ടാം വിരമിക്കലായിരുന്നു എന്നതാണ് സത്യം. 1951 ല് ആകാശവാണി വാര്ത്താവിഭാഗത്തില് ജോലി ആരംഭിച്ച ഓംചേരി അതിന് മുന്നെ തിരുവനന്തപുരത്ത് പത്രപ്രവര്ത്തകനായും ജോലി ചെയ്തിരുന്നു.വാര്ത്താവിതരണ വകുപ്പില് പല ഡിവിഷനുകളില് ചെയ്തശേഷമാണ് മാസ്സ് കമ്മ്യൂണിക്കേഷനില് ഉന്നതബിരുദം നേടാനായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. തിരികെ വന്ന് ഇന്ത്യന് ഇന്സ്റ്റിട്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനില് പ്രൊഫസറും കോഴ്സ് ഡയറക്ടറുമായി. അടിയന്തിരാവസ്ഥ കാലത്ത് വാര്ത്താ വിഭാഗത്തില് സെന്സറിംഗ് ഓഫീസറായും പിന്നീട് ഫുഡ് കോര്പ്പറേഷനില് പബ്ളിക് റിലേഷന്സ് ജനറല് മാനേജരായും ജോലി നോക്കിയ ശേഷമാണ് സര്ക്കാര് സര്വ്വീസില് നിന്നും വിരമിച്ചത്.
ഒരിക്കല് സൌഹൃദ സംഭാഷണത്തിനിടെ ഓംചേരി പറഞ്ഞു,കോളേജ് കാലത്ത് ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി ജോത്സ്യനെ കാണാന് പോയി.അയാള് സുഹൃത്തിനേക്കാളും ശ്രദ്ധ നല്കിയത് ഓംചേരിക്കാണ്.നിങ്ങള്ക്ക് റിട്ടയര്മെന്റില്ല കേട്ടോ എന്നയാള് പറഞ്ഞു.ഓംചേരി മറുപടിയൊന്നും പറഞ്ഞില്ല.എന്നാല് അതാണ് സത്യത്തില് സംഭവിച്ചത്. 1989 ഫെബ്രുവരി ഒന്നിന് സര്വ്വീസില് നിന്നും വിരമിച്ച ഓംചേരി നേരെ ഭാരതീയ വിദ്യാഭവനിലാണ് എത്തിയത്.അവിടെ ഡല്ഹി ഭാരതീയ വിദ്യാഭവന് കോളേജ് ഓഫ് കമ്മ്യൂണിക്കഷന് ആന്റ് മാനേജ്മെന്റ് പ്രിന്സിപ്പലായി ജോലി തുടങ്ങി. അതാണ് 2019 ഡിസംബറില് തന്റെ തൊണ്ണൂറ്റിയാറാം വയസ്സില് അവസാനിപ്പിച്ചത്.
1994 ഏപ്രില് മാസം ഡല്ഹി കേരള ഹൌസില് അസിസ്റ്റന്റ് ഇന്ഫര്മേഷന് ഓഫീസറായി എത്തിയ കാലം മുതലുള്ള സ്നേഹബന്ധമാണ് ഓംചേരിയുമായുള്ളത്. കസ്തൂര്ബാ ഗാന്ധി റോഡില് ട്രാവന്കൂര് ഹൌസിന് എതിര്വശത്താണ് ഭാരതീയ വിദ്യാഭവന്.ഞാന് താമസിച്ചിരുന്നതും ട്രാവന്കൂര് ഹൌസിലാണ്.സാംസ്ക്കാരിക താത്പ്പര്യങ്ങളുള്ളതിനാല് കേരള ക്ലബ്ബ്,ജനസംസ്കൃതി,ഡല്ഹി മലയാളി അസ്സോസിയേഷന് തുടങ്ങി മലയാളി സംഘടനകള്,കേരള ഹൌസിലെ നിരവധി പരിപാടികള് അങ്ങിനെ പരസ്പ്പരം കാണാത്ത ദിവസങ്ങള് കുറവായിരുന്നു.ഭാരതീയ വിദ്യാഭവനിലെ ഒന്നാം നിലയില് ഓംചേരി സാറിന്റെ മുറി മലയാളികളുടെ ഒരു സാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു എന്നു പറയാം. ഏത് സമയവും സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള് ചര്ച്ച ചെയ്തും പലവിധ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടും ആള്തിരക്കായിരുന്നു അവിടെ.അതിനിടയില് തന്റെ മുന്നിലെത്തുന്ന ഔദ്യോഗിക വിഷയങ്ങളും കൈകാര്യം ചെയ്യാനുള്ള സാമര്ത്ഥ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഭാരതീയ വിദ്യാഭവനിലെ ഓംചേരിയുടെ ഓഫീസ് ഒരിക്കലെങ്കിലും സന്ദര്ശിക്കാത്ത ഡല്ഹി മലയാളി ഉണ്ടാകുമോ എന്ന് സംശയമാണ്.ആരെയും ഒരു പുഞ്ചിരിയോടെ സ്വീകരിക്കുകയും ഏത് വിഷയവും ഒരു നര്മ്മഭാവത്തോടെ കൈകാര്യം ചെയ്യുക എന്നതുമായിരുന്നു അദ്ദേഹത്തിന്റെ രീതി. ഏറ്റവും സാധാരണക്കാരായ മലയാളികളില് തുടങ്ങി മുഖ്യമന്ത്രിമാര് ഉള്പ്പെടെയുള്ള നേതാക്കളുമായും വ്യവസായികളുമായുമെല്ലാം സൌഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യുക എന്ന അസാധാരണ വ്യക്തിത്വം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.തിരക്കുള്ള ആളല്ലെ എന്നു കരുതി ഒരാഴ്ച കാണാന് പോയിട്ടില്ല എങ്കില് ഒരു ഫോണ്കാള് ഉറപ്പാണ്.അജിത്തിനെ കണ്ടിട്ട് ഒരാഴ്ചയായി. അന്ന് എന്ത് പരിപാടിയുണ്ടെങ്കിലും അത് മാറ്റിവച്ച് ഓംചേരി സാറിന്റെ അടുത്തെത്തും.
ഡല്ഹിയുമായി ബന്ധപ്പെട്ടുള്ള പുരസ്ക്കാരങ്ങള്,ഫെലോഷിപ്പുകള്തുടങ്ങി പലതിനും കേരളത്തിലെ സാസംസ്ക്കാരികനായകന്മാരുടെ ബലം ഓംചേരിയായിരുന്നു.എന്നാല് അദ്ദേഹം പുരസ്ക്കാരങ്ങള്ക്ക് പിന്നാലെ നടക്കുകയും ചെയ്തില്ല.നടക്കുന്നവരെ സഹായിക്കുകയും ആ കഥകള് സരസമായി വിവരിക്കുകയും ചെയ്യുമായിരുന്നു.മറ്റാരോടും പറയില്ല എന്ന ഉറപ്പുള്ളതുകൊണ്ടാകാം ഇതൊക്കെ തുറന്നു പറഞ്ഞിരുന്നതെന്നു തോന്നുന്നു.
ഇടതുപക്ഷ സാംസ്ക്കാരിക സംഘടനയായ ജനസംസ്കൃതിക്കും ബദലായ ഡല്ഹി മലയാളി അസ്സോസിയേഷനും ചെറുതും വലുതുമായ അനേകം സംഘടനകള്ക്കും സമുദായ സംഘടനകള്ക്കും ക്ഷേത്രങ്ങള്ക്കും അന്തര്ദ്ദേശീയ കഥകളി കേന്ദ്രത്തിനും മലയാള പഠന കേന്ദ്രത്തിനും എന്നല്ല എല്ലാ മലയാളി കൂട്ടായ്മകള്ക്കും സ്വീകാര്യനായി ഒരാള് എല്ലാക്കാലത്തും ഡല്ഹിയിലുണ്ടായിരുന്നത് ഓംചേരി മാത്രമായിരുന്നു.കേരള എഡ്യൂക്കേഷണല് സൊസൈറ്റിയുടെ കേന്ദ്രസംഘടനയുടെ നേതൃത്വവും അനേകകാലം ഓംചേരിക്കായിരുന്നു.ഒരു വ്യക്തിക്ക് ഇങ്ങിനെ നിറഞ്ഞാടാന് കഴിയുന്നത് എങ്ങിനെ എന്ന് നമുക്ക് അത്ഭുതം തോന്നും. എങ്കിലും അദ്ദേഹത്തിന് ഏറ്റവും പ്രിയം കേരള ക്ലബ്ബ് തന്നെയായിരുന്നു.അത് അദ്ദേഹത്തിന്റെ ആത്മാവാണ് എന്നു പറയാം.
എഴുത്തില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില് അതുല്യമായ അനേകം നാടകങ്ങള് ആ തൂലികയില് നിന്നും പിറന്നേനെ.എന്നാല് അതിനപ്പുറമുള്ള ഒരു ലോകത്തില്,വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായി വളര്ന്ന വ്യക്തിത്വമായിരുന്നു ഓംചേരി.
അദ്ദേഹത്തില് നിന്നും പഠിക്കേണ്ട പ്രധാന പാഠം എനിക്ക് സ്വീകരിക്കാന് കഴിയാതെപോയ ഒന്നാണ്. രാഷ്ട്രീയമായാലും സംഘടനാപരമായാലും ഔദ്യോഗികമായാലും തന്റെ അഭിപ്രായം പറയുക,അത് ഭൂരിപക്ഷത്തിന് സ്വീകാര്യമാകുന്നില്ല എങ്കില് ആ കൂട്ടായ്മയില് നിന്നും പിന്മാറുന്നതിന് പകരം അവര്ക്കൊപ്പം മുന്നോട്ടുപോവുക.ഈ നിലപാടാണ് അദ്ദേഹത്തെ എല്ലാവര്ക്കും സ്വീകാര്യനാക്കി മാറ്റിയത്.ഇന്നത്തെ ലോകത്തിന് ഏറ്റവും അനുഗുണമായ മാതൃകയാണിത് എന്നു തോന്നുന്നു.സ്നേഹവും ആര്ദ്രതയും നര്മ്മവും മുഖമുദ്രയാക്കിയ ആ ജീവിതം അവസാനിച്ചു.ഹിന്ദി അടിച്ചേല്പ്പിക്കുന്ന ഉത്തരേന്ത്യന് മേല്ക്കോയ്മയോട് പോരാടാനായി, ഹിന്ദിയെ പൂര്ണ്ണമായും ത്യജിച്ചുകൊണ്ട് തന്റെ ഇന്നിംഗ്സ് ഡല്ഹിയില് പൂര്ത്തിയാക്കി ഓംചേരി വിശ്രമിക്കുകയാണ്.മലയാളവും ഇംഗ്ലീഷും മാത്രം ഉപയോഗിച്ച് ഡല്ഹിയില് വാണ, മലയാളിയുടെ സ്വന്തം ഓംചേരിക്ക് പ്രണാമം🙏

No comments:

Post a Comment