Thursday, 28 November 2024

Asian Development Bank loan and protest by employees of Kerala Water authority

 

എഡിബി വായ്പയും ജല അതോറിറ്റി ജീവനക്കാരുടെ സമരവും
--------------
വി.ആര്.അജിത് കുമാര്
----------------
2024 നവംബര് 26 ന് രാവിലെ പതിനൊന്ന് മണി സമയത്ത് പട്ടത്തുനിന്നും സെക്രട്ടേറിയറ്റിലേക്ക് ഒരു ബസ്സില് വരുകയായിരുന്നു.പാളയത്തെത്തിയപ്പോള് ട്രാഫിക് പോലീസ്സ് വണ്ടി വഴി തിരിച്ചുവിട്ടു. ഇത് നഗരത്തിലെ പതിവായതിനാല് ഞാനുള്പ്പെടെ കുറച്ചുപേര് ലൈബ്രറി വളവില് ഇറങ്ങി.മഴ ചാറ്റലുണ്ട്.കുട നിവര്ത്തി നടന്നു തുടങ്ങി.മുന്നില് ഒരു ജാഥ പോകുന്നുണ്ട്.ചുവപ്പു കൊടിയും ത്രിവര്ണ്ണകൊടിയും നീലക്കൊടിയും കാണുന്നു. കൌതുകം തോന്നി.എന്താ എല്ലാവരും കൂടി ഒന്നിച്ച് എന്നൊരാംകാംഷയും.വേഗം നടന്ന് മുന്നിലെത്തി. കേരള ജല അതോറിറ്റി ജീവനക്കാരുടെ പ്രകടനമാണ്. അവിടെ രാഷ്ട്രീയ ഭേദമില്ല,എന്നു മാത്രമല്ല സാധാരണക്കാരായ ജനങ്ങള്ക്ക് കുടിക്കാനുള്ള ജലം ഏഷ്യന് വികസന ബാങ്ക് തട്ടിക്കൊണ്ടുപോകാന് ഗൂഢനീക്കം നടക്കുന്നതിനാല് ജനങ്ങളെയും ജനങ്ങളുടെ ജീവജലത്തെയും രക്ഷിക്കാനും പൊതുമേഖലയില് നിലനിര്ത്താനുമായാണ് സിഐടിയു,എഐടിയുസി,ഐന്ടിയുസി തുടങ്ങിയവരുടെ ഈ സംയുക്ത പ്രതിഷേധ റാലി.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില് സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ ജലവിതരണത്തിനായാണ് ഏഷ്യന് വികസന ബാങ്ക് 170 മില്യണ് ഡോളര് കേരള ജല അതോറിറ്റിക്ക് വായപയായി നല്കുന്നത് എന്നാണ് അവരുടെ വെബ്സൈറ്റില് കാണുന്നത്.കേരള ജല അതോറിറ്റിയില് മികച്ച പ്രവര്ത്തനവും ജലനഷ്ടപ്രതിരോധ പരിപാലന രീതികളും കൊണ്ടുവരാനും അസറ്റ് മാനേജ്മെന്റ് സംസ്ക്കാരം പരിപോഷിപ്പിക്കാനും ഇത് ഉതകും എന്നും പറയുന്നു. കൊച്ചിയിലെ ജലവിതരണ സേവനങ്ങളില് ഈ പദ്ധതി പരിവര്ത്തനാത്മകമായ മാറ്റം കൊണ്ടുവരും എന്നും അവര് പ്രതീക്ഷിക്കുന്നു. മികച്ച ഉപഭോക്തൃ ഓറിയന്റേഷന്,പ്രവര്ത്തന കാര്യക്ഷമത,ജലവിതരണ ആസ്തികളുടെ മാനേജ്മെന്റ് എന്നിവയിലൂടെ ജല അതോറിറ്റിയുടെ ശേഷിയും ഭരണവും മെച്ചപ്പെടുത്തുന്നതിനായി ഒരു നൂതന സംവിധാനം ഇതിലൂടെ രൂപപ്പെടും എന്നും എഡിബി പറയുന്നുണ്ട്. 2018 ല് ഈസ് ഓഫ് ലിവിംഗ് ഇന്ഡക്സില് 111 ഇന്ത്യന് നഗരങ്ങളില് നാല്പ്പത്തിയഞ്ചാം സ്ഥാനത്തുനിന്ന കൊച്ചി 2020 ല് എഴുപത്തിയഞ്ചാം സ്ഥാനത്തായി. ജലവിതരണ സേവനമേഖലയിലെ കുറവുകളും അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇതിന് പ്രധാന കാരണം. ഇത് ജലജന്യ രോഗങ്ങളുടെ വര്ദ്ധനയ്ക്ക് കാരണമായി എന്നുമാത്രമല്ല സേവനങ്ങളുടെ ധനപരവും പാരിസ്ഥിതികവുമായ സുസ്ഥിര വികസനത്തെ അപായപ്പെടുത്തുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയതിലൂടെയാണ് ഇടതുപക്ഷ സര്ക്കാര് എഡിബിയുടെ സഹായം തേടിയത് എന്നും മനസിലാക്കുന്നു.
എന്നാല് എഡിബി അറബിക്കടലില്,പാവപ്പെട്ടവന്റെ വെള്ളം വിട്ടുതരില്ല വിട്ടുതരില്ല എന്നൊക്കെയാണ് അവിടെ മുഴങ്ങിക്കേട്ട മുദ്രാവാക്യം. അപ്പോള് വളരെ പ്രസക്തമായ ഒരു ചോദ്യം മനസ്സില് വന്നു.സാധാരണക്കാരെ ബാധിക്കുന്ന വിഷയമാണെങ്കില് അത് ഏറ്റെടുക്കേണ്ടത് നാട്ടിലെ രാഷ്ട്രീയ പാര്ട്ടികളല്ലെ,ട്രേഡ് യൂണിയനുകളാണോ? കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങള്ക്ക് ദോഷകരമാകുന്ന നയമാണ് ഇതെങ്കില് അവിടത്തെ സിപിഎമ്മും സിപിഐയും കോണ്ഗ്രസ്സും ബിജെപിയുമൊക്കെ ചേര്ന്ന് ഏറ്റെടുക്കേണ്ട വിഷയമല്ലെ ഇത്. ജല അതോറിറ്റി ജീവനക്കാര് ഒന്നിച്ച് സമരം ചെയ്യുന്നത് അവരുടെ നിലവിലുള്ള ഉത്തരവാദിത്തങ്ങള് വര്ദ്ധിക്കും, അനാവശ്യ തസ്തികകള് ഇല്ലാതാകും, അക്കൌണ്ടബിലിറ്റി കൂടും തുടങ്ങിയ ഭയത്തില് നിന്നും ഉളവാകുന്നതാകണം. അത് മറച്ചുവച്ച് സാധാരണ ജനങ്ങള്ക്കുവേണ്ടിയാണ് ഞങ്ങളുടെ സമരം എന്നു പറയുന്നത് ജനത്തെ പൊട്ടരാക്കുന്ന കാര്യമാണ്. മാത്രമല്ല, ഇടതുപക്ഷ സര്ക്കാര് വളരെ ആലോചിച്ചാവുമല്ലോ ഈ “ഭീകരന്മാരില്” നിന്നും പണം വാങ്ങുന്നതും. അപ്പോള് ട്രേയ്ഡ് യൂണിയന് നേതൃത്വം സംഘടനയിലെ അണികളെ പിടിച്ചുനിര്ത്താനായി നടത്തുന്ന വെറും സമരത്തിലൂടെ എന്തിനാണ് തിരുവനന്തപുരം നഗരത്തില് എത്തുന്ന മനുഷ്യരുടെ വഴിമുടക്കുന്നത്. ഇത്തരം തമാശകള് കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നെങ്കില് പോട്ടെന്നു വയ്ക്കാമായിരുന്നു. ഇതൊക്കെ ഇപ്പോഴും തുടരുന്നത് സങ്കടകരം തന്നെ🧐

No comments:

Post a Comment