Monday, 4 November 2024

Is a gold loan like a duck that lays golden eggs?- Last part of the article published in Business plus magazine

 

സ്വര്ണ്ണപ്പണയം പൊന്മുട്ടയിടുന്ന താറാവോ ?
*****************************************
( 2024 ഒക്ടോബര് ലക്കം ബിസിനസ് പ്ലസില് വന്ന ലേഖനം - അവസാന ഭാഗം )
========================
- വി.ആര്.അജിത് കുമാര്
=========================
റിസര്വ്വ് ബാങ്കിന്റെ ഇടപെടല്
=======================
മിക്ക കേന്ദ്രബാങ്കുകളും സ്വര്ണ്ണത്തിന്റെ കരുതല് ശേഖരമുണ്ടാക്കാറുണ്ട്. ആധുനിക സമ്പത് വ്യവസ്ഥയില് ഒരു ചരക്ക് എന്ന നിലയില് മാത്രമല്ല ഒരു ആസ്തി എന്ന നിലയിലുമുള്ള സ്വര്ണ്ണത്തിന്റെ പ്രാധാന്യം തുടരുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെയാണ് അന്താരാഷ്ട്രതലത്തില് ഒരാള്ക്ക് ചരക്കുകള്ക്കും സേവനങ്ങള്ക്കും പകരമായി സ്വര്ണ്ണം ഉപയോഗിക്കാന് കഴിയുന്നത്. ബിസിനസ് സൈക്കിളുകളിലെ ചാഞ്ചാട്ടത്തിന് വിധേയമാകാത്ത സ്വര്ണ്ണം,സാമ്പത്തികഞെരുക്കമുള്ള സമയങ്ങളില് കൂടുതല് കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യും. സ്വര്ണ്ണം ഓക്സിഡൈസ് ചെയ്യുകയോ തുരുമ്പെടുക്കുകയോ ചെയ്യില്ല എന്നത് അതിനെ അദ്വിതീയമാക്കുന്നു. എന്നാല് അതുപയോഗിച്ച് ഉരുപ്പടികള് ഉണ്ടാക്കാന് എളുപ്പവുമാണ്.സാമ്പത്തിക പ്രതിസന്ധിയില് സ്വര്ണ്ണം മറ്റു ചരക്കുകളേക്കാള് സ്ഥിരമാണ് എന്നും കാണാം.അതുകൊണ്ടാണ് നിക്ഷേപകര് സ്വര്ണ്ണത്തെ ഒരു സുരക്ഷിത താവളമായി കാണുന്നതും. സ്വര്ണ്ണം ശരിക്കും ദീര്ഘകാല നിക്ഷേപം തന്നെയാണ്. പണപ്പെരുപ്പവും മറ്റു ഘടകങ്ങളും കാരണം കറന്സിയുടെ വാങ്ങല് ശേഷി കാലക്രമേണ കുറയുമ്പോള്, സ്വര്ണ്ണത്തിന്റെ മൂല്യം വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നതിനാല് ദീര്ഘകാലാടിസ്ഥാനത്തില് അതിന്റെ വാങ്ങല് ശേഷി നിലനിര്ത്തിക്കൊണ്ട് തുടര്ച്ചയായി വര്ദ്ധിക്കുന്നു. ഉയരുന്ന പണപ്പെരുപ്പത്തിന് എതിരായ ഒരു വേലിതന്നെയാണ് സ്വര്ണ്ണം. പണപ്പെരുപ്പമുണ്ടാകുമ്പോള് സ്വര്ണ്ണത്തിന്റെ മൂല്യം കൂടും. സ്വര്ണ്ണം സമ്പത്ത് സംരക്ഷിക്കുന്നതിന് പ്രധാന കാരണം അത് വിലകുറയുന്ന യുഎസ് ഡോളറില് നിന്നും നേട്ടമുണ്ടാക്കുന്നു എന്നതാണ്.
വില ഉയരുകയും അധികമായി താഴാതിരിക്കുകയും ചെയ്യുന്ന ഏകവിനിമയ ഉത്പ്പന്നം എന്ന നിലയില് സ്വര്ണ്ണത്തിന്റെ മൂല്യം ഉറപ്പുള്ളതായതിനാല് സ്വര്ണ്ണപണയത്തില് വായ്പ നല്കാന് ബാങ്കുകള് മടിക്കേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധര് പറയുന്നത്. എന്നാല് ഉയര്ന്ന തുക വായ്പ എടുക്കുന്നതോടെ പലിശയുടെ ശതമാനവും ഉയരുന്നു എന്നതാണ് ഇപ്പോഴത്തെ രീതി.റിസര്വ്വ് ബാങ്കിന്റെ റിപ്പോ നിരക്കും പത്ത് വര്ഷ സ്വര്ണ്ണ ബോണ്ട് നിരക്കും മാനദണ്ഡമാക്കിയാണ് പൊതുമേഖല ബാങ്കുകള് വായ്പതുക നിശ്ചയിച്ചിരിക്കുന്നത്.വായ്പ എടുക്കുന്നതിനുള്ള ഒരാളുടെ യോഗ്യതയും അയാളുടെ നിലവിലുള്ള സാമ്പത്തിക നില അറിയാന് ഉപകരിക്കുന്ന സിബില് സ്കോറും ബാങ്കുകള് പരിശോധിക്കും.നല്ല സിബില് സ്കോറുള്ളവര്ക്ക് പലിശയില് ഇളവും ലഭിക്കും.
കേന്ദ്ര സര്ക്കാര് ചെയ്യേണ്ടത്
======================
കഴിഞ്ഞ കുറേ വര്ഷങ്ങളായി സ്വര്ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വളരെ ഉയര്ന്നു നിന്നതിനാല് സ്വര്ണ്ണ കള്ളക്കടത്ത് വളരെ കൂടുതലായിരുന്നു.കള്ളക്കടത്ത് മാഫിയയില് കസ്റ്റംസ് ഉദ്യോഗസ്ഥര് വരെ ഉള്പ്പെട്ടിരുന്നു. വിവിധ കേന്ദ്രങ്ങളില് നിന്നുള്ള കടുത്ത സമ്മര്ദ്ദത്തെ തുടര്ന്നാണ് ഈ വര്ഷം ധനകാര്യ മന്ത്രി സ്വര്ണ്ണ ഇറക്കുമതി ചുങ്കം കുറച്ചത് .ഇത് സ്വര്ണ്ണവിപണി പൊതുവെ സ്വാഗതം ചെയ്തിട്ടുമുണ്ട്. കള്ളക്കടത്ത് കുറയുകയും സ്വര്ണ്ണത്തിന്റെ വിലയില് കുറവുണ്ടാവുകയും ചെയ്യുന്നതോടെ ഒരു നിക്ഷേപം എന്ന നിലയില് സ്വര്ണ്ണ ഉപഭോഗം വര്ദ്ധിക്കും എന്നതും അതുവഴി അത്യാവശ്യ വായ്പക്കായി സ്വര്ണ്ണം ഉപയോഗിക്കുന്ന പ്രവണത കൂടുമെന്നതും യാഥാര്ത്ഥ്യമാണ്. 2014-18 ല് 10 ശതമാനമായിരുന്ന ചുങ്കം 2019 ല് 12.5 ശതമാനമായി. 20-21 ല് അത് 7.5 ശതമാനമായി കുറച്ചെങ്കിലും 2.5 ശതമാനം അഡീഷണല് സെസ് വന്നു. 2022 ല് വീണ്ടും സര്ചാര്ജ് ഉള്പ്പെടെ 12.5 ശതമാനമായി. 2024 ല് ഇത് 15 ശതമാനത്തില് നിന്നും 6 ശതമാനമായിട്ടാണ് കുറച്ചത്. സാധാരണക്കാരായ ജനങ്ങള്ക്ക് ഇതിന്റെ ഗുണം വായ്പ എടുക്കുന്നതിലും ലഭ്യമാക്കാന് അടിയന്തിര നടപടി ആവശ്യമാണ്.
സ്വര്ണ്ണ വായ്പയ്ക്ക് മുന്ഗണന നല്കാന് പൊതുമേഖല ബാങ്കുകള്ക്ക് സര്ക്കാര് നിര്ദ്ദേശം നല്കുകയും മറ്റെല്ലാ വായ്പകള്ക്കുമുള്ളതുപോലെ ടാര്ഗറ്റ് നിശ്ചയിക്കുകയും വേണം. സ്വര്ണ്ണ വായ്പ പ്രോത്സാഹിപ്പിക്കാന് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ കാര്യമായ പരസ്യപ്രചരണം നടത്തേണ്ടതുണ്ട്. സ്വര്ണ്ണ വായ്പ പ്രോത്സാഹിപ്പിക്കാത്ത ബാങ്കുകളെ സംബ്ബന്ധിച്ച പരാതി സ്വീകരിക്കാന് സംവിധാനം കൊണ്ടുവരണം.അപേക്ഷ ഫോറവും വായ്പ നടപടികളും ലളിതമാക്കി അരമണിക്കൂറിനുള്ളില് സ്വര്ണ്ണ വായ്പ ലഭ്യമാക്കണം. പൊതുമേഖല ബാങ്കുകളുടെ സ്വര്ണ്ണ പണയ പലിശ ഏകീകരിക്കണം.ഇപ്പോള് പല ബാങ്കുകളും വ്യത്യസ്തമായ പലിശ നിരക്കുകളാണ് സ്വീകരിച്ചിട്ടുള്ളത്. ജനോപകാരപ്രദമാകേണ്ട പൊതുമേഖല ബാങ്കുകളുടെ പലിശ നിരക്കും വ്യവസ്ഥകളും ഏകീകരിക്കുക എന്ന സമീപനമാകണം ആര്ബിഐയും കേന്ദ്രധനമന്ത്രാലയവും എടുക്കേണ്ടത്.ഇപ്പോള് പൊതുമേഖല ബാങ്കുകള് നല്കുന്ന വായ്പത്തുകയുടെ മിനിമവും മാക്സിമവും വ്യത്യസ്തമാണ്. ഇതും ഏകതാനമാക്കാവുന്നതാണ്.
സ്വര്ണ്ണ വിലയുടെ 90 ശതമാനം വരെ വായ്പ ലഭ്യമാക്കാനും നിര്ദ്ദേശമുണ്ടാകേണ്ടതുണ്ട്. സ്വര്ണ്ണത്തിന്റെ മൂല്യം അളക്കാനുള്ള ആധുനിക യന്ത്രങ്ങള് പ്രോത്സാഹിപ്പിക്കണം.അപ്രൈസ് ചെയ്യാന് അവ ഉപയോഗപ്പെടുത്തണം.പ്രോസസിംഗ് ഫീസും അപ്രൈസര് ഫീസും ഏകീകരിച്ച് മുന്നൂറ് രൂപ എന്ന് നിജപ്പെടുത്തണം.ഇപ്പോള് ബാങ്കില് സ്വര്ണ്ണ മൂല്യം നിശ്ചയിക്കുന്ന അപ്രൈസര് ബാങ്കിന്റെ ജീവനക്കാരനല്ല. ഒരു പണയത്തിന് 500 രൂപ എന്ന നിരക്കില് ഇത്തരത്തില് അവര്ക്ക് ലഭിക്കുന്ന തുക വളരെ വലുതാണ്. സ്വര്ണ്ണ പണയത്തിനായി ഒരു പ്രത്യേക കൌണ്ടര് തുടങ്ങി അപ്രൈസര് പരിശീലനം നല്കി ഒരു ജീവനക്കാരനെ അവിടെ നിയമിക്കുകയും കസ്റ്റമര് റിലേഷന്സ് ശക്തമാക്കുകയും വേണം. മുദ്ര വായ്പ,എംഎസ്എംഇ, കാര്ഷിക മേഖല തുടങ്ങി ഈടില്ലാതെ വായ്പ നല്കുന്ന വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും അവര് പ്രസ്തുത വായ്പ അടച്ചു തീരുന്ന മുറയ്ക്ക് നേരത്തെ നല്കിയപോലെ കുറഞ്ഞ പലിശയില് സ്വര്ണ്ണ വായ്പ നല്കുന്നതും അഭകാമ്യമാകും. അതുവഴി ഇത്തരം വായ്പകള് എന്പിഎ ആകുന്നത് കുറയ്ക്കാനും സാധിക്കും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയ്ക്ക് കേന്ദ്ര സര്ക്കാര് സീലിംഗ് കൊണ്ടുവരേണ്ടതും അനിവാര്യമാണ്. ഇത്തരത്തില് ലിക്വിഡിറ്റി നിരക്കില് ഒന്നാമതുള്ള സ്വര്ണ്ണത്തെ കേന്ദ്ര സര്ക്കാരിന്റെ കൈകളില് സുരക്ഷിതമായി എത്തിക്കാനും ജനങ്ങള്ക്ക് ബ്ലേഡ് മാഫിയയില് നിന്നും രക്ഷനേടാനും ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും നോണ് പെര്ഫോമിംഗ് അസറ്റ് കുറയ്ക്കാനും കഴിയുന്നൊരു സംവിധാനം ഉണ്ടാക്കുന്നതില് കേന്ദ്ര മന്ത്രാലയവും റിസര്വ്വ് ബാങ്കും മുന്കൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം🙏(അവസാനിച്ചു)

No comments:

Post a Comment