സ്വര്ണ്ണപ്പണയം പൊന്മുട്ടയിടുന്ന താറാവോ ?
*****************************************
( 2024 ഒക്ടോബര് ലക്കം ബിസിനസ് പ്ലസില് വന്ന ലേഖനം - രണ്ടാം ഭാഗം )
========================
- വി.ആര്.അജിത് കുമാര്
ഉയര്ന്ന ലിക്വിഡിറ്റിയുള്ള വിനിമയം
=================
മറ്റ് ഏത് വസ്തുവിനേക്കാളും ഉയര്ന്ന ലിക്വിഡിറ്റി നിലവാരമാണ് സ്വര്ണ്ണത്തിനുള്ളത്. ഇത്രയും വേഗത്തില് പണമാക്കിമാറ്റാവുന്ന മറ്റൊരു വസ്തുവും ഇല്ലതന്നെ. ലോകത്തിലെവിടെയും പ്രിയമുള്ള ഏക വസ്തുവും സ്വര്ണ്ണം തന്നെ. നൂറ്റാണ്ടുകളായുള്ള വിശ്വാസമാണ് ഇതിന് കാരണം.വേഗം കൊണ്ടുനടക്കാവുന്നതും സൂക്ഷിക്കാവുന്നതും കയറ്റിഅയയ്ക്കാവുന്നതുമായ ഉത്പ്പന്നമാണ് സ്വര്ണ്ണം. ഭൂമി,ബോണ്ട്,സ്റ്റോക്ക് എന്നിവയേക്കാളും ഉറച്ച ഈടാണ് സ്വര്ണ്ണം. ഇത് ഒരിക്കലും പ്രവര്ത്തനരഹിത ആസ്തി(എന്പിഎ) ആകുന്നില്ല എന്നതും ശ്രദ്ധേയമാണ്.മൂന്ന് മാസം മുതലും പലിശയും അടയ്ക്കാത്ത വായ്പയെയാണ് എന്പിഎ എന്ന് പറയുക. 12 മാസം വരെ അടവ് നടക്കാത്തവ സബ് സ്റ്റാന്ഡാര്ഡ് അസറ്റാണ്. 12 മാസത്തിന് മുകളില് കുടിശിക വന്നാല് അത് സംശയാസ്പദ ആസ്തിയായി മാറും. തിരിച്ചുപിടിക്കാന് കഴിയാത്തത് എന്ന് ബാങ്കും ഓഡിറ്റര്മാരും രേഖപ്പെടുത്തുന്നവയാണ് നഷ്ട ആസ്തികള്.ഇവയാണ് എഴുതിത്തള്ളുക. ഈ ദുര്വ്വിധിയൊന്നും സ്വര്ണ്ണലോണിനില്ല എന്നതാണ് പ്രത്യേകത. വ്യക്തിഗത വായ്പയും ക്രഡിറ്റ് കാര്ഡ് കുടിശികയും വാഹനവായ്പയും ഭവനവായ്പയും എന്പിഎയിലുണ്ടാകും. കോര്പ്പറേറ്റുകള്ക്ക് നല്കുന്ന വര്ക്കിംഗ് കാപ്പിറ്റലും പ്രോജക്ട് ഫിനാന്സും ഈയിനത്തില്പെടും. കര്ഷകര്ക്കും കാര്ഷികവ്യവസായത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്ക്കും നല്കുന്ന വായ്പകളിലും എന്പിഎയുണ്ടാകും. എന്നാല് ഇത്തരം ധനകാര്യ സമ്മര്ദ്ദങ്ങളൊന്നുമില്ലാത്ത ഇടപാടാണ് സ്വര്ണ്ണ വായ്പകള്.എന്നിട്ടും പൊതുമേഖല ബാങ്കുകളുടെ മുന്ഗണനയില് സ്വര്ണ്ണവായ്പ വരുന്നില്ല. കാര്ഷിക വായ്പകള്, സൂക്ഷ്മ ചെറുകിട ഇടത്തരം നിക്ഷേപകര്ക്കുള്ള വായ്പകള്,സര്ക്കാര് പദ്ധതികളുമായി ബന്ധപ്പെട്ട വായ്പകള്,വന്കിട സ്ഥാപനങ്ങള്ക്കുള്ള വായ്പകള് എന്നിങ്ങനെ സാമ്പത്തിക വികസനത്തിന് ഉതകുന്ന മേഖലകളെ തുണയ്ക്കുന്ന പൊതുമേഖലയുടെ പ്രാഥമിക ശ്രദ്ധയില് സ്വര്ണ്ണവായ്പ വരുന്നില്ല എന്നതാണ് സത്യം.
പൊതുമേഖലയില് ബ്യൂറോക്രാറ്റിക് നിയന്ത്രണം ശക്തമാണ്. അവര് കര്ശന നിയന്ത്രണത്തിന് കീഴിലാണ് പ്രവര്ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്ണ്ണ വായ്പ പദ്ധതികള് ഫലപ്രദമായി നവീകരിക്കാനും കാര്യക്ഷമമാക്കാനും കഴിയുന്നില്ല. പൊതുമേഖല ബാങ്കുകള് ഇക്കാര്യത്തില് യാഥാസ്ഥിതിക സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. കഴിയുന്നതും ഉപഭോക്താക്കളെ ഒഴിവാക്കാനാവും ശ്രമം. പൊതുമേഖല ബാങ്കുകള് കര്ശന നിയന്ത്രണങ്ങള് ഒഴിവാക്കുകയും സ്വര്ണ്ണപണയം പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.അങ്ങിനെയായാല് സ്വര്ണ്ണ വായ്പാ വിപണി അവര്ക്ക് സ്വന്തമാക്കാന് കഴിയും.
സ്വകാര്യ സ്ഥാപനത്തിലേക്ക് ആകര്ഷിക്കുന്ന ഘടകങ്ങള്
=================
സ്വകാര്യ സ്വര്ണ്ണ വായ്പ കമ്പനികള് നടത്തുന്ന മികച്ച കാമ്പയിനുകളിലൂടെയും സേവന വാഗ്ദാനങ്ങളിലൂടെയും ആവശ്യക്കാരെ ആകര്ഷിച്ച് വലിയ ലാഭം കൊയ്യുന്നു. സ്വര്ണ്ണ വായ്പകളുടെ ദ്രുതമൂല്യ നിര്ണ്ണയം,വിതരണം,മാനേജ്മെന്റ് എന്നിവയ്ക്കായി സ്വകാര്യ സ്ഥാപനങ്ങള് പ്രത്യേക പ്രക്രിയകളും സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്. അത് ഉപഭോക്താക്കളെ ആകര്ഷിക്കുന്നു. വേഗത്തിലുള്ള പ്രോസസിംഗും കര്ശനമല്ലാത്ത ഡോക്യുമെന്റേഷനുമാണ് ഇതില് പ്രധാനം. സ്വകാര്യ സ്ഥാപനങ്ങള് ബ്രാന്ഡ് പ്രൊമോഷന് സെലിബ്രൈറ്റികളെ ഉപയോഗിക്കുന്നു. വലിയ പരസ്യവും നല്കുന്നു. ഇത് ഉപഭോക്താക്കളെ വേഗത്തില് ആകര്ഷിക്കുന്നു. ശരിക്കും തീ കണ്ട് അടുത്തുവരുന്ന ഈയാംപാറ്റകളുടെ അവസ്ഥയാണ് അവര്ക്കുണ്ടാകുന്നത്.പൊതുമേഖല ബാങ്കുകളുടെ സ്വര്ണ്ണ വായ്പ നയത്തിലെ ഉപഭോക്തൃ സൌഹൃദമല്ലാത്ത നിലപാടാണ് പണത്തിന് ആവശ്യം നേരിടുന്നവരെ വലിയ പലിശ നല്കാന് ഇടയാക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തില് എത്തിക്കുന്നത്. ഐഐഎഫ്എല്ലില് 9.24 മുതല് 24 ശതമാനം വരെയും ടാറ്റാ കാപ്പിറ്റലില് 10.99 മുതല് മുകളിലേക്കും ബജാജ് ഫിന്കോര്പ്പില് 12.99 ശതമാനം മുതല് മുകളിലേക്കുമാണ് പലിശ. ഇന്ത്യന് ബുള്സില് ഇത് 13.99 മുതലാണ്. മുത്തൂറ്റ് ഫിനാന്സില് 12 മുതല് 27 ശതമാനം വരെയും മണപ്പുറം ഗോള്ഡില് 14 മുതല് 29 ശതമാനം വരെയും പലിശ ഈടാക്കുന്നു. കാഷ്ഇയില് ഇത് 33 മുതല് 36 ശതമാനം വരെയാണ്.
വായ്പ തുകയിലും മിക്ക സ്വകാര്യ സ്ഥാപനങ്ങളും പരിധി വച്ചിട്ടില്ല എന്നു കാണാം. കാഷ് ഇയില് 3 ലക്ഷവും ഇന്ത്യ ബുള്സില് 15 ലക്ഷവും ബജാജ് ഫിന്സെര്വ്വിലും ടാറ്റാ കാപ്പിറ്റലിലും 25 ലക്ഷവും വായ്പ പരിധിയാണെങ്കിലും മുത്തൂറ്റിലും മണപ്പുറം ഗോള്ഡിലും മറ്റും പരിധിയില്ലാതെ വായ്പ നല്കുന്നു.എല്ലാ മാസവും പലിശ അടച്ചുപോകുന്ന രീതിയിലും പലിശയും മുതലും ഒന്നിച്ച് അടച്ചുപോകുന്ന രീതിയിലും കാലാവധി കഴിയുന്ന ഉടന് മുഴുവന് തുകയും അടയ്ക്കുന്ന ബുള്ളറ്റ് പേയ്മെന്റ് എന്നിങ്ങനെ തിരിച്ചടവിന് പല സ്ഥാപനങ്ങള് അതത് മാനേജ്മെന്റിന്റെ തീരുമാനപ്രകാരം വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല് മുടക്കം വന്നാല് വായ്പ തന്ന സ്ഥാപനത്തിന് സ്വര്ണ്ണം ലേലം ചെയ്യാനുള്ള അവകാശവുമുണ്ട്.
സ്വകാര്യ സ്വര്ണ്ണപ്പണയ സ്ഥാപനങ്ങളെ ആളുകള് ആശ്രയിക്കുന്നതിന് കാരണം അവരുടെ സമീപനമാണ്. ലളിതമായ ആപ്ലിക്കേഷന് രീതികളും കുറഞ്ഞ പേപ്പര് വര്ക്കും കസ്റ്റമര് റിലേഷനുമാണ് പ്രധാനം.ഇത് പൊതുമേഖലയില് കാണാന് കഴിയില്ല.സ്വര്ണ്ണത്തിന്റെ ദൈനംദിന വില കണക്കിലെടുത്ത് പരമാവധി വായ്പ നല്കുന്നു എന്നതും പ്രധാനമാണ്. മുത്തൂറ്റ് ഫിനാന്സില് അഞ്ചുമിനിട്ടിനുള്ളില് ഒരു കോടി രൂപവരെ വായ്പ ലഭിക്കും. പ്രോസസിംഗ് ഫീസ് വായ്പയുടെ 0.25 ശതമാനം മുതല് ഒരു ശതമാനം വരെയാണ്.മണപ്പുറം ഗോള്ഡും അഞ്ച് മിനിട്ടിനുള്ളില് ഒരു കോടി വായ്പ നല്കും.കാലാവധി ഒരു വര്ഷമാണ്.പലിശ 12 മുതല് 29 ശതമാനം വരെയും. പ്രോസസിംഗ് ഫീ വായ്പ തീര്ക്കുന്ന സമയത്ത് വെറും പത്തു രൂപയും. സ്വകാര്യ പണയ കമ്പനികളുടെ വെബ്സൈറ്റില് ഫോണ് നമ്പരും പിന്കോഡും നല്കിയാല് മതി, അവരുടെ കസ്റ്റമര് റിലേഷന്സ് ഓഫീസര് ബന്ധപ്പെട്ട് വായ്പ നടപടിക്രമങ്ങള് ആരംഭിക്കും.വലിയ പലിശയുടെ കുരുക്കിലേക്ക് വായ്പാന്വേഷകര് എത്തിപ്പെടുന്നത് മധുരതരമായ വാഗ്ദാനങ്ങളും ആകര്ഷണീയമായ പെരുമാറ്റവുംകൊണ്ടാണ്. വലിയ ആശുപത്രികളില് രോഗിയുമായെത്തുന്ന കുടുംബാംഗങ്ങളുടെ അതേ ഗതികേടിലേക്കാണ് മിക്കവരും എത്തിപ്പെടുക. സാമ്പത്തികമായി ഇവര് വെന്റിലേറ്ററുകളിലേക്കാണ് മെല്ലെ ചെന്നുചേരുക( തുടരും)
No comments:
Post a Comment