തനിനിറം പത്രത്തില് ആരംഭിച്ച പരമ്പര -1
-------------------------------------------------------
ബാലകൌതുകം
=============
കുട്ടികള്ക്ക് എന്ത് കണ്ടാലും കൌതുകമാണ്.അറിയുവാനുള്ള ആഗ്രഹത്തോടെ അവര് നമ്മോട് ചോദ്യം ചോദിക്കും .നമ്മുടെ അറിവില്ലായ്മ മറയ്ക്കാന് നമ്മള് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കും. പലതും തെറ്റാകും,അല്ലെങ്കില് ആധികാരികത കുറഞ്ഞതാകും.അതല്ലെങ്കില് അവര്ക്ക് മനസിലാകാത്ത ഭാഷയിലാകും.അതല്ലെങ്കില് മോള്ക്ക് ഇപ്പോള് മനസിലാകില്ല,വലുതാകുമ്പോള് മനസിലാകും എന്നൊക്കെ പറയും. അത്തരത്തില് പറയേണ്ടിവരുന്ന ഘട്ടത്തില് ഉപകാരപ്പെടാവുന്ന ചില അറിവുകള് പങ്കുവയ്ക്കുന്ന ഒരു പരമ്പര ആരംഭിക്കുന്നു –
============
പ്ലാസ്റ്റിക് നിര്മ്മാണം
==============
നമ്മുടെ നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് അംശമില്ലാത്ത ഒരു ഉപകരണവും ഉപഭോഗവസ്തുവുമില്ല എന്നതാണ് അവസ്ഥ. എന്നാല് ഭൂമിയുടെ നിലനില്പ്പിന് തന്നെ അപകടമാകുന്ന ശാപവുമാണ് പ്ലാസ്റ്റിക്. കരയിലും കടലിലും വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും പോലും സൂക്ഷ്മമായ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. നന്മയും തിന്മയും സമം ചേര്ന്ന ഈ പ്ലാസ്റ്റിക് എങ്ങിനെ എവിടെനിന്നും വരുന്നു എന്ന് നോക്കാം. പെട്രോളിയം, പ്രകൃതിവാതകം എന്നിവയില് നിന്നും രാസപ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക്കിനാവശ്യമായ അസംസ്കൃത വസ്തുക്കള് ശേഖരിക്കുന്നത്.ആദ്യം പെട്രോളിയത്തെയും പ്രകൃതി വാതകത്തെയും സാങ്കേതികവിദ്യ ഉപയോഗിച്ച് പൊട്ടിച്ച് ശുദ്ധീകരിക്കും.അങ്ങിനെ ലഭിക്കുന്ന എത്തിലിന്,പ്രൊപ്പിലിന് എന്നിവയില് നിന്നാണ് പോളിമറുകള് വേര്തിരിക്കുന്നത്.നീണ്ട ചങ്ങല പോലുള്ള തന്മാത്രകളാണ് പോളിമറുകള്.ഈ വേര്തിരിച്ചെടുക്കലിന് പോളിമറൈസേഷന് എന്നു പറയും.ബാഗും കുപ്പികളുമൊക്കെയുണ്ടാക്കാന് പോളിഎത്തിലിനും പാക്കേജിംഗിന് പോളിപ്രൊപ്പിലിനും പൈപ്പുണ്ടാക്കാന് പിവിസി എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന പോളി വിനൈല് ക്ളോറൈഡുമാണ് ഉപയോഗിക്കുക.പ്ലാസ്റ്റിക്കിന് വഴക്കവും ശക്തിയും നിറവും കിട്ടാനായി ദൃഢത നല്കുന്ന വസ്തുക്കളും നിറവസ്തുക്കളും പ്ലാസ്റ്റിസൈസേഴ്സും ഉചിതമായ അളവില് ചേര്ക്കും.പോളിമര് കൂട്ടിനെ ചൂടാക്കി ഉരുക്കിയാണ് ഉത്പ്പന്നങ്ങളുണ്ടാക്കുക.പാത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെയുണ്ടാക്കാന് അതിന്റെ മാതൃകയിലേക്ക് പോളിമര് കൂട്ട് ഒഴിച്ച് അമര്ത്തും.ഇതിന് ഇന്ജക്ഷന് മോള്ഡിംഗ് എന്നുപറയും. പോളിമര് കൂട്ടിലേക്ക് വായുസമ്മര്ദ്ദം നല്കിയാണ് ബോട്ടിലും മറ്റും ഉണ്ടാക്കുക.ഇതിന് ബ്ലോ മോള്ഡിംഗ് എന്നു പറയും. പൈപ്പുകളും പ്ലാസ്റ്റിക് ഫിലിമുമൊക്കെയുണ്ടാക്കാന് പോളിമര് കൂട്ടിനെ അനുയോജ്യമായ അച്ചിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.ഇതിന് എക്സ്ട്രൂഷന് എന്നു പറയും. ഇത്തരം പ്രയോഗങ്ങളിലൂടെ ഉദ്ദേശിച്ച രൂപം പ്രാപിക്കുന്ന പ്ലാസ്റ്റിക്കിനെ തണുപ്പിച്ച് കട്ടിയാക്കും.അതിനെ ആവശ്യമെങ്കില് മുറിക്കുകയോ പോളിഷ് ചെയ്യുകയോ ചെയ്യും. ഇത്തരത്തിലാണ് അനേകായിരം രൂപത്തിലും ഭാവത്തിലുമുള്ള പാക്കേജിംഗ് വസ്തുക്കളും വീട്ടുപകരണങ്ങളും വ്യവസായ ഉത്പ്പന്നങ്ങളും ഫാക്ടറികളില് നിര്മ്മിക്കുന്നത്
No comments:
Post a Comment