Sunday, 3 November 2024

Is a gold loan like a duck that lays golden eggs?- Part 1 of the article published in Business plus magazine

 

സ്വര്ണ്ണപ്പണയം പൊന്മുട്ടയിടുന്ന താറാവോ ?
( 2024 ഒക്ടോബര് ലക്കം ബിസിനസ് പ്ലസില് വന്ന ലേഖനം - ഒന്നാം ഭാഗം )
=============================
- വി.ആര്.അജിത് കുമാര്
=========================
“വീട്ടില് സ്വര്ണ്ണം വച്ചിട്ടെന്തിന് നാട്ടില് തേടി നടപ്പൂ” എന്നത് വളരെ ജനകീയമായ ഒരു പരസ്യമായിരുന്നു.സ്വര്ണ്ണ പണയത്തില് വായ്പ കൊടുക്കുന്ന ഒരു ബാങ്കിംഗ് ഇതര സ്ഥാപനത്തിന്റേതായിരുന്നു ഈ പരസ്യം. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സിനിമ താരങ്ങളെ ഉപയോഗിച്ചാണ് സ്വര്ണ്ണ പണയ സ്ഥാപനങ്ങളെല്ലാം വലിയ തോതില് പരസ്യം നല്കാറുള്ളത്. തീര്ച്ചയായും മികച്ച ലാഭം കിട്ടുന്ന ഒന്നാകണം ഈ സേവന മേഖല. സ്വര്ണ്ണം മനുഷ്യരുടെ എക്കാലത്തെയും ആകര്ഷണീയമായ നിക്ഷേപവും അലങ്കാരവുമാണ്.സ്വര്ണ്ണം കണ്ട് കണ്ണുമഞ്ഞളിക്കുക എന്ന് പറയാറുണ്ടല്ലോ, അത് ശരിക്കും സത്യം തന്നെയാണ്.വിവാഹങ്ങളുടെ കൊഴുപ്പ് നിശ്ചയിക്കുന്നതുപോലും വധു അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തൂക്കം നോക്കിയാണ്.അപ്പോള് പണത്തേക്കാള് എന്നും ഒരു തുലാതൂക്കം മുന്നില് നില്ക്കുന്ന നിക്ഷേപം തന്നെയാണ് സ്വര്ണ്ണം.ഈ സ്വര്ണ്ണം വീട്ടില് വച്ചിട്ടോ ബാങ്ക് ലോക്കറില് സൂക്ഷിച്ചിട്ടോ വായ്പ തേടി നടക്കേണ്ട എന്നതാണ് പരസ്യവാചകം സൂചിപ്പിക്കുന്നത്.കാരണം സ്വര്ണ്ണപണയത്തില് ലഭിക്കുന്നപോലെ വേഗത്തില് മറ്റൊരു വായ്പയും ലഭിക്കില്ല എന്നതാണ് സത്യം.
പ്രാദേശികമായി നിയമപരമായല്ലാതെ സ്വര്ണ്ണം വാങ്ങി നൂറ് രൂപയ്ക്ക് മാസം മൂന്നു മുതല് പത്ത് രൂപ വരെ പലിശ വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് സ്വകാര്യ സംരംഭങ്ങള് റിസര്വ്വ് ബാങ്കിന്റെ അംഗീകാരത്തോടെ മാത്രമെ പ്രവര്ത്തിക്കാവൂ എന്ന് നിയമം വന്നതോടെ അത്തരം ചെറുകിട കൊള്ളപ്പലിശ സമ്പ്രദായം അവസാനിച്ചു. പൊതുമേഖല ബാങ്കുകള് സ്വര്ണ്ണ വായ്പയ്ക്ക് വലിയ പ്രാധാന്യം നല്കാത്തതിനാലും അവര് നല്കുന്നതിനേക്കാള് വേഗത്തില് കൂടുതല് പണം ലളിതമായ നടപടികളിലൂടെ ലഭ്യമാക്കുന്നതിനാലും കോടിക്കണക്കിന് ഉപഭോക്താക്കള് സ്വകാര്യ സ്വര്ണ്ണ പണയ സ്ഥാപനങ്ങളിലേക്ക് നിത്യവും ആകര്ഷിക്കപ്പെടുന്നു.
വസ്തുവും വീടും വ്യവസായ സ്ഥാപനവുമൊക്കെ ജാമ്യം നല്കിയും ആള് ജാമ്യത്തിലുമൊക്കെ വലിയ തുക വായ്പ എടുക്കുന്നവരും അത്തരത്തില് വായ്പ കൊടുക്കുന്ന ബാങ്കുകളും ധാരാളമായുണ്ട്. ഇത്തരത്തില് കൊടുക്കുന്ന വായ്പ മുടങ്ങിയാല് അതിന്റെ ചെറിയ അംശമെങ്കിലും ഈടാക്കാന് വലിയ നിയമനടപടികള് ആവശ്യമാണ്.ഈട് വയ്ക്കുന്ന വീടോ വസ്തുവോ ലേലം ചെയ്ത് ലഭിക്കുന്ന തുക പലപ്പോഴും മുതലും പലിശയും ചേരുന്ന തുകയേക്കാള് കുറവാണെങ്കില് കിട്ടാക്കടം എഴുതിതള്ളേണ്ടിവരുന്നതും സാധാരണമാണ്.എന്നിട്ടും പൊതുമേഖല ബാങ്കുകള് സ്വര്ണ്ണപണയത്തിലുള്ള വായ്പകള് വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്നു കാണാം. എന്നാല് സ്വര്ണ്ണ വില്പ്പന ശാലകള് പെരുകുന്നപോലെ സ്വകാര്യസ്വര്ണ്ണപണയ സ്ഥാപനങ്ങളും നിത്യേന എന്ന വണ്ണം പെരുകി വരുന്നതാണ് കാണുന്നത്. ഇവര് ഈടാക്കുന്ന പലിശ പൊതുമേഖല സ്ഥാപനങ്ങളുടേതില് നിന്നും വളരെ ഉയര്ന്നതായിട്ടും ജനം അവരെതന്നെ കൂടുതലായി ആശ്രയിക്കുന്നതിന് എന്താകും കാരണം?
സ്വര്ണ്ണവായ്പ പൊതുമേഖലയില്
=========================
പൊതുമേഖല ബാങ്കുകളില് സ്വര്ണ്ണപണയത്തിന് നിലവിലുള്ള നിയമപ്രകാരം ലഭിക്കുന്ന പരമാവധി വായ്പ സ്വര്ണ്ണവിലയുടെ 80 ശതമാനമാണ്.വായ്പ ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസവും നല്കുന്നതിലുള്ള താത്പ്പര്യക്കുറവുമാണ് പൊതുമേഖല ബാങ്കുകളെ ഒഴിവാക്കാന് ഉപഭോക്താക്കളെ നിര്ബ്ബന്ധിതരാക്കുന്നത്.വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉപഭോക്തൃ സൌഹൃദമല്ല.അതിനുപുറമെ ചില ബാങ്കുകളുടെ പ്രോസസിംഗ് ഫീയും അപ്രൈസര് ചാര്ജും ഉയര്ന്നതാണ് എന്നതും ഉപഭോക്താക്കളുടെ താത്പ്പര്യം കുറയ്ക്കുന്നു. ഇതിനെല്ലാം പുറമെ പൊതുമേഖല ബാങ്കുകള് സ്വര്ണ്ണപണയ വായ്പ സംബ്ബന്ധിച്ച് വേണ്ടത്ര ബോധവത്ക്കരണം നല്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ട് വ്യക്തികളുടെ അനുഭവത്തിലൂടെ കേരളത്തിലെ പൊതുമേഖല ബാങ്കുകളുടെ സമീപനം നമുക്ക് മനസിലാക്കാന് കഴിയും. (ബാങ്കുകളുടെ പേരും ബ്രാഞ്ചും ഒഴിവാക്കുന്നു.)കേരളത്തില് കൂടുതല് ബ്രാഞ്ചുകളുള്ള ഒരു ബാങ്കിന്റെ ശാഖയില് സ്വര്ണ്ണപണയ വായ്പയ്ക്കായി എത്തിയ വ്യക്തിയ്ക്ക് കൌണ്ടറില് നിന്നും വ്യക്തമായ ഒരു മറുപടിയും കിട്ടിയില്ല.പലരോടും ചോദിച്ചശേഷമാണ് മറുപടി കിട്ടിയത്. അതിങ്ങനെയാണ്. സര്വര് ഡൌണ് ആണ്. ഇന്ന് വായ്പയെടുക്കാന് കഴിയില്ല. അത്യാവശ്യമെങ്കില് മറ്റെവിടെയെങ്കിലും നോക്കൂ. അക്കൌണ്ട് ഉള്ള ബാങ്കിലെ പണയം വയ്ക്കാന് കഴിയൂ എന്നതിനാല്‌ അയാള് വലിയ പലിശ വാങ്ങുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പോയി.പത്ത് മിനിട്ടിനുള്ളില് പണവും കിട്ടി. ഇതേ ബാങ്കില് പിന്നീടൊരിക്കല് ചെന്നപ്പോള് അപ്രൈസറില്ല,അതിനാല് ഒന്നും ചെയ്യാന് കഴിയില്ല എന്നായിരുന്നു മറുപടി. അത്തവണ അയാള് കെഎസ്എഫ്ഇയില് പോയി. അവിടെയും പതിനഞ്ച് മിനിട്ടിനുള്ളില് വായ്പ അനുവദിച്ചുകിട്ടി. എന്നാല് കേരളത്തില് പൊതുവെ ബ്രാഞ്ചുകള് കുറവുള്ള ഒരു പൊതുമേഖല ബാങ്കില് ഇതായിരുന്നില്ല രീതി. അവിടെ എത്തി കൌണ്ടറില് ചോദിച്ചപ്പോള് അപ്രൈസറെ കാണാന് പറഞ്ഞു. അയാള് ഉരുപ്പടി 22 കാരറ്റ് സ്വര്ണ്ണമാണോ എന്ന് പരിശോധിച്ചു. പേപ്പറുകളില് ഒപ്പിട്ടു കൊടുത്തു.പതിനഞ്ച് മിനിട്ടിനുള്ളില് വായ്പയും ലഭിച്ചു. ഇതില് നിന്നും പൊതുമേഖല ബാങ്കുകള്ക്ക് പൊതുവായ ഒരു നിഷേധ നിലപാടോ അനുകൂല നിലപാടോ അല്ല ഉള്ളത് എന്നു മനസിലാക്കാം. വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആശ്രയിച്ചല്ല ഇത്തരം പോളിസികള് ഉണ്ടാകേണ്ടത് എന്നതിന് ഈ ഉദാഹരണങ്ങള് തന്നെ ധാരാളം.
പ്രോസസിംഗ് ഫീ
==============
വായ്പയ്ക്കുള്ള പലിശയ്ക്ക് പുറമെയാണ് പ്രോസസിംഗ് ഫീസും അപ്രൈസര് ചാര്ജും മറ്റ് നിരക്കുകളും വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് മാസംകൊണ്ട് തിരിച്ചടയ്ക്കേണ്ട ബുള്ളറ്റ് റീപേയ്മെന്റിനുപോലും പ്രോസസിംഗിനായി 200 രൂപയും ജിഎസ്ടിയും നല്കണം.ആറുമാസ വായ്പയ്ക്ക് ഇത് 300 രൂപയും ജിഎസ്ടിയുമാണ്.12 മാസ വായ്പയാണെങ്കില് പ്രോസസിംഗ് തുക വായ്പയുടെ 0.5 ശതമാനമാകുന്നു.ഇതുതന്നെ കുറഞ്ഞത് 500 രൂപയും കൂടിയത് പതിനായിരം രൂപയും ജിഎസ്ടിയും എന്ന് നിജപ്പെടുത്തിയിരിക്കുന്നു.ഈഎംഐ വായ്പയ്ക്കും ഇതുതന്നെയാണ് രീതി.ഇന്ത്യന് ഓവര്സീസ് ബാങ്കില് പ്രോസസിംഗ് ഫീ 295 രൂപയും അപ്രൈസര് ഫീ 500 രൂപയുമാണ്.12 മാസം കഴിയുമ്പോള് വായ്പ പുതുക്കി വയ്ക്കണം.അപ്പോഴും ഈ തുക നല്കേണ്ടതുണ്ട്. കാനറ ബാങ്കില് സ്വര്ണ്ണ ഓവര്ഡ്രാഫ്റ്റ് വായ്പയ്ക്ക് വായ്പയുടെ 0.5 ശതമാനമാണ് നല്കേണ്ടത്. ഇത് കുറഞ്ഞത് 500 രൂപയെന്നും കൂടിയത് 5000 രൂപയെന്നും നിശ്ചയിച്ചിരിക്കുന്നു.എംഎസ്എംഈ സംരംഭകര്ക്കും കാര്ഷിക സ്വര്ണ്ണ പണയക്കാര്ക്കും 10 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കില് പ്രോസസിംഗ് തുക 2750 രൂപയാണ്.എന്നാല് ബാങ്ക് ഓഫ് ബറോഡയില് 3 ലക്ഷം വരെയുള്ള വായ്പയ്ക്ക് പ്രോസസിംഗ് ഫീ ഇല്ല.പഞ്ചാബ് നാഷണല് ബാങ്കില് ഇത് വായ്പയുടെ 0.3 ശതമാനവും നികുതിയുമാണ്.ഇവിടെയും കുറഞ്ഞ തുക 500 ആയി നിശ്ചയിച്ചിരിക്കുന്നു. സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യ 0.5 ശതമാനവും പ്രോസസിംഗ് ഫീ ഈടാക്കുന്നു. കുറഞ്ഞ തുക 250 രൂപയും പരമാവധി തുക 5000 രൂപയുമാണ്.സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സിയില് ഇത് വായ്പയുടെ ഒരു ശതമാനമാണ്.ആക്സിസ് ബാങ്കില് മൂന്ന് ലക്ഷം വരെയുള്ള വായ്പകള്ക്ക് 300 രൂപയും നികുതിയും നല്കണം.രണ്ട് ലക്ഷത്തിന് മുകളിലുള്ള പുതുക്കല് വായ്പയ്ക്ക് ഇത് 0.5 ശതമാനമാണ്. കോട്ടക് മഹീന്ദ്ര വായ്പയുടെ 2 ശതമാനവും ഫെഡറല് ബാങ്ക് 3 ശതമാനവും ഐസിഐസിഐയും ഇന്ഡസ് ഇന്ഡ് ബാങ്കും വായ്പയുടെ ഒരു ശതമാനവുമാണ് പ്രോസസിംഗിനായി ഈടാക്കുന്നത്. ഇതിലെല്ലാം ചെറിയ വ്യതിയാനങ്ങള് സ്ഥാപനങ്ങള് വരുത്താറുണ്ട് എന്നതൊഴിച്ചാല് പൊതുനിലപാട് ഇതാണ്.
പലിശ നിരക്ക്
============
പൊതുമേഖല ബാങ്കുകളുടെ സ്വര്ണ്ണപണയ വായ്പയുടെ പലിശനിരക്ക് ഇങ്ങിനെയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് 8.7 ശതമാനവും ഇന്ത്യന് ഓവര്സീസ് ബാങ്കില് 8.5 ശതമാനവും കാനറ ബാങ്കില് 9.6 ശതമാനവും ബാങ്ക് ഓഫ് ബറോഡയില് 9.15 ശതമാനവും കര്ണ്ണാടക ബാങ്കില് 9.33 മുതല് 11.33 ശതമാനവും പഞ്ചാബ് നാഷണല് ബാങ്കില് 9.25 ശതമാനവും സെന്ട്രല് ബാങ്കില് 8.45 മുതല് 8.55 ശതമാനവും ഇന്ത്യന് ബാങ്കില് 8.65 ശതമാനം മുതല് 10.4 ശതമാനം വരെയുമാണ് പലിശ. എച്ച്ഡിഎഫ്സിയില് ഇത് 11 മുതല് 16 ശതമാനം വരെയും ആക്സിസ് ബാങ്കില് 17 ശതമാനം മുതല് മുകളിലേക്കുമാണ്. കോട്ടക് മഹീന്ദ്രയില് എട്ടു മുതല് 24 ശതമാനം വരെയും ഫെഡറല് ബാങ്കില് 8.99 ശതമാനവും ഇന്ഡസ് ഇന്ഡ് ബാങ്കില് 9.6 മുതല് 16 ശതമാനം വരെയുമാണ് പലിശ.
വായ്പ പരിധി
==========
വായ്പ പരിധിയിലും ബാങ്കുകള് വ്യത്യസ്ത നിലപാടുകള് സ്വീകരിക്കുന്നത് കാണാം. എസ്ബിഐയില് ഇരുപതിനായിരം മുതല് 50 ലക്ഷം വരെയാണ് വായ്പ. കാനറ ബാങ്കില് 5000 മുതല് 50 ലക്ഷം വരെയും ബാങ്ക് ഓഫ് ബറോഡയില് 50 ലക്ഷവും കര്ണ്ണാടക ബാങ്കിലും പഞ്ചാബ് നാഷണല് ബാങ്കിലും 25 ലക്ഷവും സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയില് 40 ലക്ഷവും ഇന്ത്യന് ബാങ്കില് 10 ലക്ഷവും ഐഓബിയില് 25000 മുതല് 50 ലക്ഷം വരെയുമാണ് വായ്പ അനുവദിക്കുക. സ്വകാര്യ ബാങ്കുകളായ എച്ഡിഎഫ്സിയിലും യെസ് ബാങ്കിലും ഐസിഐസിഐയിലും ആക്സിസ് ബാങ്കിലും ഇത് പതിനായിരം മുതല് 5 കോടി വരെയും കോട്ടക് മഹീന്ദ്രയില് ഒന്നരകോടിയും ഐസിഐസിഐയില് 50 ലക്ഷവും ഇന്ഡസ് ഇന്ഡില് 20 ലക്ഷവുമാണ് (തുടരും)

No comments:

Post a Comment