ബാലകൌതുകം --തനിനിറം പത്രത്തില് പ്രസിദ്ധീകരിക്കുന്ന പരമ്പര-ഭാഗം-2
================
കുട്ടികള്ക്ക് എന്ത് കണ്ടാലും കൌതുകമാണ്.അറിയുവാനുള്ള ആഗ്രഹത്തോടെ അവര് നമ്മോട് ചോദ്യം ചോദിക്കും .നമ്മുടെ അറിവില്ലായ്മ മറയ്ക്കാന് നമ്മള് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കും. പലതും തെറ്റാകും,അല്ലെങ്കില് ആധികാരികത കുറഞ്ഞതാകും.അതല്ലെങ്കില് അവര്ക്ക് മനസിലാകാത്ത ഭാഷയിലാകും.അതല്ലെങ്കില് മോള്ക്ക് ഇപ്പോള് മനസിലാകില്ല,വലുതാകുമ്പോള് മനസിലാകും എന്നൊക്കെ പറയും. അത്തരത്തില് പറയേണ്ടിവരുന്ന ഘട്ടത്തില് ഉപകാരപ്പെടാവുന്ന ചില അറിവുകള് പങ്കുവയ്ക്കുന്ന ഒരു പരമ്പരയാണ് ബാലകൌതുകം
സ്ലേറ്റും സ്ലേറ്റ് പെന്സിലും
====================
എന്റെ തലമുറയില് പെട്ടവര് അക്ഷരമെഴുതിത്തുടങ്ങിയത് നിലത്ത് മണ്ണിലാണ്. ഒന്നാം ക്ലാസ്സിലൊക്കെ എത്തിയപ്പോള് സ്ലേറ്റും പെന്സിലുമായി. സ്ലേറ്റും പെന്സിലും എവിടെനിന്നാണ് വരുന്നത് എന്ന ചോദ്യം അന്നേ മനസിലുണ്ടായിരുന്നു.വളരെ കാലത്തിന് ശേഷമാണ് ഇത് രണ്ടും സ്വാഭാവികമായി പ്രകൃതിയില് നിന്നും ലഭിക്കുന്ന വസ്തുക്കളാണ് എന്ന് മനസിലാക്കിയത്. കട്ടികുറഞ്ഞ ഷീറ്റുകളായി ഇളകി വരുന്ന പാറകളാണ് സ്ലേറ്റാക്കി മാറ്റുന്നത്. നാല് ഇഞ്ച് വീതിയും ആറിഞ്ച് നീളവുമുള്ള സ്ലേറ്റ് കഷണങ്ങളെ തടിയില് ഉറപ്പിച്ചാണ് സാധാരണ സ്ലേറ്റുകള് നിര്മ്മിക്കുന്നത്. കൃത്യമായ അളവില് മുറിച്ചെടുത്ത സ്ലേറ്റ് കഷണങ്ങളെ സ്ലേറ്റ് പൌഡര് ഉപയോഗിച്ച് മിനുക്കി വെള്ളത്തില് കഴുകി ഉണക്കിയ ശേഷമാണ് തടി ഫ്രയിമില് ഉറപ്പിക്കുന്നത്.
വര്ഷങ്ങള്ക്കുമുന്നെ പ്രകൃതിയില് അടിഞ്ഞുചേര്ന്ന കളിമണ്ണില് നിന്നാണ് സ്ലേറ്റ് പെന്സില് തയ്യാറാക്കുന്നത്. പെന്സില് ഉണ്ടാക്കുന്ന കളിമണ്ണും സ്ലാബുകളായാണ് ഭൂമിയില് കാണപ്പെടുന്നത്.അവയും വലിയ കഷണങ്ങളായി ഇളക്കിയെടുത്ത് ചെറുതാക്കി ചെത്തി മിനുക്കിയാണ് പെന്സിലുകളാക്കി മാറ്റുന്നത്.പതിനാലാം നൂറ്റാണ്ടിലെ സ്ലേറ്റും പെന്സിലും ഉപയോഗിച്ചു തുടങ്ങിയെങ്കിലും വ്യാപകമായി ഉപയോഗിക്കാന് തുടങ്ങിയത് പത്തൊന്പതാം നൂറ്റാണ്ടിലാണ്. ഇപ്പോള് സ്ലേറ്റുകളുടെ ഉപയോഗം തീരെ കുറഞ്ഞു.നഴ്സറികളില് പോലും കുട്ടികള് ബുക്കിലാണ് എഴുതുന്നത്. എങ്കിലും കുട്ടികളുള്ള വീടുകളില് ഒരു സ്ലേറ്റെങ്കിലും കാണാറുണ്ട്. അവ ഉടഞ്ഞുപോകാന് സാധ്യതയില്ലാത്ത കൃത്രിമ വസ്തുക്കളാലാണ് ഇപ്പോള് നിര്മ്മിക്കാറുള്ളത്. പ്ലാസ്റ്റിക്, തടിയുടെ നാര്, മിനുക്കിയ കാര്ഡ് ബോര്ഡ്, പാകപ്പെടുത്തിയ ഗ്ലാസ്സ്,റീസൈക്കിള് ചെയ്ത വസ്തുക്കള്,സിറാമിക് പൂശിയ സ്റ്റീല് എന്നിവയൊക്കെ സ്ലേറ്റ് നിര്മ്മാണത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കൊച്ചുകുട്ടികള് മാത്രമല്ല, ഓഫീസുകളിലും ഫാക്ടറികളിലുമൊക്കെ പലവിധ രേഖപ്പെടുത്തലുകള്ക്കായും സ്ലേറ്റുകള് ഉപയോഗിക്കുന്നുണ്ട്. കംപ്യൂട്ടറും മൊബൈലും കൈയ്യടക്കിയ ലോകത്തുനിന്നും വേഗത്തിലൊന്നും പിന്മാറില്ല എന്ന വാശിയിലാണ് സ്ലേറ്റും സ്ലേറ്റു പെന്സിലും👧
No comments:
Post a Comment