2024 ഒക്ടോബര് 27-നവംബര് 3 ലക്കം കലാകൌമുദിയില് എഴുതിയ "പരമ്പരാഗത ധനവിനിയോഗ രീതി മാറിയേ തീരു "എന്ന ലേഖനത്തിന്റെ അവസാന ഭാഗം- വായിക്കുക
=================
പുതിയ കാലം,പുതിയ സമീപനം
======================
* പരമ്പരാഗത ധനവിനിയോഗ രീതികള്ക്ക് മാറ്റം വരുത്തേണ്ട അടിയന്തിര ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കൂടുതല് വനവത്ക്കരണം, കാര്ബണ് പ്രസാരണം കുറയ്ക്കല്,നല്ല പാരിസ്ഥിതിക പ്രാക്ടീസുകള്,സാമ്പത്തിക അച്ചടക്കം,മികച്ച നികുതി ശേഖരണം, ഉത്തരവാദിത്തമുള്ള ചിലവാക്കല് എന്നിവയ്ക്ക് പ്രോത്സാഹനം നല്കുന്ന രീതിയിലേക്ക് ധനവിനിയോഗം മാറേണ്ടിയിരിക്കുന്നു.
* ജനസംഖ്യാപരമായ മാറ്റം, കുടിയേറ്റം,കാലാവസ്ഥ വ്യതിയാനം പോലുള്ള വെല്ലുവിളികള് എന്നിവ നേരിടാന് ഉദ്ദേശ്യപരമായ ധനകൈമാറ്റം പരിഗണിക്കാവുന്നതാണ്. സമാനമല്ലാത്ത വെല്ലുവിളികള് നേരിടുന്ന സംസ്ഥാനങ്ങള്ക്ക് ഇത് ഗുണകരമാകും.
* ധനാഗമ സംവിധാനത്തില് ശക്തമായ ലംബ അസമത്വം നിലനില്ക്കുന്നതിനാല് അധികാര കേന്ദ്രീകരണം നടക്കുന്നുണ്ട്. ഇത് ഒഴിവാകണമെങ്കില് കേന്ദ്ര പൂളില് വരുന്ന തുകയുടെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്ക്ക് നല്കേണ്ടതുണ്ട്.ഇപ്പോള് ഇത് 41 ശതമാനമാണ്. കേന്ദ്രം ഏര്പ്പെടുത്തുന്ന സെസ്സ്,സര്ചാര്ജ്ജ് എന്നിവയുടെ പകുതി തുക കൂടി ഡിവിസിബിള് പൂളില് കൊണ്ടുവരേണ്ടതുണ്ട്.
* ഗ്രാന്റ് നല്കുമ്പോള് കര്ക്കശ വ്യവസ്ഥകള് വയ്ക്കാതെ സംസ്ഥാനങ്ങള്ക്ക് ഫ്ലെക്സിബിളിറ്റി നല്കിയാലെ വികാസം പ്രാപിച്ച സംസ്ഥാനങ്ങള്ക്ക് ഇത് പ്രയോജനപ്പെടുത്താന് കഴിയൂ.
* സമ്പന്നരും പാവപ്പെട്ടവരുമായ സംസ്ഥാനങ്ങള് തമ്മിലുള്ള അന്തരം കുറയ്ക്കാന് കാനഡ മാതൃകയില് തുല്യത ഗ്രാന്റ് നല്കണം.സമ്പന്ന സംസ്ഥാനങ്ങളില് നിന്നും വാങ്ങി ദരിദ്ര സംസ്ഥാനങ്ങള്ക്ക് നല്കുന്ന രീതിയാണിത്.
* വിദ്യാഭ്യാസം,ആരോഗ്യം,അടിസ്ഥാന സേവനം,സൌകര്യം എന്നിവയില് പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളെ പ്രാദേശിക പ്രശ്നങ്ങള് മനസിലാക്കി വികസന പരിപാടികള്ക്ക് ഗ്രാന്റ് നല്കുന്ന രീതിയും ഉണ്ടാകണം.
* ജിഎസ്ടിയില് നിന്നും ന്യായമായ തുക സംസ്ഥാനങ്ങള്ക്ക് നല്കുകയോ സംസ്ഥാനങ്ങള്ക്ക് കൂടുതല് നികുതി ഈടാക്കാന് അനുവദിക്കുകയോ ചെയ്യുന്ന വിധത്തില് സംസ്ഥാനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്.എന്നുമാത്രമല്ല ജിഎസ്ടി വിതരണത്തിലെ കാലതാമസം ഒഴിവാക്കുകയും വിതരണത്തിലെ അസമമായ സമീപനം ഒഴിവാക്കുകയും വേണം.ജിഎസ്ടി സ്ഥിരത ഫണ്ട് തയ്യാറാക്കി ധനഉപഭോഗ രീതി മാറിയ സംസ്ഥാനങ്ങള്ക്കും സാമ്പത്തികാഘാതം സംഭവിച്ച സംസ്ഥാനങ്ങള്ക്കും പണം അനുവദിക്കേണ്ടതുണ്ട്. ഈ രണ്ട് വിഷയവും കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് എന്നു കാണാം. മുതിര്ന്ന പൌരന്മാരുടെ എണ്ണം വര്ദ്ധിക്കുകയും ചെറുപ്പക്കാര് വലിയതോതില് പണം ഒഴുക്കി വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുകയും ആ വിടവ് നികത്തി ഉത്തരേന്ത്യയില് നിന്നും തൊഴില് ചെയ്യാനെത്തുന്നവര് റവന്യൂ കേരളത്തില് ചിലവാക്കാതെ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്ന സവിശേഷ സാമ്പത്തിക ദുരന്തത്തിലേക്കാണ് കേരളം നീങ്ങുന്നത്.
* തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചമാക്കാന് വികേന്ദ്രീകൃത നികുതി സംവിധാനവും ആവശ്യമാണ്.
* കേന്ദ്രാവിഷ്കൃത പദ്ധതികള് കുറയ്ക്കുകയോ അല്ലെങ്കില് സംസ്ഥാനങ്ങളുടെ സാമൂഹിക-സാമ്പത്തിക വികാസം കണക്കിലെടുത്ത് നടപ്പാക്കലില് ഫ്ലെക്സിബിളിറ്റി അനുവദിക്കുകയോ ചെയ്യേണ്ടതുണ്ട്.
* വിവിധ മേഖലകളില് പരാജയപ്പെട്ട സംസ്ഥാനങ്ങള്ക്ക് കൂടുതല് പണം അനുവദിക്കുന്ന സൂചകങ്ങളുള്ള നിലവിലെ രീതി മാറ്റി ആരോഗ്യം, വിദ്യാഭ്യാസം,അടിസ്ഥാന സേവന-സൌകര്യ വികസനം എന്നിവയില് വിജയിച്ച സംസ്ഥാനങ്ങള്ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാന്റ് നല്കുന്നത് ആരോഗ്യപരമായ മത്സരം പ്രോത്സാഹിപ്പിക്കും.
* ധനവിനിയോഗത്തില് സുതാര്യതയും അക്കൌണ്ടബിലിറ്റിയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ധനവിനിയോഗ വിവരങ്ങള് പൊതുജനത്തിന് കാണാന് കഴിയുംവിധം ഡിജിറ്റല് പ്ലാറ്റ്ഫോമില് ലഭ്യമാക്കണം.
* ബജറ്റിംഗിലും ചിലവഴിക്കലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്ക്ക് പ്രോത്സാഹനം നല്കണം. കേന്ദ്രവും സംസ്ഥാനവും ചിലവഴിക്കല് മര്യാദകള് പാലിക്കണം. അതുവഴി കടം വാങ്ങലും കടം കുന്നുകൂടലും ഒഴിവാക്കാന് കഴിയും. സാമ്പത്തിക ഉത്തരവാദിത്തവും ബജറ്റ് മാനേജ്മെന്റും നിയമം സംസ്ഥാനങ്ങള്ക്ക് എന്നപോലെ കേന്ദ്രത്തിനും ബാധകമാക്കണം.
* കാര്യക്ഷമതയ്ക്കുള്ള മുന്ഗണനയാണ് ഏറ്റവും പ്രധാനം.അത് തിരശ്ചീന വരുമാന വിഭജനത്തിന്റെ മാനദണ്ഡങ്ങള് കുറേക്കൂടി സുതാര്യമാക്കും.ജിഎസ്ടി കൌണ്സില് പോലെ സംസ്ഥാനങ്ങള്ക്ക് പ്രാതിനിധ്യമുള്ള സംവിധാനമായി ധനക്കമ്മീഷനെ മാറ്റാനായി ഘടനയിലും പ്രവര്ത്തനത്തിലും മാറ്റം കൊണ്ടുവരുന്നത് സുതാര്യത ഉറപ്പാക്കാനും പക്ഷപാതം സംബ്ബന്ധിച്ച് ഉയരുന്ന പരാതികള് ഇല്ലാതാക്കാനും ഉപകരിക്കും.
* ദീര്ഘകാല ലക്ഷ്യങ്ങളോടെയുള്ള പ്ലാനിംഗ്,ഉത്തരവാദ കട മാനേജ്മെന്റ് തന്ത്രങ്ങള് എന്നിവയെ പ്രോത്സാഹിപ്പിച്ച് സുസ്ഥിരതയും സാമ്പത്തിക ബലവും വര്ദ്ധിപ്പിക്കുക എന്നതാകണം ധനകമ്മീഷന്റെ ലക്ഷ്യം.
രാഷ്ട്രീയത്തിന് ഉപരിയായ കേന്ദ്ര-സംസ്ഥാന സഹകരണ സമീപനംകൊണ്ടുമാത്രമെ രാജ്യം ഒന്നാകെ വികസിക്കൂ എന്നത് ഭരണപക്ഷവും പ്രതിപക്ഷവും ഉള്ക്കൊള്ളേണ്ടതുണ്ട്.(അവസാനിച്ചു)
No comments:
Post a Comment