Thursday, 14 November 2024

Children's Curiosity – A New Series in Thaniniram Daily – Third Part: Pencil making

 

തനിനിറം പത്രത്തില് പ്രസിദ്ധീകരിച്ചുവരുന്ന ബാലകൌതുകം പരമ്പരയിലെ മൂന്നാമത് ലേഖനം- "എഴുത്തുകോലാല് എഴുതിയ അക്ഷരങ്ങള്"✍️
----------
വി.ആര്.അജിത് കുമാര്
-------------
ബാലകൌതുകം - 3
===========
പെന്സിലിന്റെ കഥ
=============
എഴുത്തുകോല് എന്ന് മലയാളത്തില് വിളിക്കാവുന്ന പെന്സിലാണ് മായാത്ത അക്ഷരങ്ങളെഴുതാന് കുട്ടികള് ആദ്യമായി ഉപയോഗിക്കുന്ന എഴുത്തുപകരണം.അതിനെ റബ്ബര് ഉപയോഗിച്ച് ഉരച്ചാലെ മായ്ക്കാന് കഴിയൂ.അടുത്ത ഘട്ടത്തിലാണ് അവര് പേനയിലേക്ക് മാറുന്നത്.കറുത്ത അക്ഷരങ്ങളായി മാറി തേഞ്ഞുതേഞ്ഞില്ലാതാകുന്ന പെന്സിലിന്റെ കറുത്ത അംശത്തെ നമ്മള് ലെഡ് എന്ന് വിളിക്കും.എന്നാല് ഇതില് ലെഡ് അഥവാ കറുത്തീയം ഇല്ല എന്നതാണ് സത്യം.പതിനാറാം നൂറ്റാണ്ടില് ഗ്രാഫൈറ്റ് കണ്ടെത്തിയപ്പോള് അത് ലെഡാണ് എന്ന് കരുതി അന്നിട്ട പേര് പിന്നെ പതിഞ്ഞുപോയതാണ്. അതിപ്പോഴും തുടരുന്നു.
ഗ്രാഫൈറ്റും ചെളിയും ചേര്ത്താണ് എഴുത്ത് കോലുണ്ടാക്കുന്നത്.ഗ്രാഫൈറ്റ് മൃദുവായ കാര്ബണാണ്.അതില് ചെളി ചേരുമ്പോഴാണ് കട്ടിയുണ്ടാകുന്നത്.നിര്മ്മാണത്തിന്റെ ആദ്യപടിയായി ഗ്രാഫൈറ്റും ചെളിയും വെള്ളത്തില് കൃത്യമായ അനുപാതത്തില് കുഴച്ചെടുക്കും.ഗ്രാഫൈറ്റിന്റെയും ചെളിയുടെയും അനുപാതമനുസരിച്ച് പെന്സിലുകള് വ്യത്യാസപ്പെട്ടിരിക്കും.സാധാരണയായി ഉപയോഗിക്കുന്ന പെന്സിലുകള് ബിയും എച്ചും എച്ച്ബിയുമാണ്.ബി എന്നാല് ബ്ലാക്ക് എന്നും എച്ച് എന്നാല് ഹാര്ഡ് എന്നുമാണ് അര്ത്ഥമാക്കേണ്ടത്.ബി പെന്സിലില് ഗ്രാഫൈറ്റ് കൂടുതലായതിനാല് വരകളും അക്ഷരങ്ങളും വലുതായി കാണാന് കഴിയും. എച്ച് പെന്സിലില് ചെളിയുടെ അളവാണ് കൂടുതല്.ഇത് വളരെ നേര്ത്ത രേഖകളും അക്ഷരങ്ങളുമാകും നല്കുക. ഇവ സാങ്കേതികമായ വരകള്ക്കും എഴുത്തുകള്ക്കുമാണ് ഉപയോഗിക്കുക. ഗ്രാഫൈറ്റ് കൂടുന്നതനുസരിച്ച് 2 ബി,3 ബി,4 ബി,5 ബി,6 ബി എന്നിങ്ങനെ നമ്പരുള്ള പെന്സിലുകളുണ്ടാകും.ചെളി കൂടിയവ 2 എച്ച്,4 എച്ച് എന്നിങ്ങനെ രേഖപ്പെടുത്തിയാണ് വരുക. സ്കൂളിലെ ഉപയോഗത്തിന് ബി പെന്സിലോ എച്ച്ബി പെന്സിലോ ആണ് നല്ലത്.ചെളിയും ഗ്രാഫൈറ്റും ചേര്ന്ന മിശ്രിതം ചെറിയ ട്യൂബിലൂടെ പുറത്തേക്ക് തള്ളിവിട്ടാണ് നീണ്ട കമ്പികളാക്കി മാറ്റുന്നത്.ഇവ ഉണക്കി ചൂളയില് ചുട്ടെടുക്കും.ഇത് തണുത്തുകഴിയുമ്പോള് മെഴുകോ എണ്ണയോ ഉപയോഗിച്ച് തേച്ചുമിനുക്കും.എഴുത്ത് മിനുസപ്പെടുത്താനാണ് ഇങ്ങിനെ ചെയ്യുന്നത്.
പെന്സിലിന്റെ പുറമെയുള്ള കവചം ഉണ്ടാക്കുന്നത് മൃദുവായ മരക്കക്ഷണത്തിലാണ്.ദേവദാരു മരമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.മൃദുവായ തടി വേഗത്തില് കൂര്പ്പിക്കാനും കഴിയും. ഓരോ അളവിലുള്ള രണ്ട് കഷണങ്ങള് ചേര്ത്തുവച്ചാണ് ചട്ടം ഉണ്ടാക്കുക. രണ്ടിലും എഴുത്തുകോല് ഇരിക്കത്തക്കവിധം ചാലുണ്ടാക്കും.ഒരു കഷണത്തിലെ ചാലിനുള്ളില് കോല് വച്ചശേഷം മറ്റേകഷണം പശതേച്ച് ഒട്ടിക്കും.ചുരുക്കത്തില് എഴുത്തുകോല് രണ്ട് തടികള്ക്കിടയില് സാന്ഡ്വിച്ച് ചെയ്യപ്പെടും.പശ ഉണങ്ങി കഴിയുമ്പോള് സാന്ഡ്വിച്ച് ചെയ്ത തടി കൃത്യമായ അളവില് മുറിച്ചെടുക്കും. 170-175 മില്ലിമീറ്ററൊക്കെയാണ് സാധാരണ പെന്സിലിന്റെ നീളം വരുക. പിന്നീട് ഈ സാന്ഡ്വിച്ച് തടി ചെത്തി വൃത്തിയാക്കും.പൊതുവെ പെന്സിലുകള് ഉരുണ്ട ആകൃതിയിലാണ് ഉണ്ടാക്കുക.ഷഡ്ഭുജമായും തയ്യാറാക്കാറുണ്ട്.എന്നിട്ട് അവ ഒന്നിലേറെ തവണ പെയിന്റടിക്കുകയും നിര്മ്മാണ സ്ഥാപനത്തിന്റെ പേരും ബി,എച്ച് തുടങ്ങിയ ഗുണമേന്മയും അടയാളപ്പെടുത്തും.തുടര്ന്ന് നല്ല കവറുകളില് ആറ്,പന്ത്രണ്ട് എന്നിങ്ങനെ കണക്കില് പായ്ക്ക് ചെയ്ത് വിപണിയില് എത്തിക്കും. ഇതാണ് പെന്സിലിന്റെ കഥ!! 🙏

No comments:

Post a Comment