2024 ഒക്ടോബര്‍ 27-നവംബര്‍ 3 ലക്കം കലാകൌമുദിയില്‍ എഴുതിയ "പരമ്പരാഗത ധനവിനിയോഗ രീതി മാറിയേ തീരു "എന്ന ലേഖനത്തിന്‍റെ ഒന്നാം ഭാഗം
============================ധനകാര്യക്കമ്മീഷനും കേന്ദ്ര- സംസ്ഥാന ബന്ധവും
========================
-വി.ആര്‍.അജിത് കുമാര്‍
=================
ഒന്നിലേറെ വ്യക്തികള്‍ ചേര്‍ന്നുണ്ടാകുന്ന ഏത് സംരംഭത്തിലും പണം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.വീടുകളിലെ സ്വത്ത് വിഭജനമായാലും വരവ് ചിലവായാലും അതില്‍ തുല്യതയോ നിശ്ചിത വിഹിതമോ ഉറപ്പാക്കിയാലേ പങ്കിടല്‍ നീതിപൂര്‍വ്വകമാണ് എന്നു പറയാന്‍ കഴിയൂ.കൂട്ടുകുടുംബങ്ങളില്‍ ഇത് കുറേക്കൂടി സങ്കീര്‍ണ്ണമാണ്.ചില കൂട്ടുകുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കളയും വൈദ്യുതി കണക്ഷനനുമൊക്കെയുണ്ടാകുന്നതുതന്നെ പരമാവധി സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ്.അധികാര കേന്ദ്രങ്ങളിലും ഇത് പ്രസക്തമാണ് എന്നുകാണാം. പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ചില വാര്‍ഡുകള്‍ക്ക് കൂടുതലോ ചിലര്‍ക്ക് കുറവോ വന്നെന്നിരിക്കാം. ഇതില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്‍റെയും വാര്‍ഡുകള്‍ എന്ന വേറുകൃത്യവുമുണ്ടാകും.ജില്ലകള്‍ക്കും നിയമസഭ മണ്ഡലങ്ങള്‍ക്കുമൊക്കെ സംസ്ഥാനം പണം അനുവദിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികം. ഇതിന്‍റെ വലിയ രൂപമാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധനവിനിയോഗത്തിലുണ്ടാകുന്ന തര്‍ക്കങ്ങള്‍.ചുരുക്കത്തില്‍ സാമ്പത്തിക ക്രമീകരണത്തിലെ അസന്തുലിതാവസ്ഥ എല്ലായിടത്തും എല്ലാ മേഖലയിലും നമുക്ക് കാണാന്‍ കഴിയും.
ധനകാര്യ കമ്മീഷന്‍
===============
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി വരുമാനം പങ്കിടുന്നതിനുള്ള നിര്‍ദ്ദേശവും മേല്‍നോട്ടവും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പ്രസിഡന്‍റ് ഓരോ അഞ്ച് വര്‍ഷത്തിലും ധനക്കമ്മീഷനെ നിയമിക്കുന്നത്.തുടക്കം മുതല്‍തന്നെ ധനകമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരിന് അനകൂലമായ നിലപാടാണ് എടുക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുമായിരുന്നു.2014 ല്‍ ദേശീയ ജനാധിപത്യ സഖ്യം ഭരണത്തിലെത്തിയതോടെ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ധനസ്വരൂപണവും വിനിയോഗവും സംബ്ബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന കര്‍ക്കശ നിലപാട് എടുത്തിട്ടില്ല;എന്നാല്‍ ചില നികുതികള്‍ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ മാത്രമെ സ്വീകരിക്കാന്‍ കഴിയുകയുള്ളു എന്നും വ്യക്തമാക്കുന്നുണ്ട്.കസ്റ്റംസ് ഡ്യൂട്ടി,വരുമാന നികുതി,പുകയില തുടങ്ങിയ ഉത്പ്പന്നങ്ങള്‍ക്കുള്ള എക്സൈസ് നികുതി,റയില്‍വേ,തപാല്‍ വകുപ്പുകളിലെ വരുമാനം എന്നിവ കേന്ദ്രസര്‍ക്കാരിനുള്ളതാണ്. ഭൂനികുതി,കേന്ദ്ര പട്ടികയില്‍ വരാത്ത ഡോക്യുമെന്‍റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി,വാഹന നികുതി,പ്രൊഫഷണല്‍ ടാക്സ്, മദ്യ നികുതി തുടങ്ങിയവ സംസ്ഥാനത്തിന് സ്വന്തം. കേന്ദ്രം ചുമത്തുന്നതും സംസ്ഥാനം ശേഖരിക്കുന്നതുമായ ചില നികുതികളുണ്ട്. ബോണ്ട്,സ്റ്റോക്ക് തുടങ്ങിയ പ്രത്യേക സാമ്പത്തിക മേഖലകള്‍ ഇതില്‍പെടും.കേന്ദ്രം പിരിച്ചെടുക്കുന്ന ചില ലെവികളും പിന്നീട് സംസ്ഥാനത്തിന് കൈമാറാറുണ്ട്. ഇങ്ങനെയാണെങ്കിലും കൃഷിയില്‍ നിന്നുള്ള വരുമാന നികുതിയൊഴികെ ബാക്കിയുള്ള വരുമാന നികുതികള്‍ കേന്ദ്രവും സംസ്ഥാനവും കൃത്യമായ ശതമാനം നിശ്ചയിച്ച് പങ്കുവയ്ക്കുകയാണ് പതിവ്.ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്‍റാണ് ഇത് നിശ്ചയിക്കുക.
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും ധനകാര്യകമ്മീഷന്‍ നിശ്ചയിക്കുന്ന ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്.പതിനാലാം ധനകാര്യകമ്മീഷന്‍ സംസ്ഥാനത്തിന് നിശ്ചയിച്ച 42 ശതമാനം എന്നത് പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 41 ശതമാനമായി കുറച്ചു. ജമ്മു-കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതൊടെ സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞു എന്നതാണ് കാരണമായി പറഞ്ഞത്. നികുതി പിരിവിന് പുറമെ വലിയ തോതില്‍ സെസ്സും സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തി കേന്ദ്രം വരുമാനം വര്‍ദ്ധിപ്പിക്കുന്നു എന്നതും അത് സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല എന്നതും വലിയ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.ഇത് കേന്ദ്ര വരുമാനത്തിന്‍റെ 23 ശതമാനം വരുന്നു എന്നത് ഗൌരവതരമായ കാര്യമാണ്. വലിയ സംസ്ഥാനങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുകയും അവ കൂടുതല്‍ പണം കൈപ്പറ്റുകയും ചെയ്യുമ്പോള്‍ വികസിതമായ തെക്കന്‍ സംസ്ഥാനങ്ങളെ വികസനത്തിന്‍റെ പേരില്‍ സഹായം കുറച്ച് ശിക്ഷിക്കുന്നു എന്ന പരാതിയും വലിയ തോതിലുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം ചേര്‍ന്ന് പതിനാറാം ധന കമ്മീഷനോട് കേന്ദ്രം സ്വരൂപിക്കുന്ന റവന്യൂ വിനിമയ സമീപനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടത്.ഇത് ഈ ഘട്ടത്തില്‍ വളരെ പ്രസക്തമാണുതാനും✍️
No comments:
Post a Comment