ശിവഗംഗയിലെ ഫാം ടൂറിസം
-----------------------
-വി.ആര്.അജിത് കുമാര്
---------------------
ശിവഗംഗയിലെ പ്രധാന ടൂറിസം കേന്ദ്രം ചെട്ടിനാടും കാരൈക്കുടിയുമാണ്.സ്വദേശികളും വിദേശികളും ധാരാളമായെത്തി താമസിക്കുന്ന റിസോര്ട്ടുകള് ഇവിടെയുണ്ട്. ചെട്ടിയാര് ബംഗ്ലാവുകള് മോടിപിടിപ്പിച്ചാണ് റിസോര്ട്ടുകളുണ്ടാക്കിയിട്ടുള്ളത്.അണ്ണാമല ചെട്ടിയാരുടേത് ഉള്പ്പെടെ അനേകം ബംഗ്ലാവുകളും ഇവിടെ കാണാം.കാരൈക്കുടിയില് അളഗപ്പ സര്വ്വകലാശാലയും ചെട്ടിനാട് രുചി വൈവിധ്യങ്ങളും ആസ്വദിക്കാം.പിന്നെ പിള്ളയാര്പ്പട്ടി ഗണേശ ക്ഷേത്രവും തിരുക്കോഷ്ടിയൂര് വിഷ്ണുക്ഷേത്രവും കാളിയാര് കോവിലുമൊക്കെയാണ് കാണാനുള്ളത്.കീളടി ആര്ക്കയോളജിക്കല് മ്യൂസിയം മറ്റൊരാകര്ഷണമാണ്.
കേരളത്തില് ഇപ്പോള് പ്രസിദ്ധിനേടിയിട്ടുള്ള ഫാം ടൂറിസം ശിവഗംഗയില് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത് ഈയിടെയാണ് അറിഞ്ഞത്. അനിയന് സജീവും വിജയശ്രീയും കാനഡയില് നിന്നും അവധിക്കെത്തിയ പൂജമോളും ഉണ്ണിക്കണ്ണനും ശിവഗംഗയിലെത്തിയപ്പോള് ഫാം ടൂറിസമൊരുക്കുന്ന ഇടം ഒന്നു കാണാം എന്നു തീരുമാനിച്ചു. ആശയാണ് ആ നിര്ദ്ദേശം വച്ചത്. ഉടമസ്ഥരെ വിളിച്ചു ചോദിച്ചപ്പോള് പണി നടക്കുന്നതേയുള്ളു എന്ന് പറഞ്ഞു. എങ്കിലും പോകാം എന്ന് തീരുമാനിച്ചു. മധുര-ശിവഗംഗ റോഡില് നിന്നും കുറച്ച് അകത്തോട്ടുമാറി കിളത്തരി ആടുകളം എന്ന ഇടത്താണ് ഈ ഫാം. ഇന്ഡോ-തിബത്തന് ബോര്ഡര് ഫോഴ്സിന്റെ ക്യാമ്പിന് പിറകിലായി വരും. ഞങ്ങള് ബതേല് അഗ്രി ടൂറിസത്തിലെത്തിയപ്പോള് മഴ പെയ്യുന്നുണ്ടായിരുന്നു.മഴ ചെയ്താല് ചെളി കെട്ടുന്ന മണ്ണാണ്.ഫാമിന്റെ ഉടമ ഭാസ്ക്കരനും എന്ജിനീയര് വിനോദും അവിടെയുണ്ടായിരുന്നു. ഭാസ്ക്കരന് 20 വര്ഷത്തോളം പൂനയിലെ ഐടി സെക്ടറില് ജോലി ചെയ്ത ശേഷമാണ് പതിനാല് ഏക്കര് കൃഷിയിടം വാങ്ങിയത്. അവിടെ പലവിധ കൃഷികളും നടക്കുന്നു.അതിനൊപ്പമാണ് ടൂറിസം പദ്ധതി പുതുതായി ആരംഭിക്കുന്നത്. വിനോദ് മധുരയില് കണ്സ്ട്രക്ഷന് രംഗത്ത് സജീവമായ സിവില് എന്ജിനീയറാണ്. ഇപ്പോള് ഒരു ഗ്രൂപ്പിന് വന്നാല് താമസിക്കാവുന്ന സൌകര്യം മാത്രമെ ഉള്ളൂ.രണ്ട് മുറിയും ഹാളും. അതിനടുത്തായി ഒരു സ്വിമ്മിംഗ് പൂളും. പുതിയ കെട്ടിടങ്ങളുടെ നിര്മ്മാണം നടക്കുന്നു. ഒപ്പം സാഹസിക ടൂറിസത്തിനുള്ള സൌകര്യങ്ങളും ഉണ്ടാക്കുന്നുണ്ട്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും കൃഷി മനസിലാക്കാനും അതില് പങ്കാളികളാകാനും സൌകര്യമൊരുക്കി നെല്പാടവും പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്.ചെളിവെള്ളത്തിലെ പന്ത് കളി, രണ്ട് ജലത്തൊട്ടികള്ക്കിടയിലെ വരമ്പിലൂടെ സൈക്കിള് സവാരി, അര്ദ്ധചന്ദ്രാകൃതിയിലുള്ള തൂക്കില് ആകാശസവാരി ഇങ്ങിനെ പലതും ഒരുങ്ങുന്നിണ്ടിവിടെ. വരുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടങ്ങള് മനസിലാക്കി പുതിയ പുതിയ ആശയങ്ങള് നടപ്പിലാക്കുക എന്നതാണ് ഇവര് ലക്ഷ്യമിടുന്നത്.ഇതിനോട് ചേര്ന്ന് നാല്പ്പതേക്കറില് സോളാര് ഫാമാണ്.പറമ്പ് നിറയെ സോളാര് പാനലുകള്. ഇതില് നിന്നുള്ള വെദ്യുതി തമിഴ്നാട് വൈദ്യുതി ബോര്ഡിന് വില്ക്കുകയാണ്. ബതേലിലും ആവശ്യമായ വൈദ്യുതി സോളാറിലൂടെ ഉത്പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. അന്യ സംസ്ഥാനക്കാര്ക്ക് തൊഴില് നല്കിയിട്ടില്ല ബതേല്. നാട്ടുകാര്ക്ക് ഫാം കൊണ്ട് പ്രയോജനമുണ്ടാകണം എന്നതാണ് ഇപ്പോഴത്തെ തീരുമാനം.അടുത്തുതന്നെ ഏക്കറുകണക്കിന് തണ്ണിമത്തന് കൃഷിയുണ്ട്. പറമ്പിന്റെ ഉടമയ്ക്ക് വിത്തും വളവും നല്കുന്നത് മലയാളിയാണ്.കര്ഷകന് പരിപാലനം നടത്തണം.വിളവാകുമ്പോള് വിത്തും വളവും നല്കിയ ആള് തന്നെ തണ്ണിമത്തനും വാങ്ങിക്കൊള്ളും.കര്ഷകന് ഒരു ബുദ്ധിമുട്ടുമില്ല.അതാണ് മലയാളിയുടെ ഇന്നവേഷന്.ആരാണ് ഇതിന് പിന്നില് എന്നറിയാന് കഴിഞ്ഞില്ല എങ്കിലും നല്ല ആശമായി തോന്നി. 2025 തുടക്കത്തിലെ ബതേല് ഫാം പൊതുജനങ്ങള്ക്കായി തുറക്കാം എന്നാണ് ഭാസ്ക്കരന് പ്രതീക്ഷിക്കുന്നത്. മധുര-ശിവഗംഗ ഭാഗത്തേക്ക് ഇറങ്ങുന്നവര് ബന്ധപ്പെടുക – Bethel Agri Tourism, Addukalam,Kilatharai, Tamil Nadu- 630205 – Bhaskaran—M- 9994436660/ 9881318973
No comments:
Post a Comment