2024 ഒക്ടോബര് 27-നവംബര് 3 ലക്കം കലാകൌമുദിയില് എഴുതിയ "പരമ്പരാഗത ധനവിനിയോഗ രീതി മാറിയേ തീരു "എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം - വായിക്കുക
============
ധനവിതരണ രീതി
=============
ധനകാര്യകമ്മീഷന് രണ്ടുതരത്തിലുള്ള ധനവിതരണ രീതിയാണ് അവലംബിക്കുക.കേന്ദ്രവും സംസ്ഥാനവും തമ്മില് വരുമാനം പങ്കിടുന്ന രീതിയെ ലംബവിനിമയമെന്നും സംസ്ഥാനങ്ങള്ക്ക് വീതിച്ചു നല്കുന്നതിനെ തിരശ്ചീന വിനിമയമെന്നും സാങ്കേതികമായി പറയാം. സംസ്ഥാനങ്ങള് തമ്മിലുള്ള തിരശ്ചീന പങ്കിടലിന് പതിനഞ്ചാം ധനകാര്യകമ്മീഷന് മുന്നോട്ടുവച്ചിരുന്ന പരിഗണന വിഷയങ്ങള് ഇവയാണ്.
1. സംസ്ഥാനങ്ങള് തമ്മിലുള്ള വരുമാനത്തിലെ അകലം
==================
സംസ്ഥാനങ്ങള് തമ്മിലുള്ള വരുമാന അകലത്തിന് 45 ശതമാനം മുന്ഗണനയാണ് കമ്മീഷന് നല്കിയത്. അതായത് കുറഞ്ഞ ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങള്ക്ക് ഉയര്ന്ന തുക ലഭിക്കും എന്നര്ത്ഥം. ഇത് സംസ്ഥാനങ്ങള്ക്കിടയില് വരുമാന തുല്യത ഉറപ്പ് വരുത്താനുള്ള ശ്രമമാണ് എങ്കിലും ഇത്തരമൊരു പരിശ്രമം വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഭരണകര്ത്താക്കളും ഉദ്യോഗസ്ഥരും ആത്മാര്ത്ഥമായി പരിശ്രമിച്ചില്ലെങ്കില് കൂടുതല് കേന്ദ്രവിഹിതം നേടിയാലും ദാരിദ്ര്യം തുടരാനുള്ള സാധ്യത തള്ളിക്കളയാന് കഴിയില്ല. 2015 ല് പതിനാലാം ധനകാര്യക്കമ്മീഷനാണ് 45 ശതമാനം മുന്ഗണന വരുമാന അകലം കുറയ്ക്കാനായി കൊണ്ടുവന്നത്. കഴിഞ്ഞ ഒന്പത് വര്ഷമായി ഈ ആനുകൂല്യം ഉത്തര്പ്രദേശും ബീഹാറും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ജാര്ഖണ്ഡും ഒഡീഷയും നേടുന്നു. ഇതിനുപുറമെ ആസ്സാം,ആന്ധ്രപ്രദേശ്,മണിപ്പൂര്,മേഘാലയ,മിസ്സോറാം,നാഗാലാന്റ്,സിക്കിം,ത്രിപുര എന്നിവയും ഈ ആനുകൂല്യം അനുഭവിക്കുന്നുണ്ട്.വടക്കു കിഴക്കുള്ള ചെറിയ സംസ്ഥാനങ്ങളെ മാറ്റിനിര്ത്തിയാല് വലിയ സംസ്ഥാനങ്ങള് അവരുടെ ജമീന്ദാരി സമ്പ്രദായവും അതിതീവ്ര ജാതി-മത സമ്പ്രദായങ്ങളുമൊക്കെ നിലനിര്ത്തിക്കൊണ്ടും ഗ്രാമീണ ജനതയ്ക്ക് വിദ്യാഭ്യാസവും സാമ്പത്തിക അധികാരവും നല്കാതെയും തുടരുകയാണ് എന്നുകാണാം. പണവിതരണത്തില് 45 ശതമാനം മുന്തൂക്കം സാമ്പത്തിക അസമത്വം ഇല്ലാതാക്കാന് നല്കുമ്പോള് ഭൂപരിഷ്ക്കരണവും പെണ്കുട്ടികള്ക്ക് നിര്ബ്ബന്ധിത വിദ്യാഭ്യാസവും ജാതി-മത വിവേചനമില്ലാത്ത സമൂഹസൃഷ്ടിക്കുതകുന്ന സംവിധാനവും നടപ്പിലാക്കിയാല് മാത്രമെ ഈ പരിഗണന തുടരുകയുള്ളു എന്ന് ഉറപ്പാക്കാനും ധനകമ്മീഷന് ശ്രദ്ധിക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളുമായി,പ്രത്യേകിച്ചും കേരളവുമായി തുല്യതയിലെത്താന് ഇന്നത്തെ നിലയിലുള്ള സമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക രീതികളുമായി ഈ സംസ്ഥാനങ്ങള് മുന്നോട്ട് പോവുകയാണെങ്കില് അതിന് നൂറ്റാണ്ടുകള് വേണ്ടിവരും എന്നതാണ് സത്യം. പുരോഗതിയുണ്ടാക്കാനാവണം പണം നല്കേണ്ടത്,അധോഗതി നിലനിര്ത്താനല്ല എന്ന് സാരം.അന്പതിലേറെ പാലങ്ങള് നിര്മ്മാണ വൈകല്യം കൊണ്ടും അഴിമതികൊണ്ടും ഒലിച്ചുപോയിട്ടും ഒരു മുഖ്യമന്ത്രിക്ക് സുഖമായി സംസ്ഥാന ഭരണം തുടരാന് കഴിയുന്നു എങ്കില് അതിന് കാരണവും ജനതയുടെ ഈ സാമൂഹിക ദുരിതാവസ്ഥയാണ് എന്നു കാണാന് കഴിയും.
വരുമാന ദൂരം ഒരു സംസ്ഥാനത്തിന്റെ പ്രതിശീര്ഷ വരുമാനവും ദേശീയ ശരാശരിയും തമ്മിലുള്ള വ്യത്യാസമായി കാണക്കാക്കാം.അല്ലെങ്കില് വിവിധ സാമൂഹിക സാമ്പത്തിക സൂചകങ്ങള് കണക്കിലെടുക്കുന്ന കൂടുതല് സങ്കീര്ണ്ണമായ ഒരു ഫോര്മുല ഉപയോഗിച്ച് കണക്കാക്കാം. വരുമാന അകലം കുറയ്ക്കുന്നതിന് വ്യക്തവും അളക്കാവുന്നതുമായ ലക്ഷ്യങ്ങള് സ്ഥാപിക്കുന്നത്,ആവശ്യമായ ഫലത്തിനായി സംസ്ഥാനങ്ങള് പ്രവര്ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന് സഹായിക്കും.ഈ ലക്ഷ്യങ്ങള് ദേശീയ വികസന ലക്ഷ്യങ്ങളുമായി യോജിപ്പിക്കുകയും പുരോഗതി വിലയിരുത്തുന്നതിന് കാലാകാലങ്ങളില് അവലോകനം ചെയ്യുകയും വേണം.വരുമാന അകലം കുറയ്ക്കുന്നതിലെ പുരോഗതി ട്രാക്ക് ചെയ്യുന്നതിന് ശക്തമായ നിരീക്ഷണവും മൂല്യനിര്ണ്ണയ ചട്ടക്കൂടും അത്യാവശ്യമാണ്.പ്രസക്തമായ സൂചകങ്ങളെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുക,ട്രെന്ഡുകള് വിശകലനം ചെയ്യുക,ഇടപെടലുകള് ആവശ്യമായ മേഖലകള് തിരിച്ചറിയുക എന്നിവയും പ്രധാനമാണ്.
വരുമാന അകലം കുറയ്ക്കുന്നതിലെ പ്രകടനത്തിന് രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും ഉത്തരവാദികളാക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ടാകണം.പ്രവര്ത്തന പുരോഗതി,പ്രകടന ഓഡിറ്റ്,ലക്ഷ്യങ്ങള് പരാജയപ്പെട്ടതിന്റെ അനന്തര ഫലങ്ങള് എന്നിവയുടെ പൊതുറിപ്പോര്ട്ടിംഗും ആവശ്യമാണ്. മെച്ചപ്പെട്ട ഫലമുണ്ടാക്കാന് ഇന്സന്റീവുകള് പ്രയോജനപ്പെട്ടു എന്ന് ഉറപ്പാക്കണം.ഫണ്ടിംഗിന് കൃത്യമായ വ്യവസ്ഥകള് വയ്ക്കണം.ഇത് പണവിനിയോഗത്തിലെ അടിയന്തിരതയും ഉത്തരവാദിത്തവും ഉറപ്പാക്കും.ഇത്തരത്തില് ശക്തമായ സംവിധാനമായാലെ പ്രാദേശിക അസമത്വം അവസാനിക്കുകയുള്ളു
2. ജനപ്പെരുപ്പം
===========
ഉയര്ന്ന ജനസംഖ്യക്കാണ് 15 ശതമാനം മുന്തൂക്കം നല്കുന്നത്. ഇതും തുടങ്ങിവച്ചത് പതിനാലാം ധനകാര്യകമ്മീഷനാണ്.അതുവരെ പ്രാഥമിക പരിഗണന സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കും വരുമാനത്തിനുമായിരുന്നു. കൂടുതല് ജനസംഖ്യയുള്ള സംസ്ഥാനങ്ങള്ക്ക് കൂടുതല് തുക എന്നതിന്റെ ആനുകൂല്യവും ഉത്തര്പ്രദേശ്,മധ്യപ്രദേശ്,ബീഹാര്,ബംഗാള്,രാജസ്ഥാന്,ആന്ധാപ്രദേശ്,തമിഴ്നാട്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്ക്കാണ് ലഭിക്കുന്നത്. ഇവിടെയും ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്ക്കാണ് കൂടുതല് ഗുണം ലഭിക്കുന്നതെന്നുകാണാം. ഇതിന് ഒരു കാരണം വലിയ സംസ്ഥാനം എന്നതാണെങ്കിലും സാമൂഹിക –സാമ്പത്തികമാറ്റത്തിന് പുറംതിരിഞ്ഞു നില്ക്കുന്നതുതന്നെയാണ് പ്രധാന കാരണമെന്നു കാണാം. ചുരുക്കത്തില് ജനസംഖ്യാ നിയന്ത്രണ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നത് അനസരിച്ചാവണം ഈ തുകയും അനുവദിക്കാന്.ഉയര്ന്ന ജനസംഖ്യ കൂടുതലും ദരിദ്രരുടെ ഇടയിലാണ് സംഭവിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഇത് അവരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ ബാധിക്കുന്ന ഘടകമാണ്.അതിനാല് ഈ മുന്ഗണന ജനസംഖ്യ നിയന്ത്രണവുമായി കൂട്ടിച്ചേര്ക്കേണ്ടതാണ്. ജനസംഖ്യപോലെതന്നെ ജനസാന്ദ്രതയും പ്രാധാന്യമര്ഹിക്കുന്ന വിഷയമാണ്.ജനസാന്ദ്രത കണക്കിലെടുക്കയാണെങ്കില് കേരളത്തിന് പ്രത്യേക പരിഗണ ലഭിക്കാനിടയുണ്ട്. എന്നാല് ഈ സമീപനത്തിന് എതിര്പ്പുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.ജനസാന്ദ്രത കുറഞ്ഞ വലിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയില് അടിസ്ഥാന സൌകര്യങ്ങള്,ആരോഗ്യപരിരക്ഷ,വിദ്യാഭ്യാസം എന്നിവയ്ക്ക് ലഭിക്കുന്ന പരിഗണന സാന്ദ്രത കണക്കാക്കിയാല് നഷ്ടമാകും.ഉയര്ന്ന ജനസാന്ദ്രത വലിയ വ്യവസായം,കൃഷി എന്നീ മേഖലകളെ തളര്ത്തും എന്നതിനാല് പ്രത്യേക പരിഗണന അര്ഹിക്കുന്നു എന്നതും തള്ളിക്കളയാന് കഴിയില്ല. ഇത്തരത്തില് വളരെ സെന്സിറ്റീവായ നിരവധി പ്രശ്നങ്ങളെയാണ് ഭാരതം അഭിമുഖീകരിക്കുന്നത് എന്നു കാണാം.
3. പരിസ്ഥിതി സംരക്ഷണം
===================
ഇടതൂര്ന്ന വനങ്ങളുള്ള സംസ്ഥാനങ്ങള്ക്ക് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാന് പ്രോത്സാഹനം നല്കാനായി 10 ശതമാനമാണ് മുന്ഗണന. വനസംരക്ഷണവും വനവത്ക്കരണവും ഏറ്റവും അനിവാര്യമായ ഒന്നായതിനാല് ഈ മുന്ഗണന അഭിനന്ദനാര്ഹമാണ്. ഇവിടെയും കൃത്യമായ പ്രവര്ത്തന ഓഡിറ്റ് ഉറപ്പാക്കാണ്ടേതുണ്ട് എന്നു മാത്രം.
4. ജനസംഖ്യ നിയന്ത്രണം
===================
ജനസംഖ്യ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്ക്ക് 12.5 ശതമാനം മുന്ഗണന നല്കുന്നുണ്ട്. ഉയര്ന്ന ജനസംഖ്യ അടിസ്ഥാനമാക്കി 15 ശതമാനം മുന്ഗണന നല്കുന്നതിന് തുല്യത വരുത്താന് ഇത് ഉപകരിക്കും എന്ന് തോന്നിയാലും തത്വത്തില് ഇതിന്റെയും ഗുണഭോക്താക്കള് ഉയര്ന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങള് തന്നെയാവും. വളരെ കണിശമായ ബോധവത്ക്കരണം ഇതിന് ആവശ്യമാണ്. അതിന് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില് അടിസ്ഥാനമാറ്റവും അനിവാര്യമാണ്. അതല്ലെങ്കില് അന്ധവിശ്വാസങ്ങളിലും അബദ്ധധാരണകളിലും മുഴുകി ജീവിക്കുന്ന ജനത ഈ ചിന്താഗതിക്കൊപ്പം എത്തിച്ചേരില്ല എന്നതും പ്രസക്തമാണ്.
5. മെച്ചപ്പെട്ട നികുതി പിരിവ്
================
മെച്ചപ്പെട്ട നികുതി പിരിവിന് 2.5 ശതമാനമാണ് മുന്ഗണന. ഇത് കുറേക്കൂടി വര്ദ്ധിപ്പിക്കുന്നത് വരുമാനം സ്വരൂപിക്കുന്നതില് കൂടുതല് ശുഷ്ക്കാന്തി സര്ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാന് ഉപകാരപ്പെടും എന്നതില് സംശയമില്ല.
പതിനഞ്ചാം ധനക്കമ്മീഷന്റെ ഈ മുന്ഗണന വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വികസിതമായ,ജനസംഖ്യ നിയന്ത്രണത്തിലും ഭൂപരിഷ്ക്കരണത്തിലും നേട്ടം കൊയ്ത കേരളത്തിന് കേന്ദ്രവരുമാനത്തില് നിന്നും മുന്പ് ലഭിച്ചിരുന്നതിനേക്കാള് കുറഞ്ഞ ഓഹരി മാത്രം ലഭിക്കുന്ന അവസ്ഥയാണ് സംജാതമാക്കിയത്.പതിനൊന്നാം ധനക്കമ്മീഷന് കേരളത്തിന് നല്കിയ 3.05 ശതമാനം വിഹിതം പതിനഞ്ചാം ധനക്കമ്മീഷനിലെത്തുമ്പോള് 1.92 ശതമാനമായി കുറഞ്ഞു. കേരളം സ്വന്തം പണം വിനിയോഗിച്ച് വിവിധ മേഖലകളില് പുരോഗതി കൈവരിച്ച് മുന്പേ പറക്കുന്ന പക്ഷിയായതിന് ശിക്ഷ നല്കുന്നപോലെയായി ഇത്. മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചതിനുള്ള “ ഇന്സന്റീവ് “ ആയിമാറി ഈ ശിക്ഷ എന്നു പറയാം. സത്യത്തില് ഇന്ത്യയെ പൊതുവായി കണ്ട് ധനവിതരണത്തിന് പൊതുബോധം സൃഷ്ടിക്കുന്നത് മാഹാപരാധമാണ് എന്ന് പറയേണ്ടിവരും. കാരണം ഓരോ സംസ്ഥാനവും ഓരോ പ്രത്യേക രാജ്യം പോലെയുള്ള വ്യത്യസ്ത പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടി വരുന്നത്.അതിനെ ഉള്ക്കൊള്ളാനും ചര്ച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന സംവിധാനമാകണം ധനക്കമ്മീഷന്.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില് ഉയര്ന്നുവരുന്ന ആശങ്കകളിലൊന്ന് പൊതുകട മാനേജ്മെന്റാണ്.അടുത്തിടെ സംസ്ഥാനങ്ങള്ക്ക് ഏര്പ്പെടുത്തിയ കടമെടുപ്പ് പരിധി സംബ്ബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതില് കേസ് ഫയല് ചെയ്തു.കമ്മികളും കടങ്ങളും പരിഹരിക്കുന്നതിനായി കൊണ്ടുവന്ന അസമമായ സാമ്പത്തിക നിയമങ്ങള് സംസ്ഥാനങ്ങളുടെ വ്യത്യസ്തമായ ധനശേഷി കണക്കിലെടുക്കാതെയാണ് ചെയ്തിട്ടുള്ളത് എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്.കടമെടുപ്പ് പരമാവധി കുറയ്ക്കേണ്ടത് അനിവാര്യമാണ് എങ്കിലും അതിനനുസരിച്ചുള്ള പിന്തുണ കേന്ദ്രത്തില് നിന്നും ഉണ്ടാകേണ്ടതും പ്രധാനമാണ് എന്ന് കാണാം(തുടരും)🙏
No comments:
Post a Comment